Image

മോശയുടെ വഴികൾ നോവലിസ്റ്റിന്റെയും (നിരൂപണം: സുധീർ പണിക്കവീട്ടിൽ)    

Published on 06 January, 2023
 മോശയുടെ വഴികൾ നോവലിസ്റ്റിന്റെയും (നിരൂപണം: സുധീർ പണിക്കവീട്ടിൽ)    

ശ്രീ സാംസി കൊടുമണ്ണിന്റെ പുതിയ  നോവലാണ് മോശയുടെ വഴികൾ. ഈ നോവൽ വായിക്കുമ്പോൾ നോവലിസ്റ്റിന്റെ മനസ്സിൽ ഒരു ഉറച്ച അവിശ്വാസി ഉണ്ടെന്ന് നമുക്ക് ബോധ്യപ്പെടും വിധമാണ് ഇതിലെ നായകൻ സോളമന്റെ ചിന്തകളും ചോദ്യങ്ങളും.  വിശുദ്ധ തോമസ് ആണിപ്പഴുതിലൂടെ കൈവിരൽ ഇട്ടപ്പോൾ വിശ്വസിച്ചെങ്കിലും മോശയുമായി ബന്ധപ്പെട്ട ചരിത്രം സ്ഥിതിചെയ്യുന്നതായി മറ്റുള്ളവർ കണക്കാക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന സംഭവസ്ഥലങ്ങൾ കണ്ടിട്ടും അത് സോളമനെ തൃപ്തനാക്കുന്നില്ല. ഒരു പക്ഷെ ഈ അതൃപ്തി അല്ലെങ്കിൽ വിശ്വാസക്കുറവ് ഒരു നല്ല നോവലിന് ജന്മം കൊടുത്തുവെന്നു വായനക്കാർക്ക് ആശ്വസിക്കാം. അല്ലെങ്കിൽ വ്യത്യസ്ത കാഴ്ചപ്പാടോടെയെങ്കിലും  വേറൊരു സഞ്ചാരകൃതി ഉടലെടുക്കുമായിരുന്നു.

സോളമൻ വിശുദ്ധനാടുകൾ കാണാൻ പോകുമ്പോൾ മോശയുടെ ചരിത്രം അറിയുന്നു. ചരിതവും സാഹിത്യവും ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ചരിത്രം മുമ്പ് നടന്ന ഒരു സംഭവത്തെ നമുക്ക് പറഞ്ഞു തരുന്നു. സാഹിത്യകാരന്മാർ ചരിത്രപുരുഷന്മാരെയും പുരാണ കഥാപാത്രങ്ങളെയും അവരുടെ ഭാവനയിലൂടെ   അവതരിപ്പിച്ച് നമുക്ക് ധാരാളം പുസ്തകങ്ങൾ നൽകുന്നുണ്ട്. ഈ പുസ്തകത്തിൽ കഥാപാത്രം നടന്ന വഴികളിലൂടെ നോവലിസ്റ്റ് സഞ്ചരിക്കുന്നു. കൂടെവന്ന പുരോഹിതൻ ഒരു ഗൈഡിനെപ്പോലെ ബൈബിളിൽ പറഞ്ഞതെല്ലാമാണ് നമ്മൾ കാണുന്നത് എന്ന് പറയുമ്പോൾ സോളമന് അത് വിശ്വാസയോഗ്യമാകുന്നില്ല. 

നമ്മൾ ഓരോരുത്തരും ജീവിതത്തിൽ ഓരോ വഴികൾ തിരഞ്ഞെടുക്കുന്നു. നമ്മൾ തിരഞ്ഞെടുക്കുന്ന വഴി നമ്മെ നമ്മുടെ ലക്ഷ്യത്തിൽ എത്തിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് എല്ലാവർക്കുമുള്ളത്. പലപ്പോഴും വഴി തെറ്റിപോകുക എന്ന ഒരു ശാപം മനുഷ്യനുണ്ട്. പക്ഷെ മോശ ദൈവം തിരഞ്ഞെടുത്ത വ്യക്തിയായതുകൊണ്ട് അദ്ദേഹം തിരഞ്ഞെടുത്ത വഴികളിൽ എല്ലാം,  പ്രയാസങ്ങൾ ഉണ്ടായപ്പോൾ ദൈവം പ്രത്യക്ഷപെടുന്നതായി നമ്മൾ ബൈബിളിൽ വായിക്കുന്നു. ദൈവത്തിന്റെ ഈ ഇടപെടലുകളോട് നായകൻ സോളമന് യോജിക്കാൻ കഴിയുന്നില്ല. ബൈബിളിൽ പലരും വൈരുദ്ധ്യങ്ങൾ കണ്ടെത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് വിശ്വാസികളുടെ പോലും മനസ്സ് ചഞ്ചലപ്പെട്ടുപോകുന്നുണ്ട്. ഡാ വിഞ്ചി കോഡ് എഴുതിയ ഡാൻ ബ്രൗൺ പറയുന്നത് വിഗ്രഹാരാധകരുടെ (pagan) നാടോടിക്കഥകളിൽ നിന്നാണ് പുതിയ നിയമത്തിൽ ജീസസിനെക്കുറിച്ചുള്ള വിവരങ്ങൾ രേഖപെടുത്തിയിരിക്കുന്നതെന്നു. അതേസമയം ആധുനിക പുരാവസ്തുശാസ്ത്രം കഴിഞ്ഞ നൂറ്റാണ്ടുകളിൽ കുഴിച്ചെടുത്ത ചരിത്രവസ്തുതകൾ ബൈബിളിലെ സംഭവങ്ങൾ ചരിത്രപരമാണെന്നു സമർത്ഥിക്കുന്നു. നോവലിസ്റ്റിന്റെ വിപുലമായ വായനയിൽ നിന്നും ലഭിച്ച 
അറിവുകൾ കണ്മുന്നിൽ കാണുന്ന ദുർബലമായ യുക്തിബലമില്ലാത്ത തെളിവുകളെ സ്വീകരിക്കാൻ സമ്മതിക്കുന്നില്ലെന്നു നമ്മൾ മനസ്സിലാക്കുന്നു.,

വായനക്കാർക്ക് ഇത് സഞ്ചാരസാഹിത്യം പോലെ തോന്നുകയില്ല. ബൈബിളിലെ മോശയെ സാംസി തന്റെ കാഴ്ച്ചപ്പാടുകളിലൂടെ അവതരിപ്പിച്ചിരിക്കുന്നു മനോഹരമായ ഭാഷയിൽ, ഭാവനയിൽ. ഇന്ത്യയിലെ ജാതിവിവേചനംപോലെ ഒരേ ഗോത്രക്കാർ തമ്മിലല്ലാത്ത മോശയുടെ വിവാഹജീവിതം സഫലമാകുന്നില്ലെന്നു നോവലിസ്റ് മനസ്സിലാക്കി സാറാ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുന്നുണ്ട്. അവൾ മോശ സിനൊപ്പം അവന്റെ കർമ്മവീഥിയിൽ കളികൂട്ടുക്കാരിയും കാര്യദര്ശിയുമാകുന്നു. ഈ പാത്രസൃഷ്ടി മോശയെ കൂടുതൽ വായനക്കാർക്ക് മനസിലാക്കാന് പര്യാപ്തമാണ്. ബൈബിളിലുള്ള നോവലിസ്റ്റിന്റെ ജ്ഞാനവും മോശ സിന്റെ സഞ്ചാരപഥങ്ങൾ സുഗമമാക്കുന്നു.

സഞ്ചാരസാഹിത്യത്തിന്റെ ചുവട് പിടിച്ച് വിവരണങ്ങൾ നല്കിയിരുന്നെങ്കിൽ പല കാഴ്ചകളും അതേപ്പറ്റി പകർത്തേണ്ടി വന്നേനെ. ബൈബിൾ കഥ പുനരാഖ്യാനും ചെയ്യുകയും അതിൽ പറഞ്ഞിരിക്കുന്ന മോശയുടെ വഴികളിലൂടെ നോവലിലെ നായകൻ സഞ്ചരിക്കുകയും ചെയ്യുമ്പോൾ ഉരുത്തിരിയുന്ന സംഭവവികാസങ്ങളുടെ കലാപരമായ ആവിഷ്കാരം ഹൃദ്യമായ വായനാസുഖം തരുന്നതിനോടൊപ്പം നോവലിസ്റ്റിന്റെ കണ്ടെത്തലുകൾ ശരിയെന്നു അനുഭവപ്പെടുകയും ചെയ്യുന്നു.

ഒരു സഞ്ചാരസാഹിത്യം പോലെ ഇത് വായിക്കുന്നവർ ശ്രദ്ധിക്കാത്ത ഒത്തിരി കാര്യങ്ങൾ ശ്രീ സാംസി ഈ നോവലിൽ ഉൾപ്പെടുത്തിയുട്ടുണ്ട്. ഉൾപ്പെടുത്തിയിട്ടുണ്ട്. ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നേരിൽ കാണുമ്പോൾ അതേപ്പറ്റി കാണുന്നപോലെ വിശ്വസിക്കാൻ കഴിയാത്ത  നിസ്സഹായാവസ്ഥ എഴുത്തുകാരൻ ധീരമായി പ്രകടിപ്പിക്കുന്നവനെന്നതാണ് ഈ കൃതിയുടെ വിജയം. 

ചിലയിടങ്ങളിൽ ശ്രീ സാംസി ബൈബിളിനെ ചോദ്യം ചെയ്യുകയാണോ എന്ന് തോന്നാമെങ്കിലും ചോദ്യങ്ങൾ അപ്രസക്തങ്ങൾ അല്ലെന്നു വായനക്കാരന് ബോധ്യമാകും. ഉദാഹരണം “യേശു എന്ന ദൈവപുത്രനല്ലാത്ത മനുഷ്യനെ സ്നേഹിക്കാൻ എത്രപേർ ഉണ്ടാകും. ഒരു മഗ്‌ദനാലാകാരി മരിയായല്ലാതെ”. ഒരു ഗൈഡിനെപ്പോലെ അച്ചൻ പറഞ്ഞതെല്ലാം സോളമന്റെ മനസ്സിൽ അവിശ്വസനീയതയുടെ കെട്ടുകഥകൾ ആയിട്ടാണ് പതിയുന്നത്. അപ്പോഴെല്ലാം. സോളമൻ തന്റെ ബൈബിളിലുള്ള അറിവ് ഓർക്കുന്നുണ്ട്  സാറാ മരിച്ച വിവരവും അബ്രഹാം ഇസഹാക്കിനുവേണ്ടി റിബെക്കാ എന്ന പെൺകുട്ടിയെ യജമാനന്റെ വാക്കുകൾ അനുസരിച്ച് ദാസൻ കണ്ടെത്തിയ വിവരം അച്ചൻ വിവരിക്കുമ്പോൾ സോളമന് ഉല്പത്തി പുസ്തകം ഓർക്കുന്നു. ഉത്പത്തിയിൽ സാറയുടെ മരണശേഷമാണ് ഇസ്‌ഹാക്കിനു വധുവിനെ അന്വേഷിക്കാൻ പോകുന്നത്. എന്നാൽ തുടർ വായനയിൽ ഇസഹാക് റിബെക്കയെ സാറയുടെ അടുക്കൽ കൊണ്ടുവരുന്നതായി പറയുന്നു. നോവലിസ്റ്റിനു ബൈബിളിലുള്ള അഗാധ ജ്ഞാനം പുസ്തകത്തിൽ ഉടനീളം പ്രകടമാണ്. ഒരു പക്ഷെ മറ്റുള്ളവരെപ്പോലെ ഗൈഡ് പറയുന്നതും കേട്ട്, ബൈബിളിനെപ്പറ്റി അറിവില്ലാതെ  ആൾക്കൂട്ടത്തിനൊപ്പം നടന്നിരുന്നെങ്കിൽ ഇങ്ങനെ ഒരു കൃതി പിറക്കുമായിരുന്നില്ല.

ഓരോ കാഴ്ച കാണുമ്പോഴും ശ്രീ സാംസിയിലെ ജിജ്ഞാസ ഉണരുന്നു. അതെല്ലാം വിശദീകരിക്കുന്നുമുണ്ട്. “കൃസ്തുവിനെ കുറ്റവാളിഎന്ന് ചാപ്പ കുത്തിയ പീലാത്തോസ് ഇന്നും ജീവിക്കുന്നു. യേശുവിൻറെ കൂടെ നീ രക്ഷകൻ എന്ന് പറഞ്ഞു നടന്നവർ സ്വന്തം ലാഭത്തിനു നേട്ടത്തിനുവേണ്ടി 
അവന്റെ പിന്നാലെ നടന്നു. അവന്റെ അത്ഭുതങ്ങളും അടയാളങ്ങളും കണ്ടു കൂടിയവർ. അവൻ വിചാരണ നേരിട്ടപ്പോൾ ഏകനായി”. ചുങ്കക്കാരനായ സക്കായി യേശുദേവനെ കാണാൻ കയറി നിന്ന മരത്തെപ്പറ്റി ശ്രീ സാംസി പരാമർശിക്കുന്നുണ്ട്. സാംസി അതിനു ഒരു ദൈവീകത്വവും കല്പിക്കുന്നില്ലെന്നു മാത്രമല്ല ഇതാണോ രണ്ടായിരം വര്ഷത്തെ പഴക്കമുള്ള മരം എന്ന് സംശയിക്കയും ചെയ്യുന്നു. നോവലിൽ ഉടനീളം ഇത്തരം നിരീക്ഷണങ്ങൾ കാണാം ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയതാണ്. 

പ്രമുഖ ചിന്തകനും കവിയും, നിരൂപകനുമായ അമേരിക്കൻ മലയാളി ശ്രീ ആൻഡ്രുസ് ബൈബിളിനെ ആസ്പദമാക്കി അഞ്ചു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ശ്രീ സംസിയെപോലെ അദ്ദേഹം പലതും ചോദ്യം ചെയ്യുകയും ചോദ്യം ചെയ്യപ്പെട്ടവ തെറ്റാണെന്നു തെളിയിക്കുകയും ചെയ്തിട്ടുണ്ട്. അന്ധമായി ഒന്നിനെ വിശ്വസിക്കാൻ പ്രയാസമുള്ള മനസ്സിന്റെ ആത്മപരിശോധനാകളെ ദൈവത്തിന്റെ പേരും പറഞ്ഞു കബളിപ്പിച്ച് മനുഷ്യൻെറ ചിന്താശക്തിയെ തളർത്തി അതിലൂടെ സമ്പത്തും പദവിയും ദൈവീകത്വവും കൈക്കലാക്കുന്നവരുടെ കാലം കഴിയാൻ പോകുന്നുവെന്ന് ഇതേപോലെയുള്ള എഴുത്തുകൾ വിളിച്ച് പറയുന്നു. ചരിത്രപ്രാധാന്യം നൽകി മനുഷ്യർ കാത്തുസൂക്ഷിക്കുന്ന സ്ഥലങ്ങൾ സസൂക്ഷ്മം സന്ദർശകർ വീക്ഷിച്ചാൽ സത്യം പുറത്തുവരുമായിരിക്കും. സത്യത്തിന്റെ ഒരു പ്രത്യേകത ദുർബലനായ മനുഷ്യനോട് അത് പറയുന്നത് എനിക്ക് സൗകര്യമുള്ളപ്പോൾ ഞാൻ വരും നീ കാത്തിരിക്കുക എന്നല്ലേ. കാത്തിരിപ്പിനിടയിൽ അവൻ തട്ടിപോയാലും സത്യത്തിനു ഖേദമില്ല.

ഈ നോവലിനെ ചരിത്രപരമായ ഒരു കല്പനാസൃഷ്ടി എന്ന് വിശേഷിപ്പിക്കാം. അതേസമയം ചരിത്രത്താളുകളിൽ കണ്ടെത്തിയതിന്റെ  നിജസ്ഥിതി നേരിട്ട് കണ്ടു മനസ്സിലാക്കി തയ്യാറാക്കിയതുകൊണ്ട് കൂടുതൽ വിശ്വസനീയമായ രചന എന്ന അംഗീകാരത്തിനും  അർഹതയുണ്ട്. ആധുനിക ശാസ്ത്രം ബൈബിളിനെ പുരാണമായും കരുതുന്നതായി കാണുന്നു. നോവലിസ്റ്റ് ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ ബൈബിളിൽ പറയുന്ന വിവരങ്ങളെ നിരീക്ഷിച്ചിരിക്കാം. ഒപ്പം തന്റെ സർഗ്ഗസൃഷ്ടിയിലുള്ള കൗശലവും കഴിവും ഉപയോഗിച്ചിരിക്കുന്നു. അന്ധമായ വിശ്വാസം മനുഷ്യരെ പുറകോട്ടു നടത്തുകയാണ് ചെയ്യുന്നത്.  സ്വാർത്ഥതല്പരരുടെ തുറുപ്പ് ചേട്ടാണ് ദൈവം അരുളി ചെയ്തുവെന്ന്. അതിനെ ചോദ്യം ചെയ്യുകയെന്നാൽ ദൈവദോഷം വരുത്തുക എന്നാണ്.  അങ്ങനെയുള്ള പ്രലോഭനങ്ങളിൽ നിന്നും പ്രേരണകളിൽ നിന്നും മനുഷ്യർ മുക്തി നേടണമെങ്കിൽ സത്യം വിളിച്ചുപറയാൻ ആരെങ്കിലും വേണമെന്നാണ്. ശ്രീ സാംസി സത്യത്തിന്റെ പൊരുൾ മനസ്സിലാക്കിപ്പിക്കാനും ചുരുൾ നിവർത്താനും ശ്രമിച്ചിരിക്കുന്നു. നോവലിസ്റ്റിന്റെ ധീരമായ ഒരു കാൽ വയ്പ്പാണിത്.അവിടെനിന്നും നന്മയുടെ വഴികൾ ഇനിയും കണ്ടെത്തി. തിരിച്ചറിഞ്ഞു മനുഷ്യരാശിയെ പ്രബുദ്ധരാക്കാനുള്ള അദ്ദേഹത്തിന്റെ പ്രയാണം സഫലമാകട്ടെയെന്നാശംസിക്കുന്നു.

ശുഭം

# book review by Sudhir Panikkavettil

Join WhatsApp News
Rasikan 2023-01-06 16:15:13
മെഡിസിന് പഠിക്കുന്ന അമേരിക്കൻ മലയാളി കുട്ടികൾ ഇപ്പോൾ ഡെര്മറ്റോളജിയിൽ സ്പെഷ്യലൈസ്ട് ചെയ്താലോ എന്നാലോചിക്കയാണത്രെ. ശ്രീ ജയൻ വർഗീസ് എഴുതുന്നപോലെ പുറം ചൊറിയൽ നടക്കുന്നുണ്ടെങ്കിൽ മുത്തശ്ശന്മാരുടെ പുറം പുണ്ണായി കാണും. മുത്തശ്ശന്മാരെ ചികിൽസിക്കാം ശ്രീ ജയൻ വർഗീസിന്റെ പുറം ചൊറിയലിനെപ്പറ്റിയുള്ള രചനകൾ അങ്ങനെ കുട്ടികൾക്ക് ഉപകാരപ്രദമായി. എത്രയോ പരിതാപകരം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക