Image

36 മണിക്കൂര്‍ വെടിനിര്‍ത്തല്‍ വേണമെന്ന പുട്ടിന്റെ ആവശ്യം തള്ളി സെലന്‍സ്‌കി 

പി പി ചെറിയാന്‍ Published on 06 January, 2023
36 മണിക്കൂര്‍ വെടിനിര്‍ത്തല്‍ വേണമെന്ന പുട്ടിന്റെ ആവശ്യം തള്ളി സെലന്‍സ്‌കി 

വാഷിംഗ്ടണ്‍ ഡി.സി : 36 മണിക്കൂര്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ടു റഷ്യന്‍ സൈന്യത്തിന് റഷ്യന്‍ പ്രസിഡന്റ്  പുട്ടിന്‍ നല്‍കിയ  ഉത്തരവ് തള്ളിക്കളഞ്ഞു യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കി. ഈ വാരാന്ത്യം ഓര്‍ത്തഡോക്‌സ് ക്രിസ്മസ് അവധി പ്രമാണിച്ചാണ് പുട്ടിന്‍  വെടിനിര്‍ത്തല്‍ എന്ന ആവശ്യം മുന്നോട്ടുവച്ചത്. റഷ്യക്കെതിരെ ശക്തമായ പ്രത്യാക്രമണം നടത്തുന്ന യുക്രൈയിന്‍ ഈ  ആവശ്യത്തെ റഷ്യയുടെ തന്ത്രം ആയിട്ടാണ് കണക്കാക്കുന്നത്. ആധുനിക ഉപകരണങ്ങളുപയോഗിച്ച് യുക്രൈന്‍ നടത്തുന്ന  തന്ത്രപരമായ നീക്കങ്ങള്‍ എങ്ങനെ പ്രതിരോധിക്കാം എന്നതിന്  അവസരമൊരുക്കുകയാണ് പുട്ടിന്‍  എന്ന് സെലന്‍സ്‌കി പറഞ്ഞു. 

മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന ആക്രമം  അഴിച്ചുവിട്ട റഷ്യക്ക് യുക്രൈനെ  തകര്‍ക്കാനാകില്ലെന്നും കനത്ത പ്രഹരം റഷ്യക്ക് നല്‍കുമെന്നും സെലന്‍സ്‌കി  കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നവംബര്‍ മാസം തന്നെ റഷ്യയുടെ 100,000  ഭടന്മാര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട് എന്നാണ്  റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനെക്കുറിച്ച് വ്യക്തമായ കണക്കുകള്‍  റഷ്യ പുറത്തുവിട്ടിട്ടില്ല. 

റഷ്യന്‍ ആക്രമണം ഫെബ്രുവരി 24 ന് ആരംഭിച്ചു ഒരു വര്‍ഷത്തോളം അടുക്കുമ്പോള്‍ യുക്രൈനെ  പെട്ടെന്ന് കീഴടക്കാം എന്ന റഷ്യന്‍ ഭരണാധികാരിയുടെ സ്വപ്നമാണ് ഇപ്പോള്‍ തന്നെ തരിപ്പണമായിരിക്കുന്നത് എന്നും പ്രസിഡന്റ് പറഞ്ഞു. 

റഷ്യയുമായി ഒരു ചര്‍ച്ചക്കും ഇപ്പോള്‍ തയ്യാറല്ലെന്നും യുക്രെയിന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ചീഫ് ഒലക്‌സി ഡാനിലോവും പറഞ്ഞു.

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക