Image

മോദിയുടെ നാണയ നിര്‍വീര്യകരണവും സുപ്രീം കോടതിയുടെ നിസഹായ വിധിയും (ഡല്‍ഹികത്ത് :പി.വി..തോമസ്)

പി.വി..തോമസ് Published on 07 January, 2023
മോദിയുടെ നാണയ നിര്‍വീര്യകരണവും സുപ്രീം കോടതിയുടെ നിസഹായ വിധിയും (ഡല്‍ഹികത്ത് :പി.വി..തോമസ്)

2016 നവംബര്‍ എട്ടിന് ഒരു രാത്രി പ്രക്ഷേപണത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ ആയിരം അഞ്ഞൂറു നോട്ടുകളുടെ നിര്‍വീര്യകരണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള 58 പെറ്റീഷനുകളിന്മേല്‍ ആറു വര്‍ഷങ്ങള്‍ക്കുശേഷം സുപ്രീം കോടതിയുടെ അഞ്ചുഅംഗ ഭരണഘടന ബഞ്ച് ജാനുവരി രണ്ടിന് വിയോജന(4ഃ1) വിധിപ്രഖ്യാപിക്കുമ്പോള്‍ നോട്ടുനിരോധനത്തിന് നിയമസാധുത ഉണ്ടെന്ന് കണ്ടെത്തി. വിയോജനവിധി എഴുതിയ ജസ്റ്റീസ് ബി.വി.നാഗരന്തയാകട്ടെ ഇതു അസാധുവാണെന്നും നിയമവിരുദ്ധമാണെന്നും വിധിച്ചു. പക്ഷേ, ഭൂരിപക്ഷ വിധി ആണ് നിയമം. ഭൂരിപക്ഷ നാണയനിര്‍വീര്യകരണത്തിന്റെ ഗുണദോഷങ്ങളിലേക്ക് കടക്കാതെ ബഞ്ചിന്റെ സാങ്കേതിക പരിജ്ഞാന പരിമിതികളെ മുന്‍നിറുത്തി ആണ് ഇങ്ങനെ ഒരു നിസഹായ' വിധി പുറപ്പെടുവിച്ചത്. ജസ്റ്റീസുമാരായ ബി.ആര്‍.ഗവെയ്, എസ്.എ.നസീര്‍, എ.എസ്.ബോപ്പണ്ണ വി.രാമസുബ്രമണിയന്‍ പറഞ്ഞത് സാമ്പത്തീക നയം സംബന്ധിച്ചുള്ള ഭരണാധികാരിയുടെ തീരുമാനത്തില്‍ ഇടപ്പെടുമ്പോള്‍ കോടതിക്ക് അവരുടെ വിജ്ഞാനത്തെ ചോദ്യം ചെയ്യുന്നതിന് സാങ്കേതികമായ പരിമിതികള്‍ ഉണ്ട്. നാണയനിര്‍വീര്യകരണം ഇതുപോലുള്ള ഒരു വിഷയം ആണ്. നാണയനിര്‍വീര്യകരണവും കള്ളപ്പണത്തെയും ഭീകരവാദ ഫണ്ടിനെ ഇല്ലാതാക്കുന്നതും തമ്മില്‍ പറയത്തക്ക ബന്ധം ഉണ്ട്. പക്ഷേ, ഇതില്‍ എത്രമാത്രം നാണയനിര്‍വീര്യകരണവും ഗവണ്‍മെന്റും വിജയിച്ചുവെന്നത് അത്രകാര്യമുള്ള കാര്യമല്ല. പക്ഷേ, ജനങ്ങള്‍ക്ക് ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമല്ലെ ഇത്? തീര്‍ച്ചയായും. കാരണം അവരാണ് നീണ്ടക്യൂവില്‍ നിന്നതും അവിടെ കുഴഞ്ഞതു വീണതും മരിച്ചതും. ജനങ്ങളുടെ കഷ്ടപ്പാടുകളെകുറിച്ചും കോടതി പറയുന്നുണ്ട്. ആറുവര്‍ഷങ്ങള്‍ക്കു മുമ്പ് അവര്‍ സഹിച്ച യാതനകള്‍ ഇപ്പോള്‍ തിരുത്തുവാന്‍ സാധ്യമല്ല. അവരുടെ ആ കഷ്ടപ്പാടുകള്‍ ഈ തീരുമാനത്തെ തിരുത്തുവാന്‍ പര്യാപ്തമല്ല. എന്താ പോരേ? വിയോജന വിധി എഴുതിയ ജസ്റ്റീസ് നാഗരന്ത നാണയ നിര്‍വീര്യകരണം നിയമവിരുദ്ധവും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്‍ഡ്യ നിയമങ്ങള്‍ക്ക് എതിരുമാണെന്ന് രേഖപ്പെടുത്തി. ഇത് വെറും 24 മണിക്കൂറുകൊണ്ടാണ് നടപ്പിലാക്കിയത്. അതിനാല്‍ ആര്‍.ബി.ഐ.ക്ക് ഇത് കാര്യമായി പരിഗണിക്കുവാന്‍ സമയം കിട്ടിയില്ല. എന്നാല്‍ ഭൂരിപക്ഷവിധി പറയുന്നത് ആറുമാസമായി ഗവണ്‍മെന്റും ആര്‍.ബി.ഐ.യും ഇതു സംബന്ധിച്ച ചര്‍ച്ചയിലായിരുന്നുവെന്നാണ്. ജനം ആരെ വിശ്വസിക്കും? ജസ്റ്റീസ് നാഗരന്ത എഴുതിയത് ജനാധിപത്യത്തിന്റെ സിരാകേന്ദ്രമായ പാര്‍ലിമെന്റിനെ ഈ പ്രക്രിയയില്‍ നിന്നും ഒഴിച്ചുനിറുത്തിയത് നന്നായില്ല. ഇത് നടപ്പിലാക്കേണ്ടിയിരുന്നത് ഒരു ഗസ്റ്റ് വിജ്ഞാപനത്തിലൂടെ അല്ലായിരുന്നു. മറിച്ച് ഒരു പാര്‍ലിമെന്ററി നിയമത്തിലൂടെ ആയിരുന്നു, ജസ്റ്റീസ് നാഗരന്തത്തിന്റെ വിധിപ്രകാരം. ജസ്റ്റീസ് നാഗരന്ത വീണ്ടും ചൂണ്ടികാട്ടി നിരോധിച്ച 98 ശതമാനം നോട്ടുകള്‍ തിരിച്ചെത്തിയെന്നത് നാണയനിര്‍വീര്യകരണത്തിന്റെ പരാധീനതയാണ് സൂചിപ്പിക്കുന്നത്. നിരോധന വിജ്ഞാപനത്തില്‍ കേന്ദ്രം ആഗ്രഹിച്ചതു പോലെ എന്ന് എഴുതിയത്. ആര്‍.ബി.ഐ.യുടെ കുറവിനെയാണ് തെളിയിക്കുന്നത്, ജസ്റ്റീസ് നാഗരന്ത ചൂണ്ടികാട്ടി. ഭൂരിപക്ഷ ജഡ്ജിമാര്‍ സമ്മതിച്ചു ജനങ്ങള്‍ക്ക് ഗവണ്‍മെന്റ് നിശ്ചയിച്ച ഡിസംബര്‍ 30, 2016 എന്ന സമയപരിധിക്കുള്ളില്‍ നിരോധിച്ച നോട്ടുകള്‍ മാറി എടുക്കുവാന്‍ സാധിക്കുമായിരുന്നില്ല. പക്ഷേ, പുതിയ ഒരു അവസരം തുറന്നുകൊടുക്കുവാന്‍ ജഡ്ജിമാര്‍ക്ക് സാധിക്കുകയുമില്ല. കാരണം ഇങ്ങനെയുള്ള സാമ്പത്തീക നടപടിക്രമങ്ങള്‍ രൂപീകരിക്കുവാനുള്ള പരിജ്ഞാനം ഇവര്‍ക്കില്ല. എന്തൊരു നിസഹായാവസ്ഥയാണ്. ഇതുകൊണ്ട് ആരു സഹിക്കണം? ക്ലേശതകള്‍ ശരിയാണ്, ഭൂരിപക്ഷ ജഡ്ജിമാര്‍ എഴുതി, വ്യക്തികളുടെ താല്‍പര്യങ്ങള്‍ രാജ്യത്തിന്റെ വിപുലമായ താല്‍പര്യങ്ങള്‍ക്കായി സമര്‍പ്പിക്കണം. ഈ താല്‍പര്യമാണ് നാണയനിര്‍വീര്യകരണം ഉന്നം വച്ചത്. പക്ഷേ, അതും നേടിയതായി ഭൂരിപക്ഷ ജഡ്ജിമാര്‍ക്ക് അഭിപ്രായവും ഇല്ല. ഇതേ കാര്യത്തെകുറിച്ച്, നരേന്ദ്രമോദി അന്ന് പാര്‍ലിമെന്റില്‍ പറഞ്ഞത് വിദൂരഭാവിയില്‍ നാണയനിര്‍വീര്യകരണം കൊണ്ട് ഇന്‍ഡ്യക്ക് വലിയ ഗുണം ഉണ്ടാകുമെന്നാണ്. അതിന് മറുപടിയായി അവിടെ സന്നിഹിതനായിരുന്ന മുന്‍പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംങ്ങ് പറഞ്ഞത് ആ അതിവിദൂര ഭാവിയില്‍ നമ്മളൊക്കെ മരിച്ചിട്ടുണ്ടാകുമെന്നാണ്. ഭൂരിപക്ഷ ജഡ്ജിമാര്‍ പറഞ്ഞ ഭരണകര്‍ത്താക്കളുടെ മാന്‍ഡേറ്റ് ഉപയോഗിച്ചുചെയ്യുന്നത് ജുഡീഷ്യല്‍ മാന്‍ഡേറ്റിലൂടെ ചെയ്യുവാന്‍ സാധിക്കുകയില്ല.


ജസ്റ്റീസ് നാഗരന്ത തന്റെ വിയോജനവിധിയില്‍ വ്യക്തമാക്കി നാണയനിര്‍വീര്യകരണത്തിനുള്ള തീരുമാനം ആര്‍.ബി.ഐ.യില്‍ നിന്നും വരണമായിരുന്നു. ഗവണ്‍മെന്റില്‍ നിന്നും ആകരുതായിരുന്നു. കേന്ദ്രത്തിന് ഇത് ഒരു പാര്‍ലിമെന്റ് നിയമത്തിലൂടെ നടപ്പാക്കാമായിരുന്നു. ഇവിടെ ഉയരുന്ന ചോദ്യം ഗവണ്‍മെന്റ് എന്തുകൊണ്ട് അങ്ങനെ ചെയ്തില്ല എന്നതാണ്. നാണയനിര്‍വീര്യകരണം രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തീകഭദ്രതക്കും വേണ്ടിയുള്ളതായിരുന്നെങ്കില്‍ പാര്‍ലിമെന്റിനെയും വിശ്വാസത്തില്‍ എടുക്കാമായിരുന്നില്ലേ? ഭൂരിപക്ഷ ജഡ്ജിമാര്‍ പറയുന്നതനുസരിച്ച് നയപരമായി എക്‌സിക്യൂട്ടീവുകള്‍ എടുക്കുന്ന തീരുമാനങ്ങളില്‍ ഇടപെടുവാനുള്ള സാങ്കേതിക പരിജ്ഞാനം ജുഡീഷറിക്കില്ലെന്നും എക്‌സിക്യൂട്ടീവിന്റെ തീരുമാനം ആര്‍ബിറ്ററി അല്ലെങ്കില്‍ അതില്‍ ഇടപെടരുതെന്നുമാണ്. സാങ്കേതികപരിജ്ഞാനം എന്ന വാദം വിചിത്രമായി തോന്നാം കാരണം ജുഡീഷറിക്ക് വേണമെങ്കില്‍ എത്ര സാങ്കേതിക വിദ്ഗ്ദ്ധരുടെ സഹായം വേണമെങ്കിലും അനായാസേന ലഭ്യമാകും. ഭൂരിപക്ഷ ജഡ്ജിമാരുടെ അഭിപ്രായത്തില്‍ നാണയ നിര്‍വീര്യകരണം പോലുള്ള നയപരമായ വിഷയത്തില്‍ കേന്ദ്രഗവണ്‍മെന്റാണ് ഏറ്റവും നല്ല ജഡ്ജ്. കാരണം അതിന്റെ കയ്യിലുണ്ട് വ്യാജനോടുപോലുള്ളവയുടെ നിജമായ കണക്കുകള്‍ ഇതുപോലുള്ള ഗൗരവമേറിയ വിഷയങ്ങളില്‍ സുപ്രീംകോടതിയുടെ  ഭരണഘടന ബഞ്ച് കൈകഴുകി ഒഴിയുന്നത് നല്ലതോ? നാണയ നിര്‍വീര്യകരണത്തിന് കോടതിയില്‍ ഒരു അവസാനം ഉണ്ടായെങ്കിലും അത് ജനങ്ങള്‍ വളരെ പെട്ടെന്ന് മറക്കുന്ന ഒരു അദ്ധ്യായം ആയിരിക്കുകയില്ല.

നാണയനിര്‍വീര്യകരണം കള്ളപ്പണം ഇല്ലാതാക്കിയോ? അത് ഭീകരവാദികളുടെ സാമ്പത്തീക ശ്രോതസ് ഇല്ലാതാക്കിയോ? അത് ഡിജിറ്റല്‍ വ്യവസ്ഥ വ്യാപകമാക്കിയോ? ഇല്ല. പകരം തൊഴിലില്ലായ്മയും സാമ്പത്തീകമാന്ദ്യവും ആയിരുന്നു ഫലം. 99.3 ശതമാനം നിരോധിക്കപ്പെട്ട കറന്‍സി ബാങ്കുകളില്‍ തിരിച്ചെത്തി എന്ന ആര്‍.ബി.ഐ.യുടെ കണക്ക് എന്ത് കള്ളപ്പണവേട്ടയെ ആണ് പുറത്ത് കൊണ്ടുവരുന്നത് ? ഗവണ്‍മെന്റിന്റെ അവകാശവാദം നാണയനിര്‍വീര്യകരണത്തിലൂടെ മൂന്നുലക്ഷം കോടികള്ളപ്പണം പുറത്തുകൊണ്ടുവരുമെന്നായിരുന്നു. ഇതപ്പാടെ പൊളിഞ്ഞു. എന്തുകൊണ്ട് സുപ്രീംകോടതി ഗവണ്‍മെന്റിനെ ഇതിനെല്ലാം കണക്കുബോധിപ്പിക്കുവാന്‍ പര്യാപ്തമാക്കിയില്ല? 86 ശതമാനം പണവും നിര്‍വീര്യമാക്കിയിട്ട് ജനങ്ങളെ തീരാദുരിതങ്ങളിലേക്ക് തള്ളിയിട്ട ഗവണ്‍മെന്റ് സുപ്രീം കോടതിമുമ്പാകെ എങ്കിലും കണക്കുബോധിപ്പിക്കേണ്ട? നാണയനിര്‍വീര്യകരണം നടക്കുന്ന നവംബര്‍ എട്ടാംതീയതി, 20216 ല്‍ സര്‍ക്കുലേഷനില്‍ ഉണ്ടായിരുന്ന 15.4 ലക്ഷം കോടിരൂപയില്‍ 15.3 ലക്ഷം കോടിരൂപ തിരിച്ചു ബാങ്കുകളില്‍ എത്തി. അതായത് 99.3 ശതമാനം ഗവണ്‍മെന്റിന് കള്ളപ്പണനിര്‍മ്മാജ്ജനത്തെക്കുറിച്ച് എന്തു സമാധാനം സുപ്രീംകോടതിയോട് പറയുവാനുണ്ട്?

ജനങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും കോടതിയിലും വിധിന്യായത്തിലും മറുപടി ഉണ്ടായിട്ടില്ല. സങ്കടങ്ങള്‍ക്കും. കോടതി ഗവണ്‍മെന്റിനെ സാങ്കേതിക പരിജ്ഞാനപരിമിതിയുടെ പേരില്‍ വെറുതെവിട്ടു. രാഷ്ട്രീയപ്രാധാന്യമുള്ള നിര്‍ണ്ണായക കേസുകളില്‍ സാധാരണ സംഭവിക്കുന്നതുപോലെ തന്നെ ഇവിടെയും സംഭവിച്ചു. റാഫാല്‍ യുദ്ധവിമാനവും, ബാബരിഭേദനവും ബാബരിഭൂമിതര്‍ക്കവും എല്ലാം ചില ഉദാഹരങ്ങള്‍ മാത്രം. നാണയ നിര്‍വീകരണത്തിന്റെ നിയമയുദ്ധം ഇവിടെ അവസാനിക്കുന്നു, ഒട്ടേറെ ചോദ്യങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ട്.

Join WhatsApp News
benoy 2023-01-07 11:21:26
ഒരു ജനാധിപത്യ രാജ്യത്തിലെ ലെജിസ്ലേറ്റീവ്, ജുഡീഷ്യറി, എക്സിക്യൂട്ടീവ് എന്നീ മൂന്നു ബ്രാഞ്ചുകളും അവയുടെ ഉത്തരവാദിത്വങ്ങളും എന്താണെന്നു സാമാന്യവിദ്യാഭ്യാസമുള്ള എല്ലാ പൗരന്മാർക്കും അറിയാം. ഒരു പത്രപ്രവർത്തകനെന്നു സ്വയം അഭിമാനിക്കുന്ന ശ്രീ പി വി തോമസിന് അത്രത്തോളമെങ്കിലും വിവരമുണ്ടായിരുന്നുവെങ്കിൽ വിവരവും വിദ്യാഭ്യാസവുമുള്ള അമേരിക്കൻ മലയാളികളുടെ കണ്ണിൽ പൊടിയിടുവാനായി ഇതുപോലൊരു തട്ടിക്കൂട്ട്-മഞ്ഞപ്പത്ര ലേഖനം ഈമലയാളിയിൽ പ്രസിദ്ധീകരിക്കുകയില്ലായിരുന്നു.
Reghu Nair 2023-01-07 15:22:55
ഇന്ത്യക്കകത്തുള്ള പാക്-ചൈന അനുകൂലികൾക്കും മത തീവ്രവാദികൾക്കും അർബൻ നക്സലുകൾക്കും മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള, അംഗീകരിക്കാൻ കഴിയാത്ത, എന്നാൽ ഇന്ത്യൻ ജനത സർവാത്മനാ അംഗീകരിക്കുന്ന, ഇന്ത്യക്കാർക്ക് ഗുണം കിട്ടുന്ന ദീർഘദൃഷ്ടിയോടെയുള്ള പദ്ധതികൾ മോഡി സർക്കാർ ആവിഷ്കരിക്കുന്നുണ്ട്. സത്യം മൂടിവച്ചു വക്രീകരിച്ച വാർത്ത പ്രസിദ്ധപ്പെടുത്തുന്നത് പത്ര പ്രവർത്തനത്തിൽ മുതൽ കൂട്ടാണെന്നു ധരിച്ചു വശായിരിക്കുന്ന ഇയാളുടെ ലേഖനങ്ങൾ ഇന്ത്യ വിരുദ്ധരുടെ കൈയടി മേടിക്കാനും പാരിതോഷികം മേടിക്കാനും ഉതകുമായിരിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക