Image

സാംസി കൊടുമണ്ണിന്റെ ഉഷ്ണക്കാറ്റ് വിതച്ചവർ (നിരൂപണം: സുധീർ പണിക്കവീട്ടിൽ)

Published on 11 January, 2023
സാംസി കൊടുമണ്ണിന്റെ ഉഷ്ണക്കാറ്റ് വിതച്ചവർ (നിരൂപണം: സുധീർ പണിക്കവീട്ടിൽ)

വിജയികളായ പുരുഷന്മാരുടെ പുറകിൽ മിടുക്കിയായ  ഒരു സ്ത്രീ ഉണ്ടെന്നു പറയുന്നപോലെ ഓരോ വേശ്യ സ്ത്രീയുടെയും പുറകിൽ മിടുക്കില്ലാത്ത ഒരു പുരുഷൻ ഉണ്ടെന്നുള്ളതാണ് സത്യം. അല്ലെങ്കിൽ വേശ്യകൾ ഉണ്ടാകുമായിരുന്നില്ല. ഒരു സ്ത്രീക് തനിയെ വേശ്യയാകാൻ കഴിയില്ലെങ്കിലും ആ തൊഴിലിന്റെ മുഴുവൻ ഉത്തരവാദിത്തം അവൾക്കാണ്. അതാണ് സമുദായ നീതി. വേശ്യകളുടെ കഥകൾ എല്ലാ ഭാഷയിലുമുള്ള എഴുത്തുകാർ എഴുതിയിട്ടുണ്ട്.
ശ്രീ സാംസിയുടെ ഉഷ്ണക്കാറ്റ് വിതച്ചവർ എന്ന നോവലിലെ നായിക ഒരു പാവം നാടൻ  പെണ്ണാണ്. ഇറ്റിറ്റു വീഴുന്ന അനുരാഗത്തിന്റെ തിരുമധുരം നുണഞ്ഞപ്പോൾ അതിനു വലിയ വില കൊടുക്കേണ്ടിവരുമെന്നു അറിയാതിരുന്ന പെണ്ണ്. ശ്രീ സാംസിയുടെ കഥകളിൽ എല്ലാം  ഒരു കാര്യകാരണ വിചാരണ ഉണ്ടാകും. ശ്രീ സാംസിക്ക് അവളെ വേശ്യ എന്ന് പറയാൻ  ഇഷ്ടമില്ല. അതുകൊണ്ടാണ് അച്ഛനെപ്പോലെ കരുതുന്ന അയൽവീട്ടിലെ മാപ്പിളയെകൊണ്ട് അവളെ നോക്കിപ്പിക്കുന്നത്. അയാൾക്ക് മറ്റു സമൂഹവാസികളെപോലെ അവളോട് അറപ്പില്ല, വെറുപ്പില്ല. സഹതാപം മാത്രം. പാവം വേശ്യകൾക്ക് സഹതാപം മാത്രമേ കിട്ടുന്നുള്ളു സഹായങ്ങൾ കിട്ടുന്നില്ല. കിട്ടുന്ന സഹായങ്ങൾ അവളെ വീണ്ടും വീണ്ടും വേശ്യയാക്കുന്നു. അസുഖം വന്ന കുഞ്ഞിന് മരുന്നുവാങ്ങാൻ വേണ്ടി ആദ്യമായി ഡോക്ടർ അവളുടെ ചാരിത്ര്യം കവർന്നു. അവളുടെ പെൺകുഞ്ഞിനെയും സാംസി ആർഷഭാരത വേലിക്കെട്ടിനു പുറത്ത് ചാടിച്ചു. ജീവിതം തൊട്ടു എഴുതുന്ന എഴുത്തുകാരനാണ് ശ്രീ സാംസി. അതുകൊണ്ട് അദ്ദേഹത്തിന് അങ്ങനെയേ എഴുതാൻ കഴിയു. മകളുടെ ചാരിത്ര്യം കാത്തുസൂക്ഷിക്കാൻ സംഘർഷങ്ങൾ അനുഭവിക്കുന്ന ഒരു അമ്മയെ സൃഷ്ടിച്ച് നോവൽ ഒന്ന് ഇളക്കിമറയ്ക്കാനൊന്നും ശ്രീ സാംസി തുനിയുന്നില്ല. എങ്ങിനെയാണോ ജീവിതം മുന്നോട്ടു പോകുന്നത് അങ്ങനെ നോവലിസ്റ്റ് മുന്നോട്ട് പോകുന്നു.

പ്രണയവും സമൂഹം അംഗീകരിക്കാതെയുള്ള ലൈംഗികബന്ധവും അതിന്റെ ഫലമായുള്ള ഗർഭവും പെൺകുട്ടികളുട ജീവിതം താറുമാറാക്കുന്നു. തുല്യ ഉത്തരവാദിത്വമുള്ള പുരുഷൻ എന്നും ദൈവത്തെപ്പോലെ അദൃശ്യനാണ്. പെൺകുട്ടിയുടെ മനസ്സല്ലാതെ അവനെ ആരും അന്വേഷിക്കുന്നില്ല. എല്ലാ കുറ്റങ്ങളും പെൺകുട്ടിയിൽ ചുമത്തി അങ്ങനെ രസിക്കുന്നത്  നമ്മുടെ സമൂഹത്തിന്റെ ക്രൂര വിനോദം. ശ്രീ സാംസി കൊടുമണ്ണിന്റെ ഉഷ്ണക്കാറ്റ് വേശ്യയായി പോയ ഒരു അമ്മയുടെയും മകളുടെയും കഥ പറയുന്നു. ശരീരം വിറ്റ്  ജീവിക്കുന്നവരെ കുലസ്ത്രീകൾ കുറ്റപ്പെടുത്തുന്നത് നിനക്കൊക്കെ എന്തെങ്കിലും തൊഴിൽ ചെയ്തു  ജീവിച്ചുകൂടെ എന്നാണു.  അവർക്കറിയില്ലല്ലോ നിസ്സഹായയായ ഒരു പെണ്ണിന് കിട്ടുന്ന തൊഴിൽ അത് മാത്രമാണെന്ന്. ഇതിലെ കഥാപാത്രവും ഒരു പ്രതിസന്ധിയിൽ വച്ച് അവളുടെ ശരീരം ഒരാൾ അപഹരിക്കപ്പെടുന്നത് ദൃക്‌സാക്ഷിയായി നിന്ന് പരാജയപ്പെടുകയാണ്. വീട്ടുകാരുടെ ദുരഭിമാനം ഈ തൊഴിലിലേക്ക് പെൺകുട്ടികൾ എത്തപ്പെടുന്നതിനു ഉത്തരവാദിയാണ്. നോവലിലെ മുഖ്യകഥാപാത്രം ദേവകിയ്ക്ക് അവിഹിത ഗർഭം നല്കിയവനെ അവളുടെ വീട്ടുകാർ തല്ലിച്ചതച്ചു എങ്ങോട്ടോ  ഓടിച്ച്.എന്നാൽ അവളെയും കുട്ടിയേയും സംരക്ഷിക്കാൻ തയാറായില്ല.  അവളുടെ നിസ്സഹായത ചൂഷണം ചെയ്തുകൊണ്ട് പലരും അവളുടെ  ശരീരം പങ്കുവച്ചപ്പോൾ പിന്നെ ആർക്കും അത് നൽകാമെന്ന അവസ്ഥയിലേക്ക് അവൾ എത്തിച്ചേരുന്നു വളരെ വിശ്വസനീയമാം വിധം ഒട്ടും അതിഭാവുകത്വം കലർത്താതെ  നോവലിസ്റ്റ് ദേവകി ചെളിയിലേക്ക് വീണുപോകുന്ന സാഹചര്യങ്ങൾ വിവരിക്കുന്നുണ്ട്.
ദുരഭിമാനക്കൊല ഇപ്പോൾ കേരളീയർക്ക് പരിചയമാണ്. അതേപോലെ തന്നെയാണ് സദാചാര സംരക്ഷണവും.എതിർലിംഗക്കാരോട് ഒരു "ഇത്" തോന്നുന്നത് യുവത്വത്തിന്റെ ചാപല്യമാണ്. ദേവകിയുടെ മകളുമായി ചങ്ങാത്തം കൂടാൻ വരുന്നവനും കൗമാരകാലത്ത് കണ്ട ഒരു പ്രണയദീപത്തിനു ചുറ്റും പറന്ന ഇയ്യാം പാറ്റയാണ്. പാവം. കൂട്ടുക്കാർ നിർബന്ധിച്ചപ്പോൾ സ്നേഹം തോന്നിയ പെൺകുട്ടിയുടെ കരം ഗ്രഹിക്കുന്നു ഈ കാമുകൻ.  അവളുടെ വീട്ടിലെ സദാചാരപ്പട ഇളകി വന്നു. അവൻ മോഹൻ അവനും കയ്യിൽ കരുതിയ കത്തിയെടുത്ത് അവരിൽ ഒരാളെ കുത്തി. എന്താണ് നോവലിസ്റ്റ് ഇവിടെ വ്യക്തമാക്കുന്നത്. കൗമാരക്കാരുടെ നിഷ്ക്കളങ്കമായ പ്രേമം പോലും കാമത്തിൽ കലക്കി അതിലെ നായികയെയോ നായകനെയോ സമൂഹം എന്ന രാക്ഷസൻ വേട്ടയാടുന്നു.  അവസാനം എല്ലാ അമ്പുകളും തറച്ച് ജീവിതമെന്ന കുരുക്ഷേത്രത്തിൽ സ്ത്രീകൾ വീഴുന്നു. അവർക്ക് ഉത്തരായനം വരെ സമാധാനത്തോടെ ജീവിച്ച് മോക്ഷം പ്രാപിക്കാൻ പോലും അവസരമില്ല.


ശ്രീ സാംസി അവതരിപ്പിക്കുന്ന ഇതിലെ കഥാപാത്രങ്ങൾ നിസ്സഹായതയുടെ നിഴൽരൂപങ്ങളാണ്. പക്ഷെ സമൂഹം വേശ്യ എന്ന തുറുപ്പ് ചീട്ടുയർത്തിപിടിച്ചു അവരെ പരിഹസിക്കുന്നു. ശരീരത്തിന് ഇടപാടുകാർ ഇടുന്ന വിലയും വാങ്ങി നിശബ്ദം കഴിയുന്ന മനുഷ്യാത്മാക്കൾ. അവരിലും ജീവിക്കാനുള്ള മോഹം തളിരിടുന്നത് കാണുമ്പോൾ വായനക്കാരന് ദുഖമാണ് ഉണ്ടാകുക. മോഹൻ മകളെ രക്ഷിക്കുമെന്ന് ദേവകി ആശിച്ചുപോകുന്നു  അതേസമയം സമൂഹം അവരിലേക്ക് കൂടുതൽ ചെളിവാരിയെറിയുന്നു. മോഹൻ മീനുവിനെ സ്വീകരിക്കുമെന്ന് ദേവകി മോഹിക്കുന്നെങ്കിലും മോഹൻ വായനക്കാരുടെ പ്രതീക്ഷക്ക് വിപരീതമായി അവളെ ഗൾഫിൽ കൊണ്ടുപോയി കച്ചവടം നടത്താമെന്ന ചിന്തിക്കുന്നു അത് നടപ്പാക്കുന്നു. പണത്തിനും  രതിക്കും മീതെ പായുന്നവർ കുറെ സ്ത്രീജന്മങ്ങളെ ചവുട്ടി മെതിച്ച് അവസാനം അവരും അകാലചരമമടയുന്നു. മോഹനനും അങ്ങനെ ഒരു അനാഥപ്രേതമായി. മീനു ഗൾഫിൽ നിന്നും വന്നു. അവളെ അവളുടെ ജാരസന്തതി കൊന്നുകളയുന്നു.
ഈ നോവലിൽ മൂന്നു മുഖ്യ കഥാപാത്രങ്ങൾ  ഉണ്ടെങ്കിലും അവരിലൂടെ ഒരു സമൂഹത്തിന്റെ ചിത്രം തെളിയുന്നു. വേശ്യ എന്നാൽ അവളുടെ ജീവിതത്തിനു വേണ്ടി മറ്റുള്ളവരെ നശിപ്പിക്കുന്നവൾ എന്നാണു എല്ലാ സമൂഹങ്ങളും വിലയിരുത്തുന്നത്. വാസ്തവത്തിൽ കള്ളന്മാർക്കും വേശ്യകൾക്കും അവരുടെ ജീവിതത്തെപ്പറ്റി വേവലാതി ഉണ്ടാകേണ്ടതല്ലേ എന്ന് വേവലാതിപ്പെടുന്നത് സമൂഹമാണ്. അങ്ങനെ സമൂഹം വല്ലാതെ വേവലാതി പെടുമ്പോൾ വേശ്യകളും കള്ളന്മാരും ചിന്തിക്കുന്നത് അങ്ങനെയൊരവസ്ഥയിൽ അവരെ എത്തിച്ച സമൂഹത്തിന്റെ നെറികേടിനെകുറിച്ചാണ്. ജീവിക്കാൻ മാർഗമുള്ള എന്തങ്കിലും ജോലി കൊടുത്തിരുന്നെങ്കിൽ  ദേവികയും അവളുടെ മകളും നശിക്കയില്ലായിരുന്നു. വാസ്തവത്തിൽ സമൂഹത്തിലെ സ്വാർത്ഥതല്പരരാണ്  വേശ്യകളെയും മോഷ്ടാക്കളെയും സൃഷ്ടിക്കുന്നത്. ഒരു ഗ്രാമത്തത്തിന്റെ പശ്ചാത്തലത്തിൽ ശ്രീ സാംസി കൊടുമണ്ണിന്റെ നോവലിലെ ഉഷ്ണക്കാറ്റ് വിതച്ചവർ ദേവകിയും മീനുവുമല്ല പക്ഷെ സമൂഹമാണെന്നു നോവലിസ്റ് പറയാതെ  പറയുന്നു. 
മീനുവിന്റെ മനസ്സോ മോഹമോ നോക്കാതെ  ബലാൽക്കാരമായി തനിക്ക് ഒരു കുട്ടിയെ സമ്മാനിച്ച ആളുടെ ജീവിതം എങ്ങനെയായിരുന്നു എന്ന് നോവലിസ്റ്റ് പറയുന്നില്ല. വായനക്കാരായ നമുക്കതൂഹിക്കാം.  അയാൾ അന്തസ്സോടെ ജീവിക്കുന്നുണ്ടാകും. അതും സമൂഹത്തിന്റെ ഔദാര്യം.. മീനുവിന് അവളുടെ മകനെ സ്നേഹിക്കാൻ  കഴിഞ്ഞില്ല.അത് ശ്രീ സാംസി സത്യസന്ധമായി ചിത്രീകരിച്ചിട്ടുണ്ട്.  അവളുടെ മകൻ അവളെ ആഴമുള്ള കിണറ്റിലേക്ക് തള്ളിയിടുമ്പോൾ അവളിലെ മാതാവ് ഉണരുകയല്ല  മറിച്ച് അവളിൽ ഒരു പൈശാചിക സംതൃപ്തി ഉണ്ടാകുകയാണ്. അവൾ അതുവരെ അനുഭവിക്കാത്ത സ്നേഹത്തോടെ മകനെ എന്ന് വിളിച്ചുവെന്നാണ് നോവലിസ്റ്റ് എഴുതുന്നത്  മനസ്സ് മരവിച്ചുപോയ ആ സ്ത്രീയുടെ മനസ്സിൽ താൻ ഈ ലോകത്ത് നിന്നും  രക്ഷപ്പെട്ടല്ലോ എന്ന സന്തോഷമായിരിക്കും. കുറച്ചുകൂടി വിവരിക്കയാണെങ്കിൽ അവരുടെ പുത്രനാണല്ലോ മരണത്തിലേക്ക് തള്ളിയിടുന്നത്. പു(പും) എന്നത് കുട്ടികൾ ഇല്ലാത്തവർ ചെന്നുപെടെണ്ട നരകമാണ്.അതിൽ നിന്നും ത്രാണം ചെയ്യുന്നവൻ പുത്രൻ എന്നർത്ഥം. മീനു ഭൂമിയെന്ന നരകത്തിൽ നിന്നും പു എന്ന മരണശേഷമുള്ള നരകത്തിലേക്ക് പോകാതെ രക്ഷപെട്ടു.  നോവലിസ്റ്റിന്റെ ഔചിത്യത. നമ്മുടെ മഹാകവികൾ മൂന്നുപേരും വേശ്യകളുടെ കഥയെഴുതിയിട്ടുണ്ട്. അവർക്കെല്ലാം അവസാനം മോക്ഷം നൽകിയിട്ടുമുണ്ട്. ശ്രീ സംസിയും നോവൽ അവസാനിപ്പിച്ചത് നായികക്ക് മോക്ഷം കൊടുത്തുകൊണ്ടായി എന്നത് കഥാപാത്രങ്ങളോട് എഴുത്തുകാർ ചെയ്യുന്ന ന്യായീകരണമായി കണക്കാക്കാം
ശ്രീ സംസിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
ശുഭം
    
#  Samsy Koduman book review

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക