സ്‌കൂൾ കലോത്സവത്തിൽ കുട്ടികൾക്ക് കൊടുക്കപ്പെടുന്ന ആഹാരത്തെക്കുറിച്ച് ഉണ്ടാക്കിത്തീർത്ത പ്രശനം ഗൗരവമായി ആലോചിച്ചാൽ കുട്ടികൾക്ക് നൽകപ്പെടുന്ന ആഹാരത്തെക്കുറിച്ചുള്ള ആശങ്കതന്നെയാണോ അതോ അതിൽ വേറെ എന്തെങ്കിലും നിഗൂഢതയുണ്ടോ എന്ന് ചിന്തിച്ചു നോക്കൂ. ഇത് തീർച്ചയായും ജാതി-മത-വൈരാഗ്യങ്ങൾക്ക് മൂർച്ചകൂട്ടാനുള്ള വെറുമൊരു തുരുപ്പുശീട്ടല്ലേ എന്ന് സമൂഹം സംശയിക്കേണ്ടതുണ്ട്. തൊട്ടുകൂടാത്തവർ, തീണ്ടികൂടാത്തവർ ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ ഉണ്ടായിരുന്ന നാട് പുരോഗമനത്തിലൂടെ സംസ്കാരസമ്പന്നരായെങ്കിലും വീണ്ടും പഴയനിലയിലേക്ക് അധഃപതിക്കാൻ ശ്രമിക്കുന്നത് ഏത് രാഷ്ട്രീയ തന്ത്രമാണ് ?
കേരള സ്‌കൂൾകലോത്സവം പ്രതിവർഷം കേരളഗവണ്മെന്റ് സംഘടിപ്പിക്കുന്ന ഒരു സാംസ്കാരിക ആഘോഷമാണ്. ഹൈസ്‌കൂൾ/ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികളുടെ മത്സരമാണ് ഇതിൽ നടക്കുന്നത്. ആദ്ദ്യമായി 1956 ലാണ് ഇത് സംഘടിപ്പിച്ചത് അതിനുശേഷം പതിവായി എല്ലാ വർഷവും ഇത് കൊണ്ടാടുന്നു. ഈ കലോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് ഗവണ്മെന്റ് വക ഭക്ഷണം നൽകിയിരുന്നു. സസ്യാഹാരമാണ് വിളമ്പിയിരുന്നത്. പതിനാറു വർഷമായി ഊട്ടുപുരയുടെ മുഴുവൻ ഉത്തരവാദിത്തം പഴയിടം മോഹൻ നമ്പൂതിരിക്കായിരുന്നു. അപ്പോഴാണ് മോഹനൻ നമ്പൂതിരിയെ നവോത്ഥാന സൂചകമായി പുരോഗമനകലാസാഹിത്യസംഘം നേതാവ് സോഷ്യൽ മീഡിയയിൽ എഴുതിയത് ജനശ്രദ്ധേയമായത്. അദ്ദേഹത്തിന്റെ അഭിപ്രായം ഏകദേശം ഇങ്ങനെയായിരുന്നു. കലോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് വേണ്ടി ബ്രാഹ്മണൻ പാകം ചെയ്യുന്നവെന്നതാണ് കേരളത്തിലെ നവോത്ഥാനത്തിന്റെ സംഭാവന. ഇതിനെ പ്രതികരിച്ചുകൊണ്ട് പലരും അവരുടെ അഭിപ്രായങ്ങളുടെ രംഗത്ത് വന്നതോടെ പ്രശനം ചർച്ചാവിഷയമായി. കലോത്സവത്തിൽ വിളമ്പപ്പെടുന്ന ആഹാരത്തെ ജാതിയിലൂടെ കാണാൻ ശ്രമിച്ചു ചിലർ. പഴയിടം നമ്പൂതിരി ബ്രാഹ്മണനെ പ്രതിനിധീകരിക്കുന്നില്ല എങ്കിൽ അദ്ദേഹത്തിന് എന്തുകൊണ്ട് രുചികരമായ സസ്യാഹാരത്തെപ്പോലെ മാംസാഹാരവും പാകംചെയ്തുകൂടാ എന്നായി മറ്റുചിലർ. അഭിപ്രായങ്ങൾക്ക് മേൽ അഭിപ്രായങ്ങളായപ്പോൾ മാധ്യമങ്ങൾക്കൊരു ചൂടുള്ള വാർത്തയായി മാറി. ഭക്ഷണത്തിലും ബ്രാഹ്മണാധിപത്യം, ഉച്ചനീചത്വം എന്നിവ ചർച്ചപ്പെട്ടത് എന്തായിരുന്നാലും പ്രബുദ്ധകേരളത്തിന് ഒരു നാണകെട്ടായി എന്നുവേണം പറയാൻ
സസ്യാഹാരം ഒരു മതക്കാരുടെ ഭക്ഷണമല്ല. അത് എല്ലാ ജാതി മതക്കാരും ഭക്ഷിക്കുന്നു. അപ്പോൾ എങ്ങനെ ഒരു വിഭാഗം ജനങ്ങൾ സസ്യാഹാരത്തിന്റെ അധിപരാകും? ജാതിമത ഭേദമന്യേ എല്ലാവരും സയൻസിൽ വിശ്വസിക്കുന്നവരും, അതിൽ കൂടുതൽ അറിവ് സമ്പാദിക്കാൻ ആഗ്രഹിക്കുന്നവരുമാണ്. അപ്പോൾ വിദ്യാഭ്യാസമ്പന്നരായ നമുക്കറിയാം മനുഷ്യന്റെ ഭക്ഷണക്രമത്തിൽ പച്ചക്കറികൾക്കും, പഴവർഗ്ഗങ്ങൾക്കും എത്രമാത്രം പ്രാധാന്യമുണ്ടെന്ന്. ബ്രാഹ്മണർ സസ്യാഹാരം കഴിക്കുന്നു അതിനാൽ അത് അവരുടെ ആധിപത്യമാണെന്നു പറയുന്നു. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ എത്രയോ ബ്രാഹ്മണർ മാംസാഹാരം ഇഷ്ടപ്പെടുന്നു..അപ്പോൾ എന്ത് കഴിക്കണം, വേണ്ട എന്നത് വ്യക്തിപരമായ ഇഷ്ടങ്ങളാണ്. ഇതിൽ ജാതി മതത്തിന്റെ തീരുമാനങ്ങൾക്ക് ഇന്നത്തെ സമൂഹത്തിൽ വലിയ പ്രാധാന്യമുണ്ടെന്ന് തോന്നുന്നില്ല
അല്ലെമതാനുഷ്ഠാനങ്ങളെ പിന്തുടർന്നുകൊണ്ട് എല്ലാ മതത്തിലുമുള്ള എത്രയോ പേർ, എത്രയോ ദിവസം മാംസാഹാരം കഴിക്കാതെയിരിക്കുന്നു. പിന്നെയാണോ കലോത്സവം നടക്കുന്ന ഈ എണ്ണപ്പെട്ട ദിവസങ്ങളിൽ മാംസാഹാരമില്ലാതെ വയ്യ എന്ന സ്ഥിതിവിശേഷം സംജാതമാകുന്നത്!
കലോത്സവത്തിൽ ഇതുവരെ പങ്കെടുത്ത ഏകദേശം രണ്ടേകാൽ കോടി കുട്ടികൾക്ക് ആഹാരം മോഹനൻ നമ്പൂതിരി ഉണ്ടാക്കിക്കൊടുത്ത അനുഭവം എത്രയോ വര്ഷങ്ങളായി അദ്ദേഹത്തിനുണ്ട്. പക്ഷെ ഇന്നുവരെ ഭക്ഷണത്തെക്കുറിച്ച് ഒരു പരാതിയും അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. എന്നാൽ ഇവിടുത്തെ പ്രശനം ഭക്ഷണത്തിലെ പാകപ്പിഴകളല്ല. മറിച്ച് ഭക്ഷണത്തിലൂടെ മനുഷ്യമനസ്സുകളിൽ എത്തിക്കുന്ന ജാതിവിഷമാണ്. അതിനാൽ മോഹനൻ നമ്പൂതിരി വളരെ വ്യസനത്തോടെത്തന്നെ ഈ ചുമതലയിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ തീരുമാനിച്ചു. മനുഷ്യമനസ്സുകളിൽ ആഹാരത്തോടൊപ്പം കലർത്തിയിരിക്കുന്ന ജാതിവിഷത്തിന് പ്രതിവിധി തേടാൻ വളരെ വിഷമമാണെന്നുള്ളതാണ് വസ്തുത.
ജാതി ഭാരതീയരുടെ ശാപമാണ്. പരാജയമാണ്. നാട്ടുരാജാക്കന്മാരുടെ ഭരണകാലത്ത് ഭാരതത്തിന്റെ ശാപം എന്നോണം ജാതി വ്യവസ്ഥ നിലവിൽവന്നു. തൊഴിലധിഷ്ഠിതമായ ഒരു തരംതിരിവ് എന്ന ഉദ്ദേശത്തോടെ നിലവിൽവന്ന ഈ വ്യവസ്ഥ പിന്നീട് ഉയർച്ച താഴ്ചകളുടെ അളവുകോലായി മാറി. തൊട്ടുകൂടായ്മ തീണ്ടികൂടായ്മ തുടങ്ങിയ അനാചാരങ്ങളിൽ എത്തിച്ചേർന്നു. പിന്നീട് അവയുടെ പേരിൽ പരസ്പരം കലഹങ്ങൾ ആരംഭിച്ചു. വിദേശികൾ ഈ അവസരം മുതലെടുത്തു. അതിനുശേഷം ഇതെല്ലാം വെറും അനാചാരങ്ങളാണെന്ന തെറ്റ് മനസ്സിലാക്കി പുരോഗമന ചിന്തകളിലൂടെ നമ്മൾ അതിനെ മാറ്റിക്കളഞ്ഞു. എന്നാലും ചിലരുടെ മനസ്സിൽ അതിന്റെ സ്വാധീനം അവരറിയാതെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കേരളത്തിൽ നിന്നുള്ള വാർത്തകളിൽ ഇപ്പോൾ ജാതിസംബന്ധിച്ച വിവാദങ്ങളുടെയും, കലഹങ്ങളുടെയും വിവരങ്ങളാണ്. ഇത് സാക്ഷരകേരളത്തിന് തികച്ചും അപമാനകരമാണ്.
കലോത്സവത്തിൽ ആഹാരം നൽകുന്നത് എത്രയോ കാലത്തെ ശീലമാണ്. പെട്ടെന്നാണ് ഒരുവിഭാഗം ആളുകൾക്ക് കലോത്സവം നടക്കുന്ന ഈ ചുരുക്കം ദിവസങ്ങളിൽ മാംസാഹാരം ഇല്ലാതെ വയ്യെന്നായത്. ഈ പ്രശ്നത്തിന്റെ തുടക്കവും സോഷ്യൽ മീഡിയ തന്നെയാണെന്നുള്ളത് ശ്രദ്ധേയമാണ്. പിന്നീട് വാർത്തയെ ഊതിവീർപ്പിച്ചുകൊണ്ട് മാധ്യമങ്ങളും പുറകെക്കൂടി. കുട്ടികൾക്ക് മാംസാഹാരം കഴിക്കാൻ ആഗ്രഹമില്ലേ. എന്തുകൊണ്ട് അത് നൽകുന്നില്ല. ഗവണ്മെന്റ് എന്തുകൊണ്ട് ഈ കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല. ഇങ്ങനെയൊക്കെ ചോദ്യങ്ങളുമായി സോഷ്യൽ മീഡിയകളും, മാറ്റ് മാധ്യമങ്ങളും ഈ വിഷയത്തെ ഒരു വിവാദമാക്കി.
ഒരു വിഭാഗത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കുമ്പോൾ പല പ്രായോഗികമായ വശങ്ങളും ആലോചിക്കേണ്ടതുണ്ട്. നമ്മൾ കേൾക്കുന്ന ഭക്ഷ്യവിഷബാധ സംഭവിക്കുന്നത് അധികവും മാംസാഹാരങ്ങളിലൂടെയും, അവ പാചകം ചെയ്യുന്ന ചുറ്റുപാടുകളിൽനിന്നുമാണ്. ഒരു വലിയ ജനസമൂഹത്തിന് ഭക്ഷണം നൽകുമ്പോൾ സുരക്ഷിതമായ വശം സസ്യാഹാരം നൽകുക എന്നതുതന്നെയാണ്.
പ്രബുദ്ധ കേരളം എന്നഭിമാനിക്കുമ്പോഴും നമ്മൾ ഇപ്പോഴും ജാതിയുടെ നുകത്തിന് കീഴിൽ തന്നെയാണ്. ഓരോരുത്തരും അവരുടെ ജാതി വച്ചുപുലർത്തുന്നതിൽ തെറ്റില്ല. പക്ഷെ മൊത്തം സമൂഹത്തിനു അത്തരം സങ്കുചിത പ്രവർത്തികൾ ശല്യവും ഉപദ്രവുമാകാതെ ശ്രദ്ധിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമല്ലേ? .
ആരോഗ്യപരമായ കാരണങ്ങളാൽ സസ്യാഹാരം ഗുണകരമെന്നു കണ്ടതുകൊണ്ടായിരിക്കുമല്ലോ ഭൂരിഭാഗം ആ ഭക്ഷണം കഴിക്കുന്നത്. അതുകൊണ്ടുതന്നെ സസ്യാഹാരത്തെ സവർണ്ണരുടെ ഭക്ഷണം എന്ന് തരംതിരിക്കേണ്ടതില്ല.
1956 ഇൽ തുടങ്ങിയ ഈ കലോത്സവം എത്ര കലാപ്രതിഭകളെയാണ് നമുക്ക് സമ്മാനിച്ചത്. ഭക്ഷണത്തിൽ, കലാ പ്രകടനങ്ങളിൽ, എഴുത്തിൽ എല്ലാം ജാതിയും മതവും കണ്ടെത്തി പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോൾ സമൂഹത്തിന് നന്മയേകുന്ന പല സംരംഭങ്ങൾക്കാണ് അവ തടസ്സമാകുന്നതെന്ന് പ്രശ്നക്കാരായ ന്യൂനപക്ഷക്കാർ ആലോചിക്കാറുണ്ടോ?
ഏതെങ്കിലുമൊക്കെ പ്രശ്നത്തിന്റെ പേരിൽ സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കുന്നതിനുപിന്നിൽ പല രാഷ്ട്രീയലാഭ ലാഭവും ഉണ്ടെന്നുള്ള കാര്യം സമൂഹത്തിലെ നാനാജാതി മതസ്ഥരും വിസ്മരിക്കരുത്.
ഒരു കലോത്സവത്തോടനുബന്ധിച്ച് ഇങ്ങനെ ഒരു വിവാദം പൊട്ടിപുറപ്പെട്ടപ്പോൾ അതിലൂടെ സമൂഹത്തിൽ എന്ത് പുരോഗതി ഉണ്ടായി? വീണ്ടും അവര്ണരും, സവർണരും ഒക്കെ പുരോഗമനത്തിന്റെ പാതയിൽ തടസ്സം നിൽക്കുന്നുവെന്നല്ലാതെ ഇതുകൊണ്ടൊന്നും ഒന്നും നേടാനാകുന്നില്ല എന്നത് സമൂഹം മനസ്സിലാക്കണം. ഇത്രയും പേർ ഒത്തുകൂടുന്ന ഒരു സംരംഭത്തിൽ ആരോഗ്യവും, സ്വച്ഛതയും, സുരക്ഷിതത്വവുമാണ് പ്രധാനമായി കാണേണ്ടത്.
# Article by Jyothylakshmy Nambiar, mumbai