Image

പെണ്ണിന്റെ അന്തസ്സുയര്‍ത്തുന്ന മാറ്റങ്ങള്‍ ( ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 18 January, 2023
പെണ്ണിന്റെ അന്തസ്സുയര്‍ത്തുന്ന മാറ്റങ്ങള്‍ ( ദുര്‍ഗ മനോജ് )

പ്രസവാവധിയില്‍ ശമ്പളം നിഷേധിച്ചതിനെതിരെ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനോട് മദ്രാസ് ഹൈക്കോടതി കടുത്ത ഭാഷയില്‍ മറുപടി നല്‍കിയിരിക്കുന്നു; പ്രസവാനുകൂല്യം പോലെ ക്ഷേമം ലക്ഷ്യമിട്ടുള്ള നിയമാനുകൂല്യങ്ങള്‍ സാങ്കേതികതയുടെ പേരില്‍ നിഷേധിക്കാനാവില്ലെന്നു കോടതി അറിയിച്ചു. താല്‍ക്കാലിക ജീവനക്കാരിക്കു പ്രസവാനുകൂല്യം നിരസിച്ച ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനോടാണ് ഹൈക്കോടതിയുടെ വിയോജിപ്പ്. സ്ത്രീകളെ മാതൃത്വത്തിനും ജോലിക്കുമിടയില്‍ പെന്‍ഡുലം പോലെ ആടിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ മുഹമ്മദ് ഷഫീഖും, എസ് വൈദ്യനാഥനും അറിയിച്ചു. കുടുംബത്തിനു വേണ്ടി ത്യാഗം ചെയ്ത സ്ത്രീകളെ ദൈവത്തിനു തുല്യമായിക്കാണുന്നതാണ് ഭാരതീയ സംസ്‌ക്കാരമെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

ഈ വാര്‍ത്തയോടു ചേര്‍ത്തുവായിക്കാവുന്നതാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലുടെ പെണ്‍കുട്ടികള്‍ക്കുള്ള ആര്‍ത്തവാവധി.വിദ്യാര്‍ത്ഥികള്‍ക്ക് ഒരോ സെമസ്റ്ററിലും പരീക്ഷ എഴുതാന്‍ 75% ഹാജരാണു വേണ്ടത്. എന്നാല്‍ ആര്‍ത്താവാവധി കൂടി പരിഗണിച്ച് ഇനി മുതല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് 73% ഹാജര്‍ മതിയാകും. കുസാറ്റിന്റെ ഈ പ്രഖ്യാപനം, ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.ആര്‍ ബിന്ദു സ്വാഗതം ചെയ്യുകയും എല്ലാ സര്‍വകലാശാലകളും അതു പിന്തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനു പിന്നാലെ, എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയും (കെ. ടി. യു ) സമാനമായ ഉത്തരവ് ഇറക്കി. സിന്‍ഡിക്കേറ്റ് യോഗത്തിന്റേതാണു തീരുമാനം.

ഇക്കഴിഞ്ഞ കാലഘട്ടം, സ്ത്രീ ആയതിന്റെ പേരില്‍ മാറി നില്‍ക്കേണ്ട വന്ന ഗതികേടിന്റേത് ആയിരുന്നുവെങ്കില്‍, ഇനി മാറ്റത്തിന്റെ നാളുകളാണ്. സ്ത്രീയുടെ ആര്‍ത്തവവും പ്രസവവും ഒക്കെ നാണക്കേടും തല താഴ്ത്തി നില്‍ക്കേണ്ടതുമായ കാര്യമല്ലെന്നു രാജ്യത്തെ ഉന്നത കോടതിയും സര്‍വകലാശാലകളും പ്രഖ്യാപിക്കുകയാണ്.

ഉറപ്പായും ഈ മാറ്റം നല്ലതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക