Image

ഇന്ത്യയുടെ എല്ലാ വര്‍ഗീയ കലാപങ്ങളിലും ദരിദ്രരും ദരിദ്രരും തമ്മിലാണ് ഏറ്റുമുട്ടലുകള്‍ : ( വെള്ളാശേരി ജോസഫ്)

വെള്ളാശേരി ജോസഫ് Published on 25 January, 2023
 ഇന്ത്യയുടെ എല്ലാ വര്‍ഗീയ കലാപങ്ങളിലും ദരിദ്രരും ദരിദ്രരും തമ്മിലാണ് ഏറ്റുമുട്ടലുകള്‍ : ( വെള്ളാശേരി ജോസഫ്)


ഹിന്ദുവും മുസ്‌ളീമും തമ്മിലല്ലായിരുന്നു ഗുജറാത്ത് കലാപ സമയത്ത് ഏറ്റുമുട്ടിയത്; ദരിദ്രര്‍ തമ്മിലാണ് അന്നവിടെ ഏറ്റുമുട്ടല്‍ ഉണ്ടായത്; ഇന്ത്യയുടെ എല്ലാ വര്‍ഗീയ കലാപങ്ങളിലും ദരിദ്രരും ദരിദ്രരും തമ്മിലാണ് ഏറ്റുമുട്ടലുകള്‍ ഉണ്ടാകാറുള്ളത്

കേന്ദ്ര സര്‍ക്കാര്‍ ഗുജറാത് കലാപവുമായി ബന്ധപ്പെട്ടുള്ള ബി.ബി.സി.-യുടെ ഡോക്കുമെന്റ്ററി സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് മാറ്റിയെങ്കിലും ഇതെഴുതുന്നയാള്‍ ആ ഡോക്കുമെന്റ്ററി പല തവണ കണ്ടു. കേരളത്തില്‍ ഇത്തരത്തിലുള്ള ഡോക്കുമെന്റ്ററികളൊക്കെ പൊതുജന മധ്യത്ത് എത്തിക്കാന്‍ പണിപ്പെടുന്ന ഗ്രൂപ്പുകള്‍ ഉണ്ടല്ലോ. അവരെയൊന്നും തടയേണ്ട എന്തെങ്കിലും കാര്യമുണ്ടെന്ന് തോന്നുന്നില്ല. ലിബറല്‍ ഡെമോക്രസിയുടെ ഭാഗമായുള്ളതാണ് 'പൊളിറ്റിക്കല്‍ ഡിബേറ്റുകള്‍'. കേരളമാണെങ്കില്‍ ലിബറല്‍ ഡെമോക്രസിയുടെ ഉത്തമ മാതൃകയാണുതാനും.

സത്യത്തില്‍, ബി.ബി.സി.-യുടെ ഡോക്കുമെന്റ്ററിയില്‍ കാണിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ 2002-ലെ ഗുജറാത് കലാപവുമായി ബന്ധപ്പെട്ട് തെഹല്‍ക്കയും, റാണാ അയൂബുമൊക്കെ വെളിവാക്കിയിട്ടുണ്ട്. ആ വിവരങ്ങളൊക്കെ പൊതുമന്ധ്യത്തില്‍ പണ്ടേ ഉള്ളതാണ്. 'Gujarat Files - Anatomy of a Cover Up' എന്ന റാണാ അയൂബിന്റ്റെ പുസ്തകത്തില്‍ ബി.ബി.സി. ഡോക്കുമെന്റ്ററിയില്‍ കാണിക്കുന്നതിനേക്കാള്‍ കാര്യങ്ങള്‍ ഗുജറാത് കലാപവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകത്തിന്റ്റെ മലയാള പരിഭാഷ - 'ഗുജറാത്ത് ഫയല്‍ - മൂടിവെക്കപ്പെട്ട സത്യങ്ങള്‍' കൂടി ഉണ്ട്. തമിഴ് പരിഭാഷ പതിനായിരത്തിലേറെ കോപ്പികള്‍ വിറ്റുപോയി. 2016-ല്‍ ഇറങ്ങിയ ഈ പുസ്തകത്തിന് ഇന്ത്യന്‍ ഭാഷകളില്‍ അനേകം പരിഭാഷകള്‍ ഇറങ്ങിക്കഴിഞ്ഞു; അതൊക്കെ ലക്ഷകണക്കിന് കോപ്പികളും വിറ്റുപോയി. അതുകൊണ്ട് ബി.ബി.സി.-യുടെ ഡോക്കുമെന്റ്ററി വഴി പുതുതായി വലിയ കാര്യങ്ങളൊന്നും വെളിപ്പെടുന്നില്ലാ.

പക്ഷെ ബി.ബി.സി.-യുടെ ഡോക്കുമെന്റ്ററി വഴിയും, ആനന്ദ് പട്വര്‍ധന്റ്റെ ഡോക്കുമെന്റ്ററിയായ 'റാം കെ നാം' വഴിയും ഇന്ത്യയുടെ വര്‍ഗ്ഗീയവല്‍കരണത്തിന്റ്റെ ചരിത്രം നോക്കി കാണുന്നവര്‍ക്ക് ഒരു കാര്യം വ്യക്തമാകും. ഇന്ത്യയില്‍ വര്‍ഗീയതയുടെ പേരും പറഞ്ഞു തെരുവില്‍ തമ്മില്‍ തല്ലുന്നതൊക്കെ അങ്ങേയറ്റം ദരിദ്രരായ ജന വിഭാഗങ്ങളാണെന്നുള്ളതാണ് ഈ ഡോക്കുമെന്റ്ററികള്‍ വഴി കൃത്യമായി കാണിക്കപ്പെടുന്നത്. ഗുജറാത് കലാപത്തില്‍ ഇഹ്‌സാന്‍ ജഫ്രിയെ പോലെ വളരെ ചുരുക്കം സമ്പന്നരും സ്വാധീനമുള്ളവരുമേ കൊല്ലപ്പെട്ടിട്ടുള്ളൂ. ഇഹ്‌സാന്‍ ജഫ്രിയെ പോലെ വിരലിലെണ്ണാവുന്നവരെ മാറ്റിനിര്‍ത്തിയാല്‍, ബാക്കി കൊല്ലപ്പെട്ട ഹിന്ദുവും മുസ്ലീവുമൊക്കെ സാധാരണക്കാര്‍ ആയിരുന്നു. ഗ്രിഗറി ഡേവിഡ് റോബര്‍ട്‌സിന്റ്റെ 'ശാന്താറാം' എന്ന നോവലിലും ഇതു തന്നെയാണ് പറയുന്നത്. ബെസ്റ്റ് സെല്ലറായ ആ നോവലില്‍ 1980-കളിലെ ബോംബെയെ കുറിച്ച് ദീര്‍ഘമായി വിവരിക്കുന്നുണ്ട്. 1980-കളിലെ മുംബൈയിലുള്ള ചേരികളിലെ ജീവിതത്തെ വിവരിക്കുമ്പോള്‍, ഹിന്ദു-മുസ്ലീം വിഭാഗത്തിലുള്ള രണ്ടു പേര്‍ മതത്തിന്റ്റെ പേരും പറഞ്ഞു ഏറ്റുമുട്ടുന്നതിനെ കുറിച്ച് വിവരിക്കുന്നുണ്ട് 'ശാന്താറാം'-മില്‍. അവരുടെ വഴക്കിന് അപ്പോള്‍ മധ്യസ്ഥം വഹിച്ചു പരിഹരിക്കുന്ന ആള്‍ പറയുന്നത് 'Here we are unified by only one religion; that is poverty' എന്നാണ്. സത്യത്തില്‍ മതത്തിന്റ്റെ പേരും പറഞ്ഞു ഏറ്റുമുട്ടുന്ന സാധാരണക്കാര്‍ മനസിലാകാത്ത ഒരു പോയിന്റ്റ് ആണിത്. രാഷ്ട്രീയക്കാര്‍ മതത്തിന്റ്റെ പേരും പറഞ്ഞു ഏറ്റുമുട്ടുന്ന സാധാരണക്കാരന്റ്റെ വിവരമില്ലായ്മ മുതലെടുക്കുന്നൂ എന്നേയുള്ളൂ.

മൂന്നു വര്‍ഷം മുമ്പ് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ കലാപത്തിലും ഏറ്റുമുട്ടിയത് സാധാരണക്കാര്‍ ആയിരുന്നു. തീര്‍ത്തും ദരിദ്രരായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ നടന്ന ഏറ്റുമുട്ടലാണ് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ 2020-ല്‍ ഉണ്ടായ കലാപം. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ മൂന്നു വര്‍ഷം മുമ്പ് ഉണ്ടായ ആ കലാപത്തെ ഇംഗ്‌ളീഷില്‍ 'മോബ് വയലന്‍സെന്നോ',  മലയാളത്തില്‍ ആള്‍ക്കൂട്ട ആക്രമണമെന്നോ വിശേഷിപ്പിക്കാം. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ മലയാളികള്‍ ധാരാളമുള്ള മയൂര്‍ വിഹാറിലും, ദില്‍ഷാദ് ഗാര്‍ഡനിലും നിന്നൊക്കെ വ്യത്യസ്തമായി കലാപം രൂക്ഷമായിരുന്ന കരാവല്‍ നഗര്‍, ചാന്ദ്ബാഗ്, ഗോകുല്‍ പുരി, ഭജന്‍ പുര, ബ്രിജ്പുരി, ഭാഗീരഥ് വിഹാര്‍, മണ്ഡോലി, മുസ്തഫബാദ്, ശിവ് വിഹാര്‍, ബാബര്‍പൂര്‍, ജാഫറാബാദ് എന്നിവിടങ്ങളെല്ലാം പാവപ്പെട്ട ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളാണ്. മാലിന്യ പ്രശ്‌നങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും ഇഷ്ടം പോലെയുള്ള സ്ഥലങ്ങള്‍ ആണിവയൊക്കെ. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പരസ്പരം ഏറ്റുമുട്ടുന്ന ആള്‍ക്കൂട്ടത്തെ കുറിച്ചുള്ള വീഡിയോകള്‍ കണ്ടാല്‍ ദരിദ്രരും ദരിദ്രരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആണ് അതൊക്കെ എന്ന് സുബോധമുള്ള ആര്‍ക്കും മനസിലാകും.

സംഘ പരിവാറുകാര്‍ പശുവിന്റ്റെ പേരില്‍ ഏത്തമിടീക്കുന്നവരുടെ വീഡിയോ കണ്ടാലും ദാരിദ്ര്യം പകല്‍ പോലെ വ്യക്തമാകും. മുംബയില്‍ ശിവസേനക്കാര്‍ ഓടിച്ചിട്ടു തല്ലിയ ബീഹാറി മൈഗ്രന്റ്റ് ലേബറേഴ്‌സ് ഒക്കെ ഒരു ഗതിയും, പര ഗതിയും ഇല്ലാത്ത പാവങ്ങളാണ്. വര്‍ഗീയ കലാപം എപ്പോഴും സാധാരണക്കാരിലും ദരിദ്രനിലും മാത്രമേ ഉണ്ടാകുകയുള്ളൂ. കേരളത്തിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും വര്‍ഗീയത വളര്‍ത്തുന്ന രീതിയിലുള്ള വീഡിയോ പോസ്റ്റുകളും, സോഷ്യല്‍ മീഡിയ പോസ്റ്റും ഇടുന്നവരിലെ മിക്കവരും സാധാരണക്കാരോ സമൂഹത്തിലെ താഴെത്തട്ടിലോ ഉള്ളവരല്ല. വര്‍ഗീയതയ്ക്ക് തിരി കൊളുത്തുന്നവര്‍ എപ്പോഴും വരേണ്യ വര്‍ഗമാണ്; ജീവന്‍ പൊലിയുന്നത് ദരിദ്ര വര്‍ഗങ്ങളുടേതാണെന്ന് മാത്രം. ഏതു മതത്തിലായാലും കാല്‍ക്കാശിനു വകയില്ലാത്ത ദരിദ്രരരിലാണ് ഏറ്റവും കൂടുതല്‍ മതതീവ്രതയും മതത്തിനു വേണ്ടി ഏറ്റുമുട്ടി മരണം കൈവരിക്കാനുള്ള മനസ്ഥിതിയുമുള്ളത്.

ലോകത്തു തന്നെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ ഏറിയ കൂറും സാധാരണക്കാരാണ്. സിയറാ ലിയോണ്‍ എന്ന ആഫ്രിക്കന്‍ രാജ്യത്തിന്റ്റെ കാര്യം തന്നെ നോക്കിയാല്‍ ഇതു മനസിലാകും. ധാരാളം ഡയമണ്ട് ഉള്ള, വളരെ ധനികമാകേണ്ട ഒരു രാജ്യമാണത്. പക്ഷെ RUF എന്ന ഭീകര സംഘടനയും, ഡയമണ്ട് വ്യാപാരം ഉറപ്പിക്കുവാനായി അവിടെയുള്ള യുദ്ധ പ്രഭുക്കളും ചേര്‍ന്ന് ആ രാജ്യത്തെ സാധാരണക്കാരെ വംശീയ ലഹളകള്‍ സൃഷ്ടിച്ച് അവിടെ കൊന്നൊടുക്കുകയാണ്. തദ്ദേശീയരായ ജനതയെ കൊന്നൊടുക്കുവാനും ആഭ്യന്തര യുദ്ധത്തിന് ആയുധങ്ങള്‍ വാങ്ങാനുമായി ഡയമണ്ട് മാഫിയ സൂറത്ത്, ദുബായ്  ആന്റ്റ്വെര്‍പ്, ആംസ്റ്റര്‍ഡാം എന്നിവടങ്ങളില്‍ ഡയമണ്‍ഡ് എത്തിക്കുന്ന ഒരു ആഗോള കള്ളക്കടത്തു സംഘമാണവിടെ  പ്രവര്‍ത്തിക്കുന്നത്. ആ ഡയമണ്‍ഡ് ഇടപാടില്‍ വില്‍ക്കാന്‍ വരുന്ന ഡയമണ്ട് അറിയപ്പെടുന്നത് തന്നെ 'ബ്ലഡ് ഡയമണ്ട്' എന്നാണ്. ടൈറ്റാനിക് സിനിമയിലെ നായകനായ ഡികാപ്രിയോ മുഖ്യ വേഷത്തിലുള്ള 'ബ്ലഡ് ഡയമണ്ട്' എന്ന സിനിമ തന്നെ ഈ വിഷയത്തിലുണ്ട്. 'ബ്ലഡ് ഡയമണ്ട്' സിനിമ കണ്ടവരാരും അതില്‍ കറുത്ത വര്‍ഗക്കാരനായുള്ള സോളമന്‍ റാന്‍ഡിയുടെ ഹൃദയ വ്യഥ  മറക്കാന്‍ ഇടയില്ല. 'ഈ കറുത്ത തൊലിക്കുള്ളില്‍ എന്തോ കുഴപ്പം ഒളിഞ്ഞിരിപ്പുണ്ടോ' എന്ന് ആ സിനിമയില്‍ സോളമന്‍ റാന്‍ഡി ചോദിക്കുമ്പോള്‍, ആഫ്രിക്കയിലെ വിവിധ ഗോത്രങ്ങള്‍ക്കിടയില്‍ ലോക്കല്‍ മിലീഷ്യ രൂപീകരിച്ച്, തമ്മില്‍ തല്ലിച്ച് പരസ്പരം കൊല്ലുകയും, സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നതിന്റ്റെ ഭീതിദമായ നേര്‍ കാഴ്ചയാണ് പുറത്തുവരുന്നത്.

ഇതെഴുതുന്നയാള്‍ 'ബ്ലഡ് ഡയമണ്‍ഡ്' സിനിമ പല തവണ കണ്ടിട്ടുണ്ട്. മനുഷ്യനെ 'ഹോണ്ട്' ചെയ്യുന്ന സിനിമയാണത്. അടിസ്ഥാനപരമായി ആഫ്രിക്കയിലെ ഗോത്ര വര്‍ഗ്ഗക്കാരെ തമ്മില്‍ തല്ലിച്ച് സ്ഥാപിത താല്‍പര്യമുള്ളവര്‍ ആഫ്രിക്കയുടെ സമ്പത്ത് കൊള്ളയടിക്കുന്നത് ആ സിനിമയില്‍ നന്നായി കാണിക്കുന്നുണ്ട്. ആഫ്രിക്കയിലുള്ള ഏകാധിപതികളും അവര്‍ക്ക് തുണയാകുന്ന സൈന്യവും പലപ്പോഴും ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് കൂട്ടും നില്‍ക്കുന്നതാണ് ആ സിനിമയില്‍ കാണിക്കുന്നത്. ആഫ്രിക്കന്‍ രത്‌നങ്ങളും, സ്വര്‍ണവും, പ്രകൃതി വിഭവങ്ങളും കൊള്ളയടിക്കാന്‍ വരുന്ന പാശ്ചാത്യ ശക്തികള്‍ക്ക് ഗോത്ര വര്‍ഗങ്ങളെ ഭിന്നിപ്പിക്കാന്‍ ആഫ്രിക്കയിലെ ഏകാധിപതികള്‍ കൂട്ട് നില്‍ക്കുന്ന ദുഃഖകരമായ കാഴ്ചയാണ് 'ബ്ലഡ് ഡയമണ്ട്' പോലുള്ള സിനിമകള്‍ നന്നായി കാണിക്കുന്നത്.

ലോകത്തെവിടേയും സ്വാര്‍ത്ഥ താല്‍പ്പര്യക്കാരായ നേതാക്കള്‍ അധികാര മോഹത്തിനു വേണ്ടി ജനതയെ തമ്മില്‍ തല്ലിക്കുന്നു. ഗുജറാത്തിലും സംഭവിച്ചത് മറ്റൊന്നല്ല. 2001-ല്‍ ഗുജറാത്തില്‍ നിയമ സഭാതിരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കി നില്‍ക്കെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റമുണ്ടായി. കേശുഭായി പട്ടേലിന്റ്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. മന്ത്രിസഭക്കെതിരെ ഭരണ വിരുദ്ധ വികാരം ശക്തമെന്നു കേന്ദ്രം തിരിച്ചറിയുന്നു. അപ്പോള്‍ നേതൃമാറ്റത്തിലൂടെ നരേന്ദ്ര മോഡിയെ മുഖ്യമന്ത്രിയാക്കുന്നു. 2002-ല്‍ ഗോധ്രയില്‍ വെച്ച് ട്രെയിനില്‍ തീപിടുത്തമുണ്ടാകുന്നു. അടുത്ത ദിവസങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ സംഘടിത ആക്രമണം, കലാപം - ഇവയൊക്കെ പൊട്ടി പുറപ്പെടുന്നൂ. മുസ്ലീങ്ങള്‍ക്ക് നേരെ നിരന്തരമായ അധിക്ഷേപം വഴി ഒരു സമൂഹം ഭിന്നിപ്പിക്കപ്പെടുന്നൂ. ഇപ്പോള്‍ ഗുജറാത്തില്‍ പലയിടങ്ങളിലും മുസ്ലിംസിനു താമസിക്കാന്‍ ഒരു ഏരിയ, ഹിന്ദുവിന് വേറെ ഏരിയ എന്നീ രീതിയാണ് കാര്യങ്ങള്‍ എന്നാണ് അവിടുന്നുള്ള പലരും പറയുന്നത്. ഇഗ്‌ളീഷില്‍ പറയുന്ന 'ഗെട്ടോഐസേഷന്‍' ആണ് മുസ്ലീംസിന്റ്റെ കാര്യത്തില്‍ നടന്നുവരുന്നതെന്നാണ് ഗുജറാത്തിലെ സാമൂഹ്യസ്ഥിതി സസൂഷ്മം നോക്കികാണുന്ന പല നിരീക്ഷകരും പറയുന്നത്. ഗുജറാത്ത്  കലാപത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം നരേന്ദ്ര മോഡിയെ ഇന്ത്യ റ്റുഡേ വിശേഷിപ്പിച്ചത് 'ദ ഗ്രെയ്റ്റ് ഡിവൈഡര്‍' എന്നായിരുന്നു.

കേരളത്തില്‍ ഗുജറാത്തിനെ ചൊല്ലി ആകുലപ്പെടേണ്ട കാര്യമില്ലാ.1947-ലെ വിഭജന സമയത്തും, ബാബ്റി മസ്ജിദ് പൊളിച്ചപ്പോഴും കേരളം ശാന്തമായിരുന്നു. ഉത്തരേന്ത്യന്‍ സമൂഹങ്ങളിലെ 'സ്ട്രക്ച്ചറല്‍ വയലന്‍സ്' കേരളത്തിലില്ലാ. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലും, ഉത്തരേന്ത്യന്‍ നഗരങ്ങളിലെ ഗലികളിലും എപ്പോഴും വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യത കൂടുതലാണ്.

ഉത്തരേന്ത്യയിലെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുന്നതെങ്ങനെയാണ്? പശുവിനെ കൊല്ലിച്ചു ഏതെങ്കിലും അമ്പലത്തിനു മുമ്പില്‍ കൊണ്ടിടുക; പന്നിയെ കൊല്ലിച്ചു ഏതെങ്കിലും മസ്ജിദിന്റ്റെ മുന്നില്‍ കൊണ്ടിടുക - പിന്നീട് അതിന്റ്റെ പേരില്‍ ജനം സംഘടിക്കുക; ദരിദ്രരും ദരിദ്രരും ആയ സാധാരണ ജനങ്ങള്‍ തമ്മില്‍ മതത്തിന്റ്റെ പേരില്‍ ഏറ്റുമുട്ടുക - ഉത്തരേന്ദ്യയിലെ ഗലികളില്‍ സ്ഥിരം നടക്കുന്ന കലാപരിപാടിയാണിത്. കേരളത്തിലെ ഇസ്ലാമിസ്റ്റുകളും അവരുടെ സപ്പോര്‍ട്ടേഴ്സും ഉത്തരേന്ത്യന്‍ നഗരങ്ങളിലെ സവിശേഷ സാഹചര്യം മനസിലാക്കാതെ 'മുസ്ലീംസിനെ അവിടെയൊക്കെ വേട്ടയാടുന്നൂ' എന്ന  രീതിയിലാണ് മലയാള മാധ്യമങ്ങളില്‍ കൂടി പ്രചാരണം കൊടുക്കുന്നത്. സത്യത്തില്‍, ഉത്തരേന്ത്യന്‍ സമൂഹങ്ങളിലെ 'സ്ട്രക്ച്ചറല്‍ വയലന്‍സ്' മനസിലാക്കാതെ ഇതിനെയൊക്കെ ചൊല്ലി പ്രബുദ്ധരെന്ന് സ്വയം അവകാശപ്പെടുന്ന മലയാളികള്‍ എന്തിനാണ് വേവലാതിപ്പെടുന്നത്? ഇതൊന്നും ചോദിച്ചിട്ട് തന്നെ ഇപ്പോള്‍ കാര്യമില്ലാതായി ക്കൊണ്ടിരിക്കയാണ്.

മറുവശത്ത് മുസ്ലിം കമ്യൂണിറ്റിയുടെ മതബോധവും സാമുദായിക ബോധവുമാണ് മുസ്ലിം വിരുദ്ധ സംഘടനകള്‍ ആയുധമാക്കുന്നത്. സംഘ പരിവാറുകാര്‍ സ്വര്‍ണ കള്ളക്കടത്ത് ആണെങ്കിലും, കൊറോണയുടെ വ്യാപനം ആണെങ്കിലും മുസ്ലിം സമുദായത്തെ അതിനൊക്കെ പ്രതികളാക്കും. അതിനോടൊക്കെ തീവ്രമായി പ്രതികരിക്കുമ്പോള്‍, മതമൈത്രിയുടെ സന്ദേശമാണ് വിസ്മരിക്കപ്പെടുന്നത്. ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജന സമയത്തും,  1992-ല്‍ ബാബ്റി മസ്ജിദ് തകര്‍ന്നപ്പോഴും ഇല്ലാതിരുന്ന സാമൂഹ്യ സംഘര്‍ഷാവസ്ഥ കേരളത്തില്‍ സൃഷ്ടിക്കേണ്ട യാതൊരു കാര്യവും ഇപ്പോഴില്ലാ. പക്ഷെ ഇപ്പോള്‍ ലോകത്തെവിടെ പ്രശ്‌നമുണ്ടായാലും, കേരളത്തിലും പ്രശ്‌നമുണ്ട്. സദാം ഹുസൈനെ തൂക്കി കൊന്നാലും, ഇസ്രായേലിലെ ഗാസയില്‍ പ്രശ്‌നമുണ്ടായാലും, അയോദ്ധ്യ, കാശ്മീര്‍ - ഈ സ്ഥലങ്ങളില്‍ പ്രശ്‌നമുണ്ടായാലും മലയാളികളില്‍ ചിലര്‍ വികാരാധീനരാകും. സത്യത്തില്‍ സ്വന്തം 'ഐഡന്റ്റിറ്റി' കളഞ്ഞു കുളിക്കുകയല്ലേ മലയാളികള്‍? സ്വന്തം മൂക്കിന് താഴെയുള്ള പ്രശ്‌നങ്ങള്‍ മറന്ന് അന്യ സ്ഥലങ്ങളിലെ പ്രശ്‌നങ്ങള്‍ ഏറ്റു പിടിക്കേണ്ട വെല്ലോ കാര്യവും മലയാളിക്കുണ്ടോ?

ഉത്തരേന്ത്യയിലെ മഹാഭൂരിപക്ഷം മുസ്ലീങ്ങളും റിക്ഷാക്കാരും, വഴിയോര കച്ചവടക്കാരും, താഴ്ന്ന വരുമാനകാരുമാണ്. ഗള്‍ഫ് പണം കേരളത്തിലേക്ക് ഒഴുകുന്നതിന് മുമ്പ് കേരളത്തിലെ മഹാ ഭൂരിപക്ഷം മുസ്ലിംങ്ങളും താഴ്ന്ന വരുമാനക്കാര്‍ തന്നെയായിരുന്നു. വൈകാരികമായ വിഷയങ്ങള്‍ മാറ്റിവെച്ച്, ഇന്ത്യയിലെ മുസ്ലീം കമ്യൂണിറ്റിയുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളായ സുരക്ഷിതമായ കുടിവെള്ളം, പോഷകാഹാര കുറവ്, പാര്‍പ്പിട പ്രശ്‌നങ്ങള്‍, വികസന മുരടിപ്പ്, തൊഴിലില്ലായ്മ, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രശ്‌നങ്ങള്‍ - ഇവയൊക്കെ പരിഹരിക്കുവാനാണ് മുസ്ലിം സമുദായത്തിന്റ്റെ ഉന്നമനമാണ് ലക്ഷ്യമെങ്കില്‍ വ്യക്തികളും സംഘടനകളും ശ്രമിക്കേണ്ടത്. അതല്ലാതെ തീവ്രവാദങ്ങള്‍ക്ക് കളമൊരുക്കിയാല്‍, ഉത്തരേന്ത്യയിലെ താഴ്ന്ന വരുമാനക്കാരായ മുസ്ലീങ്ങള്‍ കൂടുതല്‍ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടാന്‍ മാത്രമേ പോകുന്നുള്ളൂ.

കേരളത്തില്‍ ഗുജറാത്ത് കലാപത്തെ ചൊല്ലിയുള്ള ഡോക്കുമെന്റ്ററിയോട് അത്യധികം വികാരാവേശത്തോട് കൂടി ആളുകള്‍ പ്രതികരിക്കുന്നത് മലയാളികളുടെ ഇന്നത്തെ ഉയര്‍ന്ന സാമൂഹ്യ-സാമ്പത്തിക അവസ്ഥ മൂലമാണ്. പണ്ടൊന്നും മലയാളികള്‍ക്ക് ഇത്തരം ഡോക്കുമെന്റ്ററിയെ കുറിച്ചൊന്നും ചര്‍ച്ച ചെയ്യാന്‍ ത്രാണിയില്ലായിരുന്നു. പണ്ടത്തെ കേരളത്തിലെ ഒരു ആവറേജ് മുസ്ലീം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളെ ചൊല്ലി അധികം ബേജാറാകാറില്ലായിരുന്നു. 1970-കളിലേയും, 80-കളിലേയും മുസ്ലീമിന് പ്രാദേശികമായ അവന്റ്റെ ജീവിതാവസ്ഥകളായിരുന്നു മുഖ്യം. അന്നത്തെ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍, കണ്ടമാനം മതബോധമൊന്നും വന്നിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അന്നത്തെ കാലം വിവരിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റ്റെ നോവലുകളിലും കഥകളിലും കണ്ടുമുട്ടുന്നത് ദരിദ്രരും നിരക്ഷരുമായ കഥാപാത്രങ്ങളെയാണ്. അന്നത്തെ കാലത്തെ ബഹു ഭൂരിപക്ഷം മുസ്ലീങ്ങളും അങ്ങനെയൊക്കെ തന്നെ ആയിരുന്നു. ഇന്നിപ്പോള്‍ ഗള്‍ഫ് പണത്തിന്റ്റെ കുത്തൊഴുക്കോടെ കേരളത്തിലെ വലിയൊരു ഭാഗം ബിസിനസ് രംഗം കയ്യാളുന്നത് മുസ്ലീങ്ങളാണല്ലോ. അതുകൊണ്ട് ഇന്നത്തെ മുസ്ലീം കമ്യൂണിറ്റിയില്‍ പെട്ടവര്‍ 40-50 വര്‍ഷം മുമ്പത്തെ കാര്യങ്ങളിലേക്ക് തിരിഞ്ഞു നോക്കാന്‍ താല്‍പര്യപ്പെടുന്നില്ലാ. പക്ഷെ അന്നത്തെ ജീവിതാവസ്ഥകള്‍ കഥകളായും നോവലുകളായും നമ്മുടെ കണ്മുന്നില്‍ തന്നെയുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റ്റെ 'ബാല്യകാല സഖി', 'ന്റ്റുപ്പാപ്പെക്കൊരാനയുണ്‍ഡായിര്‍ന്നു', 'പാത്തുമ്മയുടെ ആട്' - ഈ കൃതികള്‍ ഒക്കെ കാണിക്കുന്ന ഒരു ശരാശരി മുസ്ലീമിന്റ്റെ അവസ്ഥ, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളുടെ അവസ്ഥ വളരെ ദയനീയമാണ്. 'ബാല്യകാല സഖി'-യിലെ മജീദിന്റ്റേയും സുഹ്റയുടേയും സഫലമാകാതിരുന്ന പ്രണയം, 'ന്റ്റുപ്പാപ്പെക്കൊരാനയുണ്‍ഡായിര്‍ന്നു'-വിലെ കുഞ്ഞിത്താച്ചുമ്മയുടേയും കുഞ്ഞിപാത്തുമ്മയുടേയും ജീവിതാവസ്ഥ, 'പാത്തുമ്മയുടെ ആട്'-ലെ ആടിനെ വളര്‍ത്തി ജീവിക്കുന്ന പാത്തുമ്മയുടെ അതിജീവനത്തിന്റ്റെ അവസ്ഥ - ഇതൊക്കെ കാണിക്കുന്നത് ആ കാലഘട്ടത്തിലെ ദാരിദ്ര്യം തന്നെയാണ്. അതുകൊണ്ട് 50-60 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഓലപ്പുരകളില്‍ വസിച്ചിരുന്ന കഥ ഇന്നത്തെ പ്രായം ചെന്നവര്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുകയാണെങ്കില്‍ തന്നെ കേരളത്തില്‍ ഇന്നു നടക്കുന്ന വര്‍ഗീയവല്‍ക്കരണത്തിനൊരു ശമനം വരും.

50-60 വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്തായിരുന്നു കേരളത്തിലെ അവസ്ഥ? ഓരോ മഴക്കാലത്തിനും മുന്‍പ് ഓല കെട്ടി മേയണം. ഓല കെട്ടി മേഞ്ഞില്ലെങ്കില്‍, മഴ വെള്ളം സമൃദ്ധമായി താഴേക്കു പതിക്കും. പണ്ടത്തെ വീടുകളില്‍ മഴ വെള്ളം സമൃദ്ധമായി താഴേക്കു പതിച്ചിരുന്ന ഓര്‍മ ഇന്നും ചിലര്‍ക്കെങ്കിലും ഉണ്ടാകാം. അതൊന്നും പുതുക്കാന്‍ ഇന്നാര്‍ക്കും താല്‍പര്യമില്ല. അതിനു പകരം 'ന്റ്റുപ്പാപ്പെക്കൊരാനയുണ്‍ഡായിര്‍ന്നു' എന്ന രീതിയില്‍ പലരും ആന മാഹാത്മ്യം പറയുന്നു. സാമ്പത്തിക അഭിവൃദ്ധിക്കനുസരിച്ച് ദുരഭിമാനവും വര്‍ദ്ധിക്കുകയാണിവിടെ. ചുരുക്കം പറഞ്ഞാല്‍ രാജ്യം പുഷ്ടിപ്പെടുന്നതിനനുസരിച്ച് ചരിത്രത്തെ സത്യസന്ധമായി അറിയാനും, അതുവഴിയുള്ള വിദ്യാഭ്യാസത്തിനും സാമൂഹ്യ പുരോഗതിക്കുമുള്ള അവസരം കളഞ്ഞു കുളിക്കുകയാണ് പലരും.

(ലേഖകന്റ്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

 വെള്ളാശേരി ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക