Image

ഇന്‍ഡ്യ: മോദി ചോദ്യം (ദല്‍ഹികത്ത്: പി.വി. തോമസ് )

പി.വി. തോമസ് Published on 28 January, 2023
ഇന്‍ഡ്യ: മോദി ചോദ്യം (ദല്‍ഹികത്ത്:  പി.വി. തോമസ് )

2002- ലെ ഗുജറാത്ത് വംശഹത്യയില്‍ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിയും ഇപ്പോള്‍ ഇന്‍ഡ്യയുടെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയുടെ ഉത്തരവാദിത്വം ആരോപിച്ചുകൊണ്ട് ബ്രിട്ടനിലെ ബി.ബി.സി. ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിംങ്ങ് കോര്‍പ്പറേഷന്‍) എന്ന മാധ്യമസ്ഥാപനം രണ്ടു ഭാഗങ്ങളിലായി നിര്‍മ്മിച്ച ഇന്‍ഡ്യ: ദി മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററി രാജ്യവ്യാപകമായ വിവാദം ഉയര്‍ത്തിയിരിക്കുകയാണ്. ആദ്യത്തെ ഭാഗം ബ്രിട്ടനില്‍ പ്രക്ഷേപണം ചെയ്തുകഴിഞ്ഞപ്പോള്‍ തന്നെ ഇന്‍ഡ്യ ഗവണ്‍മെന്റ് ഇത് ഇവിടെ നിരോധിച്ചു. പക്ഷേ അതു വകവയ്ക്കാതെ യൂണിവാഴ്‌സിറ്റി ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ ഇത് പ്രദര്‍ശിപ്പിച്ചു- ദല്‍ഹി മുതല്‍ തിരുവനന്തപുരം വരെ. ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവാഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനികള്‍ ഇതു കണ്ട് കൂട്ടമായി മൊബൈല്‍ ഫോണുകളില്‍ ആയിരുന്നു. കാരണം അധികാരികള്‍ മനഃപൂര്‍വ്വം വിദ്യുച്ഛക്തി വിഛേദിച്ചിരുന്നു. ഗവണ്‍മെന്റ് ഈ ഡോക്യുമെന്ററിയെ ബ്രിട്ടന്റെ അധിനിവേശ മനോഭാവത്തിന്റെ ഫലം ആണെന്നാണ് പറഞ്ഞത്. ബ്രിട്ടീഷ് ഗവണ്‍മെന്റ അന്നത്തെ പ്രധാനമന്ത്രി റ്റോണി ബ്ലെയറിന്റെ ഉത്തരവു പ്രകാരം ഗുജറാത്തു വംശഹത്യയെ കുറിച്ച് സ്വതന്ത്രമായ ഒരു അന്വേഷണം നടത്തിയിരുന്നു. മോദിയുടെയും അദ്ദേഹത്തിന്റെ ഗവണ്‍മെന്റിന്റെയും ഉത്തരവാദിത്വം സ്ഥാപിക്കുന്ന ഈ റിപ്പോര്‍ട്ട് വ്യക്തമായ കാരണങ്ങളാല്‍ പുറത്തുവിട്ടിരുന്നില്ല. ഈ റിപ്പോര്‍ട്ടും നേരിട്ടു നടത്തി ഡോക്യുമെന്റ് ചെയ്ത രേഖകളും ആണ് ബി.ബി.സി. ഡോക്യുമെന്ററിയുടെ ആധാരം. ഗവണ്‍മെന്റ് റിപ്പോര്‍ട്ട് എങ്ങനെ ബി.ബി.സി.ക്ക് ലഭിച്ചു എന്നു ചോദിച്ചാല്‍ അത് അവരുടെ മാധ്യമ സാമര്‍ത്ഥ്യം എന്നു പറയാം. അതോ ഗവണ്‍മെന്റു തന്നെ ചോര്‍ത്തികൊടുത്തതാണോ? കാരണം ബി.ബി.സി. ബ്രിട്ടന്റെ ഔദ്യോഗിക മാധ്യമം ആണ്. ബി.ബി.സി. ഡോക്യുമെന്റിയെ മാത്രം അല്ല അതിന് ആധാരമായ ബ്രിട്ടീഷ് ഗവണ്‍മെന്റ് റിപ്പോര്‍ട്ടിനെയും ഇന്‍ഡ്യ ഗവണ്‍മെന്റ് നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു അന്വേഷണം നടത്തുവാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന് എന്തു അവകാശം? കാരണം ഗുജറാത്തു വംശഹത്യ ഇന്‍ഡ്യയുടെ ആഭ്യന്തര പ്രശ്‌നം ആണ് എന്നാണ് ഗവണ്‍മെന്റിന്റെ നിലപാട്. മനുഷ്യാവകാശ ലംഘനവും കൂട്ടക്കൊലയും ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യം മാത്രം ആണോ?  ഇനി ബി.ബി.സി.യുടെ കാര്യം. ഇതേ ബി.ബി.സി.തന്നെയാണ് ബംഗാള്‍ ക്ഷാമത്തില്‍ അന്നത്തെ പ്രധാനമന്ത്രി വിന്‍സ്റ്റന്റ് ചര്‍ച്ചിലിന്റെ ഉത്തരവാദിത്വം സ്ഥാപിച്ച് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഹിരണ്‍ പാണ്ഡ്യ എന്ന ഗുജറാത്തു ആഭ്യന്തരമന്ത്രി എങ്ങനെയാണ് വംശഹത്യക്കു ശേഷം പൊടുന്നനെ കൊല്ലപ്പെട്ടത്. അദ്ദേഹത്തോടൊപ്പം ഈ വംശഹത്യയെകുറിച്ചുള്ള ഒട്ടേറെ സത്യങ്ങളും അപ്രത്യക്ഷമായി. മരിക്കുന്നതിനു മുമ്പ് പാണ്ഡ്യ മോദിക്ക് ഈ വംശഹത്യയിലുള്ള പങ്കും അദ്ദേഹം ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളും ഒരു പൗരത്വ ട്രിബ്യൂണല്‍ മുമ്പാകെ വെളിപ്പെടുത്തിയിരുന്നു. മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്മാരായ ആര്‍.ബി.ശ്രീകുമാറും സജ്ജീവ് ഭട്ടും ഇതൊക്കെ തന്നെയാണ് പറഞ്ഞത്. അവര്‍ അഴികള്‍ക്കുള്ളിലും ആയി. കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ തന്നെയല്ലേ ഗുജറാത്തു വംശഹത്യയെ കുറിച്ചു അഭിമാനപൂര്‍വ്വം പറഞ്ഞ് അതിനെ മഹത്വപ്പെടുത്തിയത്. ഈ കഴിഞ്ഞ ഗുജറാത്തു നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടുധ്രുവീകരണത്തിനായി പൊതുയോഗങ്ങളില്‍ ഷാ പറഞ്ഞത് ഈ വംശഹത്യ കലാപകാരികളെ ഒരു നല്ല പാഠം പഠിപ്പിച്ചു എന്നാണ്. അതിന്റെ ഫലമായി അവരൊന്നും പിന്നീട് തല ഉയര്‍ത്തിയിട്ടില്ല. ഗവണ്‍മെന്റിന്റെ അംഗീകാരത്തോടെയും ആശീര്‍വാദത്തോടെയുമാണ് 2002-ലെ ഗുജറാത്തു വംശഹത്യ അരങ്ങേരിയത് എന്നതിന് വേറെ എന്തു തെളിവുവേണം?

ഒരു രാജ്യം എന്ന നിലയില്‍ നമ്മള്‍ സത്യത്തിലും നീതിയിലും തല്‍പരര്‍ അല്ലേ? പകരം സത്യവും നീതിയും വെളിപ്പെടുത്തി രാജാവ് നഗ്നന്‍ ആണെന്നു പറയുന്നവരെ ബഹിഷ്‌ക്കരിക്കുകയാണോ ചെയ്യേണ്ടത്? ശരിയാണ് നരേന്ദ്രമോദിക്ക് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും(എസ്.ഐ.റ്റി.) സുപ്രീം കോടതിയും ക്ലീന്‍ ചിറ്റ് നല്‍കിയതാണ്. അദ്ദേഹം നിരപരാധിയാണ്. അദ്ദേഹത്തിന് ഗുജറാത്ത് വംശഹത്യയില്‍ യാതൊരു പങ്കും ഇല്ല. എസ്.ഐ.റ്റി റിപ്പോര്‍ട്ട് നല്‍കിയത് 2012 ഫെബ്രുവരി 8ന് ആയിരുന്നു. എന്നാല്‍  ഇതിനെ കലാപത്തില്‍ കൊല്ലപ്പെട്ട ഇഷാന്‍ ജാഫ്രിയുടെ വിധവ സക്കിയ ജാഫ്രി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. സുപ്രീം കോടതി ഇത് 2022 ജൂണ്‍ 23-ന് തള്ളിക്കൊണ്ട് എസ്.ഐ.റ്റി.യുടെ റിപ്പോര്‍ട്ട് അംഗീകരിച്ചു. സക്കിയ ജാഫ്രിയുടെ ഹര്‍ജ്ജിയില്‍ യാതൊരു മെറിറ്റും ഇല്ലെന്നായിരുന്നു സുപ്രീം കോടതിയുടെ വിലയേറിയ കണ്ടെത്തല്‍. എസ്.ഐ.റ്റിയുടെയും സുപ്രീംകോടതിയുടെയും കണ്ടെത്തലും വിധിയും അംഗീകരിക്കുക തന്നെ വേണം. പക്ഷേ, ഗുജറാത്തു വംശഹത്യ നമ്മുടെ കണ്‍മുമ്പില്‍ ഒരു പകല്‍ പോലെ നടന്നതല്ലേ? മോദിയോട് രാജധര്‍മ്മം' പാലിക്കുവാനും രാജിവയ്ക്കുവാനും പറഞ്ഞത് അന്നത്തെ പ്രധാനമന്ത്രി എ.ബി.വായ്‌പേയ് ആണ്. മോദി രാജിവയ്ക്കാതിരുന്നത് കേന്ദ്രമന്ത്രിസഭയിലെ നമ്പര്‍ ടൂ ആയ ലാല്‍ കിഷന്‍ അദ്വാനി ഇടപെട്ടതുകൊണ്ടാണ്. ഇവിടെ രാജധര്‍മ്മത്തിന്റെയും രാജിയുടെയും ചോദ്യങ്ങള്‍ എന്തുകൊണ്ടുയര്‍ന്നു? കാരണം രാജാവ് (ഗുജറാത്തു മുഖ്യമന്ത്രിമോദി) അദ്ദേഹത്തിന്റെ പ്രജാപരിപാലനം എന്ന കര്‍മ്മം നിര്‍വ്വഹിക്കുന്നില്ല. അറസ്റ്റു ചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ ശ്രീകുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതുപോലെ ഒരു ഗവണ്‍മെന്റ് വിചാരിച്ചാല്‍ ഒരു കലാപം അരമണിക്കൂര്‍ കൊണ്ട് അടിച്ചമര്‍ത്താം. എന്തുകൊണ്ട് അത് ഗുജറാത്തില്‍ സംഭവിച്ചില്ല? മുഖ്യമന്ത്രിക്ക് ഇതിനൊന്നും ഉത്തരവാദിത്വം ഇല്ലേ? ഇല്ല, എസ്.ഐ.റ്റി.യും സുപ്രീം കോടതിയും ആണ് ശരി.

ബി.ബി.സി. ഡോക്യുമെന്ററി വെറും ഒരു പ്രചരണതന്ത്രം ആണെന്നാണ് വിദേശമന്ത്രകാര്യാലയം പ്രതികരിക്കുന്നത്. അതില്‍ ഒട്ടും 'ഓബ്ജക്ടിവിറ്റി' ഇല്ല. അത് ഒരു പ്രത്യേക ഒരു കാഴ്ചപ്പാടിനെ പ്രചരിപ്പിക്കുവാനുള്ള ഗൂഢാലോചനയാണ്. കൊളോണിയല്‍ കോണ്‍സ്പിരസി. എന്നാല്‍ ബി.ബി.സി. ഇതിനെയെല്ലാം ഖണ്ഡിച്ചുകൊണ്ട് അവര്‍ നടത്തിയ അന്വേഷണത്തെയും  അഭിമുഖങ്ങളെയും ഗവേഷണങ്ങളെയും നിരത്തി. ബി.ജെ.പി. നേതാക്കന്മാരെയും ഇന്റര്‍വ്യൂ ചെയ്തതായി ബി.ബി.സി. അവകാശപ്പെട്ടു. ഇന്‍ഡ്യ ഗവണ്‍മെന്റിനോട് അതിന്റെ പ്രതികരണം ആവശ്യപ്പെട്ടെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. വംശഹത്യയില്‍ പോലീസിന്റെ നിഷ്‌ക്രിയത്വം ഫോട്ടോകളുടെ പിന്‍ബലത്തോടെയാണ് തെളിയിക്കപ്പെട്ടിട്ടുള്ളതെന്നും ബി.ബി.സി. അവകാശപ്പെടുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ മുന്‍ വിദേശകാര്യ സെക്രട്ടറി ജാക്ക് സ്‌ട്രോ പറഞ്ഞത്  ഗുജറാത്ത് വംശഹത്യയില്‍ മോദിയുടെ പങ്ക് അതീവ ഗൗരവം ആണെന്നാണ്. വംശഹത്യ നഗ്നമായ വംശനിര്‍മ്മാജനം ആണെന്നും ആരോപിക്കപ്പെടുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്‍ഡ്യന്‍ വംശജനുമായ റിഷ് സുനാക് മോദിയെ പ്രതിരോധിക്കുന്ന നിലപാട് ആണ് എടുത്തത്. ഒപ്പം അദ്ദേഹം ചര്‍ച്ചിതചര്‍ച്ചണമായ ആ പല്ലവിയും പാടി 'ലോകത്തെവിടെ ആയാലും പീഡനം സഹിക്കുകയില്ല.' ഗവണ്‍മെന്റിന്റെ വിവിധ തലത്തിലുള്ള നേതാക്കന്മാര്‍ ബി.ബി.സി. ഡോക്യൂമെന്ററിയെ മോദിയോടുള്ള ആക്രമണം ആയിട്ടു മാത്രമല്ല ഇന്‍ഡ്യക്കുനേരെയുള്ള ആക്രമണം ആയിട്ടാണ് കണ്ടിരിക്കുന്നത്. അത് ഇന്‍ഡ്യയുടെ പരമാധികാരത്തിനു നേരെയുള്ള ഒരു കടന്നു കയറ്റം ആയിട്ടും ചിത്രീകരിക്കപ്പെട്ടു. അത്ര ദുര്‍ബ്ബലം ആണോ ഇന്‍ഡ്യയുടെ പരാമാധികാരം? കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഡോക്യുമെന്ററി  റിലീസ് ചെയ്ത സമയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇന്‍ഡ്യയും മോദിയും ജി-20യുടെ അധ്യക്ഷ പദവിയിലേക്ക് അവരോധിക്കപ്പെട്ടപ്പോള്‍. 

ആരൊക്കെ എന്തൊക്കെ ജല്പിച്ചാലും 2002-ലെ ഗുജറാത്തു വംശഹത്യ ഇന്‍ഡ്യയുടെ ജനാധിപത്യ ചരിത്രത്തിന് ഒരു തീരാകളങ്കം ആണ്. അതിന്റെ ഉത്തരവാദിത്വം സംസ്ഥാനം ഭരിച്ച ഭരണാധികാരികള്‍ക്കും ആണ്. പക്ഷേ, ഇതിനും ബാബരി മസ്ജിദേ ഭേദനം പോലെ ആരുടെയും ഉത്തരവാദിത്വം അല്ലാതായിരിക്കുന്നു. തേച്ചു മായ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതുപോലുള്ള ഡോക്യുമെന്ററികള്‍ ഒരുണര്‍ത്തുപാട്ടാണ്. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍.

India: Modi Question
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക