Image

മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ: കൊട്ടിക്കയറി അമരത്ത്!  (വിജയ് സി. എച്ച്)

Published on 29 January, 2023
മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ: കൊട്ടിക്കയറി അമരത്ത്!  (വിജയ് സി. എച്ച്)

'കൊട്ടിന് മട്ടന്നൂർ' എന്നത് ഏറെ കേട്ടുപഴകിയൊരു പ്രയോഗമാണ്. എന്നാൽ, ചെണ്ടകൊട്ടിൻ്റെ പരമോന്നത പ്രകടനങ്ങളായ പഞ്ചാരിയും പാണ്ടിയും താണ്ടി, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ കേരള സംഗീത നാടക അക്കാദമിയുടെ ഭരണ നേതൃത്വത്തിൽ എത്തിയത് തായമ്പകപ്പെരുക്കം പോലെ മനോഹരമായൊരു ആരോഹണ രീതിയിലൂടെയാണ്! 
പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ്റെ അനുമോദന ആലാപനത്തിന് മട്ടന്നൂരിൻ്റെ തന്നെ മൃദുചെണ്ടമേളം അകമ്പടി ചേർന്ന ചടങ്ങിലായിരുന്നു പുതിയ ഭരണസമിതി അംഗങ്ങൾ ചുമതലയേറ്റത്. ചെയർമാനായി നിയമിതനായ മട്ടന്നൂരിനെ എതിരേൽക്കാൻ പെരുവനം കുട്ടൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ മുതലായ ഒട്ടനവധി മുതിർന്ന ചെണ്ട വിദ്വാൻമാർ എത്തിയത് വേറിട്ടൊരനുഭവമായി. ചരിത്രത്തിൽ ആദ്യമായാണ് ഒരു ചെണ്ട കലാകാരൻ അക്കാദമിയുടെ അമരത്തെത്തുന്നത്. 
ചുമതലയേറ്റ മുതൽ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന മട്ടന്നൂരിൻ്റെ വാക്കുകളിലൂടെ... 


🟥 പുനഃസംഘടന തൃപ്തികരം 
അക്കാദമിയുടെ ഭരണ സമിതി പുനഃസംഘടിപ്പിച്ചത് വളരെ സംതൃപ്തി നൽകുന്നു. പേരുകേട്ട നാടകകൃത്തും കവിയുമായ കരിവെള്ളൂർ മുരളിയാണ് സെക്രട്ടറി. നാടക രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരമുൾപ്പെടെയുള്ള അംഗീകാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. ഗായികയും സംഗീത സംവിധായികയും ഗാനമെഴുത്തുകാരിയുമാണ് വൈസ് ചെയർപേഴ്സണായ പി. ആർ. പുഷ്പവതി. പതിനാലംഗ ജനറൽ കൗൺസിലിൽ എത്തിയിരിക്കുന്നവരെല്ലാം തന്നെ പ്രതിഭാശാലികളാണ്. മുൻ ചെയർപേഴ്സൻ്റെ (കെ.പി.എസി.ലളിത) അനാരോഗ്യവും നിര്യാണവും മൂലം അക്കാദമിയിൽ ദീർഘ കാലം നേതൃത്വ വൈഷമ്യങ്ങളുണ്ടായിരുന്നു. അന്താരാഷ്ട്ര നാടകോത്സവം, ഇറ്റ്‌ഫോക്-2023, ഫെബ്രുവരി അഞ്ചിന് തുടങ്ങാനിരിയ്ക്കുന്നു. രണ്ടു മൂന്നു വർഷമായി മുടങ്ങിക്കിടക്കുന്ന ഇൻ്റർനാഷണൽ തീയേറ്റർ ഫെസ്റ്റിവെൽ ഓഫ് കേരള (ഇറ്റ്‌ഫോക്) വിപുലമായി നടത്തേണ്ടതുണ്ട്. ചുമതലയേറ്റയുടനെ ലഭിച്ച വലിയൊരു ഉത്തരവാദിത്വമാണിത്. ഇറ്റ്‌ഫോകിൻ്റെ ഏർപ്പാടുകൾ തകൃതിയായി നടന്നുകൊണ്ടിരിയ്ക്കുന്നു. 


🟥 ധന സഹായം ആദ്യ പരിഗണന 
കലയെ മാത്രം ആശ്രയിച്ചു ജീവിച്ചവരിൽ പലരുമിന്ന് അവശത അനുഭവിച്ചുകൊണ്ടിരിയ്ക്കുന്നു. അർഹതയുള്ളവർക്ക് ധനസഹായം ലഭിയ്ക്കുന്നില്ലയെന്നത് എന്നും കേൾക്കാറുള്ളൊരു പരാതിയാണ്. അതിനൊരു പരിഹാരം വൈകാതെ കണ്ടെത്തേണ്ടതുണ്ട്. ലഭ്യതയ്ക്കുള്ള മാനദണ്ഡങ്ങൾ പുനഃപരിശോധിക്കേണ്ടതാണെങ്കിൽ, അതിനും മുൻകൈ എടുക്കും. കേരള സർക്കാരിൻ്റെ സാംസ്കാരിക വകുപ്പിനു കീഴിലാണ് അക്കാദമി പ്രവർത്തിക്കുന്നത്. ജില്ലാ കലക്ടറാണ് അക്കാദമിയുടെ ട്രഷറർ. ബന്ധപ്പെട്ട എല്ലാവരുമായും ചേർന്നു പ്രവർത്തിച്ചു, അർഹതയുള്ളവർക്കെല്ലാം സഹായം ഉറപ്പാക്കും.  


🟥 വേണം ഒരു വാദ്യോത്സവം  
ചെണ്ട പച്ചമലയാളിയാണ്. ഇത്രയും ദൂരെ കേൾക്കുന്ന മറ്റൊരു വാദ്യോപകരണവും ലോകത്തു തന്നെയില്ല. പതിനെട്ടു വാദ്യങ്ങളും ചെണ്ടയ്ക്കു താഴെയെന്നാണ് ചൊല്ല്. എന്നിട്ടും നമ്മുടെ രാജ്യത്തു പോലും ചെണ്ടയ്ക്ക് അത് അർഹിക്കുന്ന പ്രാധാന്യം ലഭിയ്ക്കുന്നില്ല. യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും ഞാൻ ചെണ്ടവാദ്യം അവതരിപ്പിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ തന്നെ 30 തവണ പരിപാടികൾ നടത്തി. അമേരിക്കയിൽ നിരവധി തവണ. ചെണ്ടയുമായി ഞാൻ പോകാത്ത രാജ്യങ്ങളില്ല. അവർക്കെല്ലാം പ്രിയപ്പെട്ടതാണ് ചെണ്ടമേളം. ക്ഷേത്രങ്ങളിലെ അവതരണങ്ങൾക്ക് എല്ലാ മതസ്ഥരും വന്നോളണമെന്നില്ലല്ലൊ. എന്നാൽ, അതൊരു പൊതുപരിപാടിയായി സർക്കാർ നടത്തുകയാണെങ്കിൽ എല്ലാവർക്കും പങ്കെടുക്കുവാനും, ഈ വാദ്യകലാരൂപത്തെ അടുത്തറിയുവാനും അവസരം ലഭിയ്ക്കും. ഇറ്റ്‌ഫോക് പോലെ, ചെണ്ട കേന്ദ്രീകൃതമായ ഒരു വാദ്യോത്സവത്തിനും അക്കാദമി ചുക്കാൻ പിടിക്കേണ്ടതുണ്ട്. ഈ സ്വപ്നം സാക്ഷാൽക്കരിക്കാൻ വേണ്ടതൊക്കെ ചെയ്യും. ഇത് എല്ലാ ചെണ്ട കാലാകാരന്മാരുടെയും മേളപ്രേമികളുടെയും ആഗ്രഹമാണ്.


 🟥 പഠിപ്പു കുറവ് ഒരു ന്യൂനത 
ചെറുപ്പം മുതലെ പരിശീലനം ആവശ്യമുള്ളൊരു കലാരൂപമാണ് ചെണ്ട വാദനം. കുട്ടിക്കാലത്ത് ഒരു കലാകാരൻ്റെ സമയമെല്ലാം ഇതിനു വേണ്ടി മാറ്റിവെക്കേണ്ടതുണ്ട്. ഇക്കാരണത്താൽ അവരെല്ലാവരും സ്കൂൾ-കോളേജ് വിദ്യാഭ്യാസത്തിൽ വേണ്ടത്ര ശോഭിക്കുന്നില്ല. അതിനാൽ ചെണ്ട വാദനത്തിൽ മിടുക്കനായ ഒരു കലാകാരനു പോലും വാദ്യത്തിൻ്റെ സൂക്ഷ്മവശങ്ങൾ മറ്റൊരാളോട് പറഞ്ഞു ഫലിപ്പിക്കാൻ കഴിയാതെ വരുന്നു. നമുക്ക് ചെണ്ട പോലെയാണ് ഉത്തരേന്ത്യക്കാർക്ക് തബല. പക്ഷെ, ഈ കൊച്ചു കൊട്ടുവാദ്യത്തെക്കുറിച്ച് അവരോടൊന്നു ചോദിച്ചു നോക്കൂ, വാ തോരാതെ കസർത്തും. 'തക്കീട്ടാ..., തക്കീട്ടാ...' എന്ന ആ വായ്ത്താരി മാത്രം മതി അവർക്ക് രണ്ടു മണിക്കൂർ പ്രസംഗിക്കാൻ! ചെണ്ട, മൃദംഗം, മിഴാവ്, മദ്ദളം, ഇടയ്ക്ക, ഇലത്താളം, കൊമ്പ്, കുഴൽ, തിമില, പെരുമ്പറ, ചേങ്ങില തുടങ്ങി നമ്മുടെ വാദ്യോപകരണങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. തായമ്പകയും, പഞ്ചാരിയും, പാണ്ടിയും, പഞ്ചവാദ്യവും, നാദസ്വരവും ഉൾപ്പെടുന്ന മേളങ്ങളും അനവധിയുണ്ട്. എന്നാൽ, ഇവയെക്കുറിച്ച് ഒരാൾക്ക് വിവരിച്ചുകൊടുക്കുവാൻ കഴിയുന്നവർ വിരളമാണ്. കലാകാരന്മാരുടെ പഠിപ്പു കുറവ് ഒരു ന്യൂനതയായിത്തന്നെ നിലകൊള്ളുന്നു. അക്കാദമി മുഖാന്തരം ഈ പ്രശ്നം പരിഹരിക്കാൻ പറ്റുന്നതൊക്കെ ചെയ്യും.  


🟥 നിവേദ്യച്ചോറു കൊണ്ട് വിശപ്പടക്കി 
ചെണ്ടകൊട്ട് ഒരു ജീവിത മാർഗമായി കരുതാൻ കഴിയാത്ത കാലത്താണ് ഈ കല ഒരു സപര്യയായി ഞാൻ സ്വീകരിച്ചത്. അമ്പലങ്ങളിൽ വരുമാനം വേണ്ടത്ര ഇല്ലാത്തതിനാൽ ചെണ്ടക്കാർക്കുള്ള പ്രതിഫലം മുടങ്ങാതെ കിട്ടിയിരുന്നില്ല. വീട് കൊടും ദാരിദ്യ്രത്തിലായിരുന്നു. ക്ഷേത്രങ്ങളിൽ നിന്നു ലഭിക്കാറുള്ള നിവേദ്യച്ചോറു കഴിച്ചാണ് പല ദിവസങ്ങളിലും ഞാൻ വിശപ്പടക്കിയിരുന്നത്. കൂടെ കൊട്ടിയിരുന്ന പലരും ഈ ജോലി ഉപേക്ഷിച്ചുപോയി. എന്തെങ്കിലും വരുമാനം കൃത്യമായി നേടിത്തരുന്നൊരു പ്രവർത്തിയല്ലേ എല്ലാവരും ആഗ്രഹിക്കുന്നത്; ഉപജീവനം നടക്കേണ്ടേ? എന്നാൽ, എല്ലാ കഷ്ടപ്പാടുകളും സഹിച്ചു ഇതിൽ തന്നെ ഞാൻ തുടർന്നത് ചെണ്ടവാദനം എൻ്റെ അഭിനിവേശം ആയതുകൊണ്ടു മാത്രമാണ്. ഇന്നും ചെണ്ടയാണെൻ്റെ ലഹരി. കാലങ്ങൾ (ചെണ്ടകൊട്ടിൻ്റെ താളക്രമങ്ങൾ) കൊട്ടിത്തീർത്ത് അവരോഹണത്തിൽ എത്തുമ്പോൾ എനിയ്ക്ക് വലിയ സങ്കടമാണ്. ഇത്ര വേഗം കൊട്ട് കഴിഞ്ഞോ എന്ന്! വാദ്യകലയിലെ പ്രഥമ പത്മശ്രീ പുരസ്കാരം വിന്ധ്യനും കടന്ന് കേരളക്കരയിലെത്തിയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു എൻ്റെ വേദനകളും വേവലാതികളും വെറുതെയായില്ലെന്ന്!  


🟥 തായമ്പകയിൽ തുടക്കം 
വ്യക്തിഗത വാദന മികവുകൾ പ്രകടിപ്പിക്കുവാൻ ഏറ്റവും അനുയോജ്യമായ മേളമാണ് തായമ്പക. വാദന വൈഭവം തെളിയിക്കാൻ ഇതുപോലെ മറ്റൊരു മേളവും ചെണ്ടയിലില്ല. തായമ്പകയിൽ അങ്ങോട്ട് കൊട്ടിക്കയറാം! കണ്ണൂർ ജില്ലയിലെ മട്ടന്നൂരാണ് ജനിച്ചു വളർന്നത്. മട്ടന്നൂർ മഹാദേവ ക്ഷേത്രം വളരെ വിശ്രുതമായതാണ്. അവിടെ നിത്യപൂജയ്ക്ക് കൊട്ടാൻ അച്ഛൻ (കുഞ്ഞികൃഷ്ണ മാരാർ) ചെണ്ട തോളത്ത് ഇട്ടുതരുമ്പോൾ എനിയ്ക്ക് അഞ്ചു വയസ്സേ ആയിരുന്നുള്ളൂ. പതിമൂന്നാം വയസ്സിൽ അവിടെ വെച്ചു തന്നെ തായമ്പകയിൽ അരങ്ങേറ്റം നടത്തി. അച്ഛൻ തന്നെയായിരുന്നു ഗുരു. ചെണ്ട സത്യത്തിൻ്റെ അടയാളമാണെന്നും, അതു കൊട്ടുമ്പോൾ ശരീരത്തിനും മനസ്സിനും ശുദ്ധി വേണമെന്നും അദ്ദേഹം എന്നെ ഉപദേശിച്ചു. ചെണ്ടയെ മാനിക്കണം, അല്ലെങ്കിൽ കൊട്ടിൻ്റെ താളം പിഴയ്ക്കും, തുടർന്നത് ചെണ്ട കലാകാരൻ്റെ ജീവിതത്തിൻ്റെ താളം തന്നെ തെറ്റിയ്ക്കും. അച്ഛൻ്റെ ഈ വാക്കുകളാണ് ഇന്നും എൻ്റെ ജീവോർജ്ജം!  

#Mattannoor Sankaran -article by Vijai CH

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക