Image

പതിവു തെറ്റിക്കാതെ പേപ്പര്‍ലെസ് ബജറ്റുമായി ധനമന്ത്രി നിര്‍മലാസീതാരാമന്‍; ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഇത് അത്ഭുത ബജറ്റ് (ദുര്‍ഗ മനോജ് ) 

ദുര്‍ഗ മനോജ് Published on 01 February, 2023
പതിവു തെറ്റിക്കാതെ പേപ്പര്‍ലെസ് ബജറ്റുമായി ധനമന്ത്രി നിര്‍മലാസീതാരാമന്‍; ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഇത് അത്ഭുത ബജറ്റ് (ദുര്‍ഗ മനോജ് ) 

പതിവു തെറ്റിക്കാതെ  ചുവന്ന കവറില്‍പ്പൊതിഞ്ഞ ടാബില്‍ പുത്തന്‍ ബജറ്റുമായി ധനമന്ത്രി എത്തുമ്പോള്‍ രാജ്യത്തിന് ആകാംക്ഷയുടെ നിമിഷങ്ങളായിരുന്നു. ഇത്തവണ തുടര്‍ച്ചയായ അഞ്ചാം ബജറ്റാണ് നിര്‍മലാസീതാരാമന്‍ അവതരിപ്പിക്കുന്നത്. സാമ്പത്തിക സര്‍വേ പ്രകാരം വളര്‍ച്ചാ നിരക്കില്‍ ഇടിവു സംഭവിക്കുമെന്നു പറയുമ്പോഴും 
ധനമന്ത്രി പാര്‍ലമെന്റില്‍ വെച്ച റിപ്പോര്‍ട്ട് പറയുന്നു ഏറ്റവും വേഗമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന്. അതു പ്രകാരം 2023-24 ല്‍ രാജ്യം 6.5 ശതമാനം വളര്‍ച്ച നേടുമെന്നു പ്രത്യാശിക്കാം. എന്നാല്‍ നടപ്പു വര്‍ഷത്തെ അപേക്ഷിച്ച് കുറവാണിത്. ഇതിനിടയില്‍ അദാനി ഓഹരിക്കേസ് കൊടുങ്കാറ്റില്‍ അമ്പേ താഴെപ്പോയ ഓഹരി വിപണിയില്‍ ബജറ്റിനോട് അനുബന്ധിച്ച് ഉണ്ടായ  വലിയ പ്രതീക്ഷയില്‍ മുന്നേറ്റം കണ്ടുതുടങ്ങി. സെന്‍സെക്‌സ് വീണ്ടും 60000നു മുകളിലെത്തി.

ഏതായാലും ബജറ്റില്‍ 2200 കോടി രൂപ ചെലവില്‍ ആത്മ നിര്‍ഭര്‍ ക്ലീന്‍ പ്ലാന്റ് പദ്ധതി തുടങ്ങുമെന്നുള്ള പ്രഖ്യാപനമുണ്ട്. ഹൈദരാബാദിലെ മില്ലറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തും. അതുപോലെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന ഒരു വര്‍ഷം കൂടി തുടരുമെന്നും ധനമന്ത്രി അറിയിച്ചു. ഇതിനു വരുന്ന രണ്ടു ലക്ഷം കോടി രൂപ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. വികസനം എല്ലാവരിലേക്കു എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ റെയില്‍വേയുടെ വികസനത്തിനായി ഇത്തവണ വാരിക്കോരിയാണ് നല്‍കിയിരിക്കുന്നത്. നാളിതുവരെ പരിഗണിക്കാത്ത വിധം 2.40 കോടി രൂപയാണ് ഇന്ത്യന്‍ റെയില്‍വേ വികസനത്തിനായി ധനമന്ത്രി തുക മാറ്റി വെച്ചിരിക്കുന്നത്. കല്‍ക്കരി, വളം, ഭക്ഷ്യധാന്യം എന്നിവയ്ക്കായ് നൂറ് നിര്‍ണായക ഗതാഗത അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. 75000 കോടിയാണ് ഇതിനു വേണ്ടിയുള്ള നിക്ഷേപം. ഇതില്‍ 15000 കോടി സ്വകാര്യ മേഖലയില്‍ നിന്നും കണ്ടെത്തും.
രാജധാനി, ശദാബ്ദി, തുരന്തോ, ഹംസഫര്‍, തേജസ് തുടങ്ങിയ ട്രെയിനുകളിലെ ആയിരത്തിലേറെ കോച്ചുകള്‍ നവീകരിക്കും. വന്ദേ ഭാരത് ട്രെയിന്‍ ഓടിക്കാന്‍ ട്രാക്കുകള്‍ മാറ്റി സ്ഥാപിക്കും. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ നൂറിലേറെ വിസ്താഡോം കോച്ചുകള്‍ നിര്‍മിക്കും. 35 ഹൈഡ്രജന്‍ ഫ്യുവല്‍ തീവണ്ടികളും ബജറ്റില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

കൂടാതെ പ്രതിവര്‍ഷം ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനക്കാരെ ആദായനികുതി പരിധിയില്‍ നിന്നും ഒഴിവാക്കിയതായി ധനമന്ത്രി അറിയിച്ചു. ഒപ്പം മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപ പരിധി 30 ലക്ഷമാക്കി ഉയര്‍ത്തുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ പാന്‍ കാര്‍ഡ് ബിസിനസ് രംഗത്തെ തിരിച്ചറിയല്‍ രേഖയാക്കി മാറ്റുമെന്നും ബജറ്റില്‍ നിര്‍ദേശമുണ്ട്.

ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ പദ്ധതി പ്രകാരം മൂന്നര ലക്ഷം കുട്ടികള്‍ക്കു പ്രയോജനം ലഭിക്കുമെന്നും ബജറ്റില്‍ നിര്‍ദേശമുണ്ട്.

ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുമ്പോഴും, അവയുടെ ഇഴകീറിയുള്ള വിശകലനത്തിനായി ജനങ്ങളും കാത്തിരിക്കുന്നു. അവതരിപ്പിക്കുന്നതില്‍ എത്രമാത്രം സ്വന്തം കൈക്കുമ്പിളില്‍ എത്തുമെന്നതാണല്ലോ ജനത്തിന്റെ ആകെയുള്ള പ്രത്യാശ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക