Image

ചന്ദന മരങ്ങൾ( ഓർമ്മയിലെ സൗഗന്ധം : ഡോ. കുഞ്ഞമ്മ ജോർജ്ജ് )

Published on 02 February, 2023
ചന്ദന മരങ്ങൾ( ഓർമ്മയിലെ സൗഗന്ധം : ഡോ. കുഞ്ഞമ്മ ജോർജ്ജ് )

കമലാദാസിന്റെ ലെസ്ബിയൻ കഥാപാത്രങ്ങളായ കല്യാണിക്കുട്ടിയെയും ഷീലയെയും ഓർമ്മ വരുന്നുണ്ട് അല്ലേ? വന്നില്ലെങ്കിലേ അതിശയമുള്ളു. ഇത്ര ശക്തമായ സ്ത്രീ പ്രണയത്തെക്കുറിച്ച് 1988 മാധവിക്കുട്ടി എഴുതിയിട്ട് വർഷങ്ങൾ എത്ര കടന്നുപോയി. ഇതിനേക്കാൾ തീഷ്ണമായ ഒരു ലെസ്ബിയൻ കഥ ഞാൻ പിന്നീട് വായിച്ചിട്ടില്ല.
എന്റെ ചന്ദനമരങ്ങൾക്ക് മാധവിക്കുട്ടിയുടെ കഥയുമായി യാതൊരു ബന്ധവുമില്ല. ഇത് ചന്ദനമരങ്ങളോട് എനിക്കുള്ള അതീവ പ്രണയത്തെ കുറിച്ചാണ്. രണ്ട് ചന്ദനമരങ്ങൾ  എന്റെ മനസ്സിനെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു.
വർഷങ്ങൾക്കു മുമ്പാണ്. മെഡിക്കൽ കോളേജിൽ നിന്ന് തിരിച്ചു വരുമ്പോൾ കുമാരനെല്ലൂർ ബസ്സിറങ്ങിയ  ഞാൻ വഴിയരികിലെ ചെറിയൊരു ആൾക്കൂട്ടം കണ്ട് അങ്ങോട്ട് നോക്കി. ഒരാൾ ചില ചെടികൾ വിൽക്കുകയാണ്. ചെടികളോട് എന്നും ഇഷ്ടം ഉണ്ടായിരുന്ന ഞാൻ അങ്ങോട്ടു നോക്കി. ഒരു പ്രത്യേക ചെടിയിൽ എന്റെ കണ്ണുകൾ ഉടക്കി. അത് കണ്ടിട്ടാവാം വിൽപ്പനക്കാരൻ എന്നോട് പറഞ്ഞു, രക്തചന്ദനത്തിന്റെ തൈയാണ്. ഞാനത് വിലകൊടുത്ത് കൈക്കലാക്കി. വീടിന്റെ മുറ്റത്തിന് അതിര് കെട്ടിയ മതിലിനപ്പുറം ഞാനതിനെ നട്ടുവച്ചു, വെള്ളമൊഴിച്ചു വളം ചേർത്ത് പരിപാലിച്ചു. പലരും പറഞ്ഞു ഇത് രക്തചന്ദനം ഒന്നുമായിരിക്കില്ല. പക്ഷേ എനിക്കെന്തോ ഉറപ്പായിരുന്നു അത് രക്തചന്ദനം ആണെന്ന്. കാണക്കാണെ അത് വളർന്നു, ചില്ലകൾ വീശി വീണ്ടും ഉയരങ്ങളിലേക്ക് അത് ടെറസിനും മുകളിൽ ഉയർന്നു നിന്നു. മുകളിലെ കുരുന്നിലകൾക്ക് മഞ്ഞ നിറമായിരുന്നു. ചെറിയ പൂക്കളുടെ പൂങ്കുലകൾക്കും മഞ്ഞ നിറമായിരുന്നു. അവിടെ തനിയെ കിളിർത്തുവന്ന ഒരു മൂവാണ്ടൻ മാവ് രക്തചന്ദന  മരത്തിനൊപ്പം മത്സരിച്ചു വളർന്നുകൊണ്ടിരുന്നു . അതെനിക്ക് ഒരിക്കലും ഇഷ്ടമായില്ല. പക്ഷേ വീട്ടിൽ ഉള്ളവരെ മോഹിപ്പിച്ചുകൊണ്ട് അത് നല്ല സ്വാദുള്ള മാമ്പഴങ്ങൾ വർഷാവർഷം നൽകി പോന്നു. അതിന്റെ ശിഖരങ്ങളും വളർന്നു വീണത് ടെറസിലേക്ക് തന്നെ. ഇവരെക്കാൾ ഒക്കെ മത്സരിച്ച് ഈ മരങ്ങൾക്ക് അപ്പുറവും ഇപ്പുറവുമായി രണ്ടു റമ്പൂട്ടാൻ മരങ്ങൾ ക്രമേണ വളർന്നുവന്നു. രണ്ടും നട്ടുപിടിപ്പിച്ചത്. അവയും ക്രമേണ ഫലങ്ങൾ തന്നു തുടങ്ങി. മോഹിപ്പിക്കുന്ന നിറവും ഉള്ളിൽ മധുരമുള്ള മുട്ട കുഞ്ഞുങ്ങൾ പോലുള്ള പഴങ്ങളും. അവയുടെ ശിഖരങ്ങളും ടെറസിലേക്ക് തന്നെ അലസമായി വീണു കിടന്നു. ഒടുവിൽ അവിടമൊരു കൊടും വനമായി. ഏതെങ്കിലും ഒരു മരം വെട്ടിക്കളയാൻ ആലോചന തുടങ്ങി. ഫലങ്ങൾ ഒന്നും തരാതിരുന്ന രക്തചന്ദന മരത്തിനാണ് നറുക്ക് വീണത്. ഒരുപാടൊന്നും ആലോചിക്കാതെ രക്തചന്ദനത്തിന്റെ കടയ്ക്കൽ തന്നെ കോടാലി വീണു. അതിന്റെ ശിഖരങ്ങൾ മുറിച്ചപ്പോൾത്തന്നെ എനിക്ക് തലചുറ്റി. മുറിച്ച ഇടങ്ങളിലെ തൊലികളിൽ നിന്നും രക്ത തുള്ളികൾ പോലെ സ്രവങ്ങൾ ഇറ്റിറ്റു വീണുകൊണ്ടിരുന്നു. ആദ്യമായി ഋതുമതിയായ  ഒരു  പെൺകുഞ്ഞിനെ പോലെ.. പിന്നീട് പലരും അവിടെയുണ്ടായിരുന്ന രക്തചന്ദനത്തെ തിരക്കി. ചിലർ മൂക്കത്ത് വിരൽ വെച്ചു. ചിലർ കഷ്ടം പറഞ്ഞ് എന്റെ വേദനയിൽ വീണ്ടും നഖമർത്തി..നിങ്ങളല്ലാതെ ആരെങ്കിലും അത് വെട്ടി കളയുമോ......എത്രയോ വർഷങ്ങളായി ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ആ ഒരു രക്തചന്ദന തൈ എനിക്കിന്നേവരെ ലഭിച്ചിട്ടില്ല.......
വർഷങ്ങൾക്ക് ശേഷം ഒരിക്കൽ മുറ്റത്തുലാത്തുമ്പോൾ അവിടെനിന്ന നാടൻ മാവിന്റെ ചുവട്ടിൽ ഒരു ചെറിയ പൊടിപ്പ്. പുതിയതായി എന്തോ ഒന്ന് കിളിർത്തു വന്നതാണ്.  ഇലകൾക്ക് ചാര നിറമായിരുന്നു, അവ മേലേക്ക് മേലേക്ക് കൈകൂപ്പി നിന്നു. എന്തു ചെടി എന്ന് എനിക്ക് യാതൊരു പിടിയും കിട്ടിയില്ല. ഞാൻ ഡിഗ്രിക്ക് പഠിച്ച ബോട്ടണിയൊന്നും എന്റെ സഹായത്തിനും എത്തിയില്ല. നല്ല ഭംഗിയുള്ള ജീവനുള്ള ഒരു ചെടി. ഞാനതിന് വെള്ളം ഒഴിച്ച് പരിപാലിച്ചു ചില ചെറിയ വളപ്രയോഗങ്ങളും നടത്തി. ചെറുപ്പത്തിൽ തറവാട്ട് വീട്ടിലുണ്ടായിരുന്ന പല വെട്ടി മരങ്ങളുടെ തൈകളെ എനിക്ക് ഓർമ്മ വന്നു. ഒരു വെട്ടി മരത്തിന്റെ തൈ ആയിരിക്കും വളരട്ടെ. ഞാൻ മനസ്സിൽ പറഞ്ഞു. വെട്ടി മരങ്ങൾക്ക് ഇപ്പോൾ വംശനാശം വന്നു കഴിഞ്ഞു. ഇന്നുള്ള എത്ര കുട്ടികൾ വെട്ടിപ്പഴം തിന്നിട്ടുണ്ടാവും? നോക്കി നോക്കിനിൽക്കെ അതിനും ചില്ലകൾ. ചെറിയ ചില്ലകൾ വശങ്ങളിലേക്ക് വളർന്നുവന്നു. ഒരു ദിവസം അതിന്റെ ഒരു ഫോട്ടോയെടുത്ത് ഞാൻ ആൻസി സാജന് അയച്ചുകൊടുത്തു. ഈ ചെടി ഏതാണ് എന്നറിയുമോ? ആൻസി പറഞ്ഞു അവിടെ നിൽക്കട്ടെ,കുറച്ചു കൂടി വളരുമ്പോൾ മനസ്സിലാവും. അതെ. അവിടെ നിൽക്കട്ടെ, ഞാനും പറഞ്ഞു. രണ്ടുമൂന്നു വർഷങ്ങൾ കൊണ്ട് അതിന് എന്നോളം പൊക്കം വെച്ചു. അതിനെ തൊട്ടു തഴുകാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഞാൻ അതിന്റെ ഒരു പടം എടുത്ത് ഗീതയ്ക്ക് അയച്ചു കൊടുത്തു. ഗീത പറഞ്ഞു ചന്ദന തൈ ആണെന്ന് തോന്നുന്നു അവിടെ നിൽക്കട്ടെ.                              ആയിടയ്ക്കാണ്‌ ഒരു ഔട്ട് ഹൗസ് പണിയുന്നതിനെപ്പറ്റി വീട്ടിൽ ആലോചന ഉണ്ടായത്. കോവിഡ് കാലമായിരുന്നു. ഒരു ലൈബ്രറി കം ഐസോലേഷൻ റൂം എന്നതായിരുന്നു ഔട്ട് ഹൗസിന്റെ  താല്പര്യം.
താമസിയാതെ ഒരു എൻജിനീയർ വീട്ടിൽ  വന്ന്‌  നിരീക്ഷണം നടത്തി. ഞാൻ പല സൈറ്റുകളും ചൂണ്ടിക്കാട്ടിയെങ്കിലും എൻജിനീയർ ചില അസൗകര്യങ്ങൾപറഞ്ഞു. വീടിനോട് ഒട്ടി നിൽക്കുന്ന ഒരു ഔട്ട് ഹൗസ് ആയിരുന്നു എന്റെ ഉള്ളിൽ. അയാൾ ആകട്ടെ വാസ്തു നോക്കി സ്ഥാനം കണ്ടുപിടിക്കാം എന്നായി. ലോറിയും ബുൾഡോസ്സറും ഒക്കെ എളുപ്പത്തിൽ കടന്നുവരാവുന്ന ഒരിടത്ത് സ്ഥാനം കണ്ട അവർ കുറ്റിയടിച്ചു. ഇപ്പോൾ വാനം മാന്തുന്നതൊക്കെ യന്ത്രങ്ങളാണ്. എത്ര വിശേഷാൽ യന്ത്രങ്ങൾ ആണെങ്കിൽക്കൂടി അതെന്റെ ചന്ദനതൈയ്യിൽ  കണ്ണു വെയ്യ്ക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.എൻജിനീയർ പറഞ്ഞു, ഇത് ചന്ദനതൈയാണ് നിർത്തിയിട്ട് യാതൊരു കാര്യവുമില്ല. ഗവൺമെന്റ് അറിഞ്ഞാൽ കുഴപ്പമാണ് അവർ വന്നു വെട്ടി കൊണ്ടുപോകും. ഈ കാര്യത്തിൽ ഞങ്ങൾ അയാളോട് ഞങ്ങളുടെ വിയോജിപ്പ്  പ്രകടിപ്പിച്ചു. എന്ത് ചെയ്യണം എന്ന് ഞങ്ങൾ വീട്ടിനുള്ളിൽ കയറി ആലോചിച്ചു കൊണ്ടിരുന്നു. ഔട്ട് ഹൗസ് പണിയുന്ന സ്ഥലത്തൊന്നുമല്ല ചന്ദനം നിൽക്കുന്നത്. അതിനെ  അവിടെ നിർത്തിക്കൊണ്ട് തന്നെ ഔട്ട് ഹൗസ് പണിയട്ടെ, ബാക്കിയൊക്കെ വരും പോലെ വരട്ടെ, എന്ന് പറയുവാൻ ഞങ്ങൾ പുറത്തിറങ്ങി. ഞങ്ങളെ സ്ഥപ്തരാക്കിക്കൊണ്ട് ആ ചന്ദനം അവർ യന്ത്ര സഹായത്താൽ പൊക്കിയെടുത്ത് മറ്റൊരിടത്ത് കുഴി കുത്തി വച്ചു കഴിഞ്ഞിരുന്നു. വച്ച സ്ഥലം ആകട്ടെ യാതൊരു തണലും ഇല്ലാത്ത കനത്ത സൂര്യരശ്മികൾ പതിക്കുന്ന ഒരിടം. അധികം താമസിയാതെ അത് അവിടെ നിന്ന് ഉണങ്ങിപ്പോയി. കൂടെ ഞങ്ങളുടെ മനസ്സും.. സങ്കടം സഹിക്കവയ്യാതെ ഗീതയെ വിളിച്ചു ഞാൻ പറഞ്ഞു -എനിക്ക് മരിക്കാൻ തോന്നുന്നു. ഗീതഎന്നെ ആശ്വസിപ്പിച്ചു, അങ്ങനെ മരിക്കാൻ വരട്ടെ, ഞാൻ യാത്ര ചെയ്യുന്ന ഇടങ്ങളിൽ നിന്ന് ചന്ദന തൈകൾ സംഘടിപ്പിച്ചു തരാം.. ഉണങ്ങി നിൽക്കുന്ന ചന്ദന തൈയുടെ പടവും ഞാൻ ഗീതയ്ക്ക് അയച്ചുകൊടുത്തു. ഗീത പറഞ്ഞതുപോലെ അതിന്റെ തലപ്പ് വെട്ടി മാറ്റിയെങ്കിലും അതിൽ നിന്നും ആശകൾ നൽകി നാമ്പിട്ട ചില കിളിർപ്പുകൾ തളിർത്തു വളർന്നില്ല...അതു പൂർണ്ണമായും ഉണങ്ങിപ്പോയി.
ചന്ദന മരങ്ങളുടെ ശാപം ഏറ്റിട്ടോ എന്തോ പിന്നീട് മൂന്നാറിൽ നിന്നും വാങ്ങിവച്ച രണ്ട് തൈകളും ഉണങ്ങിപ്പോയി. ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. വൈക്കം ഇരുമ്പയത്തെ ആർ,കെ രാധാകൃഷ്ണന്റെ നഴ്സറിയിൽ നിന്നും വാങ്ങിയ രണ്ടുമൂന്നു ചന്ദന തൈകൾ പിച്ച വയ്ക്കുന്നുണ്ട്. അവ വളർന്ന് ചന്ദനമരങ്ങൾ ആകുമോ എന്തോ..
തികഞ്ഞ ആകാംക്ഷയോടെ
Dr. Kunjamma George.01/02/2023.
 

ചന്ദന മരങ്ങൾ( ഓർമ്മയിലെ സൗഗന്ധം : ഡോ. കുഞ്ഞമ്മ ജോർജ്ജ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക