Image

നിറം മങ്ങിയ പതാകകൾ (സാംജീവ്- ഇ മലയാളി ചെറുകഥാ മത്സരത്തിൽ മൂന്നാം സമ്മാനം നേടിയ കഥ)

Published on 02 February, 2023
നിറം മങ്ങിയ പതാകകൾ (സാംജീവ്- ഇ മലയാളി ചെറുകഥാ മത്സരത്തിൽ മൂന്നാം സമ്മാനം നേടിയ കഥ)

ഗയാനയിലെ ഒരു ഗ്രാമത്തിൽവച്ചാണ് ഞാൻ പരശുരാം കുശാലിനെ കണ്ടത്. തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ് ഗയാന. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഗയാന 1966 വരെ ബ്രിട്ടീഷ് ഗയാന എന്നറിയപ്പെട്ടിരുന്നു.
ഒരു ഗ്രോഷറിക്കടയുടെ മുമ്പിലിട്ടിരുന്ന ബഞ്ചിലാണ് അയാൾ ഇരുന്നിരുന്നത്. 
മുഷിഞ്ഞ കാൽസരായി ധരിച്ച ഒരു വൃദ്ധൻ. 
എന്തോ നഷ്ടപ്പെട്ടുപോയെന്ന മുഖഭാവം അയാൾക്കുണ്ടായിരുന്നു.
കുഴിഞ്ഞ കണ്ണുകളും വിളറിയ കപോലങ്ങളും അയാൾക്കുണ്ടായിരുന്നു. 
കടയിലേക്ക് വരുന്ന ഓരോരുത്തരെയും അയാൾ അശ്രദ്ധമായ കണ്ണുകളോടെ നിരീക്ഷിക്കുന്നതായി തോന്നി.
വൃദ്ധൻ ഒരു അപരിചിതനെ കണ്ടിട്ടായിരിക്കണം, എന്നെ തുറിച്ചുനോക്കി. അയാളുടെ തുളച്ചുകയറുന്ന നോട്ടം എന്നെ ഒരളവിൽ അസ്വസ്ഥനാക്കി.
“എന്തിനാണയാൾ എന്നെ ഇങ്ങനെ നോക്കുന്നത്?”
എനിക്ക് അല്പം ഭയം തോന്നി. പക്ഷേ ഞാനയാളെ അവഗണിക്കുന്നതായി ഭാവിച്ചു. 
പെട്ടെന്ന് അയാൾ ബഞ്ചിൽ നിന്നെഴുനേറ്റു; വേച്ചുവേച്ചു നടന്ന് എന്നെ സമീപിച്ചു. ഗയാനക്കാരുടെ ഇംഗ്ലീഷിൽ വൃദ്ധൻ ചോദിച്ചു.
“നിങ്ങൾ ഇൻഡ്യയിൽ നിന്നും വരുന്ന ആളാണോ?”
“അതേ.”
പെട്ടെന്ന് അയാളുടെ മുഖം പ്രസന്നമായി.
“ഞാൻ രണ്ടാഴ്ചക്കുള്ളിൽ ഇൻഡ്യയിലേയ്ക്ക് മടങ്ങിപ്പോകും.”
ഞാൻ തുടർന്നു പറഞ്ഞു.
പരശുരാം കുശാൽ എന്തോ ചോദിക്കാൻ വാക്കുകൾക്കുവേണ്ടി പരതുന്നതുപോലെ തോന്നി. അവസാനം അയാളുടെ ചുണ്ടുകളിൽ നിന്നും വാക്കുകൾ പുറത്തുവന്നു.
“ഇൻഡ്യയിൽ അയോദ്ധ്യ എന്നൊരു സ്ഥലമുണ്ടോ? നിങ്ങൾ അവിടെ പോയിട്ടുണ്ടോ?”
“അയോദ്ധ്യ എന്നൊരു സ്ഥലമുണ്ട്. പക്ഷേ ഞാൻ അവിടെ പോയിട്ടില്ല. അയോദ്ധ്യയെപ്പറ്റി കേൾക്കാത്ത ഒരു ഇൻഡ്യാക്കാരനും ഉണ്ടെന്നു തോന്നുന്നില്ല.”
ഞാൻ പ്രതിവചിച്ചു.
പരശുരാമിന്റെ അപേക്ഷയെ മാനിച്ച് അവിടെക്കിടന്ന ബഞ്ചിന്റെ രണ്ടറ്റത്തായി ഞങ്ങൾ ഇരുന്നു. പരശുരാം കുശാൽ അയാളുടെ കഥ പറയുവാൻ തുടങ്ങി.

അയോദ്ധ്യയിൽ നിന്ന് ഗയാനയിലേക്ക് പറിച്ചുനടപ്പെട്ട ഒരു കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണ് പരശുരാം കുശാൽ. ഹിന്ദുസ്ഥാനി മാത്രം സംസാരിച്ചിരുന്ന മുത്തച്ഛൻ പരശുരാമിന്റെ സ്മൃതിപഥത്തിലുണ്ട്. അദ്ദേഹത്തിന്റെ പേര് ഗോപാൽറാം കുശാൽ എന്നായിരുന്നു. കൃശഗാത്രനായ ഒരു നീണ്ട മനുഷ്യനായിരുന്നു ഗോപാൽറാം കുശാൽ. ഗോപാൽറാമിന് നരച്ച നീണ്ട താടിമീശയുണ്ടായിരുന്നു. ആ താടിമീശയിൽ പിടിച്ചുവലിച്ചു കളിച്ചത് ഇപ്പോഴും പരശുരാം ഓർക്കുന്നുണ്ട്.
പരശുരാമിന്റെ പിതാവ് കേശവറാം കുശാൽ ജനിച്ചത് ഗയാനയിലാണ്. കേശവറാമും ഹിന്ദുസ്ഥാനി സംസാരിച്ചിരുന്നു. 

അടിമക്കച്ചവടം നടത്തിയിരുന്ന ഒരു ബ്രിട്ടീഷ് കമ്പനിയാണ് ഗോപാൽറാം കുശാലിനെ ഗയാനയിലേയ്ക്ക് കൊണ്ടുവന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണത്. കൃത്യമായ ആണ്ടും തീയതിയും പരശുരാം കുശാലിനറിഞ്ഞുകൂടാ. മുത്തച്ഛൻ ഗോപാൽറാമിന്റെ മസ്തിഷ്ക്കത്തിൽ കല്ലിൽ കൊത്തിവച്ച അക്ഷരങ്ങൾപോലെ എല്ലാ വിവരങ്ങളും ആലേഖനം ചെയ്തിരുന്നു. അച്ഛൻ കേശവറാമിനും കുറേയൊക്ക ചരിത്രമറിയാമായിരുന്നു. അവർ മൺമറഞ്ഞതോടെ കുശാൽ കുടുംബത്തിന്റെ ചരിത്രവും മിക്കവാറും അപ്രത്യക്ഷമായി. എന്നാൽ പരശുരാം കുശാലിന്റെ അന്തരംഗത്തിൽ അണയാത്ത ഒരു ഭദ്രദീപം കൊളുത്തിയിട്ടാണ് പിതാക്കന്മാർ കടന്നുപോയത്. ആ ദീപമായിരുന്നു ഒരിക്കലും ദർശിച്ചിട്ടില്ലാത്ത അയോദ്ധ്യ എന്ന പിതൃനഗരത്തെക്കുറിച്ചുള്ള ആവേശവും അഭിമാനവും. മുത്തച്ഛൻ ഗോപാൽറാം പറഞ്ഞുകൊടുത്ത നിരവധി കഥകൾ സൂക്ഷിക്കുന്ന അവസാനത്തെ നിലവറയായിരുന്നു പരശുരാം കുശാലിന്റെ ഹൃദയം. 
ഗയാനയിലെ കരിമ്പിൻതോട്ടങ്ങളിലും നെല്പാടങ്ങളിലും കൃഷിചെയ്യാൻ ബ്രിട്ടീഷുകാരായ യജമാനന്മാർ ഇൻഡ്യയിൽ നിന്നും ഇറക്കുമതി ചെയ്ത ആയിരക്കണക്കിന് അടിമത്തൊഴിലാളികളിൽ ഒരാളായിരുന്നു ഗോപാൽറാം കുശാൽ. 
അവരിൽ ഹിന്ദുസ്ഥാനിക്കാരും തമിഴ് പേശുന്നവരും ബോജ്പുരി ഭാഷ സംസാരിക്കുന്നവരും ഉണ്ടായിരുന്നു. സന്താളികളും ബംഗാളികളും അട്ടഹസിക്കുന്നവരും വിതുമ്പുന്നവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കീറിപ്പറിഞ്ഞ ചേലയുടുത്ത സ്ത്രീകളും മുഷിഞ്ഞ ചേലത്തുമ്പുകൊണ്ട് മാറിടം മറച്ച യുവതികളും അക്കൂട്ടത്തിലുണ്ടായിരുന്നു. ഒരു തുണിക്കഷണംകൊണ്ട് നഗ്നത മറച്ച പുരുഷന്മാരും ക൱പീനധാരികളായ കുട്ടികളും അക്കൂട്ടത്തിലുണ്ടായിരുന്നു.

ചിറ്റഗോംഗ് തുറമുഖത്തുനിന്നും കപ്പൽകയറിയപ്പോൾ എല്ലാവരുടെയും കണ്ണുകളിൽ ഭയം നിഴലിച്ചിരുന്നു. ചിലർ തേങ്ങിക്കരഞ്ഞു. ചിലർ നിലവിളിച്ചു. ഓരോ ഹൃദയത്തിലും ഓരോ സ്വപ്നങ്ങൾ ഉണ്ടായിരുന്നു. കെട്ടുപ്രായം കടന്നുനില്ക്കുന്ന പഞ്ചമിക്ക് നല്കേണ്ട മഞ്ഞലോഹത്തിന്റെ പ്രഭയായിരുന്നു തഞ്ചാവൂർകാരി മാരിയമ്മാളിന്റെ മനസ്സിൽ. മലയായിലെ തേയിലത്തോട്ടത്തിൽ കൊളുന്തുനുള്ളാനാണ് അവൾ കപ്പൽകയറിയത്. 
“ഏറിയാൽ ആറുമാസം. അതു കഴിഞ്ഞാൽ ഞാൻ പോയതുപോലെ മടങ്ങിവരും. നിന്റെ മംഗല്യത്തിന് ആവശ്യത്തിലധികം പൊന്നുമായി ഞാൻ തിരിച്ചുവരും.”
“ആറുമാസം. ഇതാ പോയി.”
അരികത്തുനിന്നിരുന്ന മുത്തുസ്വാമി കൈനൊടിച്ചുകൊണ്ടു പറഞ്ഞു. അയാളായിരുന്നു മാരിയമ്മയെ ‘മലയാ’യിലേക്ക് റിക്രൂട്ടു ചെയ്ത ബ്രിട്ടീഷ് കമ്പനിയുടെ തഞ്ചാവൂരിലെ ദല്ലാൾ. മുത്തുസ്വാമിയെ മേസ്ത്രി എന്നാണ് തഞ്ചാവൂരിലെ ആളുകൾ വിളിച്ചിരുന്നത്.
ഗയാനയിലെ ഗോതമ്പുവയലേലകളിലും കരിമ്പിൻതോട്ടങ്ങളിലും കൃഷിചെയ്ത് ആവശ്യത്തിലധികം പണമുണ്ടാക്കാനാണ് ഗോപാൽറാം കുശാൽ കപ്പൽ കയറിയത്. അയാൾക്ക് കൃഷിയുടെ എല്ലാ വശങ്ങളുമറിയാം. ജഗദീഷ് ബാബു പ്രസാദിന്റെ കരിമ്പിൻതോട്ടങ്ങളിലും  വയലേലകളിലും പണിചെയ്ത് ഉറച്ച മസിലുകൾ നേടിയെടുത്ത തൊഴിലാളിയാണ് യുവത്വത്തിലേക്ക് പദമൂന്നിയ ഗോപാൽറാം കുശാൽ. അയോദ്ധ്യയിലെ ഒരു ജന്മിയാണ് ജഗദീഷ് ബാബു പ്രസാദ്. 
“എവിടെയാണ് ഗയാന?”
അയാൾ ദല്ലാളിനോട് ചോദിച്ചു.
“മലയായുടെ ഒരു ഭാഗം തന്നെയല്ലേ ഗയാന?”
“എത്ര ദിവസംകൊണ്ട് ഗയാനയിലെത്തും?”
“ഏറിയാൽ ഒരാഴ്ച.”
ഗോപാൽറാം കുശാൽ ദല്ലാളിനെ വിശ്വസിച്ചു. അയാളുടെ കൈവശമുണ്ടായിരുന്ന ചില കടലാസ്സുതാളുകളിൽ വിരലടയാളം പതിച്ചുകൊടുക്കുകയും ചെയ്തു. അയാളെ അവിശ്വസിക്കേണ്ട കാര്യമൊന്നുമുണ്ടായിരുന്നില്ല.
എന്നാൽ കപ്പൽയാത്ര ദിവസങ്ങളോ ആഴ്ചകളോകൊണ്ട് അവസാനിച്ചില്ല. ആഴ്ചകൾ മാസങ്ങളായി മാറിയപ്പോൾ അവരുടെ ഹൃദയത്തിൽ വെള്ളിടി വെട്ടാൻ തുടങ്ങി. ചതിക്കപ്പെട്ടോ എന്ന സംശയം അവരിൽ അങ്കുരിച്ചു. ഭയത്തോടും വിറയലോടുംകൂടി അവർ മാസങ്ങൾ തള്ളിനീക്കി. അവരുടെ കണ്ണുനീരും നിലവിളിയും ക്രൂരന്മാരായ കപ്പൽജോലിക്കാർ പരിഹസിച്ചു തള്ളി. കടലിലെ കോടക്കാറ്റും വൃത്തിഹീനമായ സാഹചര്യങ്ങളും ഭക്ഷ്ണക്കുറവും പലരെയും രോഗികളാക്കി. രണ്ടുപേർ കപ്പലിൽവച്ചുതന്നെ മരണപ്പെട്ടു. അവരുടെ മൃതശരീരങ്ങൾ കപ്പൽജോലിക്കാർ നിർദ്ദയം കടലിലേക്ക് വലിച്ചെറിഞ്ഞു. 
“എന്റെ പെരുംകോവിലപ്പാ, തുണയ്ക്കണേ.” 
മാരിയമ്മാൾ ഹൃദയം നൊന്തു പ്രാർത്ഥിച്ചു.
“ഹരേ റാം, ഹരേ റാം.”
ഗോപാൽറാം കുശാൽ ഉച്ചത്തിൽ വിളിച്ചുപോയി.
അതുകേട്ട് രണ്ടുമൂന്ന് ബോജ്പുരി യുവാക്കന്മാരും ഉറക്കെ വിളിച്ചു.
“ഹരേ റാം, ഹരേ റാം.”
കപ്പലിൽ ശബ്ദമുണ്ടാക്കിയത് കപ്പലിന്റെ യജമാനന്മാർക്ക് രസിച്ചില്ല. അവർ പെട്ടെന്ന് കടന്നുവന്നു. അവരുടെ കൈകളിൽ ചാട്ടവാറുണ്ടായിരുന്നു. അവർ ഉച്ചത്തിൽ എന്തൊക്കെയോ ചീത്തവിളിച്ചു.
“ബഹളമുണ്ടാക്കിയാൽ എല്ലാത്തിനെയും ജീവനോടെ കടലിൽ തള്ളും”
അവർ ഗർജ്ജിച്ചു. അടിമക്കൂട്ടം മാർജ്ജാരനെ കണ്ട മൂഷികനെപ്പോലെ വിറച്ചു.
ഇംഗ്ലീഷിലായതിനാൽ കപ്പലിലെ അടിമകൾക്ക് അവർ പറഞ്ഞതെല്ലാം  മനസ്സിലായില്ല. എന്നാലും സംഗതി അത്ര പന്തിയല്ലെന്ന് അടിമകൾക്ക് ഊഹിക്കുവാൻ കഴിഞ്ഞു.
“പെരുംകോവിലിന്റെ പക്കത്തിൽ മേയുന്ന കാലിക്കൂട്ടങ്ങൾ എത്ര ഭാഗ്യമുള്ളവരാണ്.” മാരിയമ്മാൾ മനസ്സിലോർത്തു.

രണ്ടുമാസം നീണ്ടുനിന്ന ക്ലേശകരമായ യാത്രയ്ക്കുശേഷം ‘സ്വാതന്ത്ര്യം’ എന്നു നാമകരണം ചെയ്യപ്പെട്ട കപ്പൽ തെക്കേ അമേരിക്കൻ തീരത്തെത്തി. കപ്പലിന്റെ യജമാനന്മാർ ഗയാനയിലെ യജമാനന്മാർക്ക് ചരക്ക് കൈമാറി. ഗയാനയിലെ ചുവന്ന മണ്ണ് അവരെ സ്വാഗതം ചെയ്തു. ആ മണ്ണിൽ ലയിച്ചുചേരാൻ വിധിക്കപ്പെട്ട ഹതഭാഗ്യരാണ് തങ്ങളെന്ന ബോധ്യം അപ്പോഴും അവർക്കുണ്ടായിരുന്നില്ല. അയോദ്ധ്യയും തഞ്ചാവൂരും പൂർണിയായും അവരുടെ ഹൃദയത്തിൽ നീറിക്കൊണ്ടിരുന്ന ഉമിക്കനലായി മാറി.
ജോർജ്ടൌൺ തുറമുഖത്തിൽ കപ്പലിന്റെ യജമാനന്മാരുടെ മദിരോത്സവം ഒരാഴ്ച നീണ്ടുനിന്നു. ഇതിനിടെ സെന്റ് ജോർജ് പള്ളിയിൽ പോയി കുമ്പസരിക്കാനും അവർ മറന്നില്ല. 
“അടിമകൾ മൃഗങ്ങൾ മാത്രമാണ്. അവർക്ക് ആത്മാവില്ല” എന്ന പുരോഹിതവർഗ്ഗത്തിന്റെ ഉപദേശത്തിൽ അവർ പാപക്കറകൾ കഴുകിക്കളഞ്ഞു. 
മദിരോത്സവത്തിനുശേഷം ‘സ്വാതന്ത്ര്യം’ ജോർജ്ടൌൺ തുറമുഖത്തുനിന്നും ഡെമിറാറ നദിയിലൂടെ അറ്റ്ലാന്റിക്കിലേക്ക് നീങ്ങി. വാണിജ്യവാതങ്ങൾ അനുകൂലമായതുകൊണ്ട് ‘സ്വാതന്ത്ര്യം’ പൂർവ്വദിശയിലേക്കു അതിവേഗത്തിൽ പ്രയാണം തുടങ്ങി. ആഫ്രിക്കയിൽ നിന്നോ ഇൻഡ്യയിൽ നിന്നോ അടുത്ത ഒരുപറ്റം ആത്മാവില്ലാത്ത ഉരുക്കളെ തെക്കേ അമേരിക്കയിലോ വടക്കേ അമേരിക്കയിലോ കടത്തിയാൽ സ്വർണ്ണത്തിന്റെ വിലകിട്ടും. കറുത്ത സ്വർണ്ണമാണ് അടിമകൾ.

ഗയാനയിലെ നെൽവയലുകളിലും കരിമ്പിൻതോട്ടങ്ങളിലും അടിമകളുടെ കണ്ണുനീരും വിയർപ്പും വീണു. ഗയാനയുടെ ചുവന്നമണ്ണിൽ ഉപ്പുരസം കലർന്നു. നെല്പാടങ്ങളും കരിമ്പിൻതോട്ടങ്ങളും ആർത്തുല്ലസിക്കാൻ തുടങ്ങി. 
ആർത്തുവളരുന്ന കരിമ്പുചെടികളുടെ മറവിലും നെൽവയലേലകളുടെ നീർച്ചാലുകളിലും ഭീതിദമായ നിഴലുകൾ ഒളിച്ചിരുന്നു. ആ നിഴലുകൾക്ക് പിരിച്ച കൊമ്പൻമീശയും കൈകളിൽ ചാട്ടവാറുമുണ്ടായിരുന്നു. ആ നിഴലുകൾ ഇരുണ്ട ബോജ്പുരി തരുണിയുടെ മേൽ പതിച്ചു. കൂടുതൽ ഇരുണ്ട നിറമുള്ള തഞ്ചാവൂർക്കാരിയുടെ മേലും ആ നിഴലുകൾ വീണു. തഞ്ചാവൂർരക്തവും ബോജ്പുരിരക്തവും വീണ് ഗയാനയുടെ ചുവന്ന മണ്ണ് കൂടുതൽ ചുവന്നു.
ശരത്ക്കാലസന്ധ്യകളിലും ഹേമന്തരാവുകളിലും തണുപ്പിൽ നിന്നും രക്ഷപ്പെടാൻ അടിമകൾ ആഴികൾ കൂട്ടി. ആഴിക്കു ചുറ്റുമിരുന്ന് ഗോപാൽറാമും കൂട്ടരും പഴങ്കഥകൾ കുട്ടികൾക്കും പേരക്കുട്ടികൾക്കും പറഞ്ഞുകൊടുത്തു. ജീവിതാനുഭവങ്ങളുടെ കയ്പുചാറിൽ മുക്കിയ കഥകളായിരുന്നവ. ആ കഥകൾ കേട്ട് അവർ സ്വപ്നങ്ങൾ നെയ്തു. കുട്ടികൾ ആഴിക്കുചുറ്റും ആടുകയും പാടുകയും ചെയ്തു.

“ഗംഗാദേവി, അയോദ്ധ്യാമാതാവേ
നിങ്ങൾ എത്ര കാതം അകലെയാണ്!
ആ പുണ്യഭൂമിയിലെ സോദരരേ
ഞങ്ങൾ വരുന്നുണ്ട്, വേനൽമഴയ്ക്കു മുമ്പേ.

സരയൂനദിയും ശാരദാപ്രവാഹവും
അവിടെ സമ്മേളിക്കുന്നു, ആ പുണ്യഭൂമിയിൽ
സ൱ന്ദര്യവും തേജസ്സും അവിടെ നൃത്തമാടുന്നു
ഞങ്ങൾ വരുന്നുണ്ട്, വേനൽമഴയ്ക്കു മുമ്പേ.

ഞങ്ങൾക്കൊരു കഷണം മാമ്പഴപ്പൂൾ
സ്നേഹത്തിൽ മുക്കിയെടുത്ത ഒരപ്പക്കഷണം
ഹൃത്തിന്റെ ചിരട്ടക്കുമ്പിളിൽ മാറ്റിവയ്ക്കൂ
ഞങ്ങൾ വരുന്നുണ്ട്, വേനൽമഴയ്ക്കു മുമ്പേ.

സുരിരാമിലെ സോദരരേ, നിങ്ങൾ വരുന്നില്ലേ?
ശ്രീരാമചന്ദ്രന്റെ നാട്ടിലേക്ക്, അയോദ്ധ്യയിലേക്ക്
പറകൊട്ടിപ്പാടുക, കുഴലൂതി നൃത്തമാടുക
ഞങ്ങൾ പോകുന്നു, വേനൽമഴയ്ക്കു മുന്നേ.

ഗംഗാദേവീ ഞങ്ങളുടെ ഹൃത്തിനെ നനയ്ക്കൂ
ഞങ്ങളുടെ പാപക്കറകളെ കഴുകിക്കളയാൻ
ഞങ്ങൾ വരുന്നുണ്ട്, അമ്പേറ്റ ഹൃദയവുമായി
വേനൽമഴയ്ക്കു മുമ്പേ ഞങ്ങളെത്തും.

ഗയാനയിൽ വേനൽമഴകൾ വന്നു, പോയി നിരവധി തവണ. ഡെമിറാറനദിയുടെ ഡെൽറ്റകളിൽ പാഴ്ച്ചെടികൾ വളർന്നുപൊങ്ങി പല തവണ. ഡെമിറാറയുടെ സംഹാരതാണ്ഡവത്തിൽ പാഴ്ച്ചെടികൾ ഒലിച്ചുപോയി. പ്രളയകാലത്ത് ഡെമിറാറ സംഹാരരുദ്രയായി ഒഴുകും. ശരത്ക്കാലസന്ധ്യകളിൽ അവൾ  ഒരു മാൻപേടയെപ്പോലെ ശാന്തയാകും. അടിമകൾ അവളെ യമുനയായും കാവേരിയായും സങ്കല്പിച്ച് അവളുടെ മണൽത്തിട്ടകളിൽ പിതൃതർപ്പണം നടത്തി. ഗംഗയും അയോദ്ധ്യയും സ്വപ്നങ്ങൾ മാത്രമായി അവശേഷിച്ചു. 
..
കുത്തിനിറച്ച അടിമക്കപ്പലുകൾ പൂർവ്വദേശത്തുനിന്നും വന്നുകൊണ്ടേയിരുന്നു. കപ്പലുകൾ വരുമ്പോൾ ഗയാനയിലെ തുറമുഖങ്ങൾ കാളച്ചന്തകൾ പോലെ സജീവമാകും. അവിടെ ബോജ്പുരിയും തമിഴും ഉയർന്നുകേൾക്കും. ഉരുക്കളുടെ ശബ്ദകോലാഹലങ്ങളിൽ അസ്വസ്ഥരാകുന്ന യജമാനന്മാർ ചാട്ടവാർ ചുഴറ്റി ഗർജ്ജിക്കും.
“വായടയ്ക്കൂ, ശബ്ദിച്ചാൽ കൊന്നുകളയും.”

പുതിയ ഉരുക്കളെ കാണാൻ, വിലപേശി വാങ്ങാൻ യജമാനന്മാർ എത്തി. വയലേലകളുടെയും തോട്ടങ്ങളുടെയും ഉടമസ്ഥരായിരുന്നു അവർ. പലരും കുതിരപ്പുറത്താണ് വന്നത്. അവരുടെ കൈകളിലും തുകൽപ്പട്ട കെട്ടിയ ചാട്ടവാറുണ്ടായിരുന്നു. കാൽമുട്ടുവരെ നീണ്ട ബൂട്ടുകളും അരയിൽ തുപ്പാക്കിയും അവർ ധരിച്ചിരുന്നു. ചുണ്ടിൽ പുകയുന്ന പൈപ്പും പിരിച്ച കൊമ്പൻമീശയും അവർക്കുണ്ടായിരുന്നു. അവർ ഉരുക്കളെ വിടലച്ചിരിയോടെ തട്ടിയും മുട്ടിയും നോക്കി, വിലപേശി വാങ്ങി. 
മുത്തച്ഛന്റെ വാക്കുകൾ ഒരു ലാവാപ്രവാഹം പോലെ പരശുരാം കുശാലിന്റെ കരളിലേക്ക് ഒഴുകിക്കൊണ്ടിരുന്നു
“പുതിയ യജമാനന്മാർ ഉരുക്കളെ കുതിരലായങ്ങളിലാണ് പാർപ്പിച്ചത്. ഞങ്ങളുടെ കൺമുമ്പിൽവച്ച് പെൺകുട്ടികൾ അപമാനിക്കപ്പെട്ടു. കണ്ണിൽ ചോരയില്ലാത്ത യജമാനന്മാർ ഞങ്ങളുടെ കുടുംബങ്ങളെ നശിപ്പിച്ചു. അവർ ഞങ്ങളുടെ സംസ്ക്കാരത്തെയും ഭാഷയെയും നശിപ്പിച്ചു. എന്തിനേറെപ്പറയുന്നു, കൂട്ടം കൂടുന്നതും ഹിന്ദുസ്ഥാനി സംസാരിക്കുന്നതുപോലും നിരോധിക്കപ്പെട്ടു. ഭാഷയുടെ നാശം സംസ്ക്കാരത്തിന്റെ നാശമായിരിക്കുമെന്ന് നിഷ്ഠൂരന്മാരായ യജമാനന്മാർ കണക്കുകൂട്ടി.” 
“ഗയാനയിൽ ഒരു ശിപായിലഹള നടക്കുവാൻ പാടില്ല.”
യജമാനന്മാർ പരസ്പരം പറയുന്നത് ഗോപാൽറാം കുശാൽ ഒരിക്കൽ കേട്ടു.
ഭാരതത്തിന്റെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ തെക്കേ അമേരിക്കാ വരെ കടന്നുവന്നിരിക്കുന്നു.

പരശുരാം കുശാലിന്റെ വീട് ഗ്രോഷറിക്കടയിൽ നിന്ന് ഒരു വിളിപ്പാട് മാത്രം അകലെയായിരുന്നു. പരശുരാം എന്നെ അയാളുടെ വീട്ടിലേക്ക് ക്ഷണിച്ചു. പിറ്റേദിവസം രാവിലെ ഞാൻ അയാളുടെ വീട്ടിലേക്ക് ചെന്നു.
വീടെന്നു പറഞ്ഞുകൂടാ, കുടിലെന്നും പറഞ്ഞുകൂാ, തടികൊണ്ടുണ്ടാക്കിയ ഒരു ഏറുമാടമായിരുന്നത്. നാല് തടിത്തൂണുകളിലാണ് അത് സ്ഥാപിച്ചിരുന്നത്. തറനിരപ്പിൽനിന്നും നാലഞ്ചടി പൊക്കമുണ്ടായിരുന്നു മരത്തൂണുകൾക്ക്. ഗയാന പ്രളയബാധിതപ്രദേശമാണ്. പ്രാകൃതമായ ഒരു കോണിപ്പടിയിലൂടെയാണ് ഏറുമാടത്തിലേക്കു പ്രവേശിക്കേണ്ടത്. സൂക്ഷിച്ചില്ലെങ്കിൽ തെന്നിവീഴാൻ സാദ്ധ്യതയുണ്ട്.
പരശുരാം എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. മുറിയുടെ മൂലയിൽ ഒഴിഞ്ഞ ബിയർകുപ്പികളുടെ ഒരു കൂമ്പാരം തന്നെയുണ്ടായിരുന്നു. മെലിഞ്ഞ് വൃദ്ധനായൊരു നായയായിരുന്നു പരശുരാമിന്റെ കൂട്ടുകാരൻ. അവന്റെ കണ്ണുകളിൽനിന്ന് സദാ കണ്ണുനീർ നിർഗ്ഗമിച്ചുകൊണ്ടിരുന്നു. നായയ്ക്ക് എന്റെ സന്ദർശനം ഇഷ്ടപ്പെട്ടില്ലെന്നു തോന്നി. അവൻ എന്നെ നോക്കി മുറുമുറുത്തു. നായ ഏതുസമയത്തും എന്നെ ആക്രമിച്ചേക്കാമെന്ന് ഞാൻ ഭയപ്പെട്ടു.
“രവി, അടങ്ങ്. നമ്മുടെ ആളാണ്. അയോദ്ധ്യയിൽ നിന്നും വന്നയാളാണ്.”
പരശുരാം നായയുടെ തലയിൽ തലോടി പറഞ്ഞു. അപ്പോൾ പരശുരാം രവിയോടും അയോദ്ധ്യയുടെ കഥകൾ പറഞ്ഞുകൊടുത്തിരിക്കുന്നു. അവന്റെ ഒഴുകുന്ന കണ്ണുകളിലും മോഹഭംഗങ്ങളുണ്ടോ? സ്വപ്നങ്ങളുണ്ടോ?
ഗയാനയിലെ ഐവോക്രാമാ മഴക്കാടുകൾ അധികമകലെയല്ലെന്ന് പരശുരാം  പറഞ്ഞു. നാലോ അഞ്ചോ നാഴിക മാത്രം. ചിലദിവസങ്ങളിൽ അയാൾ ആ മഴക്കാടുകളിലേക്ക് ഭയചകിതനായ ഒരു മുയലിനെപ്പോലെ ഓടിപ്പോകുമത്രേ.
വനത്തിന്റെ ഏകാന്തതയിൽ അയാൾ വിളിച്ചുകൂവുമത്രേ.
“അയോദ്ധ്യാ, അയോദ്ധ്യാ.”
പരശുരാം കുശാൽ എന്നോടൊരുകാര്യം അപേക്ഷിച്ചു.
“സാം, നിങ്ങൾ ഇൻഡ്യയിൽ തിരിച്ചുചെല്ലുമ്പോൾ എനിക്കുവേണ്ടി അയോദ്ധ്യാവരെ പോകാമോ? അവിടെ ഒരു കുശാൽ കുടുബത്തെ കണ്ടെത്താൻ ശ്രമിക്കാമോ? കണ്ടെത്തിയാൽ ഏഴു കടലുകൾക്കപ്പുറത്ത് ഗയാനയിലെ ഇരുളടഞ്ഞ വനത്തിനുള്ളിൽ ‘അയോദ്ധ്യാ, അയോദ്ധ്യാ’എന്ന് അലറിവിളിച്ചു നടക്കുന്ന ഒരു ഭ്രാന്തനുണ്ടെന്ന് അവരോട് പറയാമോ?”
പരശുരാം അല്പം വിവരംകൂടി നല്കി.
“കുശാലന്മാർ ക്ഷത്രിയരാണ്, രണശൂരന്മാരാണ്.”
ഒരുപക്ഷേ ആ വിവരം അവരെ കണ്ടെത്താൻ സഹായിച്ചാലോ!
“കുശാൽജി, തെക്കേ ഇൻഡ്യയിലെ ഒരു ഗ്രാമത്തിലാണ് ഞാൻ ജനിച്ചതും വളർന്നതും. അയോദ്ധ്യ ഉൾപ്പടെ ഉത്തരേൻഡ്യൻ നഗരങ്ങളും ഗ്രാമങ്ങളും എനിക്ക് തികച്ചും അപരിചിതമാണ്. എനിക്ക് എന്നെങ്കിലും അയോദ്ധ്യയിൽ പോകുന്നതിന് അവസരം ലഭിച്ചാൽ ഞാൻ തീർച്ചയായും ഒരു കുശാൽ കുടുംബത്തെ കണ്ടത്താൻ ശ്രമിക്കും. പക്ഷേ ഇപ്പോൾ അതിനുള്ള സാദ്ധ്യത തുലോം കുറവാണ്.”
ഞാൻ പറഞ്ഞു. പക്ഷേ എന്റെ ഉത്തരം പരശുരാം കുശാലിനെ തൃപ്തിപ്പടുത്തിയില്ല. അയാൾ കണ്ണുനീർ തുടച്ചു. രവി മുറുമുറുത്തുകൊണ്ടയിരുന്നു. അവന്റെ കണ്ണുകളിൽനിന്നും ജലം നിർഗ്ഗമിച്ചുകൊണ്ടിരുന്നു.
പരശുരാമിനോട് യാത്രപറഞ്ഞിറങ്ങുമ്പോൾ ഞാനയാൾക്ക് ഹസ്തദാനം നല്കി. അയാളുടെ ശോഷിച്ച കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഒരു തുണ്ടുകടലാസ്സ് പരശുരാം എന്നെ ഏല്പിച്ചു. അയാളുടെ പേരും മേൽവിലാസവും അതിൽ കുറിച്ചിരുന്നു. ഞാൻ ഒരു നിധിപോലെ അതെന്റെ വാലറ്റിൽ നിക്ഷേപിച്ചു. 
പെട്ടെന്ന് ഏതാണ്ട് പത്തുവയസ്സുള്ള ഒരു പെൺകുട്ടി പരശുരാമിന്റെ മാടത്തിലേക്ക് കടന്നുവന്നു. അവൾക്ക് ചെമ്പൻമുടിയും ചെമ്പിച്ച കണ്ണുകളുമുണ്ടായിരുന്നു. പരശുരാമിന്റെ പേരക്കുട്ടിയായിരുന്നവൾ. അവളുടെ കൈകളിൽ വൃത്തിഹീനമായ ഒരു തകരപ്പാത്രവും അതിൽ കുറച്ചു കഞ്ഞിയുമുണ്ടായിരുന്നു. ആ കഞ്ഞിയിൽ വറ്റുകൾ കുറവായിരുന്നുവെന്ന് ഞാൻ ശ്രദ്ധിച്ചു.
ആ ഭക്ഷണം അവൾ ആർക്കായിരിക്കാം കൊണ്ടുവന്നത്? 
സദാ കണ്ണീരൊഴുക്കുകയും മുറുമുറുക്കുകയും ചെയ്യുന്ന വൃദ്ധൻനായയ്ക്കാണോ? അതോ മുത്തച്ഛനുള്ള പ്രാതൽ ആയിരിക്കുമോ? ഒരുപക്ഷേ രണ്ടു ജീവികൾക്കുമുള്ള ഒരുദിവസത്തെ റേഷനായിരിക്കാം അവൾ കൊണ്ടുവന്നത്. ബന്ധങ്ങളുടെ കണ്ണികൾ തീർത്തും അറ്റുപോയിട്ടില്ല. അവളുടെ വീട് അധികം ദൂരത്തായിരുന്നില്ല.
പരശുരാം കുശാലിന്റെ ഭവനത്തിനു വെളിയിൽ ഉണങ്ങിയ കരിമ്പിൻ തണ്ടുകളിൽ മൂന്നുപതാകകൾ നാട്ടിയിരുന്നു, ചുവപ്പും നീലയും പച്ചയും നിറമുള്ള പതാകകൾ. ഗയാനയിലെ മിക്ക ഹിന്ദുഭവനങ്ങളുടെയും മുമ്പിൽ പല നിറത്തിലുള്ള പതാകകൾ നാട്ടിയിരിക്കുന്നതു കാണാം. മണ്മറഞ്ഞ പിതാക്കന്മാരുടെ സ്മരണകൾ നിലനിറുത്താനാണ് ഈ പതാകകൾ.
ഒരു പതാക ഗോപാൽറാം കുശാലിനുവേണ്ടി, ഒരെണ്ണം കേശവറാം കുശാലിനുവേണ്ടി, മൂന്നാമത്തേത് അയോദ്ധ്യയിൽ ജനിച്ച്, അയോദ്ധ്യയിൽ അന്തരിച്ച് ഒരുപിടി ഭസ്മമായി ഗംഗാജലത്തിൽ വിലയം പ്രാപിച്ച ഒരു മുതുമുത്തച്ഛന്റെ സ്മരണകൾ നിലനിറുത്താൻ. നിറം മങ്ങിയ പതാകകൾ. 
ആറുമാസം കഴിഞ്ഞ് ഞാൻ അയോദ്ധ്യ സന്ദർശിച്ചു. സരയൂ മഹാകാളി പ്രവാഹങ്ങളുടെ സംഗമം പോലെ നഗരം പ്രക്ഷുബ്ധമായിരുന്നു. പ്രക്ഷുബ്ധനഗരത്തിൽ ഒരു കുശാലനെ കണ്ടെത്താൻ ഞാൻ പരതി. പക്ഷേ ആ ശ്രമത്തിൽ ഞാൻ പരാജയപ്പെട്ടു. അയോദ്ധ്യയിൽ ഞാൻ കണ്ട ഓരോ പ൱രനും രണശൂരനാണെന്ന് എനിക്കു തോന്നി. സരയൂനദിയുടെയും രാം പൈഡി ഘട്ടിന്റെയും ചില മനോഹരചിത്രങ്ങൾ ഞാൻ ക്യാമറായിൽ പകർത്തി. അവ പരശുരാം കുശാലിന് ഗയാനയിലേയ്ക്ക് അയച്ചുകൊടുത്തു. മറുപടിക്കായി ഞാൻ കാത്തിരുന്നു. പക്ഷേ നിരാശയായിരുന്നു ഫലം.
രണ്ടുവർഷം കഴിഞ്ഞ് എന്റെ ഒരു സ്നേഹിതൻ ഗയാനാ സന്ദർശിച്ചു. പരശുരാം കുശാൽ തന്ന തുണ്ടുകടലാസ്സ് ഒരു നിധിപോലെ എന്റെ വാലറ്റിൽ സൂക്ഷിക്കപ്പെട്ടിരുന്നു. ഞാനത് അദ്ദേഹത്തെ ഏല്പിച്ചു.
എന്റെ അഭ്യർത്ഥനയെ മാനിച്ച് അദ്ദേഹം പരശുരാം കുശാലിന്റെ ഗ്രാമത്തിലേക്ക് ചെന്നു. ഗ്രോഷറിക്കടയുടെ സമീപത്ത് നാലു മരത്തൂണുകളിൽ സ്ഥാപിച്ചിരുന്ന ഏറുമാടം അന്വേഷിച്ച് അദ്ദേഹം അവിടെയെല്ലാം കറങ്ങിനടന്നു. ഏറുമാടം അവിടെയില്ലായിരുന്നു. അതിന്റെ മരത്തൂണുകളും ഒരുതരിപോലും ശേഷിപ്പിക്കാതെ അപ്രത്യക്ഷമായിരുന്നു.

# Emalayalee Short Story Competition

Join WhatsApp News
Jayan varghese 2023-02-03 17:00:21
കടമിഴികോണുകളിൽ കനം തൂങ്ങി നിൽക്കുന്ന രണ്ടു മിഴിമുത്തുകളുടെ മങ്ങൽകാഴ്ചയിലൂടെയാണ് ഞാനിതു കുറിക്കുന്നത്. കാലാതിവർത്തിയായ കലാകാരന്റെ ദാർശനിക സമസ്യപോലെ, നിറം മങ്ങിയ ചരിത്രത്തിന്റെ കണ്ണീരും നെടുവീർപ്പുകളും സ്വന്തം ജീവിതാനുഭവങ്ങളുടെ ഊത്തുലയിൽ വച്ച് ഉരുക്കിയെടുക്കുന്ന സ്വർണ്ണത്തിളക്കം പോലെ വശ്യ സുന്ദരമായ എഴുത്ത്. സ്വന്തം സ്വപ്നങ്ങളുടെ വിരഹ ഭാണ്ഡങ്ങളും പേറി കണ്ണെത്താത്ത കടലലകൾക്ക് മേലെ പറന്നകലുന്ന ഞാനും നിങ്ങളുമായ പ്രവാസിയുടെ അനുഭവങ്ങൾ എന്നും ഒന്ന് തന്നെയാണ് എന്ന് കഥാകാരൻ തേങ്ങുമ്പോൾ അത് നമ്മൾ പറയാൻ വിട്ടു പോയ ജീവിത പരിച്ഛേദത്തിന്റെ നേർക്കാഴ്ച തന്നെയാണ് എന്നതാണ് സത്യം. ഗൃഹാതുരത്വത്തിന്റെ വളപ്പൊട്ടുകൾ ചേർത്തു വച്ച് ഗംഗയും, കാവേരിയും പെരിയാറും ഒഴുകുന്ന ശാദ്വല ഭൂമികളിലേക്കുള്ള യാത്രയുടെ കാത്തിരിപ്പുകൾ അമേരിക്കൻ മണ്ണിലെ കൊമേഴ്‌സ്യൽ സെമിത്തേരികളിൽ ആരോ കുത്തിനിർത്തിയ സ്മാരക ശിലകളിൽ ഒന്നായി അവശേഷിക്കുമ്പോൾ പ്രിയപ്പെട്ട എഴുത്തുകാരാ, അത്തരം യാഥാർഥ്യങ്ങൾക്ക് അക്ഷര വെളിച്ചം പകരുന്ന നിങ്ങളുടെ പതാകകൾക്ക് നിറം മങ്ങുന്നില്ല നന്ദി. ജയൻ വർഗീസ്.
Samgeev 2023-02-04 01:57:41
Thank you very much Mr. Jayan Varghese for the beautiful and touching comments. Samgeev
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക