HOTCAKEUSA

ഫാ. ജോണ്‍ മേലേപ്പുറം അറുപതിന്റെ നിറവില്‍ : വിശുദ്ധാന്വേഷിയായ പുരോഹിതന്റെ അഗ്നിച്ചിറകുകള്‍ (തുടര്‍ച്ച):

ജോര്‍ജ് നടവയല്‍ Published on 03 August, 2012
ഫാ. ജോണ്‍ മേലേപ്പുറം അറുപതിന്റെ നിറവില്‍ : വിശുദ്ധാന്വേഷിയായ പുരോഹിതന്റെ അഗ്നിച്ചിറകുകള്‍ (തുടര്‍ച്ച):
എല്ലാ ആത്മീയ ഗുരുക്കളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ താത്വികരോ കലാസപര്യ ചര്യ ആക്കിയവരോ ആയിരിക്കും. ആ ജീവിതവൃത്തിയില്‍ ഒട്ടേറെ തിരു മുറിവുകള്‍ അവര്‍ അനുഭവിക്കേണ്ടിയും വരും. ഫാ. ജോണ്‍ മേലേപ്പുറവും ഈ അനുഭവങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നില്ല, അതു കൊണ്ട് ഫാദര്‍ ജോണ്‍ മേലേപ്പുറം പുലര്‍ത്തുന്ന പ്രാര്‍ഥനാ അനുഭവം ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ കുഞ്ഞത്ഭുതങ്ങളുടെ മെഴുതിരി വെട്ടമാകുന്നുണ്ട്.

ഫിലഡല്‍ഫിയാ സീറോ മലബാര്‍ ചര്‍ച്ചിന്റെ പാര്‍ക്കിംഗ് ലോട്ട് പരിമിതികളുടെ ''കീറാമുട്ടി'' ആയിരുന്നു വര്‍ഷങ്ങളോളം. സിറ്റിയുടെയും പരിസ്ഥിതി പ്രശ്‌നങ്ങളുടെയും മലയാളികളല്ലാത്ത അയല്‍ വാസികളുടെയും എതിര്‍പ്പുകള്‍... സാമ്പത്തിക തടസ്സങ്ങള്‍.. രാഷ്ട്രീയ ന്യൂനതകള്‍...ഈ പ്രതിസന്ധികളെ പ്രാര്‍ത്ഥനയിലൂടെ മാറ്റി മറിച്ച് പാര്‍ക്കിംഗ് ലോട്ടിന്റെ സമ്പൂര്‍ണ്ണ വികാസം ഫാ.ജോണ്‍ മേലേപ്പുറത്തിന്റെ നേതൃത്വത്തിലൂടെ സാധിച്ചു.

ഫിലഡല്‍ഫിയയില്‍ 2009ല്‍ നടന്ന എസ്. എം. സി. സി. ദേശീയ ദശവാര്‍ഷികാഘോഷങ്ങള്‍ തൃശ്ശൂര്‍ പൂരത്തിന്റെ പൊലിമയോടെ മികവുറ്റതാക്കുന്നതിന് മുന്നേ പറന്ന പക്ഷിയായിരുന്നു ഫാ.ജോണ്‍ മേലേപ്പുറം.
 
ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ സ്പിരിച്വല്‍ ഡിറക്ടറായി ഫാ. ജോണ്‍ മേലേപ്പുറം 2010 ല്‍ ചുമതലയേറ്റതു മുതല്‍ ഫിലഡല്‍ഫിയയിലെ കേരള കത്തോലിക്കാ വിഭാഗങ്ങളുടെ അത്മായ ഐക്യ വേദിക്ക് കൈവന്ന ഉണര്‍വ് അത്ഭുതാവഹമാണ്. ഈ ലേഖകന് ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ പ്രസിഡന്റായി മേലേപ്പുറത്തു ജോണച്ചനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കൈവന്ന ദൈവാനുഗ്രഹം അനവദ്യ സുരഭിലം. മാര്‍ത്താണ്ഡം രൂപതാ വികാരി ജനറാളായി ഇന്ത്യക്കു പോയ റവ. ഫാ. ജോസഫ് സുന്ദരം (ഫിലഡല്‍ഫിയ സെന്റ് ജൂഡ് സീറോ മലങ്കര കാത്തലിക് ചര്‍ച് മുന്‍വികാര്‍), ഫാ. രാജു സെല്‍വരാജ് പിള്ള (ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡിറക്ടര്‍, ഫിലഡല്‍ഫിയ) എന്നീ വൈദികരുമായി ഒത്തു ചേര്‍ന്ന് ജോണച്ചന്‍ പ്രവര്‍ത്തന നേതൃത്വം നല്‍കിയ നാളുകള്‍ കാത്തലിക് അസ്സോസിയേഷനില്‍ നവ ചൈതന്യത്തിന്റെനാളുകളായി. '' കാത്തലിക് ഹെരിറ്റേജ് ഡേ'' സംഘാടനത്തെ അതീവ പ്രതീക്ഷയോടെ ''ചര്‍ച് സോഷ്യോളജിസ്റ്റുകള്‍'' ഉറ്റു നോക്കി.

ജോണച്ചന്റെ നേതൃത്വത്തില്‍ ഫിലഡല്‍ഫിയാ സീറോ മലബാര്‍ സമൂഹത്തിലെ '' ദമ്പതിമാരില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെ ആദരിച്ച ആഘോഷം'' മേലേപ്പുറത്തച്ചന്റെ കുടുംബ-ഗാര്‍ഹികസഭാ കാഴ്ചപ്പടിന്റെ സൂക്ഷ്മബോധമായി നിലകൊള്ളുന്നു.യൂത്ത് കൊയറിലെ ജനകീയവത്ക്കരണം, ഇംഗ്ലീഷും മലയാളവും ചേരുംപടിചേര്‍ത്തുള്ള ആരാധനാ പുസ്തക പ്രസാധനം (ഡളസ്സ്, മയാമി, ഫിലഡല്‍ ഫിയ എന്നിവിടങ്ങളില്‍) ; ബാല മനസ്സുകളില്‍ വിശുദ്ധരുടെ സന്മാതൃകകള്‍ പതിപ്പിക്കുന്നതിനുഫിലഡല്‍ഫിയയില്‍ നടത്തിയ സെയിന്റ്‌സ് ഡേ പരേഡുകളും വീ ബീ എസ്സും ജോണച്ചനിലെവിദ്യാഭ്യാസ്സ വിചക്ഷകന്‍- കലാകാരന്‍- ധൈര്യ ശാലി അനുവര്‍ത്തിച്ച നടപടികളില്‍ ചിലതു മാത്രം. ഫിലഡല്ഫിയ ഇടവകയിലെ വാര്‍ഡു പ്രവത്തനങ്ങള്‍ക്ക് പുതിയ പ്രവര്‍ത്തന വേഗവും പ്രസരിപ്പും നല്കാന്‍ ജോണച്ചന്റെ നയങ്ങള്‍ ഉതകി.
ദൈവാനുഗൃഹം പൂക്കുന്നനിതാന്ത പ്രസരിപ്പിന്റെ ജോണച്ചച്ചേല് ഇനി പറയുന്ന ദൗത്യങ്ങളിലും തിളങ്ങുന്നു:
 
ഇടവക പെരുന്നാളുകളുടെ ആഘോഷ നേതൃത്വം വാര്‍ഡുകള്‍ക്ക്വിട്ടുകൊടുത്ത് അധികാരവികേന്ദ്രീകരണം നടപ്പാക്കിയ നൂതനത, ഫിലഡല്ഫിയാ ഇടവകയുടെ മേല്‍നോട്ടത്തില്‍ ഡെലവേര്‍, ഹെര്‍ഷി, അപ്പര്‍ഡാര്‍ബി എന്നീ മിഷനുകളുടെ സജീവത്വവും പ്രതിമാസാ കുര്‍ബാനയും, നേരത്തേ തുടങ്ങിയ സൗത്ത് ജേഴ്‌സി മിഷനില്‍ എല്ലാ വാരങ്ങളിലുമുള്ള ദിവ്യ ബലിയും. വൈദിക ദൗത്യത്തിലെസാമൂഹിക പ്രസക്തിയുടെ മാതൃകയായി എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് സാരഥ്യം രണ്ടു തവണ അടുപ്പിച്ച് (ഫലത്തില്‍) ഭംഗിയാക്കാനുള്ള ചുമതലയും ജോണച്ചനില്‍ ഭരമേല്പിക്കപ്പെട്ടു. ഫിലഡല്‍ഫിയയിലെ ഇന്ത്യന്‍ കാത്തലിക് പാരമ്പര്യത്തിന്റെ വഴികാട്ടികളായ കുടിയേറ്റ പൂര്‍വ പിതാക്കളെ ആദരിക്കുന്നതിന് ഐ ഏ സി ഏ യുടെ നേതൃത്വത്തില്‍ നടത്തുന്ന ''പയനിയേഴ്‌സ് റിക്കഗ്നീഷന്‍'' എന്ന ആശയവും ജോണച്ചന്റെ ചിന്താ വനികയിലെ മലരാണ്.

ദൈവം തന്ന കഴിവുകളുടെ സുവിനിയോഗം കൊണ്ട് ഫിലഡല്‍ഫിയാ സീറോ മലബാര്‍ വിശ്വാസി സമൂഹത്തിനുംഎല്ലാ മലയാളികള്‍ക്കും അജപാലക ശുശ്രൂഷ നല്‍കുന്നു ഫാ. ജോണ്‍ മേലേപ്പുറം. സംഘടനകളോടും യുവാക്കളുടെ മലയാള സംസ്‌കാരാഭിമുഖ സ്വഭാവരൂപീകരണത്തോടും ഫാ. ജോണ്‍ മേലേപ്പുറം തുറന്നപിന്തുണ പുലര്‍ത്തുന്നു. ഫിലഡല്‍ഫിയാ സീറോ മലബാര്‍ പള്ളിയിലെ സി. സി. ഡീ. ക്ലാസിന്റെ ഭാഗമായി മലയാളം ക്ലാസുകളും തുടരുന്നു.

ഫിലഡല്‍ഫിയയിലെ സാമൂഹിക സംഘടനകളില്‍ ഇടവകയിലെ വിശ്വാസികള്‍ നന്നായി പ്രവര്‍ത്തിക്കുണ്ടന്നു് എന്ന വ്യക്തമായ തിരിച്ചറിവ് ജോണച്ചന്റെപ്രവര്‍ത്തനങ്ങളിലും പ്രാര്‍ത്ഥനകളിലും മുഴങ്ങുന്നു. സാമൂഹ്യ ജീവിയായ മനുഷ്യന്റെ സാമൂഹിക ചുറ്റുപാടുകള്‍ നന്നാക്കുക എന്നതും ആത്മീയ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. ഇടവക സമൂഹത്തിന്റെ വളര്‍ച്ചയില്‍ ആത്മീയതയും ഭൗതികതയും ഒത്തുചേര്‍ന്നു കുതിക്കണം. അതിന് ദൈവാരാധനയും സാംസ്‌കാരിക- സാമൂഹിക പ്രവര്‍ത്തനങ്ങളും തോളോടു തോള്‍ ചേര്‍ന്നു പോകണം. ഈ ദര്‍ശനം ആവര്‍ത്തിക്കാന്‍ ജോണ്‍ അച്ചന്‍ മടിച്ചിട്ടില്ല.

ഫിലഡല്‍ഫിയയിലെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം, പമ്പ, കല, മാപ്പ്, പിയാനോ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍, ഓര്‍മ്മ, നാട്ടുക്കൂട്ടം, തിരുവല്ലാ അസ്സോസിയേഷന്‍, കോട്ടയം അസ്സോസിയേഷന്‍, ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസ്സോസിയേഷന്‍, ജീസസ് യൂത്ത് മൂവ്‌മെന്റ്, നവയുവാക്കളുടെ സ്‌കൂള്‍ സംഘടനയായ ഇപ്‌കോ, സാഹിത്യകാരന്മാരുടെ ലാന, പത്രക്കാരുടെ പ്രസ് ക്ലബ്, ഭകത സംഘടനകളായ മാതൃ സംഘം, മിഷന്‍ ലീഗ്, എസ്.എം.സി.സി, വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി എന്നിങ്ങനെയുള്ള എല്ലാ സംഘടനകുടെയും പ്രവര്‍ത്തനത്തില്‍ ജോണച്ചന്‍ നന്മ കാണുന്നു.

ഫിലഡല്‍ഫിയയിലെ രാഷ്ടീയ രംഗത്തും മാദ്ധ്യമ പ്രവര്‍ത്തന രംഗത്തും കലാരംഗത്തും ഉത്സാഹപൂര്‍വം കഴിവു തെളിയിക്കുന്ന അജഗണങ്ങളെ ആത്മീയ സാമൂഹിക നന്മകള്‍ കൈവരിക്കാന്‍ ജോണച്ചന്‍ പ്രോത്സാഹിപ്പിക്കുന്നു. ഫിലഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ മുന്‍ചെയര്‍മാന്‍ എന്ന നിലയില്‍ ജോണച്ചന്‍ ഫിലഡല്‍ഫിയയിലെ ഇതര ക്രൈസ്തവ സഭകളുമായി സാഹോദര്യം തുടരുന്നു. മറ്റു ഭാരതീയ മതസ്ഥരുമായും സൗഹൃദം പുലര്‍ത്തുന്നു. അമേരിക്കന്‍ പള്ളികളുമായും നല്ല ആശയ വിനിമയം സ്ഥാപിക്കുന്നു.

അവസരങ്ങളുടെ നാടാണ് അമേരിക്ക എന്നല്ലോ പരക്കെയുള്ള പെരുമ. ഗ്രാമ്യ ജീവിതത്തിന്റെയും കാര്‍ഷിക-ചെറുകിട വ്യവസ്സായ വരുമാനങ്ങളുടെയും കാലഘട്ടത്തെ പിന്തള്ളി ''മള്‍ട്ടിനാഷണല്‍ കോര്‍പ്പറേഷന്‍ മേധാവിത്തത്തിലേക്ക്'' ആഗോളഗ്രാമമായി ലോകം ചെറുതായി. ഇത്തരം ആധുനികതയുടെ ''തലപ്പത്ത്'' അമേരിക്ക നില ഉറപ്പിക്കുന്നഈ നൂറ്റാണ്ടില്‍ പക്ഷേ അവസരങ്ങള്‍ കൊയ്‌തെടുക്കുവാന്‍ '' അവസര വാദമെന്ന'' അരിവാളാണ് സാമാന്യജനം മിക്കപ്പോഴും കൈമുതലാക്കിയിരിക്കുന്നത്. ഭീഷണമായഈ ധര്‍മ വിപര്യയ സന്ധിയില്‍ വൈദികരെയും കത്തോലിക്കാ സഭയേയും കന്യാസ്ത്രീകളേയും അത്മായരെയും പ്രതിച്ഛായാപരമായി വികൃതമായി ചിത്രീകരിക്കുന്നതിനും ''കെണികളില്‍ കുടുക്കുന്നതിനും'', കത്തോലിക്കാ സഭയ്ക്കും മറ്റു ''ലോകാ സമസ്താ സുഖിനോ ഭവന്തൂ തത്വം പഠിപ്പിക്കുന്ന നാനാ മതങ്ങള്‍ക്കും'' എതിരെ വിഷലിബ്ധമായ കുത്സിത പ്രചാരണ വേലകള്‍ തുടരുന്ന ശക്തികള്‍ അതിപ്രബലര്‍. ഈനൂറ്റാണ്ടില്‍ വൈദിക സേവനം ദൗത്യമായി ഏറ്റെടുത്ത് മന:ക്ലേശമില്ലാതെ പൂര്‍ത്തീകരിക്കുവാന്‍ നമൂടെ വൈദിക സഹോദരങ്ങള്‍, ആത്മീയ നേതാക്കള്‍ നന്നേ പാടുപെടേണ്ടിവരുന്നൂ എന്നത് ഹൃദയാലുക്കളായ ഏവര്‍ക്കും ബോദ്ധ്യമുള്ളതാണല്ലോ.ഈ പീഡാസഹനവഴികളില്‍ അടി പതറാതെ മുന്നേറുന്ന മലയാളി വൈദികര്‍ക്ക് അനുകരണീയവഴികാട്ടിയായി ഇതാ ഫിലഡല്‍ഫിയാ സീറോ മലബാര്‍ ചര്‍ച്ചിലെ വികാരി ഫാ. ജോണ്‍ മേലേപ്പുറം ഷഷ്ടിപൂര്‍ത്തിനിറവില്‍.

അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ പൊതുപെരുമാറ്റ രീതികള്‍ കേരളത്തിലേതില്‍ നിന്നും വ്യത്യസ്തമാണ്. ഭൗതിക ജീവിതത്തിലുള്ള സ്വയം പര്യാപ്തത ''താന്‍പോരിമയിലേക്ക്'' നയിക്കുന്നതു മൂലം ''ഹയരാര്‍ക്കി '', ' ലിറ്റര്‍ജി ', ''എത്‌നിക് ലാംഗ്വേജ് '' എന്നീ മൂല്യങ്ങളോടുള്ള സമീപനത്തില്‍ ''വാളെടുത്തവരൊക്കെയും വെളിച്ചപ്പാടുകള്‍'' എന്നതുപോലെ ഒറ്റപ്പെട്ട തുരുത്തുകളെഫോക്കസ് ചെയ്ത് നില മറന്നുള്ള നിലപാടുകളുണ്ടാകുന്നത് സഭാഗാത്രത്തിന് തലവേദന സൃഷ്ടിക്കുന്നു എന്നത് വിരളമല്ല.

പല സംഘടനകള്‍, അവയില്‍ നിന്ന് മിഷനിലേക്കുള്ള പരിണാമം,മിഷനുകള്‍ ഇടവകയായി വളരേണ്ടുന്ന അവസ്ഥ: ഇവയൊക്കെ അമേരിക്കയിലെ സീറോ മലബാര്‍ സഭാ സമൂഹത്തില്‍ ''ഗ്രോയിംഗ് പെയിന്‍'' ഉണ്ടാക്കുന്നു. ദേവാലയത്തിലേയ്ക്കെത്താന്‍ മൈലുകള്‍ അനവധി താണ്ടേണ്ട അകലം, ജീവനജോലിഭാരം, കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുംഎല്ലാ രൂപതകളില്‍നിന്നുമുള്ള വിശ്വാസികള്‍ ഒരു ഇടവകയില്‍ അംഗങ്ങളാകുമ്പോളുള്ളസമീപനങ്ങളിലെ സാധര്‍മ്മ്യ വൈജാത്യങ്ങള്‍, ആരധനാഭാഷയ്ക്ക് മലയാളം വേണമെന്നു വിചാരിക്കുന്ന മദ്ധ്യവയകരും പ്രായമാവരും, ഇംഗ്ലീഷ് വേണം ആരാധനയിലെന്നുവാദിക്കുന്ന തലമുറ, പ്രാര്‍ത്ഥനകളേക്കാള്‍ ''സോഷ്യല്‍ ഗാതറിംഗ്''ന് പ്രാധാന്യം വേണമെന്നുള്ളവര്‍, ബിസ്സിനസ് താത്പര്യങ്ങള്‍, വിശ്വാസ കാര്യങ്ങളിലെ വികല ധാരണകള്‍ എന്നീ പ്രശ്‌നങ്ങളെല്ലാംഅമേരിക്കയിലെ സഭാ നേതൃത്വത്തിലുള്ള വൈദികര്‍ അനുഭവിക്കേണ്ടി വരാറുണ്ട്. ഈ പരീക്ഷണങ്ങളെ അതിജീവിക്കുവാന്‍കഴിയുക എന്നത്പ്രാര്‍ത്ഥനാ നിരതത്വിലൂടെ മാത്രമേ സാധിക്കൂ എന്ന് ആവര്‍ത്തിക്കുന വൈദികനാണ് ഫാ. ജോണ്‍ മേലേപ്പുറം. അതുകൊണ്ടാണ് വൈദികര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന എല്ലാ കുര്‍ബാനയ്ക്കും ശേഷം ഫിലഡല്‍ഫിയ ഇടവകയിലെ വിശ്വാസികള്‍ ആവര്‍ത്തിക്കുന്നത്:

''നിത്യ പുരോഹിതനായ ഈശോ, അങ്ങേ ദാസ്സന്മാരായ വൈദികര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരു ഹൃദയത്തില്‍ അഭയം നല്‍കണമേ. അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസ്സം തോറും എടുക്കുന്ന അവരുടെ പൂശപ്പെട്ട കരങ്ങളെ മലിനമാക്കാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെനാവുകളെ നിര്‍മ്മലമായി കാത്തുകൊള്ളണമേ. ശ്രേഷ്ഠമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയ മുദ്ര പതിപ്പിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ ലോക വസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുകൊള്ളുകയും ചെയ്യണമേ. അങ്ങേ ദിവ്യ സ്‌നേഹംഅവരെ ലോക തന്ത്രങ്ങളില്‍ നിന്ന് സംരക്ഷിക്കട്ടെ. അവരുടെ പ്രയത്‌നങ്ങള്‍ ഫല സമൃദ്ധമായി ഭവിക്കട്ടേ. അവരുടെ ശുശ്രൂഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യ സൗഭാഗ്യത്തിന്റെ മകുടവുമായിത്തീരട്ടേ''എന്ന് പ്രാര്‍ത്ഥിക്കണമെന്ന് ജോണച്ചന്‍ ആഗ്രഹിക്കുന്നു.

രാഷ്ട്രീയ പണ്ഡിതരെന്നു നടിക്കുന്ന രാഷ്ട്രീയ പക്ഷപാതികള്‍ പറയുന്ന ഒരു പല്ലവിയുണ്ട്. ''രാഷ്ട്രീയത്തില്‍ മതം ഇടപെട്ടുകൂടാ'' എന്ന്. ദുര്‍ലാക്കുനിറഞ്ഞ ചോദ്യത്തെ ബൈബിളില്‍ ക്രിസ്തു തോല്പിച്ചപ്പോള്‍ പറഞ്ഞവചനവുമുണ്ട്: ''ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും'' , ഇവ തമ്മില്‍ കൂട്ടി വായിക്കുമ്പോള്‍ പറയാവുന്ന ഒരു നിഗമനം: മതങ്ങള്‍ പഠിപ്പിക്കുന്ന സത്യം, സേവനം, മാനവസ്‌നേഹം, കാരുണ്യം,തത്വദീക്ഷ, ജീവകാരുണ്യം, ഭൂതദയ, ജീവനോടുള്ള ആദരം എന്നിവയൊക്കെ രാഷ്ടീയത്തിലും വഴിവിളക്കുകളായി കൊണ്ടു നടക്കാം, എന്നാല്‍ ആത്മീയ നേതാക്കള്‍ രാഷ്ടീയക്കാരുടെ 'പൊളിട്രിക്‌സ്'- ഡിപ്ലോമസ്സിക്ക് എന്ന പേരില്‍ പോലും അനുവര്‍ത്തിച്ചുകൂടാ; ചാഞ്ഞും ചെരിഞ്ഞും നിലപാടുകളില്‍ വെള്ളം ചേര്‍ത്തു കൂടാ, അവര്‍ ഭൗതികതയുടെപണ്ഡിറ്റുകളല്ല, അവര്‍ ദൈവവചനങ്ങളുടെ ഉച്ചഭാഷിണികളാണ്, മേലേപ്പുറത്ത് ജോണച്ചന്ഈ ആത്മീയ ശോഭഇനിയും ഇനിയുംവര്‍ദ്ധിതമാകട്ടേ; മേലേപ്പുറത്തച്ചന്റെ പ്രയത്‌നങ്ങള്‍ ഫല സമൃദ്ധമായി ഭവിക്കട്ടേ; മേലേപ്പുറത്തച്ചന്റെ ''ശുശ്രൂഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യ സൗഭാഗ്യത്തിന്റെ മകുടവുമായിത്തീരട്ടേ'' എന്ന് സകല അഭ്യുദയകാംക്ഷികള്‍ക്കുമൊപ്പം അനുവാചകരും നേരുന്നു, ഹൃദയംഗമം.

50 വര്‍ഷം മുമ്പേ അമേരിക്കയില്‍ കുടിയേറിയ അമേരിക്കയിലെ മലയാളികള്‍ക്ക് ഭാരതീയ പാരമ്പര്യത്തിന്റെ മേന്മകള്‍ കൈമോശം കാലക്രമത്തില്‍ ഭവിക്കാം; അമേരിക്കന്‍ മലയാളിക്ക് '' സ്വത്വബോധം'' ഓര്‍മ്മിപ്പിക്കുന്ന ക്രാന്ത ദര്‍ശിയായ് ''മേലേപ്പുറം ജോണച്ചന്‍'' എന്ന ഏഴക്ഷരി നവജീവിതവുമായിമുന്നോട്ട് കുതിക്കട്ടേ: ശാന്തിയും ക്രാന്തിയും ഭവിക്കട്ടേ...
നന്മയിലേക്ക് വഴിവിളക്കു തെളിക്കുന്ന ഏതൊരാളുടെയും നെഞ്ചിലെ തീയ് ''തിരുഹൃദയത്തിന്റെ'' സ്‌നേഹ ജ്വാലയാണ്.

മാനുഷന്റെ അമാനുഷപ്രതീക്ഷകള്‍ക്കു കൊളുത്തുന്ന ഏതൊരു അഗ്നിച്ചിറകിന്റെയും ഊര്‍ജ്ജം കോടാനുകോടി പുണ്യകര്‍മ്മങ്ങളുടെ എണ്ണപ്പാടത്തില്‍ നിന്നുള്ള അതിസൂക്ഷ്മ കൃപാധാരയാണ്.
ദൈവ പ്രീതിക്ക് തനുവും മനവും തൊഴുകൈയ്യാക്കുന്ന ഏതൊരുവന്റെയും തീര്‍ത്ഥാടനപ്പടവുകളില്‍ സ്വന്തം ജീവിതബലിച്ചോര വേനല്‍മഴ പോലെ കരുണാര്‍ദ്രമായി ഒഴുകുന്നു.

വിധവയുടെ കൊച്ചു കാശു പോലെ സഹനങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയും പ്രാര്‍ത്ഥനകളിലൂടെയും നിഷ്ഠകളിലൂടെയും സ്വരൂപിക്കുന്ന വരങ്ങളുടെ കരുതല്‍ ഭണ്ഡാഗാരത്തില്‍ നിന്നാണ് അനുഗ്രഹങ്ങള്‍ ഏതൊരു ഗുരുയോഗിയും (വൈദികര്‍) അനുഗ്രഹദാനാര്‍ത്ഥികള്‍ക്ക് പ്രദാനം ചെയ്യുന്നത്.

വൈദികര്‍ (ഗുരുക്കള്‍) ഒരോ അനുഗ്രഹാര്‍ത്ഥിയുടെയും ശിരസ്സില്‍ കൈവച്ച് അനുഗ്രഹം പ്രാര്‍ത്ഥനാപൂര്‍വ്വം ദാനം ചെയ്യുമ്പോള്‍ കരുതല്‍ ശേഖരത്തില്‍ അനുഗ്രഹോര്‍ജ്ജം വീണ്ടും നിറയ്ക്കാനുള്ള പുണ്യകര്‍മ്മങ്ങള്‍ആ വൈദികര്‍ അനുഷ്ഠിക്കേണ്ടതുണ്ട്.

വൈദികന് (ഗുരുവിന്) നിഷ്ഠാധിഷ്ഠിതമായ ജീവിതചര്യകള്‍ ഒന്നൊന്നിനു മെച്ചമായി തുടരാന്‍പ്രാപ്തിയും സൈ്വര്യവും ശാന്തതയുംലഭിച്ചാല്‍ മാത്രമേ അനുഗ്രഹം സഞ്ചിതമാക്കാനുള തുടര്‍ശേഷി സംലഭ്യമാകയുള്ളൂ.
 
അനുഗ്രഹശേഖകരും അനുഗ്രഹദായികളുമായ വൈദികരെ പരാജയപ്പെടുത്തുവാന്‍ ഈശ്വരനു വിപരീതമായ ശക്തികള്‍ തെരുവു സംസ്‌കാരവുമായി ആരിലൂടെയെങ്കിലും ശല്യം ചെയ്തുകൊണ്ടിരുന്നാല്‍ അനുഗ്രഹം തേനീച്ചകളെ പോലെ ശേഖരിച്ച് അനുഗ്രഹാര്‍ത്ഥികള്‍ക്ക് നല്‍കാനുള്ള തപശ്ശേഷിക്ക് ആ വൈദികര്‍ (ഗുരുക്കള്‍) നന്നേ വിഷമിക്കും എന്നതാണ് വാസ്തവം.

പ്രേഷിത ദൗത്യത്തിന്റെയും സാമൂഹിക പരിഷ്‌ക്കരണത്തിന്റെയും അദ്ധ്യാപന-അജപാലന ദൗത്യത്തിന്റെയും 'നല്ലിടയക്കടമകളില്‍' നിന്ന് അണുവിട പോലും എന്തെതിര്‍പ്പിലും വ്യതിചലിക്കാതിരിക്കാന്‍ അപാരമായ ഗുരുത്വം വേണം.

ഇവയെല്ലാം ഒരുമിച്ച് ആത്മനിധിയായുണ്ടെന്ന് ഒരോ മേഖലയിലും തെളിയിക്കാനായ 34 വര്‍ഷത്തെ പൗരോഹിത്യമാണ് ''ജോണ്‍ മേലേപ്പുറത്തച്ചന്‍'' എന്ന സപ്താക്ഷരി കുറിക്കുന്നത്.

ഫാ. ജോണ്‍ മേലേപ്പുറം എന്ന വിശുദ്ധാന്വേഷിയായ പുരോഹിതന്റെ പുണ്യാടന വഴികളിലെ പാദമുദ്രകള്‍ പതിഞ്ഞ പുണ്യ രേണുക്കളിലെ ശില്പാലേഖനങ്ങള്‍ മേല്പറഞ്ഞവ തന്നെ.
ഫാ. ജോണ്‍ മേലേപ്പുറം അറുപതിന്റെ നിറവില്‍ : വിശുദ്ധാന്വേഷിയായ പുരോഹിതന്റെ അഗ്നിച്ചിറകുകള്‍ (തുടര്‍ച്ച):
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക