Image

ഇന്ധന സെസ്സ് : ഇ.പി ഉണ്ടാക്കുന്ന കണ്‍ഫ്യൂഷന്‍ ! : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 04 February, 2023
ഇന്ധന സെസ്സ് : ഇ.പി ഉണ്ടാക്കുന്ന കണ്‍ഫ്യൂഷന്‍ ! : (കെ.എ ഫ്രാന്‍സിസ്)

ഇന്ധന നികുതിയായ സെസ്സ് ഏര്‍പ്പെടുത്തിയതൊഴിച്ച് നമ്മുടെ ധനമന്ത്രി ബാലഗോപാലന്റെ ബജറ്റിനെ പറ്റി ആര്‍ക്കും കാര്യമായ കുറ്റം ഒന്നും പറയാനില്ലെന്നത് സത്യം. അവസാനനിമിഷം നിര്‍മലാ മാഡം  ആശയക്കുഴപ്പം ഉണ്ടാക്കിയപ്പോള്‍, ഒരുതരത്തിലും വില കൂട്ടരുത് എന്ന് കരുതി മാറ്റിവെച്ച പെട്രോളിനും ഡീസലിനും ലിറ്ററിന്  2 രൂപ സെസ്സ് ഏര്‍പ്പെടുത്തുകയായിരുന്നു എന്ന് സതീശനു വരെ അറിയാം. ഇന്ധന വിലയില്‍ ഇനി ആരു തൊട്ടാലും പൊള്ളുന്ന സമയം ആയതുകൊണ്ട് പ്രതിപക്ഷം അതേച്ചൊല്ലിയുള്ള പ്രതിഷേധം കനപ്പിക്കുന്നു. എന്തായാലും ഇന്ധന വില കൂട്ടാന്‍ ഇടയായ ആ സെസ്സിന്റെ കാര്യത്തില്‍ ഭരണകക്ഷിയില്‍ ഉള്ളവര്‍ക്ക് ഒരു വീണ്ടുവിചാരം വന്നു തുടങ്ങി. 780 കോടി രൂപയാണ് ധനമന്ത്രി ഇന്ധന നികുതി ഇനത്തില്‍ പ്രതീക്ഷിക്കുന്നത്. പെട്ടെന്ന് ഒഴിവാക്കിയാല്‍ രണ്ടറ്റം എങ്ങനെ കൂട്ടിമുട്ടിക്കും എന്നാണ് ധനമന്ത്രിക്ക് അറിയാത്തത്. ഇന്ധന കാര്യത്തില്‍ ചെറിയൊരു ഇളവിനെ പറ്റിയും ആലോചനയുണ്ട്. അതിനിടയിലാണ് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും കോണ്‍ഗ്രസുകാരനുമായ  പി.ചിദംബരത്തിന്റെയും ഇടതു മുന്നണിയുടെ കണ്‍വീനര്‍ ഇ പി ജയരാജന്റെയും വിദഗ്ധ അഭിപ്രായങ്ങള്‍! 

ഇന്നസെന്റ് ചോദ്യം : 

വിലക്കയറ്റം തടയാന്‍ കേരള ബജറ്റില്‍ 2000 കോടി രൂപ ഉണ്ടല്ലോ, അത് വെട്ടിക്കളഞ്ഞാല്‍ 1150 കോടി രൂപയുടെ സെസ്സ് ഒഴിവാക്കാമായിരുന്നില്ലേ എന്നാണ് ചിദംബരത്തിന് ചോദ്യം. വിലക്കയറ്റം തടയാന്‍ എന്ന ഹെഡിലുള്ള  ഈ തുക ചെലവഴിക്കുന്നത് വിപണിയിലെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാനുള്ള ക്രിസ്മസ്, ഓണം, ബക്രീദ് ചന്തകള്‍ക്കാണെന്നു അദ്ദേഹം ചോദിച്ചറിഞ്ഞു കാണില്ല. ഇന്ധന സെസ്സിനെ എല്‍.ഡി.എഫ് നേതാക്കളെല്ലാം പാടുപെട്ടു ന്യായീകരിക്കുമ്പോള്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് തികച്ചും വ്യത്യസ്തമായ ഒരു അഭിപ്രായം. 

ഇ.പിയുടെ കണ്‍ഫ്യൂഷന്‍ : 

പെട്രോളിനും ഡീസലിനും അയൽസംസ്ഥാനത്തേക്കാൾ വില ഇപ്പോഴേ കൂടുതലല്ലേ ? ഇനിയും വില കൂടുന്നത് കേരളത്തിന് തിരിച്ചടിയാവും. മാഹി വഴി പോകുമ്പോള്‍ കണ്ണൂര്‍ക്കാരും  കോഴിക്കോട്ടുകാരും വിലക്കുറവുള്ള അവിടെനിന്ന് ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കാറുണ്ട്. ഇനിയും അതിനൊക്കെ വില കൂട്ടുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതിനര്‍ത്ഥം വടകരയിലെയും  തലശ്ശേരിയിലെയും  ജനം മുഴുവന്‍ ഇന്ധനം അടിക്കാന്‍ മാഹിയില്‍ എത്തും. അതുപോലെ കര്‍ണാടക അതിര്‍ത്തിയിലും തമിഴ്‌നാട് അതിര്‍ത്തിയിലും ഈ പ്രശ്‌നമുണ്ടാകും. അതോടെ അതിര്‍ത്തി പ്രദേശങ്ങളിലെ പെട്രോള്‍ പമ്പുകള്‍ പലതും പൂട്ടേണ്ടതായി വരും. 

കള്ളക്കടത്ത് പറുദീസ : 

ഇതുതന്നെയാണ് 400 കോടി സെസ്സ് കിട്ടാന്‍ ഒരൊറ്റ കുപ്പിക്ക് 20 മുതല്‍ 40 രൂപ വരെ വര്‍ധിക്കുന്നതിനാല്‍ അതിര്‍ത്തി പ്രദേശത്ത് മദ്യവില്പനയും അപ്രകാരമാകില്ലേ ? കേന്ദ്രബജറ്റില്‍ സ്വര്‍ണത്തിനും വെള്ളിക്കും കൂട്ടിയിട്ടുണ്ട്. അതോടെ സ്വര്‍ണക്കടത്തു ശക്തമാകും.ബെവ്കോയുടെ മദ്യത്തിന് വില കൂടുന്നതോടെ വിലകുറഞ്ഞ മറ്റു ലഹരിവസ്തുക്കള്‍ക്കും കൂടുതല്‍ ഡിമാന്‍ഡ് ആകും. കേന്ദ്ര - കേരള ബജറ്റുകള്‍ വന്നതോടെ കള്ളക്കടത്തുകാര്‍ക്ക് കേരളം പറുദീസയായി മാറും.  മദ്യത്തിന് ഇന്ത്യയില്‍ തന്നെ ഇത്രയും വലിയ വില വേറൊരിടത്തും ഇല്ല. ആയിരം രൂപയുടെ ഒരു കുപ്പി മദ്യം കടയില്‍ എത്തുമ്പോള്‍ നികുതിയടക്കം അത് വാങ്ങാന്‍ 2451 രൂപയാണ് മലയാളികള്‍ നല്‍കുന്നത്. 

ഒരു മുന്നറിയിപ്പും : 

ആ മദ്യത്തിന് തുടര്‍ച്ചയായി രണ്ടാം വിലവര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ആദ്യഘട്ടത്തില്‍തന്നെ എക്‌സൈസ് വകുപ്പ് മദ്യവില കൂട്ടരുതെന്നു നിര്‍ദ്ദേശിച്ചതായിരുന്നു. ബജറ്റിന് തൊട്ടു മുന്‍പും എക്‌സൈസ് വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. വിലകുറഞ്ഞ രാസ ലഹരിയിലേക്ക് യുവതലമുറ മാറുന്നതിന് അത് കാരണമാകും എന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ഒരു കാരണവശാലും മദ്യവില കൂട്ടാതിരിക്കാന്‍ 97 ശതമാനം കൗമാരക്കാരും മറ്റു ലഹരി രുചിച്ചുനോക്കിയവരാണെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. രണ്ടറ്റം കൂട്ടിമുട്ടിക്കണ്ടേ, ധനമന്ത്രി അതിനും സെസ്സ് ഏര്‍പ്പെടുത്തി. 

കൊക്കിനു വെച്ചത് : 

ചിലര്‍ക്കു മദ്യമോ മറ്റു തരം ലഹരിയോ കഴിക്കാതെ വെറുതെയിരിക്കുമ്പോള്‍ ഒരു രസമൊക്കെ വരും. കാസര്‍ഗോഡ് പാക്കം  സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാഘവന്‍ വെളുത്തോളിയെ പറ്റി കേട്ടിട്ടില്ലേ? പെരിയ ഇരട്ടക്കൊല കേസിലെ പ്രതി രാഘവന്‍ തന്നെ. കേസ് വിചാരണക്കായി കൊച്ചിയിലേക്ക് പോവുകയാണ്. നീണ്ട യാത്ര ബോറടിച്ചു. ഇഷ്ടക്കാരിയായ ഒരു വനിതാ നേതാവിന്റെ രൂപം മനസ്സില്‍ വന്നു അല്പം മധുരം ഒക്കെ ചേര്‍ത്തു ഒരു അശ്ളീല സന്ദേശമായത്  മൊബൈലില്‍ വിട്ടു. പക്ഷേ ചെന്നതോ?സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍! വായിച്ചവര്‍, വായിച്ചവര്‍  തലതാഴ്ത്തി. ഒടുവില്‍ രാഘവന്‍ സഖാവിന്റെ വിശദീകരണം : ഭാര്യക്ക് അയച്ച മെസ്സേജ് ഗ്രൂപ്പ് മാറി പോയതാണേ, ക്ഷമാപണം. തീര്‍ന്നില്ല നഗ്‌നദൃശ്യം പകര്‍ത്തി  പ്രചരിപ്പിച്ചതിന് സി.പി.എം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ  എ.പി സോണ മാധ്യമ പ്രവര്‍ത്തകരെ കണ്ടു തന്റെ നിലപാട് വ്യക്തമാക്കി. തന്നെ കുടുക്കിയത് പൊളിറ്റിക്കല്‍ ക്രിമിനല്‍സാണ്. അവരാണ് ആലപ്പുഴ ജില്ലയിലെ വിഭാഗീയതക്കെല്ലാം കാരണക്കാര്‍. അവരെ സഹായിക്കുന്നത് മന്ത്രി സജി ചെറിയാന്‍. പോരെ? 

വില്ലനു  വഞ്ചനാകുറ്റം : 

സിനിമയിലെ വില്ലനായി പ്രത്യക്ഷപ്പെടാറുള്ള ബാബുരാജിനു  ജീവിതത്തിലും ഒരു വില്ലന്‍ വേഷം. വഞ്ചനാ കേസില്‍ അദ്ദേഹത്തെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് പാട്ടത്തിന് നല്‍കി പണം തട്ടിയെടുത്തത് സംബന്ധിച്ചായിരുന്നു കേസ്, അതിജീവിയുടെ കേസ് ഇപ്പോഴത്തെ ജഡ്ജിയില്‍നിന്ന് മാറ്റിക്കിട്ടാന്‍ അതിജീവിതയും, വക്കീല്‍ സംഘവും, പ്രോസിക്യൂഷനും പഠിച്ച പണി പതിനെട്ടും പയറ്റി. അപ്പോഴാണ് സംവിധായകനും  പ്രധാന സാക്ഷിയുമായ ബാലചന്ദ്രകുമാറിന്റെ രണ്ടു വൃക്കയും അപകടത്തിലായത്. അതിജീവിയുടെ ആള്‍ക്കാര്‍ ആ കാരണം വെച്ച് കേസ് വിസ്താരം തിരുവനന്തപുരത്തെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ബാലചന്ദ്രകുമാറിനെ വിസ്തരിക്കാന്‍ തിരുവനന്തപുരത്ത് വരാമെന്നായി കോടതി. കള്ളന്റെകയ്യില്‍ തന്നെ താക്കോല്‍ കൊടുത്താല്‍ എങ്ങനെ? ആലപ്പുഴ രാമവർമ ക്ലബിന്റെ മദ്യ സൂക്ഷിപ്പുകാരനായ ഉദ്യോഗസ്ഥന്‍ കുറഞ്ഞ കാലത്തിനിടെ 8 ലക്ഷം രൂപയുടെ മദ്യം മറിച്ചു വിറ്റു. 28 ലക്ഷം രൂപ റെഡി ക്യാഷായി കൊണ്ടുപോവുകയും ചെയ്തു. ക്ലബ്ബ് ഭാരവാഹികള്‍ അയാളെ പിടികൂടാന്‍ പോലീസിനെ സമീപിച്ചിരിക്കുകയാണ്. 

ആനകളുടെ ആറാട്ട് : ഇടുക്കിയിലെ ശാന്തന്‍പാറയില്‍ കാട്ടാനകളുടെ ആറാട്ട്. അവിടുത്തെ ആനകളുടെ പേര് കേള്‍ക്കണോ? അരികൊമ്പന്‍, ചക്ക കൊമ്പന്‍, മുട്ടകൊമ്പന്‍, സിഗരറ്റ് കൊമ്പന്‍. അരികൊമ്പനു  പ്രിയം റേഷനരി. അവിടെ റേഷന്‍കട പൊളിച്ചു വെള്ളക്കാര്‍ഡുകാര്‍ക്കുള്ള  മുന്തിയ അരി തിന്നലാണ്  അതിയാനു രസം.  ചക്കകൊമ്പന് പേര് പോലെ ചക്കയാണ് ഇഷ്ടം. മുട്ടകൊമ്പന് മുറിഞ്ഞ വാലാണ് ഉള്ളത്‌പോലും. സിഗരറ്റ് കൊമ്പന്‍ എന്ന പേരുവന്നത് ആ കാട്ടാന  സിഗരറ്റ് വലിച്ചതുകൊണ്ടല്ല. കൊമ്പ് സിഗരറ്റ് പോലെ വെളുത്തു നീണ്ടതായതുകൊണ്ടാണ്. ആ സിഗരറ്റ് കൊമ്പന്‍ ഇലക്ട്രിക് ഷോക്കടിച്ചു ചത്തുപോയി. ബാക്കി ആനകളെ പിടിക്കാന്‍ ശശി മന്ത്രി പ്ലാന്‍ ഇട്ടതായിരുന്നു. ബാലഗോപാലന്‍  മന്ത്രിയുടെ ബജറ്റില്‍ അതിനുള്ള പണം ഇല്ല പോലും. അതു കൊണ്ടു തന്നെ വയനാട്ടില്‍ നിന്നെത്തിയ അഞ്ചംഗസംഘത്തില്‍ ഡോ.അരുണ്‍ സക്കറിയ ഇല്ല.  

വാല്‍ക്കഷണം : കണ്ണൂരില്‍ ദമ്പതികള്‍ വെന്തുമരിച്ചകാറപകടത്തില്‍ രണ്ടു കുപ്പി പെട്രോള്‍ സീറ്റിനടിയില്‍ ഉണ്ടായിരുന്നു എന്നായിരുന്നുവല്ലോ റിപ്പോര്‍ട്ട്.  വീട്ടുകാര്‍ പറയുന്നത് തലേന്ന് ഫുള്‍ടാങ്കടിച്ച  കാറിലെന്തിനാ  കുപ്പിയില്‍ നിറച്ച പെട്രോള്‍ ? ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ പോകുന്നത് കൊണ്ട് രണ്ട് മൂന്ന് കുപ്പിവെള്ളം കാറില്‍ വച്ചിരുന്നു എന്നാതാണ് അവരുടെ വെളിപ്പെടുത്തല്‍.

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക