Image

രാഹുല്‍ ഗാന്ധിയുടെ 'ഇന്‍ഡ്യയെ കണ്ടെത്തല്‍' ഉജ്ജ്വല രാഷ്ട്രീയ സംരംഭം, പക്ഷേ... (ദല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 04 February, 2023
രാഹുല്‍ ഗാന്ധിയുടെ 'ഇന്‍ഡ്യയെ കണ്ടെത്തല്‍' ഉജ്ജ്വല രാഷ്ട്രീയ സംരംഭം, പക്ഷേ... (ദല്‍ഹികത്ത് : പി.വി.തോമസ് )

രാഹുല്‍ഗാന്ധിയുടെ മുതുമുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്‌റു 'ഇന്‍ഡ്യയെ കണ്ടെത്തല്‍' എന്ന പുസ്തകം എഴുതിയത് സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് ഏറെക്കാലം ജയില്‍വാസം അനുഭവിച്ചുകൊണ്ടാണ്. രാഹുല്‍ഗാന്ധി(52) അദ്ദേഹത്തിന്റെ 'ഭാരത് ജോഡോ' (ഇന്‍ഡ്യയെ ഒന്നിപ്പിക്കല്‍) യാത്ര നടത്തുന്നതും രാജ്യം വളരെ ഗൗരവമായ പ്രതിസന്ധികളിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുമ്പോഴാണ്.  അതുപോലെ തന്നെ കോണ്‍ഗ്രസും. മതപരമായ വെറുപ്പിന്റെയും പകയുടെയും അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ് ഇന്‍ഡ്യയെമ്പാടും, പ്രത്യേകിച്ചും ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസാകട്ടെ തെരഞ്ഞെടുപ്പിനു പിന്നാലെ തെരഞ്ഞെടുപ്പു തോറ്റ് നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വെറുപ്പും പകയും പരത്തുന്ന ശിഥിലീകരണ ശക്തികളെ അധികാരത്തില്‍ നിന്നും തുരത്തി മരണാസന്നമായ കോണ്‍ഗ്രസിന് ഒരു പുതുജീവന്‍ നല്‍കി ഉയര്‍ത്തെഴുന്നേല്‍പിക്കുകയാണ് രാഹുലിന്റെ യാത്രയുടെ ലക്ഷ്യമായി പറയുന്നത്. മൂന്നു സമുദ്രങ്ങളുടെ സംഗമസ്ഥലമായ കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച് അഞ്ചുമാസം നീണ്ടുനിന്ന യാത്ര നാലായിരം കിലോമീറ്ററും പതിനാലും സംസ്ഥാനങ്ങളും 45 ജില്ലകളും പിന്നിട്ടുകൊണ്ടാണ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ മഞ്ഞുപൊഴിയുന്ന ഹിമാലയത്തിലെ ശ്രീനഗറില്‍ ്അവസാനിച്ചത്. ബി.ജെ.പി. പ്രതിനിധാനം ചെയ്യുന്ന മതാധിഷ്ഠിത രാഷ്ട്രീയത്തെ തുരത്തുവാന്‍ കോണ്‍ഗ്രസിനെ സമരസന്നദ്ധമാക്കുക എന്നതായിരുന്നു രാഹുലിന്റെ യാത്രയുടെ പ്രധാന ലക്ഷ്യം. ഇതിന് അദ്ദേഹത്തിന് സാധിച്ചോ? ഒരു യാത്ര കൊണ്ടൊന്നും അദ്ദേഹത്തിന്റെ ലക്ഷ്യങ്ങള്‍ സാധിക്കുകയില്ലെങ്കിലും നല്ല ഒരു ചുവടുവയ്പ്പായിട്ട് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിക്കുന്നു. രാജ്യത്ത് ഇന്ന് ഇങ്ങനെ ഒരു ഗുരുതരാവസ്ഥ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ച് അവരെ ബോധവാന്മാരാക്കുവാന്‍ യാത്രക്ക് സാധിച്ചോ? പാര്‍ട്ടിയെ സംഘടനാപരമായി ശക്തമാക്കുന്നതിലും നേതൃനിര കൂടുതല്‍ സജീവമാക്കുന്നതിലും സഖ്യകക്ഷികളെ നേടുന്നതിലും യാത്ര വിജയിച്ചോ? സമാപന സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കപ്പെട്ടതില്‍ 11 പ്രതിപക്ഷകക്ഷികള്‍ മാത്രമാണ് ശ്രീനഗറില്‍ എത്തിച്ചേര്‍ന്നത്. മൊത്തം 23 പ്രതിപക്ഷകക്ഷികളെയാണ് കഷണിച്ചിരുന്നത്. ത്രിണമൂല്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും തെലുങ്കുദേശം പാര്‍ട്ടിയും തെലുങ്കാന രാഷ്ട്രസമിതിയും വിട്ടുനിന്നപ്പോള്‍ ചില പുതിയ സഖ്യകക്ഷികളെ കണ്ടെത്തുവാന്‍ യാത്രക്ക് സാധിച്ചു. നാഷ്ണല്‍ കോണ്‍ഫ്രന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, മക്കള്‍ നീതിമെയം(കമലഹാസന്‍) എന്നിവയാണ് ഇത്. സ്ഥിരം കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ സി.പി.എം. ദേശീയതലത്തില്‍ അങ്ങനെ സഖ്യം വേണ്ടെന്നു തീരുമാനിച്ചുമാറിനിന്നു. അപ്പോള്‍ ഇവിടെയും ഫലം സമ്മിശ്രം ആയിരുന്നു. എസ്.പി.യുടെ അഖിലേഷ് യാദവ് രാഹുലിന്റെ യാത്രയില്‍ പങ്കുചേരാതെ ഭാരത് രാഷ്ട്രസമിതി(പഴയ തെലുങ്കാന രാഷ്ട്രസമിതി)യുടെ സമ്മേളനത്തില്‍ ചേരുവാനാണ് സമയം കണ്ടെത്തിയത്. ഇത് വേറൊരു ചേരിയാണ്. ഡി.എം.കെ., ജെ.എം.എം., സി.പി.ഐ., ആര്‍.എസ്.പി. ഐ.യു.എം.എല്‍ യാത്രക്ക് കരുത്തേകി.


കലാപങ്ങളില്‍ കൊലചെയ്യപ്പെടുന്നവരുടെ കുടുംബങ്ങളുടെ കണ്ണീരും വേദനയും മനസിലാക്കുവാന്‍ മോദിക്കും ഷാക്കും സാധിക്കുകയില്ലെന്നും അതു മനസിലാക്കുവാന്‍ രക്തസാക്ഷികളുടെ കുടുംബാംഗമായ തനിക്കു സാധിക്കുമെന്നും ആണ് സമാപനസമ്മേളനത്തില്‍ രാഹുല്‍ കാശ്മീരിലെ ജനങ്ങളോടു പറഞ്ഞത്. കാശ്മീരിന്റെ സംസ്ഥാന പദവി ആര്‍ട്ടിക്കിള്‍ 370, 35-എ എന്നിവയോടൊപ്പം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ആണ് രാഹുല്‍ ജോഡോ യാത്രയുടെ അവസാനമായി നല്‍കിയത്. ഭീകരാക്രമണത്തെയും ഗ്രനേഡ് ആക്രമണത്തെയും മറ്റും ഭയന്ന് രക്ഷാധികാരികള്‍ യാത്രയുടെ അവസാന നാല് ദിവസം ബുള്റ്റ് പ്രൂഫ് വാഹനത്തില്‍ തുടരുവാന്‍ ഉപദേശിച്ചത് വകവയ്ക്കാതെ രാഹുല്‍ പദയാത്ര തുടരുകയാണുണ്ടായത്. ഇന്‍ഡ്യയുടെയും ഇന്‍ഡ്യയുടെ ഭരണഘടനയുടെയും അടിത്തറ തകര്‍ക്കുന്നവര്‍ക്കെതിരെ അണിനിരക്കുക എന്നതായിരുന്നു രാഹുലിന്റെ മറ്റൊരു ജോഡോ സന്ദേശം. സ്‌നേഹത്തോടെയും പരസപര സഹകരണത്തോടെയും മതസൗഹാര്‍ദ്ദത്തോടെയും അന്തസോടെയും എല്ലാവര്‍ക്കും ജീവിക്കുവാന്‍ സാധിക്കുന്ന ഒരു ഇന്‍ഡ്യകെട്ടിപ്പടുക്കുകയാണ് യാത്രയുടെ ലക്ഷ്യം എന്നും രാഹുല്‍ പറഞ്ഞു.

രാഹുലിന് ഇവയൊക്കെ സാധിക്കുമോ? ഇതിനായി കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുവാന്‍ ജോഡോ യാത്രക്ക് സാധിക്കുമോ? ഇവയെല്ലാം പറയുന്നത് ചെയ്യുന്നതിനേക്കാള്‍ എളുപ്പം ആണ്. രാഹുലിന്റെ ഭാരത് ജോഡോ യാത്രക്ക് എന്തെങ്കിലും മാജിക്ക് പ്രവര്‍ത്തിക്കുവാന്‍ സാധിച്ചാല്‍ മാത്രം കോണ്‍ഗ്രസ് ഇനിയും ഉയര്‍ത്തെഴുന്നേല്‍ക്കും. തെരഞ്ഞെടുപ്പുകള്‍ ജയിക്കുന്നത് ഇതിന്റെ വലിയ ഒരു ഘടകം ആണ്. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഈയിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഹിമാചല്‍ തിരിച്ചുപിടിക്കുവാനായെങ്കില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് വലിയ പരാജയം ആയിരുന്നു. ഹിമാചലില്‍ തന്നെ വോട്ടു ശതമാനത്തില്‍ ബി.ജെ.പി. തലനാരിഴയ്ക്ക് മാത്രം കോണ്‍ഗ്രസിന്റെ പിറകില്‍ ആണ്. ഈ വര്‍ഷാവസാനം നടക്കുവാനിരിക്കുന്ന ഒമ്പതു സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ജോഡോ യാത്രക്ക് എന്തെങ്കിലും ചെയ്യുവാന്‍  സാധിക്കുമോ? തെരഞ്ഞെടുപ്പിനു പോകുന്ന സംസ്ഥാനങ്ങള്‍ കര്‍ണ്ണാടക, തെലുങ്കാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഘട്ട്, മേഘാലയ, മിസോറാം, ത്രിപുര, നാഗാലാന്റ് തുടങ്ങിയവയാണ്. ഇതില്‍ രാജസ്ഥാനും ഛത്തീസ്ഘട്ടും കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതു നിലനിര്‍ത്തുവാനായില്ലെങ്കില്‍ ജോഡോ യാത്രയുടെ കോണ്‍ഗ്രസ് ഉദ്ധാരണ അജണ്ടക്ക് ക്ഷീണമേല്‍ക്കും. തെരഞ്ഞെടുപ്പു വിജയങ്ങള്‍ക്കും അപ്പുറം ജോഡോ യാത്രയുടെ അടിസ്ഥാന ലക്ഷ്യം പാര്‍ട്ടിയുടെ കോര്‍ വാല്യൂസിനെ ഉയര്‍ത്തി കാണിക്കുകയാണെന്ന് പറഞ്ഞാലും തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കില്‍ ഒ്ന്നും നടക്കുകയില്ല. ലോകസഭ തെരഞ്ഞെടുപ്പില്‍(2024) ചുരുങ്ങിയത് നൂറു സീറ്റെങ്കിലും നേടിയാല്‍ മാത്രമെ കോണ്‍ഗ്രസിന് പ്രതിപക്ഷ സഖ്യത്തെ നയിക്കാനാകൂ എന്നത് രാഷ്ട്രീയ യാഥാര്‍ത്ഥ്യം. ഇതിന് ഈ സീറ്റുകള്‍ എവിടെ നിന്നു വരും? ദക്ഷിണേന്ത്യയില്‍ അഞ്ചു സംസ്ഥാനങ്ങളില്‍  കോണ്‍ഗ്രസ് ശക്തമെന്നു പറയാവുന്നത് കേരളത്തിലും കര്‍ണ്ണാടകയിലും മാത്രമാണ്. കേരളത്തില്‍ 2019-ലേതു പോലെ ഒരു വന്‍വിജയം ഇപ്പോള്‍ കിട്ടുകയില്ല. പക്ഷേ, ആരു ജയിച്ചാലും അത് പ്രതിപക്ഷത്തായിരിക്കും. കര്‍ണ്ണാടകയില്‍ ബി.ജെ.പി. ശക്തമാണ്. ഇപ്പോഴത്തെ ഭരണകക്ഷിയും ആണ്. തെലുങ്കാനയിലും ബി.ജെ.പി.ക്ക് പേരിനു മാത്രം പ്രാതിനിധ്യം ഉണ്ട്. ദക്ഷിണേന്ത്യയില്‍ ലഭിക്കുന്ന പ്രതിപക്ഷ സീറ്റുകള്‍ ഒന്നായാല്‍ അത് പ്രതിപക്ഷത്തിന്റെ വിജയം ആയിരിക്കും. പക്ഷേ, ഇവിടെ ഭാരത് രാഷ്ട്രസമിതിയുടെ കെ.ചന്ദ്രശ്ഖര റാവുവിന് ദേശീയ താല്‍പര്യങ്ങള്‍ ഉണ്ട്.  പിന്നീടുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഒരു ഉയര്‍ത്തെഴുന്നേല്‍പുണ്ടായാല്‍ മാത്രമെ എന്തെങ്കിലും തെളിയിക്കുവാന്‍ സാധിക്കൂ. ഉത്തര്‍പ്രദേശും ബീഹാറും ബംഗാളും വടക്കു-കിഴക്ക് സംസ്ഥാനങ്ങളും കോണ്‍ഗ്രസിന് ബാലികേറാ മലയാണ്. ഉത്തര്‍പ്രദേശില്‍ (80 സീറ്റുകള്‍) യാത്ര ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതേ സമയം 20 സീററുകള്‍ ഉള്ള കേരളത്തില്‍ മൂന്നാഴ്ചയോളവും. മധ്യ ഇന്‍ഡ്യയും ഹിനിഹൃദയഭൂമിയും വടക്കു കിഴക്ക് സംസ്ഥാനങ്ങളും ആ്ണ് കോണ്‍ഗ്രസിന് അപ്രാപ്യം. ഒപ്പം മമതയുടെ ബംഗാളും. മമതയും ചന്ദ്രശേഖറാവുവിനെ പോലെ ഒരു ദേശീയ രാഷ്ട്രീയ തല്‍പര്യയാണ്, അതായത് പ്രധാനമന്ത്രി പദം. ഇവരുടെ ഒപ്പം നില്‍ക്കും ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കേജരിവാളും. കേജരിവാളിനെയും യാത്രയില്‍ കണ്ടില്ല. പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്ന കാര്യത്തില്‍ ഇതൊക്കെയാണ് യാത്രയുടെ റെക്കോര്‍ഡ്.

രാഹുലിന്റെ ഭാരത് ജോഡോ എന്ന പ്രമേയത്തിന് ഇന്നത്തെ ഇന്‍ഡ്യയില്‍ വളരെ പ്രസക്തി ഉണ്ട്. പക്ഷേ, അത് ഉള്‍ക്കൊള്ളുവാന്‍ ജനം തയ്യാറാകുമോ? അതോ ഭൂരിപക്ഷവും പാസീവ് ഹിന്ദുത്വവാദികള്‍ ആണോ? ഇതു ശരിയല്ലെന്ന് ബി.ജെ.പി.യുടെ വോട്ടുവിഹിതം തെളിയിക്കുന്നു. മറിച്ച്  വിഘടിതമായ പ്രതിപക്ഷത്തിന് വളരെയേറെ വോട്ടു ശതമാനം കൂടുതലും ഉണ്ട്. ഉദാഹരണമായി 2014 ല്‍ ബി.ജെ.പി. 31 ശതമാനം വോട്ടുനേടി അധികാരത്തിന് വന്നപ്പോള്‍ വിഘടിത പ്രതിപക്ഷത്തിന് 69 ശതമാനം വോട്ടുകിട്ടി.

ഇന്‍ഡ്യയെ ഒന്നിപ്പിക്കുന്നതുപോലെ രാഹുലിന് പ്രതിപക്ഷത്തെയും ഒന്നിപ്പിക്കുവാന്‍ കഴിയണം. എങ്കില്‍ രാഹുലിന്റെ ഭാരത് ജോഡോ യാത്ര വിജയകരമാകും. സംഘപരിവാര്‍ അതിന്റെ അജണ്ടയുമായി മുമ്പോട്ടുപോകും. രാഹുലിന്റെ യാത്ര പൂര്‍ത്തിയാക്കുന്നതിനുമുമ്പ് അദ്ദേഹത്തിന് മൈലുകള്‍ താണ്ടേണ്ടിയിരിക്കുന്നു. വലിയ മുത്തച്ഛന്റെ പ്രിയപ്പെട്ട റോബര്‍ട്ട് ഫ്രോസ്റ്റിന്റെ ആ കവിതയിലെ ഒരു വരി കടം എടുത്താല്‍.

Join WhatsApp News
Jayan varghese 2023-02-04 19:23:42
രാഹുൽ ഒരു പ്രതീകമാണ്. വേദേതിഹാസങ്ങളുടെയും ധാർമ്മിക നീതിബോധങ്ങളുടെയും കുളിർ തെന്നൽ വീശി നിന്ന യഥാർത്ഥ ഇന്ത്യയുടെ പ്രതീകം. അതുകൊണ്ടാണ് ലാളിത്യത്തിന്റെയും, സഹനത്തിന്റെയും ആൾ രൂപമായി അദ്ദേഹം ജനഹൃദയങ്ങളിൽ സ്ഥാനം നേടുന്നത്. ഒരുപക്ഷെ കച്ചവട തന്ത്രങ്ങളോടെയും താല്പര്യങ്ങളോടെയും അധികാരത്തിന്റെ അപ്പക്കഷണങ്ങൾക്ക് കടിപിടി കൂടുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ തെരുവ് പട്ടികൾക്ക് അദ്ദേഹം അനഭിമതൻ ആയിരിക്കാം. ഒരു രാജ്യത്തിന്റെ - അതും ലോകത്തിലെ ഏറ്റവും വലിയതെന്ന് അവകാശപ്പെടുന്ന ജനാധിപത്യ രാജ്യത്തിന്റെ - പ്രധാന മന്ത്രിയുടെ പദവിയിലുള്ള ഒരു മഹാൻ തന്റെ പേരക്കുട്ടിയുടെ പ്രായം മാത്രമുള്ള ( ഒളിഞ്ഞും തെളിഞ്ഞും ബാല വിവാഹങ്ങൾ അരങ്ങേറുന്ന ഇന്ത്യയിൽ ഇത് സാധ്യമാണ്. ) ഒരു യുവാവിനെ ‘ പപ്പു ‘ എന്ന് പരിഹസിക്കുകയും ആക്ഷേപിക്കുകയും തന്റെ ഇരിപ്പിടത്തിനു മുന്നിലുള്ള ഡെസ്ക്കിലടിച്ച് ശാർദ്ദൂല വിക്രീഡിതത്തിന്റെ ശരീര ഭാഷയോടെ പുശ്ചിക്കുകയും ചെയ്തപ്പോൾ നിർവികാരനായി അത് നേരിട്ട രാഹുലിന്റെ പക്വവും ശാന്തവുമായ ശരീര ഭാവം അത് കണ്ടവരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട്. ഇവിടെ സ്വയം ആക്ഷേപിക്കപ്പെട്ടത് കക്ഷി രാഷ്ട്രീയ മഹാമേരുവായി വളർന്നു നിന്ന രാഷ്ട്രീയക്കാരൻ മോദി ആയിരുന്നില്ല. പ്രധാനമന്ത്രിയുടെ പവിത്രമായ കസേരയിൽ കാലം അവരോധിച്ച മോദിജി എന്ന മനുഷ്യനായിരുന്നു. അധാർമ്മികതയുടെ പിൻവാതിലൂടെ അകത്തു പ്രവേശിക്കുകയും, അധികാരത്തിന്റെ അവസരങ്ങൾ ആവോളം ആസ്വദിച്ച് കൊഴുത്തു തടിക്കുകയും ചെയ്യുന്ന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അഭിനവ അരീനയിൽ സ്വകാര്യ സ്വത്തു സമ്പാദനത്തിന്റെ പുത്തൻ മേച്ചിൽപ്പുറങ്ങൾ തേടുന്ന കോൺഗ്രസ്സ് കടൽക്കിഴവന്മാരോടൊപ്പം സ്വന്തം കുടുംബം പോലും രാഹുൽ ഗാന്ധിക്ക് ഭീഷണി ആയേക്കാം. സംശുദ്ധമായ ഭാരതീയ ധാർമ്മികതയുടെ കൊടിപ്പടമായി മറ്റാരേക്കാളും ഉയർന്നു നിൽക്കാൻ സാധിക്കുന്നു എന്നത് കൊണ്ട് തന്നെ നശിക്കാത്ത നന്മയുടെ നാളപ്രഭയായി നാളത്തെ ഭാരതം ആ യുവാവിനെ നെഞ്ചിലേറ്റുക തന്നെ ചെയ്യും. അത് കാണാതെ മടങ്ങിപ്പോകുവാൻ കാലാതിവർത്തിയായ മഹാകാല മാന്ത്രികന് സാധിക്കുകയില്ല സത്യം ! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക