ഉപജീവനാര്‍ത്ഥമോ, മെച്ചപ്പെട്ട സാമ്പത്തിക സുരക്ഷിതത്വത്തിനോ മറ്റ് ഏതു ലക്ഷ്യത്തിനോ വിദേശത്തു കഴിയുന്ന ഭാരതീയരില്‍ ഭൂരിഭാഗവും ജനിച്ച നാട്ടില്‍ നിന്നുള്ള വേര്‍പാടിന്റെ നിത്യ ദുഃഖവും വേദനയും, ഗൃഹാതുരത്വവും അനവരതം മനസില്‍ പേറുന്നുണ്ട്. അവര്‍ ഭാരതത്തില്‍ നിന്ന് ശാരീരികമായി അങ്ങനെ അകലുംതോറും മാനസികമായി ഭാരതവുമായി അടുക്കാന്‍ വെമ്പല്‍ കൊള്ളുകയാണ്. എന്നാല്‍ നമ്മളില്‍ അധികം പേരും ഭാരതത്തില്‍ ആയിരുന്നപ്പോള്‍ അവിടെ നിന്നെങ്ങെനെ എങ്കിലും വിദേശത്തുപോയി രക്ഷപെടാന്‍ അതിയായി ആഗ്രഹിച്ചവ രായിരുന്നു.എന്നാല്‍ കടല്‍കടന്നിവിടെ വന്ന് കുറച്ചുപണം ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ നമ്മുടെ ചിന്തയാകെ മാറി. മനസില്‍ ജ•നാടിന്റെ വേര്‍പാടിന്റെ മൃദുലമായ തരളിത സ്വപ്നങ്ങള്‍ എന്നും പന്തലിച്ച് പൂവിട്ടു നില്‍ക്കാനാരംഭിച്ചു. അകലുന്തോറും അടുക്കാനും എന്നാല്‍ അടുക്കുന്തോറും അകലാനും വിധിക്കപ്പെട്ട ഒരു ജനവിഭാഗമായി നമ്മള്‍ മാറി എന്നതാണ് സത്യം. അതുകൊണ്ടാകാം ചിലര്‍ നാട്ടില്‍ പോയി റിട്ടയര്‍ ചെയ്യാനുള്ള പ്ലാനില്‍ അവിടെ താമസത്തിനായി വന്‍കെട്ടിടങ്ങള്‍ കെട്ടി പൊക്കുന്നത്. ചുരുക്കം ചിലര്‍ അവിടെ പോയി അവരുടെ ഭാവനയിലുള്ള നാട്ടിലെ റിട്ടയര്‍മെന്റ് അല്ലെങ്കില്‍ നാട്ടിലെ സ്ഥിരതാമസം എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാതെ പല കാരണങ്ങളാല്‍ അസംപ്യത്‌രായി ഇനി നാട്ടിലേക്ക് സ്ഥിരവാസത്തിനില്ലാ എന്ന അഭിപ്രായത്തില്‍ തിരികെ അമേരിക്കയില്‍ അഭയം പ്രാപിക്കുന്നുണ്ടെന്നത് ഒരു പരമാര്‍ത്ഥമാണ്. നാട്ടിലെ രാഷ്ട്രീയ സാമുഹ്യ അന്തരീക്ഷവും പ്രവാസിസൗഹര്‍ദപരമല്ലയെന്നതും ഒരു വസ്തുതയാണ്.
ഇവിടെ, പ്രവാസലോകത്തു, കണ്ടുമുട്ടുന്ന ഭാരതീയരില്‍ ഭൂരിഭാഗവും സാധാരണയായി ഉന്നതഭാരത, കേരള സംസ്‌ക്കാര പാരമ്പര്യങ്ങളെ പറ്റി വാനോളം പുകഴ്ത്തി അന്യോന്യം സംസാരിക്കാതിരിക്കില്ല. അമേരിക്കയില്‍ ആര്‍ഷഭാരത സംസ്‌കാരവും മഹനീയ കേരളത്തനിമയും അപ്പാടെ പറിച്ചു നടാനും തലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കാനുമായി നാം ധാരാളം സാമൂഹ്യസാംസ്‌കാരിക സാമുദായിക മതസംഘടനകള്‍ക്കും മലയാളം സ്‌കൂളുകള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും തുടക്കമിട്ടു. ആര്‍ഷഭാരത, കേരളസംസ്‌കാരം വരുംതലമുറയെ ഭാവിയുടെ വാഗ്ദാനങ്ങള്‍ക്ക് യഥേഷ്ഠം കോരിക്കൊടുക്കാനായി ഇവിടത്തെ ഭാരതീയ കേരളീയ പ്രസ്ഥാനങ്ങള്‍ അന്യോന്യം മത്സരിച്ചു കൊണ്ടിരിക്കുന്നു. ഏതാണ്ട് എല്ലാവര്‍ക്കും മഹത്തായ ഭാരത കേരള സംസ്‌കാരങ്ങള്‍, ആചാര അനുഷ്ഠാന പാരമ്പര്യങ്ങള്‍ തങ്ങളുടെ വിടരുന്ന മുകളങ്ങള്‍ക്ക് പറഞ്ഞു കൊടുക്കണം എന്ന അടങ്ങാത്ത ആശയും ഒടുങ്ങാത്ത ആവേശവുമാണ്. അമേരിക്കയിലേക്ക് കെട്ടിക്കേറി ഉന്തിത്തള്ളി വരാം... ജോലി ചെയ്യാം... പണമുണ്ടാക്കാം... ആഡംബരമായി ജീവിക്കാം... പക്ഷേ ഈ രാജ്യത്തെ ആചാരാനുഷ്ഠാനങ്ങള്‍, പാരമ്പര്യങ്ങള്‍, സംസ്‌കാരങ്ങള്‍ ഭാഷയുടെയും സംസ്‌കാരത്തിന്റെയും ജീവിതചര്യകളുടെയും കാര്യം വരുമ്പോള്‍ തങ്ങള്‍ക്കിവിടെ പൂര്‍ണ്ണമായ കേരളവും ഇന്ത്യയും അപ്പാടെ പറിച്ചു നടണം. ആര്‍ഷഭാരത, കേരള സംസ്‌കാരങ്ങള്‍ ഏതുവിധേനയാണ് അമേരിക്കന്‍ ഭാഷയേക്കാള്‍, സംസ്‌കാരത്തേക്കാള്‍ നമുക്കു മുന്തിയതായി തോന്നുന്നത്? അല്ലെങ്കില്‍ എന്തുകൊണ്ട് കേരള സംസ്‌കാരത്തേക്കാള്‍ അധമമായി അമേരിക്കന്‍ സംസ്‌കാരത്തെ നാം വീക്ഷിക്കുന്നു? തൊഴില്‍ ചെയ്തു തന്നെ ആണെങ്കിലും ഈ രാജ്യത്തു ജീവിച്ച് ഇവിടത്തെ എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും കൈപ്പറ്റികൊണ്ട് തങ്ങളും സന്താനങ്ങളും കണ്ണുമടച്ച് മറ്റൊരു സംസ്‌കൃതിയില്‍ മാത്രം വിശ്വസിക്കണമെന്ന് ശഠിക്കുന്നത് തികച്ചും മൗഢ്യമല്ലേ? മുഖ്യധാരയിലുള്ള മലയാളി അഭിപ്രായങ്ങള്‍ക്കു വിപരീതമായി, ഏതാണ്ട് ഒഴുക്കിനെതിരെ ഈ ലേഖകന്‍ തൂലിക ചലിപ്പിക്കുന്നതു കൊണ്ട് ആര്‍ക്കും വിഷമം തോന്നരുത്. എഴുതുന്നതില്‍ അല്പമെങ്കിലും കാര്യവും കഴമ്പുമുണ്ടോയെന്നു മാത്രം ചിന്തിക്കുക.
എന്താണ് ആര്‍ഷഭാരത കേരളീയസംസ്‌കാരം... നൈര്‍മല്യമുള്ള മലയാള ഭാഷ, കെട്ടുറപ്പുള്ള കുടുംബം, കുടുംബബന്ധം, വ്യക്തികളുടെ അടക്കവും ഒതുക്കവുമുള്ള പെരുമാറ്റം, സഹജീവികളോടുള്ള സ്‌നേഹം, ദയാവായ്പ്, ബഹുമാനം, മാതാപിതാക്കളെയും ഗുരുജനങ്ങളെയും തന്നില്‍ വയസില്‍ മുതിര്‍ന്നവരെയും ആദരിക്കാനും അംഗീകരിക്കാനുമുള്ള മനസ്ഥിതി, തല്പരത എല്ലാം സമാദരണീയമായ അനുകരണീയമായ ആര്‍ഷഭാരതസംസ്‌കാരങ്ങളില്‍ പെടും. പക്ഷെ.... കേരളത്തില്‍ നിന്ന്, ഇന്ത്യയില്‍ നിന്ന് നമ്മള്‍ കൊട്ടിഘോഷിക്കുന്ന ആ മഹനീയമായ ആ സംസ്‌കാരശകലങ്ങള്‍ എന്നേ അപ്രത്യക്ഷമായിരിക്കുന്നു. നവീന കേരള ഭാരതസംസ്‌കാരങ്ങളും പെരുമാറ്റങ്ങളും ഇന്നെവിടെ എത്തി നില്‍ക്കുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? അവിടെ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളേയും സംസ്‌ക്കാരച്യുതിയെയും സാംസ്‌കാരിക നശീകരണത്തെപ്പറ്റിയും നമ്മള്‍ ബോധവാ•ാരായിരുന്നെങ്കില്‍ അവിടത്തെ ഇപ്പോഴത്തെ ആര്‍ഷഭാരത കേരളസംസ്‌കാരം ഇവിടെ അപ്പാടെ പറിച്ചു നടണമെന്ന് നാം മര്‍ക്കടമുഷ്ടിയോടുള്ള ശാഠ്യം പിടിക്കുകയില്ലായിരുന്നു.
ഇന്ത്യയിലെ കേരളത്തിലെ സാമൂഹ്യരാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെല്ലാം ഒരു പരിധിവരെ അഴിമതിയും, സ്വജനപക്ഷപാതവും, വിശ്വാസ വഞ്ചനയും നിഷ്‌ക്രിയത്വവും പ്രവര്‍ത്തനരാഹിത്യവും കൊടികുത്തി വാഴുകയല്ലേ? ജാതിമതാടി സ്ഥാനത്തില്‍ രാഷ്ട്രീയ സാമൂഹ്യ അരക്ഷിത അരാജകഭരണങ്ങള്‍ മുന്നോട്ടു പോകുന്നു. അഴിമതിയില്‍ അടിമുടി മുങ്ങി നില്‍ക്കുന്നവര്‍ ശിക്ഷിക്കപ്പെടാതെ യഥേഷ്ടം വഞ്ചനയാല്‍ അവിശുദ്ധ കൂട്ടുകെട്ടിനാല്‍ വിജയശ്രീലാളിതരായി പരിലസിച്ച് സാധുക്കളെ തേര്‍വാഴ്ച നടത്തി കൊഞ്ഞനം കാട്ടുന്നു. പണിമുടക്കും ബന്തും ഹര്‍ത്താലും ഇവിടെ നിത്യസംഭവങ്ങളാണ്. ഭരണരംഗങ്ങളില്‍ തൊഴുത്തില്‍ കുത്തും, കാലുവാരലും, കാലുമാറലും, കുതി കാല്‍വെട്ടും, കുതിരക്കച്ചവും ചാക്കിട്ടുപിടുത്തവും ഇവിടെ പുത്തരിയല്ല. മുതിര്‍ന്നവരേയും ഗുരുജനങ്ങളെയും സ്വന്തം മാതാപിതാക്കളെയും ബഹുമാനിക്കുന്നവര്‍ ഇന്നവിടെ വിരളമാണ്. അവരെയൊക്കെ ആക്ഷേപിക്കാനും അപമാനിക്കാനും ആര്‍ക്കും മടിയില്ല. മതസഹിഷ്ണുതയില്ലെന്നു മാത്രമല്ല മത തീവ്രവാദികള്‍ അവിടെ അഴിഞ്ഞാടുന്നു. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുന്നു. ജീവനു യാതൊരു വിലയുമില്ലാതായി. കുടുംബഭദ്രത, പരിപാവനമായ ഭാര്യ ഭര്‍തൃബന്ധങ്ങളെല്ലാം വളരെ വേഗം ശിഥിലമായിക്കൊണ്ടിരിക്കുന്നു. സാമ്പത്തിക, സാമൂഹ്യ കുടുംബ തകര്‍ച്ചയില്‍ മനംനൊന്ത് എത്രപേര്‍ ദിനംപ്രതി ആത്മഹത്യ ചെയ്യുന്നു. പെണ്‍വാണിഭവും തട്ടിപ്പും വെട്ടിപ്പും മോഷണവും കൊല്ലും കൊലയും പതി•ടങ്ങ് ഏറിവരുന്നു. അവിടെ ആര്‍ക്കും ആരേയും വിശ്വസിക്കാന്‍ വയ്യാത്ത ഒരു ശോചനീയ സംവിധാനം സംജാതമായിരിക്കൊണ്ടിരിക്കുകയാണ്. ഇതാണോ നമ്മള്‍ മുഷ്ടിചുരുട്ടി, തൊള്ള തുറന്ന് കൊട്ടിഘോഷിക്കുന്ന മഹത്തായ ആര്‍ഷഭാരത കേരള മാവേലി സംസ്‌കാരം? നമുക്കവിടെ ഉറ്റവരും ഉടയവരും വേരുകളുമുണ്ടെന്നു കരുതി ഈ അടിപൊളി ആര്‍ഷഭാരതസംസ്‌കാരമാണോ നാമിവിടെ നമ്മുടെ കുരുന്നുകളെ പഠിപ്പിക്കേണ്ടത്? ഇവിടെ വാരിവിതക്കേണ്ടത്? ദൈവാനുഗ്രഹത്താല്‍ അമേരിക്കയില്‍ കുടിയേറി രക്ഷപ്പെട്ടുപോയതുകൊണ്ട് തലമറന്ന് എണ്ണതേക്കുന്നമാതിരി പിറന്ന നാടിനെ പുച്ഛിച്ചു തള്ളി പറയുകയാണെന്ന് കരുതരുത്. ഈ ലേഖകനും അവിടെ ആയിരുന്നെങ്കില്‍, അവിടത്തെ ഒരു ബില്യന്‍ ജനത്തില്‍ ഒരാള്‍ എന്ന രീതിയില്‍ ആ ശോചനീയ രീതിയില്‍ ജീവിതം ക്രമപ്പെടുത്തി അവിടെ അലിഞ്ഞു ചേരുമായിരുന്നു എന്നതും ശരിതന്നെ. അനുകരണീയവും പ്രശംസനീയവുമായ മറ്റ് പലതും അവിടെ അവശേഷിക്കുന്നുണ്ടെന്നും സമ്മതിക്കുന്നു. ഈ രാജ്യത്ത് വരാനും ജീവിക്കാനും അനുഗ്രഹവും അവസരവും കിട്ടിയ നമ്മള്‍ കുറച്ചൊക്കെ, ചിലതൊക്കെ നഷ്ടമുണ്ടെങ്കിലും ശരി ഇല്ലാത്ത ആര്‍ഷഭാരത സംസ്‌കാരം മാത്രം അങ്ങേയറ്റം മഹത്തരമാണെന്നു പറഞ്ഞ് നമ്മുടെ കുട്ടികളുടെമേല്‍, പിന്നെ തമ്മില്‍ തമ്മില്‍ അപ്പാടെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് തനി ഭോഷത്വമല്ലേ? ആ രാജ്യത്തു നിന്നും കൈമോശം വന്നുപോയ എത്രയോ നല്ല ആചാരാനുഷ്ഠാനങ്ങളും സംസ്‌കാരവും നമുക്കിവിടെ തന്നെ ചില നല്ല പോളീഷു ചെയ്തു ചിട്ടപ്പെടുത്തിയ വകഭേദങ്ങളോടെ സ്വീകരിക്കുവാനും വരുംതലമുറയ്ക്കു നല്‍കുവാനും സാധിക്കും? കേരളീയം - ഭാരതീയം എന്ന പേരില്ലെങ്കില്‍ തന്നേയും ഇവിടെയും കെട്ടുറപ്പുള്ള കുടുംബങ്ങളില്ലേ? ഇവിടെ സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക ഭരണരംഗങ്ങളിലെല്ലാം നമ്മുടെ മാതൃരാജ്യത്തിനേക്കാള്‍ കുറച്ചൊക്കെ സത്യസന്ധതയും അഴിമതിരാഹിത്യവും ദര്‍ശിക്കുന്നില്ലേ. ഈ നാട് ഇന്ത്യയേക്കാള്‍ സാമ്പത്തിക ഭദ്രതയുള്ളതായതുകൊണ്ടാണ്, അതുകൊണ്ട് താരതമ്യ പഠനം ഒട്ടും ആശാസ്യമല്ലായെന്നു വാദിക്കുന്നവരും കണ്ടേക്കാം. പക്ഷേ, എന്തുകൊണ്ട് ഈ രാജ്യത്തിന് സാമ്പത്തിക ഭദ്രതയുണ്ടായി. ഭരണസ്ഥിരതയുണ്ടായി എന്നു കൂടി ഈ വാദം ഉന്നയിക്കുന്നവര്‍ വ്യക്തമാക്കണം.
അഴിമതിയെ വെറുക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന നമ്മള്‍ എപ്പോഴെങ്കിലും എന്തിനെങ്കിലും കാര്യസാധ്യത്തിനായി അവിടെ കൈക്കൂലി കൊടുത്തിട്ടുണ്ടോ? ഒരു ആത്മശോധന നടത്തുക. ഉണ്ടെങ്കില്‍ നമ്മളും. ആ അഴിമതി സംസ്‌കാരത്തിന്റെ വളര്‍ച്ചയ്ക്ക് കൂട്ടുനിന്നിട്ടുള്ളവരാണ്. നല്ല കാര്യങ്ങള്‍ ആര്‍ക്കും പ്രസംഗിക്കാം. പക്ഷേ അവനവന്റെ ജീവിതത്തില്‍ അവ പ്രാവര്‍ത്തികമാ ക്കുന്നില്ലെന്നു മാത്രം. ''ആ നല്ല കാര്യങ്ങള്‍ മറ്റുള്ളവര്‍ പ്രാവര്‍ത്തികമാക്കട്ടെ'' അതൊന്നും തങ്ങള്‍ക്കു ബാധകമല്ല'' എന്നാണു പലരും ചിന്തിക്കുന്നത്. ഈ രാജ്യത്തെ ജനങ്ങളില്‍ അമ്പതു ശതമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമ്പാദ്യത്തിന്റെ 30 ശതമാനമെങ്കിലും നീക്കിവെക്കുന്നതായി ഒരു കണക്കു പറയുന്നു. ആളോഹരി വരുമാനമെടുത്താല്‍ ഒരു ശരാശരി അമേരിക്കനേക്കാള്‍ കൂടുതല്‍ വരുമാനമുള്ള ഇന്തൃന്‍ അമേരിക്കന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമ്പാദ്യത്തിന്റെ രണ്ടു ശതമാനമെങ്കിലും നീക്കിവയ്ക്കാറില്ലായെന്നതല്ലേ ശരി? നമ്മള്‍ കുത്തിയിരുന്നു പ്രാര്‍ത്ഥിക്കുന്നു- ധ്യാനിക്കുന്നു- ആചാരങ്ങളെയും പൊള്ളയായ അനുഷ്ഠാനങ്ങളെയും പാരമ്പര്യങ്ങളെയും മുറുകെ പിടിച്ചുകൊണ്ട് ഘോരഘോരം, ധീരധീരം കയ്യും കാലുമെടുത്തു പ്രസംഗിക്കുന്നു. വാചക കസര്‍ത്തു നടത്തുന്നു. പാവപ്പെട്ടവരുടെ പേരില്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്നു. പക്ഷേ സാധുജനങ്ങള്‍ക്കായി, നമ്മള്‍ വിളിച്ചു പറയുന്ന മധുരോദാരമായ ആദര്‍ശങ്ങള്‍ക്കായി ശാരീരികമായോ, പണപരമായോ, കാര്യമായ ഒരു സംഭാവനയും ത്യാഗവും ചെയ്യാന്‍ നമ്മള്‍ തയ്യാറല്ല. എന്നാല്‍ മൂല്യങ്ങളുടെയും ആദര്‍ശങ്ങളുടെയും സാംസ്‌കാരിക പാരമ്പര്യങ്ങളുടെയും കാര്യത്തില്‍ നമ്മളേക്കാള്‍ വളരെ താഴെയാണെന്നു നമ്മള്‍ ഉദ്‌ഘോഷിക്കുന്ന ഇവിടത്തെ അമേരിക്കക്കാര്‍ ത്യാഗത്തിന്റെയും സംഭാവനകളുടെയും കാര്യത്തില്‍ എത്രയോ ഉന്നതങ്ങളിലാണ്. നമ്മള്‍ ഇവിടത്തെയോ നാട്ടിലെയോ എത്ര ജീവകാരുണ്യ സംരംഭങ്ങള്‍ക്കു സംഭാവന നല്‍കുന്നുണ്ട്? പലരും പുച്ഛിച്ചു തള്ളുന്ന ഇവിടുത്തുകാരുടെ ഹൃദയവിശാലത എവിടെ? മഹത്തായ ആര്‍ഷഭാരതസംസ്‌കാര സന്ദേശവാഹകര്‍ക്ക് എത്ര സമ്പത്ത് കുന്നുകൂടിയാലും പൊതുവായ ഒരു നല്ല കാര്യത്തിന് ഒരു നിസ്സാര തുകപോലും മുടക്കാന്‍ പലര്‍ക്കും പലപ്പോഴും മടിയാണ്. ഇവിടെ വന്ന് ദാരിദ്ര്യം ഒട്ടൊതുങ്ങിയിട്ടും സാമ്പത്തിക ഐശ്വര്യം വെട്ടിപിടിച്ചിട്ടും നാട്ടിലെ അഭികാമ്യമല്ലാത്ത നവീന സംസ്‌കൃതിയുടെ പലവിധത്തിലുള്ള സന്ദേശവാഹകരായി. ഇവിടെയും നമ്മള്‍ മാറുകയല്ലേ? ഇവിടുത്തെ ഒരു നല്ല ശതമാനം മലയാളികള്‍ പോരെടുക്കാനും തമ്മില്‍ തമ്മില്‍ കലഹിക്കാനും മല്ലടിക്കാനും കുറ്റം പറയാനും വിദ്വേഷം പരത്താനും ബഹുമിടുക്കരല്ലേ? അന്യകുടുംബങ്ങളില്‍ വലിഞ്ഞുകയറി നുണ പറയാനും ഇടപെടാനും കള്ളക്കഥകളുണ്ടാക്കാനും അതു പ്രചരിപ്പിക്കാനും കുടുംബങ്ങളെ തമ്മിലടിപ്പിക്കാനും ചിലരെ താറടിക്കാനും അതുവഴി പലരീതിയില്‍ കാര്യം കാണാനും ചിലര്‍ അതിവിരുതു കാണിക്കാറില്ലേ? സഹായിച്ചവരേയും ജീവിതം കൊടുത്തവരേയും തിരിഞ്ഞു നിന്നു ദ്രോഹിക്കാനും തകര്‍ക്കാനും ചിലര്‍ക്കു ഒരു മടിയും കാണുന്നില്ല. നമ്മുടെ ഇന്ത്യയിലെയും ഇവിടുത്തെയും സംസ്‌കാരവും ഇവിടുത്തുകാരുടെ ജീവിതരീതികളും ഇന്ത്യന്‍ അമേരിക്കക്കാരായ നമ്മളില്‍ പലരുടെയും പെരുമാറ്റ ചട്ടങ്ങളേയും നിഷ്പക്ഷമായി തുലനം ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ഇവിടുത്തുകാരേക്കാള്‍ അഭിമാനിക്കാനോ മുന്തിയ സംസ്‌കാര വാഹികളാണെന്ന് ഊറ്റം കൊള്ളാനോ അധികം അര്‍ഹതയില്ല.
അമേരിക്കയിലെ പ്രായേണ മെച്ചമായ രാഷ്ട്രീയ സാമൂഹ്യസമുദായ മത സഹിഷ്ണുത, സൗഹാര്‍ദ്ദത, തുറന്ന മനസ്ഥിതി വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരമില്ലായ്മ, കൃത്യനിഷ്ഠ, അച്ചടക്കം, നീതിബോധം, സഹാനുഭൂതി, ജീവിതരംഗങ്ങളിലെ അഴിമതിരാഹിത്യം എല്ലാം എത്രയോ പ്രശംസനീയങ്ങളാണ്. ഇവിടെയും ദൂഷിത വലയങ്ങള്‍ ധാരാളമുണ്ട്. പക്ഷേ ഇവിടുത്തെ സംസ്‌കാരത്തിന്റെ ദൂഷിത വലയങ്ങള്‍ പ്രായേണ കുറയുകയോ സ്ഥിരമായി നില്‍ക്കുകയോ ചെയ്യുമ്പോള്‍ ഈ നാട് സാമ്പത്തികമായും സാംസ്‌ക്കാരികമായും പുരോഗമനത്തിന്റെ പുതിയമാനങ്ങള്‍ തേടുമ്പോള്‍ നമ്മുടെ ഇന്ത്യന്‍ കേരള സംസ്‌കൃതിയിലെ വിഷലബ്ധമായ വശങ്ങള്‍ അനുദിനം പെരുകിയും ന•യുടെ വശങ്ങള്‍ ശുഷ്‌ക്കമായും വരുന്നു എന്നതാണ് സത്യം. ഇന്ത്യന്‍ അമേരിക്കക്കാരായ നമ്മള്‍ ഭാരതത്തിലെ ആയാലും അമേരിക്കയിലെ ആയാലും സംസ്‌കാരത്തിലെ ന•തി•കള്‍ മനസിലാക്കി കൊള്ളേണ്ടതിനെ ഉള്‍ക്കൊള്ളുകയും തള്ളേണ്ടതിനെ അവഗണിക്കുകയുമാണ് വേണ്ടത്. അങ്ങനെ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ന•കളുടെ സമ്മിശ്രമായ ഒരു നവ ഇന്ത്യന്‍ - അമേരിക്കന്‍ സംസ്‌കാരവും സംസ്‌കൃതിയും നമ്മുടെ തലമുറയ്ക്കു നല്‍കിക്കൂടേ. എവിടെ ആയാലും ജീവിതമൂല്യ തകര്‍ച്ചയെ തടുക്കാന്‍ ഓരോ വ്യക്തിയും മനസ്സാ വാചാ കര്‍മ്മണാ രംഗത്തു വരികയാണാവശ്യം.