Image

ഹിൻഡൻബർഗ് ഗവേഷണ രേഖകളും അദാനിയും ഇന്‍ഡ്യന്‍ രാഷ്ട്രീയവും (ദല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 11 February, 2023
ഹിൻഡൻബർഗ് ഗവേഷണ രേഖകളും  അദാനിയും ഇന്‍ഡ്യന്‍ രാഷ്ട്രീയവും (ദല്‍ഹികത്ത് : പി.വി.തോമസ് )

ഹിന്റന്‍ ബര്‍ഗ് ഗവേഷണ രേഖകളില്‍ ഇന്‍ഡ്യയിലെ വ്യവസായ പ്രമുഖനും ലോകധനിക പട്ടികയില്‍ മുന്‍പന്തിക്കാരില്‍ ഒരാളുമായ ഗൗതം അദാനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന അതീവഗൗരവമായ കോര്‍പ്പറേറ്റ്-സ്റ്റോക്ക് തട്ടിപ്പ് സംബന്ധിച്ച ആരോപണങ്ങള്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തെ ഇളക്കി മറിച്ചിരിക്കുകയാണ്. പാര്‍ലിമെന്റിന്റെ ബജറ്റ് സെഷന്‍ ദിവസങ്ങളോളം പ്രതിപക്ഷം ഉപരോധിച്ചു. ഹിന്റന്‍ബര്‍ഗ്-അദാനി വിഷയത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ പാര്‍ലിമെന്റിന്റെ ഒരു സംയുക്ത കമ്മിറ്റിയെ നിയമിക്കണമെന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ഒരു ആവശ്യം. ഇത് ഗവണ്‍മെന്റ് പരിഗണിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുസംബന്ധിച്ച് ഒരു പ്രസ്താവന നടത്തണമെന്നും ഇരുസഭകളും ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുകയുണ്ടായി. മോദി ഒരു ശബ്ദവും ഉപരിയാടിയില്ല. ചര്‍ച്ച നിഷേധിക്കപ്പെടുകയും ചെയ്തു. രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിനുള്ള മറുപടിയില്‍ മോദി അദാനിവിഷയത്തെക്കുറിച്ചു അദാനിയുടെ പേരുപരാമര്‍ശിക്കാതെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടു പറഞ്ഞത് ഇതെല്ലാം പ്രതിപക്ഷത്തിന്റെ ഓരോ തന്ത്രമാണെന്നാണ്. ഏതായാലും അദാനിവിഷയം പാര്‍ലിമെന്റിനുള്ളിലും പുറത്തുകത്തിക്കാളുകയാണ്. മോദിയുടെയും ഗവണ്‍മെന്റിന്റെയും ഭാഗത്തു നിന്ന് തൃപ്തികരമായ ഒരു വിശദീകരണം ഉണ്ടായിട്ടില്ല. ഇത് ഒരു വലിയ രാഷ്ട്രീയ വിവാദം ആകുവാന്‍ കാരണം ഗൗതം അദാനി എന്ന വ്യവസായി മോദിയുടെ ഉറ്റസുഹൃത്ത് ആണെന്നുള്ളതാണ്, പ്രതിപക്ഷം ആരോപിക്കുന്നതുപോലെ. ഇതിന് ഉപോല്‍ബലകം ആരോപിക്കുന്നതുപോലെ. ഇതിന് ഉപോല്‍ബലകം ആയി പ്രതിപക്ഷ നേതാവും മുന്‍കോണ്‍ഗ്രസ് അധ്യക്ഷനും ആയ രാഹുല്‍ഗാന്ധി ചൂണ്ടികാണിക്കുന്നത് മോദി അധികാരത്തില്‍ വന്നതിനുശേഷമുള്ള അദാനിയുടെ അത്ഭുതാവഹമായ വളര്‍ച്ചയാണ്. മോദി അധികാരത്തില്‍ വരുന്നതിനു മുമ്പ് അതായത് 2014-നു മുമ്പ് ലോകധനികരുടെ പട്ടികയില്‍ 609-ാം സ്ഥാനത്തുനിന്ന അദാനി ഒടുവില്‍ 8 വര്‍ഷം കൊണ്ട് രണ്ടാം സ്ഥാനം വരെ എത്തി. ഇന്‍ഡ്യയുടെ വിദേശ-പ്രതിരോധ-ആഭ്യന്തര നയങ്ങളും ദേശീയ ബജറ്റ് വരെ അദാനിയുടെ വ്യവസായ സാമ്രാജ്യത്തിന്റെ വളര്‍ച്ചക്കായി ഉപയോഗിച്ചു. ഹിന്റബര്‍ഗ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നതുപോലെയുള്ള അദാനിയുടെ വിദേശ ഷെല്‍ കമ്പനികള്‍ ഇന്‍ഡ്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണ്. ഇതെല്ലാം പാര്‍ലിമെന്റ് ചര്‍ച്ച ചെയ്യണമെന്നാണ് രാഹുലിന്റെയും പ്രതിപക്ഷത്തിന്റെയും ആവശ്യം. പക്ഷേ, ഗവണ്‍മെന്റ് തയ്യാറല്ല. മോദി ഭരണത്തില്‍ അദാനിയുടെ വ്യവസായം എയര്‍പോര്‍ട്ടുകളും സീപോര്‍ട്ടുകളും വാങ്ങികുട്ടി. പ്രതിരോധം, ആയുധം സിമന്റ്, ആപ്പിള്‍, അടിസ്ഥാനസൗകര്യങ്ങള്‍, കല്‍ക്കരി, വൈദ്യുതി എന്നീ മേഖലകളില്‍ അദ്ദേഹം ആധിപത്യം ഉറപ്പിച്ചു. അദ്ദേഹത്തിനും യാതൊരു മുന്‍പരിചയം ഇല്ലാത്ത മേഖലകളിലും അദാനി കടന്നുചെല്ലുന്നു. നിയമങ്ങള്‍ അദ്ദേഹത്തിനായി മാറ്റി എഴുതി. ഉദാഹരണമായി എയര്‍പോര്‍ട്ട് നിയമം. പ്രതിപക്ഷം ചൂണ്ടികാണിക്കുന്ന മറ്റൊന്ന് 2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയ മോദി ബി.ജെ.പി..യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ദേശവ്യാപകമായി പ്രചരണം നടത്തിയത് അദാനിയുടെ സ്വകാര്യ ജെറ്റുകളില്‍ ആയിരുന്നു. ചുരുങ്ങിയത് മൂന്നു ജെറ്റും, ഹെലികോപ്ടറും അടങ്ങിയ ഒരു ഫളീറ്റ് മോദിയ്ക്കായി അദാനി സഭാ തയ്യാറാക്കി വച്ചിരുന്നു. വാടകയ്ക്ക് ആണെങ്കില്‍ ആര് ഇതിന്റെ വാടക കൊടുത്തു എന്ന ചോദ്യത്തിന് ഇതുവരെ മറുപടി ഉണ്ടായിട്ടില്ല. ഇത് ഔദ്യോഗികമായി ഖണ്ഡിക്കപ്പെട്ടിട്ടും ഇല്ല.

എന്നാല്‍ ഹിന്റന്‍ബര്‍ഗ് വിവാദം പാര്‍ലിമെന്റില്‍ കത്തിക്കയറിയപ്പോള്‍ ഒരു സ്വകാര്യ ഇംഗ്ലീഷ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പറയുകയുണ്ടായി ഗവണ്‍മെന്റ് അദാനിക്ക് യാതൊരു ആനുകൂല്യങ്ങളും ചെയ്തിട്ടില്ലെന്ന്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും അദാനിയ്ക്കായി കച്ചവടക്കരാറുകള്‍ നല്‍കിയിട്ടുണ്ട്. സീതാരാമന്‍ രണ്ടാമത് പറഞ്ഞത് ശരിയാണ്. പക്ഷേ, ആദ്യം പറഞ്ഞതു ശരിയാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

മോദി അധികാരത്തില്‍ വന്ന ആദ്യത്തെ നാലുവര്‍ഷത്തിനുള്ളില്‍ അദ്ദേഹം 52 വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ആകെ ചിലവ് 355 കോടി. പക്ഷേ, ഇവിടെ അതല്ല വിഷയം. ഇതില്‍ മിക്കവാറും എല്ലാ യാത്രകളിലും അദാനി ഉണ്ടായിരുന്നു. ഈ യാത്രയില്‍ എല്ലാം അദാനിക്ക് ലഭിച്ചത് ലക്ഷക്കണക്കിനു കോടിരൂപയുടെ കോണ്‍ട്രാക്ടുകള്‍ ആണ്. ഇതില് ഇസ്രായേല്‍, ജപ്പാന്‍, ഓസ്‌ട്രേലിയ, മലേഷ്യ, ഇറാന്‍, മൊസാബിക്ക്, ബംഗ്ലാദേശ്, മയന്‍മാര്‍, ചൈന, തുടങ്ങിയ ചില രാജ്യങ്ങള്‍ മാത്രം ആണ്. പ്രോജക്ടുകളുടെയും തുകയുടെയും മറ്റു വിശദവിവരങ്ങള്‍ സ്ഥല ബാഹുല്യം ഭയന്ന് എഴുതുന്നില്ല. അദാനി പ്രധാനമന്ത്രിയുടെ വിദേശയാത്രകളില്‍ ബിസിനസ് ഡെലിഗേഷന്റെ ഭാഗമായി പോകുന്നതില്‍ എന്താണ് തെറ്റെന്നു ചോദിച്ചാല്‍ യാതൊരു തെറ്റും ഇല്ല. എന്നാല്‍ ഇതില്‍ എത്രപേരെ മോദിയുടെ ഉറ്റസുഹൃത്തായി, ചങ്ങാത്ത മുതലാളിയായി, ചിത്രീകരിച്ച് കോണ്‍ട്രാക്ടുകള്‍ നേടികൊടുത്തിട്ടുണ്ട്? എത്രപേര്‍ക്കുവേണ്ടി പോര്‍ട്ട് നിയമങ്ങള്‍ മാറ്റി മറിച്ചിട്ടുണ്ട്? അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ഉറ്റചങ്ങാതിയെ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ചതിയന്‍, വഞ്ചകന്‍ എന്ന് ഹിന്റന്‍ബര്‍ഗ് ആരോപിച്ചപ്പോള്‍ പ്രതിപക്ഷം ഉത്തരം ആരാഞ്ഞത്. ഹിന്റന്‍ബര്‍ഗിന്റെ ആരോപണത്തെ ഇന്‍ഡ്യയുടെ സാമ്പത്തീക വളര്‍ച്ചാപ്രതിഭാസത്തെ ആക്രമിക്കുവാനുള്ള ദുരുദ്ദേശമായി ഗവണ്‍െന്റ് ഭാഗത്തുനിന്നും അദാനിയുടെ ഭാഗത്തുനിന്നും ചിത്രീകരിച്ചതു ഒരു മറുപടിയല്ല. അതിന് ഇന്‍ഡ്യന്‍ ദേശീയത ആക്രമിക്കപ്പെടുന്നതായി ചിത്രീകരിക്കുന്നതും പരിഹാസ്യമാണ്. ഇതിന് ഹിന്റന്‍ബര്‍ഗ് നല്‍കിയ മറുപടി അദാനി ഗ്രൂപ്പ് ഇന്‍ഡ്യന്‍ ദേശീയ പതാകപൊതിഞ്ഞുകൊണ്ട് വളരെ ആസൂത്രിതമായി ഇന്‍ഡ്യയെ കൊള്ളയടിക്കുകയാണെന്നും ആണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായിട്ടുള്ള ഹിന്റന്‍ബര്‍ഗ് രണ്ടു വര്‍ഷത്തെ നിരന്തര ഗവേഷണഫലമായിട്ടാണ് അദാനി രേഖകള്‍ തയ്യാറാക്കിയതെന്നും അവകാശപ്പെടുന്നു.

ഏതായാലും ഹിന്റന്‍ബര്‍ഗ് ഗവേഷണരേഖകള്‍ അദാനിയുടെ വ്യവസായ സാമ്രാജ്യത്തിന്റെ അടിത്തറ ഇളക്കിയിരിക്കുകയാണ്. ലോക ധനികരുടെ പട്ടികയില്‍ ഉന്നതശ്രേണിയില്‍ നിന്നും പതിനെട്ടാമതു സ്ഥാനത്തേക്ക് പതിച്ചിരിക്കുകയാണ്. ഹിന്റന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ ഇന്‍ഡ്യയിലെ ഒരു വ്യവസായിയെയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളെയും ഉന്നം വച്ചുള്ള ആസൂത്രിത ആക്രണം ആണെങ്കില്‍, അതും ഒരു വിദേശരാജ്യത്തുനിന്നും, എന്തുകൊണ്ട് ഗവണ്‍മെന്റ് ഉള്‍പ്പെടെ തല്‍പരകക്ഷികള്‍ നടപടി എടുക്കുന്നില്ല? ഹിന്റന്‍ബര്‍ഗ് റിപ്പോര്‍ട്ടിനുശേഷം ഒരാഴ്ചകൊണ്ട് അദാനിയുടെ 34 ബില്യണ്‍ ഡോളര്‍ ആണ് ഒലിച്ചു പോയത്. അദാനി ഉന്നതങ്ങളിലെ ബന്ധം കൊണ്ട് ഊതി വീര്‍പ്പിച്ച ഒരു ബലൂണ്‍ ആണെന്ന് തെളിയിയ്ക്കപ്പെടുകയാണോ? ഇന്‍ഡ്യയിലെ പൊതുമേഖല സ്ഥാപനങ്ങളായ എല്‍.ഐ.സി.യും ബാങ്കുകളും ഉദാരമായി അദാനി സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുവാന്‍ ആരാണ് സമ്മര്‍ദ്ദം ചെലുത്തിയത്? ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതായിട്ടുണ്ട്. അദാനിയുടെ വളര്‍ച്ച മോദി ഗുജറാത്തു മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ (2001 മുതല്‍) പ്രധാനമന്ത്രി ആയപ്പോള്‍(2014-2023) വരെ എങ്ങനെയാണ് 124.6 ശതമാനമായി രേഖപ്പെടുത്തിയത്? അദാനി കടലും അകാശവും എല്ലാം വിലയ്‌ക്കെടുത്ത് കച്ചവടം നടത്തുമ്പോള്‍ അതിനെ നിയന്ത്രിക്കുവാനുള്ള സാമ്പത്തീക റെഗുലേറ്ററി അധികാരികള്‍ അവരുടെ കടമ പൂര്‍ത്തീകരിക്കുന്നുണ്ടോ? ഇതിനും ഉത്തരം ജനങ്ങള്‍ക്കു ലഭിക്കണം. അദാനിയുടെ മാധ്യമ രംഗത്തേക്കുള്ള പ്രവേശനവും വളരെയധികം ശ്രദ്ധിക്കപ്പെട്ടതാണ്. അദ്ദേഹം എന്‍.ഡി.റ്റീ.വി.(ന്യൂഡല്‍ഹി റ്റി.വി.) എന്ന ഇന്‍ഡ്യയിലെ ഏറ്റവും പഴക്കം ചെന്ന ഇംഗ്ലീഷ് ന്യൂസ് ചാനല്‍ ഏറ്റെടുത്ത് അതിന്റെ സ്ഥാപകരായ പ്രണോയ്-രാധിക റോയിമാരുടെ പോലും അറിവോ സമ്മതമോ ഇല്ലാതെയാണ്. ഇത് നടന്നത് തലസ്ഥാന നഗരിയില്‍ അധികാരികളുടെയും മാധ്യമങ്ങളുടെയും മൂക്കിനു താഴെയാണ്.

കോര്‍പ്പറേറ്റുകള്‍ കോര്‍പ്പറേറ്റ് ഏകാധിപതികളെപ്പോലെയാണ്. അതിനെ ഒരു കുടുംബം ആണ് നിയന്ത്രിക്കുന്നതെങ്കില്‍ അത് ഭയാനകവും അതിന് രാഷ്ട്രീയബന്ധം ഉണ്ടാകുമ്പോള്‍ അത് അപകടകരവും ആണ്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സ്റ്റിയിലെ ധനകാര്യ പ്രൊഫസര്‍ ആയ അശ്വഥ് ദാമോദരന്‍ അദാനി സംഭവത്തെക്കുറിച്ച് എഴുതിയപ്പോള്‍ നടത്തിയ ഈ പരാമര്‍ശം അര്‍ത്ഥവത്താണ്. ഭരണാധികാരികളും ചങ്ങാത്ത മുതലാളിത്വവും തമ്മിലുള്ള അവിശുദ്ധ ബന്ധം അപകടം ആണ്. മതവും രാഷ്ട്രീയവും കൂട്ടികലര്‍ത്തുന്നതുപോലെതന്നെ. ഭരണാധികാരികളുടെ ഒത്താശയോടെ ചങ്ങാത്ത മുതലാളിമാര്‍ മാധ്യമ മേഖല കയ്യടക്കുന്നതും ജനാധിപത്യത്തിന് അത്യപകടകരം ആണ്.

Hintenberg Research Papers, Adani and Indian Politics.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക