"യൂട്രസ് റിമൂവ് ചെയ്യണം, അതും വളരെ പെട്ടെന്ന് തന്നെ വേണം. ഇനിയും ഹീമോഗ്ലോബിൻ കുറഞ്ഞാൽ കോംപ്ലിക്കേഷൻ ആവും" പരിശോധന കഴിഞ്ഞ് ഡോക്ടർ വളരെ ഒഫീഷ്യലായി പറഞ്ഞു നിർത്തിയപ്പോൾ നിശബ്ദയായി , ദയനീയമായി ഞാൻ അവരെ നോക്കിയിരുന്നു.
എന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതു കൊണ്ടാവാം, ഇനിയുമിത് വെച്ചിരിക്കാനാവില്ല എന്നും മറ്റ് ടെസ്റ്റുകൾക്കായി നാളെ വരണമെന്നും അല്പം കാരുണ്യം കൂടി ചാലിച്ച് ചേർത്ത് പറഞ്ഞ് അവർ അടുത്ത രോഗിയുടെ ടോക്കൺ നമ്പറിൽ പ്രസ് ചെയ്തു.
ഗർഭപാത്രം നഷ്ടപ്പെടുന്നു എന്നതിന്റെ വൈകാരികതയേക്കാൾ ഈ അന്യനാട്ടിൽ ഒരു ഹോസ്പിറ്റൽ ജീവിതത്തിലൂടെ
കടന്നുപോവേണ്ടി വരുന്ന അവസ്ഥയാണ് എന്നെ ഏറെ പിടിച്ചുലച്ചത്. തളർന്നു പോവുമ്പോൾ കൈ പിടിച്ച് സമാധാനിപ്പിക്കാൻ അടുത്ത ബന്ധുക്കളും പരിവാരങ്ങളുമില്ലാതെ ആശുപത്രിയിൽ അഡ്മിറ്റ് ആവുന്നത് ആലോചിക്കാനേ വയ്യ. "ഒരു സെക്കന്റ് ഒപ്പിനിയൻ അറിഞ്ഞിട്ടു പോരേ സർജറി"എന്ന രണ്ടാമത്തെ മകളുടെ അഭിപ്രായം ഒരു പിടിവള്ളിയായി കരുതി ദുബായി ആസ്തറിലെ ഗൈനക്കോളജിസ്റ് ഡോ.മിനിയെ കൺസൾട്ട് ചെയ്തപ്പോൾ ഏറ്റവും അടുത്ത ദിവസം തന്നെ സർജറിചെയ്യുന്നതാണ് നല്ലതെന്ന് അവരും പറഞ്ഞു. ഡേ കെയറിലെ കുഞ്ഞു മക്കളും പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്ന പൂജയുമായിരുന്നു ഹോസ്പിറ്റൽ വാസം കൂടാതെ എന്നെ അലട്ടിയ മറ്റ് രണ്ട് വല്യ പ്രശ്നങ്ങൾ !
"ഞാനില്ലേ ദീദീ "എന്ന് കമലയും "ജീസസും ഞാനുമുണ്ട് നിന്റെ കൂടെ" എന്ന് പറഞ്ഞ് ഗുട്ടരത്ന ആന്റിയും ധൈര്യം തന്നപ്പോൾ ഞാൻ എന്റെ സ്വകാര്യ വേവലാതികൾ പുറത്ത് കാണിക്കാതെ സർജറിക്കായൊരുങ്ങി. വിശ്വേട്ടൻ ധൈര്യം തന്ന് ചേർത്തു നിർത്തിയപ്പോഴും എന്റെ ഉള്ളിൽ വലിയ ഒരു കടലിരമ്പുന്നുണ്ടായിരുന്നു.
അനസ്തേഷ്യ എന്നാൽ മരണമാണെന്നായിരുന്നു എന്റെ ഉറച്ച വിശ്വാസം. തലശ്ശേരി ഇന്ദിരാ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ഡോ രഞ്ജിത്ത് അത് തെറ്റാണെന്ന് തെളിയിച്ച് തന്നെങ്കിലും അനസ്തേഷ്യ എന്ന വാക്കിനെ ഞാൻ പേടിയോടെ ചുറ്റിപ്പിടിച്ചു.
അനസ്തേഷ്യ ചെയ്യാതെ ഓപ്പറേഷൻ ചെയ്യാനാവുമോ എന്ന ഒരു പൊട്ടച്ചോദ്യം ഡോക്ടർ സർജറിയുടെ ഡേറ്റ് കുറിക്കുമ്പോൾ എന്റെ നാവിൻ തുമ്പോളമെത്തിയെങ്കിലും വിശ്വേട്ടൻ കണ്ണ് മിഴിച്ചത് കാരണം ഞാനതങ്ങ് വിഴുങ്ങി.
ബാക്കിയൊക്കെ വിധിക്ക് വിട്ടു കൊടുത്ത് ഒരു ബുധനാഴ്ച ഹോസ്പിറ്റലിൽ അഡ്മിറ്റായി. വ്യാഴാഴ്ച സർജറിയെന്നും തിരുമാനിച്ചു.
വെയിൻ കിട്ടാനില്ല എന്ന പരാതി പറഞ്ഞു കൊണ്ട് നേഴ്സിങ്ങ് സ്റ്റഫ് എന്റെ രണ്ടു കൈയും തല്ലിയും ഞെക്കിയും പാകപ്പെടുത്തിയെടുത്തു കാനുല കുത്തിപ്പിടിപ്പിച്ചു. അതിനിടെ ബ്ലഡ് കയറ്റുകയും അതിൽ നിന്ന് കുറെ പല വിധ ടെസ്റ്റുകൾക്കായി കുത്തിയെടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
എന്റെ ശരീരം മറ്റാരുടെയൊക്കെയോ നിയന്ത്രണത്തിലാണ് ഇനി കുറച്ച് ദിവസങ്ങൾ എന്ന് തിരിച്ചറിഞ്ഞതോടെ ഞാൻ നിസ്സംഗയായി പുറത്തേക്ക് നോക്കിക്കിടന്നു. ജനൽ പാളികൾക്കപ്പുറത്ത് രണ്ട് അടക്കാക്കിളികളെ പോലെയുള്ള പക്ഷികൾ കൂട് കൂട്ടാനുള്ള ഒരുക്കത്തിലാണ്. വലിയ കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ പരന്നുകിടക്കുന്ന മരുഭൂമിയിൽ നിന്ന് ഉണക്കച്ചുള്ളികൾ തപ്പിയെടുത്ത് കൂട് കൂട്ടുന്നതിനിടയിൽ എന്നെ പാളി നോക്കുന്ന ആ പക്ഷികൾ സൂചിക്കുത്താൽ വിങ്ങുന്ന ഇടതു കൈയെ മൃദുവായി സമാശ്വസിപ്പിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു.
മനോഹരമായി അലങ്കരിച്ചതായിരുന്നു ആ മുറി . ഡെറ്റോളിന്റെയും ഫിനോയിലിന്റെയും മരുന്നുകളുടെയും സമ്മിശ്രഗന്ധത്തിനു പകരം സ്ട്രോബറി ചോക്കലേറ്റിന്റെ ഗന്ധമായിരുന്നു ആ മുറിക്ക്. Claude Monet ന്റെ വാട്ടർലില്ലി എന്ന പ്രശസ്തമായ പെയിന്റിങ്ങ് സീരീസിലെ ഒരു പകർപ്പ് ചുമരിലിരുന്ന് എന്നെ നോക്കി "വിഷമിക്കരുത് ഞങ്ങൾ കൂട്ടിനുണ്ടെ"ന്ന് പറയുന്നത് പോലെ മൃദുവായി മന്ദഹസിച്ചു.
സർജറി കഴിഞ്ഞാൽ കൂടെ ആളു വേണമെന്നതിനാൽ ഈ ഒരു ദിവസം ഞാൻ ഒറ്റക്ക് നിൽക്കാമെന്നത് എന്റെ തീരുമാനമായിരുന്നു. പക്ഷേ വിശ്വേട്ടൻ യാത്ര പറഞ്ഞ് പിരിഞ്ഞപ്പോൾ നേരിയ സങ്കടത്തിന്റെ നാരുകൾ എന്നെ ചുറ്റിവരിഞ്ഞു തുടങ്ങി. അതിനിടയിൽ എന്റെ റിപ്പോർട്ടിലെവിയോ എട്ട് മാസം ഗർഭമെന്ന് അടയാളപ്പെടുത്തിയെന്ന് തോന്നിയതിനാൽ ഡ്യൂട്ടി ഡോക്ടർ കാണാൻ വന്നു. ഫൈബ്രോയിഡിന്റെ ഭാരം മാർക്ക് ചെയ്തത് സംശയിപ്പിച്ചതാണ് എന്ന് പറഞ്ഞ് അവർ നെറ്റിയിൽ ഒന്നു തടവി ശുഭരാത്രി ആശംസിച്ചു യാത്ര പറഞ്ഞു.
ബ്ലഡ് സാവധാനമായി എന്റെ ശരീരത്തിലേക്കെത്തുന്നത് ഞാനറിയുന്നുണ്ടായിരുന്നു. അര മണിക്കൂർ കൂടി കഴിഞ്ഞാൽ ഇന്നത്തെത് കഴിയുമെന്നും നാളെ രാവിലെ നാല് മണിക്ക് അടുത്ത യൂണിറ്റ് കയറ്റുമെന്നും റിലാക്സ് ചെയ്ത് കിടക്കണമെന്നും പറഞ്ഞ് നേഴ്സും പോയി.
എന്റെ ഉളളിൽ ഹീമോഗ്ലോബിൻ ആയി നടന്നു കയറുന്ന രക്തത്തിന്റെ ഉടമ ആരായിരിക്കുമെന്ന് വെറുതെ ഓർത്തു. ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പിലുള്ള ചെറുപ്പക്കാരുടെ പ്രൊഫൈൽ ഫോട്ടോകളിലെ ചിത്രങ്ങൾ മനസ്സിലൂടെ മിന്നി മായുന്നതിനിടെ നേഴ്സ് വന്ന് ലൈറ്റ് ഓഫ് ചെയ്തു. ഇനി നാളെ രാവിലെ ഒരു യൂനിറ്റ് ബ്ലഡു കൂടി കയറ്റാനുണ്ടെന്ന് മുന്നറിയിപ്പ് തന്നു .
കണ്ണടച്ചെങ്കിലും ഉറക്കം വന്നില്ല.
മനസ് അസ്വസ്ഥമാണ്. ആദ്യ ഗർഭത്തിന്റെ ആലസ്യത്തിലെന്ന പോലെ ഞാൻ തളർന്നു കിടന്നു. കരാമയിലെ സിറ്റിങ്ങ് റൂമിലെ പച്ചനിറമുള്ള സോഫയിൽ ചാഞ്ഞു കിടക്കുന്നതായി സങ്കല്പിച്ച് ഞാൻ കണ്ണുകൾ മുറുക്കിയടച്ചു.
മുറിയിൽ ഊദിന്റെ ഗന്ധം നിറഞ്ഞു .
"ഉമ്മ
ി" എന്ന് മന്ത്രിച്ച് അവൻ റൂമിലെ കൗച്ചിൽ ചാരിയിരിക്കുന്നത് പാതിയടഞ്ഞ കണ്ണുകൾക്കിടയിലൂടെ കണ്ടപ്പോൾ എനിക്ക് പെട്ടെന്ന് ധൈര്യം തോന്നി , സമാധാനവും.
കരാമയിലെ വീട്ടിൽ നിരാശയും ഒറ്റപ്പെടലും അനുഭവിക്കുമ്പോഴൊക്കെ അവൻ എനിക്കരികിൽ എത്താറുണ്ട്. ഇത്തവണ കൈയിലെ പിച്ചള ഗ്ലാസ് നിറയെ വെള്ള മുണ്ടായിരുന്നു - പനിച്ചൂടാൽ വിളർത്ത അവൻ എന്നെ നോക്കി കൂട്ടിനാളുണ്ടെന്ന് സമാധാനിപ്പിക്കുന്നതു പോലെ നിശബ്ദനായിരുന്നു. എ സി യുടെ കാറ്റിൽ അവന്റെ കന്തുരയുടെ അറ്റം ഒരേ താളത്തിൽ ഇളകി.
ഊദിന്റെ നിർമ്മലഗന്ധത്തിൽ മുഴുകി
പരിസരം മറന്ന് ഞാൻ ഉറങ്ങി...
ദിവസങ്ങൾക്ക് ശേഷം ആദ്യമായാണ് സ്വപ്നങ്ങൾ ഇല്ലാത്ത ഒരു രാത്രിയിലൂടെ ഞാൻ സ്വസ്ഥമായി കടന്നു പോയത്.
(തുടരും )