Image

കേരളത്തിലെ കൊട്ടാരങ്ങൾ (തമ്പി ആന്റണി)

Published on 17 February, 2023
കേരളത്തിലെ കൊട്ടാരങ്ങൾ (തമ്പി ആന്റണി)

പ്രവാസിമലയാളികൾ നാടുനീളെ കെട്ടിപ്പൊക്കിയിരിക്കുന്ന കൊട്ടാരങ്ങൾ കാണുബോൾ പെട്ടന്ന് മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു ശവകുടീരമുണ്ട്  താജ് മഹാൾ. ഏതാണ്ട് അതിന് സമാനമായ വീടുകളാണ് പണമുണ്ടെങ്കിലും ഇല്ലെങ്കിലും പ്രവാസികൾ മാവേലിനാട്ടിൽ പണിതുകൂട്ടുന്നത് . ആർക്കു താമസിക്കാൻ എന്ന് ഒരിക്കലും ചിന്തിക്കുന്നതുപോലുമില്ല. കേരളത്തിൽ ജനിക്കുന്ന കുട്ടികൾ ഉപരിപഠനത്തിനായും തൊഴിൽതേടിയും കൂട്ടംകൂട്ടമായി നാടുവിട്ടുകൊണ്ടിരിക്കുന്ന, പ്രത്യക സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. പുറംരാജ്യങ്ങളിൽ വളരുന്ന കുട്ടികളാണെങ്കിൽ നാട്ടിലേക്ക് ഒരിക്കലും വരില്ല എന്നറിഞ്ഞുകൊണ്ട്തന്നയാണ് അവർ ഈ കടുകൈ  ചെയുന്നത്. കെട്ടിടങ്ങൾ കെട്ടിപ്പൊക്കാനായി ഗ്രഹാദുരത്വത്തിന്റെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന തറവാട് ഇടിച്ചു നിരത്താൻ ഒരു മടിയുമില്ല എന്നതാണ് ഏറ്റവും വിചിത്രമായ വസ്തുത. തുടങ്ങിപോയാൽ വർഷങ്ങൾ എടുക്കും പുതിയ മാളിക പണിതു തീർക്കാൻ.  അതുകൊണ്ടുമാത്രം എഞ്ചിനീയർ കണക്കുകൂട്ടി പറഞ്ഞതിന്റെ മൂന്നിരട്ടിയാകും ബഡ്ജറ്റ്.  പണിതു കഴിഞാലാണ് അതിലും കഷ്ട്ടം. ആരു താമസിക്കും, ആർക്കാണ് സമയം എന്നൊക്കെയുള്ള തർക്കങ്ങൾ അതിൻറെ മൂർദ്ധന്ന്യാവസ്തയിൽ എത്തും. അങ്ങനെ തമ്മിൽ അടിച്ചു പിരിഞ്ഞ ദമ്പതികളുടെ ചരിത്രവുമുണ്ട്, എന്നത് പരസ്യമായ രെഹസ്യമാണ്. അതിനൊരു ഒത്തുതീർപ്പെന്നതുപൊലെ  പലപ്പോഴും  അവരുടെ അകന്ന ബന്ധുക്കളോ വേലക്കാരികളോ സെക്കൂരിറ്റി കമ്പനികളോ ആ ഉദ്യമം ഏറ്റെടുക്കുന്നു . അങ്ങനെ നാട്ടിൽ നമ്മൾക്കൊരു വീട് എന്ന സ്വപ്നം നാട്ടുകാരുടെയും വേലക്കാരുടെയും, കാവൽക്കാരുടെയും അധീനത്തിലാകുന്നു. ബന്ധുക്കൾ സ്ഥലത്തില്ലെങ്കിൽ അവരും ആ നാഥനില്ലാകളരിയെ നാട്ടുകാരുമൊത്ത് രാത്രി കാലങ്ങളിൽ പങ്കുവെക്കുന്നു. 

ആദ്യത്തെ ആവേശത്തിന്  അടിത്തറ കെട്ടും. ദിവസങ്ങൾ കഴിയുന്തോറും  ചിലവുകൂടിക്കൊണ്ടിരിക്കും . എന്നാലും  മുന്നോട്ട് പോകാതിരിക്കാൻ പറ്റില്ലല്ലോ. നനഞ്ഞിറങ്ങിയാൽ കുളിച്ചു കയറണം അല്ലെങ്കിൽ മുങ്ങിചാകേണ്ട അവസ്ഥ. അത്താഴമുണ്ടില്ലെങ്കിലും തുണി ഏതാണ്ടു പുരപ്പുറത്തു കിടക്കണം എന്നല്ലേ പഴമക്കാര് പറയാറുള്ളത്. ഭാര്യമാർ തമ്മിലുള്ള മത്സരമാണ് വീടുകൾ വലുതാകുന്നതിന്റെ കാരണം എന്നും പറയുന്നുണ്ട്, അത് നൂറുശതമാനം ശരിയാകണമെന്നില്ല. ഭർത്താക്കന്മാർ തന്നെയാണ് പലപ്പോഴും വീടുപണിയാൻ മുൻകൈ എടുക്കുന്നത്. എന്നിട്ട് അയൽപക്കത്തെ പ്രവാസികളുടെ വീടിനേക്കാളും വലിയ ഒരു വീടു വെച്ചുകൊണ്ടു, നാട്ടുകാരുടെമുന്നിൽ സ്വയം കോമാളികളാവുകയാണ് പലരും. വീടു എങ്ങനെയിങ്കിലും കടമെടുത്തു കഷ്ടപ്പെട്ടു തീർക്കുമായിരിക്കണം. അപ്പോഴായിരിക്കും വലിയ കടക്കാരനായ വിവരം അറിയുന്നതുതന്നെ. പിന്നെ നിധി കാക്കുന്ന ഭൂതത്തിന്റെ കഥ പറഞ്ഞപോലെയാ. വീടിനുവേണ്ടി സകല ത്യാഗങ്ങളും സഹിക്കുക. പല പ്രവാസികളും നാട്ടിലുള്ള കോടികളുടെ വെട്ടിൽ താമസ്സിക്കാനായി വയസുകാലത്ത് വർഷത്തിൽ മൂന്നും നാലും തവണ വരേണ്ടതായി വരുന്നു. അങ്ങനെ സാമ്പത്തിക ഞെരുക്കത്തിലാകുബോൾ, നാട്ടിൽകൂടി പഴേപടി ബസിലും ഓട്ടോ റിക്ഷായിലും മറ്റും യാത്രചെയ്യണ്ട ഗെതികേടിലക്കുവരെ എത്തുന്നു.  മണിമാളികക്കുപകരം പകരം ഒരു കൊച്ചു വീടും ഒരു കാറും ആയിരുന്നെങ്കിൽപോലും അത്രയധികം കടം കയറുകയില്ലായിരുന്നു എന്ന കാര്യം വളരെ താമസ്സിച്ചാണ് അവർ മനസിലാക്കുന്നത്‌. വയസ്സാകുബോൾ കൊച്ചുമക്കളോടുള്ള അടുപ്പവും, അനാരോഗ്യവും കാരണം,  ഒരിക്കലും നാട്ടിലേക്കു തിരിച്ചുവരാൻ പറ്റാത്ത അവസ്ഥയിലെത്തുന്നു. അപ്പോൾ വലിയ സൗധങ്ങൾ നിസ്സാരവിലക്കു വിൽക്കേണ്ടതായും വരുന്നു. ഒരു കൊച്ചുവീടായിരുന്നെങ്കിൽ വളരെ വേഗത്തിൽ നല്ല വിലക്ക് വിൽക്കാമായിരുന്നു എന്ന കാര്യം അപ്പോൾമാത്രമാണ് അവർ മനസ്സിലാക്കുന്നത്. 
 
അമേരിക്ക, യൂറോപ്പ് , ആസ്‌ട്രേലിയ, ന്യൂസിലാൻഡ് സ്ഥലങ്ങളിലേക്കു കുടിയേറിപാർക്കുന്ന മലയാളികളെപറ്റി മാത്രം പ്രതിപാദിക്കാൻ പ്രത്യക കാരണമുണ്ട്. അവിടങ്ങളിലൊക്കെ പഠിച്ചുവളരുന്ന കുട്ടികൾ ഭൂരിപക്ഷവും നാട്ടിലേക്ക് തിരിച്ചുവരുന്നില്ല എന്നതുതന്നെ. എന്നാൽ ഗൾഫ്‌ മലയാളികളെ സംബന്ധിച്ചിടത്തോളം അവർക്ക് ഒരു വീട് എന്ന സ്വപ്നത്തേക്കാളുപരി, അതവർക്കൊരു ആവശ്യമായി വരുന്നു. എന്നാലും ഒരു മഹാ സൗധമൊന്നും ആവശ്യമില്ല എന്ന കാര്യം അവരും ഓർക്കേണ്ടതാണ്. മറ്റൊരു മഹാ മണ്ടത്തരം കുന്നും പുറത്തെ വീടാണ്. എല്ലാവർക്കും വീട് സ്വസ്ഥമായിട്ട് താമസ്സിക്കാനുള്ളതല്ല, മറിച്ച് മാറ്റുള്ളവർക്കു കാണാനുള്ളതാണ് എന്ന മിഥ്യാധാരണയിലാണ് മലമുകളിൽതന്നെ വീടുകൾ കെട്ടിപൊക്കുന്നത്. പക്ഷെ അങ്ങനെ ഷോ ഓഫ് ചെയ്യാനുള്ള വീടുവെക്കുബോഴുള്ള ചിലവിനെപ്പറ്റി അപ്പോൾ അവർ ചിന്തിക്കുന്നതെയില്ല. ആദ്യം കുന്നു നിരപ്പാക്കണം പിന്നെ പിറകിൽ മുറ്റം വേണമെങ്കിൽ വീണ്ടും പുറകോട്ടു കുന്നു വെട്ടി മാറ്റണം. എല്ലാംകൂടി രണ്ടു വീടുവെക്കാനുള്ള തുക ചിലവാകും. പിന്നെ മലമുകളിലേക്ക് റോഡ്‌ വെട്ടണം അതിനും ഭീമമായ ഒരു ചിലവു വരും. അതായത് വീടിന്റെ മൂന്നിരട്ടി വീടിന്റെ സ്ഥലം ഒരുക്കുന്നതിനുവേണ്ടിമാത്രം ചെലവാക്കേണ്ടി വരുന്നു. അങ്ങനെ വീട് ഒരു പബ്ലിക് സ്ഥാപനംപോലെ നാട്ടുകാർക്കു കാണാനായി ഉയർന്നു നിൽക്കുന്നു. അതുകൊണ്ടുതന്നെ ആ വീട്ടിൽ താമസിക്കുന്നവർക്ക് പ്രൈവസി പൂർണമായും നഷ്ടമാകുന്നു. ഇതൊന്നും നാട്ടിലുള്ള എഞ്ചിനീയറോ കരാറുപണിക്കാരോ ഉടമസ്ഥരോട് വിവരിച്ചു കൊടുക്കാറില്ല . കാരണം അതവർക്ക് കിട്ടുന്ന വിഹിതത്തെ ബാധിക്കുന്ന കാര്യമാണ്. പ്രത്യേകിച്ചും പ്രവാസ്സികളുടെ പണമല്ലേ പോരട്ടെയെന്നു കരുതും. നല്ല നിരപ്പായ പ്രൈവസിയുള്ള സ്ഥലം കുന്നിനുതാഴെ, 
തൊട്ടരികിലും റോഡരികിലും ഒക്കെ  ഉള്ളപ്പഴാണ് ഈ ചിലവേറിയ രീതിയിൽ മാണിമാളികപണിയുന്നതെന്നുകൂടി ഓർക്കണം. 

അമേരിക്കയിലാണെങ്കിൽ സാധാരണക്കാരായ വെളുത്തവർഗ്ഗക്കാർ, അവരുടെ കുട്ടികൾ കോളേജ്കപഠനം കഴിഞ്ഞാൽ ഉടനെ വീട് "ഡൌൻ സൈസ്" ചെയും. അതായത് വലിയ വീട്ടിൽനിന്ന് കൊച്ചു വെട്ടിലേക്ക് ചേക്കേറുന്നു. അതിൽ അവർക്ക് ഒരു നാണക്കേടുമില്ല. പലരും വീണ്ടും അപ്പാർട്ട്‌ മെന്റുകളിൽ  കളിൽ അഭയം തേടാറുണ്ട് . എന്നിട്ട് മിച്ചം വരുന്ന തുകകൊണ്ട് നാടുചുറ്റാനും, 
വിനോദയാത്രക്കുള്ള ഒരുക്കങ്ങളാണ്. ഇഷ്ടമുള്ള കാർ അല്ലെങ്കിൽ മറ്റെന്തെങ്കിലും അവർക്കിഷ്ടമുള്ള സാധനങ്ങൾ മേടിക്കുന്നു. കൊച്ചു മക്കളുമായി കളിക്കാനും അവരുമായി പുറത്തുപോകാനും ഇഷ്ടംപോലെ സമയം കണ്ടെത്തുന്നു . അങ്ങനെ ശിഷ്ടകാലം ജീവിതം നന്നായി ആസ്വതിക്കും . അതിനെ അവർ വിളിക്കുന്ന ഒമാനപേരുതന്നെ "ഗോൾഡൻ എയിജ്" എന്നാണ്. കേരളത്തിലും 
ഇപ്പോഴത്തെ സാഹചര്യത്തിൽ കുട്ടികൾ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞാൽ നാടുവിടുന്നു എന്നതാണ് യാഥാർഥ്യം. അതുകൊണ്ട് ഇനിയുള്ള പുതിയ തലമുറക്കും അതേരീതി അനുകരിക്കാവുന്നതാണ്. അങ്ങനെ നാട്ടിലുള്ളവർക്കും അവരുടെ ഗോൾഡൻ എയിജ് നല്ലതുപോലെ ആസ്വദിക്കാനാകും. 

കോടീശ്വരന്മാരായിട്ടുള്ള വലിയ പണക്കാരും ബിസിനെസ്സ്കാരും  മാത്രമാണ് ഇതിനോരപവാദമായി കാണപ്പെടുന്നത് . അവർക്കൊക്കെ ഏക്കർ കണക്കിന് സ്ഥലവും അവിടെ ഒന്നിലധികം വീടുകളും ഔട്ട് ഹൗസുകളും കാണും. അപ്പോൾ പിന്നെ കുട്ടികൾ ആ വീടുകളിൽ താമസിച്ച് മാതാപിതാകളുടെ ബിസിനസ്സ് ഏറ്റെടുത്തു നടത്താറുണ്ട്‌ . പക്ഷെ അതൊക്കെ വളെരെ ചെറിയ ഒരു ശതമാനമാണ്. കൂടുതലും കുട്ടികൾ സ്വന്തം വീടിനോട് ഗുഡ് ബൈ പറയുന്നു. മാതാപിതാകളുടെ മരണശേഷം അതൊക്കെ വിൽക്കുകയോ വീതിച്ചെടുക്കുകയോ ചെയ്യുന്നു. 

സ്വാതന്ത്ര്യത്തിനും സമയത്തിനുമാണ് നമ്മൾ വിലകൊടുക്കേണ്ടത്. അല്ലാതെ അവസാന കാലത്ത് ഇല്ലാത്ത കാശുണ്ടാക്കി 
സൗധങ്ങൾ  പണിയുകയല്ല വേണ്ടത്.  അതിനുവേണ്ടി വയസുകാലത്ത് വീണ്ടും കഷ്ടപ്പെടേണ്ടി വരിക . എന്നിട്ട് സ്വയം ബെന്ധനസ്തനായി, ഉള്ള സ്വാതന്ത്ര്യം കൂടി ഇല്ലാതെയാവുന്ന അവസ്ഥയിൽ എത്തുന്നു. അതിനാണോ  നമ്മുടെയൊക്കെ 'ഗോൾഡൻ എയിജ് ' എന്നു പറയേണ്ടി വരിക.

# BIG HOUSE KERALA- ARTICLE BY THAMPY ANTONY

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക