Image

അഴികണ്ണിത്തോട് (ശാസ്ത്ര നോവൽ - ഭാഗം 1: രാജേന്ദ്രൻ ത്രിവേണി)

Published on 27 February, 2023
അഴികണ്ണിത്തോട് (ശാസ്ത്ര നോവൽ - ഭാഗം 1: രാജേന്ദ്രൻ ത്രിവേണി)

ആമുഖം

പാരിസ്ഥിതിക ദുരന്തമെന്ന കൊടും ശാപത്തിന്റെ തീജ്വാലകളിൽ കത്തിയമരുന്ന ജീവിതങ്ങളുടെ പ്രതീകമാണ് അഴികണ്ണിത്തോട്. ഈ തോടിന്റെ കഥ പറയുമ്പോൾ, ഈ നാട്ടിലെ അനേകായിരം വറ്റിവരളുന്ന തോടുകളുടെ കഥ തന്നെയാണു പറയുന്നത്. ഈ കഥയിലെ പ്രധാന കഥാപാത്രം, അഴികണ്ണിത്തോട്ടിലെ വറ്റാത്ത വെള്ളമുള്ള ഇഞ്ചക്കുഴിയിലെ പുളവനാണ്. ഉരഗങ്ങൾക്കും പക്ഷികൾക്കും ശലഭങ്ങൾക്കും ജന്തുക്കൾക്കും ഈ പ്രകൃതിയോട് ചില കടമകളുണ്ട്; ആ കടമകൾ നിർവഹിക്കാനും പ്രകൃതിയെ ആരോഗ്യത്തോടെ നിലനിർത്താനും  ഉത്തരവാദിത്തമുണ്ടെന്ന് പുളവൻ തെളിയിക്കുന്നു.

കഥയുടെ ആകർഷകത്ത്വത്തിനുവേണ്ടി,
പുളവനിൽ ഒരാത്മീയ ശക്തി സന്നിവേശിപ്പിച്ഛിരിക്കുന്നു. മനുഷ്യ ശക്തിക്കും ബുദ്ധിക്കും അതീതമായി പ്രവർത്തിക്കേണ്ടി വരുമ്പോൾ, ആവശ്യമായി വരുന്ന ശക്തിയുടെ ഉറവിടമായി ആത്മീയത മാറുന്നു.

കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തി ഗ്രാമങ്ങളായ കുറിഞ്ഞി, കരിങ്കുന്നം, പുറപ്പുഴ, കോലാനി എന്നിവിടങ്ങളിലെ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഈ പുസ്തകത്തിൽ വീവരിച്ചിരിക്കുന്നത്.
മുതീർന്നവർക്കും കുട്ടികൾക്കും ഒരുപോലെ വിയിച്ചു രസിക്കാവുന്ന രീതിയിൽ എഴുതിയിരിക്കുന്ന പുസ്തകത്തിലൂടെ കടന്നുപോവുമ്പോൾ, പരിസ്ഥിതിയെ മനസ്സിലാക്കാനും  അർഹമായ പരിഗണന കൊടുക്കാനും വിയനക്കാർ പ്രേരിപ്പിക്കപ്പെടുന്നു.

പൂർണമായും പാരിസ്ഥിതിക അവബോധം നിർമിക്കുക എന്ന ലക്ഷ്യത്തോടെ പൂർത്തിയാക്കിയിരിക്കുന്ന ഈ രചന  സവിനയം നിങ്ങൾക്ക് സമർപ്പിക്കുന്നു.
-രാജേന്ദ്രൻ ത്രിവേണി


മാറ്റങ്ങളുടെ തുടക്കം

നെല്ലാപ്പാറ മലഞ്ചെരിവുകളിലൂടെ അലസമായൊഴുകുന്ന അഴികണ്ണിത്തോട്. അങ്ങുതാഴെ ആശുപത്രി വളവും കഴിഞ്ഞ് പാലത്തിനാടി പറമ്പിന്റെ അരുകിലുള്ള മാളത്തിലാണ് പുളവന്റെ വാസം. പുളവന്റെ മാളത്തിനടുത്ത് വെള്ളം വറ്റാത്ത ഇഞ്ചക്കുഴിയാണ്. അവിടെയാണ് വേനൽക്കാലത്ത് മീനുകളും തവളകളും നീന്തിക്കുളിക്കാനെത്തുക.

ദിവസവും രാവിലെ ഇഞ്ചക്കുഴി തീർഥത്തിൽ മുങ്ങി, കരിമ്പനക്കാവിലമ്മയെ വലം വെച്ചിട്ടേ പുളവന്റെ നിത്യകർമങ്ങൾ ആരംഭിക്കാറുള്ളു.

സുഖവും ദു:ഖവും സമാധാനവും ചില്ലറ തർക്കങ്ങളും വഴക്കും ഇണക്കവും പിണക്കവുമായി ശാന്തമായി ജീവിതം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. ഇടയ്ക്കിടെ കല്ലെറിഞ്ഞു കളിക്കാൻ വരുന്ന 'ചൊള്ളാനിമാഷിന്റെ' കുസൃതിക്കുട്ടന്മാരല്ലാതെ മറ്റു ശല്യക്കാരില്ല. കൂട്ടിന് ചേരപ്പെണ്ണും വില്ലൂന്നിയണ്ണനും പരിസരങ്ങളിലുണ്ട്.

രാവിലെ മുതൽ ഇരുട്ടുന്നിടംവരെ കലപില കൂട്ടുന്ന കരിയിലക്കിളികൾ പകൽ സ്വൈര്യം തരാറില്ല. ഇതാണ് പുളവന്റെ ജീവിത പശ്ചാത്തലം.

നാട്ടിൻപുറത്തിനൊരു മാറ്റമുണ്ടായത്, റബറുവെട്ടി കന്നാര (പൈനാപ്പിൾ) കൃഷി തുടങ്ങിയകാലത്താണ്. അഴികണ്ണിത്തോട്ടിലെ ഒഴുക്കു കുറഞ്ഞു.

വെള്ളം നിറഞ്ഞുനിന്ന കുഴികൾ പായൽ നിറഞ്ഞു. പുളവനുപോലും മുങ്ങി നിവരാൻ വെള്ളമില്ലാതായി. കന്നാരപ്പാടത്തുനിന്ന് ഒലിച്ചിറങ്ങിയ രാസവളങ്ങളും കീടനാശിനികളും കൃത്രിമ ഹോർമോണുകളും വെള്ളത്തിന്റെ രാസസ്വഭാവം മാറ്റി. കൂടാതെ പള്ളിക്കുന്നിലും വെള്ളംനീക്കിപ്പാറയിലും തലയുയർത്തിയ മൊബൈൽ ടവറുകളിൽ നിന്ന് കാണാകിരണങ്ങളുടെ സൂക്ഷമതരംഗങ്ങൾ തിരയടിച്ചു വരുന്നതും അവനറിഞ്ഞു.

ഓരോ പകലും പിന്നിടുമ്പോൾ ശാരീരികവും മാനസികവുമായി ചില മാറ്റങ്ങൾ തന്നിൽ സംഭവിക്കുന്നുണ്ടെന്ന് പുളവനറിഞ്ഞു. ഉടൽ മെലിഞ്ഞു  നീണ്ടു. തല ത്രികോണാകൃതിയിൽ കൂർത്തൂവന്നു.

ശരീരം നിവർത്തിനിർത്തിയാൽ അതിനൊരു കാന്ത സ്വഭാവം. വളഞ്ഞു പുളഞ്ഞ് ഇഴയുമ്പോൾ ആ കാന്തശക്തി അനുഭവപ്പെടാറില്ല. നീണ്ടു കിടക്കുമ്പോൾ താനൊരു 'കാന്തികശരം' പോലെയാവുന്നു.  

ഒരിക്കൽ ഒരു കറുത്തവാവിന്റെ രാത്രിയിൽ, ഏതോ ദുസ്വപ്നം കണ്ട് അവനറിയാതെ ശരീരം നീണ്ടു നിവർന്നു. വായുവിലൂടെ പ്രകാശവേഗത്തിൽ, ഏതോ അജ്ഞാത ശക്തിയുടെ ആകർഷണത്തിനു വിധേയമായി, പുളവൻ 'പുളവാസ്ത്ര'മായി മാറി. തന്റെ മാളം വിട്ട്, അഴികണ്ണിത്തോടിനു മുകളിലൂടെ പുതുച്ചിറക്കാവിന്റെ നേരെ പാഞ്ഞു...

(തുടരും)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക