Image

ആന്‍, ആരതി നാട്ടുകാര്‍, കൂട്ടുകാര്‍, കാനഡ അവര്‍ക്കു മധുര മനോഹര മനോജ്ഞ ലോകം(കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 04 March, 2023
ആന്‍, ആരതി നാട്ടുകാര്‍, കൂട്ടുകാര്‍,  കാനഡ അവര്‍ക്കു മധുര മനോഹര മനോജ്ഞ ലോകം(കുര്യന്‍ പാമ്പാടി)

ആന്‍ മേരിയും ആരതിനാഥും കോട്ടയംകാരാണ്.  ഇരുവരും മാന്നാനം കുര്യാക്കോസ്  ഏലിയാസ് കോളജില്‍ ബിഎസ്സി ചെയ്തു. ആന്‍ ഫിസിക്സും ആരതി കെമിസ്ട്രിയും. ഇരുവരും ഇപ്പോള്‍ കാനഡയില്‍ മാസ്റ്റേഴ്‌സ് ചെയ്യുന്നു. ആന്‍  കാനഡയുടെ കിഴക്കേ അറ്റത്തുള്ള ലണ്ടനിലാണെങ്കില്‍  ആരതി  പടിഞ്ഞാറേയറ്റത്തുള്ള വിക്ടോറിയയില്‍.

ആന്‍ മേരി  ഒന്റാറിയോയിലെ ലണ്ടനില്‍. ഒപ്പം റൂംമേറ്റ് തൊടുപുഴയിലെ ജെനി (കണ്ണട)

ആനിന്റെ പിതാവ്  ജോണിയും ആരതിയുടെ പിതാവ് സോമനും മാന്നാനം കെഇ കോളജില്‍ തന്നെ എക്കണോമിക്‌സ് ബിഎക്കു ഒന്നിച്ചു പഠിച്ചവരാണ്. രണ്ടാള്‍ക്കും ഓരോ പുത്രനും പുത്രിയും. പെണ്മക്കളെ ഒന്നിച്ച് ഭൂഗോളത്തിന്റെ മറ്റേ അറ്റത്തു ഉപരിപഠനത്തിനു വിട്ടുകൊണ്ട് പഴയ സൗഹൃദം അവര്‍ അരക്കിട്ടുറപ്പിച്ചു.  

ആരതി  വിക്ടോറിയ  കമോസണ്‍ കോളജില്‍, കൂടെ പഞ്ചാബുകാരി ക്ലാസ്സ്മേറ്റ് കൗര്‍

ഇന്ത്യയുടെ മൂന്നിരട്ടി വലിപ്പവും കേരളത്തിന്റെ ജനസംഖ്യയുമുള്ള കാനഡയില്‍ പരസ്പരം 4500 കിമീ അകന്നാണു കഴിയുന്നതെങ്കിലും ആനും ആരതിയും മൊബൈലില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. പക്ഷെ  പഠിക്കുന്ന വിഷയങ്ങള്‍ക്കു പുലബന്ധം പോലുമില്ല.

ആന്‍  ഒന്റാറിയോ പ്രവിശ്യയില്‍ പെട്ട ലണ്ടനിലെ ഫാന്‍ഷോ കോളജില്‍ ഡ്രോണ്‍  ടെക്നോളജി പഠിക്കുമ്പോള്‍ ആരതി ബ്രിട്ടീഷ് കൊളംബിയയുടെ തലസ്ഥാനമായ വിക്ടോറിയയിലെ കമോസോണ്‍ കോളേജില്‍ ബയോടെക്നോളജിയും ഫോറന്‍സിക് സയന്‍സും സ്‌പെഷ്യലൈസ് ചെയ്യുന്നു.


 കെഇ കോളജിലെ ക്ലാസ്സ്‌മേറ്റുകള്‍ ഒന്നിച്ചപ്പോള്‍-ഷിബു, സിബി, റോയ്, സോമന്‍, ജോണി

ആന്‍ പഠിക്കുന്ന റിമോട്ട്‌ലി  പൈലറ്റെഡ് ഏറിയല്‍ സിസ്റ്റംസ് എന്ന വിഷയത്തില്‍ ഡ്രോണ്‍ നിര്‍മ്മാണം, മെയിന്റനന്‍സ്, വിക്ഷേപണം, വിപണനം  ഉള്‍പ്പെടെ എല്ലാം കൈകാര്യം ചെയ്യുന്നു. യുദ്ധത്തിലും സമാധാനത്തിലും ഡ്രോണിന്റെ ശക്തി വളര്‍ന്നു വരുന്ന കാലമാണല്ലോ ഇത്.

രണ്ടുപേരും കൂട്ടുകാരോടൊപ്പം വാടകവീടുകളില്‍  ഭക്ഷണം സ്വയം പാചകം ചെയ്തു കഴിയുന്നു. പാര്‍ട് ടൈം ജോലിയുള്ളതിനാല്‍ അത്യാവശ്യ ചെലവുകള്‍ക്കുള്ള പണം  സ്വരൂപിക്കാം. 'ഇങ്ങിനെ സൗകര്യങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ ഞാനീ ലണ്ടനിലേക്ക് പോരുകയേ ഇല്ല. നാടാണ് എനിക്കിഷ്ട്ടം. സ്വന്തം വീട്ടില്‍ അച്ഛനമ്മമാരോടൊപ്പം ഇഷ്ട്ട ഭക്ഷണം കഴിച്ച് കഴിയാമല്ലോ,' ആന്‍ മേരി എനിക്കയച്ച വാട്‌സ് ആപ് സന്ദേശത്തില്‍ പറഞ്ഞു.

ആനിന്റെ കുടുംബം-ടെസി, മറിയക്കുട്ടി, ജോണി, ജൂവല്‍, ആന്‍

കാനഡയില്‍ എത്തിയിട്ട് കഷ്ട്ടിച്ചു അഞ്ചു മാസമേ ആകുന്നുള്ളു. പപ്പാ  അതിരമ്പുഴ തോട്ടപ്പള്ളി ജോണി ജോസഫിനും മമ്മി ടെസിക്കും  ഗ്രാന്‍മാ മറിയാക്കുട്ടി(86) ക്കും പിറന്നാള്‍ സമ്മാനമായി ആന്‍ 5000 രൂപ വീതം ഈയിടെ അയച്ചുകൊടുത്തു.  പാര്‍ട്ട് ടൈം ജോലിക്കു  മണിക്കൂറില്‍ ലഭിച്ച  20 ഡോളറില്‍ നിന്ന് സ്വരൂപിച്ചത്. ഒരു കനേഡിയന്‍ ഡോളറിനു 61 രൂപ.

കാനഡയില്‍ ഒന്നിച്ച് കഴിയുന്ന മലയാളികള്‍ ആന്‍, ജോവാന്‍, ഹന്ന, ലിയ 

രണ്ടുവര്‍ഷത്തേക്കാണ് ബിരുദാന്തര ബിരുദ പഠനം.  ഒന്നാം കൊല്ലം 120 മണിക്കൂര്‍ ജോലി ചെയ്യാം. രണ്ടാംവര്‍ഷം ആരംഭിക്കുന്നതിനു മുമ്പുള്ള നാലു മാസത്തെ ഇടവേളയില്‍ ജോലിചെയ്യാന്‍ സമയ പരിധി ഇല്ല.  ദിവസം കുറഞ്ഞത് എട്ടു മണിക്കൂര്‍ വീതം 120 ദിവസം ജോലിചെയ്താല്‍ 12 ലക്ഷത്തോടടുത്ത തുകയുണ്ടാക്കാം.

 പൈതൃകമായി ലഭിച്ച ഒന്നരഏക്കറില്‍ വിയര്‍പ്പൊഴുക്കി അദ്ധ്വാനിക്കും ജോണി.  ഒരേക്കറില്‍ റബറുണ്ട്. ബാക്കി നാടുതലകള്‍, പച്ചക്കറി.  

ആരതി വിക്ടോറിയയില്‍; കുടുംബം: ലിജി, ഭവാനി, സോമന്‍, ആനന്ദ്

ബാങ്കുലോണ്‍  എടുക്കാതെയാണ് മകളെ കാനഡക്കു  വിട്ടത്. കോട്ടയത്ത് പോലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്നു. റിട്ടയമെന്റ് ആനുകൂല്യങ്ങളിന്‍ നിന്ന്  ആദ്യവര്‍ഷത്തെ  ഫീസ് എട്ടുലക്ഷം രൂപ അടച്ചു.  എന്നിരുന്നാലും രണ്ടാം വര്‍ഷത്തെ എട്ടുലക്ഷം ഫീസ് താന്‍ തന്നെ ഉണ്ടാക്കുമെന്നാണ് ആനിന്റെ വാശി.

മെക്കാനിക്കല്‍ എന്‍ജിനീയറിങ് കഴിഞ്ഞ മകന്‍  ജൂവല്‍ ജര്‍മനിയില്‍ ഫ്രാങ്ക്ഫര്‍ട്ടിനടുത്ത   മാഗഡബെര്‍ഗില്‍ ബിരുദാനന്തര പഠനത്തിലാണ്. പബ്ലിക് കോളജ് ആയതിനാല്‍ പഠനം സൗജന്യം. പാര്‍ട് ടൈം  ജോലി ചയ്തു മണിക്കൂറില്‍ 15 യൂറോ സമ്പാദിക്കുന്നു.  യൂറോക്ക് ഇന്ന് 85  രൂപ വിലയുണ്ട്.  

ആനിക്കാട്ടു അടുകാണില്‍ ലിജോ (നടുവില്‍)  ടോറന്റോയില്‍ കൂട്ടുകാര്‍ക്കൊപ്പം

സോമന്‍ വീടിനടുത്തുള്ള ഒരു ആയുര്‍വേദ ഔഷധ നിര്‍മ്മാണ ശാലയില്‍ ഒരു ദശാബിദ്അത്തോളം 'ഓള്‍ ഇന്‍ ഓള്‍' ആയിരുന്നു. ഭാര്യ ലിജിക്ക് അവിടെ ജോലിയുമുണ്ട്. ആരതിയെ അയക്കാന്‍ ബാങ്ക് ലോണ്‍ എടുക്കേണ്ടി വന്നു.   ബിരുദധാരിയായ മകന്‍ ആനന്ദ് ആക്‌സിസ് ബാങ്കിലാണ്.    

'എന്റെ പിജി  ക്ലാസ്സില്‍  കുട്ടികള്‍ കുറവാണ്.  ആകെയുള്ള 18  പേരില്‍ ഒന്‍പതും  കേരളത്തില്‍ നിന്നാണ്. രണ്ടുപേര്‍ വടക്കേ ഇന്ത്യയില്‍ നിന്ന്.  തന്മൂലം കാനഡയിലല്ല ഇന്ത്യയില്‍ എവിടെയോ ആണെന്നാണ് എനിക്ക് തോന്നുന്നത്,' ആന്‍ പറയുന്നു.

ബ്രാന്‍ഡ്ഫോര്‍ഡിലെ ദമ്പതിമാര്‍ ടോണി, മെറിന്‍ മാതാപിതാക്കള്‍ ബാബുവും ബീനയുമൊത്ത്

ക്ലാസ് മേറ്റുകളില്‍ ഒരാള്‍ക്ക് 72 വയസുണ്ട്. തനി കനേഡിയന്‍, പക്ഷെ ചുറുചുറുക്കുള്ള ഒരാള്‍.  നാട്ടിലെ പോലെ അറുപതു കഴിഞ്ഞാലുടന്‍ പ്രായമായി എന്ന് പറഞ്ഞു അവശത കാട്ടുന്ന സ്വഭാവം ഇവിടത്തുകാര്‍ക്കില്ല. എല്ലാം സ്വന്തമായി ചെയ്യും.

'ഞാനിപ്പോള്‍ വാള്‍മാര്‍ട്ടില്‍ ഇറച്ചി വില്‍ക്കുന്ന വിഭാഗത്തില്‍ മീറ്റ് അസ്സോസിയേറ്റ്  എന്ന  ജോലിയാണ് ചെയ്യുന്നത്. വാടക, ഫോണ്‍ ബില്‍,  അടുക്കളച്ചെലവുകള്‍ ഒക്കെ അങ്ങിനെ കണ്ടെത്തുന്നു. അല്‍പ്പം മിച്ചി ക്കാനും കഴിയും.

ലണ്ടന്‍ ഫാന്‍ഷോ കോളജില്‍ ദീപക്, വലത്ത്  കെവിന്‍ എസ്.പാലമറ്റം  

'ഞങ്ങള്‍ പത്തു മലയാളികള്‍ ഒന്നിച്ചു ഒരു വീട്ടില്‍ കഴിയുകയാണ്. തന്മൂലം ജീവിതം ഒട്ടും ബോറല്ല. രസകരം. പലരും പല കോഴ്സുകള്‍ ചെയ്യുന്നവരാണ്. എന്റെ റൂംമേറ്റ്  തൊടുപുഴക്കരി ജെനിയാണ്. 19 വയസേ  ആയിട്ടുള്ളു ഡിഎസ് ഡബ്ലിയു  (ഡവലപ്മെന്റല്‍ സോഷ്യല്‍ സര്വ്വീസ്) ആണ് വിഷയം.

നാടിനെ അപേക്ഷിച്ച് ജീവിതച്ചെലവ് കൂടുതലാണ്. എന്നാല്‍ കിട്ടുന്ന വേതനം വച്ച് നോക്കുമ്പിള്‍ അത് അധികമായി തോന്നുന്നില്ല. ഇങ്ങിനെ കിട്ടിയിരുന്നെങ്കില്‍ ഞാന്‍ നാട്ടില്‍ നിന്ന് പഠിക്കുമായിരുന്നു. നാടല്ലേ ഭേദം എന്ന് ഇടയ്ക്കിടെ തോന്നും. ആരും തുറന്നു പറയില്ലെന്ന് മാത്രം', സന്ദേശം അവസാനിക്കുന്നു.


   സാന്റാ മോണിക്ക ഉടമ ഡെന്നി തോമസ് നോര്‍വേയില്‍ ബ്രിജന്‍ തുറമുഖ പട്ടണത്തില്‍

ഇന്ത്യയില്‍ നിന്ന് കാനഡ, യുഎസ്, യുകെ, ജര്‍മനി, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഉപരിപഠനത്തിനു പോകുന്നവരുടെ എണ്ണം  കുതിച്ചുയരുന്നുവെന്നാണ് കണക്ക്. 2021ല്‍ നാലരലക്ഷം ഇന്ത്യക്കാര്‍ വിദേശത്ത് പഠിക്കാന്‍ പോയെങ്കില്‍ 2022ല്‍ അത് ആറര ലക്ഷമായി. ഈ  പശ്ചാത്തലത്തില്‍  വിദേശ സര്‍വകലാശാലകളെ ഇന്ത്യയില്‍  ക്യാമ്പസ് തുടങ്ങാന്‍ അനുവദിക്കുമെന്നു ഇന്ത്യ പ്രഖ്യാപിച്ചതും അടുത്ത നാളില്‍.  
   
പണ്ടൊക്കെ ബന്ധുക്കള്‍ സ്‌പോണ്‍സര്‍ ചെയ്‌തേ കാനഡയില്‍ പ്രവേശിക്കാന്‍ കഴിയുമായിരുന്നുള്ളൂ. അങ്ങിനെ സഹോദരന്‍ സ്‌പോണ്‍സര്‍ ചെയ്തു ഇമിഗ്രന്റ്  വിസക്കു വേണ്ടി ഏറെക്കാലം കാത്തിരുന്ന ശേഷം കനേഡിയന്‍ എംബസിയില്‍ ഇന്റര്‍വ്യൂ കഴിഞ്ഞിരുന്ന ഒരാളെയാണ് ഞാന്‍ വിവാഹം ചെയ്തത്. നാട്ടില്‍ രണ്ടു പേര്‍ക്കും സ്ഥിരം ജോലി ഉണ്ടായിരുന്നത് കൊണ്ട് അതില്‍ വലിയ താല്പര്യം എടുത്തില്ല.

എണ്ണ ഉള്‍പ്പെടെ ധാതു ലാവണങ്ങളാല്‍  അനുഗ്രഹീതമായ കാനഡയില്‍ കൂടുതല്‍ മറുനാട്ടുകാരെ പ്രവേശിശിപ്പിച്ചു ജനസംഖ്യ വര്‍ധിപ്പിക്കണമെന്ന നയം മാറ്റം വന്നതോടെ സംഗതികള്‍ മാറി മറിഞ്ഞു. വിദ്യാര്‍ത്ഥികളെ ക്ഷണിച്ചു കൊണ്ടുവന്നു പഠിപ്പിച്ചു മിടുക്കരാക്കായി സമൂഹത്തിലേക്കു വിന്യസിപ്പിക്കുന്നതാവും ബുദ്ധി എന്ന് കാനഡക്കു ബോധ്യമായി.  

ഇതില്‍ രണ്ടുണ്ട് കാര്യം. ഒന്നാമത് കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്-- യൂണിവേഴ്സിറ്റിയായാലും കോളജ് ആയാലും--ലാഭകരമായി പ്രവര്‍ത്തിക്കാന്‍ വേണ്ട ഡോളര്‍ ലഭിക്കും. രണ്ടാമത് ഇംഗ്ലീഷ് അറിയാവുന്ന തൊഴില്‍ പഠിച്ച ചെറുപ്പക്കാരുടെ സമൂഹത്തെ റെഡിമണിയായി കാനഡക്കു ലഭിക്കുന്നു. ലോകത്തു മറ്റൊരു രാജ്യവും ഇത്ര ഉദാരമായ കുടിയേറ്റ നയം സ്വീകരിച്ചിട്ടില്ല.

കാനഡയില്‍ 2022 ല്‍ എത്തിപ്പെട്ട വിദേശ വിദ്യാര്‍ത്ഥികളില്‍ അമ്പത് ശതമാനത്തിലേറെയും ചൈനയില്‍നിന്നും ഇന്ത്യയില്‍ നിന്നുമുള്ള വരാണെന്നു അധികൃത കണക്കു സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയില്‍ നിന്നുള്ളവരില്‍ മലയാളം സംസാരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. പഞ്ചാബി സംസാരിക്കുന്നവരാണ് രണ്ടാമത്.  

എന്റെ ഭാര്യാ സഹോദരന്‍ ബാബുവിന്റെ ഏക  മകന്‍ ടോണി തൊടുപുഴക്കടുത്ത് വാഴക്കുളം വിശ്വജ്യോതി കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നൊളജിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിടെക് എടുത്ത ആളാണ്. നാട്ടില്‍ ജോലി ലഭിച്ചുവെങ്കിലും അതുപേക്ഷിച്ച് കാനഡയില്‍ ഉപരിപഠനത്തിനു പോയി.

ഞാനും ഭാര്യയും അടുത്ത കാലത്ത് ടൊറന്റോ സന്ദര്‍ശിച്ചപ്പോള്‍ സ്വന്തമായി വാങ്ങിയ ഒരു ടൊയോട്ട കാറില്‍ ഞങ്ങളെ കാണാന്‍ വന്നു. വാഴക്കുളത്ത്  കൂടെപഠിച്ച ശേഷം ടൊറന്റോയില്‍ പഠിക്കാനെത്തിയ കടാതി സ്വദേശിനി മെറിനെ വിവാഹം ചെയ്തു അവിടെ ബ്രാന്‍ഡ്ഫോര്‍ഡില്‍  ജോലിചെയ്തു കഴിയുന്നു.

അമേരിക്കന്‍ മാര്‍ക്കറ്റിനെ ഉദ്ദേശിച്ച് കാനഡയില്‍ തുറന്ന കാര്‍ ഫാക്ടറികളില്‍  എക്കാലത്തും ജോലി സാധ്യതയുണ്ടെന്നു ടൊറന്റോ  മിസ്സിസ്വാഗയിലെ എന്റെ ബന്ധു അപ്പച്ചന്‍ എന്ന എബ്രഹാം മാത്യു പറയുന്നു. ഷിംലയിലെ ഹിമാചല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കെമിട്രി മാസ്റ്റേഴ്‌സ് കഴിഞ്ഞു ചിന്നമ്മയെ വിവാഹം ചെയ്തു ടൊറന്റോയില്‍ എത്തിയ അപ്പച്ചന്‍ ഒരു കെമിക്കല്‍ ഫാക്ടറിയില്‍  സേവനം ചെയ്തു റിട്ടയര്‍ ചെയ്തു.

അപ്പച്ചന്റെ ഇളയസഹോദരന്‍ രാജുവിന്റെ മകന്‍ ലിജോ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജില്‍ നിന്നുഓട്ടോബോബൈല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയത് കാനഡയെ മുന്‍കൂട്ടി കണ്ടുകൊണ്ടൊന്നുമല്ല. എങ്കിലും കൂട്ടുകാരോടൊപ്പം എട്ടു മാസം മുമ്പ് ടൊറന്റോയില്‍ വിമാനം ഇറങ്ങി. സെന്റിനിയല്‍ കോളജിലാണ് ഉപരി പഠനം. സാല്‍വെ മരിയ  ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സിയാണ് പ്രവേശനം തരപ്പെടുത്തിയത്. 

ബ്രിട്ടീഷ് കോളനിവാഴ്ച്ചക്കാലത്ത് 1914ല്‍  കാനഡയുടെ പടിഞ്ഞാറേ അറ്റത്തു ബ്രിട്ടീഷ് കൊളംബിയയിലാണ് ആദ്യത്തെ ഇന്ത്യക്കാര്‍ എത്തി എന്നാണ് ചരിത്രം. ഇംഗ്ലീഷ്‌കാരുടെ ഖനികളിലും തോട്ടങ്ങളിലും പണിചെയ്യിക്കാനുള്ള ബിഹാരി, പഞ്ചാബി അടിമ തൊഴിലാളികളെ നിറച്ച കപ്പല്‍ വാന്‍കൂവറില്‍ അടുത്തു.

അന്നത്തെ അടിമപ്പണിക്കാര്‍  കാനഡയില്‍ സ്ഥിരതാമസം ആക്കി. അവരുടെ മക്കളും മക്കളുടെ മക്കളുമായി എത്രയോ തലമുറ കഴിഞ്ഞു! ഇപ്പോള്‍ കാനഡയുടെ പല പ്രവിശ്യകളിലും ഓട്ടവയിലെ ഫെഡറല്‍ തലസ്ഥാനത്തും  മന്ത്രിസഭകളില്‍ പ്രധാന പങ്കാളികള്‍ ഇന്‍ഡ്യാക്കാരാണ്. പ്രധാനമന്ത്രി ജസ്റ്റിന്‍  ട്രൂഡോ അധികാരത്തില്‍ ഇരിക്കുന്നത് തന്നെ ഇന്ത്യക്കാരുടെ ന്യൂ ഡെമോക്‌റാറ്റ്‌സ് കക്ഷിയുടെ പിന്തുണയോടെയാണ്

അമേരിക്കയിലെ  സിയാറ്റിലില്‍ നിന്ന് ആദ്യമായി വാന്‍കൂവറില്‍ പ്രവേശിച്ച എനിക്ക് ഗ്രെഹൗണ്ട്  ബസില്‍ മൂന്ന് മാസം സഞ്ചരിക്കാനുള്ള ടിക്കറ്റ്  ഉണ്ടായിരുന്നു. വാന്‍കൂവറില്‍ നിന്ന് ആല്‍ബെട്ടാ തലസ്ഥാനമായ എഡ് മന്റണിലേക്കുള്ള ബസില്‍ കയറിയ ഞാന്‍ ഒഴിവുള്ള ഒരു സീറ്റ് അന്വേഷിച്ചു. ഒരു വെള്ളക്കാരന്‍ ചെറുപ്പക്കാരന്റെ അടുത്ത സീറ്റ് ഒഴിഞ്ഞു കിടക്കുന്നു.  

'ഞാന്‍ ഇവിടെ ഇരുന്നു കൊള്ളട്ടേ?' എന്ന് സവിനയം  ഞാന്‍ ചോദിച്ചു. 'പറ്റില്ല, എന്റെകൂടെ നിങ്ങളെ ഇരുത്താന്‍ എനിക്കിഷ്ട്ടമില്ല,' എന്നായിരുന്നു കര്‍ക്കശമായ മറുപടി. തലേ ആഴ്ച്ച സിറ്റിയില്‍ ചെറുപ്പക്കാരായ വെള്ളക്കാരും സിക്കുകാരും തമ്മില്‍ കല്ലേറും അടികലശലും നടന്നതായി ഞാന്‍ പിന്നീട് മനസിലാക്കി. സിക്കുകാരെപ്പോലെ താടി വച്ച എന്നോട് അയാള്‍ക്കുണ്ടായ കാലുഷ്യത്തിനു അതായിരിക്കണം കാരണം. പക്ഷെ കാലം മാറി.

കേരളത്തിലെ ശരാശരി ഇടത്തരം കുടുംബത്തിലെ അംഗങ്ങള്‍ ആണ്  ആന്‍ മേരിയുംആരതിയും. ആരതിയുടെ  മുത്തശ്ശന്‍ നാരായണന്‍ ഞങ്ങളുടെ വയലിലെ  ഉഴവുകാരന്‍  ആയിരുന്നു.  അഞ്ചു വര്‍ഷം മുമ്പ് 85 ആം വയസില്‍ കടന്നു പോയി. ഭാര്യ ഭവാനിഞങ്ങളുടെ പ്രിയപ്പെട്ട 'ഭവാനിയമ്മ'. 83 ആയി. കാനഡയില്‍ കൊച്ചുമകളെ  അയച്ചു സാമൂഹ്യ, സാമ്പത്തിക സമത്വത്തിന്റെ പടികടന്നെത്തുന്നതില്‍ അവരോടൊപ്പം ഞങ്ങളും അഭിമാനിക്കുന്നു.  

പാലമറ്റത്തെ   സിബിയും റോജിയുമാണ്ഞങ്ങളുടെ മറ്റൊരു അയല്‍ക്കാര്‍ .  രണ്ടു ആണ്‍മക്കള്‍. ജോജുവും കെവിനും ജിയോളജിയാണ് പഠിച്ചത്.  ജോജു മണിപ്പാലില്‍ പിഎച്ച്ഡി ചെയ്യുന്നു. ഈയിടെ അന്റാര്‍ട്ടിക്കയില്‍ പോയി വന്നു. കെവിന്‍ കനേഡിയന്‍ ലണ്ടനിലെ ഫാന്‍ഷോ കോളജില്‍ ജിയോളജിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ പിജി ചെയ്യുന്നു.

ലോകത്തില്‍ ഏറ്റവും അധികം പെട്രോളിയം ഉള്ള മൂന്നാമത്തെ രാജ്യമാണല്ലോ കാനഡ. കെവിന്റെ സുശോഭനമായ ഭാവി പെട്രോളിയത്തിലാണ്. റഷ്യയിലോ ഗള്‍ഫിലോ ലോകത്തെവിടെയും ജോലി ഉറപ്പ്. പെട്രോളിയം എന്‍ജിനീയറിങ്ങില്‍ ഡോക്ട്രേറ് ഉള്ള വാഗമണ്ണിലെ എന്റെ സുഹൃത് ദമ്പതിമാര്‍ ആഞ്ജലീനയും അനീഷും ആംസ്റ്റര്‍ഡാമിലുണ്ട്. ഒരാള്‍ക്കു മാസം പത്തുലക്ഷം രൂപ ശമ്പളം.    

മലയാളികള്‍  ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ കനേഡിയന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് പരസ്പരം മത്സരിക്കുകയാണ്. മനോരമയുമായി ചേര്‍ന്ന് സാന്റമോണിക്ക എന്ന കണ്‍സള്‍ട്ടന്‍സി  ഒരുക്കുന്ന വിദ്യാഭ്യാസ മേളകളില്‍ അവിടെ നിന്നു പ്രതിനിധികള്‍ എത്തുന്നു.

കാസര്‍ഗോട്ടെ ചിറ്റാരിക്കലില്‍  തോമാപുരത്ത് കുടിയേറ്റ കുടുംബത്തില്‍  ജനിച്ചു വളര്‍ന്നു ട്രാവല്‍ ഏജന്‍സി തുറന്ന ആളാണ് സാന്റാ മോണിക്ക മാനേജിങ് ഡയറക്ടര്‍ ഡെന്നി തോമസ് വട്ടക്കുന്നേല്‍. ഭാവനാ ശാലിയായ അദ്ദേഹം കാലത്തിന്റെ ആവശ്യങ്ങള്‍ കാലേകൂട്ടി കണ്ടറിഞ്ഞു. ലോകം ചുറ്റി സഞ്ചരിച്ചു.

കാലിഫോര്ണിയയില്‍ ലോസാഞ്ചല്‍സിനു സമീപമുള്ള ചെറിയ കടലോര പട്ടണമാണ് സാന്റാ മോണിക്ക. ആ പട്ടണവുമായി ഡെന്നിക്കു യാതൊരു  ബന്ധവുമില്ല. അവിടെ പോയിട്ടുമില്ല. എന്നിരുന്നാലും കാനഡയിലെ ഇരുനൂറിലേറെ സ്ഥാപനങ്ങളില്‍  അഡ്മിഷന്‍ തരപ്പെടുത്താമെന്നാണ് സാന്റാ മോണിക്ക പരസ്യപ്പെടുത്തുന്നത്.

കേരളത്തിലുടനീളവും ചെന്നൈ, ബെംഗളൂരു, ഹൈദ്രബാദ്, യുകെ  എന്നിവിടങ്ങളും അവര്‍ക്കു ശാഖകള്‍ ഉണ്ട്.  കാനഡയില്‍  അഡ്മിഷന്‍ തരപ്പെടുത്താന്‍  സാന്റാ മോണിക്ക പ്രോസസിംഗ് ചാര്‍ജായി 17000 രൂപ വാങ്ങുന്നു.  ഡെന്നി ഒരെഴുത്തുകാരന്‍ കൂടിയാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്നതാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ നിരന്തരം ഒഴുകുന്ന ചിന്ത.  

അപേക്ഷകര്‍ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം അളക്കുന്ന ഐഇഎല്‍ടിഎസോ ടോഫലോ പാസായിരിക്കണം. ഐഇ എല്‍ടിഎസ്ല് സ്‌കോര്‍ 7 എങ്കിലും വേണം. ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ്പ നല്‍കും. സ്ഥലവും വീടും  ഈടു  നല്‍കണം. അതിന്റെ മൂല്യത്തിന് ആനുപാതികമായ വായ്പയാണ് അനുവദിക്കുക. പോരാത്ത തുക  ബാങ്കിന്റെ അക്കൗണ്ടില്‍ അടക്കണം. ബാങ്ക് അതു  ഖണ്ഡശ കനേഡിയന്‍ സ്ഥാപനത്തിന് അയച്ചു കൊള്ളും.

തിരിച്ചടവ് രണ്ടര വര്‍ഷത്തിനു  ശേഷം.  അപ്പഴേക്കും സ്ഥിരം ജോലിയും സ്ഥിരം താമസത്തിനുള്ള അനുമതിയും കിട്ടിയിരിക്കും എന്നാണ് അനുമാനം. ഇപ്പോള്‍ കനേഡിയന്‍ ഡോളര്‍ ഒന്നിന്റെ വില 61.11   രൂപയാണ്. അമേരിക്കന്‍ ഡോളര്‍ ഒന്നിന് 81.52 രൂപയുണ്ട്. ഇതില്‍ ഡോളറിന്റെ മുല്യം വര്‍ധിക്കുന്ന പക്ഷം (രൂപയുടെ മൂല്യം ഇടിയുന്ന പക്ഷം) തിരിച്ചടവ് കൂടുതല്‍ എളുപ്പമാകും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക