Image

ആ വളകൾ ആ തിണ്ണയിൽ വെച്ചുകൊടുത്തു പടിയിറങ്ങി (സനയുടെ ലോകം)

Published on 08 March, 2023
ആ വളകൾ ആ തിണ്ണയിൽ വെച്ചുകൊടുത്തു പടിയിറങ്ങി (സനയുടെ ലോകം)

'എനിക്കു  ഇനിയും പഠിക്കാൻ വളരെ ആഗ്രഹമുണ്ട്.  എന്നും ജോലിക്കു പോകാനും  ആഗ്രഹമുണ്ട്. പക്ഷേ കല്യാണം കഴിച്ചിട്ടു ആ വീട്ടിൽ ചെന്നിട്ടു ഇതെല്ലാം ആയിക്കോളൂ എന്നാണ് വീട്ടുകാർ നിർബന്ധിക്കുന്നത്. എന്തു ചെയ്യണം ചേച്ചീ' എന്നു ചോദിച്ചു കൊണ്ട് ഒരു പെൺകുട്ടി എന്റെ മുന്നിൽ  ഇരുന്നു. കാലം 2020 ആണെന്ന് ഓർക്കുക. എറണാകുളം കോടതിയിൽ 
അഡ്വക്കേറ്റ് ആണ് ആ കുട്ടി! ഉയർന്ന വിദ്യാഭ്യാസവും ജോലിയും ഉണ്ടായിട്ടും തീരുമാനം എടുക്കാനാവാതെ കരഞ്ഞ ആ കുട്ടിയുടെ മുഖത്തുനോക്കി സ്ത്രീശാക്തീകരണത്തെക്കുറിച്ചു ക്ലാസ്സ്‌ എടുക്കാൻ എനിക്കു തോന്നിയില്ല.

പകരം ഞാൻ അവളോട്‌ ഒരു കഥ പറഞ്ഞു.

ഞാൻ പ്രീ ഡിഗ്രിക്കു പഠിക്കുന്ന കാലം. അന്ന് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കുവാനായി വീട്ടുകാരും ഞാനും പാടുപെടുന്നു. വീട്ടിലെ മൂത്ത കുട്ടിയാണ് ഞാൻ. താഴെ രണ്ടുപേർ പഠിക്കുന്നുണ്ട്. ഉമ്മയുടെയും ഉപ്പയുടെയും തുച്ഛം വരുമാനം ഒന്നിനും തികയാത്ത കാലം. അന്ന് ട്യൂഷൻ ആയിരുന്നു പ്രധാന വരുമാനമാർഗം. പ്രീ ഡിഗ്രി കഴിഞ്ഞിട്ടുള്ള രണ്ടു കൊല്ലം പഠിക്കാൻ പോകാൻ കഴിഞ്ഞില്ല. വരുമാനമില്ല. കടുത്ത സാമ്പത്തിക ഞെരുക്കവും വീട്ടുചിലവും പഠനവും ഒരുമിച്ചു പോകാത്ത കാലം. അടുത്ത വീടുകളിൽ പോയി 100 രൂപ കടം ചോദിച്ചാൽ ' എങ്ങനെയാണു നിങ്ങൾ തിരികെ തരിക? വരുമാനമൊന്നും ഇല്ലല്ലോ ' എന്നു പറഞ്ഞു കണ്ണിൽ ചോരയില്ലാതെ പെരുമാറുന്ന അയൽക്കാർ ആയിരുന്നു 'പണമുള്ള'എന്നാൽ ഗുണമില്ലാത്ത അയൽക്കാർ.
അതുകൊണ്ടു  കടം വാങ്ങാൻ ചെന്നു നിൽക്കാറില്ല. പകരം കൂടുതൽ ജോലി ചെയ്തു. ടെലിഫോൺ ബൂത്ത്‌ ഓപ്പറേറ്റർ, LIC ഏജന്റ്, സെയിൽസ് ഗേൾ എന്നിങ്ങനെ ചെയ്യാത്ത ജോലികൾ ഇല്ല. ഉമ്മ ബാങ്കിൽ നിന്നും ലോൺ എടുത്തു കുറേ ആടുകളെ വാങ്ങി വളർത്തിയിരുന്നു.

ട്യൂഷന്റെ കാര്യം പറഞ്ഞാൽ അയൽവാസികളിൽ പലരും എന്നേക്കാൾ 'ദാരിദ്ര്യത്തിൽ' ആണെന്ന് ട്യൂഷൻ ഫീസ് ചോദിക്കുമ്പോഴാണ് മനസ്സിലാവുക. ഒരു മാസത്തെ ഫീ കിട്ടുക മൂന്നാം മാസത്തിൽ ആയിരിക്കും. വർഷാവസാനം ആകുമ്പോൾ ഇങ്ങനെ നീളുന്ന രണ്ടോ മൂന്നോ മാസം സ്കിപ് ചെയ്തു പോകും. ഒരിക്കലും കിട്ടാത്ത ട്യൂഷൻ ഫീ ആയിരുന്നു അതെല്ലാം. വളരെ കഷ്ടപ്പെട്ട് പഠിക്കാൻ പോകുന്ന ആ പെൺകുട്ടിയും കുടുംബവും എങ്ങനെയെങ്കിലും  ജീവിച്ചു പോട്ടെ അവൾക്കു കൃത്യമായി ട്യൂഷൻ ഫീസ്  കൊടുത്തേക്കാം, 100 രൂപയല്ലേ കടം ചോദിച്ചത്, തിരികെ കിട്ടിയില്ലെങ്കിലും വേണ്ടില്ല എന്നുപോലും പലരും ചിന്തിച്ചില്ല.  ഒരു മത നേതാക്കളും സഹായിക്കാനും വന്നില്ല.

കൃത്യമായി ഫീസ് തരുന്ന കുറച്ചു ദൂരെയുള്ള ട്യൂഷൻ വീടുകൾ ആയിരുന്നു അന്നും എന്റെ കഷ്ടപ്പാടിന് ആശ്വാസം നൽകിയിരുന്നത്. അതു മറക്കുവാൻ കഴിയില്ല. ജോലി സാധ്യത നോക്കി ടീച്ചർ ട്രെയിനിങ് കോഴ്സിന് TTC യ്ക്ക് നിലമ്പുർ പാലേമാട് പോയി ചേർന്നു. ആര്യാടൻ മുഹമ്മദ്‌, ആര്യാടൻ ഷൌക്കത്ത്, നിലമ്പുർ ആയിഷ തുടങ്ങിയ രാഷ്ട്രീയ സംസ്‍കാരിക രംഗം മുഴുവനും മുന്നിട്ടിറങ്ങിയ സമ്പൂർണ്ണ സാക്ഷരതാ മിഷൻ യജ്ഞത്തിൽ പങ്കാളിയായി. കേരളത്തിന്റെ വലിയ വിജയമായിരുന്നല്ലോ ആ മിഷൻ. ആ ക്യാമ്പിൽ പങ്കെടുക്കുമ്പോഴാണ് ഒരു രാഷ്ട്രീയക്കാരനെ പരിചയപ്പെടുന്നത്. അയാളുടെ വിവാഹാലോചന നടക്കുന്ന കാലമാണ്. പരിചയമായി. 
ഏറെ സംസാരിക്കും മുൻപേ അയാൾ ചോദിച്ചു തന്നെ വിവാഹം കഴിച്ചോട്ടെ എന്നു. ഞാൻ ചിരിച്ചു. 'പഠിക്കാനും ജോലിക്കു പോകാനുമാണ് താല്പര്യം, വിവാഹം  ഇല്ല'.

"ഞാൻ പഠിപ്പിക്കാം" അയാൾ പറഞ്ഞു.

"ഏതുവരെ പഠിപ്പിക്കും?"

എത്രയും കൂടുതൽ പഠിപ്പിക്കാം ജോലിക്കു വിടാം എന്നൊക്കെ പറഞ്ഞെങ്കിലും വിവാഹം അജണ്ടയിൽ ഇല്ലാത്തതിനാൽ ഞാൻ നോ പറഞ്ഞു.
പക്ഷേ അയാൾ വിട്ടില്ല. വീട്ടിൽ വന്നു ഉപ്പയോടു പറഞ്ഞു. ഉപ്പയും ഉമ്മയും  ബന്ധുക്കളും മത പുരോഹിതരും എന്നെ ബ്രെയിൻ വാഷ് ചെയ്യാൻ തുടങ്ങി. എന്നോട് ചോദിക്കാതെ അയാളും കുടുംബവും വീട്ടിൽ വന്നു എന്റെ കല്യാണം നിശ്ചയിച്ചു രണ്ടു വളകൾ ഉമ്മയുടെ കൈയിൽ കൊടുത്തു വാക്ക് ഉറപ്പിച്ചു പോയി. എന്നോട് നേരിട്ട് പറഞ്ഞാൽ ഞാൻ സ്വീകരിക്കില്ല എന്നതിനാലാണ് ഈ രഹസ്യ യോഗം ചേർന്നത്.
വീട്ടിൽ എത്തിയ ഞാൻ വിവരം അറിഞ്ഞു.  കോപം  നിയന്ത്രിക്കാൻ കഴിയാതെ വീട്ടിൽ വഴക്കായി. ഉപ്പയോട് ധിക്കാരം പറഞ്ഞു. ഉമ്മയുമായി അടിയും പിടിയും ആയി. ഉപ്പയുടെ തല്ല് കുറേ കിട്ടി.

( തല്ലു കിട്ടുന്തോറും വാശി കൂടുന്ന പ്രത്യേക ഇനത്തിൽ പെട്ട ഒരു ജീവിയാണ് ഞാനെന്നു  പിന്നീട് ഉപ്പ കളിയാക്കാറുണ്ട് ..)

ഞാൻ പിറ്റേന്ന് ആ വളകൾ എടുത്തു അയാളുടെ വീട്ടിലേക്കു പോയി. കണ്ട ഉടനെ ഞാൻ ചോദിച്ചു.
'നിങ്ങൾ എനിക്കു വേണ്ടി എത്ര കാലം കാത്തിരിക്കും? എനിക്കു ജോലി കിട്ടും വരെ നിങ്ങൾ വെയിറ്റ് ചെയ്യുമോ?
അപ്പോൾ അയാൾ പറഞ്ഞ വാചകമുണ്ട്. എത്ര വേണമെങ്കിലും പഠിച്ചോ, പക്ഷേ ജോലിക്കു പോകാൻ പറ്റില്ല.
നീ പഠിച്ചത് റബ്ബ് അനുഗ്രഹിച്ചു നൽകുന്ന നമ്മുടെ മക്കളെ പഠിപ്പിക്കാൻ ഉപയോഗിക്കാം. ജോലിക്കു പോകേണ്ട, എന്റെ ഭാര്യ പുറത്തേക്കു പോകുന്നത് എനിക്കു താല്പര്യമില്ല. എനിക്കു സ്വത്തുണ്ട്. നിനക്ക് അതു മതി "

ഞാൻ ആ വളകൾ ആ തിണ്ണയിൽ വെച്ചുകൊടുത്തു പടിയിറങ്ങി. അയാളുടെ 'റബ്ബിനെയും'  'സ്വത്തിനെയും' ഉപേക്ഷിച്ചു എന്റെ സ്വത്തായ ഉയർന്ന വിദ്യാഭ്യാസവും ജോലിയും നേടാൻ ഞാൻ ഇറങ്ങി നടന്നു.

എന്നെപോലൊരു പെൺകുട്ടിക്ക് ഒരിക്കലും എളുപ്പമായിരുന്നില്ല ആ യാത്ര.പണമില്ല, സഹായിക്കാൻ മനസ്സുള്ളവർ ഇല്ല വീട്ടിലെ അവസ്ഥ മോശവും. നിരുത്സാഹപ്പെടുത്താൻ എല്ലാരും ഉണ്ട്. കല്യാണം കല്യാണം എന്ന ഭീകര മന്ത്രം ചുറ്റിനും മുഴങ്ങുന്നു. നീ പെണ്ണാണ് എങ്ങോട്ടാ പഠിച്ചിട്ടു പോകുന്നേ? വല്ലവന്റെയും അടുക്കളയിലേക്ക് പൊയ്ക്കോ എന്ന മുദ്രാവാക്യം വിളിയിൽ കാതടച്ചു പോയ കാലം!

മതം പറഞ്ഞും നരകം പറഞ്ഞും നരകത്തിലെ തീയെക്കുറിച്ചു പറഞ്ഞും  പെണ്ണിനെ കെട്ടിയിടുന്ന കാലം! 

BSc കഴിഞ്ഞു വീണ്ടും പഠനം ബ്രേക്ക്‌ ആയി.
മുംബൈയിലെ ഉപ്പയുടെ കച്ചവടം ബോംബെ കലാപത്തിൽ തകർന്നു. ഉപ്പ എവിടെയെന്നു പോലും അറിയാത്ത കുറേ നാളുകൾ!  

മൂന്നു നാല് പാരലൽ കോളേജുകളിൽ ഓടി നടന്നായിരിന്നു ഞാൻ പഠിപ്പിച്ചിരുന്നത്.  രാത്രി ഏറെ വൈകും വരെയുള്ള ട്യൂഷൻ വേറെ.
ഉമ്മയും ഞങ്ങൾ മൂന്നു മക്കളും അന്ന് കഷ്ടപ്പെട്ടതിന് കണക്കില്ല. അനിയത്തിയും അനിയനും അവർക്ക് പറ്റുന്ന ജോലികൾ എടുത്തു. ട്യൂഷൻ, ടെലിഫോൺ ബൂത്ത്‌, മറ്റു തൊഴിൽ മാർഗങ്ങൾ അങ്ങനെ...
'ജീവിതം സുന്ദരവും സുരഭിലവും ആകുന്ന ഇത്തരം സന്ദര്ഭങ്ങളിൽ ഭവാൻ എന്തു ചെയ്യുകയാണ്...' എന്നു ഞാൻ തമാശയോടെ നീട്ടി ചോദിക്കുമ്പോൾ റെജിയും റഹിയും (Sister & Brother ) കളിയാക്കി നീട്ടി പറയും

'ഞങ്ങൾ ഇവിടെ സുലൈമാനി കുടിക്കുകയാണ് ഭവതീ...വേണേൽ വേഗം വന്നോ.. അല്ലേൽ ഇപ്പം തീരും...'എന്ന്.

ഓരോ കാലഘട്ടങ്ങളിൽ ആ കാലത്തിലെ ജോലികൾ ചെയ്താണ് ഞാൻ പഠിച്ചത്. കാശ് ഇല്ലാതാകുമ്പോൾ പഠനം നിറുത്തി വെച്ചു വീണ്ടും ജോലിക്കു പോകും.

എന്റെ തീരുമാനം ശരിയെന്നു കണ്ടപ്പോൾ മുദ്രാവാക്യം വിളികൾ അവസാനിച്ചു. സഹോദരങ്ങളും പഠിച്ചു മുന്നേറി.

വീണ്ടും പറയട്ടെ,
എല്ലാവരോടും സമരം ചെയ്തു തന്നതായ വഴി പടുക്കാൻ കരുത്തുള്ള മനസ്സിനെ ആദ്യം പാകപ്പെടുത്തണം.

ഒരു പ്രധാനപ്പെട്ട ക്വാളിറ്റി വേണ്ടത് തീരുമാനങ്ങൾ എടുക്കാനും അതു പറയാനും  ആർജ്ജവത്തോടെ നടപ്പാക്കാനുള്ള മനസ്സുമാണ്.

അവിടെ നിന്നാണ് പഠനത്തിൽ ഉന്നത വിജയങ്ങൾ നേടിയത്. MSc General Chemistry, MSc Industrial Chemistry, B Ed, M Ed  എന്നിവ ഇന്ത്യയിലെ പ്രശസ്തമായ യൂണിവേഴ്സിറ്റികളിൽ നിന്നും കരസ്ഥമാക്കിയത്.
PhD  പഠിച്ചത്, കേരളത്തിനകത്തും ഇന്ത്യയുടെ പല സ്ഥലത്തും ജോലിക്കു പോയത്, വിദേശത്ത് 
മാലിദ്വീപിൽ വർഷങ്ങളോളം കെമിസ്ട്രി അധ്യാപികയായി ജോലി ചെയ്തത്. 

പറഞ്ഞു നിറുത്തി ഞാൻ വക്കീലിനെ നോക്കി. അവൾ കുറേ നേരം എന്നെ നോക്കിയിരുന്നു. ശേഷം ഒന്നും മിണ്ടാതെ എഴുന്നേറ്റു പോയി.

ഒരു മാസം കഴിഞ്ഞു അവൾ എന്നെ വിളിച്ചു.
'അയാളുമായുള്ള വിവാഹം വേണ്ടെന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു ചേച്ചി.എനിക്കൊരു നടുവേദന ഉണ്ട്‌. രാത്രിയിൽ കിടക്കുമ്പോൾ വലിയ വേദന ചിലപ്പോൾ ഉണ്ടാകും. അവരോടു ഈ കാര്യം പറഞ്ഞപ്പോൾ കല്യാണം കഴിഞ്ഞാൽ മാറും എന്നാണ് അവരും വീട്ടുകാരും പറഞ്ഞത്.

എങ്ങനെ മാറും? സെക്സ്, കുട്ടികൾ എന്നിവ ഉണ്ടാകുമ്പോൾ എങ്ങനെ വേദന ശമിക്കും?
അസുഖം മാറും വരെ ഒരു വർഷം ഞാൻ സമയം ചോദിച്ചു. അവർ സമ്മതിച്ചില്ല.അതുകൊണ്ടു വിവാഹം വേണ്ടെന്ന് ഞാൻ പറഞ്ഞു"

ഞാൻ മൂളി.

'ചേച്ചിയുടെ വാക്കുകൾ ആണ്  എനിക്ക് ധൈര്യം തന്നത്. ഒന്നുമില്ലാത്ത കാലത്തു ചേച്ചി കാണിച്ച ധൈര്യം ഒരു വക്കീൽ ആയ എനിക്ക് ഇപ്പോൾ ഇല്ലെങ്കിൽ എന്റെ ജീവിതം വേസ്റ്റ് ആകും. താങ്ക്സ് ചേച്ചി"
ഞാൻ അപ്പോഴും ഒന്നും പറഞ്ഞില്ല.

സ്ത്രീ ശാക്തീകരണത്തിനായി എന്തു ചെയ്യണമെന്ന് ചിലർ ചോദിക്കുമ്പോൾ എനിക്കു ചിരി വരാറുണ്ട്.

എനിക്കിതു ആളുകളെ പഠിപ്പിക്കാൻ കഴിയില്ല. ഞാൻ നേരിട്ട ജീവിതമാണ് എന്റെ ശാക്തീകരണം എന്ന് ചൂണ്ടികാണിക്കാനേ പറ്റൂ.

വഴി നിങ്ങളാണ് തെരെഞ്ഞെടുക്കേണ്ടത്.


( അധ്യാപികയും എഴുത്തുകാരിയുമായ സനയുമായി ആൻസി സാജൻ നടത്തിയ സംഭാഷണം )

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക