Image

ശാക്തീകരണം തിരിച്ചറിവിലൂടെ (ഉമ സജി)

Published on 09 March, 2023
ശാക്തീകരണം തിരിച്ചറിവിലൂടെ (ഉമ സജി)

കസേരയിൽ ചാഞ്ഞിരുന്ന് കുളിരുള്ള പ്രഭാതത്തിന് സ്വാഗതം അരുളി ആവിപറക്കുന്ന കാപ്പി നുണയുന്നതിനിടയിലാണ് ശ്രദ്ധിച്ചത് ആരോ ഗേറ്റിനുമുന്നിലെ തറയിൽ ഗേറ്റിലേക്ക് ചാഞ്ഞിരിക്കുന്നത്. വേഗം ഗേറ്റ് തുറന്നു, ഒരു മുപ്പത് വയസ്സു പ്രായം തോന്നുന്ന സ്ത്രീ. ഉടുത്തിരുന്ന കോട്ടൻ സാരി തലവഴിമൂടി നല്ല ഉറക്കമാണെന്ന് തോന്നി. അടുത്തിരുന്ന് തോളിൽ തട്ടി വിളിച്ചു. പെട്ടന്നവൾ ഞെട്ടിയുണർന്നു.
എന്നെ കണ്ടതും ഇരുകയ്യും ചേർത്തുപിടിച്ച് തൊഴുതു. വിതുമ്പലിൽ വിറച്ച ചുണ്ടുകൾ വാക്കുകളെ മുറിച്ചു. ചേർത്തുപിടിച്ച് അകത്തേക്കു കൊണ്ടുവരുമ്പോൾ ആലോചിച്ചു എവിടെയോ കണ്ട മുഖം. തണുത്ത ശരീരവും വിറയ്ക്കുന്ന ചുണ്ടുകളും പറഞ്ഞു രാത്രിമുഴുവൻ പുറത്തിരുന്നു എന്ന്. കസേരയിലിരുത്തി ആവി പറക്കുന്ന കോഫി പകർന്നു കൊടുത്തപ്പോൾ വാങ്ങാൻ പോലും ആ കൈകൾക്ക് ശക്തിയില്ലെന്ന് തോന്നി. കോഫീ കപ്പ് ചുണ്ടോടുപ്പിച്ച് പിടിച്ചു കൊടുത്തപ്പോൾ ആ ചൂടുപോലും വകവയ്ക്കാതെ ആർത്തിയോടെ കുടിച്ചു. 

ഞാനെന്റെ കോഫി കുടിച്ചു തീരും വരെ അവൾ ഒന്നും മിണ്ടാതെ കണ്ണടച്ചിരുന്നു. ചൂട് അകത്തേക്കെത്തിയപ്പോൾ കിട്ടിയ ഊർജ്ജം പോലെ അവൾ സംസാരിച്ചുതുടങ്ങി. 
ഞാൻ ആരതി. ടൗണിലുള്ള "വി ആന്റ് വി" കമ്പനിയിൽ സെക്ഷൻ സൂപ്പർവൈസറായി ജോലിചെയ്തുവരികയായിരുന്നു. എന്റെ കുടുംബത്തിന്റെ ഏകവരുമാനമാർഗ്ഗം ഞാനാണ്.       
അവളൊരു പേപ്പർ കയ്യിലുണ്ടായിരുന്ന ബാഗിൽ നിന്നെടുത്ത് എന്റെ നേർക്കു നീട്ടി. ജോലിയിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള കത്ത്. 

"എന്തിനാണ് പിരിച്ചുവിട്ടത്?"

"ഇന്ന് വനിതാദിനത്തിൽ "തൊഴിലിടങ്ങളിലെ സുരക്ഷയും സ്ത്രീ ശാക്തീകരണവും" എന്ന വിഷയത്തെക്കുറിച്ച് ഒരു സിമ്പോസിയവും മറ്റ് പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇന്ന് രാവിലെ രണ്ടുമണിക്കൂർ വനിതാദിന ആഘോഷങ്ങൾക്കായി മാറ്റിവച്ചതാണ്. ഞാനാണ് ആഘോഷപരിപാടിയുടെ അദ്ധ്യക്ഷ."

അതിലെ ഒരു മുഖ്യാഥിതി മാഡം ആണ്".
മറ്റൊരു പേപ്പർ നീട്ടി അവൾ പറഞ്ഞു. 

"അതിനെന്തിനാണ് നിങ്ങളെ പിരിച്ചുവിട്ടത്?"

"അവിടെ സ്ത്രീകൾക്കെതിരായി ഒരുപാട് ചൂഷണങ്ങൾ നടക്കുന്നുണ്ട്. അതിനെതിരെ ഞാൻ ശബ്ദമുയർത്തിയിരുന്നു. ഇന്ന് മാഡം അവിടെ എത്തുമ്പോൾഞാനുണ്ടായാൽ അത് അവർക്ക് ദോഷമാവും പോലും. 
എന്റെ ആനുകൂല്യങ്ങൾ പോലും തരാതെ എക്പോർട്ടിംഗ് കണക്കിൽ കൃത്രിമം കാണിച്ച് എന്നെ പുറത്താക്കി".

ഇപ്പോൾ എനിക്കാളെ പിടികിട്ടി. ആരതി വർമ്മ. കോളേജിലെ എന്റെ ജൂനിയറായിരുന്ന പൊട്ടിത്തെറിക്കുന്ന പ്രസംഗങ്ങൾ നടത്തി സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകം എന്ന് അറിയപ്പെടിരുന്ന പെൺകുട്ടി. വനിതാദിനത്തിൽ മാത്രമല്ല, അല്ലാത്തപ്പോഴും ജീവിതത്തിൽ വിജയം വരിച്ച ഓരോ സ്ത്രീകളുടെയും കഥകൾ മറ്റുകുട്ടികളിലേക്കെത്തിച്ച് എങ്ങനെ ജീവിതവിജയം നേടാം എന്ന് അവരെ മോട്ടിവേറ്റ് ചെയ്തിരുന്നു അവൾ. അതിനായി "സ്ത്രീ" എന്ന ഒരു ഒരു സംഘടന തന്നെ ഉണ്ടാക്കിയിരുന്നു. 

"ആരതി വർമ്മയല്ലെ?" എന്റെ ചോദ്യം അവളെ തെല്ലൊന്നമ്പരപ്പിച്ചു. 
"എന്നെ ഓർക്കുന്നുണ്ടോ മാഡം?"
ഉണ്ട്.
"ആരതിയെന്ന മോട്ടിവേറ്റർ എങ്ങനെ തളർന്നുപോയി? "

"ജീവിതത്തിലെ ചില കയ്പ്പേറിയ അനുഭവങ്ങൾ, ചിലസാഹചര്യങ്ങൾ. അവൾ തലകുമ്പിട്ടിരുന്നു. ഇപ്പോൾ ഈ ജോലി അത്യാവശ്യമാണ്. വയസ്സായ അച്ഛനമ്മമാർക്ക് ആഹാരം, രോഗിയായ അച്ഛന്റെ ചികിത്സ. മാഡത്തിനെകാണാനും ഇന്നത്തെ കാര്യം പറയാനുമായി വെളുപ്പിനെ വീട്ടിൽ നിന്നിറങ്ങിയതാണ്. ഇവിടെയെത്തിയപ്പോൾ ഗേറ്റുതുറന്നിട്ടില്ല, അവിടെയിരുന്ന് ഉറങ്ങിപ്പോയി. 
മാഡത്തിന്റെ സ്ത്രീകളുടെ ഉന്നമനത്തിനായുള്ളപ്രവർത്തനങ്ങളെ കുറിച്ച് കേട്ടിരുന്നു. ആ കമ്പനിയിൽ ജോലിചെയ്യാൻ ആരോഗ്യകരമായ അന്തരീക്ഷമോ, മാന്യമായ ശമ്പളമോ, അടിസ്ഥാന സൗകര്യങ്ങളോ ഒന്നുമില്ല. ലൈംഗിക ചൂഷണവും ഉണ്ട്. പലപ്പോഴും പലരും ജീവിതഗതിയോർത്തു സഹിക്കുന്നു. ഞാൻ അവർക്കൊരത്താണി ആയിരുന്നു. എനിക്കിനി ഒന്നും അവിടെ ചെയ്യാൻ പറ്റില്ല. മാഡത്തിനെ എന്തെങ്കിലും പറ്റൂ. അതിനാണ് വന്നത്". 

ആരതി വർമ്മ എന്ന എന്റെ ജൂനിയർ ആയിരുന്നു സ്ത്രീകൾക്കു വേണ്ടി പോരാടാനുള്ള എന്റെ കരുത്തിന്റെ ആദ്യപടി. ആരതിയുടെ പ്രസംഗത്തിലാണ് ആദ്യമായി ഞാൻ കേട്ടത് വനിതാ ദിനത്തിന്റെ തുടക്കം കുറിച്ച ചരിത്ര സംഭവങ്ങൾ. കോളജ് ആഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനെ അഭിമുഖീകരിക്കുന്ന ഡിഗ്രി ഒന്നാം വർഷക്കാരി ആരതി.
 ഒരുകൂട്ടം വനിതകൾ 1856 ൽ മോശമായ, അനാരോഗ്യപരമായ ചുറ്റുപാടിൽ നിർബന്ധിതമായി ജോലിചെയ്യേണ്ടി വരുന്നതിനെതിരെ, അവരുടെ കുഞ്ഞുങ്ങളെ അനാരോഗ്യപരമായ അന്തരീക്ഷത്തിൽ ഒപ്പം കൂട്ടേണ്ടി വരുന്നതിനെതിരായി ആയിരക്കണക്കിന് സ്ത്രീകൾ അമേരിക്കയിലെ ന്യൂയോർക്കിലെ തെരുവുകളിൽ നടത്തിയ മാർച്ചും പിന്നിഡ് 1908, മാർച്ച് 8 ന്  ടെക്സ്റ്റയിൽ മേഖലയിൽ  ജോലിയിലുണ്ടായിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ ഉണങ്ങിയ ബ്രഡ് പീസും റോസസും കയ്യിലേന്തി "ബ്രഡ് ആന്റ് റോസസ്" എന്ന മുദ്രാവാക്യം വിളിച്ച് ന്യൂയോർക്ക് തെരുവോരങ്ങളിലൂടെ ജോലിസമയം മിതപ്പെടുത്തുന്നതിനും, പുരുഷൻമാരോടൊപ്പം വേതനത്തിനും, ബാലവേല നിർത്തലാക്കാനും, ആരോഗ്യപരവും മാന്യവുമായ ചുറ്റുപാടുകൾക്കും വേണ്ടി നടത്തിയ മാർച്ചുകളെക്കുറിച്ചുമെല്ലാം ഉള്ള അറിവുകൾ ഓരോ പെൺമനസ്സിലേക്കും തറച്ചു കയറ്റിയ പ്രാസംഗിക. അവളാണ് ഇന്ന് തളർന്ന് എന്റെ മുന്നിലിരിക്കുന്നതെന്ന് വിശ്വസിക്കാൻ വയ്യ. 

ആരതിയോട് ഫ്രഷ് ആവാൻ പറഞ്ഞ് ഞാനും വേഗം റഡി ആയി. ഭക്ഷണം കഴിച്ച് ഒന്നിച്ചിറങ്ങുമ്പോൾ ആരതി ഓർമ്മിപ്പിച്ചു. "മാഡത്തിന് ഒരുപാട് ചെയ്യാൻ കഴിയും. ഞാൻ പ്രതിക്ഷയോടെ വീട്ടിലേക്കു പോകുന്നു". 

ഓക്കെ, എന്തായാലും കാറിൽ കയറൂ.".
കാർ കമ്പനിയുടെ ഗേറ്റ് കടക്കുമ്പോൾ മാനേജരും മറ്റുള്ളവരും ഓടിയെത്തി. 
കയ്യിൽ കൊടുത്ത പൂച്ചെണ്ട് ആരതിയുടെ നേരെ നീട്ടി ഞാൻ പറഞ്ഞു
"എനിക്കല്ല, ആരതിക്കാണ് ഒരുപാട് ചെയ്യാൻ കഴിയുന്നത്. കണ്ണുകളിൽ ഇപ്പോഴും "സ്ത്രീ"യെന്ന സംഘടനയുടെ സ്ഥാപക നേതവായ പെൺകുട്ടിയുടെ വീര്യമുണ്ട്. നമ്മൾ ഒരുമിച്ച് ഇവിടേക്ക് വന്നത് അതിനാണ്".  
 അദ്ധ്യക്ഷ പ്രസംഗം കഴിഞ്ഞപ്പോൾ എന്റെ ഊഴമായി. ഞാൻ പറഞ്ഞു, ഈ പരിപാടി ഉത്ഘാടനം ചെയ്യാൻ എനിക് സന്തോഷമേ ഉള്ളു. വിളക്ക് തെളിച്ചപ്പോൾ ആരതിയെയും ഞാൻ ക്ഷണിച്ചു. ഉത്ഘാടനം കഴിഞ്ഞുള്ള എന്റെ പ്രഖ്യാപനം ആരതി ഉൾപ്പെടെ എല്ലാവരെയും നിശ്ശബ്ദരാക്കി.  ഇന്നത്തെ മുഖ്യപ്രഭാഷക ആരതി വർമ്മയാണ്. ഞാനല്ല. ഈ പ്രഭാഷണത്തിന് ശേഷം നിങ്ങൾ മനസ്സിലാക്കും ഇന്നലെ വരെ നിങ്ങളോടൊപ്പം ഉണ്ടായിരുന്ന ഈ മഹിള ആരായിരുന്നു എന്ന്". 

സദസ്സിൽപെട്ടെന്നുണ്ടായ കരഘോഷം എന്നെപ്പോലും അത്ഭുതപ്പെടുത്തി. ആരതി വർമ്മയെ അവരെന്നേ തിരിച്ചറിഞ്ഞിരിക്കുന്നു എന്നു തോന്നി. 
ഞാൻ ആരതിയെ ചേർത്തു പിടിച്ചു പറഞ്ഞു, "ഇവളാണ് എന്റെ ഗുരു, നിങ്ങളെ ശാക്തീകരിക്കാൻ ഏറ്റവും യോഗ്യതയുള്ളവൾ".

വർഷങ്ങളായി സ്വയം മറന്നുപോയ ആരതിയുടെ കണ്ണുകളിൽ പൊടിഞ്ഞ നീർമണികൾ അവൾ സ്വയം തിരിച്ചറിഞ്ഞതിന്റെസൂചനയായി എനിക്കു തോന്നി. 
ആരതി സദസ്സിനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. അവൾ പഴയ ആരതി വർമ്മയായി. 
വാക്കുകൾ തീപന്തങ്ങൾ പോലെ കാറ്റിൽ പറന്നു. "നമ്മളോരോരുത്തരും സ്വയം തിരിച്ചറിയണം. എല്ലാവരിലും ഒരു ശക്തിയുണ്ട്. ഓരോ സ്ത്രീയും അവളുടെ കരുത്ത് തിരിച്ചറിയുന്നിടത്ത് സ്ത്രീ ശാക്തീകരിക്കപ്പെടും." അവൾ ഉപസംഹരിക്കുമ്പോൾ സദസ്സിലെ നിലയ്ക്കാത്ത കയ്യടി ആരതി വർമ്മ ആരാണെന്ന് ആരതിയെ ഒന്നുകൂടി ബോദ്ധ്യപ്പെടുത്തി. 

# Empowerment through recognition

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക