StateFarm

മോഹൻ സിതാര: മോഹന സംഗീതം (വിജയ് സി. എച്ച്)

Published on 10 March, 2023
മോഹൻ സിതാര: മോഹന സംഗീതം (വിജയ് സി. എച്ച്)

സംഗീത ലോകത്ത് 40 വർഷം പിന്നിട്ട മോഹൻ സിതാരയോട് സംസാരിക്കുന്നത് കഴിഞ്ഞ ദശകങ്ങളിൽ പിറവികൊണ്ട കുറെ ഇമ്പമുള്ള സിനിമാഗാനങ്ങൾ ശ്രവിച്ചുകൊണ്ടിരിക്കുന്നതിനു തുല്യം.  
മോഹൻ്റെ വർത്തമാനത്തിനു പോലും ഒരു താളമുണ്ട്. ഇടക്കിടക്ക് അദ്ദേഹം ആലപിക്കുന്ന ചില വരികൾ സംഭാഷണത്തിന് ഈണവും പകരുന്നു. അഭിമുഖം സംഗീതസാന്ദ്രം! 
1986-ൽ രഘുനാഥ് പലേരി തിരക്കഥയെഴുതി അദ്ദേഹം തന്നെ സംവിധാനം ചെയ്ത 'ഒന്ന് മുതൽ പൂജ്യം വരെ'യിലെ ഗാനങ്ങൾ എല്ലാവരും മൂളാൻ തുടങ്ങിയപ്പോഴാണ് മോഹൻ ഒരു ചലച്ചിത്ര സംഗീത സംവിധായകനായത്. പക്ഷെ, തൻ്റെ  ഹാർമോണിയത്തിലും, തബലയിലും നാദബ്രഹ്മം തീർത്ത് ഈ കലാകാരൻ സംഗീത പ്രേമികളുടെ പ്രിയങ്കരനായി അതിനു മുന്നെത്തന്നെ ഇവിടെയുണ്ടായിരുന്നു. 
മോഹൻ ചിട്ടപ്പെടുത്തുന്ന സംഗീതത്തിൽ എവിടെയാണ് നാടൻ, എവിടെയാണ് പാശ്ചാത്യൻ എന്നു തരംതിരിച്ചു പറയാൻ ശ്രോതാക്കൾക്കാവില്ല. അതിനു ശ്രമിച്ചാൽ, നമ്മൾ ചെന്നെത്തുക, 'കറുപ്പിനഴക്, ഓ... വെളുപ്പിനഴക്, ഓ...' എന്ന ഒരവസ്ഥയിലാണ്. നാടനും കൊള്ളാം, പാശ്ചാത്യനും കൊള്ളാം എന്നു തോന്നുന്നൊരു പ്രത്യേക സ്ഥിതി. അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെ... 


🟥 അറിയാതെ സിനിമയിൽ 
നവോദയ അപ്പച്ചൻ കുറച്ചു വരികൾ കൊടുത്തയച്ച് അതിന് യോജിക്കുന്ന സംഗീതം ഇട്ടുകൊടുക്കാൻ പറഞ്ഞപ്പോൾ, ഞാൻ ശരിക്കും ടെൻഷനടിച്ചു. അദ്ദേഹം സ്നേഹത്തോടെ നിർബ്ബന്ധിച്ചപ്പോൾ രക്ഷപ്പെടാൻ പറ്റാതെ വരുകയും ചെയ്തു. അതുവരെ ഒരു ഗാനത്തിനു പോലും സംഗീതം കമ്പോസ് ചെയ്ത് പരിചയമില്ലാത്ത എനിക്ക് കിട്ടിയ ചുമതല വലിയൊരു വെല്ലുവിളിയായിരുന്നു. ഹാർമോണിയവും, തബലയും വായിക്കാൻ മാത്രമേ എനിക്ക് അറിഞ്ഞിരുന്നുള്ളൂ. ദാസേട്ടൻ്റെ 'തരംഗിണി' സ്റ്റുഡിയോവിലും, എം. ജി. രാധാകൃഷ്ണൻ, ആലപ്പി രംഗനാഥ് മുതലായവരുടെ വാദ്യവൃന്ദത്തിലും പ്രവർത്തിച്ചിട്ടുണ്ട്. അപ്പച്ചൻ സാർ അയച്ച വരികൾ ഞാൻ ചുമ്മാതൊന്നു പാടിനോക്കി. ഈണങ്ങൾ താനെ ഉരുത്തിരിഞ്ഞുവരുന്നതുപോലെ തോന്നി. ഒഎൻവി സാർ എഴുതിയതായിരുന്നു ആ പ്രത്യേക രീതിയിലുള്ള ഉറക്കുപാട്ട്. അപ്പോഴാണ് ആരോ മുന്നെ പറഞ്ഞത് ഓർമ്മ വന്നത്, ഒഎൻവി സാറും തമ്പി സാറും എഴുതിയ വരികളിൽ തിരഞ്ഞാൽ, അതിൽ നിന്നു തന്നെ സംഗീതം കിട്ടുമെന്ന്! അതു തന്നെ സംഭവിക്കാൻ തുടങ്ങി. രണ്ടുമൂന്നു ദിവസംകൊണ്ട്, ആ വരികൾ ഞാൻ തന്നെ മൂളി സംഗീതം ഏകദേശം ചിട്ടപ്പെടുത്തി. വല്ല നാടകത്തിനോ മറ്റോ ആയിരിക്കുമെന്നാണ് ഞാൻ കരുതിയത്. എന്തായാലും തയ്യാറാക്കിയത് അപ്പച്ചൻ സാറിന് കൊടുത്തയച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോഴല്ലെ അറിഞ്ഞത്, ഞാൻ ഇട്ടുകൊടുത്ത ഈണം അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടെന്നും അത് സാറിൻ്റെ പുതിയ സിനിമക്കുവേണ്ടിയുമാണെന്ന്! രഘുനാഥ് പലേരി സംവിധാനം ചെയ്യുന്നു, ജി. വേണുഗോപാൽ പാടുന്നു... രണ്ടു പേരുടെയും കന്നിസംരംഭം. കൂട്ടിന് മൂന്നാമത്തെ കന്നിക്കാരനായി ഞാനും. 'ഒന്ന് മുതൽ പൂജ്യം വരെ'യുടെ വർക്ക് പുരോഗമിച്ചു. അപ്പച്ചൻ സാർ എന്നെ വിട്ടില്ല, പടത്തിൻ്റെ പശ്ചാത്തല സംഗീതവും ഞാൻ ചെയ്യണമെന്ന്! ഞാൻ ചിട്ടപ്പെടുത്തിയ ആ ഉറക്കുപാട്ടാണല്ലോ കഥയിൽ ആദ്യം മുതൽ അവസാനം വരെ...
രാരീ രാരീരം രാരോ… പാടീ രാക്കിളി പാടീ...
പൂമിഴികൾ പൂട്ടി മെല്ലെ... നീയുറങ്ങി ചായുറങ്ങി...
സ്വപ്നങ്ങൾ പൂവിടും പോലേ, നീളേ...
വിണ്ണിൽ വെൺതാരങ്ങൾ... മണ്ണിൽ മന്ദാരങ്ങൾ
പൂത്തു വെൺതാരങ്ങൾ... പൂത്തു മന്ദാരങ്ങൾ
കന്നിപ്പൂമാനം പോറ്റും തിങ്കൾ
ഇന്നെൻറെയുള്ളിൽ വന്നുദിച്ചു
പൊന്നോമൽ തിങ്കൾ പോറ്റും മാനം
ഇന്നെൻറെ മാറിൽ ചാഞ്ഞുറങ്ങി
പൂവിൻ കാതിൽ മന്ത്രമോതീ...
പൂങ്കാറ്റായി വന്നതാരോ... 


സ്റ്റുഡിയോയിൽവച്ച് ഒഎൻവി സാറിൻ്റെ വരികൾ വേണുഗോപാലിൻ്റെ പുതുമയുള്ള ശബ്ദത്തിൽ കേട്ടപ്പോൾ തന്നെ ഞങ്ങൾ എല്ലാവരും വലിയ ആവേശത്തിലായിരുന്നു. പടം റിലീസ് ചെയ്തു. നിറഞ്ഞ തിയേറ്ററുകളിൽ മാസങ്ങളോളം ഓടി, അഞ്ച് സംസ്ഥാന ചലച്ചിത്ര അവാർഡുകളും നേടി. സ്വാഭാവികമായും 'രാരീ രാരീരം രാരോ…' സൂപ്പർഹിറ്റായി, കേട്ടവരെല്ലാം ഏറ്റുപാടി. 'പൊന്നും തിങ്കൾ പോറ്റും മാനെ..." എന്നതും സൂപ്പർഹിറ്റ്! ഒഎൻവി സാറിൻ്റെ തന്നെ ഈ വരികളും, ആലാപനം വേണുഗോപാലും. ഈ രണ്ടു പാട്ടുകളും ചിത്രയും പാടുന്നുണ്ട്. 'ഒന്ന് മുതൽ പൂജ്യം വരെ'യിലെ
ഗാനങ്ങളോടുകൂടി വേണുഗോപാലും ഞാനും സിനിമക്കാരുമായി. മുപ്പത്തിയാറു വർഷങ്ങൾക്കു ശേഷവും ഈ ഗാനം ജനപ്രിയമായി തുടരുന്നതിൽ വളരെ സന്തോഷമുണ്ട്. 
🟥 തിരക്കോടു തിരക്ക് 
'ഒന്ന് മുതൽ പൂജ്യം വരെ'യുടെ വിജയത്തിനു ശേഷം തിരക്കോടു തിരക്കായിരുന്നു. 'വർഷങ്ങൾ പോയതറിയാതെ'യിലെ, 'ഇലകൊഴിയും ശിശിരത്തിൽ...' എന്നുതുടങ്ങുന്ന പാട്ട് അടുത്ത വർഷം സെൻസേഷനായി. 'കുടുംബപുരാണം', 'ആലിലക്കുരുവികൾ', 'ചാണക്യൻ', 'ദേവദാസ്', 'മുദ്ര', 'ഈണം മറന്ന കാറ്റ്' മുതലായ സിനിമകൾ തുടർച്ചയായി ചെയ്തു. ഈ സിനിമകളിലെ പല ഗാനങ്ങളും ജനപ്രീതി നേടി. ഒരു നാഴികക്കല്ലുപോലെയാണ് തുടർന്ന് ലെനിൻ രാജേന്ദ്രൻ്റെ 'വചനം' എത്തിയത്. വീണ്ടും ഒഎൻവി സാറിൻ്റെ വരികൾ എനിക്ക് എന്തൊക്കെയോ നേടിത്തന്നു. 
നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി
നീയെന്നരികിൽ നിന്നൂ...
കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു ഞാനുമൊരന്യനെപോൽ...
ഉള്ളിലെ സ്നേഹപ്രവാഹത്തിൽനിന്നൊരു
തുള്ളിയും വാക്കുകൾ പകർന്നീലാ...
അജ്ഞാതനാം സഹയാത്രികൻ ഞാൻ നിൻ്റെ 
ഉൾപ്പൂവിൻ തുടിപ്പുകളറിയുന്നു...
നാമറിയാതെ നാം കൈമാറിയില്ലെത്ര
മോഹങ്ങൾ, നൊമ്പരങ്ങൾ... 


🟥 ഉണ്ണീ വാവാവോ.. 
ഒട്ടേറെ ഗാനങ്ങൾ 1990-ൽ എന്നെ തേടിയെത്തി. അതിൽ ഏറ്റവും ജനപ്രീതി നേടിയ ഗാനമാണ് 'സാന്ത്വന'ത്തിൽ കൈതപ്രം എഴുതിയ, 'ഉണ്ണീ വാവാവോ, പൊന്നുണ്ണീ വാവാവോ നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ കയ്യിൽ പൂഞ്ചേലാടാലോ...' എന്നത്. ശ്രോതാക്കൾക്ക് ഈ ഗാനം വളരെ, വളരെ ഇഷ്ടപ്പെട്ടു. 'രാരീ രാരീരം രാരോ…'വിനു ശേഷം എനിക്കു കിട്ടിയ ഏറ്റവും പ്രശസ്തമായ ഉറക്കുപാട്ടാണിത്. പക്ഷെ, ഈ പാട്ടിൻ്റെ പ്രശസ്തി ഉറക്കുപാട്ടിന് അതീതമായി ഇന്നും നിലകൊള്ളുന്നു. 
🟥 പ്രണയഗാനങ്ങൾ 
ഉറക്കുപാട്ടുകളും, ശോകഗാനങ്ങളും മാത്രമല്ല, ഹിറ്റായിമാറിയ പ്രണയഗാനങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. 'നമ്മളി'ലെ, 'സുഖമാണീ നിലാവ്, എന്തു സുഖമാണീ കാറ്റ്, അരികിൽ നീ വരുമ്പോൾ...', 'ഇഷ്ട'ത്തിലെ, 'കാണുമ്പോൾ പറയാമോ കരളിലെ അനുരാഗം...' മുതലായ പ്രണയഗാനങ്ങൾ സംഗീതപ്രേമികൾ ഇന്നും കേട്ടുകൊണ്ടിരിക്കുന്നു. 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും', 'കരുമാടിക്കുട്ടൻ' തുടങ്ങിയവയിലെ ഗാനങ്ങളും ജനപ്രിയമായി തുടരുന്നു. ആകെ എത്ര പാട്ടുകൾക്ക് സംഗീതം നൽകിയെന്ന് വ്യക്തമായി അറിയില്ല. ഇതുവരെ ഇരുനൂറോളം ചിത്രങ്ങളിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. 


🟥 പശ്ചാത്തലസംഗീതം 
ആദ്യ പടത്തിൽ തന്നെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിട്ടപ്പെടുത്തിയല്ലൊ. പത്മരാജൻ്റെ  'ഇന്നലെ', ലെനിൻ രാജേന്ദ്രൻ്റെ 'ദൈവത്തിൻ്റെ വികൃതികൾ', ബ്ലസ്സിയുടെ 'ഭ്രമരം' തുടങ്ങി കുറെയേറെ നല്ല ചിത്രങ്ങൾക്കു പശ്ചാത്തലസംഗീതം നല്കി. 
🟥 'കറുപ്പും വെളുപ്പും' ചേർന്നവ 
നിരീക്ഷണം ശരിയാണ്. പല ന്യൂജെൻ രീതിയിലുള്ള പാട്ടുകളും ഒച്ചപ്പാടുകൾ നിറഞ്ഞതായി തോന്നാറുണ്ട്. ന്യൂജെൻ ഗാനങ്ങൾ മറ്റുള്ളവർക്കുകൂടി ഇഷ്ടമാകണമെങ്കിൽ നാടൻ്റെ കൂടെ വെസ്റ്റേൺ ശ്രദ്ധയോടുകൂടി മിശ്രണം ചെയ്യണം. അല്ലെങ്കിൽ, പാട്ട് ശബ്ദമുഖരിതമായിത്തീരുന്നു. മെലഡി നഷ്ടപ്പെടും. ബീറ്റ്സും, ഇൻസ്റ്റ്രുമെൻ്റ്സും ആവശ്യത്തിൽ അധികമാകുമ്പോഴാണ് സംഗീതം അരോചകമായിത്തീരുന്നത്. മീരാ ജാസ്മിനും, ഭാവനയും മറ്റും വിദേശങ്ങളിൽ അങ്ങനെ ആടിത്തിമിർത്ത് പാടി അഭിനയിക്കുന്ന, 'കറുപ്പിനഴക്, ഓ... വെളുപ്പിനഴക്, ഓ...' എന്നു തുടങ്ങുന്ന പാട്ടിനു നൽകിയ സ്കോർ ശ്രദ്ധിച്ചു കേട്ടിട്ടുണ്ടോ? കൈതപ്രത്തിൻ്റെ സുന്ദരമായ വരികളാണ്! ഇതിലെ ആ ബീറ്റ്സ് പൂർണ്ണമായും പാശ്ചാത്യനാണ്. ഈ ഗാനം നോയ്സിയായി ആർക്കും തോന്നാനിടയില്ല. സംഗതി പാശ്ചാത്യനാണെന്ന യാഥാർത്ഥ്യം പോലും ആരും തിരിച്ചറിഞ്ഞുമില്ല. മിശ്രണം ഏറെ സൂക്ഷമായി ചെയ്താൽ നാടനും വെസ്റ്റേണും ചേർന്നുണ്ടാകുന്ന ഒരു മനോഹര സൃഷ്ടിയാണ് നമുക്ക് ലഭിക്കുക. ഇത്തരത്തിലുള്ള കമ്പൊസിഷൻസ് മാത്രമാണ് ഞാൻ ചെയ്യുന്നത്.

 
🟥 നേട്ടങ്ങൾ 
സംഗീത സംവിധായകൻ എന്ന നിലയിൽ വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ല. ഒരു പക്ഷെ, മഹാന്മാരായ കുറെ കവികളുടെ വരികൾക്ക് ഈണം പകരാൻ സാധിച്ചുവെന്നതായിരിക്കും, എന്തെങ്കിലും നേടിയെങ്കിൽ അത്. ഒഎൻവി സാർ, തമ്പി സാർ, ഗിരീഷ് പുത്തഞ്ചേരി, യൂസഫലി കേച്ചേരി, കൈതപ്രം, രമേശൻ നായർ, റഫീക്ക് അഹമ്മദ് മുതലായവരുടെ കാവ്യാത്മകമായ വരികളെ സംഗീതാത്മകമാക്കാൻ അവസരം ലഭിച്ചു. യേശുദാസ്, ജാനകിയമ്മ, ജയചന്ദ്രൻ, ചിത്ര, സുജാത, എം.ജി.ശ്രീകുമാർ, വേണുഗോപാൽ, ഉണ്ണിമേനോൻ മുതലായവർ ഞാൻ ഈണം നൽകിയ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ദേസേട്ടനും ചിത്രയുമാണ് എൻ്റെ ഏറ്റവും കൂടുതൽ സ്കോറുകൾക്ക് ജീവൻ നൽകിയത്. 
🟥 സംസ്ഥാന പുരസ്കാരം മടിച്ചുനിന്നു 
എന്നെത്തേടി ഒരു സംസ്ഥാന പുരസ്കാരം എത്തുന്നത് 2010-ലാണ്. 'സൂഫി പറഞ്ഞ കഥ'യിലെ സംഗീതത്തിന്. അതിനുമുന്നെയുള്ള കാലത്ത് നല്ല കുറെയേറെ പാട്ടുകളും സിനിമകളും ഞാൻ ചെയ്തിട്ടുണ്ട്. സംഗീത പ്രാധാന്യമുള്ളതും ജനപ്രിയമായതുമെല്ലാമുണ്ട്. പക്ഷെ, എന്നെ വിധികർത്താക്കൾക്ക് സ്വീകാര്യമായിരുന്നില്ല. ചിലപ്പോൾ അവരുടെ വിലയിരുത്തലിൽ ഞാനൊരു മികച്ച സംഗീത സംവിധായകൻ അല്ലായിരിക്കാം. അവാർഡ് നിർണ്ണയം പ്രഹസനമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇന്ന കൊല്ലം ഇന്നയാൾക്ക് എന്ന് മുൻകൂട്ടിത്തന്നെ തീരുമാനിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. ഏതായാലും അവരുടെ പട്ടികയിൽ എൻ്റെ പേരുവരാൻ എനിക്ക് കാൽ നൂറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു. ഞാൻ സംഗീതം നൽകിയ ഗാനങ്ങൾ പാടിയവർ പലപ്പോഴും അവാർഡിനു പരിഗണിക്കപ്പെട്ടപ്പോഴും എന്നെ ആരും ഓർത്തില്ല. എന്നാൽ, ദേശീയ തലത്തിലുള്ള ഫിലീംഫെയർ അവാർഡ്, സംസ്ഥാന ഫിലീം ക്രിറ്റിക് അവാർഡ് മുതലായവ പല തവണ ലഭിച്ചിട്ടുണ്ട്. 


🟥 സംഗീത പരിശീലന സ്ഥാപനം 
മോഹൻ സിതാര കോളേജ് ഓഫ് പെർഫോമിങ് ആർട്സ് എന്ന സ്ഥാപനം തൃശ്ശൂരിൽ നടത്തിവരുന്നു. ആലാപന പരിശീലനത്തിനും, പൊതു സംഗീത ജ്ഞാനം നൽകുന്നതിനുമുള്ള ക്ലാസ്സുകൾ എടുക്കുന്നുണ്ട്. സംഗീതം അറിയുന്നൊരു പുതു തലമുറയെ വാർത്തെടുക്കുന്നതിൻ്റെ ഭാഗമായി കഴിയുന്നത് ചെയ്തുകൊണ്ടിരിക്കുന്നതിൽ വളരെ സന്തുഷ്ടനാണ്.

# Mohan Sithara Article by Vijai CH

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക