Image

ജഹനാര (കഥ: ഹുസ്ന റാഫി)

Published on 11 March, 2023
ജഹനാര (കഥ: ഹുസ്ന റാഫി)

ജമ്മു റയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുമ്പോൾ പതിനൊന്നു മണി കഴിഞ്ഞിരുന്നു.'റോഷൻ '
വർഷങ്ങൾക്കപ്പുറം കേട്ട് മറന്നൊരു വിളി
'ജെറിൻ 'നിനക്ക് വലിയ മാറ്റമൊന്നും ഇല്ലല്ലോ '
'ആണോ, പക്ഷെ നീ ഒരുപാട് മാറി.'
'കോടമഞ്ഞു മൂടിയ ഒരന്തരീക്ഷം ആണ് ഞാൻ പ്രതീക്ഷിച്ചത്.'
'ഇത് ജമ്മുവല്ലേ ഇവിടെ കാലാവസ്ഥ വ്യത്യാസം ഉണ്ട്.
'മഞ്ഞൊക്കെ നമുക്ക് കാണാം, നീ വാ
മഞ്ഞും മഴയും നിലാവും.. നിന്റെ പഴയ ഭ്രാന്തൊന്നും മാറിയിട്ടില്ലേ' ..
റൂമിലെത്തി കുളിച്ചു ഫ്രഷ് ആയി വിശേഷങ്ങൾ പറയാനിരുന്നു.

നീണ്ട പതിനഞ്ചു വർഷങ്ങളുടെ വിശേഷങ്ങൾ ഉണ്ട്. കോളേജ് കാലം കഴിഞ്ഞതിൽ പിന്നെ കണ്ടിട്ടില്ല.അവൻ വാ തോരാതെ പറഞ്ഞു.വിപ്ലവം സൃഷ്ടിച്ച അവന്റെ പ്രണയം, വിവാഹം., ബാങ്കിൽ ജോലി കിട്ടി ജമ്മുവിൽ കുടിയേറിയത്.

' നിനക്ക് നാട്ടിൽ ബിസിനസ് ആണല്ലേ, വൈഫ്, കുട്ടികൾ ഒക്കെ സുഖമായിരിക്കുന്നോ '
'കല്യാണം കഴിച്ചിട്ടില്ല '
എന്റെ ഉത്തരം അവനെ അത്ഭുതപ്പെടുത്തി
' അത് എന്തെ, ഇത്ര വർഷമായിട്ടും.'
'ബിസിനസ് തകർന്ന് കോടികളുടെ കടം വന്ന് ഞാൻ യു എ   ഇ യിൽ നിന്ന് രക്ഷപ്പെട്ടു വന്നത് നിന്നോട് പറഞ്ഞിട്ടില്ലേ, കടം വീട്ടാനുള്ള ഓടിപാ ച്ചിലിനിടയിൽ കല്യാണത്തിനെ കുറിച്ചൊന്നും ഓർത്തില്ല.'
'ഇനിയും സമയം ഉണ്ടല്ലോ,നീ വന്ന കാര്യം പറ. ഇത്ര കാലത്തിനു ശേഷം എന്നെ കാണാൻ ഒന്നും അല്ല നീ ഓടി വന്നത്. വേറെ എന്തോ ഉണ്ട്.'


'നിന്നെയും കാണണം, പിന്നെ വേറെ ഒരാളെയും '
'അതാര് '
'പറയാം '
'യു എ ഇ യിൽ നിന്ന് കള്ളവണ്ടി കയറി ഒമാൻ വഴി നാട്ടിലെത്താനുള്ള യാത്ര മദ്ധ്യേ ആണ് അവളെ ഞാൻ ആദ്യം കാണുന്നത്.
ഞങ്ങൾ  പതിമൂന്ന് ആണുങ്ങൾക്കൊപ്പം ഒരു പെൺകുട്ടി, ജീവൻ പണയം വെച്ചുള്ള യാത്ര. ബോർഡറിൽ പിടിക്കപ്പെടാതെ ഒമാനിൽ എത്തും എന്ന് ഒരു ഉറപ്പുമില്ല.'കയ്യിലുണ്ടായിരുന്നതൊക്കെ  നുള്ളിപ്പെറുക്കി എജന്റുമാരെ എൽപ്പിക്കുമ്പോൾ സുരക്ഷിതമായി നാട്ടിലെത്തും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു.

ഒടുവിൽ ഒരു താഴ്വാരത്ത്  ഞങ്ങളെ ഏതോ ഒരു ഫല സ്തീനിയെ എൽപ്പിച്ച് ഏജന്റ് കടന്നു കളഞ്ഞു.
ഇനിയുള്ള കാര്യം അയാൾ നോക്കിക്കോളും എന്ന് പറഞ്ഞു.
'ഈ മല കടന്നു കിട്ടിയാൽ ഒമാൻ ആയി.'
അയാൾ സമാധാനിപ്പിച്ചു.

ഏകദേശം രാത്രി 11 മണി ആയിക്കാണും അപ്പോൾ.ആറു മണിക്കൂർ നീണ്ട യാത്ര, കൂട്ടത്തിൽ ഞങ്ങൾ  മൂന്ന് മലയാളികൾ ഉണ്ടായിരുന്നു.ഒരു റഷ്യക്കാരൻ, ബാക്കി പാകിസ്ഥാനികൾ, അവൾ പാകിസ്താനി ആകും എന്നാണ് ആദ്യം ഊഹിച്ചത്. ഓരോ ചുവടും സൂക്ഷിച്ചു കയറേണ്ടിയിരുന്നു, ഒരടി തെറ്റിയാൽ താഴെ വലിയ ഗർത്തങ്ങൾ ഉണ്ട്. ഇടയ്ക്ക് അവൾ തളർ ന്നിരുന്നു. അത് വരെ പർദ ധരിച്ചു മുഖം മറച്ചിരുന്ന അവൾ പർദയും ഷാളും വലിച്ചെറിഞ് സമനില തെറ്റിയപോലെ കരയാൻ തുടങ്ങി. അപ്പോഴാണ് ഞങ്ങൾ അവളുടെ മുഖം കാണുന്നത്.

 'എനിക്കിനി വയ്യ എന്നെ ഇവിടെ ഉപേക്ഷിച്ചു പൊയ്ക്കോളൂ'
എന്റെ കയ്യിൽ ഇത്തിരി വെള്ളം ഉണ്ടായിരുന്നു.
വെള്ളം കൊടുത്ത് ഒരുവിധം സമാധാനിപ്പിച്ച് അവളെയും കൊണ്ട് ഞങ്ങൾ വീണ്ടും മല കയറാൻ തുടങ്ങി. അതിനിടയിൽ  ഒരു പാകിസ്ഥാനി അവളോട് അപമാര്യാദ യായി  പെരുമാറി.

എങ്ങനെയാണു മനുഷ്യന് ഇത്ര നീചനാകാൻ കഴിയുന്നത്.ആ ജീവൽ മരണ പോരാട്ടത്തിനിടയിലും എന്ന് ഞാൻ ഓർത്തു.
 അപ്പോൾ മുതൽ അവളെന്റെ വലത്തെ കൈത്തണ്ടയിൽ മുറുകെ പിടിച്ചിരുന്നു.
മലയിറങ്ങി കഴിഞ്ഞപ്പോഴേക്കും നേരം പുലർന്നിരുന്നു.
അവിടെ നിന്ന് മറ്റൊരു എജന്റിന്റെ വണ്ടിയിൽ സോഹാറി ലേയ്ക്ക്.

സോഹാർ സിറ്റി യിൽ നിന്നും കുറെ മാറി ആടുകളെ മേയ്ക്കുന്ന, കാഴ്ച്ചയിൽ മരുഭൂമി പോലെ തോന്നിക്കുന്ന ഒരു സ്ഥലത്ത് അയാൾ ഞങ്ങളെ എത്തിച്ചു.അവിടെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു വില്ലയിൽ താൽ കാലികമായി താമസം, ഇത്രയൊക്കെയെ ചെയ്യാൻ പറ്റുമെന്ന് അയാൾ പറഞ്ഞു. യു എ ഇ യിൽ നിന്നു പോരുമ്പോൾ ഏകദേശം പതിനയ്യായിരം ദിർഹംസ് അവിടെ യുള്ള ഏജന്റിനെ എല്പിച്ചത് നാട്ടിൽ എത്തിക്കാം എന്ന ഉറപ്പിൽ ആയിരുന്നു.
'ആരെയെങ്കിലും വിളിക്കാൻ ഉണ്ടെങ്കിൽ എന്റെ ഫോണിൽ നിന്ന് വിളിക്കാം, നിങ്ങൾക്ക് രക്ഷപ്പെടാം. '

അങ്ങനൊരു സഹായം അയാൾ ചെയ്തു. അവൾ ആരെയോ അയാളുടെ ഫോണിൽ നിന്ന് വിളിച്ചു. എന്റെ നാട്ടുകാരിൽ ചിലർ അന്ന് സോഹാറിൽ ഉണ്ട്.ഞാൻ അവരെ വിളിച്ചു. അവർ സഹായിക്കാം എന്ന് പറഞ്ഞു.പലരും പല വഴിക്ക് പിരിഞ്ഞു .
ഒടുവിൽ ഞാനും അവളും മാത്രമായി. അവളെ കുറിച്ച് ചോദിച്ചറിയാതെ അവൾ ഇനി എങ്ങനെ നാട്ടിൽപോകും എന്നറിയാതെ സ്വയ രക്ഷ നോക്കാൻ എനിക്കായില്ല
അത് വരെ അവൾ സംസാരിച്ചത് ഉർദു വിൽ ആയിരുന്നു.
ഞാൻ മലയാളി ആണെന്നറിഞ്ഞപ്പോൾ അവൾ തപ്പിപിടിച്ചു മലയാളം പറയാൻ തുടങ്ങി

'മലയാളം എങ്ങനെ പഠിച്ചു'
'നാലു കൊല്ലമായി യു എ ഇ യിൽ റൂമിലുള്ളവർ മലയാളികൾ ആയിരുന്നു.'
'ആരെയാണ് വിളിച്ചത്'

'എന്റെ ഒരു ഫ്രണ്ട് ഒമാനിൽ ഉണ്ട്. അവളും ഭർത്താവും കൂട്ടികൊണ്ട് പോകാൻ വരും, അവർ ഇവിടെ നിന്നും കുറെ അകലെയാണ്. രണ്ട് ദിവസത്തിനുള്ളിൽ വരുമെന്ന് പറഞ്ഞു.'
അവളെ അവരെ എല്പിച്ചിട്ടേ ഞാൻ പോകുന്നൊ ള്ളു എന്ന് തീരുമാനിച്ചു.
അത് വരെ അവളുടെ പേരുപോലും ഞാൻ ചോദിച്ചിരുന്നില്ല.
' ജഹനാര നവാൽ '

കാശ്മീരിയാണ്.അവൾ അവളെ ക്കുറിച്ചെല്ലാം പറഞ്ഞു ഒന്നൊഴിച്ച്, എന്ത് കൊണ്ടാണ് അവൾക്ക് പോലീസിന്റെ കണ്ണ് വെട്ടിച്ച് ഒമാൻ വഴി നാട്ടിലേക്ക് വരേണ്ട സാഹചര്യം ഉണ്ടായതെന്ന്.
ഒരിക്കൽ ചോദിച്ചു. ഉത്തരം അവളൊരു കരച്ചിലിൽ ഒതുക്കി. കൂടുതൽ ചോദിച്ച് അവളെ വേദനിപ്പിക്കേണ്ടേന്ന് ഞാനും കരുതി
അവളുടെ സംസാരത്തിൽ മഞ്ഞുപെയ്യുന്ന അവളുടെ ഗ്രാമം നിറഞ്ഞു നിന്നു. അവളിലൂടെ ബാബയെ, മകൻ മരിച്ചതിൽ പിന്നെ ചിരി മറന്ന മാമയെ, കുറെ സമ്മാന ങ്ങളുമായി  ദീദി യെ കാത്തിരിക്കുന്ന പത്ത് വയസ്സുകാരൻ ബെൻഹർ ഹശ്മിയെ ഒക്കെ ഞാനറിഞ്ഞു.
'ഭൂമിയിലെ സ്വർഗം ആണ് കശ്മീർ, നിങ്ങളെപ്പോലെ അകലെ നിന്ന് നോക്കി കാണുന്നവർക്ക്' 'ഭീകരാക്രമണങ്ങളെയും വെടിയൊച്ചകളെയും പേടിക്കാതെയുള്ളൊരു ജീവിതം ഇന്നും കാശ്മീരികൾക്ക് സ്വപ്നം മാത്രമാണ്'

'കാശ്മീർ സ്വതന്ത്ര മായെങ്കില്ലെന്ന് ആഗ്രഹിച്ചിട്ടുണ്ടോ'
'ഭാരതത്തിന്റെ ഭൂപടത്തിൽ നിന്നും അടർത്തി മാറ്റിയൊരു സ്വാതന്ത്ര്യം ഞങ്ങൾ ആഗ്രഹിക്കുന്നില്ല.'
ഇന്ത്യക്കാരനായാണ് ജനിച്ചത്. മരിക്കുമ്പോഴും അതാണ് ആഗ്രഹംഎന്നെന്റെ ബാബ പറയുമായിരുന്നു.
'എന്റെ ഭയ്യ പട്ടാളക്കാരൻ ആയിരുന്നു.കാർഗിൽ യുദ്ധത്തിൽ ആണ് എന്റെ  ഭയ്യാ മരിച്ചത്.
അന്നുമെന്റെ ബാബ കരഞ്ഞിട്ടില്ല, കാർഗിൽ യുദ്ധത്തിൽ ആണ് എന്റെ മകൻ മരിച്ചെതെന്ന് അഭിമാനത്തോടെ പരിചയക്കാരോട് പറയാറുണ്ട്.'
പിറന്ന നാടിനെപ്പറ്റി എത്ര ഓജസോടെയാണ് അവൾസംസാരിച്ചത്. അതുവരെ ഉണ്ടായിരുന്ന അവളുടെ കണ്ണുകളിലെ ഭീതി എങ്ങോ പോയ് മ റഞ്ഞപോലെ
 അവളിലെ ജ്വലിക്കുന്ന രാജ്യ സ്നേഹം ഓർത്ത് എനിക്ക് അഭിമാനം  തോന്നി.
ഒരിക്കൽ വരുമോ ഞങ്ങളുടെ നാട്ടിലേക്ക്'
 'തീർച്ചയായും വരും '
'എന്റെ അഡ്രസ്സ് പറയട്ടെ
വരുമ്പോൾ എന്നെ കണ്ടുപിടിക്കണ്ടേ'
അത് പറഞ്ഞപ്പോഴാണ് അവൾ ആദ്യമായി ചിരിച്ചത്.'എഴുതാൻ പേനയോ പേപ്പറൊ ഇല്ലല്ലോ'
'ഹൃദയത്തിൽ എഴുതിയാൽ മതി, അപ്പോൾ നഷ്ടപ്പെടും എന്നാ പേടി വേണ്ട'
'ശരിയാണ്, ഒരിക്കലും നഷ്ടപ്പെടില്ല എന്നുറപ്പുള്ളത്, ആർക്കും കവർന്നെടുക്കാൻ കഴിയാത്തത്. ഹൃദയത്തിന്റെ നാലറകളിലെ സൂക്ഷിപ്പുകളാണ്.'
അവള് പറഞ്ഞയാ അഡ്രെസ്സ് ഒറ്റയിരുപ്പിന് കാണപ്പാടം പഠിച്ചു. അ ത്രയധികം ആവേശത്തിൽ ഒരു കാര്യവും അന്നേ ന്നെവരെ ഹൃദിസ്ഥ മാക്കിയിട്ടില്ല.
'മറക്കോ, '
'ഇല്ല, നീ പറഞ്ഞപോലെ ഹൃദയത്തിൽ എഴുതിയത് മായില്ലല്ലോ '
അവൾ കൂടെ ഉണ്ടായിരുന്ന
നാലു ദിവസങ്ങൾ, നാലു ജന്മങ്ങളുടെ ഓർമ്മകൾ.
അവളുടെ ചിരി, അവളുടെ മണം.
പോകുന്നതിന്റെ തലേ രാത്രിയിലും അവൾ ബെൻഹറിനെ പറ്റിപറഞ്ഞു.
'ഒരുപാട് കളി പ്പാട്ടങ്ങളും മിഠായി കളുമായി ദീദി വരുന്നതും കാത്തിരിക്കയാകും അവൻ
അവനു കൊടുക്കാൻ ഒന്നുമില്ലാതെ ആണല്ലോ പോകുന്നത്'
'നാട്ടിൽ എത്താനുള്ള കാര്യങ്ങൾ ഒക്കെ അവർ ശരിയാക്കുമെന്ന് ഉറപ്പല്ലേ
'അതെ '
അവളെ പരിചയപെട്ടത് മുതൽ ഞാൻ എന്നെ മറന്നു തുടങ്ങിയിരുന്നു. സുരക്ഷിതയായി അവൾ നാട്ടിൽ എത്തണം എന്ന ഒരാഗ്രഹം മാത്രമേ അപ്പോൾ ഉണ്ടായിരുന്നൊ ള്ളു. അവളെ കൂട്ടിക്കൊണ്ട് പോകാൻ അവളുടെ സുഹൃത്തും ഭർത്താവും വന്നു. എന്റെ നാട്ടിലെ അഡ്രസ്സ് ഞാൻ അവർ ക്ക് കൊടുത്തിരുന്നു. നാട്ടിലെ ഒരു കൂട്ടുകാരന്റെ നമ്പറും. 

'നാട്ടിൽ എത്തിയാൽ എന്നെ അറിയിക്കണം.
ഞാനും പെട്ടെന്ന് നാട്ടിൽ എത്താനുള്ള മാർഗം നോക്കുന്നുണ്ട്.'
യാത്ര പറഞ്ഞു അവരുടെ കൂടെ വണ്ടിയിൽ കയറുമ്പോൾ അവസാനമായി അവളെന്നെ ഒന്ന് നോക്കി. ആ നോട്ടം, അവളുടെ മിഴികളിലെ നിസ്സഹായത. എത്രയോ രാത്രികളിൽ എന്റെ ഉറക്കം കളഞ്ഞിട്ടുണ്ട്.
നാട്ടിലെത്തി ഞാൻ അവളുടെ അഡ്രെസ്സ് എന്റെ ഡയറിയിൽ കുറിച്ചിട്ടു.ഒന്ന് രണ്ട് വർഷങ്ങൾ മഞ്ഞിന്റെ തണുപ്പുള്ളൊരു കത്ത് ഞാൻ പ്രതീക്ഷിച്ചിരുന്നു.
നഷ്ടപ്പെട്ടതോരോന്നും കെട്ടിപടുക്കാനുള്ള വെപ്രാളത്തിനിടയിൽ മനപ്പൂർവം അവളെ മറന്നതാണ്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി അവളെന്റെ സ്വപ്നത്തിൽ വരുന്നു. അതേ നിസ്സഹായതയോടെ എന്നെ നോക്കുന്നു.
ഇടക്കെന്റെ കിനാവിൽ വന്നവൾ കരയാറുണ്ട്. എന്തിനാണെന്ന് എത്ര ഞാൻ ചോദിച്ചിട്ടും ഉത്തരം പറയാതൊരു കരച്ചിൽ.
മനസ്സ് അ സ്വസ്ഥമായപ്പോൾ, ഉറക്കം നഷ്ടമായപ്പോൾ ആണ് ഇങ്ങോട്ട് വരാൻ തീരുമാനിച്ചത്. നീ ഇവിടെ ഉള്ളത് ധൈര്യമായി.

'കേട്ടിട്ട് ഒരു സിനിമക്കഥ പോലെയുണ്ട്'
'ചില യാഥാർഥ്യങ്ങൾ കഥകളേക്കാൾ വിചിത്രമാണ് ജെറിൻ'
'ഈ അഡ്രസ്സിൽ പറയുന്ന സോളിന വില്ലേജ്  കുപ് വാര ഡിസ്ട്രിക്ടിൽ  ആണ്.

കുപ് വാര ഇന്ത്യ പാകിസ്ഥാൻ ബോർഡർ ആണ്. നീ പറയുമ്പോലെ ഓടിച്ചെന്ന് നിന്റെ ജഹാനാരയെ തിരയാനൊന്നും പറ്റില്ല. പുറമെ നിന്നൊരാൾക്ക് അങ്ങോട്ട് കയറണ മെങ്കിൽ സ്പെഷ്യൽ പെർമിഷൻ വേണം.
ഞാൻ അതിനു വേണ്ട കാര്യങ്ങൾ അന്വേഷിക്കട്ടെ, രണ്ട് ദിവസം നീയിവിടെ വിശ്രമിക്ക്. എന്തെങ്കിലും ഒരു മാർഗം ഞാൻ കാണാം.ഇഖ്ബാൽ മാർക്കറ്റിൽ എന്റെ ഒരു പരിചയക്കാരൻ ഉണ്ട്.ഹാറൂൺ,അവളുടെ ബാബ അവിടെ അല്ലെ ജോലി ചെയ്തിരുന്നത്. ആ വഴിക്കൊന്ന് അന്വേഷിക്കട്ടെ.'
രണ്ട് ദിവസങ്ങൾക്ക് ശേഷം കുപ് വാരയിൽ എത്താനുള്ള കാര്യങ്ങൾ ജെറിൻ ശരിയാക്കി.

'നാളെ കാലത്ത് തന്നെ പോകാം അല്ലെ'
പോകാം,
നമ്മുടെ നാട് പോലെ അല്ല
ഇവിടെ നിന്നും കുപ് വാരയിൽ എത്തണമെങ്കിൽ കുറച്ചു ബുദ്ധിമുട്ടണം, അങ്ങോട്ടുള്ള റോഡുകളിൽ എപ്പോഴും മഞ്ഞു വീണ് ഗതാഗതം സ്തംഭിക്കാറുണ്ട്. രണ്ടോ മൂന്നോ ദിവസം എടുക്കും കുപ് വാരയിൽ എത്താൻ 
'ദിവസങ്ങൾ എത്രയും എടുത്തോട്ടെ അവളെ കണ്ടാൽ മതി ആയിരുന്നു, സന്തോഷത്തോടെ ഈ ഭൂമിയുടെ ഏതെങ്കിലും ഒരു കോണിൽ അവൾ ഉണ്ടെന്നെങ്കിലും അറിഞ്ഞാൽ മതി.'

ഇനിയിപ്പോൾ അവളെ കണ്ടെത്തിയാൽ തന്നെ നിന്നെ അവൾ ഓർക്കുന്നുണ്ടാകുമോ'ദിവസങ്ങളുടെ പരിചയം അല്ലെ ഒള്ളൂ'
'അവളുടെ ഓർമകളിൽ എന്നും ഞാൻ ഉണ്ടാകും. അതിലെനിക്ക് സംശയം ഇല്ല'.'
ജമ്മുവിൽ നിന്ന് കുപ് വാരയിലേയ്ക്ക് ഏകദേശം 340 കിലോമീറ്റർ ഉണ്ട്. ചുരുങ്ങിയത് 9 മണിക്കൂർ യാത്ര, ഇടയ്ക്ക്  എവിടെയെങ്കിലും സ്റ്റേ ചെയ്ത് പോകേണ്ടി വരും'.
ഇക്ബാൽ മാർക്കറ്റ് എത്തിയപ്പോൾ ഹാറൂൺ കാത്ത് നിന്നിരുന്നു.

ഹാറൂൺ ജെറിനോട് സംസാരിക്കുന്നുണ്ട്.ആ വീട് കണ്ടെത്താൻ കഴിയും, അവർ അവിടെ ഉണ്ടെന്ന് പ്രതീക്ഷിക്കാം. അതിന്റെ സമീപത്തൊന്നും മറ്റു വീടുകൾ ഇപ്പോഴില്ല.
ഒരു മണിക്കൂർ യാത്ര,ഇനി ഏകദേശം രണ്ട് കിലോമീറ്റർ ആപ്പിൾ മരങ്ങൾക്കിടയിലൂടെ നടക്കണം, ആപ്പിൾ തോട്ടം അവസാനിക്കുന്നിടത്താണീ വീട്.

മഞ്ഞു വീണു നനഞ്ഞ ആപ്പിൾ ഇലകളിൽ തൊട്ടപ്പോൾ പത്ത്  വർഷങ്ങൾക്കപ്പുറം ആ മലയിൽ വച്ച് ജഹാനാര യുടെ കയ്യിൽ പിടിച്ചപ്പോഴുള്ള അതേ തണുപ്പ്.
വീടിനു മുന്നിൽ ഒരു ചെറുപ്പക്കാരൻ നിൽക്കുന്നുണ്ട്.
'ബെൻഹർ ഹശ്മി' വെറുതെ ഞാനൂഹിച്ചു. ഊഹം തെറ്റിയില്ല. ബെൻഹറിനെ ഞങ്ങൾ ആരാണെന്നും എന്തിനു വന്നതാണെന്നും ഹാറൂൺ പറഞ്ഞു മനസ്സിലാക്കി.പരിസരം മറന്നവൻ ഉറക്കെ കരയാൻ തുടങ്ങി. കരഞ്ഞു കൊണ്ട് അവൻ എന്തൊക്കെയോ പറയുന്നുണ്ട്.

'എന്താണ് അവൻ പറയുന്നത് ജെറിൻ '
കാശ്മീരി എനിക്കറിയില്ല, 
ഹാറൂണിനോട് ചോദിക്കട്ടെ
ഹാറൂൺ എന്തൊക്കെയോ പറഞ്ഞവനെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട്
' പത്ത് വർഷമായി ഇവരും അവളെ കാ ത്തിരിക്കുകയാണ് ജെറിൻ,. യു എ ഇ യിൽ ഏതോ ഒരു സൂപ്പർ മാർക്കറ്റിൽ സെയിൽസ് ഗേൾ ആയിരുന്നു.
ഒമാൻ വഴി അവൾ നാട്ടിലെത്താൻ  ശ്രമിച്ചതിന്റെ കാരണം ഒന്നും അവർക്ക് അറിയില്ല. ആ കഥകളൊക്കെ നമ്മൾ പറയുമ്പോൾ ആണ് അറിയുന്നത്.
നിങ്ങൾ പറഞ്ഞപോലെ ഒരു സുഹൃത്തും ഒമാനിൽ ഉള്ളതായി ഇവർക്ക് അറിവില്ല.
അവളെ കുറിച്ച് വിവരം ഇല്ലാതായപ്പോൾ ഇന്ത്യൻ എംബസി മുഖേനെ അവർ അന്വേഷിച്ചിരുന്നു.
പക്ഷെ ഒരു വിവരവും കിട്ടിയില്ല. ഇവരുടെ അറിവിൽ അവളെ കാണാതായത് യു എ ഇ യിൽ വച്ചാണ്.
'അപ്പോൾ അന്ന് ജഹാനാരയെ കൊണ്ടുപോയവർ ആരാകും '
'സുഹൃത്താണെന്നാണ് അവൾ പറഞ്ഞത്.'ഹശ് മിയുടെ  വേദന കണ്ടുനിൽക്കാൻ ആകുമായിരുന്നില്ല.
ഉറക്കെയുറക്കെ എന്തോ പറഞ്ഞവൻ അലറിക്ക രഞ്ഞു.
  'അവന്റെ ദീദി മരിച്ചുപോയി എന്നാണ് നിങ്ങൾ പറഞ്ഞതെങ്കിൽ ഇത്രയ്ക്ക് വിഷമം അവനുണ്ടാ കില്ലായിരുന്നു.
 അല്ലാഹുവിന്റെ
 സ്വർഗത്തിൽ അവളുണ്ടാകും എന്നാശ്വസിച്ചിരുന്നു. പക്ഷെ ഇത് എന്ത്പറ്റി എന്നറിയാതെ, എവിടെയാണെന്നറി യാതെ.'
പുറത്തെ ഒച്ചയും ബഹളവും കേട്ടിട്ടാകാംഅകത്തു നിന്നൊരു വൃദ്ധൻ വന്നു ഞങ്ങളെ നോക്കി ചിരിച്ചു.
കാശ്മീരിയിൽ വളരെ സന്തോഷത്തോടെ എന്തൊക്കെയോ പറഞ്ഞു.
'ബാബയ്ക്ക് നല്ല സുഖമില്ല, ദീദി യെക്കുറിച്ച് വിവരമില്ലാതായതിൽ  പിന്നെ ബാബ ഇങ്ങനെയാണ്. രണ്ട് വർഷം മുമ്പ് മാമ മരിച്ചു'

ഹശ്മി പറയുന്നത് ഹാറൂൺ വിവരിച്ചു.
'ഇവിടെ വരേണ്ടിയിരുന്നില്ല ജെറിൻ കിനാവിൽ അവൾ വരുന്നതും കാത്ത്
 അങ്ങനെ ജീവിച്ചാൽ മതിയായിരുന്നു.'
ബാബ അവ്യക്തമായി എന്തൊക്കെയോ പറഞ്ഞു. കാർഗിൽ എന്ന വാക്ക് ഇടയ്ക്കിടെ പറയുന്നു. ജഹാനാരാ എന്നും.
'കാർഗിൽ യുദ്ധത്തിൽ അദ്ദേഹത്തിന്റെ മകൻ രക്ത സാക്ഷി ആയെന്നാണ് പറയുന്നത്. പിന്നെ മകൾ ജഹാനാര യു എ ഇ യിൽ ആണെന്നും.'
ഹാറൂൺ പറയാതെ തന്നെ ബാബ പറയുന്നത് ഈ കാര്യങ്ങൾ ആണെന്ന് എനിക്കറിയാമായിരുന്നു.
തിരികെ പോരുമ്പോൾ ഹശ്മി എന്റെ കൈകൾ അവന്റെ നെഞ്ചിലേയ്ക്ക് ചേർത്ത് വച്ചു. എനിക്കൊന്നും പറയാനായില്ല അവനും.

ആപ്പിൾ മരങ്ങൾക്കിടയിലൂടെ ഒരു പത്ത് വയസ്സുകാരി ഓടി മറഞ്ഞപോലെ,  വെറുത തിരിഞ്ഞു നോക്കുമ്പോൾ ജനാലക്കരികിൽ ഏതോ പകൽകിനാവിന്റെ ആലസ്യവുമായി ഒരു കൗമാരക്കാരിയെ ഞാൻ മാത്രം കണ്ടു. ജഹനാരയുടെ ബാല്യവും കൗമാരവും  ഈ ആപ്പിൾ തോട്ടങ്ങളിലും അവളുടെയാ ഒറ്റമുറി വീട്ടിലും ഉള്ളപ്പോലെ.
കാറിന്റെ ഗ്ലാസ് മഞ്ഞു വീണു നനഞ്ഞിരുന്നു.
ജീവനെ കുളിരണിയിപ്പിച്ച്, ക്ഷണിക നേരം കൊണ്ടുരുകിയി ല്ലാതാകുന്ന ഈ മഞ്ഞു കണങ്ങൾ പോലെ ആയിരുന്നു അവളും.
ശരീരത്തിന് വല്ലാത്തൊരു മരവിപ്പ് തോന്നി.
'കുറെ ദൂരം ഇല്ലേ ജമ്മുവിൽ എത്താൻ. ഒന്ന് ഉറങ്ങിക്കൂടെ നിനക്ക്, രണ്ട് ദിവസമായില്ലേ നീ ഉറങ്ങിയിട്ട്.'
അവനെ ബോധിപ്പിക്കാൻ വെറുതെ കണ്ണുകൾ അടച്ചു കിടന്നു, ഉള്ളിൽ അവളുടെ മുഖം തെളിയുന്നു. 
'എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല ജെറിൻ.
എത്ര ചോദിച്ചാലും ഉത്തരം പറയാത്തൊരു തേങ്ങലുമായി മരണം വരെ അവളെന്റെ കിനാവിലുണ്ടാകും.'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക