Image

കിനാവിന്റെ ബാക്കി (കഥ:  നൈന മണ്ണഞ്ചേരി)

Published on 12 March, 2023
കിനാവിന്റെ ബാക്കി (കഥ:  നൈന മണ്ണഞ്ചേരി)

 നഗരത്തിൽ തുറന്നിരിക്കുന്ന ബേക്കറിയുടെ അവസാന ഷട്ടറും വീഴാൻ തുടങ്ങുമ്പോഴാണ് ഓടിക്കിതച്ച് അയാൾ ബേക്കറിയുടെ മുന്നിലെത്തിയതിയത്.ഒരു കയ്യിൽ താഴും മറു കയ്യിൽ താക്കോലുമായി  കട പൂട്ടാൻ തുടങ്ങുന്ന കടക്കാരൻ അയാളെ സൂക്ഷിച്ചു നോക്കി.ഓടി വന്നതിന്റെ കിതപ്പിൽ അൽപ്പ നേരത്തേക്ക് അയാൾക്ക് മിണ്ടാൻ കഴിഞ്ഞില്ല.അയാളുടെ വസ്ത്രങ്ങൾ വിയർപ്പിൽ നനഞ്ഞിരുന്നു. ‘’എനിക്ക് ഒരു കുപ്പി വെള്ളം തരുമോ?’’ വലിയ കച്ചവടമെന്തെങ്കിലും നടക്കുകയാണെങ്കിൽ ഷട്ടറുയർത്താമെന്ന് കരുതിയിരുന്ന അയാൾ ഒരു പുശ്ചഭാവത്തിൽ അയാളെ നോക്കിയിട്ട് കട പൂട്ടി ’’വേറെ കടയൊക്കെ അടച്ചു കാണും എനിക്ക് ദൂരെ പോകാനുള്ളതാണ്,ഒരു കുപ്പി വെള്ളം തരണം..’’

               അയാളുടെ സ്വരം നേർത്തിരുന്നു.

           ‘’പത്തു രൂപയുടെ വെള്ളമെടുത്തു തരാൻ കട തുറന്നിട്ടു വേണം,രണ്ടായിരം രൂപ ഫൈനടക്കാൻ..’’  കടയുടെ മുന്നിൽ കിടന്ന കാറിലേക്ക് കയറുമ്പോൾ കടക്കാരൻ പിറു പിറുത്തു.അവരുടെ കാഴ്ച്ചകളെ  മറച്ചു കൊണ്ട് ഒരു പോലീസ് ജീപ്പ് പാഞ്ഞു പോയി.ജീപ്പിനു മുന്നിൽ പെടാതെ അയാൾ ഒതുങ്ങി നിന്നു.ജീപ്പ് പോയെന്ന് ഉറപ്പായപ്പോൾ അയാൾ പതിയെ റോഡിനരികു ചേർന്ന് നടന്നു തുടങ്ങി  റോഡിൽ വണ്ടികൾ അപൂർവ്വമായി മാത്രം.ആളുകൾ തീരെയില്ലെന്ന് പറയാം..നഗരത്തിനു മേൽ സന്ധ്യയുടെ നിഴൽ വീണു തുടങ്ങുന്നു.ഇരുട്ടിനും ദാഹത്തിനും മേലെ നൂറയുടെ ഓർമ്മകൾ അയാളുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി..

                  നടന്നു നടന്നു തളർന്നപ്പോൾ ആരെങ്കിലും ഒരു വണ്ടിയുമായി വന്നിരുന്നെങ്കിലെന്ന് അയാൾ വല്ലാതെ ആശിച്ചു.എവിടെ നിന്നോ ഇരുട്ടിനെ ഭേദിച്ച് പാഞ്ഞു  വന്ന വാഹനത്തിന്റെ നേരെ അയാൾ കൈ നീട്ടി..അടുത്തു വന്നപ്പോഴാണ് അയാൾ കണ്ടത്,അതും  ഒരു പോലീസ് ജീപ്പായിരുന്നു.അയാളുടെ നെഞ്ചിടിച്ചു,.വണ്ടി നിർത്തി പോലീസുകാർ ഇറങ്ങി വന്നേക്കുമോ? ആശങ്കയോടെ വീണ്ടും അയാൾ റോഡരുകിലേക്കൊതുങ്ങി.അയാളുടെ ഭാഗ്യമാകണം,പോലീസ് ജീപ്പ് നിർത്താതെ പോയി.പിന്നെയും അപൂർവ്വമായി വണ്ടികൾ വന്നു കൊണ്ടിരുന്നുവെങ്കിലും ഒരു വണ്ടിക്കും അയാൾ കൈ കാണിച്ചില്ല. .

                   റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ അയാൾ ആകെ തളർന്നു പോയിരുന്നു..കാലുകൾക്ക് വല്ലാത്ത വേദന.ദാഹം കൊണ്ട് തൊണ്ട  വരണ്ടിരുന്നു.കയ്യിൽ കാശുണ്ടെങ്കിലും  ഒരു പ്രയോജനവുമില്ലാതെയായിപ്പോകുന്ന അവസ്ഥ അയാൾ അനുഭവിച്ചറിഞ്ഞു ടിക്കറ്റ് കൗണ്ടറിനടുത്തു കണ്ട ടാപ്പിൽ നിന്ന് കൈകളിൽ കോരിയെടുത്ത വെള്ളം വായിലേക്കൊഴിക്കുമ്പോൾ അയാളുടെ തൊണ്ടയിലൂടെ ആശ്വാസത്തിന്റെ തണുപ്പ് അരിച്ചറങ്ങി.

          .എപ്പോഴോ വന്നേക്കാവുന്ന ഒരു ട്രെയിനു വേണ്ടി. അയാൾ ആകാംക്ഷയോടെ കാത്തിരുന്നു.ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിവാക്കാത്തതിനാൽ എല്ലാ ട്രെയിനുകളുമോടിത്തുടങ്ങിയിരുന്നില്ല, റെയിൽവേ സ്റ്റേഷൻ ആളൊഴിഞ്ഞ ഉൽസവപ്പറമ്പു പോലെ വിജനമായിക്കിടന്നു.അവിടവിടെ ബെഞ്ചുകളിൽ വിരലിലെണ്ണാവുന്ന ആളുകൾ വണ്ടിയുടെ ചൂളം വിളികൾക്കായി കാത്തിരുന്നു.അയാൾ ആലോചിക്കുകയായിരുന്നു എത്രയോ വർഷങ്ങളായി ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നല്ലോ ഈ ചൂളം വിളികൾ.ഒടുവിൽ മാസങ്ങളായി അതു കേൾക്കാതെ അസ്വസ്ഥതയോടെ. വീട്ടിനുള്ളിലിരിക്കേണ്ടി വന്ന അവസ്ഥ അയാളിൽ തീർത്ത മരവിപ്പ് പതുക്കെ മാറി വരുന്നതേയുള്ളു.

                   ഹിന്ദിയിലും ഇംഗ്ളീഷിലും മാറിമാറി വരുന്ന അനൗൺസ്മെന്റുകൾ മാത്രം തണുത്ത നിശബ്ദതയെയും നിറഞ്ഞ ഇരുട്ടിനെയും ഭേദിച്ച് ഇടയ്ക്കിടെ മുഴങ്ങി.കുറെ നാൾ മുമ്പ് വരെ എത്ര ബഹളം നിറഞ്ഞതായിരുന്നു ഈ പ്ളാറ്റ് ഫോമുകൾ.ആരെയും ശ്രദ്ധിക്കാൻ സമയമില്ലാതെ അങ്ങുമിങ്ങും പായുന്ന ആളുകൾ ..ടിക്കറ്റ് കൗണ്ടറിന് മുന്നിൽ ഒരിക്കലും അവസാനിക്കാതെ നീണ്ടു പോകുന്ന അനന്തമായ ക്യൂ.റിസർവേഷൻ കൗണ്ടറിനു മുന്നിൽ ഫോം പൂരിപ്പിക്കുന്ന അനന്തമായ തിരക്ക്..വന്നിറങ്ങുന്നവരുടെയും പോകാൻ വരുന്നവരുടെയും ബഹളങ്ങൾ.അതിനിടയിൽ ചായക്കച്ചവടക്കാരുടെയും പേന മുതൽ പേപ്പർ വരെയുള്ള കച്ചവടക്കാരുടെയും ഉച്ചത്തിലുള്ള വിളികൾ..എത്ര പെട്ടെന്നാണ് ലോകം ഒരു ഒച്ചയനക്കങ്ങളുമില്ലാതെ നിശ്ചലമാക്കപ്പെട്ടു പോയതെന്ന്.അയാൾ അത്ഭുതപ്പെട്ടു.

                 വീണ്ടും അനൗൺസ്മെന്റ് മുഴങ്ങി.’’നിങ്ങൾക്ക് പോകാനുള്ള ട്രെയിൻ ഇനിയും ഒരു മണിക്കൂർ വൈകിയേ ഈ സ്റ്റേഷനിലെത്തൂ,യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു.’’.എത്ര ഖേദപ്രകടനങ്ങൾക്കും കാത്തിരിപ്പിനും വേണ്ടി കാലങ്ങളായി അയാളുടെ ജീവിതം ബാക്കി കിടക്കുകയായിരുന്നു.ഇനിയും എവിടെയൊക്കെ കാത്തു കിടന്നാലാണ് ട്രെയിൻ ലക്ഷ്യസ്ഥാനത്തെത്തുകയെന്ന് അയാൾക്ക് ഒരു പിടിയും കിട്ടുന്നുണ്ടായിരുന്നില്ല..

               ഒന്നു മാത്രം അയാൾ തീരുമാനിച്ചിരുന്നു..എവിടെയൊക്കെ കിടക്കേണ്ടി വന്നാലും,എത്ര കാത്തിരിക്കേണ്ടി വന്നാലും എന്റെ നൂറയുടെ നാട്ടിൽ എത്താതെ തിരിച്ചു വരില്ല..ഒന്നിനും വേണ്ടിയല്ല,എത്ര നാളുകൾ അവളുടെ ജീവിതത്തിനും സ്വപ്നങ്ങൾക്കും നിറം പകർന്ന സ്ഥലം കണ്ടു മടങ്ങുക..അവളോടൊപ്പം എന്നേക്കുമായി മണ്ണിൽ അടിഞ്ഞമർന്ന അവളുടെയും  ബാപ്പയുടെയും ഉമ്മയുടെയും ഓർമ്മകൾ വീണു കിടക്കുന്ന വഴിത്താരകളിൽ വീണുകിടക്കുന്ന ഓർമ്മപ്പൂക്കൾ നെഞ്ചോട് ചേർക്കുക..വർഷങ്ങൾ കഴിഞ്ഞാണെങ്കിലും പൂർത്തികരിക്കപ്പെടാതെ കരിഞ്ഞു പോയ  ആ കുഞ്ഞു സ്വപ്നങ്ങളുടെ ബാക്കി ഇപ്പോഴും ആ മണ്ണിലുണ്ടാവണം..പ്രിയപ്പെട്ട കുരുവിക്കുഞ്ഞുങ്ങളോടൊപ്പം ചാരമായെങ്കിലും ഇനിയും തീരാത്ത മോഹങ്ങളുമായി അവളുടെ ആത്മാവ് അവിടെ പാറിക്കളിക്കുന്നുണ്ടാവണം..

                     ഇനിയും ജീവിതത്തിന്റെ എത്രയോ വസന്തങ്ങൾ ആസ്വദിക്കേണ്ടിയിരുന്നവൾ..വർണ്ണനൂലുകളാൽ സ്വപ്നങ്ങൾ നെയ്തവൾ..മനോഹരമായ എത്രയോ കവിതകൾ ഇനിയും കുറിച്ചിടേണ്ടിയിരുന്നവൾ...എല്ലാം ബാക്കിയാക്കി അവൾ പോയി.

              രാത്രി വൈകി ട്രെയിൻ വ്യവസായ നഗരത്തിലെത്തുമ്പോൾ അയാൾക്ക് എന്തു ചെയ്യണമെന്നോ,എങ്ങോട്ട് പോകണമെന്നോ അറിയില്ലായിരുന്നു.ഈ സാഹചര്യത്തിൽ..എവിടെയെങ്കിലും താമസസൗകര്യം കിട്ടുമോ എന്നറിയില്ല.കിട്ടിയാലും എവിടെയാണെന്നതിൽ ഒരു രൂപവുമില്ല...വല്ലാത്ത നിരാശയോടെ അയാൾ റെയിൽവേ സ്റ്റേഷനിലെ ബെഞ്ചിലിരുന്നു..ഏതോ സ്റ്റേഷനിൽ നിന്നു വാങ്ങിയ വെള്ളത്തിന്റെ അവസാന തുള്ളിയും തീർന്നിരിക്കുന്നു.റെയിൽവേയിലെ ടാപ്പിൽ നിന്നും അയാൾ വെള്ളമെടുത്തു വെച്ചു.അതിൽ നിന്നും അൽപ്പം കുടിച്ചപ്പോൾ  അയാൾക്ക് തോന്നി,. എല്ലാ റെയിൽവേ സ്റ്റേഷനുകളിലെയും വെള്ളത്തിന് ഒരേ രുചിയാണ്.

           വീണ്ടും വന്ന് ബെഞ്ചിൽ ഇരുന്നപ്പോൾ അയാൾക്ക് ചെറിയ പേടി തോന്നാതിരുന്നില്ല.പോലീസുകാർ വന്നാൽ..പ്രത്യേകിച്ചും ഈ സമയത്ത്..ഭാഷയാണെങ്കിൽ വലിയ വശമില്ല..എവിടെ പോകാനാണെന്ന് ചോദിച്ചാൽ കൃത്യമായ മറുപടിയില്ല.പോകേണ്ട സ്ഥലം പറഞ്ഞാൽ ചിലപ്പോൾ തിരിച്ചു പോക്കുണ്ടാകില്ല..ആലോചനയിലമർന്നിരിക്കുമ്പോഴാണ് ആരോ പുറകിൽ നിന്ന് അയാളുടെ ചുമരിൽ തട്ടിയത്.ഒരു ഞെട്ടലോടെ അയാൾ തിരിഞ്ഞു നോക്കി.ആ രാത്രിയിൽ അത്ര വെളിച്ചമില്ലെങ്കിലും റെയിൽവേ പോലീസാണ് വിളിച്ചതെന്ന് അയാൾക്ക് മനസ്സിലായി..’’ ഇതർ മേം ക്യാ കരേ,ജാവോ ജാവോ, ജൽദി ജാവോ..’’

             ട്രെയിൻ കാത്തിരിക്കുകയാണെന്ന് പറയാൻ കഴിയില്ല.റെയിൽവേ സ്റ്റേഷനിലെങ്ങും ആരെയും കാണാനില്ല.പഴയ പോലെ ആൾക്കൂട്ടത്തിനിടയിലായിരുന്നെങ്കിൽ ആരും സംശയിക്കില്ലായിരുന്നു..ഏതു കുറ്റവാളിക്കും ഒളിക്കാൻ പറ്റിയ ഇടമാണ് ആൾക്കൂട്ടങ്ങൾ..കൂടുതൽ ആലോചിച്ചിരിക്കാൻ സമയമില്ല.ഇനിയും പോലീസുകാരൻ വന്നാൽ നേരത്തെ പറഞ്ഞ പോലെ അത്ര സൗമ്യമായ ഭാഷയായിരിക്കില്ല.തന്റെ തോൾ സഞ്ചിയുമെടുത്ത് അയാൾ നടന്നു.

           നിരാശയുടെ പടവിലേറി നടന്നു നീങ്ങവെയാണ് സ്റ്റേഷൻ മാസ്റ്ററുടെ മുറി അയാളുടെ ശ്രദ്ധയിൽ പെട്ടത്.ഒരു പക്ഷേ. ഒരു വഴി പറഞ്ഞു തരാൻ അയാൾക്ക് കഴിഞ്ഞേക്കും അവസാന കച്ചിത്തുരുമ്പും തേടി .പ്രതീക്ഷയോടെ അയാൾ സ്റ്റേഷൻ മാസ്റ്ററുടെ മുറിയിലേക്ക് നടന്നു.തിരക്കുകളും വെളിച്ചവും കുറഞ്ഞ മുറിയിൽ  ഗതകാല പ്രതാപത്തിന്റെ ഓർമ്മകളിൽ ഉറക്കം തൂങ്ങിക്കൊണ്ടിരുന്ന സ്റ്റേഷൻ മാസ്റ്റർ അയാളുടെ വിളി കേട്ട് ഞെട്ടിയുണർന്നു..

                 ഉറക്കച്ചടവുമായി ചാടിയെഴുന്നേറ്റ അയാളെ കണ്ടപ്പോൾ ഒരു മലയാളിയെപ്പൊലെ തോന്നി.ഒരു പക്ഷേ,തന്റെ ആഗ്രഹം കൊണ്ട് തോന്നിയതാവാം..സംശയഭാവത്തിൽ അയാൾ സൂക്ഷീച്ചു നോക്കി,ഈ പാതിരാത്രി ഇവൻ എന്തിനു വന്നുവെന്ന ചോദ്യം  അയാളുടെ നോട്ടത്തിൽ വായിച്ചെടുക്കാം.’’അരേ ഭായി,അഭി നയി ട്രെയിൻ ഹേ..’  

                    ഞാൻ ട്രെയിൻ കയറാൻ വന്നതല്ല സഹോദരാ,ഒരു ട്രെയിന് വന്നിറങ്ങി എങ്ങോട്ട് പോകണമെന്നറിയാതെ ഇരിക്കുകയാണ്.എങ്ങനെ പറഞ്ഞു മനസ്സിലാക്കണമെന്ന് അയാൾക്കറിയില്ലായിരുന്നു..അറിയാവുന്ന ഹിന്ദിയിൽ പറഞ്ഞൊപ്പിക്കാമെന്ന് കരുതുമ്പോഴാണ് അയാൾ പതിയെ,പിറുപിറുക്കുന്നത് അയാൾ കേട്ടത്..’’പാതിരായ്ക്ക് ഓരോ ശല്യങ്ങൾ വലിഞ്ഞു കേറി വന്നോളും..’’

                   ശാപവചനങ്ങളായിരുന്നെങ്കിലും അന്നേരം അതേതോ ആർദ്രമായ പ്രാർത്ഥനാ വചനങ്ങൾ പോലെയാണ് അയാൾക്ക് തോന്നിയത്.സ്വന്തം ഭാഷയുടെ മധുരം ഇത്ര ആശ്വാസപൂർവ്വം അയാൾ ഇതിനു മുമ്പൊരിക്കലും അനുഭവിച്ചിട്ടുണ്ടായിരുന്നില്ല..

                 ‘’സാർ,ഇന്ന് രാത്രി ഇവിടെ എവിടെയെങ്കിലും ഒന്ന് തങ്ങാൻ കഴിയുമോ?’’

               മലയാളത്തിലുള്ള അയാളുടെ ചോദ്യം കേട്ട് സ്റ്റേഷൻ മാസ്റ്റർ ഒരു നിമിഷം അമ്പരന്നു.താൻ പറഞ്ഞത് അയാൾ കേട്ടു കാണുമോ എന്ന ജാള്യതയോടെ അയാൾ ചോദിച്ചു..’’ഓ,അതു,ശരി,നിങ്ങൾ മലയാളിയായിരുന്നല്ലേ..’’ ഒന്നു നിർത്തി അയാൾ പറഞ്ഞു.’’സാധാരണ ഡോർമെട്രി കൊടുക്കുന്നതാണ്.ഇപ്പോൾ കുറെ നാളായി കോവിഡ് ആയതു മുതൽ അതു താമസത്തിന് കൊടുക്കുന്നില്ല..’’

                     പ്രതീക്ഷയോടെ അയാൾ സ്റ്റേഷൻമാസ്റ്ററെ നോക്കി,ഈ തണുത്ത രാത്രിയിൽ എങ്ങു പോകുമെന്ന വ്യാധിയോടെ നിൽക്കുന്ന  ഈ അഭയാർത്ഥിയെ അയാൾ നിഷ്ക്കരുണം ഉപേക്ഷിക്കുമോ?..സ്റ്റേഷൻ മാസ്റ്ററുടെ അടുത്ത വാക്യത്തിനായി ജീവിതത്തിലിന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ആകാംക്ഷയോടെ അയാൾ ചെവിയോർത്തു.

                   ‘’എനിക്കു വേണമെങ്കിൽ ഡോർമെട്രിയിലെ ഒരു മുറി ഒരു ദിവസത്തേക്ക് നിങ്ങൾക്ക്  തരാം,പക്ഷേ എന്തു വിശ്വസിച്ചാണ് ഞാൻ  മുറി തരിക..?’’

              സ്റ്റേഷൻ മാസ്റ്റർ ചോദിച്ചു.അയാൾക്ക് വ്യക്തമായ  മറുപടിയില്ലായിരുന്നു..എങ്കിലും പോക്കറ്റിൽ തപ്പി പഴകിത്തുടങ്ങിയ പേഴ്സിൽ നിന്നും അയാൾ രണ്ടു കാർഡുകൾ വലിച്ചെടുത്തു ആധാർ കാർഡും ജോലി ചെയ്യുന്ന ഓഫീസിലെ കാർഡും..അതു നോക്കിയപ്പോൾ അയാളിലെ സംശയ ഭാവം ആശ്ചര്യത്തിലേക്ക് വഴി മാറി.’’’അതു ശരി,അപ്പോൾ സാറ് ഒരു ഗവർമെന്റ് ജോലിക്കാരനായിരുന്നോ?വരൂ, നമുക്ക് റൂമിലേക്ക് പോകാം..’’  മാസ്റ്റർ ഓഫീസ് ചുവരിൽ തൂക്കിയിട്ടിരുന്ന  താക്കോൽ കൂട്ടത്തിൽ നിന്നും ഒരു താക്കോൽ വലിച്ചെടുത്തു.

              ‘’സാറ് ഭക്ഷണമെന്തെങ്കിലും കഴിച്ചിരുന്നോ..’’ സ്റ്റേഷൻ മാസ്റ്ററുടെ ചോദ്യത്തിന് അയാൾ മറുപടിയൊന്നും പറഞ്ഞില്ല.ഈ രാത്രിയിൽ എവിടെയെങ്കിലും തെണ്ടിത്തിരിഞ്ഞ് അവസാനം പോലീസ് സ്റ്റേഷനിലോ വല്ല ഗുണ്ടകളുടെ പിടിയിലോ ആകേണ്ടിയിരുന്ന തനിക്ക് അഭയം തന്നയാളെ ഭക്ഷണത്തിന്റെ കാര്യം പറഞ്ഞ് ബുദ്ധിമുട്ടിക്കാൻ അയാൾ തയ്യാറായില്ല.കഴിച്ചെന്ന് വളരെ ദുർബ്ബലമായി അയാൾ തലയാട്ടി..അയാളുടെ ദയനീയമായ ആ അവസ്ഥ കണ്ടാകാം മാസ്റ്റർ പറഞ്ഞു,’’അല്ലെങ്കിൽ എവിടെയാ ഈ സമയത്ത് കടകൾ..ലോക്ക് ഡൗണായതു കാരണം കുറെ നാളായി ഏഴു മണിക്ക് തന്നെ കടകൾ പൂട്ടും..അല്ലെങ്കിലും  അതൊന്നും ഞങ്ങൾക്ക് പുത്തരിയല്ല മാഷേ,,അന്ന് കലാപത്തിന്റെ സമയം മുതൽ തന്നെ ഞങ്ങൾക്കിതൊക്കെ പതിവായി..’’

                അയാൾ ആലോചിക്കുകയായിരുന്നു..എത്ര പെട്ടെന്നാണ് ഈശ്വരൻ ഓരോ വഴികൾ കാണിച്ചു തരുന്നത്..’’നിങ്ങൾ ആ കലാപത്തിന്റെ കാലത്ത് ഇവിടെയുണ്ടായിരുന്നോ..’’

                ‘’ഉണ്ടായിരുന്നു,ഒരിക്കലും ഉണ്ടാകേണ്ടിയിരുന്നില്ലെന്ന് ആഗ്രഹിച്ചു പോയ നാളുകൾ..’’വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നലെയെന്നോണമുള്ള  ഭീതി മാസ്റ്ററുടെ മുഖത്തു നിന്ന് അയാൾ വായിച്ചെടുത്തു..ഇയാളിൽ നിന്ന് തനിക്ക് പലതും അറിയാനുണ്ട്..എന്റെ നൂറയുടെ കരിഞ്ഞുപോയ സ്വപ്നങ്ങളുടെ അവശേഷിക്കുന്ന തുടിപ്പുകൾ കണ്ടെത്താൻ മാസ്റ്റർക്ക് സഹായിക്കാൻ കഴിഞ്ഞേക്കും..റൂമിന്റെ വാതിൽ തുറന്നപ്പോൾ തന്നെ  പഴകിയ മണം മൂക്കിൽ അടിച്ചു കയറി.’’എത്ര നാളായി ഇത് തുറന്നിട്ട്,,ആരെങ്കിലും വന്നിട്ടു വേണ്ടേ തുറക്കാൻ..’’ പറഞ്ഞു കൊണ്ടു തന്നെ മാസ്റ്റർ മുറിയിലെ ട്യൂബ് തെളിച്ചു.. ബെഡ്ഡിലും വിരിപ്പിലുമെല്ലാം പൊടി പിടിച്ചിട്ടുണ്ട്..’’മാഷ് ആദ്യം ഒന്നു കുളിച്ച് ഫ്രഷാക്,അപ്പോഴേക്കും ഞാൻ  ഭക്ഷണവുമായെത്താം..നേരത്തെ കാന്റീനിൽ നിന്നു വാങ്ങി വെച്ച ചപ്പാത്തി റൂമിൽ ഇരിപ്പുണ്ട്..’’

              ഭക്ഷണവും മുറിയും കിട്ടിയതിനേക്കാളപ്പുറം നൂറയിലേക്ക് ഒരു വഴി തുറന്ന് കിട്ടിയ സന്തോഷത്തിലായിരുന്നു അയാൾ..തീരെ പ്രതീക്ഷിക്കാത്ത വഴി..മാസ്റ്റർ പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ  എല്ലാ ലോക്ക്ഡൗൺ നിയമങ്ങളും മറന്നു കൊണ്ട് അയാൾ അടുത്തു വന്നു സ്റ്റേഷൻമാസ്റ്ററുടെ കൈകൾ ചേർത്തു പിടിച്ചു..’’മാസ്റ്റർ,നിങ്ങളെന്നെ സഹായിക്കണം..’’

             എന്താണ് കാര്യമെന്തെന്നറിയാതെ മാസ്റ്റർ ഒന്നമ്പരന്നു.’’മാഷേ,എന്റെ എല്ലാ സഹായവുമുണ്ടാകും.ആദ്യം നമുക്ക് എന്തെങ്കിലും കഴിച്ചിട്ടാകാം സംസാരം,വല്ലാതെ വിശക്കുന്നു.’’  .സത്യത്തിൽ നൂറയുടെ ഓർമ്മകളിലേക്കുള്ള  പാത തെളിഞ്ഞു വന്നതു കണ്ടപ്പോൾ അയാൾക്ക് വിശപ്പു തോന്നിയതേയില്ല..മാസ്റ്ററുടെ കൂടെയിരുന്ന് ചപ്പാത്തി കഴിക്കുമ്പോൾ അയാൾ  ഓർത്തു,നൂറയെപ്പറ്റി..അവളുടെ സൗഹൃദത്തെപ്പറി..അവൾക്കും കുടുംബത്തിനും സംഭവിച്ച ദുരന്തത്തെപ്പറ്റി..

          ‘’മാഷേ,നിങ്ങൾ അറിഞ്ഞതിനും കേട്ടതിനെക്കാളുമൊക്കെ അപ്പുറമായിരുന്നു കാര്യങ്ങൾ,വായിച്ചറിഞ്ഞപ്പോഴേക്കും നിങ്ങൾക്കിത്ര വേദന തോന്നിയെങ്കിൽ നേരിട്ട് കാണാനിടയായ നിർഭാഗ്യവാൻമാരുടെ കാര്യം മാഷ് ഒന്നാലോചിച്ചു നോക്കൂ’’ഒന്നു പറഞ്ഞിട്ട് അയാൾ നിറുത്തി.അയാളുടെ ചെവിയിലേക്ക് കലാപത്തിന്റെ തീ നാളങ്ങൾ ഓടിയെത്തി..രക്ഷപെടാനുള്ള വെപ്രാളത്തിൽ ഓടി വരുന്ന മനുഷ്യ ജീവനുകളെ ഓടിച്ചിട്ട് പിടിച്ച് കയ്യും കാലും വെട്ടി മാറ്റി ചുട്ടുകൊല്ലുന്ന രംഗം എത്രയോ വർഷം കഴിഞ്ഞും ഒരു ഞെട്ടലോടെ അയാളുടെ മനസ്സിലെ തേങ്ങലായി..’’മാഷേ,ഞാനിപ്പോഴും ഓർക്കുന്നു,കലാപത്തിൽ നിന്നും ഓടി രക്ഷപെട്ട് വന്ന ഒരു കുടുംബത്തെ,,പത്തു പന്ത്രണ്ടു പേരുണ്ടാവും..ഓടിത്തളർന്ന് റെയിൽവേ സ്റ്റേഷനിലേത്തിയതേയൂള്ളൂ..ഭ്രാന്തമായ അട്ടഹാസത്തോടെ അവരുടെ പുറകിൽ പാഞ്ഞെത്തിയവർ..കുഞ്ഞുങ്ങളെയും പ്രായമായവരെയും അവർ വെട്ടിനുറുക്കി തീയിലെറിഞ്ഞു..സ്ത്രീകളെ മാനഭംഗപ്പെടുത്തിയിട്ട് തീ കൊളുത്തി..എന്നെപ്പോലെയുള്ളവർക്ക്  റെയിൽവെ പാളത്തിനപ്പുറം നടക്കുന്നതെല്ലാം കണ്ടു നിൽക്കാനേ കഴിയുമായിരുന്നുള്ളു..’’

          ആ നശിച്ച രാത്രി എല്ലാം കഴിഞ്ഞ്.മരവിച്ച മനസ്സോടെ റൂമിൽ ചെല്ലുമ്പോൾ ഇരുട്ടിലൊരു ആളനക്കം കേട്ട് ഞാനമ്പരന്നു.. ലൈറ്റിടാൻ പോയപ്പോൾ ക്ഷീണിതമായ ഒരു പെൺസ്വരം ഞാൻ കേട്ടു..’’നയീ ഭായ് സാബ്,ലൈറ്റ് നയീ കരോ..’’അവളുടെ വിറയാർന്ന സ്വർത്തിൽ എന്തോ അപകടം മണത്തു..’’പഹലേ ഏക് കപ്പട ദേതോ ബായി സാബ്..’’ തണുത്തു വിറച്ച് ഭീതിയാൽ ഉറഞ്ഞു പോയ ശബ്ദത്തിലവൾ പറഞ്ഞു.

        ആദ്യം കയ്യിൽ കിട്ടിയത് എന്റെ ഒരു മുണ്ടാണ്.ഇരുട്ടിൽ നിന്നും ഞാൻ ആ മുണ്ടെടുത്ത് അവൾക്ക് കൊടുത്തു..പേടിപ്പെടുത്തുന്ന ഒരു നിശബ്ദത അവിടെ നിറഞ്ഞു..പിന്നെ ഞാൻ ലൈറ്റിട്ടു..ആ ഇരുട്ടത്ത് എന്റെ ലുങ്കിയും വാരിച്ചുറ്റിയിരിക്കുന്ന അവളുടെ ദയനീതയ്ക്ക് മേൽ എന്റെ സങ്കടം നിറഞ്ഞു.അവൾക്ക് വേറെ വസ്ത്രങ്ങളൊന്നുമില്ലായിരുന്നു.എന്തു കൊണ്ടാണ് ലൈറ്റ് ഓണാക്കരുതെന്ന് അവൾ പറഞ്ഞതെന്ന് എനിക്കു മനസ്സിലായി..’’പഹലേ തും അന്തർ മേ ആവോ’’ ഞാൻ അവളെ അകത്തേക്ക് കയറ്റി വാതിലടച്ചു..ഏതു നിമിഷവും കലാപകാരികൾ പുറകെ വന്നേക്കാം.ഞാൻ കാരണം ഒരു നിരപരാധിയുടെ ജീവൻ നഷ്ടപ്പെടരുത്..അവൾ മടികൂടാതെ അകത്ത് കയറി..ചെന്നായ്ക്കൾ മാനം കടിച്ചു കീറി മരിച്ചെന്ന് കരുതി വഴിയിലുപേക്ഷിച്ചവൾ ..അവളുടെ കവിളുകളിലും ദേഹത്തും ചുവന്ന പാടുകൾ തിണർത്തു കിടന്നു.

               ഞാനെന്റെ പാൻറും ഷർട്ടുമെടുത്ത് അവൾക്ക് കൊടുത്തു.’’ആപ് കാ  നാം ക്യാഹേ’’  ഞാനെടുത്തു കൊടുത്ത ചപ്പാത്തിയിൽ നിന്നും മുറിച്ചെടുത്ത ഒരു കഷണം കയ്യിൽ പിടിച്ചു കൊണ്ട്  ആലോചിച്ച് കണ്ണീർവാർത്തു കൊണ്ടിരിക്കുന്ന അവളോട് ഞാൻ ചോദിച്ചു.അപ്പോഴേക്കും ആ ചപ്പാത്തിക്കഷണം അവളുടെ കണ്ണീർ വീണു നനഞ്ഞിരുന്നു…’’..സൈറാ ബായ്.’’ അവൾ മെല്ലെ പറഞ്ഞു

‘’സൈറാ,ഇനി നീ രണ്ടു ദിവസത്തേക്ക് സൈറാ ബായ് അല്ല,സരസ്വതി ബായ്..’’.ഞാൻ പറഞ്ഞു തീർന്നില്ല  മാഷേ,ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു,വല്ലാത്ത ഭീതിയിൽ ഞങ്ങൾ വിറച്ചു,എന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം എനിക്ക് കേൾക്കാമായിരുന്നു ആരുടെയോ ആക്രോശങ്ങൾ. എന്തു ചെയ്യണമെന്ന പേടിയോടെ ഞാനവളെ നോക്കി’’എന്നെ അവർക്ക് വിട്ടു കൊടുക്കല്ലേ’ എന്ന യാചനയോടെ കൈകൾ കൂപ്പി വിറച്ചു നിൽക്കുന്ന അവളുടെ രൂപം ഇപ്പോഴും എന്റെ മനസ്സിലുണ്ട്,..

             ‘’ഡോർ ഓപ്പൺ കരോ..’’ അവരുടെ ഉച്ചത്തിലുള്ള വിളി  ഇരുട്ടിൽ മുഴങ്ങി..അടുത്തിരുന്ന പാത്രത്തിൽ ഉണങ്ങിത്തുടങ്ങിയിരുന്ന ചന്ദനം അപ്പോഴാണ് കണ്ടത്.ആലോചിക്കാൻ സമയമില്ല.ഞാനതെടുത്ത് അവളുടെ നെറ്റിയിൽ തേച്ചു..  പതിയെ വാതിൽപ്പാളി തുറന്നു. അല്ലെങ്കിൽ അവർ വാതിൽ ചവിട്ടിപ്പൊളിക്കുമെന്ന്  ഉറപ്പായിരുന്നു.അവർ എന്റെ പേര് ചോദിച്ചു..പേര് കേട്ട് തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ വേറെ ആരെങ്കിലുമുണ്ടോയെന്ന ഒരാളുടെ അന്യേഷണം..ഭാര്യ കൂടെയുണ്ടെന്ന മറുപടിയിൽ തൃപ്തനാകാതെ ഒരാൾ എത്തി നോക്കി.പാന്റും ഷർട്ടും  അണിഞ്ഞു നിൽക്കുന്ന  അവളുടെ നെറ്റിയിലെ ചന്ദനക്കുറി കണ്ടാകാം കൂടുതലൊന്നും ചോദിക്കാതെ അവർ തിരിച്ചു പോയി..അവളുടെ ഉള്ളിൽ നിന്നും ആശ്വാസത്തോടെയുള്ള ഒരു ദീർഘനിശ്വാസം ഞാൻ കേട്ടു’’

           അയാളുടെ സ്വരത്തിൽ അപ്പോഴും ഭീതി ഒഴിഞ്ഞു പോയിട്ടില്ല.വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും അയാളുടെ വാക്കുകളിൽ ചോരയുടെ മണം പൊടിയുന്നത് ഞാനറിഞ്ഞു’

            ‘’മാസ്റ്റർ,എനിക്കും ആ സ്ഥലത്തേക്ക് തന്നെയാണ് പോകേണ്ടത്,അവിടെ ധാൻവദ് സൊസൈറ്റിയിൽ നടന്ന കൂട്ടക്കൊലയിൽ എന്റെ ഒരു ബന്ധുവുമുണ്ടായിരുന്നു..’’

          ‘’അക്കാലത്ത് പച്ച മനുഷ്യരെ കൂട്ടത്തോടെ കത്തിച്ച സ്ഥലം .നുറോളം മനുഷ്യ ജീവനുകളുടെ ജീവനും മാനവും നഷ്ടപ്പെട്ട സ്ഥലം..’’ മാസ്റ്ററുടെ കണ്ണുകളിൽ ഭീതിയുടെ നിഴൽ ഞാൻ കണ്ടു.’’ഇനി എന്തിനാണ്,മാഷേ,അവിടേക്ക് പോകുന്നത്,അവിടെയുണ്ടായിരുന്ന എല്ലാവരെയും അവർ ചുട്ടു ചാമ്പലാക്കിയില്ലെ..’’

         അതെ,എന്റെ നൂറയും കുടുംബവും അവളുടെ ബാപ്പയുടെ പ്രിയപ്പെട്ട കുരുവിക്കുഞ്ഞുങ്ങളും എല്ലാം ചാരമായില്ലേ?കത്തിക്കാതിരിക്കാനുള്ള ദയവെങ്കിലും കാണിച്ചിരുന്നെങ്കിൽ അവരുടെ ഖബറുകളിലെങ്കിലും അവർക്ക് ഒരിടമുണ്ടാകുമായിരുന്നു..അവിടെ പോയി അവർക്കായി പ്രർത്ഥിക്കുകയെങ്കിലും ചെയ്യാമായിരുന്നു.അതു പോലും ഇല്ലാതാക്കിക്കളഞ്ഞ ക്രൂതയോർത്തപ്പോൾ അറിയാതെ അയാളുടെ  കണ്ണുകൾ നിറഞ്ഞു.

             ‘’എന്താ മാഷെ കരയുന്നത്..അവിടെ പോകുന്നത് കൊണ്ട് കുഴപ്പമില്ല..പക്ഷേ ഒരിക്കലും ആരോടും  ആരാണെന്നും എന്തിനാണ് വന്നതെന്നും അറിയാതെ പോലും  പറഞ്ഞു പോകരുത്..’’അയാൾ മുന്നറിയിപ്പ് തന്നു.’’ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാ..’’

            ചപ്പാത്തി ഇരുന്ന പാത്രം മാസ്റ്റർ  മുന്നിലേയ്ക്ക് വെച്ചു,’’മാഷേ,എന്തെങ്കിലും കഴിച്ചിട്ട് സംസാരിക്കാം..’’ അപ്പോഴാണ് അയാൾ ഓർത്തത്..കയ്യിലെടുത്ത ചപ്പാത്തിയുടെ കഷണം ഇതു വരെ കഴിച്ചില്ല’.. ട്രെയിനിൽ വെച്ച് കത്തിക്കാളിയിരുന്ന വിശപ്പ് ഇപ്പോൾ എവിടേക്കാണ് പോയത്..നൂറയെയും കുടുംബത്തെയും നിലവിളികളായമർന്നു പോയ ആയിരക്കണക്കിന് മനുഷ്യ ജീവികളെയും ഓർക്കുമ്പോൾ മനസ്സിലും ശരീരത്തിലും ഒരു മരവിപ്പ് വന്ന് നിറയുകയാണ്..

                    ‘’അവിടേയ്ക്ക് പോകുന്നുണ്ടെങ്കിൽ നാളെത്തന്നെ പോകണം’’

ഞാൻ ആകാംക്ഷയോടെ മാസ്റ്ററെ നോക്കി

              ‘’.ഒരു പക്ഷേ,നാളെയാണെങ്കിൽ ആരെയെങ്കിലും കാണാൻ കഴിഞ്ഞേക്കും..നാളെ  ഇരുപതാം തീയതിയല്ലേ..എല്ലാ വർഷവും ആ ദിവസം അവരുടെ  കുറച്ചു ബന്ധുക്കൾ   അവിടെയെത്തും,അവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ.ചിലപ്പോൾ നിങ്ങളുടെ നൂറയുടെ ആരെങ്കിലും വരാതിരിക്കില്ല..’’

           സങ്കടങ്ങൾക്കിടയിലും അയാളുടെ മനസ്സിൽ പ്രതീക്ഷയുടെ ദീപം തെളിഞ്ഞു..ഒരു പക്ഷേ അവളുടെ അനുജത്തി സാറ എത്തിയേക്കുമോ..നൂറ എപ്പോഴും എഴുതാറുണ്ടായിരുന്നല്ലോ അവളുടെ കുഞ്ഞനുജത്തി സാറയെപ്പറ്റി..അവളുടെ കുസൃതികളെപ്പറ്റി..ചിത്രം വരക്കാനുള്ള അവളുടെ അസാധാരണമായ കഴിവിനെപ്പറ്റി..അടുത്ത നഗരത്തിലെ ഉമ്മയുടെ കുടുംബ വീട്ടിൽ നിന്ന് അവൾ പഠിക്കാൻ പോകുന്നതിനെപ്പറ്റി..അവൾ അവിടെയായതിനാൽ നഷ്ടപ്പെട്ടു പോകൂന്ന അവളുമായുള്ള വഴക്കുകളെപ്പറ്റി..

         റെയിൽവേ സ്റ്റേഷനിലെ പതിവു ബഹളങ്ങളും അനൗൺസുമെന്റുകളുമൊന്നും ഇല്ലാതിരുന്നെങ്കിലും അയാൾക്ക് ഉറക്കം വന്നതേയില്ല..ചിന്തകളും സങ്കടങ്ങളുടെയും വ്യഥയിൽ ഇടയ്ക്ക് എപ്പോഴോ അയാളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു പോയി.നിറഞ്ഞ ചിരിയുമായി അയാളുടെ മുന്നിലേക്ക് നൂറയെത്തി..

            ‘’എനിക്കറിയാമായിരുന്നു,ഒരിക്കലെങ്കിലും എന്നെത്തേടി വരുമെന്ന്..’’

           അവൾക്ക് മുല്ലപ്പൂവിന്റെ സുഗന്ധമായിരുന്നു...’’എങ്കിലും എത്ര തവണ ഞാൻ വിളിച്ചതാണ്,ഞങ്ങളെക്കാണാൻ ഇങ്ങോട്ട് വരാൻ..എന്റെ ബാപ്പയുടെ കുരുവിക്കുഞ്ഞുങ്ങളെ കാണാൻ..’ഉമ്മയുണ്ടാക്കുന്ന ബിരിയാണി കഴിക്കാൻ,..എന്റെ കവിതകളുടെ പുസ്തകം നേരിട്ട് തരാൻ..’’

                അയാൾ ഓർക്കുകയായിരുന്നൂ,അവൾ വിളിക്കുമ്പോഴെല്ലാം ഓരോ കാരണങ്ങൾ കൊണ്ട് നീണ്ടു പോയി,.കുടുംബമായി അവളുടെ വീട്ടിൽ പോകാൻ,എല്ലാവരുമായും സൗഹൃദം പങ്കിടാൻ..സാംസ്ക്കാരിക പൈതൃകങ്ങൾ നിറഞ്ഞ അവളുടെ നാട് കാണാൻ,സബർമതി നദിക്കരയിലെ ഓർമ്മകളിൽക്കൂടി നടക്കാൻ..എല്ലാം ഒരു നിമിഷം കൊണ്ട് ചാരമായിപ്പോയില്ലെ..ഓർമ്മകൾക്ക് മേൽ വീണ്ടും നൂറയുടെ ശബ്ദം..’’ഇനി ആലോചിച്ചിട്ടെന്താ,എല്ലാം കഴിഞ്ഞില്ലെ..ഞങ്ങളുടെ സ്വപ്നങ്ങൾ.പുസ്തകങ്ങൾ..കുരുവിക്കുഞ്ഞുങ്ങൾ..’’ അവളുടെ ശബ്ദമിടറി.’’എന്റെ സാറ മാത്രം അവിടെയില്ലാതിരുന്നതു കൊണ്ട് രക്ഷപെട്ടു..പിന്നെയും അവളുടെ കുസൃതികളും വഴക്കും എനിക്ക് നഷ്ടമായി..’’

                  ഒന്നു നിർത്തിയിട്ട് നൂറ തുടർന്നു.’’നാളെ ഞങ്ങളെ കാണാൻ  സാറ വരും,അവളെ കാണണം ഞാൻ അന്യേഷിച്ചതായി പറയണം..പിന്നെ,എന്റെ കവിതകളുടെ പുസ്തകം എല്ലാ വർഷവും അവൾ കൊണ്ടു വരും അവിടെ വരുന്നവർക്ക് കൊടുക്കാൻ,അത് വാങ്ങണം..ഞാൻ പറഞ്ഞിട്ടാണെന്ന് പറഞ്ഞാൽ മതി,എത്രയോ നാളുകൾ നിങ്ങൾക്ക് തരാൻ ഞാൻ കാത്തു വെച്ചിരുന്നതാണ്..ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം..ഖബറുകളിൽ അടക്കപ്പെടാൻ പോലും കഴിയാതെ പോയ എന്നെപ്പോലെയുള്ള ആയിരങ്ങൾക്ക് സ്വർഗ്ഗം കിട്ടാൻ വേണ്ടി പടച്ചവനോട് പ്രാർത്ഥിക്കണം..’’ പറഞ്ഞു തീരുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.അവളെ ആശ്വസിപ്പിക്കാൻ കഴിയാതെ അയാൾ വിഷമിച്ചു.അവളുടെ കണ്ണീര് തുടക്കാൻ കയ്യുയർത്തും മുമ്പ്, അയാൾ എന്തെങ്കിലും പറയാൻ തുടങ്ങുന്നതിന് മുമ്പ് ഒരു ഇളം കാറ്റു പോലെ, പൂർത്തിയാക്കാൻ കഴിയാതെ പോയ ഒരു കവിത  പോലെ അവൾ എങ്ങോ മറഞ്ഞു ’’ നൂറാ..നൂറാ..’’ ഉറക്കത്തിനും ഉണർവിനുമിടയിലെ അമ്പരപ്പിലും സംഭ്രമത്തിലും അയാൾ മന്ത്രിച്ചു കൊണ്ടിരുന്നു..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക