StateFarm

വിട പറയും മുമ്പേ.....(പി. സി. മാത്യു)

Published on 12 March, 2023
വിട പറയും മുമ്പേ.....(പി. സി. മാത്യു)

തലമുറ തലമുറ യായെൻ സങ്കേതമാകും 
ദൈവത്തിൻ സന്നിധി പൂകുന്നു ഞാൻ 
വിട്ടിടുന്നിതാ ലോകവും ലോകത്തിൻ 
നേട്ടങ്ങളും ലോകൈകമോരോ ഭാരങ്ങളും 

പോകുന്നതിൻ മുമ്പ് ഞാനോര്ത്തുപോയി 
പാരിൽ ഞാൻ നേടിയതെന്തൊക്കെയെന്ന്?
പലപ്പോഴും ഞാൻ തെറ്റിപ്പോയെങ്കിലും 
യേശുവിൻ കരങ്ങളെന്നെ തേടിയെത്തി.

സ്നേഹിതര്ക്കും ചാർച്ചക്കാർക്കും എൻ 
കുടുംബത്തിനുമൊരത്താണിയായി മാറി 
നന്മ ചെയ്യുവാനെൻ കരങ്ങളെ ശക്തമാക്കിയ 
നല്ലിടയനാകുമെൻ യേശുവേ നന്ദി, സ്തുതി...

ഇത്രമാം സ്നേഹം നൽകുവാൻ ഞാനൊന്നും 
സ്വർലോക നാഥാൻ യേശുവിനേകിയില്ലല്ലോ... 
എങ്കിലും നിൻ നൽ ദൂതരെ അയച്ചെന്നെ 
നിൻ മനോഹരമാം സന്നിധി എത്തിച്ചെല്ലോ. 

സ്നേഹിച്ചവരെ ഞാൻ വേദനിപ്പിച്ചെങ്കിൽ 
സ്നേഹവാനാകുമെൻ യേശുവേ ഓർത്തു നീ 
ക്ഷമിച്ചീടുക നിൻ പ്രാർത്ഥന കേൾക്കുന്ന 
യേശുനാഥൻ ജീവിക്കുന്നു ഇന്നുമെന്നേക്കും 

സംതൃപ്തിയോടെൻ സൃഷ്ടാവ് നൽകിയ 
താലന്തുകൾ ശോഭിപ്പിച്ചെന്നു ചൊല്ലും ഞാൻ 
വിശ്വസ്തനാമെൻ ദാസനേ എന്നുള്ള നൽ വിളി 
കേൾക്കും ഞാൻ നിച്ചയമായും സഹജരെ...

സ്വർഗത്തിലിരുന്നു കാണും ഞാൻ നിൻ ഭാഗ്യ 
ജീവിതം ഭൂവിൽ അന്വർത്ഥമായി തീരുന്നതും 
അരുമ നാഥനാം യേശുവിനെ അറിയുന്ന ജനം 
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നതും 

 

Sudhir Panikkaveetil 2023-03-13 02:20:40
R.I.P. വിട്ടിടുന്നിതാ ലോകവും ലോകത്തിൻ നേട്ടങ്ങളും ലോകൈകമോരോ ഭാരങ്ങളും 
നിരീശ്വരൻ 2023-03-13 03:21:59
യേശു ഇല്ലാതെ നിങ്ങൾക്ക് ജീവിച്ചുകൂടെ? അദ്ദേഹത്തിന് അമാനുഷീകമായ യാതൊരു കഴിവുകളും ഇല്ലായിരുന്നു. ഉണ്ടെന്ന് അവകാശപ്പെടുന്നവർ കെട്ടിചമച്ച കള്ള കഥകളാണ് നിങ്ങളെ ഈ കുഴമറിച്ചിലിലും ഭയത്തിലും എത്തിച്ചു ഇതുപോലെ ചിന്തകളെ പ്രകോപിപ്പിക്കാൻ കഴിയാത്ത കാര്യങ്ങൾ എഴുതി പിടിപ്പിക്കാൻ നിർബന്ധിതനാക്കുന്നത് . ഉണ്ടായിരുന്നത് നിങ്ങളിലും എന്നിലുമുള്ള ആ ചേതന മാത്രമായിരുന്നു. നിങ്ങൾ ആത്മബലം ആർജ്ജിച്ചു ഇത്തരം കെട്ടുകഥകളെ തിരസ്കരിച്ച് ഈ മനോഹര ഭൂമിയിൽ ജീവിച്ചു മരിക്കൂ . ഇത് ചില ഭ്രാന്തന്മാർ പറയുന്നത് പോലെ പാപ പങ്കിലല്ല . ഇത് മനോഹരമാണ് . ഇവിടെ പൂക്കളുടെ കാലം ഇങ്ങെത്താറായി . വെറുതെ കരഞ്ഞും മോങ്ങിയും മുറിയിൽ കയറി വാതിലടിച്ചു പ്രവർത്തിക്കാതെ പുറത്തേക്ക് ഇറങ്ങി “ഈ വസന്ത കാലം ” എന്ന സിനിമാഗാനം പാടൂ . നിങ്ങൾ ഒന്നും പേടിക്കണ്ട. “ നിനക്ക് മനസ്സുണ്ടോ “ അത്ര മാത്രം . യേശു പലപ്പോഴും ഈ ചോദ്യം ആവർത്തിച്ചിട്ടുണ്ട് ! പക്ഷെ ആര് കേൾക്കാൻ ! മനസ്സ് മതത്തിനു വിട്ടിട്ടു വേതാളങ്ങളെ പോലെ അലയുകയല്ലേ .
Jayan varghese 2023-03-13 07:59:47
നിരീശ്വരൻ തന്നിലുള്ള ചേതനയെക്കുറിച്ച് പറയുന്നു . എന്താണെഡാവേ ഈ സാധനം ? സുന്ദര ഭൂമിയിൽ ജീവിച്ചു തീർക്കുവാൻ ആർജ്ജിക്കണമെന്നു അങ്ങ് പറയുന്ന ആത്മബലം ആത്മാവിൽ നിന്ന് തന്നെ ആയിരിക്കണമല്ലോ ? എങ്കിൽ എവിടെയാണ് ഈ ആത്മാവിന്റെ ഉറവിടം ? വെറുതേ വടി കൊടുത്ത് അടി മേടിക്കല്ലേ നിരീശ്വരാ ? ജയൻ വർഗീസ് .
നിരീശ്വരൻ 2023-03-13 14:06:16
ചേതനയുടെ ഉറവിടം നിങ്ങളിൽ തന്നെ “തത്ത്വമസി ” അതിന് നിങ്ങൾ യേശു , കൃഷ്ണൻ, ബുദ്ധൻ എന്നൊക്കെ പേരു കൊടുത്ത് മനുഷ്യരെ വഞ്ചിക്കുമ്പോളാണ് പ്രശ്‌നം . ഒരടി ഇടയ്ക്കു കിട്ടുന്നത് നല്ലതാണ് . അത് കൂടുതൽ ചിന്തിപ്പിക്കാൻ സഹായിക്കും. അടി തിരിച്ചും കിട്ടുമെന്നും ഓർത്തുകൊള്ളുക . ഈ പാവം മനുഷ്യൻ അവനിൽ കുടികൊള്ളുന്ന ശക്തിയെ തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഈ പള്ളിപ്പാട്ട് എഴുതുകയില്ലായിരുന്നു.
Jayan varghese 2023-03-13 19:03:10
തത്വമസി എന്നാൽ ജീവാത്മാവ് എന്ന നീയും, പരമാത്മാവ് എന്ന ഞാനും, ലോകം എന്ന പ്രപഞ്ചവും കൂടി സമന്വയിച്ചുണ്ടായ വർത്തമാനാവസ്ഥ എന്ന് സാരം. മനുഷ്യൻ എന്ന നീ ഇവിടെ ഒറ്റയ്ക്കല്ല എന്ന് നിന്നെ ബോധ്യപ്പെടുത്തുന്ന വേദ സൂക്തം.. ചോക്കുമലയിൽ ഇരുന്നു കൊണ്ട് ചോക്ക് അന്വേഷിക്കുന്ന അജ്ഞന്റെ അസംബന്ധമാണ് നിരീശ്വരത്വം. അല്ലായിരുന്നെങ്കിൽ ‘ ജീവാത്മാവായ നീ മാത്രമാണ് നീ ‘ എന്നർത്ഥം വരുന്ന തത് തത്വ എന്നേ ഋഷി പ്രോക്തമായ ഛാന്ദോഗ്യോപനിഷത്ത് വെളിപ്പെടുത്തുമായിരുന്നുള്ളു. ജയൻ വർഗീസ്.
നിരീശ്വരൻ 2023-03-13 20:41:48
ഗുരുവിനെ തേടി ചെല്ലുന്നവൻ ഗുരുവിന് സ്വീകാര്യനായാൽ ഗുരു ശിഷ്യന് ഉപദേശിച്ചുകൊടുക്കൂന്ന നിർദ്ദേശവാക്യത്തെയാണ് ഉപദേശവാക്യം എന്നു പറയുന്നത് . ഉപനിഷിദ് വാക്യങ്ങളിൽ ഒരു വാക്യത്തെ മാത്രമെ ഉപദേശവാക്യമെന്ന് എന്ന് വിളിക്കുന്നുള്ളു . ആ ഉപദേശവാക്യമാണ് “തത് ത്വം അസി” (അത് നീ ആകുന്നു ). യേശു എന്ന ഗുരു ഇതിന് സമാനമായി ഒരു ഉപദേശം ശിഷ്യന്മാർക്ക് നൽകുന്നുണ്ട് . “സത്ത്യത്തിന്റ ആത്മാവ് നിങ്ങൾക്ക് വെളുപ്പെടുത്തി തരും “ (ജോൺ 16 :13 -14 ) . ഈ സത്യത്തിന്റെ ആത്മാവ് (ചേതന ) എല്ലാവരിലും ഉള്ളതുകൊണ്ടാണ് “നിന്നെപ്പോലെ നിന്റ അയൽക്കാരനെ സ്നേഹിക്കാൻ” പറഞ്ഞത് . പക്ഷേ എന്ത് ചെയ്യാം , “മതവും ദൈവങ്ങളും കൂടി മനുഷ്യനെ പങ്കുവച്ച് തമ്മിലടിപ്പിച്ചു . ഇത്രയും മതി ഇനി വേണമെങ്കിൽ ചോക്ക് മലയിൽ പോയി ഇരുന്നോളു .
P C 2023-03-13 22:56:34
യേശു പറഞ്ഞു “വിശ്വസിക്കുന്നവൻ ദൈവത്തിന്റെ മഹത്വം കാണും". ഒരിക്കൽ യേശുവിനു പോലും ഒരു അത്ഭുതവും നടത്താൻ പറ്റിയില്ല. അതിന്റെ റീസൺ യേശു തന്നെ പറഞ്ഞു. “അവരുടെ അവിശ്വസം നിമിത്തം അത്രേ എന്ന്‌. നമ്മുടെ മനസ്സിനെ സൃഷ്ടിച്ചിരിക്കുന്നത് നാം വിശ്വസിക്കുന്ന പോലെ ഭാവിക്കുന്ന ഒരു റീർഹിയിൽ ആണ്. ആയതിനാൽ വിശ്വസിക്കുക.…വിശ്വസത്തോടെ നിങ്ങൾ എന്ത് ചെയ്താലും അങ്ങനെ തന്നെ ഭവിക്കും. നല്ല ചർച്ചകൾ നടത്തിയതിനു നന്ദി. പി. സി.
വിദ്യാധരൻ 2023-03-14 02:37:30
ആത്മാവും ബ്രഹ്മവും ആനന്ദവും ഒന്നുതന്നെ. ആത്മനുസന്ധാനം ബ്രഹ്മാനുസന്ധാനം ആനന്ദാനുസന്ധാനം എന്നിവയെല്ലാം ഒന്നു തന്നെ . ആത്മാവ് , ബ്രഹ്മം , ആനന്ദം എന്നിവയെല്ലാം സത്യവസ്തുവിന്റെ പര്യയായശബ്ദങ്ങളാണ്. വസ്തുസ്വരൂപം വ്യക്തമായി ധരിച്ചുകൊണ്ടുള്ള ഭക്തിക്കുമാത്രമേ സത്യസാക്ഷാൽക്കാരം നേടിത്തരാൻ കരുത്തുള്ളു ഇക്കര്യമാണ് ശ്രീനാരായണഗുരു ദര്ശനമാലയിൽ അഞ്ചാം പദ്യത്തിൽ വിവരിക്കുന്നത് . "ആനന്ദ ആത്മാ ബ്രഹ്മേതി നാമൈതസൈവ്യ തന്യതേ ഇതി നിശ്ചിതധീർയസ്യ സഭക്തി ഇതി വിശ്രുത " (ദർശനമാല -ശ്രീനാരായണഗുരു- പ്രൊഫ, ജി , ബാലകൃഷ്ണൻനായർ ) ആനന്ദം ആത്മാവ് ബ്രഹ്മം എന്നീ ഓരോ നാമവും ഒരേ സത്യത്തിന് നല്കപ്പെടുന്നവയാണ് . പക്ഷെ ആർക്കുവേണമെങ്കിലും ഇതിനെ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നോ ബ്രഹ്മ പുത്രാ മഹേശ്വരന്മാരെന്നോ ഒക്കെ വ്യഖ്യാനിച്ചു സാധുജനങ്ങളെ വഞ്ചിക്കാം. നിരീശ്വരനെ കളിയാക്കിയതുകൊണ്ടോ അജ്ഞൻ എന്ന് വിളിച്ചതുകൊണ്ടോ നിങ്ങൾ ഒരു ബുദ്ധിമാനാകാൻ പോകുന്നില്ല . യുക്തിയോടു കൂടിയുള്ള ഒരു കാര്യം ആരുപറഞ്ഞാലും അതിനെ കേൾക്കാനുള്ള ഒരു സന്മനസ് കാണിക്കുക . അതല്ലാതെ ഞാനാണ് പണ്ഡിതൻ എന്ന ചിന്തയോടെ കേൾക്കാൻ സുഖമുള്ള ഭാഷയിൽ എഴുതി വിട്ടാൽ അതിനെ ചോദ്യം ചെയ്യതെന്നിരിക്കും. നിങ്ങൾ എന്നെ ചോദ്യം ചെയ്യതാൽ ഞാൻ ഭ്രാന്തനാകണ്ട ആവശ്യമില്ലല്ലോ . ചോക്കു മലയിലെ അഞ്ജൻ എന്നൊക്കെ വിളിക്കുമ്പോൾ അത് 'അഹങ്കാരത്തിൽ' നിന്ന് പൊന്തിവരുന്നതല്ലേ . നമ്മെളെല്ലാം അറിവെന്ന സമുദ്രത്തിലെ വെറും ഒരു തുള്ളി മാത്രം. വിദ്യാധരൻ
Jayan varghese 2023-03-14 11:18:05
ശാസ്ത്രവും ഭൗതിക വാദവുമാണ് നിരീശ്വര വാദത്തിന്റെ അടിസ്ഥാനം. ഇതിൽ ഏത് ശാഖയാണ് ആത്മാവിനെ അംഗീകരിക്കുന്നത് എന്നറിഞ്ഞാൽക്കൊള്ളാം ? ശ്രീ നാരായണനും വിദ്യാധരനും പറയുന്ന ആത്മാവിനെയും ബ്രഹ്മത്തെയും ആനന്ദത്തേയും കുറിച്ചു തന്നെയാണ് ഞാനും പറയുന്നത് എന്നതിനാൽ ഇവിടെ എനിക്ക് തർക്കമേയില്ല. എന്നാൽ ഇതൊന്നും ഇല്ലെന്ന് പറയുന്ന ശാസ്ത്രാധിഷ്ഠിതമായ ഭൗതിക വാദത്തിന്റെ ഉൽപ്പന്നമായ നിരീശ്വരത്വത്തെ ന്യായീകരിക്കാൻ പ്രസ്തുത സത്യങ്ങളെ കൂട്ട് പിടിക്കുന്ന വിദ്യാധരൻ ഏതു ലോകത്തിലാണ് ജീവിക്കുന്നത് ? നിരീശ്വരൻ സ്വന്തം വാദങ്ങൾ ന്യായീകരിക്കാൻ തെളിയിക്കപ്പെട്ട സത്യങ്ങളായ ശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളുമായി തിരിച്ചു വരണം. അല്ലാതെ ശ്രീനാരായണനും വിദ്യാധരനും ഞാനും ഉൾപ്പെടുന്ന ബഹുഭൂരിപക്ഷത്തിന്റെയും ദാർശനിക സമഞ്ജകളെ ആശ്രയിക്കുന്നത് അംഗീകരിക്കാനാവില്ല. ഒരാൾ അറിവ് നേടുന്നതിൽപ്പോലും അവന്റെ പങ്ക് നിസ്സാരമാണ് എന്നറിയുക. നിയാമകമായ നിയോഗ സാധ്യതകളിൽ മഹാ കാലത്തിന്റെ മാന്ത്രിക സമസ്യയായി അത് സംഭവിക്കുകയാണ് ! ജയൻ വർഗീസ്.
നിരീശ്വരൻ 2023-03-15 02:42:11
ശാസ്ത്രവും ഭൗതികവാദവുമാണ് നിരീശ്വര വാദത്തിന്റ അടിസ്ഥാനം എന്ന് നിങ്ങൾക്ക് എങ്ങനെ തീർത്ത് പറയാൻ ആകും ? നിങ്ങൾ ഈശ്വരൻ എന്ന് വിളിക്കുന്ന രൂപവും ഭാവുമുള്ള വ്യക്തികളാണ് (യേശു, കൃഷ്ണൻ, രാമൻ ) ഈ പ്രപഞ്ച സൃഷ്ടിയുടെ പിന്നിലുള്ളതെന്നും അവരെ ഇരുപത്തിനാലു മണിക്കൂറും സ്തുതിച്ചു കൊണ്ടിരിക്കണം എന്ന് പറയുന്നതും ഭൗതികവാദത്തിന്റ ഭാഗമല്ലേ ?. എന്റെ യേശുവേ എന്നെ അപകടത്തിൽ നിന്ന് രക്ഷിക്കണേ , എന്റെ കൃഷ്‌ണാ എനിക്ക് മുന്നേ നീ തേര് തെളിക്കണേ എന്നൊക്കെ പറയുമ്പോൾ ഞാൻ ഉറക്കെ ചിരിക്കാറുണ്ട് . അജ്ഞതയുടെ കാരാഗ്രഹങ്ങളിൽ അകപ്പെട്ടുപോയ ഒരു വലിയ ജനതതി. അവരെ ആ ഇരുട്ടറയിൽ നിന്നും മോചിപ്പിക്കേണ്ട എഴുത്തുകാരൻ, ഇതുപോലെയുള്ള വിവാദങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു എന്നുള്ളത് ഏറ്റവും ദുഃഖകരം തന്നെ. നമ്മൾക്ക് പരിഹരിക്കാൻ ആവാത്ത പ്രശനങ്ങൾക്ക് പരിഹാരം കാണുന്നു ഒരു ദൈവത്തെ സൃഷ്ടിച്ചിട്ട് , ആ ദൈവത്തോട് പ്രാർത്ഥിക്കുകയാണ് മിക്കവരും ചെയ്യുന്നത് . ഇതിന് മനഃശാസ്ത്രപരമായ ഒരു വശം ഉണ്ട് . കൺഫെഷൻ എന്ന ഒരു കൂദാശ ഇതിൽ നിന്നാണ് രൂപപ്പെടുന്നത് ഹിന്ദുക്കൾ ഇതിനെ 'വിശുദ്ധ' എന്ന് പറയുന്നു . അപ്പോൾ നമ്മൾ ഒരു ദൈവത്തെ സൃഷ്ടിച്ചിട്ട് ആ ദൈവത്തോട് നിരന്തരം ആവശ്യപ്പെടുകയാണ് , ആഹാരം താ , തുണി താ കിടക്കാൻ ഇടം ഉണ്ടാക്കി താ രോഗം മാറ്റി താ . എന്നൊക്കെ . മതം ഇതിനെ ക്രോഡീകരിച്ചു ഒരു വലിയ കച്ചവടം ആക്കി മാറ്റി . നമ്മൾക്കറിയാം ഈ ഭൂമിയിൽ ജീവിക്കണമെങ്കിൽ അദ്ധ്വാനിക്കണം എന്ന് . എന്നാൽ ഒരു മത നേതാക്കൾക്കും കാൽക്കാശിന് പണിചെയ്യാതെ ഭൗതിക സുഖത്തോടെ ജീവിക്കാം . ശാസ്ത്രജ്ഞനും അവന്റെ പരീക്ഷണ നിരീക്ഷണങ്ങളിൽ കൂടി ദൈവത്തെ കണ്ടെത്താൻ അല്ല ശ്രമിക്കുന്നത് . അവനറിയാം ഈ പ്രപഞ്ചത്തിന്റെ പിന്നിൽ ഒരിക്കലും നശിപ്പിക്കാനാവാത്ത ഊർജ്‌ജം നിൽനിൽക്കുന്നു എന്ന് 'ഹിഗ്സ് ബൊസോൺ ' എന്ന അണുകണിക യുടെ പരിഹാസ പേരായ 'ദൈവ കണികയെ' പൊക്കിപ്പിടിച്ചു ശാസ്ത്രലോകത്തെ ഇകഴ്ത്തി നിങ്ങൾ എഴുതിയ ലേഖനം ഓർക്കുന്നു . ഒരു കപടശാസ്ത്രജ്ഞന് മാത്രമേ 'ദൈവകണികക്ക് വേണ്ടി' പരീക്ഷണശാലയിൽ സമയം കളയുകയുള്ളു. എന്നിൽ കുടികൊള്ളുന്ന ശക്തിയെ ഞാൻ മാനിക്കുന്നു. അതിന് ആത്മാവ് എന്ന ഒരു തലമുണ്ടോ അത് പരമാത്മാവിന്റെ നിയന്ത്രണത്തിലാണോ എന്നൊന്നും അറിയില്ല . എല്ലാ വികാരവിചങ്ങളെയും ജനിപ്പിക്കാൻ കഴിവുള്ള ആ ശക്ക്തി ചിലപ്പോൾ എന്നെ കോപാകുലനാക്കാറുണ്ട് . നിങ്ങളുടെ തലയ്ക്കിട്ടൊരാടി തന്നാൽ എന്തെന്ന് തോന്നിപ്പിക്കാറുണ്ട് . അപ്പോൾ തന്നെ എന്തിനാ അമ്മാവാ എന്നെ തല്ലുന്നത് ഞാൻ നന്നാവില്ല എന്ന് പറയുന്ന നിങ്ങളെ തല്ലിയിട്ട് എന്ത് പ്രയോചനം എന്ന് ചിന്തിപ്പിക്കാറുണ്ട് . കരുണ, ശൃംഗാരം , രൗദ്രം , ഹാസ്യം , വീരം , ഭയാനകം, ബീഭത്സ൦, അത്ഭുതം , ശാന്തം എന്നിങ്ങനെ തിരിച്ചറിഞ്ഞ നവരസങ്ങളുടെ പിടിയിൽപ്പെട്ടു പിടയുമ്പോൾ , ഞാൻ ചിന്തിക്കാറുണ്ട് ഇതെന്ത് കുന്തമാണെന് . ഈ ശക്തിക്ക് പഴയ നിയമത്തിലെ കോപിക്കുന്ന ദൈവവുമായി ബന്ധമുണ്ട് . ഈ ശക്തി ഉരിയാവിനെ യുദ്ധക്കളത്തിലേക്ക് പറഞ്ഞുവിട്ടിട്ട് ബത്‌ശെബയെ പ്രാപിച്ച ഡേവിഡിലും ഉണ്ടായിരുന്നു . ഈ ശക്തിതന്നെയാണ് അദ്ദേഹത്തെ കുറ്റബോധത്തിൽ ചാലിച്ചെഴുതിയ സങ്കീർത്തനങ്ങൾ രചിക്കാൻ പ്രേരിപ്പിച്ചത് . ഇയാളെ പിന്നെ ദൈവത്തിന്റ 'ഹൃദയം അറിയുന്ന' വ്യക്തി എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. അങ്ങനെ നിങ്ങളുടെ ദൈവം മനുഷ്യജീവിതം കുട്ടിച്ചോറാക്കുമ്പോൾ . ഇത്തരം സത്യങ്ങളെ മൂടിവച്ചിട്ടാണ് നിങ്ങൾ ഈശ്വരനെ സൃഷ്ടിച്ചത് . അതിനെ നിഷേധിക്കുന്നവരെ നിങ്ങൾ " ശാസ്ത്രാധിഷ്ഠിതമായ ഭൗതിക വാദത്തിന്റെ ഉൽപ്പന്നമായ നിരീശ്വരത്വ വാദം എന്നൊക്കെ പറഞ്ഞു . വിദ്യാധരനെ ഇകഴ്ത്താൻ ശ്രമിക്കുന്നത് . അദ്ദേഹത്തിന്റ വാദം തെറ്റാണെന്ന് തെളിയിക്കാൻ കഴിയണം . ഭാഷകൊണ്ട് ചില കസർത്ത് നടത്തി രക്ഷപ്പെടുകയല്ല വേണ്ടത് . കാര്യകാരണ സഹിതം തെളിയിക്കൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക