Image

മാധ്യമപ്രവർത്തനത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ : എസ്. ബിനുരാജ്

Published on 15 March, 2023
മാധ്യമപ്രവർത്തനത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ : എസ്. ബിനുരാജ്

" ചെണ്ടപ്പുറത്ത് കോല് വീഴുന്നിടത്തൊക്കെ പോകണം "

ഇത് പഠിപ്പിച്ചത് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ആയിരുന്ന എം ജി രാധാകൃഷ്ണന്‍ സര്‍ ആണ്. മാധ്യമപ്രവര്‍ത്തനമെന്നാല്‍ കുറെ വായിച്ചു കൂട്ടി എഴുതിത്തള്ളുന്ന സംഭവമല്ലെന്ന ആദ്യപാഠം ആ ക്ലാസില്‍ വച്ച് ഞാനും എന്റെയൊപ്പമുള്ളവരും മനസിലാക്കി. പിന്നീട് അദ്ദേഹത്തോടൊപ്പം ചില പ്രോജക്ടുകളില്‍ ജോലി ചെയ്തപ്പോള്‍ എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് പ്രായോഗിക തലത്തില്‍ മനസിലായി.

കേരളത്തിലെ ക്രൈസ്തവ സഭകളിലെ തമ്മിലടിയുടെ ചരിത്രം പുള്ളിയോട് ചോദിച്ചു നോക്കൂ. അതിന്റെ വിജ്ഞാനകോശമാണ് അദ്ദേഹം. വാര്‍ത്ത ചെയ്യാന്‍ വേണ്ടിയാണ് സര്‍ അത് പഠിച്ചു തുടങ്ങിയത്. പിന്നീട് അതില്‍ ഉസ്താദായി. 

"A journalist should be a jack of all trades and master of something"  എന്നതും എം ജി ആര്‍ എന്ന് ഞങ്ങള്‍ ശിഷ്യര്‍ വിളിച്ചിരുന്ന സര്‍ പറഞ്ഞു തന്നതാണ്. അതായത് മാധ്യമപ്രവര്‍ത്തകര്‍ എല്ലാം അറിഞ്ഞിരിക്കണം. ചിലതെങ്കിലും ആഴത്തില്‍ അറിഞ്ഞിരിക്കണം. 

മാധ്യമപഠന ക്ലാസില്‍ മറ്റൊരു ദിവസം ഒരു അധ്യാപകന്‍ ക്ലാസില്‍ ഞങ്ങളെ ഓരോരുത്തരെ പരിചയപ്പെടുകയായിരുന്നു. ഒരു പയ്യനോട് കോളേജില്‍ വച്ച് എന്തെങ്കിലും പാഠ്യേതര പ്രവര്‍ത്തനത്തിലൊക്കെ പങ്കുെടുത്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ കെ എസ് യു വില്‍ ആക്ടീവായിരുന്നു എന്നവന്‍ മറുപടി പറഞ്ഞു.
ആരാണ് കേരളത്തില്‍ നിന്നുള്ള ഒരേ ഒരു കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന അധ്യാപകന്റെ ചോദ്യത്തിന് മുന്നില്‍ അവന്‍ പതറി. 
"  ചേറ്റൂര്‍ ശങ്കരന്‍ നായര്‍. ചുമ്മാ കളിയാക്കാന്‍ വേണ്ടി ചോദിച്ചതാ" എന്ന് സര്‍ മറുപടിയും പറഞ്ഞു. ഇത് കേട്ട് അടുത്തിരുന്നവന്‍ കുടുകുടാ ചിരിച്ചു.

"താന്‍ എസ് എഫ് ഐ ക്കാരന്‍ ആയിരുന്നോ" 
" അതെ, ഞാന്‍ എസ് എഫ് ഐക്കാരന്‍ ആയിരുന്നു".
അവന്‍ മറുപടി പറഞ്ഞു.
കണ്ണൂരില്‍ നിന്നുള്ള ആ പയ്യന്‍ അപ്പോഴും പാര്‍ട്ടി ബന്ധമുള്ളയാള്‍ ആയിരുന്നു.
" ഏത് വര്‍ഷമായിരുന്നു കല്‍ക്കട്ടാ തീസിസ്?"
സാറിന്റെ അടുത്ത ചോദ്യം അവനോടായിരുന്നു. അവന്‍ തല കുനിച്ചു. ഇത്തവണ ചിരിച്ചത് ചേറ്റൂര്‍ ശങ്കരന്‍ നായരെ മിസ് ചെയ്തവന്‍ ആയിരുന്നു. 
"1948. മറക്കരുത് കേട്ടോ"
സര്‍ പറഞ്ഞു നിര്‍ത്തി.

ഇന്നലെ നാട്ടു നാട്ട് പാട്ടിന്റെ ആശാരി ബന്ധം വാര്‍ത്തയായപ്പോള്‍ ഇതാണ് ഓര്‍ത്തത്. ആദ്യം ഞാന്‍ കരുതിയത് അത് പരിഭാഷയിലെ പിഴവ് എന്നാണ്. പിന്നീട് മനസിലായി അതല്ല യഥാര്‍ത്ഥ പ്രശ്നമെന്ന്. എന്തോ മിസിംഗ് ആണ്. 

അത് എന്താണ്?

കുറച്ച് നാള്‍ മുമ്പാണ് മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് ജയിലില്‍ ആയ ജി എന്‍ സായി ബാബയുടെ ചിത്രത്തിന് പകരം ഷിര്‍ദി സായി ബാബയുടെ പടം ഒരു വാര്‍ത്താ ചാനല്‍ കാണിച്ചത്. ഷിര്‍ദ്ദി സായി ബാബയെ കണ്ടാല്‍ അറിയാത്ത ഒരു മാധ്യമപ്രവര്‍ത്തകന്റെ അബദ്ധമായിരുന്നു അത്. എവിടെയെങ്കിലും വച്ച് ഷിര്‍ദ്ദിയിലെ സായി ബാബയുടെ പടം കണ്ടപ്പോള്‍ അത് ആരാണ് എന്ന് അവന്‍ ചോദിച്ചിരുന്നുവെങ്കില്‍ ഈ അബദ്ധം ഉണ്ടാകുമായിരുന്നില്ല. ഈ ഒരു inquisitiveness ആണ് ഇന്നലെ കാര്‍പെന്റര്‍ അബദ്ധം കാണിച്ച മാധ്യമപ്രവര്‍ത്തകയ്ക്കും ഇല്ലാതെ പോയത്. 

ഇനി എന്തു കൊണ്ടാണ് ഈ inquisitiveness ഇല്ലാതെ പോകുന്നത്? അത് തനിക്ക് താല്‍പര്യമില്ലാത്തതിനോടും ഇഷ്ടമില്ലാത്തതിനോടുമുള്ള പുച്ഛം കാരണമാണ് എന്നാണ് എന്റെ തോന്നല്‍. 

ഒരു തുള്ളി മദ്യം കഴിക്കാതെ നിങ്ങള്‍ക്ക് മദ്യത്തെ കുറിച്ച് പഠിക്കാം, എഴുതാം. വായിക്കുന്നവന്‍ കരുതും നിങ്ങള്‍ ഫുള്‍ ടൈം വെള്ളത്തിലാണെന്ന്. അതാണ് മാധ്യമപ്രവര്‍ത്തനം.

ഈ ഒരു അടിസ്ഥാന ഗുണം ഇല്ലാതെയാണ് മാധ്യമപ്രവര്‍ത്തനത്തിന് പലരും ഇറങ്ങിത്തിരിക്കുന്നത്. രണ്ട് കാരണങ്ങള്‍ കൊണ്ടാണ് മാധ്യമ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം താഴ്ന്നത്. ഒന്ന് നല്ല അധ്യാപകരുടെ അഭാവം. രണ്ട് കഴിവുള്ള കുട്ടികള്‍ ആരും തന്നെ  ഈ രംഗത്തേക്ക് വരുന്നില്ല. അവരെ സംബന്ധിച്ച് മാധ്യമരംഗം ഒരു നല്ല ഓപ്ഷന്‍ അല്ല. 

മറ്റൊന്ന് നമ്മള്‍ ഓര്‍മ്മയ്ക്ക് അത് അര്‍ഹിക്കുന്ന വില നല്‍കുന്നില്ല എന്നതാണ്. എഴുത്തച്ഛന്റെയും ആശാന്റെയും കവിതകള്‍ കാണാതെ ചൊല്ലിപഠിച്ച തലമുറയുടെ ഓര്‍മ്മയുടെ പകുതി പോലും പിന്നീട് വന്നവര്‍ക്ക് ഇല്ല. എന്തിന് കാണാതെ പഠിക്കണം അന്നേരം ഗൂഗിളില്‍ നോക്കിയാല്‍ മതിയല്ലോ എന്ന ചിന്തയാണ് പ്രശ്നം. പക്ഷേ ഇത് ഓര്‍മ്മയെ വല്ലാതെ ബാധിക്കുന്നു എന്നത് പലര്‍ക്കും അറിയില്ല. അച്ചടിച്ച അക്ഷരത്തിന്റെ ശക്തി സ്ക്രീനിലെ അക്ഷരങ്ങള്‍ക്ക് ഇല്ല തന്നെ. അമിതമായ സ്ക്രീന്‍ വായന നമ്മുടെ retention  കഴിവിനെ ബാധിക്കുന്നുണ്ടെന്നാണ് എന്റെ തോന്നല്‍. ഞാനൊക്കെ പഴയ സ്ക്കൂള്‍ ആയത് കൊണ്ട് തോന്നുന്നതും ആവാം.

ഞാന്‍ ഒരു ടി വി ചാനലില്‍ ജോലി ചെയ്യുമ്പോള്‍ ഒരു ചേട്ടനുണ്ടായിരുന്നു. അദ്ദേഹം ഫേസ് ബുക്കിലും മാധ്യമരംഗത്തും ഇപ്പോഴും സജീവമായതു കൊണ്ട് പേര് പറയുന്നില്ല. കേരളത്തിലെ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ കുറിച്ച് അപാര ഓര്‍മ്മശക്തിയാണ്. ആരെ കുറിച്ചെങ്കിലും സംശയം ചോദിച്ചാല്‍ അവന്റെ അടിയാധാരം വരെ ഇളക്കി കൈയില്‍ തരും. അതൊന്നും ഗൂഗിളില്‍ പരതിയാല്‍ കിട്ടുകയുമില്ല. സമയം കിട്ടുമ്പോള്‍ രാഷ്ട്രീയവും സിനിമയും അദ്ദേഹവുമായി ചര്‍ച്ച ചെയ്യുന്നത് ഞാന്‍ എന്റെ തലച്ചോറിന് നല്‍കുന്ന സൗഖ്യവ്യായാമമാണ്.

പ്രമുഖ വ്യക്തികളെ കുറിച്ച് കുറെ അപരാധം പറഞ്ഞ് ചിരിക്കുമ്പോള്‍ എന്തൊരു രസമാണ്!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക