Image

വിഷുക്കണി (കഥ: പ്രസാദ് കുറ്റിക്കോട്)

Published on 15 March, 2023
വിഷുക്കണി (കഥ: പ്രസാദ് കുറ്റിക്കോട്)

''മലയിറങ്ങിക്കാടിറങ്ങി

മണ്ണിൻ്റെ മാറുകീറി

ചാലെടുത്ത് നീരെടുത്ത്

വിത്തുപാകി നനകൊടുത്ത്

മുളപ്പിച്ച് വിളവെടുത്തില്ലേ...

നമ്മൾ വിളവെടുത്തില്ലെ"

എന്നിങ്ങനെ ഉറക്കെ പാടിക്കൊണ്ട് ഉച്ചിയിൽ വീഴുന്ന സൂര്യതാപത്തിന് തടയിടുകയാണ് കുമാരൻ. വിയർപ്പുതുള്ളികൾക്കൊപ്പം ഭൂമിയുടെ വരണ്ട ചർമ്മത്തിലേക്ക് അയാൾ തൻ്റെ കൈക്കോട്ടും ആഴ്ത്തുന്നു. ഒരോ തവണയും കൈക്കോട്ടിൻ്റെ താളത്തിനൊപ്പം ആയാസത്തിനെന്നോണം അയാൾ "ഹും'' എന്നൊരു ശബ്ദം പുറപ്പെടുവിക്കുന്നു. 

സൂര്യൻ കടലിൽ വീഴുകയും പടിഞ്ഞാറൻ ചക്രവാളം ചുവപ്പണിയുകയും ചെയ്തു. ക്ഷീണിച്ച് അവശനായ കുമാരൻ തൻ്റെ കാലുകൾ വേച്ചുവേച്ച് പാടത്തുനിന്ന് നടന്ന് കയറി. ഇടംതോളിൽ കൈക്കോട്ട് വേതാളം വിക്രമാദിത്യനിലെന്ന പോലെ ചേർന്നിരുന്നു. ഇടക്ക് പിണങ്ങി പോവുന്ന വേതാളത്തെ പോലെ വീഴാൻ ഭാവിക്കും. അപ്പോഴെല്ലാം തൻ്റെ പണി ആയുധത്തെ ഒരു കുഞ്ഞിനെയെന്ന പോലെ അയാൾ ചേർത്തുപിടിച്ചു. പാടവരമ്പത്തെ പുൽപ്പടർകൾക്കിടയിൽ പലരും കരിമൂർഖനെ കണ്ടിട്ടുണ്ടെന്ന് അയാൾ ഓർത്തു. തൻ്റെ കൈയിലെ വെട്ടരിവാൾകൊണ്ട് പുൽത്തലപ്പുകളിൽ തട്ടി ശബ്ദമുണ്ടാക്കികൊണ്ട് അയാൾ വെളിച്ചപ്പാടിൻ്റെ പലചരക്കുകട ലക്ഷ്യമാക്കി നടന്നു.

"ന്താ, കുമാരേട്ടാ...?''

വെളിച്ചപ്പാടിൻ്റെ ചോദ്യം...

"രണ്ടുകെട്ട് കാജാബീഡീം, ഒരുകിലോ പഞ്ചാരേം,അര ചായപ്പൊടീം ..."

കുമാരൻ ലിസ്റ്റ് നിവർത്തി. അതിനിടക്ക് കടത്തിണ്ണയിലിരുന്നു കൊണ്ട് ഒരാളുടെ ചോദ്യം...

"ങ്ങളറിഞ്ഞോ കുമാരേട്ടാ...!''

"എന്തറിഞ്ഞോന്ന്...?''

"പുത്യേനേമം വരണൂത്രെ!"

"ഇയ്യ് വളച്ച് കെട്ടാണ്ടെ കാര്യം പറേടൊ..."

"ഇനിപ്പോ മ്മ്ടെ സാധനങ്ങടെ വെല കമ്പന്യോളത്രെ തീരുമാനിക്ക്യാ... അങ്ങനെ ഒരു നേമം വരണൂന്ന്, ന്നത്തെ വാർത്തേല് കണ്ടൂ..."

"അണക്ക് തലക്ക് വല്ല ഓളോംണ്ടോ? മ്മ്ടെ സാധനങ്ങക്ക് വെല പറയാൻ മ്മ്ളല്ലെ, ല്ലാണ്ടെ വല്ല കമ്പനീം ആണോ!"

അയാൾ പൊതിഞ്ഞുകിട്ടിയ സാധനങ്ങളിൽ നിന്ന് ബീഡിപ്പൊതി തുറന്ന് ഒന്ന് എടുത്ത് ചുണ്ടിൽ വച്ചു. അവിടെ കെട്ടിത്തൂക്കിയ സിഗരറ്റ്ലൈറ്റിൽ നിന്ന് ചുണ്ടത്തെ ബീഡിക്ക് തീ കൊടുത്തിട്ട് തൊട്ടടുത്ത കള്ളിൻഷാപ്പിലേക്ക് നടന്നു. 

ഷാപ്പിനടുത്തെത്തുമ്പോൾ തന്നെ ആശാൻ്റെ പാട്ട് നെഞ്ചിലേക്ക് തുളച്ചുകയറുന്നു. 

"ഇക്കള്ളിൻ ചൂടും ചൂരും

ചങ്കിൽ പറക്കൊട്ടുന്നേ...

ഇക്കള്ളിൽ നുരയും ലഹരി

കണ്ണീരിൻ പാട്ടുപകരുന്നേ... "

മനസ്സിൻ്റെ കത്തലടക്കാൻ എത്തിയവരുടെ കണ്ണിൽ കണ്ണീരുപൊടിയുന്നത് അയാൾ കണ്ടു. അവിടെയും പ്രധാന ചർച്ച പുതിയ നിയമം തന്നെയായിരുന്നു. ഇരുന്ന ഇരുപ്പിന് കാലിയാക്കിയ കുപ്പികളിലേക്ക് നോക്കിയിട്ട് കുഴഞ്ഞ നാവുകൊണ്ട് അയാൾ പറഞ്ഞു,

''കുടിച്ചതൊക്കെ ആവ്യായി പോയി, ഒറങ്ങണങ്കിലിനി ആദ്യം കുടിക്കണം... "

പിന്നീടയാൾ ഷാപ്പിലെ സപ്ലേയറോട് പറഞ്ഞു.

"ൻ്റേല് വെളിച്ചൊന്നൂല്ല. ഇയ്യ് രണ്ടോലകെട്ടി അടുപ്പിന്ന് കത്തിച്ച് കാട്ട്."

പറഞ്ഞു തീർന്നതും സപ്ലേയർ ചൂട്ട് കത്തിച്ചു. കത്തിപ്പടർന്ന ചൂട്ട് വീശിക്കൊണ്ടയാൾ കാടുകയറി. അവിടെ കുന്നിൻ മുകളിലെ ശിവക്ഷേത്രത്തിന് മുമ്പിലൂടെ വേണം വീട്ടിലേക്ക് നടക്കാൻ. ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോൾ അയാൾ ഒന്ന് തിരിഞ്ഞ് നിന്നു... പൂത്തുനിൽക്കുന്ന വെളളക്കോളാമ്പികൾ അയാളുടെ തലയിൽ തട്ടുന്നുണ്ടായിരുന്നു.

അയാൾ ചൂട്ടാഞ്ഞ് വീശി. വീടിൻ്റെ മുറ്റത്തെത്തിയപ്പോൾ ഉറക്കെ വിളിച്ചു.

"ലക്ഷ്മ്യേ... ഡീ ലക്ഷ്മ്യേ..."

ഭാര്യ വിളി കേൾക്കാത്തതിൽ അയാൾ പ്രകോപിതനായി..

"എവ്ടെ പണ്ടാറടങ്ങ്യോ,ആവോ. തന്തക്ക് വായുഗുളിക വാങ്ങാൻ പോയോടീ…?"

അതും കേട്ടുകൊണ്ട് മുണ്ടിൻ്റെ കോന്തല അരയിൽ കുത്തി ലക്ഷ്മി വന്നു...

" മൂക്കറ്റം കള്ളും കുടിച്ച് മിറ്റത്ത് നിന്ന് തന്തക്കും തരവഴിക്കും പറയുന്നോ... നാട്ടാരെക്കൊണ്ട് പറയിക്കാൻ... ഛെ!''

"ൻ്റെ ദണ്ണം കൊണ്ടാഡീ... അതണക്ക് മനസ്സിലാവില്ല... പുത്യേനേമം വരണൂ. മ്മ്ടെ ജീവിതം വഴിമുട്ടും."

"കള്ളും കുടിച്ച് പിച്ചും പേയും പറയാതെ ങ്ങ്ട് വന്നേ...''

ലക്ഷ്മി അയാളെ അകത്തേക്ക് കൊണ്ടുപോയി. ആ രാത്രി മുഴുവൻ അയാൾ പുതിയ നിയമത്തെ ഓർത്ത് വ്യാകുലപ്പെട്ടു. അറവിന് തൊട്ടുമുമ്പ് ജീവിതത്തിന് വേണ്ടി പരക്കം പായുന്ന മൃഗത്തെപോലെ അയാൾ അസ്വസ്ഥനായി. ഇടക്കിടെ എഴുന്നേറ്റിരുന്ന് നെഞ്ചുതടവി. പല മൺകുടങ്ങൾ കുടിച്ചു തീർത്തു. കുമാരൻ്റെ പതിവില്ലാത്ത പ്രവൃത്തികളിൽ ലക്ഷ്മി പരിഭ്രാന്തയായി. അയാളുടെ നെഞ്ചു തടവികൊണ്ട് അവൾ കാര്യം തിരക്കി. വെളിച്ചപ്പാടിൻ്റെ കടയിലും കള്ളിൻഷാപ്പിലുമായി അയാൾ കേട്ടതെല്ലാം പറഞ്ഞു. അവൾ കണ്ണുമിഴിച്ച് അനങ്ങാതെയിരുന്നു. അവർക്ക് രാത്രി ഇഴഞ്ഞുനീങ്ങുന്നതായി തോന്നി. ഒരുയുഗം കടന്നുപോയിട്ടും നേരം പുലരുന്നില്ല!

ഇതിനുമുമ്പ് നേരം വെളുക്കാൻ ഇത്രയും താമസം തോന്നിയത് പേറ്റുനോവറിഞ്ഞ രാത്രിയിലാണെന്ന് അവൾ ഓർത്തു. ഒന്നല്ല രണ്ടുരാത്രികളിൽ...!

പിന്നീടുള്ള പകലുകളിൽ നാട്ടിലും നഗരത്തിലും അടുക്കളപ്പുറത്തും കുളക്കടവിലും ഓരോ മുക്കിലും മൂലയിലും ആളുകൾ ഒളിഞ്ഞും തെളിഞ്ഞും പറയുന്നത് മുഴുവൻ പുതിയ നിയമത്തെ കുറിച്ചായിരുന്നു. മനയ്ക്കിലെ കുളത്തിൽ ലക്ഷ്മി ആധികാരികമായി നിയമത്തിൻ്റെ ദോഷങ്ങൾ വിവരിച്ചു. ചിലർ ന്യായീകരിച്ചും ചിലർ അപലപിച്ചും പ്രസംഗങ്ങൾ, പ്രകടനങ്ങൾ നടത്തി. 

മറ്റൊരു രാത്രിയിൽ സഞ്ചിയെടുത്ത് ചൂട്ടുകെട്ടി ദൂരയാത്രക്ക് തയ്യാറായി നിൽക്കുന്ന കുമാരനെയാണ് ലക്ഷ്മി കണ്ടത്. 

''എങ്ങടാ ങ്ങ്ള്?''

"ഡല്ലി വരെ...!"

"പോണം ലക്ഷ്മ്യേ, നമ്മക്കും നമ്മടെ കുട്ട്യോൾക്കും ഒക്കെ വേണ്ടീട്ട കൊറേ ആളോള് അവ്ടെ സമരം ചെയ്യണത്. പോണം, അയിൻ്റെ ഭാഗാവണം."

പത്രത്തിലും ടി.വി യിലുമായി സമരത്തിൻ്റെ വാർത്തകൾ താനും കണ്ടത് അവൾ ഓർത്തു. സമരമുഖത്തെ ആത്മഹത്യകളും വെടിവയ്പ്പും വണ്ടികയറ്റിയിറക്കിയതുമെല്ലാം അവളിലൂടെ ഒരു മിന്നൽപ്പിണർ പോലെ കടന്നുപോയി. 

അയാളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അന്നേവരെ കാണാത്ത കരുത്തിൻ്റെ അലിഖിത സമവാക്യങ്ങൾ അയാളിൽ കണ്ടപ്പോൾ അവൾക്ക് തൻ്റെ ചിന്തകൾ ചികഞ്ഞിടുവാൻ തോന്നിയില്ല. അയാളെ തന്നെ നോക്കി നിൽക്കുമ്പോൾ അയാളുടെ മുഖത്ത് പ്രതീക്ഷയുടെ പ്രകാശം അവൾ കണ്ടു. ഒറ്റപ്പാലത്തിനപ്പുറത്തേക്ക് വളരെ ചുരുക്കം മാത്രം സഞ്ചരിച്ചിട്ടുള്ള ഒരാൾ കേവലം ഒരു തുണിസഞ്ചിയുടെ അകമ്പടിയോടെ ഓലച്ചൂട്ടിൻ്റെ വെട്ടത്തിൽ ദില്ലിയിലേക്ക്...

അയാൾ പടിയിറങ്ങുമ്പോൾ തൻ്റെയുള്ളിൽ പൊട്ടിച്ചിതറാൻ കാത്തുനിൽക്കുന്ന നാഢീഞരമ്പുകളെ പിടിച്ചുകെട്ടികൊണ്ടവൾ ഗദ്ഗദം  അടക്കിനിന്നു.... കൂരിരുട്ടിൻ്റെ ഇടനാഴിയിലൂടെ കത്തിജ്വലിക്കുന്ന ഓലച്ചൂട്ടിൻ്റെ വെട്ടത്തിൽ കുറ്റിക്കോടും കോതക്കുറുശ്ശിയും ഒറ്റപ്പാലവും കേരളവും കടന്ന് അയാൾ മുന്നോട്ടുമുന്നോട്ട് നീങ്ങി....

മാസങ്ങൾ കടന്നുപോയി. അമ്പലക്കാട്ടിലെ കൊന്നകൾ പൂവണിഞ്ഞു. വീടുകളിൽ നിന്നെല്ലാം ഓലയും മാലയും പൊട്ടുന്ന ശബ്ദമുയർന്നു. നാലുപാടും കമ്പിത്തിരിയുടേയും വിഷുച്ചക്രത്തിൻ്റെയും പൂത്തിരിയുടേയും പ്രകാശം. മക്കളെ കണികാണിക്കുവാൻ ഓട്ടുരുളിയിൽ കൃഷ്ണരൂപവും കണിവെള്ളരിയും കൊന്നയും എരുക്കിൻപൂവും വാൽക്കണ്ണാടിയും തിരുതാടയും ഒരുക്കിവച്ചു. മക്കൾക്ക് കൊടുക്കുവാനുള്ള രണ്ട് പത്തുരൂപാ നോട്ടുകളും എടുത്ത് വച്ച് ലക്ഷ്മി കിടന്നു.

നാളെ കുമാരേട്ടനുണ്ടെങ്കിൽ അയ്യപ്പൻ്റെ അമ്പലത്തിൽ വിഷുക്കഞ്ഞി കുടിക്കാൻ പോവും. പുളിഞ്ചോടുകേറുമ്പോൾ അതുവരെ വിരലിൽ തൂങ്ങിനടന്ന മക്കളെ എടുത്ത് ഒക്കത്തുവക്കും. അതുകഴിഞ്ഞ് വന്നാൽ വീട്ടിൽ ഉച്ചയൂണിൻ്റെയും പടക്കം പൊട്ടിക്കലിൻ്റെ ബഹളമായി. ഊണ് കഴിഞ്ഞാൽ വീട്ടുമുറ്റത്തെ പുളിയൻ മാവിൻ്റെ തണലിലിരുന്ന് മുറുക്കാൻ ചവച്ച് തായം കളിക്കും. 

പെട്ടന്നൊരു ഗുണ്ടിൻ്റെ ശബ്ദം കേട്ടാണ് ലക്ഷ്മിയുണർന്നത്. മക്കളെ വിളിച്ച് കണികാണിച്ച് കൈനീട്ടം കൊടുത്തു, അടുക്കളയിൽ കയറി. അമ്പലക്കാട്ടിലൂടെ ഒരു വണ്ടിച്ചീറിപ്പാഞ്ഞു വരുന്നു. ശിവക്ഷേത്രത്തിന് മുന്നിലെത്തിയപ്പോൾ വണ്ടിയുടെ മുകളിലേക്ക് വെളുത്ത കോളാമ്പിപ്പൂക്കൾ പൊഴിഞ്ഞു വീണു... ഡ്രൈവർ വണ്ടി നിർത്തിയിട്ട് റോഡരികിലൂടെ നടന്നുവരുന്ന കുട്ടിയോട് കുമാരൻ്റെ വീട്ടിലേക്കുള്ള വഴിയന്വേഷിച്ചു. വഴി പറഞ്ഞതും വണ്ടി ശരംകണക്കേ മുന്നോട്ട് കുതിച്ചു. അപ്പോഴേക്കും വീട്ടുമുറ്റത്ത് ആളുകൾ കൂടിത്തുടങ്ങിയിരുന്നു. 

വണ്ടി കണ്ടതും കൈയിലെ പാത്രം നിലത്തെറിഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ട് ലക്ഷ്മി ഉമ്മറത്തേക്കോടി. പിൻസീറ്റിൽ നിന്ന് ചലനമറ്റ കുമാരനെ വാർഡ്മെമ്പറും നാട്ടുകാരും ചേർന്ന് പുറത്തിറക്കി. ഡ്രൈവർ സഞ്ചിയും തിരിച്ചറിയൽരേഖകളും വാർഡ്മെമ്പറെ ഏൽപ്പിച്ചു. നാല് കുരുന്നുകണ്ണുകൾ ഉമ്മറവാതിലിൽ അന്ധാളിപ്പോടെ നോക്കിനിൽക്കുന്നുണ്ടായിരുന്നു.

ചടങ്ങുകൾ കഴിഞ്ഞു. കാണികൾ പിരിഞ്ഞു. നോവിൻ്റെ കണ്ണീർക്കണങ്ങൾ ആ വീട്ടുമുറ്റത്ത് പറ്റിപ്പിടിച്ചു. അടുക്കളയിൽ തിളച്ചുമറിയുന്ന പാൽപ്പായസത്തിൻ്റെ മരണത്തിൻ്റെ ഗന്ധം. ലക്ഷ്മി മക്കളേയും പുണർന്ന് നിശ്ചലമായി നിന്നു.

കാലം കടന്നുപോയി. സമരം കൊടുമ്പിരികൊണ്ടു. പുതിയനിയമം പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായി. കർഷകസമരം അവസാനിച്ചു. അതിനിടയിൽ അനേകം കുമാരന്മാരും ലക്ഷ്മിമാരും കുഞ്ഞുങ്ങളുമുണ്ടായി. 

വീണ്ടുമൊരു വിഷുക്കാലം വന്നു. വിഷുപ്പക്ഷിപാടി. അമ്പലക്കാട്ടിലും തൊടികളിലും കൊന്നകൾ പൂത്തു. ലക്ഷ്മി മക്കളെയുമുണർത്തി അവരുടെ കണ്ണടച്ചുപിടിച്ച് മുനിയുന്ന ചിമ്മിനി വിളക്കിൻ്റെ വെട്ടത്തിൽ തൊടിയിലേക്ക് നടന്നു. കുമാരൻ്റെ ചിതയെരിഞ്ഞിടത്ത് ചെന്നുനിന്നു. മക്കളുടെ കൺത്തുറന്നു. അവർക്കുമുന്നിൽ അച്ഛൻ്റെ അസ്ഥിമാടം. അതിനടുത്തുനിന്ന് ഒരുപിടി മണ്ണെടുത്ത് ലക്ഷ്മി രണ്ടു പേർക്കുമായി കൊടുത്തു.

"ദ്, അച്ഛൻ്റെ കൈനീട്ടാണ്...ദ്ന്ന് ങ്ങ്ള് പൊന്നുവെളയിക്കണം.... ഇനിള്ള നമ്മടെ വിഷുക്കണി ഇവിടാണ്..."

ലക്ഷ്മി മക്കളേയും ചേർത്തുപിടിച്ചുകൊണ്ട് അസ്ഥിമാടത്തിനോട് ചേർന്നിരുന്നു. എങ്ങുനിന്നോ ഒരു വെളുത്ത കോളാമ്പിപ്പൂ പറന്നുവന്ന് അസ്ഥിമാടത്തിന് മുകളിൽ വീണു. അത് ചെറുക്കാറ്റിൽ അസ്ഥിമാടത്തിൽ നിന്ന് ലക്ഷ്മിയുടെ മടിത്തട്ടിലേക്ക് നിപതിച്ചു. ലക്ഷ്മിക്ക് അപ്പോൾ ആരോ തന്നെ ചേർത്തുപിടിക്കുന്നതായി തോന്നി.... അവൾ അടുത്ത വിഷുക്കാലത്തിനായി, വിഷുക്കണിക്കായി കാത്തിരിപ്പ് ആരംഭിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക