Image

ഒരേ തൂവല്‍ പക്ഷികള്‍ (ചെറുകഥ: ചിഞ്ചുതോമസ്) 

ചിഞ്ചുതോമസ് Published on 15 March, 2023
ഒരേ തൂവല്‍ പക്ഷികള്‍ (ചെറുകഥ: ചിഞ്ചുതോമസ്) 

സ്വര്‍ണ്ണ നിറത്തില്‍ നീളന്‍ തലമുടിയുള്ള നസീബ എന്ന സിറിയന്‍ സുന്ദരിയെ ഞാന്‍ എന്റെ വീട്ടിലേക്ക് ചായക്ക്  ക്ഷണിച്ചു. അവള്‍ അതികാലേ വീടിന്റെ വാതിലില്‍ മുട്ടി.  ഞാന്‍ ചായയുണ്ടാക്കി ബാക്ക്യാര്‍ഡില്‍ ചെന്നിരുന്നു. പുലര്‍ച്ചയില്‍ കേള്‍ക്കാറുള്ള ജീവജാലങ്ങളുടെ ഇമ്പ ഗാനങ്ങള്‍ കൂടാതെ  പെണ്‍കിളിയെ വളച്ചെടുക്കാനുള്ള ആണ്‍കിളിയുടെ തത്രപ്പാട് എന്നില്‍ കൗതുകം ഉണ്ടാക്കി. പിണങ്ങി മാറി പറന്നു പോകുന്ന പെണ്‍കിളിക്കു പിന്നാലെ കുസൃതിയില്‍ ചാലിച്ച  ശൃംഗാര ഗാനമായി ആണ്‍കിളി. എന്ത് മനോഹരമായ കാഴ്ച്ചയാണത്!  എന്നാല്‍ സന്തോഷം തോന്നിക്കേണ്ട ആ കാഴ്ച്ച നസീബയില്‍ നഷ്ട്ടപ്രഭ ചൊരിഞ്ഞതേയുള്ളൂ.

നസീബയെ ഞാന്‍ ആദ്യമായി കാണുന്നത് ജിമ്മില്‍ വെച്ചാണ്. വ്യായാമം ചെയ്യുമ്പോഴും അവളുടെ മുഖവും കൈവിരലുകളും മാത്രമേ പുറത്തു കാണുമായിരുന്നുള്ളൂ. അവളുടെ വിശ്വാസപ്രകാരം  അവള്‍ വസ്ത്രം ധരിച്ചു. ഞങ്ങള്‍ എങ്ങനെ മിണ്ടിത്തുടങ്ങി എന്ന് ചിന്തിച്ചാല്‍, അവള്‍ എന്നെ കുറിച്ചുള്ള കുറ്റമായിരുന്നു ട്രെയ്‌നറിനോട് പറഞ്ഞിരുന്നത്. 'ആ പെണ്ണിന് അത്രയുമൊക്കെ ചെയ്യാന്‍ പറ്റുമായിരിക്കും , പക്ഷേ ബാക്കി എല്ലാവര്‍ക്കും കൂടി പറ്റുന്നപോലെയുള്ള റെപ്പറ്റിഷന്‍സ് മതി' എന്നവള്‍ പറഞ്ഞു എന്ന് ട്രെയ്‌നര്‍ പറഞ്ഞു ഞാന്‍ അറിഞ്ഞു. (She can do this much repetitions but consider other girls capacities too). 
പിന്നെ പിന്നെ ഞങ്ങള്‍ പരസ്പരം നോക്കി തുടങ്ങി. പിന്നെ എങ്ങനെയോ മിണ്ടി തുടങ്ങി. 

അവള്‍ അഴിഞ്ഞുപോകാറായ ശിരോവസ്ത്രം വൃത്തിക്ക് ഇടാന്‍ വേണ്ടി  ഊരിയ സമയമാണ്  അവളുടെ സ്വര്‍ണ്ണ തലമുടി ഞാന്‍ കണ്ടത്.  എനിക്ക് അതൊരുഅത്ഭുതമായിരുന്നു. വെള്ളക്കാരില്‍ കാണുന്ന മുടിയൊന്നുമല്ല. തനി തങ്കം പോലെ ഇടതൂര്‍ന്ന ചുരുളന്‍ മുടി. പുസ്തകത്തില്‍ വായിച്ചിട്ടുള്ള സ്വര്‍ണ്ണ തലമുടിയുള്ള പെണ്‍കുട്ടി എന്റെ മുന്നില്‍!

അന്നവള്‍ക്ക് പ്രായം മുപ്പത്തിയാറ് വയസ്സായിരുന്നു. എന്നേക്കാള്‍ രണ്ടുവയസ്സ് കൂടുതല്‍. അന്നവള്‍ പതിനെട്ടും പതിനഞ്ചും വയസ്സുള്ള ആണ്‍കുട്ടികളുടെ അമ്മയാണ് എന്ന് ഞാന്‍ അറിഞ്ഞു. എന്റെ മകന് അന്ന് മൂന്ന് വയസ്സായിരുന്നു. 

അവളുടെ നാടായ സിറിയയില്‍ ബോംബ് വീഴ്ച്ചയില്‍ എല്ലാം തകര്‍ന്നിരുന്നു. അതില്‍ അവളുടെ വീടും ഉള്‍പ്പെട്ടു. അവളുടെ പിതാവ് മരിച്ചു. അമ്മയും സഹോദരങ്ങളും മാത്രം ഉണ്ടായിരുന്നു. ആര്‍ക്കും ബാധ്യതയാകരുത് എന്നവള്‍ ചിന്തിച്ചിരുന്നു. അവള്‍ ദുബൈയില്‍ ഒരു സ്റ്റോര്‍ മാനേജറായി ജോലി നോക്കി. അവള്‍ ഒരു വയസ്സന്‍ അറബിയുടെ ഭാര്യയായിരുന്നു. ദുബായിലേക്ക് ചേക്കേറാന്‍ പ്രായ വ്യത്യാസം നോക്കാതെ നടത്തിയ വിവാഹമായിരുന്നു അത്. അവളുടെ പതിനേഴാം വയസ്സില്‍ നടന്ന വിവാഹം. അന്ന് അവളുടെ ഭര്‍ത്താവിന് അമ്പത്തിയഞ്ചു വയസ്സും. ഒരിക്കല്‍ അയാള്‍ അവളെ മൊഴി ചൊല്ലിയാലും ദുബൈയില്‍ തന്നെ തുടരാനായിരുന്നു അവള്‍ ജോലി ചെയ്തിരുന്നത്. ഭര്‍ത്താവിന് ഇഷ്ട്ടമായിരുന്നില്ല അവള്‍ ജോലിക്ക് പോകുന്നത്. അതിന്റെ പേരില്‍ എപ്പോഴും വഴക്കുതന്നെയായിരുന്നു.

ഒരിക്കല്‍ അവള്‍ ജിം നടത്തിപ്പുകാരോട് പെണ്ണുങ്ങള്‍ക്കായുണ്ടായിരുന്ന പഴയ  ട്രെയിനിങ് മുറി മാറ്റിയതിനെക്കുറിച്ച് പറഞ്ഞു കലഹിച്ചു. ചുറ്റിനും ഗ്ലാസ്സ് വെച്ച മുറിയായിരുന്നു പുതിയത്.

ഈ മുറിക്ക് എന്താ പ്രശ്‌നമെന്ന് അവളോട് ഞാന്‍ തിരക്കി. അപ്പോള്‍ അവള്‍ പറഞ്ഞ മറുപടി എന്നെ അത്ഭുതപ്പെടുത്തി. 'മറ്റുള്ളവര്‍ നമ്മളെ കാണും അതില്‍ പുരുഷന്മാര്‍ ഉണ്ടാകും. ഞാന്‍ സ്‌നേഹിക്കുന്ന ആള്‍ അല്ലാതെ മറ്റാരും എന്നെ കാണുന്നത് എനിക്ക് ഇഷ്ട്ടമല്ല' എന്നവള്‍ പറഞ്ഞു. 

പുതിയ മുറിയില്‍ ശിരോവസ്ത്രം അഴിയുമ്പോള്‍ അവള്‍ അസ്വസ്ഥയായി. ആരും കാണാത്ത ഇടത്ത് പോയി അവള്‍ അത് ശെരിയാക്കി വെച്ചു.

നിനക്ക് സന്തോഷമാണോമൂടി പുതച്ച് നടക്കാന്‍? ഞാന്‍ ചോദിച്ചു.

'പിന്നല്ലാതെ . തലയില്‍ തുണി ഇട്ടില്ല എങ്കില്‍ കൂടി എനിക്ക് വസ്ത്രം ഇടാത്ത പോലെ ആണ് '. 
അവളുടെ ഉത്തരം എന്റെ അതുവരെ ഉണ്ടായിരുന്ന ചിന്താഗതിയില്‍ മാറ്റം വരുത്തി.

അവര്‍ ആ വസ്ത്രത്തില്‍ സന്തോഷവതികളല്ല  എന്ന് ആര് പറഞ്ഞു? , ഞാന്‍ ചിന്തിച്ചു. അവര്‍ ആ വസ്ത്രത്തില്‍ സന്തോഷവതികളാണ്. അതവര്‍ക്ക് കൂടിയേ തീരൂ.  എന്നാല്‍ ചിലര്‍ക്ക് അത്  സന്തോഷമായിരിക്കില്ല. പക്ഷേ അങ്ങനെ സന്തോഷമില്ലാത്തവരെ ഈ നാട്ടില്‍ ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ടായിരുന്നില്ല താനും. ദുബൈയില്‍ വന്നതിന് ശേഷം എനിക്കും നീളന്‍ വസ്ത്രങ്ങളോട് പ്രിയം കൂടി വന്നിരുന്നു.

ആ സിറിയക്കാരിയുമായി എന്റെ ചങ്ങാത്തം വളര്‍ന്നു. ജിമ്മില്‍ പോയിരുന്ന രണ്ട് മണിക്കൂര്‍   പരിചിതമല്ലാത്ത ലോകങ്ങളെ ഞങ്ങള്‍ പരസ്പരം പരിചയപ്പെടുത്തി. അവളുടെ ഓഫീസില്‍ മലയാളി പയ്യന്മാര്‍ ഉണ്ടെന്ന് അവള്‍ എന്നോട് പറഞ്ഞു.  അവരൊക്കെ വലിയ ഫലിതങ്ങള്‍ പറയാറുണ്ടത്രേ. മലയാളി പയ്യന്മാര്‍ക്ക് ആകര്‍ഷണം കൂട്ടുന്നത് അവരുടെ ഫലിതങ്ങള്‍ ആണ്. ആരാ നിന്നെ വീഴ്ത്തിയ ആ മലയാളി ചെറുക്കന്‍ ?, എന്ന് ഞാന്‍ ഒരു തല്ലുകൊള്ളി ചോദ്യമങ്ങു ചോദിച്ചു. അവള്‍ അതിന് ഉത്തരം പറഞ്ഞില്ല എന്നുള്ളത് എന്നെ ചിന്തിപ്പിച്ചു.

ആ ഇടയ്ക്ക്  ജിമ്മില്‍ ഒരു പുരുഷന്‍ കയറി വന്ന് അയാളുടെ ഭാര്യയെ അസഭ്യം പറഞ്ഞിട്ട് പോയത് പരക്കേ വാര്‍ത്തയായിരുന്നു. അയാളോട് പറയാതെ രഹസ്യമായിയായിരുന്നു അവള്‍ ജിമ്മില്‍ വന്നിരുന്നത്. അവള്‍ക്ക്  അയാള്‍ ഡിവോഴ്‌സ് കൊടുത്തതറിഞ്ഞ് ഞാനും നസീബയും ആറ് കുട്ടികളുടെ അമ്മയായ ആ സ്ത്രീയെ സമാധാനിപ്പിക്കാന്‍ ചെന്നു. ആ സ്ത്രീ വിഷമിച്ച് ദിവസങ്ങള്‍ കഴിച്ചുകൂട്ടുന്നു എന്ന് കരുതിയ ഞങ്ങള്‍ ' ആ മാരണം തലയില്‍നിന്ന് ഒഴിഞ്ഞു പോയപ്പോഴാണ് സമാധാനമായത് ' എന്നുള്ള വര്‍ത്തമാനവും 'ഇനി സമാധാനമായി എവിടെവേണമെങ്കിലും പോകാം' എന്ന അവളുടെ ആശ്വാസ വാക്കുകളും ഞങ്ങളില്‍ പൊട്ടിച്ചിരി ഉണര്‍ത്തിയിരുന്നു.

കൊറോണ അന്തരീക്ഷത്തില്‍ വ്യാപരിച്ചപ്പോള്‍ ഉണ്ടായ ഭീതി ജിമ്മിലേക്കുള്ള ഞങ്ങളുടെ സൈ്വര്യവിഹാരം തടസ്സപ്പെടുത്തി. പിന്നെ എന്റെ താമസം ആ സ്ഥലത്തുനിന്ന്  മാറി. 

അങ്ങനെ നസീബയെ പിന്നെ കാണുന്നത് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറമാണ്.

'നിന്റെ സ്വഭാവത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലല്ലോ' എന്നവള്‍ എന്നെ കണ്ടപ്പോഴേ പറഞ്ഞിരുന്നു.
ഞങ്ങള്‍ ബാക്ക്യാര്‍ഡിലിരുന്ന് ചായ കുടിച്ചു. 

നസീബയുടെ സുഖവിവരങ്ങള്‍ ഞാന്‍ അന്വേഷിച്ചു. കേരളത്തില്‍ പോയാല്‍ കൊള്ളാമെന്നുണ്ട് എന്നവള്‍ പറഞ്ഞു.

അവിടെ പോയിട്ട് എന്തിനാ ? ഞാന്‍ ചോദിച്ചു. ആ ചോദ്യം ഉത്തരം പ്രതീക്ഷിച്ചുകൊണ്ടായിരുന്നില്ല ചോദിച്ചത്.  

ഞങ്ങള്‍ സുഹൃത്തുക്കളാണ്. അവളുടെ സ്വഭാവം ഞാന്‍ മനസ്സിലാക്കിയിരുന്നു. ശിരോവസ്ത്രം പോലും വ്യായാമ സമയത്ത് മാറ്റാറില്ലാത്തവള്‍ , വ്യായാമത്തിനായി  ഒരുക്കിയ ഗ്ലാസ്സ് മുറിയില്‍ കര്‍ട്ടന്‍ ഇടാന്‍ വഴക്കുണ്ടാക്കിയവള്‍, അവള്‍ക്ക്  തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങള്‍ തീര്‍ത്തും വ്യക്തിപരമായിരുന്നു   എന്നെനിക്ക് മനസ്സിലായിരുന്നു.  അതൊക്കെ എനിക്ക് മനസ്സിലാകും എന്നവള്‍ക്കും അറിയാം. 

പാറി നടന്ന് ഉമ്മ വെക്കുന്ന ഈച്ചകളും,  പിണങ്ങി മാറി എങ്കിലും ആണ്‍കിളികളുടെ അടുത്തു തന്ന പിന്നെയും  പറന്നുവന്നിരിക്കുന്ന പെണ്‍കിളികളും , കൂടുകൂട്ടാന്‍ ചുള്ളിക്കമ്പുകള്‍ തിരയുന്ന കിളികളും, കുരച്ചുകൊണ്ട് സന്ദേശങ്ങള്‍ കൈമാറുന്ന അയല്‍പക്കക്കാരായ നായ്ക്കളും, ആരില്‍ നിന്നോ  ഗര്‍ഭം പേറിയ നിറവയറികളായ കള്ളിപ്പൂച്ചേ എന്ന് സ്ഥിരമായി വിളിക്കപ്പെടുന്ന പൂച്ചകളും, മണ്ണിലെ നനവും എന്നില്‍ ഉന്മേഷം നല്‍കിയിരുന്നു എങ്കില്‍ നസീബയില്‍ ഉണ്ടായിരുന്ന വിരഹം ഇരട്ടിപ്പിച്ചിരുന്നു.

പ്രകൃതിയുടെ  ഒരേ കാഴ്ച്ചകള്‍ രണ്ട് സ്ത്രീകളില്‍ വരുത്തിയത്  രണ്ടുതരം ഭാവങ്ങളായിരുന്നു എങ്കിലും അവ പ്രണയത്താല്‍ കെട്ടപ്പെട്ടവയായിരുന്നു. 

നസീബ ചായ കുടിച്ചിട്ട്  ജോലിക്ക് പോകാന്‍ ധൃതിപ്പെട്ടു.

ഇനിയും വരണം , ഞാന്‍ പറഞ്ഞു. 

നീ വിളിക്കേണ്ടുന്ന താമസം.

ഞങ്ങള്‍ പരസ്പരം ആശ്ലേഷിച്ചു. അവളുടെ കാര്‍ മറയുന്നതുവരെ ഞങ്ങള്‍ കൈയാട്ടി യാത്ര പറയുന്നുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക