StateFarm

അമ്മ ; അമ്മായിഅമ്മ ( റൂബിയുടെ ലോകം: റൂബി എലിസ )

Published on 18 March, 2023
അമ്മ ; അമ്മായിഅമ്മ ( റൂബിയുടെ ലോകം: റൂബി എലിസ )

അമ്മായിയമ്മയെ സ്വന്തം അമ്മയായി കരുതി സ്നേഹിക്കാൻ കഴിയുന്ന എത്ര പെൺകുട്ടികൾ ഉണ്ട്?
സോഷ്യൽ മീഡിയയിൽ പലരും പല ഗ്രൂപ്പുകളിലും ചോദിക്കുന്ന ചോദ്യങ്ങൾ ആണ് ഇത്.
അമ്മായിയമ്മ മരുമകളെ മകളായി സ്നേഹിച്ചാൽ തിരിച്ചു ആ സ്നേഹം ഉണ്ടാകും.
പലരും പറഞ്ഞ മറുപടി അതായിരുന്നു.

സ്നേഹം സ്നേഹം സ്നേഹം എന്താണ് സ്നേഹം?
ഒരു പെൺകുട്ടിയെ മകന് വേണ്ടി തിരഞ്ഞെടുക്കുമ്പോൾ മുതൽ ഒരു സ്ത്രീയുടെ ഉള്ളിൽ അവൾ തന്റേത് കൂടി ആണെന്ന് കരുതാൻ സാധിക്കണം.
അവൾക്കു വിലയിടാൻ ശ്രമിക്കുമ്പോൾ വിലയിടിഞ്ഞു പോകുന്നത് സ്വന്തം മകനാണ്.
അവളെ വീട്ടിലേക്ക് കൊണ്ടു വന്നതിനു ശേഷം അവളെ സ്വന്തമായി കരുതിയാൽ അവൾക്കു എന്തു കുറവുകൾ ഉണ്ടെങ്കിലും അവളെ കുറ്റപ്പെടുത്താതെ അവളെ ആ വീട്ടിലെ ചിട്ട വട്ടങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ആ അമ്മക്ക് കഴിയണം.

അവൾ ജീവിച്ച പശ്ചാത്തലം ആയിരിക്കില്ല ഭർത്താവിന്റെ കുടുംബം.
അവളുടെ വീട്ടുകാരെ ബഹുമാനിക്കുവാനും ആദരിക്കുവാനും അമ്മക്ക് കഴിഞ്ഞിരിക്കണം.
അവളുടെ അച്ഛനെയും അമ്മയെയും സ്നേഹിക്കുവാനുംബഹുമാനിക്കുവാനും മകനെ പറഞ്ഞു മനസ്സിലാക്കണം.
മകനും ഭാര്യക്കും സ്വതന്ത്രമായി സംസാരിക്കുവാനും യാത്ര ചെയ്യുവാനും അവസരമൊരുക്കുക.
ഇത്രയും ആയാൽ തന്നെ അവർ നല്ലൊരു അമ്മായിയമ്മ ആയി.

പക്ഷേ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?
പെൺകുട്ടിയെ കാണാൻ ചെല്ലുമ്പോൾ അമ്മക്കും മകനും ഇഷ്ടമായാലും ഇനി മാമന്മാരും അമ്മായിമാരും കൂടി വന്നു കാണട്ടെ?
അവർക്ക് കൂടി ഇഷ്ടമായാൽ സ്ത്രീധനത്തിന് വേണ്ടി കണക്കു പറച്ചിൽ.
ഇതൊക്കെ കേട്ട് പെൺകുട്ടിയുടെ മനസ്സിൽ അവരോടുള്ള ബഹുമാനം നഷ്ടമായി തുടങ്ങും.
അവരുടെ വീട്ടിലേക്ക് ചെന്നുകയറിയാൽ സദ്യ മോശമായത് പോലും പെൺകുട്ടിയുടെ കുഴപ്പം കൊണ്ടാണെന്ന മട്ടിലുള്ള സംസാരം.
കല്യാണസാരിയെ കുറ്റം പറച്ചിൽ.
ഇതൊക്കെ കണ്ടില്ല കേട്ടില്ല എന്നു വിചാരിച്ചു പെൺകുട്ടികൾ മുമ്പോട്ട് പോയാലും അടുക്കള കാണാൻ വന്നപ്പോൾ അച്ചപ്പവും കുഴലപ്പവും കൊണ്ടു വന്നത്
ബന്ധുമിത്രാദികൾക്ക് കൊടുക്കാൻ തികഞ്ഞില്ലെന്നു പറഞ്ഞുള്ള പരിഹാസം.

ഒരിടത്തും പോയി പെണ്ണ് ശരിയാകാതിരുന്ന മകന് നൂറു ആലോചന വന്നിട്ടും അതെല്ലാം വേണ്ടെന്നു വെച്ചിട്ട് ആണ് നിന്നെ കെട്ടിയത് ഞങ്ങളുടെ ഔദാര്യം എന്ന് പറയുന്നത് കൂടി കേൾക്കുമ്പോൾ സ്വാഭാവികമായും പെൺകുട്ടികൾക്ക് അവരോടു മാനസികമായ അകൽച്ച തോന്നി തുടങ്ങും.
അവളുടെ വീട്ടിൽ മകനോടൊപ്പം ഒരു രാവിൽ അധികം തങ്ങിയാൽ അച്ചിവീട്ടിൽ പൊറുതി തുടങ്ങി എന്നു പറഞ്ഞു ചന്ദ്രഹാസം ഇളക്കുമ്പോൾ മുതൽ മകന് ഭാര്യവീട് അന്യമായി തുടങ്ങും.
അവളുടെ വീട്ടുകാർ അവരുടെ വീട്ടിൽ വരുമ്പോൾ കാണിക്കുന്ന അവഗണന അവൾക്കു നിരാശ ഉളവാക്കുന്നു.

മകനോടൊപ്പം പുറത്തേക്ക് പോകുമ്പോൾ പല്ലുകടിക്കുകയും മകൻ ഭാര്യയോടൊപ്പം അൽപ്പം സമയം സൊറപറഞ്ഞിരിക്കുമ്പോൾ അവനെ വഴക്ക് പറയുകയും ചെയ്യുമ്പോൾ ഏതു പെൺകുട്ടിക്കാണ് അവരെ സ്നേഹിക്കാൻ കഴിയുക.
അവരുടെ ആരോഗ്യ സമയത്തു നിങ്ങൾ ആരുമില്ലെങ്കിലും എനിക്ക് തനിച്ചു ജീവിക്കാൻ അറിയാം എന്ന് പോര് വിളിക്കുകയും അവസാനം ആരോഗ്യം നശിക്കുമ്പോൾ മാത്രം മരുമകൾ കൂടെ ഉണ്ടാകാൻ അവർ ആശിക്കുമ്പോൾ ഏതു മരുമകൾക്ക് ആണ് അവരോടു സഹതാപം തോന്നുക?

ഇനി തന്റെ കടമ പൂർത്തിയാക്കാൻ അവന്റെ മാതാപിതാക്കളെ അവർ ചെയ്ത എല്ലാ ദ്രോഹങ്ങളും മറന്നു അവരെ പരിചരിക്കണമെങ്കിൽ അയാൾക്ക് ഭാര്യവീടിനോട് പുച്ഛം
അവളുടെ മാതാപിതാക്കളോട് പുച്ഛം
അവളുടെ ബന്ധു മിത്രാധികളോട് പുച്ഛം.

തന്നോട് സ്നേഹമില്ലാത്ത ഭർത്താവിന്റെ അമ്മയെ സ്നേഹിക്കാനും പരിചരിക്കുവാനും എങ്ങനെ അവൾക്കു മനസ്സു വരും?
സ്നേഹം ഹൃദയത്തിൽ നിന്ന് വരേണ്ടതാണ്.
അതു പതിയെ പതിയെ പടർന്നു കയറണം.
അതു ഒരു വ്യക്തി വിചാരിച്ചത് കൊണ്ടു മാത്രം സാധിക്കുകയില്ല.... ഈ

പോസ്റ്റ് പലർക്കും ഇഷ്ടപ്പെടാൻ സാധ്യമല്ല... എല്ലാവരും അല്ല കുറച്ചുപേരെങ്കിലും.. പല വീടുകളിലും ആരും അറിയുന്നില്ല എന്ന് മാത്രം... മറ്റുള്ളവരുടെ മുന്നിൽ വലിയ ഫോസ് കാണിച്ച് നിൽക്കും...  ചിലർക്കെങ്കിലും അനുഭവിച്ചവർ ഉണ്ടാവും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക