Image

എം.എൻ . ഗോവിന്ദൻ നായർ; കരുത്തനായ യഥാർത്ഥ കമ്യൂണിസ്റ്റ് : എസ്. ബിനുരാജ്

Published on 18 March, 2023
എം.എൻ . ഗോവിന്ദൻ നായർ; കരുത്തനായ യഥാർത്ഥ കമ്യൂണിസ്റ്റ് : എസ്. ബിനുരാജ്

"എനിക്കെതിരെ കൈയുയര്‍ത്താന്‍ എങ്ങനെ മനസു വന്നു" എന്ന് നിയമസഭയില്‍ ഇ എം എസിന്റെ മുഖത്ത് നോക്കി ചോദിക്കുമ്പോള്‍ എം എന്‍ ഗോവിന്ദന്‍ നായരുടെ കണ്ണ് നിറഞ്ഞിരുന്നു. കരുത്തനായ കമ്മ്യൂണിസ്റ്റിന്റെ കണ്ണ് നനയുന്നത് മറ്റ് സഭാംഗങ്ങള്‍ക്ക് വിശ്വസിക്കാന്‍ പോലുമായില്ല.

പൊലീസിനെ വെട്ടിച്ച് നടക്കുമ്പോഴും എവിടെയെങ്കിലും നടക്കുന്ന പൊതുയോഗങ്ങളില്‍ മിന്നല്‍ പോലെ എം എന്‍ പ്രത്യക്ഷപ്പെടും. തീപ്പൊരി പോലെയുള്ള പ്രസംഗവും നടത്തി ആള്‍ക്കൂട്ടത്തിനിടയിലേക്ക് മറയും. നാഗര്‍കോവിലിലെ ആശുപത്രി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്ന് വരെ ചാടിപ്പോയ എം എന്ന് പൊലീസിന്റെ കണ്ണ് വെട്ടിക്കാന്‍ അസാമാന്യ വിരുതുണ്ടായിരുന്നുവെന്ന് തോപ്പില്‍ ഭാസി തന്റെ ആത്മകഥയായ ഒളിവിലെ ഓര്‍മ്മകളില്‍ പറയുന്നുണ്ട്.

അത് മാത്രമായിരുന്നില്ല എം എന്‍. സഖാവ് കൃഷ്ണപിള്ള എറിഞ്ഞ വിത്തിനെ വെള്ളവും വളവും നല്‍കി  ഒരു വടവൃക്ഷമാക്കുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കേരളത്തില്‍ അധികാരത്തില്‍ എത്തിക്കുകയും ചെയ്ത അനിഷേധ്യനായ പാര്‍ട്ടി സെക്രട്ടറിയായിരുന്നു എം എന്‍.

ആ എം എന്റെ മുഖത്ത് നോക്കിയാണ് നിങ്ങള്‍ അഴിമതിക്കാരനെന്ന് ഇ എം എസ് പറയുന്നത്. 1967ല്‍ താന്‍ നയിക്കുന്ന മന്ത്രിസഭയിലെ അംഗമാണ് എം എന്‍ എന്നത് പോലും ഇ എം എസിന് വിഷയമായിരുന്നില്ല. എന്നാല്‍ എമ്മെന്റെ കണ്ണ് നിറഞ്ഞതിന് കാരണം അതൊന്നുമല്ല. അതിന്റെ കഥ അറിയുന്നതിന് അല്‍പ്പം പുറകോട്ട് പോകണം.

1957ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യമായി അധികാരത്തില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി ആരായിരിക്കണം എന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നു. തിരു -കൊച്ചി സംസ്ഥാനത്ത് പ്രതിപക്ഷ നേതാവായിരുന്ന ടി വി തോമസ് ആയിരുന്നു സ്വാഭാവികമായും പാര്‍ട്ടിയുടെ ചോയിസ്. പക്ഷേ പാര്‍ട്ടി സെക്രട്ടറിയായ എം എന്‍ ഇ എം എസിനെ തന്നെ മുഖ്യമന്ത്രി ആക്കണമെന്ന് വാശി പിടിച്ചു. ഇ എം എസ് അല്ല മുഖ്യമന്ത്രി എങ്കില്‍ താന്‍ പാര്‍ട്ടിയില്‍ നിന്നും രാജി വയ്ക്കുമെന്ന് വരെ എം എന്‍ പറഞ്ഞു. ടി വിയെ താല്‍പര്യമില്ലെങ്കില്‍ അച്യുതമേനോന്‍ മുഖ്യമന്ത്രി ആകട്ടെ എന്ന വാദവും എം എന്‍ അംഗീകരിച്ചില്ല.

ഇ എം എസിന് അപ്പുറം ആരും ഇല്ല എന്ന നിലപാടില്‍ നിന്ന് മാറാന്‍ എം എന്‍ തയ്യാറായില്ല. അദ്ദേഹത്തിന്റെ രാജി ഭീഷണിയില്‍ ആവണം പാര്‍ട്ടി സംസ്ഥാന കമ്മറ്റി വഴങ്ങിയത്.

ഭൂരിപക്ഷം ലഭിച്ചാല്‍ ഇ എം എസിനെ മുഖ്യമന്ത്രി ആക്കണമെന്നത് എം എന്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ തീരുമാനിച്ചിരുന്നു എന്നാണ് എം വി രാഘവന്‍  ഒരു ജന്മം എന്ന തന്റെ ആത്മകഥയില്‍ പറയുന്നത്.

ഇ എം എസിന് പകരം ടിവിയോ അച്യുതമേനോനോ അല്ലെങ്കില്‍ എം എന്‍ തന്നെയോ മുഖ്യമന്ത്രി ആയിരുന്നുവെങ്കില്‍? 

ചരിത്രത്തിന് ചില നിശ്ചയങ്ങളുണ്ട്. അത് ആ വഴിയിലൂടെ മാത്രമേ പോകൂ. ഒരിക്കല്‍ അതില്‍ നിന്നും പുറത്തു പോകുന്നവര്‍ക്ക് മടങ്ങിവരവ് എളുപ്പമല്ല. ഒരിക്കല്‍ കടന്നുകൂടിയവര്‍ അനര്‍ഹര്‍ ആണെങ്കില്‍ പോലും ചരിത്രത്തിലെ അവരുടെ സ്ഥാനത്തെ ഭാവി തലമുറയ്ക്ക് നിഷേധിക്കാനുമാവില്ല.

അന്ന് തനിക്ക് വേണ്ടി പാര്‍ട്ടിയില്‍ നിന്ന് പോലും രാജി വയ്ക്കാന്‍ തയ്യാറായ എം എന്ന് നേരെ കഴമ്പില്ല എന്നറിഞ്ഞിട്ടും ഒരു അഴിമതി ആരോപണം ഉന്നയിക്കാനും അന്വേഷണം പ്രഖ്യാപിക്കാനും ഇ എം എസിന് യാതൊരു മനസ്താപവും ഉണ്ടായില്ല. ഒരു കുറ്റബോധമോ പശ്ചാത്താപമോ ഇല്ലാതെ ഇ എം എസ് അന്ന് സഭയില്‍ ഇരുന്നു. 

സിപിഎം പറഞ്ഞാല്‍ ചെയ്തേ പറ്റൂ. അതാണ് ഇ എം എസ് ചെയ്തത്. അതിന് വേണ്ടി ഇല്ലാത്ത രോഗത്തിന്  ചികിത്സ തേടി നമ്പൂതിരിപ്പാട് ജര്‍മ്മനിയില്‍ പോയി. തിരികെ വന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായി. എം എന്‍ ഗോവിന്ദന്‍ നായരുടെ മരുമകളുടെ ഭര്‍ത്താവായ പി ഗോവിന്ദപ്പിള്ളയെ കൊണ്ട് തന്നെ അഴിമതി ആരോപണം സഭയില്‍ സിപിഎം ഉന്നയിപ്പിച്ചു. പാര്‍ട്ടി പിളര്‍പ്പിന് മുമ്പ് തന്നെ ചൈനാ അനുകൂലികളായ പാര്‍ട്ടി നേതാക്കളോട് എം എന്‍ പുലര്‍ത്തിയിരുന്ന കടുത്ത നിലപാട് സിപിഎം ഓര്‍ത്ത് വച്ചിരുന്നു. ആനപ്പക പോലെ. അത് നീറി നീറി പുറത്തു വന്നത് 1967ല്‍ ആയിരുന്നു.

എന്നാല്‍ 1967 കൊണ്ടും അത് തീര്‍ന്നില്ല. അതിനെക്കാള്‍ വലിയൊരു കെണി സിപിഎം എം എന്ന് വേണ്ടി തയ്യാറാക്കിയിരുന്നു. അത് 1980ല്‍ ആയിരുന്നു. സിപിഎമ്മുമായി സഖ്യത്തിലായി കഴിഞ്ഞ സിപിഐ സ്ഥാനാര്‍ത്ഥി ആയി എം എന്‍ തിരുവനന്തപുരം പാര്‍ലമെന്റ് സീറ്റില്‍ മല്‍സരിച്ചു. നീലലോഹിതദാസന്‍ നാടാര്‍ എന്ന 33 കാരനോട് ഒരു ലക്ഷത്തിലധികം വോട്ടിന്റെ മാര്‍ജിനില്‍ എം എന്‍ തോറ്റു. സിപിഎം വളരെ ആസൂത്രിതമായി കാലുവാരി എന്നത് വ്യക്തമായിരുന്നു. സിപിഎമ്മിന്റെ പ്രതികാരത്തിന്റെ ഒരു വൃത്തം പൂര്‍ത്തിയായി. അതിന് തൊട്ടുമുമ്പ് 1977ല്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് മല്‍സരിച്ചപ്പോള്‍ ഏകദേശം 70,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എം എന്‍ ജയിച്ച മണ്ഡലമായിരുന്നു തിരുവനന്തപുരം.

1947 വരെയുള്ള സംഭവങ്ങള്‍ മാത്രമാണ് എമ്മെന്‍ ആത്മകഥയില്‍ പറയുന്നത്. അതിന് ശേഷമുള്ളവ കൂടി പറഞ്ഞിരുന്നവെങ്കില്‍ കേരള ചരിത്രത്തില്‍ ഇന്ന് ആരാധിക്കപ്പെടുന്ന ചില വിഗ്രഹങ്ങള്‍ ഉടയുമായിരുന്നു. 

1984 നവംബര്‍ 27ന് എം എന്‍ അന്തരിച്ചു.

Photo courtesy: Life magazine archives.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക