Image

ക്രൈസ്തവ എഴുത്തുകാർ (അദ്ധ്യായം 13: നൈനാന്‍ മാത്തുള)

Published on 18 March, 2023
ക്രൈസ്തവ എഴുത്തുകാർ (അദ്ധ്യായം 13: നൈനാന്‍ മാത്തുള)

തിരുത്തലുകൾ നടത്തിയിട്ടുള്ളവർക്ക്, ബൈബിൾ സംശയത്തിന്റെ ജാലകത്തിൽക്കൂടി മാത്രമെ കാണാൻ സാധിക്കുകയുള്ളൂ. അങ്ങനെ ചിന്തിക്കുന്നവരെയും ബൈബിൾ വിശ്വസിക്കാത്ത പണ്ഡിതരെന്ന് അവകാശപ്പെടുന്നവരെയും ഉദ്ധരിച്ച് അവരത് സ്ഥാപിക്കാൻ നോക്കുന്നു. ഒന്നുമറിയാത്ത ജനം എന്തുചെയ്യണമെന്നറിയാതെ മിഴിച്ചു നിൽക്കുന്നു ഇതിനെല്ലാം മറുപടി പറയേണ്ട കാലം വരുന്നുണ്ട്.

മൂലഗ്രന്ഥത്തിലെ തിരുത്തൽ 

വിശ്വവിഖ്യാതനായ ആംഗലേയ സാഹിത്യകാരനായ ഷേക്‌സ്പിയറിന്റെ 'ഒഥല്ലോ' എന്ന കൃതി വായിച്ചതോർമ്മയുണ്ട്. മനുഷ്യമനസ്സിൽ സംശയം കടന്നുകൂടിയാൽ അതു സൃഷ്ടിക്കാവുന്ന നാശനഷ്ടങ്ങളാണ് ഇതിവൃത്തം എന്നു പറയാം. ശത്രുവിന്റെ ഒരു പദ്ധതിയാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ വഴിയായി മനുഷ്യമനസ്സിൽ സംശയങ്ങൾ കുത്തിവയ്ക്കുക എന്നത്. തൽക്കാലത്തേക്കെങ്കിലും ചില കാര്യങ്ങളൊക്കെ അതുമൂലം സാധിച്ചെന്നു വരാം. ''കാലമേറെ ചെല്ലുമ്പോൾ നേര് നീളെ നീളെ'' എന്നാണ് പഴമക്കാർ പറയുന്നത്. ഏതു കാര്യത്തിന്റെയും നിജസ്ഥിതി പുറത്തുവരുന്ന ഒരു ദിവസമുണ്ട്.
മൂലഗ്രന്ഥത്തിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്നു സ്ഥാപിക്കാൻ ഉദാഹരണമായി ഉയർത്തിപ്പിടിക്കുന്ന വാദങ്ങൾ നമുക്കൊന്നു പരിശോധിക്കാം. 

മർക്കൊസിന്റെ സുവിശേഷത്തിലെ തിരുത്തലുകൾ

മർക്കൊസിന്റെ സുവിശേഷമാണ് ആദ്യമായി എഴുതിയതെന്ന് ചിന്തിക്കുന്ന വേദപണ്ഡിതന്മാരുണ്ട്. പൗലോസിന്റെ ലേഖനങ്ങൾ സുവിശേഷങ്ങൾക്കു മുമ്പുതന്നെ എഴുതപ്പെട്ടവയാണെന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
ഒരു ചോദ്യത്തിനു മറുപടി പറഞ്ഞാലും അതു കണ്ടില്ല എന്നു നടിക്കുകയും അതേ ചോദ്യം തന്നെ പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ ജനിപ്പിക്കുകയും ചെയ്യുന്നതായി കാണുന്നു. എണ്ണകൊണ്ട് സമ്പന്നമായ ചില അറേബ്യൻ ഗവൺമെന്റുകളുടെ സഹായത്തോടുകൂടി നടത്തുന്ന കൂട്ടായ പ്രചരണതന്ത്രമാണ് ഇതിനു പുറകിലുള്ളതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ട് ബൈബിളിനെപ്പറ്റിയും പ്രത്യേകിച്ച് പുതിയനിയമത്തെപ്പറ്റിയും അതിലുള്ള സുവിശേഷങ്ങളെപ്പറ്റിയും സാമാന്യമായ അറിവെങ്കിലും സാധാരണ ജനങ്ങൾക്ക് ഉണ്ടായിരിക്കേണ്ടതാണ്.
ആദ്യമായി സുവിശേഷങ്ങളുടെ എഴുത്തുകാരെയും അവരുടെ അധികാരികതയെയും വിശ്വസനീയതയും ഒന്നും പരിശോധിക്കാം. 
സഭയുടെ പാരമ്പര്യമനുസരിച്ച് ക്രിസ്തുശിഷ്യനായ ചുങ്കക്കാരനായ മത്തായി ആണ് മത്തായിയുടെ സുവിശേഷവും, പത്രോസിന്റെ സഹചാരിയായ മർക്കൊസ് പത്രോസിന്റെ ദൃക്‌സാക്ഷി വിവരണത്തിൽ നിന്നും സ്വന്ത അനുഭവത്തിൽ നിന്നും മർക്കൊസിന്റെ സുവിശേഷവും, പൗലോസിന്റെ സ്‌നേഹിതനും വൈദ്യനുമായ ലൂക്കൊസ് ലൂക്കൊസിന്റെ സുവിശേഷവും അപ്പൊസ്‌തോല പ്രവർത്തികളും എഴുതിയെന്നുമാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. യോഹന്നാന്റെ സുവിശേഷം കർത്താവിന്റെ പ്രിയ ശിഷ്യനായ സെബദിയുടെ മകനായ യോഹന്നാൻ എഴുതിയെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ഈ യോഹന്നാൻ തന്നെയാണ് യോഹന്നാന്റെ ലേഖനങ്ങളും വെളിപ്പാട് പുസ്തകവും എഴുതിയതെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. യോഹന്നാന്റെ ലേഖനത്തെപ്പറ്റി ചില പണ്ഡിതന്മാർക്ക് ഭിന്ന അഭിപ്രായമുണ്ട് കാരണം പാപ്പിയസ് എന്ന ക്രിസ്തീയ എഴുത്തുകാരൻ എ.ഡി 125 ൽ അപ്പൊസ്‌തോലനായ യോഹന്നാനെപ്പറ്റിയും മൂപ്പനായ യോഹന്നാനെപ്പറ്റിയും സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് രണ്ടും ഒരാളാണോ അതോ രണ്ടുവ്യക്തികളാണോ എന്ന് ചില വേദപഠിതാക്കൾ സംശയിക്കുന്നു. എന്നാൽ ലേഖനങ്ങളിൽ പലതിലും അപ്പൊസ്‌തോലൻമാർ തങ്ങളെത്തന്നെ മൂപ്പന്മാർ എന്നു സ്വയം പരിചയപ്പെടുത്തുന്നതിനാൽ രണ്ടും ഒരാളുതന്നെയാണെന്നു ചിന്തിക്കുന്നതാണ് ഉത്തമം. ഉദാഹരണമായി പത്രൊസും യോഹന്നാനും തങ്ങളെത്തന്നെ അപ്പൊസ്‌തോലനായും മൂപ്പനായും സ്വയം പരിചയപ്പെടുത്തുന്നുണ്ട്. (1 പത്രൊസ് 1:1, 1 പത്രൊസ് 5:1, 2 യോഹന്നാൻ 1:1, 3യോഹന്നാൻ 1:1 ) പാപ്പിയസിന് അപ്പൊസ്‌തോലനായ യോഹന്നാനെ നേരിട്ടറിയാമായിരുന്നു.
യോഹന്നാന്റെ സുവിശേഷത്തിലെ അവസാന വാക്യത്തിന്റെ രൂപഭംഗി മറ്റുവാക്യങ്ങളുമായി വ്യത്യസ്തമെന്നു പണ്ഡിതന്മാർ എന്ന് അവകാശപ്പെടുന്ന ചിലർക്കുതോന്നിയതുകൊണ്ട് അത് പിന്നീട് ആരോ കൂട്ടിച്ചേർത്തതാണെന്ന് ചിലർ വാദം ഉന്നയിച്ചിട്ടുണ്ടെന്നുള്ളത് ശരിയാണ്. ഇതെല്ലാം ചിലരുടെയൊക്കെ തോന്നലുകളുടെ അടിസ്ഥാനത്തിലോ സ്വയം പണ്ഡിതരെന്നു സ്ഥാപിക്കാനുള്ള വ്യഗ്രതയിലോ ഇളക്കിവിടുന്ന വാദകോലാഹലങ്ങൾ ആണ്. അന്ന് അംഗീകരിക്കപ്പെട്ടിരുന്നതായ എഴുത്തിന്റെ രീതികളെപ്പറ്റിയോ, സാഹചര്യത്തെപ്പറ്റിയോ സഭാ പാരമ്പര്യത്തെപ്പറ്റിയോ ഉള്ള അജ്ഞതയാണ് ഇങ്ങനെയുള്ള തോന്നലുകൾക്ക് കാരണം. മോശയുടെ മരണം മോശതന്നെ എങ്ങനെയാണ് രേഖപ്പെടുത്തുന്നത്. അതുകൊണ്ട് മോശയല്ല പുസ്തകങ്ങൾ എഴുതിയത് എന്ന വാദം പോലെയാണിത്. മോശയുടെ മരണം ഒരു എഡിറ്റർ അവസാന വാക്യം എഡിറ്റുചെയ്തുവെന്നിരിക്കാം. എങ്കിൽ പോലും സുവിശേഷങ്ങളെല്ലാം ദൃക്‌സാക്ഷിവിവരണങ്ങളോ ദൃക്‌സാക്ഷികൾ പറഞ്ഞുകൊടുത്തതോ ആയ വിവരങ്ങളാണ്. അതുകൊണ്ടുതന്നെ അവ വിശ്വസനീയമാണ്. ഖുറാൻ തന്നെയും അതിന്റെ രൂപഭാവ ഭംഗിയിൽ വലിയ അന്തരമുണ്ട്. ഉദാഹരണമായി മെക്കാ സുറകളും മദീന സുറകളും തമ്മിൽ കാര്യമായ അന്തരമുണ്ട്. അതുകൊണ്ട് അത് പ്രവാചകനായ മുഹമ്മദിന്റെ ആശയങ്ങൾ അല്ല എന്നു പറയരുതോ?
പാപ്പിയസ് എന്ന ക്രിസ്തീയ എഴുത്തുകാരൻ എ.ഡി 125-ൽ മർക്കൊസിന്റെ സുവിശേഷം എഴുതിയിരിക്കുന്നത് പത്രൊസിന്റെ ദൃക്‌സാക്ഷിവിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതുപോലെതന്നെ മത്തായിയും യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ രേഖപ്പെടുത്തിയതായി പാപ്പിയസ് സാക്ഷ്യപ്പെടുത്തുന്നു. എ.ഡി 180 ൽ ഐറേനിയസ് സാക്ഷ്യപ്പെടുത്തിയത് പൗലോസും പത്രൊസും റോമിൽ സുവിശേഷം അറിയിക്കുന്ന സമയത്ത് മത്തായി തന്റെ സുവിശേഷം യഹൂദന്മാരുടെ ഇടയിൽ പ്രസിദ്ധീകരിച്ചതായും, അവർ റോമിൽ നിന്ന് പോയശേഷം പത്രൊസിന്റെ ശിഷ്യനും പരിഭാഷകനുമായ മർക്കൊസ് തന്റെ സുവിശേഷം പത്രൊസിന്റെ പ്രസംഗങ്ങളിൽ നിന്നും എഴുതിയതായും, പൗലോസിന്റെ ശിഷ്യനായ ലൂക്കൊസ് , ലൂക്കൊസിന്റെ സുവിശേഷം എഴുതിയതായും ക്രിസ്തുവിന്റെ ശിഷ്യനായ യോഹന്നാൻ താൻ എഫേസോസിൽ താമസിക്കുമ്പോൾ യോഹന്നാന്റെ സുവിശേഷം എഴുതിയതായുമാണ്. (Ref. Case of Christ by Lee Stroble)
മർക്കൊസിന്റെ സുവിശേഷം എഴുതിയ കാലഘട്ടം ഏ.ഡി 70 കളിലാണെന്ന് അക്ബർ പറയുന്നതിനോട് ഭൂരിപക്ഷം പണ്ഡിതന്മാരും യോജിക്കുന്നില്ല. ഒരു വ്യക്തിയുടെ അഭിപ്രായത്തോടു ചുരുക്കം ചിലർ യോജിച്ചതിന്റെ അനന്തരഫലമാണ് ഈ വാദകോലാഹലങ്ങളെല്ലാം. വാദത്തിനുവേണ്ടി ഇവരുടെ വാദഗതിയായ മർക്കൊസ് 70 കളിലും മത്തായിയും ലൂക്കൊസും 80കളിലും യോഹന്നാൻ 90കളിലും എഴുതി എന്നു സമ്മതിച്ചാൽ തന്നെയും (ഏ.ഡി. 70ൽ നടന്ന യരുശേലേം ദേവാലയത്തിന്റെ നാശം ഇതിലൊന്നും രേഖപ്പെടുത്തിയിട്ടില്ല എന്നോർക്കണം) അതു ക്രിസ്തുവിന്റെ ജീവിതത്തിനും മരണത്തിനും ദൃക്‌സാക്ഷികളായ ക്രിസ്തുവിന്റെ ശത്രുക്കളുടെ ജീവിതകാലത്താണ് സംഭവിച്ചത്. അതിനെതിരായി പ്രചരിപ്പിക്കുവാൻ അവർക്ക് എല്ലാ അവസരങ്ങളും ഉണ്ടായിരുന്നു.  Lee Strobel 'The Case for Christ'' എന്ന തന്റെ പുസ്തകത്തിൽ പറയുന്നത് മഹാനായ അലക്‌സാണ്ടറിന്റെ ജീവചരിത്രം എഴുതിയ Arrian , Alexander മരിച്ച് 400 വർഷങ്ങൾക്കുശേഷമാണ് അത് എഴുതിയത് എന്നാണ്. എങ്കിലും ചരിത്രകാരന്മാർ അത് വളരെ വിശ്വസനീയമായി കരുതുന്നു എന്നാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ യേശുവിന്റെ ചരിത്രവും എഴുതിയ കാലഘട്ടവും തമ്മിലുള്ള വിടവ് നിസ്സാരമാണ്.
ഭൂരിപക്ഷം പണ്ഡിതന്മാരും സുവിശേഷ പുസ്തകങ്ങൾ വളരെ മുമ്പേ എഴുതപ്പെട്ടവയാണെന്നാണ് അഭിപ്രായപ്പെടുന്നത്. കാരണം ലൂക്കൊസ് എഴുതിയതായ അപ്പൊസ്‌തോല പ്രവർത്തികളിൽ പൗലോസിന്റെ മരണം രേഖപ്പെടുത്തിയിട്ടില്ലാത്തതുകാരണം പൗലോസിന്റെ മരണം നടന്നതായ ഏ.ഡി. 68-നു മുമ്പ് എഴുതിയതാകാനാണ് സാദ്ധ്യതയെന്ന് അഭിപ്രായപ്പെടുന്നു. അങ്ങനെയെങ്കിൽ ലൂക്കൊസിന്റെ സുവിശേഷം അപ്പൊസ്‌തോല പ്രവൃത്തികൾക്ക് മുമ്പ് എഴുതിയതാവണം. മർക്കൊസിന്റെ സുവിശേഷത്തിൽ നിന്ന് ലൂക്കൊസ് കടമെടുത്തിട്ടുണ്ടെന്ന് ചില പണ്ഡിതന്മാർ സ്ഥാപിക്കുന്നതുകൊണ്ട് മർക്കൊസിന്റെ സുവിശേഷം ലൂക്കൊസിനു മുമ്പ് എഴുതിയതായിരിക്കണമെന്ന് ചിന്തിക്കുന്നവരുമുണ്ട്. അങ്ങനെയെങ്കിൽ മർക്കൊസ് അറുപതുകളുടെ ആദ്യമോ അൻപതുകളുടെ അവസാനമോ എഴുതി എന്നു ചിന്തിക്കുന്നതിൽ തെറ്റില്ല. യേശുവിന്റെ ക്രൂശിലെ മരണം ഏ.ഡി. 30 അല്ലെങ്കിൽ 33-ൽ നടന്നു എങ്കിൽ 25 അല്ലെങ്കിൽ 30 വർഷത്തെ ഇടവേള മാത്രമേ ഉള്ളൂ. യേശുവിന്റെ എതിരാളികളായ ദൃക്‌സാക്ഷികൾ ജീവിച്ചിരിക്കുന്നതായ സമയമാണെന്ന് ഇതെന്ന് ഓർക്കണം. അതുകൊണ്ട് എന്തടിസ്ഥാനത്തിലാണ് എം.എം. അക്ബർ യേശു പുനരുദ്ധാനം ചെയ്തിരിക്കാമെന്ന് ഒരു പ്രതീക്ഷ ആ സമൂഹത്തിൽ നിലനിന്നിരുന്നു എങ്കിലും അത് ഉറപ്പിച്ചുപറയാൻ തക്ക തെളിവുകൾ അവരുടെ പക്കൽ ഇല്ലായിരുന്നു. എന്ന് പറയുന്നത്.

പുതിയനിയമത്തിലെ പുസ്തകങ്ങൾ എല്ലാം കാലക്രമമനുസരിച്ചല്ല ചേർത്തിരിക്കുന്നത്. സുവിശേഷങ്ങൾ എഴുതിയതിനു മുമ്പുതന്നെ പൗലോസിന്റെ ലേഖനങ്ങൾ എല്ലാം എഴുതിക്കഴിഞ്ഞിരുന്നു. പൗലോസിന്റെ ലേഖനങ്ങൾ മിക്കവാറും എല്ലാം 50 കളിലാണ് എഴുതിയിട്ടുള്ളത്. പൗലോസിന്റെ പുസ്തകങ്ങളിൽ സഭയുടെ അന്നുണ്ടായിരുന്ന വിശ്വാസ പ്രമാണങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഉദാഹരണമായി ഫിലിപ്പിയർ 2:6-11 ''അവൻ ദൈവ രൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ ദാസ രൂപം എടുത്തു മനുഷ്യസാദൃശത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ അനുസരണയുള്ളവനായി തീർന്നു'' അതുപോലെ തന്നെ സഭയുടെ വിശ്വാസപ്രമാണമായി 1 കൊരിന്ത്യർ 15:3-8. കരുതിയിരുന്നു. ''ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു, തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു കേഫാവിനും പിന്നെ  പന്തിരുവർക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നെ നിങ്ങൾക്ക് ആദ്യമായി ഏൽപ്പിച്ചു തന്നുവല്ലോ. അനന്തരം അവൻ അഞ്ഞൂറിലധികം സഹോദരന്മാർക്ക് ഒരുമിച്ച് പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്ര പ്രാപിച്ചിരിക്കുന്നു. അനന്തരം അവൻ യാക്കോബിനും പിന്നെ അപ്പൊസ്തലന്മാർക്കും എല്ലാവർക്കും പ്രത്യക്ഷനായി. എല്ലാവർക്കും ഒടുവിൽ അകാല പ്രജപോലയുള്ള എനിക്കും പ്രത്യക്ഷനായി.'' അതുകൊണ്ട് മത്തായിയും ലൂക്കൊസും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് പുനരുദ്ധാനത്തിന്റെ വിഷയം ചമച്ചത് എന്നൊക്കെ പറയുമ്പോൾ മനുഷ്യന്റെ ഭാവന സ്വാർത്ഥ താൽപര്യത്തിനായി ചിറകുവിടർത്തുന്നതായി കരുതിയാൽ മതി.
യേശുവിന്റെ ക്രൂശുമരണം ഏ.ഡി 30 ൽ നടന്നെങ്കിൽ പൗലോസിന്റെ മനം മാറ്റം ഏ.ഡി. 32 ലും അപ്പൊസ്‌തോലന്മാരുമായി യെരുശലേമിലുള്ള കൂടിക്കാഴ്ച ഏ.ഡി 35ലും ആയിരിക്കണം. ആ സമയത്തായിരിക്കണം സഭയുടെ മുകളിലുദ്ധരിച്ച വിശ്വാസപ്രമാണം പൗലോസിന് ഏൽപ്പിച്ചു കൊടുത്തത്. അതല്ലാതെ നാല്പതോ അമ്പതോ വർഷങ്ങൾക്കുശേഷം രൂപമെടുത്ത മിഥ്യയോ കഥകളോ അല്ല എന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാകും.
മർക്കൊസിന്റെ ലേഖനത്തിൽ അവസാനഭാഗം കൂട്ടിച്ചേർത്തതാണെന്നാണ് അടുത്ത വാദം. ഇതനുസരിച്ച് മർക്കൊസിന്റെ സുവിശേഷം 16:8 കൊണ്ട് അവസാനിക്കുകയും അവിടെ സ്ത്രീകൾ യേശുവിന്റെ ശൂന്യമായ ശവകൂടീരം കാണുകയും ചെയ്യുന്നു. മർക്കൊസിന്റെ സുവിശേഷം എഴുതിയശേഷം എന്തൊക്കെ സംഭവിച്ചു എന്ന് നമുക്കറിവില്ല. നൂറ്റാണ്ടുകൾക്കുശേഷം അതു പരിശോധിക്കുന്നവർക്ക് പല ചോദ്യങ്ങളും മനസ്സിൽ പൊന്തിവരാം. ആദ്യത്തെ കയ്യെഴുത്തു പ്രതികളിൽ ഈ ഭാഗം ഉണ്ടായിരുന്നോ, പിന്നീട് പേജുകൾ നഷ്ടപ്പെട്ടുവോ, വീണ്ടുകിട്ടിയോ, കൂട്ടിച്ചേർത്തോ എന്നുള്ള പല തിയറികളും പ്രചാരത്തിലുണ്ടെന്നുമാത്രം.
മർക്കൊസിന്റെ സുവിശേഷം 16:8 ൽ അവസാനിച്ചതായി എല്ലാ പണ്ഡിതന്മാരും വിശ്വസിക്കുന്നില്ല. അവസാനിച്ചാൽ തന്നെ യേശുവിന്റെ കല്ലറ ശൂന്യമായിട്ടാണ് മർക്കൊസ് രേഖപ്പെടുത്തുന്നത്. കൂടാതെ ഒരു ചെറുപ്പക്കാരൻ (ദൂതൻ) ക്രിസ്തു ഉയിർത്തെഴുന്നേറ്റതായി അവരെ അറിയിക്കുകയും ശിഷ്യന്മാരെ ഈ വിവരം അറിയിക്കുവാനും ഗലീലയിൽ വച്ച് അവൻ ശിഷ്യന്മാരെ കാണുന്നതായിരിക്കും എന്ന് അറിയിക്കുന്നു. ക്രിസ്തു ഉയിർത്തെഴുന്നേറ്റശേഷം ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ട വിവരം മത്തായിയും ലൂക്കൊസും ഉറപ്പിക്കുകയും ചെയ്യുന്നു.
എം.എം. അക്ബർ ന്യൂ ജെറോം ബൈബിൾ കമന്ററി ഉദ്ധരിച്ച് എഴുതിയിരിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ്. കമന്ററിയിൽ പല അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതിൽ നിന്നും ഒന്നുമാത്രം അടർത്തി എടുത്ത് ഈ രീതിയിൽ അവതരിപ്പിക്കുമ്പോൾ അക്ബറിന്റെ തന്നെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. ന്യൂ ജെറോം ബൈബിൾ കമന്ററിയിൽ അക്ബർ ഉദ്ധരിച്ച ഭാഗത്തിനു മുകളിലായി എഴുതിയിരിക്കുന്നതു ശ്രദ്ധിക്കുക ''തന്റെ വായനക്കാർക്ക് യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിനു ശേഷമുള്ള പ്രത്യക്ഷപ്പെടൽ അറിയാമായിരുന്നതു കൊണ്ടായിരിക്കും ലേഖനം ഈ രീതിയിൽ അവസാനിപ്പിക്കുന്നത്. മർക്കൊസ് 16:9-20 വരെയുള്ള ഭാഗങ്ങൾ മർക്കൊസ് എഴുതിയതല്ല എന്ന് വാദത്തിന് സമ്മതിച്ചാൽ പോലും അതിന്റെ അർത്ഥം മർക്കൊസ് 16:8 കൊണ്ട് എഴുതി അവസാനിപ്പിച്ചു എന്നു വരണമെന്നില്ല. അവസാന ഭാഗം നഷ്ടപ്പെട്ടതായിരിക്കും. സാഹചര്യങ്ങൾ മർക്കൊസിനെ അതു മുഴുമിപ്പിക്കാൻ അനുവദിച്ചില്ല എന്നുവരാം. ഇന്നും പലരും പുസ്തകങ്ങളും ചലച്ചിത്രങ്ങളും തുടങ്ങി അവസാനിപ്പിക്കാൻ കഴിയാത്തതുകാരണം വേണ്ടപ്പെട്ടവർ അത് പൂർത്തീകരിക്കുന്നതായി കാണാം. എം.എം.അക്ബർ ന്യൂ ജെറോം കമന്ററിയിലെ മുകളിൽ ഉദ്ധരിച്ച ഭാഗങ്ങൾ എന്തുകൊണ്ട് മറച്ചു
വെച്ചു ? 

ന്യൂ ജെറോം കമന്ററിക്കു മുമ്പുള്ള പതിപ്പായ ജെറോം കമന്ററിയിൽ എഴുതിയിരിക്കുന്നത് ''മർക്കൊസിന്റെ സുവിശേഷം അവസാനിക്കുന്ന രീതിയിൽ നിന്നും ലഭിക്കുന്ന സൂചന പുസ്തകത്തിന്റെ ശരിയായുള്ള അവസാന ഭാഗം നഷ്ടപ്പെട്ടിരിക്കാം'' എന്നാണ്. ജെറോം കമന്ററി ഉദ്ധരിക്കാതെ ന്യൂ ജെറോം കമന്ററിയിലെ ചില ഭാഗങ്ങൾ മാത്രം വായനക്കാരുടെ മുമ്പിൽ നിരത്തിവച്ചതിന്റെ ഉദ്ദേശശുദ്ധി മാന്യവായനക്കാർ തന്നെ തീരുമാനിയ്ക്കട്ടെ.
ഒന്നാം നൂറ്റാണ്ടിലും അതിനുമുമ്പും പുസ്തകങ്ങൾ എഴുതുന്നതിന് അവലംബിച്ചിരുന്ന നിയമങ്ങളോ മാനദണ്ഡങ്ങളോ ഇന്നുള്ള നിയമങ്ങൾ പോലെ ആയിരുന്നില്ല. ഇന്നത്തെ പോലെ പുസ്തകങ്ങൾ എഴുതുന്ന എഴുത്തുകാരോ പ്രസിദ്ധീകരിക്കുന്നവരോ പണക്കാരാകുന്ന ഒരു സാഹചര്യവും അന്നില്ലായിരുന്നു. നടന്ന കാര്യങ്ങൾ ഒരാൾ എഴുതിയത് അടുത്ത തലമുറയ്ക്കു മനസ്സിലാകുന്ന ഭാഷയിൽ മറ്റൊരാൾ എഡിറ്റു ചെയ്യുന്നു. ഒരാൾ എഴുതിയത് ആ വ്യക്തിയ്ക്ക് മുഴുമിക്കാൻ കഴിഞ്ഞില്ല എങ്കിൽ വേണ്ടതു ചേർത്ത് എഴുതുകയും ചെയ്തിരുന്നു. അതുകൊണ്ടാവണം മോശ എഴുതിയ ആവർത്തന പുസ്തകത്തിൽ മോശയുടെ മരണം രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടാണ് ആദ്യമായി എഴുതിയ കാലത്തു നിലവിലില്ലാതിരുന്ന പേരുകൾ പുസ്തകത്തിൽ പിന്നീട് കാണുന്നത്.മുകളിൽ സൂചിപ്പിച്ചതുപോലെ ഈ 21-ാം നൂറ്റാണ്ടിലും ഒരു പുസ്തകമോ ചലച്ചിത്രമോ അതിന്റെ നിർമ്മാതാവിന് പൂർത്തിയാക്കാൻ കഴിഞ്ഞില്ല എങ്കിൽ മറ്റൊരാൾ അത് പൂർത്തിയാക്കുക പതിവാണ്. ബൈബിൾ എഴുതിയത് ദൈവനിവേശിതമായിട്ടായിരുന്നു.

യോഹന്നാന്റെ സുവിശേഷത്തിലെ തിരുത്തൽ

അടുത്തതായി യോഹന്നാന്റെ സുവിശേഷത്തിൽ തിരുത്തൽ ഒളിഞ്ഞിരുപ്പുണ്ടെന്നാണ് വാദം. ഈ പ്രാവശ്യം ന്യൂ ജെറോം ബൈബിൾ കമന്ററി അല്ല ആധാരമായി ഉപയോഗിക്കുന്നത്. അതിനുപകരം ന്യൂ ജെറുസലേം ബൈബിൾ ആണ്. പലരും പല ഉദ്ദേശത്തോടുകൂടി ബൈബിളിന്റെ പുതിയ പുതിയ വ്യാഖ്യാനങ്ങൾ ഇറക്കാറുണ്ട്. അതിനെല്ലാം സ്വാതന്ത്ര്യമുള്ള കാലത്താണ് നാം ജീവിക്കുന്നത്. ഈ അടുത്ത സമയത്ത് പുസ്തക കടയിൽ ഒരു പുസ്തകം കാണാനിടയായി, 'The New History'' ചരിത്രം പോലും ഓരോരുത്തരുടെയും പ്രത്യേക താൽപര്യങ്ങളും അജൻഡകളും അനുസരിച്ച് എഴുതാൻ സ്വാതന്ത്ര്യമുള്ള കാലമാണിത്. 
ഇവിടെ വ്യഭിചാരത്തിൽ പിടിച്ച ഒരു സ്ത്രീയെ യേശുവിന്റെ മുമ്പിൽ കൊണ്ടുവരുന്നതാണ് രംഗം (യോഹന്നാൻ 8:1-11) ചില കൈയെഴുത്തു പ്രതികളിൽ ഈ ഭാഗം ഇല്ല എന്നു പറയപ്പെടുന്നു. എന്തുകാരണത്താലാണ് ചില ഗ്രീക്കു കയ്യെഴുത്തുപ്രതികളിൽ ഇത് ഇല്ലാതിരിക്കുന്നത് എന്ന് ഇന്നും അജ്ഞാതമായിരിക്കുന്നു. എന്നാൽ ലാറ്റിൻ കൈയെഴുത്തുപ്രതികളിൽ ഈ ഭാഗം ഉണ്ടായിരുന്നു. ചില കൈയ്യെഴുത്തുപ്രതികളിൽ ഇല്ല എന്നതുകൊണ്ട് ഭൂരിപക്ഷം കൈയ്യെഴുത്തുപ്രതികളിലും ഉള്ള ഭാഗം വിട്ടുകളയുന്നതു ശരിയാണെന്ന് ചിന്തിക്കുന്നുണ്ടോ? ഈ ഭാഗത്തിന്റെ ചരിത്രപരമായ സാധുതയെപ്പറ്റി സംശയിക്കേണ്ട ആവശ്യമില്ല, എന്നാണ് അക്ബർ തന്നെ ഉദ്ധരിക്കുന്ന  ജെറോം ബൈബിൾ കമന്ററി രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രവാചകനായ മുഹമ്മദിന്റെ മരണശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞ്  എഴുതിയുണ്ടാക്കിയ ഹദിസ് അഥവാ പ്രവാചകന്റെ നടപടിക്രമങ്ങൾ എന്ന പേരിൽ ചില പുസ്തകങ്ങൾ പല എഴുത്തുകാരുടെയും പേരിൽ പ്രചാരത്തിലുണ്ട്. അവ തമ്മിൽ വലിയ അന്തരമുണ്ട്. ചില മുസ്ലീം മത വിഭാഗങ്ങൾ ചില ഹാഡിയത്തുകൾ അംഗീകരിക്കുമ്പോൾ ചില വിഭാഗങ്ങൾ അവയെ അംഗീകരിക്കുന്നില്ല എന്നത് പ്രസ്താവ്യമാണ്.
ബൈബിളിലെ ഈ ഭാഗം എം.എം. അക്ബറിന് തലവേദന സൃഷ്ടിക്കുന്നതിന്റെ കാരണം ഊഹിക്കാവുന്നതേയുള്ളൂ. നിസ്സാര കുറ്റങ്ങൾക്ക് കൈയും കാലും വെട്ടിക്കളയുന്ന ശിക്ഷ നടപ്പിലാക്കുന്ന പല അറേബ്യൻ രാജ്യങ്ങളിലും വ്യഭിചാരക്കുറ്റം ആരോപിച്ച് കല്ലെറിഞ്ഞുകൊല്ലുന്ന പതിവുണ്ട് എന്നു പറയപ്പെടുന്നു. വ്യഭിചാരക്കുറ്റത്തിൽ പിടിച്ച സ്ത്രീയെ യേശുകർത്താവ് വെറുതെ വിട്ടത് പലർക്കും തലവേദന സൃഷ്ടിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. ആദ്യകാല ക്രിസ്ത്യാനികളുടെ ഇടയിൽ വ്യഭിചാരക്കുറ്റത്തിൽ പിടിച്ചവരെ കല്ലെറിഞ്ഞു കൊന്നിരുന്നു എന്നു എം.എം.അക്ബർ ഒരു പ്രസ്താവന ചെയ്യുമ്പോൾ അത് എന്തടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാകുന്നില്ല.
പഴയനിയമത്തിലെങ്ങും മോഷണത്തിന് കൈവെട്ടിക്കളയുക എന്ന ശിക്ഷ നിലവിലില്ല. അവിടെ മോഷ്ടിച്ച ആൾ നഷ്ടപരിഹാരം കൊടുക്കുകയാണ് പതിവ്. 

# Christian writers- Nainan Mathula Article

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക