Image

അമുദിനി (മിനി വിശ്വനാഥന്‍)

Published on 20 March, 2023
അമുദിനി (മിനി വിശ്വനാഥന്‍)

വള്ളിയൂർക്കാവിൽ ഉത്സവം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ജോഗിക്കു നിന്ന് തിരിയാൻ സമയമുണ്ടാവില്ല. പ്രത്യേകിച്ച് ഫോറസ്റ്റുകാരുടെ കഞ്ഞി ഉള്ള ദിവസം. അതുകൊണ്ട്
ഉത്സവ കാലത്ത് എന്നെ സ്കൂളിൽ നിന്ന് കൊണ്ടുവരാൻ വെള്ളം മുളന്തണ്ടിൽ കാവ് വെച്ച് കൊണ്ടുവരുന്ന നാരായണൻമാരിലൊരാളെ ഏല്പിക്കും. "പുള്ള പാവമാണ് " എന്ന് ജോഗി സർട്ടിഫിക്കറ്റ് പാസാക്കുമെങ്കിലും എന്റെ കൈയിലിരിപ്പുകൾ നന്നായറിയുന്ന നാരായണൻമാർ അത് മുഖവിലക്കെടുക്കില്ല. ലിറ്റിൽ ഫ്ലവർ കോൺവെന്റിൽ നിന്ന് റെയിഞ്ചറുടെ വീട് വരെയുള്ള ചെറിയ ദൂരം മാത്രം മതിയെന്നും, എലിസബത്ത് ടീച്ചറുടെ വീടിന്റെ വഴിയിലൂടെ പോവരുതെന്നുമൊക്കെയുളള നിർദ്ദേശങ്ങൾ കേട്ട് മനസ്സില്ലാമനസ്സോടെ അവർ തല കുലുക്കുകയും അല്പമൊരു പേടിയോടെ എന്നെ നോക്കുകയും ചെയ്യും.

കൂട്ടത്തിൽ
വെളുത്ത നാരായണൻ പാവമാണ്. ഞാനൊന്ന് കരഞ്ഞുകാണിച്ചാൽ വേണമെങ്കിൽ എരുമത്തെരുവ് വഴി വളഞ്ഞ് വന്ന് മയിലമ്മയുടെ വീട്ട് മുറ്റത്തെ ജമന്തിപ്പൂവൊക്കെ പറിക്കാൻ സമ്മതിക്കും. പുസ്തക സഞ്ചിയും പിടിക്കും. ജോഗിയെപ്പോലെ പുന്നാരിക്കില്ല എന്നേയുള്ളൂ. 

പക്ഷേ കറുത്ത നാരായണൻ തിരിഞ്ഞും മറിഞ്ഞും നോക്കാൻ സമ്മതിക്കില്ല. കൈ മുറുക്കെപ്പിടിച്ച് റോഡ് ക്രോസ് ചെയ്യുമ്പോൾ മാത്രം പുസ്തകസഞ്ചി കൈമാറി, ഒറ്റ നടത്തമാണ്. നാരായണൻ മാമൻ എന്ന് വിളിച്ചാൽ പുള്ളയുടെ ജോഗി വിളിക്കുന്നതു പോലെ "കറുത്ത നാരായണൻ" എന്ന് വിളിച്ചാൽ മതിയെന്ന് ശാസിച്ച് നിറം കൊണ്ട് അനുഭവിച്ച അപമാനങ്ങളൊക്കെ എന്റെ കൈത്തണ്ടയുടെ മുറുക്കിപ്പിടിക്കലിലും ആഞ്ഞാഞ്ഞുള്ള കാൽ വെപ്പിലും പ്രകടിപ്പിക്കും. നിന്റെ പ്രായത്തിലുള്ള മറ്റ് കുട്ടികളൊക്കെ ഒറ്റക്കാണല്ലോ സ്കൂൾ വിട്ട് പോവുന്നത് , രണ്ടാം ക്ലാസിൽ പഠിക്കുന്ന തന്റെ മരുമകൾ വീട്ടുജോലി വരെ ചെയ്യും എന്ന് പിറുപിറുത്തു കൊണ്ടിരിക്കും. എലിസബത്ത് ടീച്ചറുടെ വീടിന്റെ പിന്നിലുള്ള മഹാഗണി മരത്തിൽ കുരങ്ങന്റെ പ്രേതമുണ്ടെന്ന് എന്നോട് ആദ്യമായി പറഞ്ഞതും കറുത്ത നാരായണനായിരുന്നു !

ഇവരുടെ കൂടെയുള്ള അറുബോറൻ സ്കൂളിൽ പോവലുകൾ മടുത്തത് കാരണം ഒരു ഉത്സവക്കാലത്ത് എനിക്ക് രാവിലെ വയറ്റിൽ വേദന വന്നു. അതികഠിനമായ വയറുവേദന മാറാൻ ഗവൺമെന്റ് ആശുപത്രിയിൽ പോവണമെന്ന മരുന്നും ഞാൻ തന്നെ നിർദ്ദേശിച്ചു. 

വളളിയൂർക്കാവിൽ ഫോറസ്റ്റുകാരുടെ കഞ്ഞിയുള്ള ദിവസമാണ്. അതുകൊണ്ട് തന്നെ എല്ലാവരും നല്ല തിരക്കിലാണ്. അതിനിടയിലാണ് എന്റെ വയറ്റിൽ വേദനയും കരച്ചിലും ബഹളവും.
സ്കൂളിൽ പോവാനുള്ള സമയം കഴിഞ്ഞാൽ വയറുവേദന താനേ പോവുമെന്ന് മമ്മി പറയുന്നത് ശ്രദ്ധിക്കാതെ എന്നെ ഡോക്ടറെ കാണിച്ച് വീട്ടിലാക്കിയിട്ട് ജോഗി ഓഫീസിലും, കാവിലും വന്നാൽ മതിയെന്ന് ഡാഡി നിർദ്ദേശിച്ചു.   

പെറ്റിക്കോട്ട് പോലത്തെ ഒരു പുള്ളിക്കുപ്പായമായിരുന്നു ഞാൻ ഇട്ടിരുന്നത്. ഉടുപ്പ് മാറ്റാനൊന്നും സമയമില്ലാത്ത തിരക്കു കാരണം ജോഗി എന്നെയും തോളിൽ വെച്ച് നടന്നു തുടങ്ങി. മാനന്തവാടി ടൗൺ എത്തിയപ്പോൾ എന്റെ വേദന മാറി, ഞാനും കാവിലേക്ക് വരുന്നെന്ന വാശി തുടങ്ങി. അവിടെ എത്തിയാൽ ഫോറസ്റ്റുകാരുടെ സ്റ്റാളിൽ അടങ്ങിയിരിക്കുമെന്ന ഉറപ്പിന്റെ പുറത്ത് ഞങ്ങൾ കാവിലേക്ക് നടന്നു. 

ചെറിയൊരു വി. ഐ .പി പരിവേഷത്തോടെ ഞാൻ ഫോറസ്റ്റ് കാരുടെ സ്റ്റാളിലിരുന്ന്, ചുറ്റിലുമുളള കാഴ്ചകൾ കണ്ടു തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് മടുത്തു , ജോഗിയെ തേടി മെല്ലെ സ്റ്റാളിൽ നിന്ന് പുറത്തിറങ്ങി.

ചുറ്റിലുമുള്ള മായക്കാഴ്ചകളിൽ എന്നെ മാടിവിളിച്ചത് വെച്ചു വാണിഭക്കാരുടെ മൂലയായിരുന്നു. വിവിധ ചായങ്ങൾ വാരിപ്പൂശിയ പ്ലാസ്റ്റിക്ക് ബൊമ്മകളും ബലൂണുകളും പീപ്പികളും കൊതിപ്പിച്ചു കൊണ്ട് അവരിലേക്കു വഴികാട്ടി. വലിയ മാല പോലെ കളിപ്പാട്ടങ്ങൾ തൂക്കിയിട്ട സ്റ്റാൻഡിന് അടുത്ത് നിന്ന് ഞാൻ ഓരോന്നായി സൂക്ഷ്മമായി നോക്കിത്തുടങ്ങി. കൂടെ മുതിർന്ന ആരും ഇല്ലാത്തത് കൊണ്ട് തന്നെ കച്ചവടക്കാർ എന്നെ ശ്രദ്ധിച്ചില്ല. എന്നാലും ഞാൻ സാവധാനം നടന്നു നടന്ന് ഭൂതം ഭാവി വർത്തമാനം പ്രവചിക്കുന്ന തത്തമ്മക്കൂടിന്റെ അടുത്തെത്തി. അവർ കുടുംബ സമേതം ഒരു മരത്തണലിൽ തമ്പടിച്ചിരിക്കുകയായിരുന്നു.

തത്ത എന്നെക്കണ്ടതും കസ്റ്റമർ ആണെന്ന് കരുതി കൂട്ടിൽ നിന്ന് പുറത്തിറങ്ങാനായി ബഹളം കൂട്ടി. തത്തയുടെ കാട്ടായങ്ങൾ എനിക്കും നന്നായി ഇഷ്ടപ്പെട്ടു. ഞാനും ആ കുടുംബത്തിനൊപ്പം മരത്തണലിൽ ഇരുന്നു. അവിടെ തുണിക്കെട്ടിൽ ഉറങ്ങുന്ന കുഞ്ഞിന്റെ മുഖത്ത് പാറി വരുന്ന ഈച്ചയെ ആട്ടിമാറ്റി അവരുടെ സൗഹൃദം സമ്പാദിച്ചു. ചോദ്യങ്ങൾക്ക് തലകുലുക്കത്തിലൂടെ ഉത്തരം നൽകി.

അവരുടെ കൂടെയുള്ള  പെൺകുട്ടിക്ക് ഗൂഡലൂരിലെ ശെൽവിയുടെ മുഖമാണെന്ന് എനിക്ക് തോന്നി. അമുദിനി എന്ന് പേര് പറഞ്ഞ് അവളും എന്നെ നോക്കി സൗഹാർദ്ദപൂർവ്വം ചിരിച്ചു. 
കളിക്കാൻ സമപ്രായത്തിൽ ഒരാളെക്കിട്ടിയ സന്തോഷത്തിൽ ഞാൻ അവളെ ആ തറയിൽ കൈകൾ നിവർത്തി വെച്ച് അക്കുത്തിക്കുത്ത്  കളിക്കാൻ പഠിപ്പിച്ചു. ആ കളി അവൾക്കിഷ്ടമായില്ല. അവൾക്ക് വട്ടുകളിക്കാൻ അറിയാമെന്ന് പറഞ്ഞ് അവിടെ കളം വരച്ചു , ഞങ്ങൾ കളിച്ചു തുടങ്ങി. കളിയിൽ മുഴുകിയ ഞാൻ പരിസരം മറന്നു, ഫോറസ്റ്റ് ഓഫീസും സ്റ്റാളും ജോഗിയേയും മറന്നു. 
ഗൂഡലൂരിൽ മാതൃസംഘത്തിന് പുറത്തിരുന്ന് കളിക്കുന്ന തമിഴത്തിക്കുട്ടിയായി. 

കളിച്ച് മടുത്തു വിശപ്പ് വന്നപ്പോൾ ആ കുട്ടിയുടെ കൈ പിടിച്ച് 
ഗൂഡലൂരിലെ മാർക്കറ്റിലെ കാഴ്ചകളുടെ ഓർമ്മയിലാവണം "അമ്മേ തായേ പശിക്ക്റ്ത്" എന്ന് താളത്തിൽ പറഞ്ഞ് ശർക്കര പായസത്തിന്റെ ഗന്ധം ഉയരുന്ന ദേഹണ്ഡപ്പുരക്ക് നേരെ നടന്നു.  
എന്റെ പുള്ളിക്കുപ്പായത്തിന്റെ തുമ്പുകൾ പിടിച്ച് നടന്നിരുന്ന 
അമുദിനിയും ഞാൻ പറയുന്നത് പോലെ "അമ്മേ തായേ, പശിക്ക്റ്ത് " എന്ന് മൃദുവായി മന്ത്രിക്കുക മാത്രം ചെയ്തു. 

 ഏതോ ഒരു ഏടാകൂടത്തിലേക്കാണ് ഞാൻ അവളെ പിടിച്ച് കയറ്റുന്നതെന്ന് ആറാമിന്ദ്രിയം നൽകിയ സൂചനകൾ കാരണമാവാം ആ പെൺകുട്ടി പെട്ടെന്ന് ഉറക്കെ കരയാൻ തുടങ്ങി ! അവളുടെ ശബ്ദം ഉയർന്നപ്പോൾ കഞ്ഞിപ്പുരയിലെ ആൾക്കാർ ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങി. 
പെട്ടെന്ന് കളി കൈവിട്ടു പോയ സങ്കടത്തിൽ "പശിക്ക്റ്ത് " എന്ന് ഉറക്കെ വിളിച്ച് ഞാനും അലറിക്കരഞ്ഞു. ആൾക്കാർ കൂടിയതോടെ എന്റെ പശി വാശിയായി മാറിയിരുന്നു !

ഏത് പ്രളയത്തിലും, കൊടുങ്കാറ്റിലും എന്റെ ശബ്ദം തിരിച്ചറിയുന്ന ജോഗി പരിഭ്രമത്തോടെ കഞ്ഞിപ്പുരയിൽ നിന്ന് ഓടി പുറത്തിറങ്ങി വന്ന് എന്നെ വാരിയെടുത്തു. കാര്യങ്ങൾ കൈവിട്ടു പോയെന്ന് മനസ്സിലായ ഞാൻ രക്ഷപ്പെടാൻ വേണ്ടി വീണ്ടും വീണ്ടും ഉറക്കെക്കരഞ്ഞു. 
എന്നെ വിശ്വസിച്ച് കൂടെ വന്ന എന്റെ കൂട്ടുകാരി എന്റെ കുപ്പായത്തുമ്പ് വിടാതെ പിടിച്ചിട്ടുമുണ്ട്. അവളെയും കെട്ടിപ്പിടിച്ചായി പിന്നെ എന്റെ കരച്ചിൽ !

ഫോറസ്റ്റുകാർ കണ്ടാൽ മോശമാണെന്നും വീട്ടിലറിഞ്ഞാൽ തല്ല് കിട്ടുമെന്നും ഓർമ്മിപ്പിച്ച് കരച്ചിലടക്കി ജോഗി ഞങ്ങൾ രണ്ടു പേർക്കും ഇലക്കീറിൽ പായസം വാങ്ങിത്തന്നു. റെയിഞ്ചറുടെ മകളാണെന്ന് എന്നെ ആർക്കൊക്കെയോ പരിചയപ്പെടുത്തി.

ഞങ്ങൾ വിശപ്പാറ്റിയതിനു ശേഷം ആ കുട്ടിയെ തിരിച്ച് ആൽത്തണലിൽ അവളുടെ വീട്ടുകാരുടെ അടുത്ത് എത്തിച്ചു. അവരുടെ കുഞ്ഞ് കൂട്ടം മാറിപ്പോയതൊന്നും അറിയാതെ അവർ തത്തയെക്കൊണ്ട് ശീട്ടു വലിച്ചിടീച്ച് ഭാഗ്യ പ്രവചനങ്ങൾ നടത്തിക്കൊണ്ടിരിക്കയായിരുന്നു..
കാര്യങ്ങൾ വ്യക്തമായി പറയാതെ കുഞ്ഞിനെ ശ്രദ്ധിക്കണമെന്ന് അവരെ താക്കീത് നൽകി , ജോഗി എനിക്ക് വേണ്ടി തത്തയെക്കൊണ്ട് ഒരു ശീട്ട് വലിച്ചിടീപ്പിച്ചു. വർണ്ണച്ചിത്രങ്ങളുടെ കൂട്ടത്തിൽ നിന്ന് അന്ന് ആ തത്ത വലിച്ചിട്ടത് കിരീടം വെച്ച ഒരു കുരങ്ങിന്റെ ചിത്രമായിരുന്നു !

ആ ചിത്രം വലിച്ചിട്ടതും തത്ത എന്നെനോക്കി നീട്ടിയൊരു വിസിൽ ശബ്ദവുമുണ്ടാക്കി !

വള്ളിയൂരമ്മയെ മൂപ്പനിൽ നിന്ന് രക്ഷിച്ച കുരങ്ങച്ചാരാണ് അത് എന്ന് പറഞ്ഞു ജോഗി എന്നെ സമാധാനിപ്പിക്കാനൊക്കെ നോക്കിയെങ്കിലും, തത്തയുടെ കണ്ണുകളിലെ പുച്ഛഭാവത്തിൽ നിന്ന് എനിക്ക് കാര്യം പിടി കിട്ടിയിരുന്നു ! .

എഴുതിയെഴുതി വന്നപ്പോൾ അമുദിനിയുടെ ചിത്രം എന്റെ മനസ്സിൽ തെളിഞ്ഞു വന്നു. അവളുടെ ആ പച്ച നിറത്തിൽ കസവു പിടിപ്പിച്ച പാവാട വരെ !
അവൾ ഇപ്പോൾ എവിടെയായിരിക്കും? സ്കൂളിൽ പഠിച്ചിരിക്കുമോ ? അവൾ ചിലപ്പോൾ മുത്തശ്ശിയായിട്ടുണ്ടാവാനും മതി. 

പണ്ട് പണ്ട് വള്ളിയൂർക്കാവിൽ വെച്ച് ഒരു പുള്ളിപ്പെറ്റിക്കോട്ടുകാരി അവളെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ച കഥ എപ്പോഴെങ്കിലും ഓർത്തിരിക്കുമോ ! സത്യം പറഞ്ഞാൽ ജോഗിയോട് പറഞ്ഞ് അവളെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരാനായിരുന്നു എന്റെ പ്ളാൻ ! അവളുടെ നിറഞ്ഞ ചിരിയും പിരിച്ചിട്ട് മടക്കിക്കെട്ടിവെച്ച മുടിയും എനിക്ക് അത്രയ്കങ്ങ് ഇഷ്ടമായിരുന്നു !

#Story by mini Viswnathan

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക