Image

കേരളത്തിൽ കർഷകരും കൃഷിയും നേരിടുന്ന വെല്ലുവിളികൾ- 1 (ജെ എസ് അടൂർ)

Published on 22 March, 2023
കേരളത്തിൽ കർഷകരും കൃഷിയും നേരിടുന്ന വെല്ലുവിളികൾ- 1 (ജെ എസ് അടൂർ)

കൃഷി ഓർമ്മകൾ

എന്റെ ബാല്യവും  കൗമാരവും നിറയെ കൃഷിയുടെ പച്ചപ്പാണ്. ഇരുപത്തി ഒന്ന് വയസ്സിൽ കേരളത്തിൽ നിന്ന് പഠിക്കാൻ പൂനയിൽ പോകുന്നത് വരെയുള്ള കാലം കൃഷിയാൽ പൂരിതമായിരുന്നു. സ്വന്തം പച്ചകറി കൃഷി. സ്വന്തമായി വളർത്തിയ പശുകുട്ടി എല്ലാം ഇപ്പോൾ ഗൃഹാതുരത്വം മാത്രം. എന്റെ തലമുറയിൽ ഗ്രാമങ്ങളിൽ വളർന്നവരുടെ മനസ്സ് നിറയെ കൃഷിയുടെ പച്ചപ്പും, മണവും, രുചിയുമായിരിക്കും.
എന്റെ ചെറുപ്പത്തിൽ വീട്ടിൽ ആവശ്യമുള്ള ഭക്ഷണങ്ങൾ എല്ലാം കൃഷിയിലൂടെആയിരുന്നു കിട്ടിയിരുന്നത് . പറമ്പ്  നിറയെ കപ്പ, ചേന, കാച്ചിൽ, ചേമ്പ്, കിഴങ്ങ്, വാഴ, ഇഞ്ചി, മഞ്ഞൾ തെങ്ങു, മുതൽ എല്ലാ കൃഷികളും . വീട്ടിലും വയലിലും പച്ചക്കറികൾ. വെണ്ടയ്ക്ക, പയർ, പാവയ്ക്ക, പച്ച മുളക്, കാന്താരി മുളക്, പടവലം, കുമ്പളം, മത്തങ്ങ, ചീര, ബീൻസ്, തക്കാളി, മുരിങ്ങ. ശീമ ചക്ക, ആഞ്ഞിലി, പറങ്കിമാവ്, നാട്ട് മാവ്, മൂവാണ്ടൻ മാവ്, കിളിച്ചുണ്ടൻ, പേര, ചാമ്പ, ചിക്കൂ,, ആത്ത.വിവിധ തരം വാഴകൾ ഞാലി പൂവൻ. പാളയാൻ ൻതോടൻ, കദളി, എത്തകുല. അങ്ങനെ എല്ലാം. തൊഴുത്തിൽ നാലു പശുക്കൾ, പത്തു കോഴികൾ, വിളഞ്ഞ നേൽപ്പാടങ്ങൾ. പ്ലാവിൽ നിറയെ ചക്ക. മരങ്ങളിൽ കുരുമുളക് പടർന്നു പന്തലിച്ചു.

പത്തായം നിറയെ നെല്ല്.തേങ്ങപ്പുര. ലോറിയിൽ വന്നായിരുന്നു തേങ്ങ കൊണ്ടു പോയിരുന്നത്.ആവശ്യത്തിന് കാപ്പി ചെടികൾ, ശുദ്ധമായ കാപ്പി പൊടി.കരിമ്പ് കൃഷി ചെയ്ത കരകണ്ടങ്ങൾ. പറങ്കി മാവുകളിൽ പഴുത്ത കശു മാങ്ങാ.

ചെറുപ്പത്തിൽ നെല്ല് പുഴുങ്ങി ഉണ്ടാക്കിയത്  സൈക്കളിനു മില്ലിൽ കൊണ്ടു പോയി നെല്ല് കുത്തി, അരിയും തവിടും വെവ്വെറെ കൊണ്ടു വരും. തേങ്ങ കൊപ്രയാക്കി മില്ലിൽ കൊണ്ടു പോയി വെളിച്ചെണ്ണ. കരിമ്പ് വെട്ടി ചക്കിൽ ആട്ടി.കാളകൾ ആയിരുന്നു ചക്ക് വലിച്ചത്. കരിമ്പ് നീർ  ചെമ്പിൽ തിളപ്പിച്ച്‌ ശർക്കരയാകുമ്പോഴുള്ള രുചി. കരിമ്പിൻ കാട്ടിൽ കയറി കരിമ്പ് ഓടിച്ചു തിന്ന മധുരം.
പശുക്കളെ കുളിപ്പിക്കുന്നത്. തേങ്ങ അട്ടിയ പിണ്ണാക്ക്, തവിടു ഒക്കെ കലക്കി പശുക്കൾക്ക് കൊടുക്കും പശുവിനെ പോച്ചയുള്ളിത്ത് മാറ്റി   മാറ്റി കെട്ടും. കുരുമുളകോ, പറങ്കിയണ്ടിയോ, എത്തത്തകുലയോ സൈക്കിളിൽ കെട്ടിവെച്ചു കൊണ്ടു വിറ്റ് ചന്തയിൽ നിന്ന് മീനും ഇറച്ചിയും വാങ്ങി. കടയിൽ നിന്ന് ഉപ്പ്, പഞ്ചസാര,വെളുത്തുള്ളി, ചുവന്നുള്ളി, മല്ലിപിരിയൻ മുളക്, കടുക്, എന്നിവ മാത്രം വാങ്ങി.
പ്രധാന വളങ്ങൾ ചാണകപ്പൊടി, ചാരം, എല്ലുപൊടി, മീൻവളം ഒക്കെയായിരുന്നു. വല്ലപ്പോഴും നെല്ലിന് ഫാക്ട്ടംമ്പോസ്.
ഇന്ന് സ്ഥിതി മാറി. പശുവിൻ തൊഴുത്തു ഇപ്പോൾ കാർഷെഡാണ് . പശുവിന്റെ സ്ഥാനത്തു കാറുകൾ.തേങ്ങപുര ഔട്ട്‌ ഹൌസായി.
പറമ്പിൽ അവിടെയും ഇവിടെയും പഴയ തെ ങ്ങുകൾ.ഒഴിഞ്ഞ പാടങ്ങൾ. കൃഷി ഗ്രഹാതുരത്വ ഓർമ്മകൾക്ക് ചെയ്തു ആർക്കെങ്കിലും കൊടുക്കും. മറ്റു വരുമാനം ഉള്ളവർക് ഒരു സന്തോഷത്തിനു കൃഷി ചെയ്യാം.
കാരണം കാലം മാറി. കോലം മാറി. കുട്ടികൾക്ക് കൃഷിയുടെയോ പച്ചക്കറികളുടെയോ പേര് അറിയില്ല. പാൽ എവിടെ നിന്ന് കിട്ടുന്നു എന്ന് ചോദിച്ചാൽ ഫ്രിഡ്ജിൽ നിന്ന് എന്ന് പറയുന്ന കുട്ടികൾ. സ്വിഗി യിൽ ഭക്ഷണം ഓർഡർ ചെയ്യുന്ന കാലം.
എനിക്ക് ഇപ്പോഴും കപ്പ വേവിച്ചതും മത്തികറിയും അത്പോലെ ചക്ക വേവിച്ചത്. കടുമാങ്ങാ. ചേന, കാച്ചിൽ, കപ്പ, ഏത്തക്ക പുഴുങ്ങിയത്, കാന്താരി ചമ്മന്തിഒക്കെയാണ് ഇഷ്ട്ടം. എന്റെ മക്കൾക്ക് പാസ്റ്റയും പിസ്സായുമൊക്കെ. കാരണം അവർക്ക് കൃഷി ഒരു ഓർമ്മ പോലും അല്ല. അവർ വളർന്നത് വൻ നഗര കൺസ്യുമാർ സൊസൈറ്റിയിൽ. കൃഷി സ്ഥലം ഒക്കെ കാണാൻ പോകാം എന്ന് പറഞ്ഞാൽ " നോട്ട് എഗൈൻ പപ്പാ "  അവർക്കു ഗ്രാമങ്ങൾ ബോറിങ് പ്ലെയ്സ്. കൃഷിയെ കുറിച്ച് പൂജ്യം വിവരം. ഇതു എന്റെ മാത്രം കഥയല്ല. കേരളത്തിൽ മധ്യവർഗ കർഷക കുടുംബത്തിൽപെട്ടവരുടെ എല്ലാം കഥയാണ്.
കേരളത്തിൽ ആവശ്യമായ ഭക്ഷണത്തിന്റെ 15 ശതമാനമാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്.
കുറഞ്ഞത് പത്തു തലമുറയായി കർഷകരുടെ കുടുംബമാണ് ഞങ്ങളുടേത്.എന്റെ അച്ഛൻ നേരത്തെ റിട്ടയർമെന്റ് എടുത്തു അദ്ദേഹത്തിനു ചെറുപ്പത്തിലേ നന്നായി അറിയാവുന്ന കൃഷി നടത്തി. രാവിലെത്തെ കായിക അഭ്യാസം പറമ്പിൽ കിളക്കുന്നതോ തെങ്ങിന് തടം എടുക്കുന്നതോ ആയിരുന്നു. രാവിലെ ഒരു മണിക്കൂർ നടന്നത് കൃഷി ഇടങ്ങൾ സന്ദർശിക്കാൻ ആയിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ ഞങ്ങളുടെ കൃഷിയും അവസാനിച്ചു.
കുറഞ്ഞത് പത്തു തലമുറ കർഷകരായിരുന്നു എന്റെ കുടുംബത്തിൽ കൃഷി ചെയ്തു ഉപജീവനം കഴിക്കുന്നു ഒരാൾ പോലും ഇല്ല. കൃഷി ഹോബിക്ക് പോലും ചെയ്യുവാരുമില്ല.മിക്കവാറും പേർ വിദേശത്തു സെറ്റിൽ ചെയ്തിരിക്കുന്നു. അവർക്കൊ അവരുടെ മക്കൾക്കോ അവരുടെ വസ്തു വകകൾ എവിടെയൊക്കെ എന്നറിവാൻ കഴിയില്ല.  ഇപ്പോൾ വസ്തുകൾ കൃഷിഭൂമിയല്ല. മാർകെറ്റിൽ വിൽക്കാനും വാങ്ങാനും കഴിയുന്ന റിയൽ എസ്റ്റേറ്റ്കൾ. പഴയ കൃഷിഭൂമി വിറ്റ് മക്കളെ വിദേശത്തു പഠന വിസ നേടി  യൂറോപ്പിലും കാനഡയിലും ഓസ്‌ട്രെലിയയിലും സെറ്റിൽ ചെയ്യിക്കാനുള്ള മനസ്ഥിതിയിലാണ് കർഷകർ
ഇതെല്ലാം കേരളത്തിൽ കഴിഞ്ഞ മുപ്പതു മൂന്നു കൊല്ലങ്ങളിൽ സംഭവിച്ച മാറ്റമാണ്. കൃഷി മുതലാകാതെ വന്നപ്പോൾ, കേരളത്തിൽ തൊഴിൽ ഇല്ലായ്മ വർധിച്ചപ്പോൾ ആളുകൾ ജോലി തേടി വിദേശത്തുപോയി. അവിടെ നിന്ന് പൈസ വീട്ടിൽ അയച്ചു. കൃഷി പതിയെ കുറഞ്ഞു കുറഞ്ഞു ഇല്ലാതെയായി. വിദേശ റെമിറ്റൻസ് കൂടിയ നിരക്കിൽ കൃഷി കുറഞ്ഞു. കേരളം ഒരു കർഷക സമൂഹത്തിൽ നിന്നു പൂർണ്ണ കൺസ്യുമർ സമൂഹമായി പരിണമിച്ചു.
എന്റെ കുടുംബത്തിൽ വിദേശത്ത് സെറ്റിൽ ചെയ്യാതെ നാട്ടിൽ തിരിച്ചു വന്നത് ഞാൻ മാത്രം.
കൃഷി ഇന്നെനിക്കു ഗ്രഹാതുരത്വം മാത്രമാണ്.
ഒരു കർഷകനും അവരുടെ മക്കൾ കർഷകർ ആകാൻ ആഗ്രഹിക്കില്ല.
കൃഷിവകുപ്പിൽ കൃഷി ഓഫിസ്സർമാരിൽ ബഹു ഭൂരിപക്ഷവും എന്തെങ്കിലും കൃഷി ചെയ്യാൻ ഇടയില്ല.
കൃഷിയെകുറിച്ച് പ്രസംഗിക്കുന്ന ആരും അവരുടെ മക്കളെ കൃഷിക്കാരാക്കില്ല. കാരണം കൃഷി കൂട്ടുന്നത് പലപ്പോഴും കട ബാധ്യതകളാണ്.
ഇപ്പോൾ പറമ്പിൽ ഏതെങ്കിലും കൃഷിപ്പണി ചെയ്യാൻ ബംഗാളിൽ നിന്നോ ബീഹാറിൽ നിന്നോ ഉള്ള തൊഴിലാളികൾ മാത്രം
എന്റെ നാട്ടിൽ പറയുന്നത് കൃഷി മുതലാകില്ല. കൂലി കൂടുതൽ. അതിന് പോലും ജോലിക്ക് ആളില്ല വില കുറവ്. കാലം തെറ്റിയുള്ള മഴ. കടഭാരം കൂടി.കർഷക ആത്മ ഹത്യകൾ. കൂടി.
സർക്കാർ സബ്‌സിഡിയും താങ്ങു വിലയൂമുണ്ടെങ്കിൽപോലും ഒരു ചെറുപ്പക്കാർ പോലും കൃഷിക്കാർ ആകാത്തത് എന്ത് കൊണ്ടാണ്?
തുടരും
ജെ എസ്  

#Agriculture-article-JSAdoor

Join WhatsApp News
വിയർക്കാതെ, വിയർപ്പിൻറെ ഫലം ആസ്വദിക്കുന്നവർ 2023-03-22 15:53:47
എങ്ങനെ കൃഷിക്കാർ കബളിക്കപ്പെടുന്നു? എഴുപതുകളുടെ കാലം, റാന്നിയിലെ ഇട്ടയപ്പാറ ബസ്റ്റാൻഡിൽ ബസ്സു കാത്തു നിൽക്കയാണ്, അന്ന് ചന്ത ദിവസം, ഭയങ്കര തിരക്കാണ് .ബസ്സിൽ കൈയിൽ ഒരു സഞ്ചിയുമായീ വന്നിറങ്ങിയ ഒരമ്മച്ചിയെ ഒരു വഴി കച്ചവടക്കാരൻ ഇടം വലം വിടാതെ പിടിച്ചു ബസ്സ്റ്റാൻഡിൽ കയറ്റി , ഈ വെപ്രാളം കണ്ടു ഞാൻ ഇത് ശ്രദ്ധിച്ചു കൊണ്ടിരുന്നു .അമ്മമ്മച്ചി കൊണ്ട് വന്ന സഞ്ചിയിൽ പച്ച കുരുമുളകാണ്. അവരെ പുറത്തേക്കു വിടാതെ എന്തൊക്കെയോ പറഞ്ഞു കച്ചവടം ഉറപ്പിച്ചു . അയാൾ കൈയിലിരുന്ന കൈത്രാസ്സുകൊണ്ടു തൂക്കി നാലു കിലോ , പണം കൊടുത്തു അമ്മച്ചിയെ പറഞ്ഞു വിട്ടു. ഇയാൾ വീണ്ടും ബസ്റ്റാൻഡ്‌ മുറിയിലിട്ടു കയറി കുരുമുളക് വീണ്ടും തൂക്കി നോക്കി, ആറു കിലോ!!!. ഇയാളുടെ വാചക കസർത്തിൽ നിസ്സഹായായ ചിരിയുമായി നിൽക്കുന്ന ആ അമ്മച്ചിയുടെ മുഖവും , ത്രാസ്സിന്റെ ചിത്രവും ,കച്ചവവടക്കാരന്റെ വികട രൂപവും ഇപ്പോഴും മനസ്സിൽ ഉണ്ട്. ആ അമ്മച്ചിയാണ് ഒരു സാധാരണ കർഷകന്റെ പ്രതിരൂപം
Jayan varghese 2023-03-23 02:01:45
ലോകത്തിലെ ഏറ്റവും ആനന്ദകരമായ ജോലിയാണ് കൃഷി. അക്കങ്ങൾ കൊണ്ടുള്ള അവലോകനത്തിൽ നഷ്‌ടങ്ങളുടെ ബാക്കിപത്രങ്ങൾ ഒരുപക്ഷേ യാഥർഥ്യങ്ങളാവാം. ലാഭങ്ങളുടെ ലോഭക്കണക്കുകൾ തേടി നൈസർഗ്ഗിക സുരക്ഷിതത്വത്തിന്റെ പുറം തോട് പൊളിച്ചു കൊണ്ട് ധന സമ്പാദനം നടത്തിയവരാണ് ഇന്ന് ആശുപത്രി വരാന്തകളിലെ നീളൻ നിരകളിൽ അടുത്ത കൺസൾട്ടിങ്ങിനായി അക്ഷമയോടെ കാത്തു കാത്തു നിൽക്കുന്നത്. ‘ പൃഥീവ്യാ ഔഷധീ ഭോന്യം ‘ അഥവാ ആഹാരം തന്നെ ഔഷധമാകുന്നു എന്ന വേദമന്ത്രത്തിന്റെ പൊരുളറിയാതെ നാഗരികതയെ വാരിപ്പുണർന്നവരാണ് ഈ സമകാലീന ബുദ്ധി ജീവികൾ. ആശുപത്രികളുടെ ( രോഗികളുടെയും )എണ്ണം കൂടുന്നത് വികസനമാണെന്ന് വിലയിരുത്തുന്ന അരാഷ്ട്രീയ മണ്ടന്മാരുടെ വോട്ടുബാങ്കുകൾ മാത്രമാണ് ഇന്ന് നമ്മൾ എന്നതിനാൽ ചിന്താ ശേഷിയുടെ വരിയുടക്കപ്പെട്ട ഉഴവ് കാളകളായി നമ്മെ മാറ്റിപ്പണിയുന്നതിൽ അവർ വിജയിച്ചു കഴിഞ്ഞു. മണ്ണും മനുഷ്യനും ആഹാരവും ആനന്ദവുമെല്ലാം സൃഷ്ടിയുടെ ചിന്തയിലെ അനിവാര്യ ഘടകങ്ങളാണ്. അതുകൊണ്ടു തന്നെ അതിന്റെ അടിസ്ഥാന സാഹചര്യങ്ങളോട് ഇണങ്ങി ജീവിക്കുന്നതായാൽ ഏതൊരു ജീവിക്കും അതിന്റെ അനുവദിക്കപ്പെട്ട ആയുസ്സെത്തി ആനന്ദത്തോടെ അവസാനിക്കാം എന്നതാണ് പ്രകൃതിയുടെ സംവിധാനം. ഏതൊരു ആഹാരവും മണ്ണിൽ നിന്നു വരുന്നു എന്നതിനാൽ ആരോഗ്യമുള്ള ഏതൊരാളും ഒരു ദിവസത്തിലെ ഒരു മണിക്കൂർ കൃഷിക്കായി ( പാചകത്തിനായി ) വിനിയോഗിക്കേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം. അത് ചെയ്യുന്നില്ലെങ്കിൽ ആഹാരം കഴിക്കുന്നതിനുള്ള ധർമ്മികമായ അവന്റെ / അവളുടെ അവകാശം അവർ തന്നെ നഷ്ടപ്പെടുത്തുകയാണ്. നാണയക്കണക്കിൽ കൃഷി നഷ്ടമാണെങ്കിൽ ബാക്കിയുള്ള മണിക്കൂറുകളിൽ അവന് മറ്റു ജോലികളിൽ ഏർപ്പെടാവുന്നതാണല്ലോ ? എന്റെ കുട്ടികൾ കൃഷിയെ വെറുക്കുന്നു എന്ന പ്രസ്താവന അത് പറയുന്നയാളുടെ പരാജയത്തെ വെളിവാക്കുകയാണ് ചെയ്യുന്നത്. എന്റെ കുടുംബത്തിലെ അഞ്ചു വയസ്സുകാരി വരെ സഹകരിച്ചു കൊണ്ടാണ് എന്റെ കൃഷി. ബാക്‌ യാർഡിൽ 250 ചതുരശ്രയടിയിലെ കൃഷി കൊണ്ട് ഒരു വർഷത്തേക്കുള്ള ഓർഗാനിക് പച്ചക്കറിയും നൂറു പൗണ്ടിലധികം പഴങ്ങളും ഞങ്ങൾ ഉൽപ്പാദിപ്പിക്കുമ്പോൾ അതിൽ കുറച്ചൊക്കെ വേണ്ടപ്പെട്ടവർക്ക്‌ സമ്മാനിക്കുവാനും ഞങ്ങൾക്ക് കഴിയുന്നു. സ്വന്തം കൈവിരലുകൾ കൊണ്ട് നട്ട് നനച്ചു വളർത്തുന്ന ചെടികളിൽ ഓരോ ദിവസവും വിരിയുന്നത് നമ്മുടെ സ്വപ്നങ്ങളുടെ ഔഷധ വീര്യമുള്ള മുകുളങ്ങളാണ്. ആത്മാഭിമാനത്തോടെ അത്‌ ഭക്ഷിക്കുമ്പോൾ ആരോഗ്യം ഉണ്ടാവുന്നു, ആയുസ്സ് വർദ്ധിക്കുന്നു, ആനന്ദം ഉണ്ടാവുന്നു ! ‘ ആയു : സത്ത ബലാരോഗ്യ, സുഖ പ്രീതി വിവർത്തനാ : ‘ ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക