അതൊരു വസന്തകാല പൗർണ്ണമിയായിരുന്നു. മാനത്ത് സ്വർണ്ണത്തളിക കണക്കെ ചന്ദ്രൻ തെളിഞ്ഞു നിന്നു. അമൃതവള്ളിയുടെ ഇലകൾ ഒരു പൂച്ചയുറക്കം കഴിഞ്ഞുണർന്നു നോക്കുമ്പോഴും, ചിന്തകപ്പക്ഷി പുഴയിലേക്കു നീണ്ട കൊമ്പിൽ ചിന്താധീനയായിരിക്കുകയായിരുന്നു.
അവളെന്താണു ചിന്തിക്കുന്നതെന്ന് അമൃതവള്ളിയുടെ ഇലകൾ ആലിലകളോടു സംശയം ചോദിച്ചു. അവ തല വിലങ്ങനെയാട്ടി തങ്ങളുടെ അറിവില്ലായ്മ പങ്കു വയ്ച്ചു.
ചിന്തകപ്പക്ഷികൾ സാധാരണ ഉറങ്ങാറില്ല. പക്ഷെ ഗാഢമായ ചിന്തകളിൽ ലയിച്ച് ചിലപ്പോഴൊക്കെ അവ നീണ്ട നേരം കണ്ണടച്ചിരുന്നത് മയക്കം പോലെ തോന്നിച്ചു. ചിലപ്പോൾ അവ കടുത്ത വെയിലോ മഞ്ഞോ അറിയാതെ അങ്ങിനെയിരിക്കുമ്പോൾ , ആലിലകൾ നീണ്ടു നേർത്ത തങ്ങളുടെ ഇലത്തുമ്പുകൾ നീട്ടി അവളെ പൊരിവെയിലിൽ നിന്നും കൊടും മഞ്ഞിൽ നിന്നും രക്ഷിച്ചു.
അമൃതവള്ളിയുടെ തളിരില അവളെ ഉറ്റുനോക്കി, തണുത്ത കാറ്റിൽ ചിന്തകപ്പക്ഷിയുടെ കണ്ണു തുറക്കുന്നതും കാത്ത് തലയാട്ടി നിന്നു.
എല്ലാ ചിന്തകപ്പക്ഷികളുടേതുമെന്ന പോൽ, അവളുടേയും, മുഖത്തെ സ്ഥായീഭാവം ശാന്തതയായിരുന്നു. ഉള്ളിലെരിയുന്നത് തീയോ നിലാവോ എന്നറിയാൻ കണ്ടു നിൽക്കുന്നവർ ബുദ്ധിമുട്ടി. സൂക്ഷ്മമായ ഭാവവ്യതിയാനങ്ങൾ പ്രകടിപ്പിക്കാനും, ഇമയനക്കങ്ങളിലൂടെ ആശയ വിനിമയം നടത്താനുമുള്ള കഴിവ്, ജീവിതം നൽകിയ താഡനങ്ങൾക്കും, പീഡനങ്ങൾക്കും മദ്ധ്യേ അവൾക്കു കൈമോശം വന്നിരുന്നു.
ഏറെക്കഴിഞ്ഞവൾ കൺ തുറന്നപ്പോൾ, എതിരേറ്റത് തന്നെ ഉറ്റുനോക്കി നിന്ന കുഞ്ഞിലയുടെ കൗതുകമാണ്. വാത്സല്യത്തോടെ അവൾ ചോദിച്ചു
'എന്തേ കുഞ്ഞേ നീയുറങ്ങാത്തത്?'
'ഞാൻ നിങ്ങളെ നോക്കി നിൽക്കുകയായിരുന്നു, എന്തേ ഇത്ര ഗാഢമായി ചിന്തിക്കുന്നത് എന്നോർത്ത്'.
'എന്തെങ്കിലും നിങ്ങളെ വേദനിപ്പിക്കുന്നുവോ?'
തളിരില ചോദിച്ചത് മറു ചോദ്യമാണ്.
'എന്നെ സന്തോഷിപ്പിക്കാനോ നോവിക്കാനോ ഒന്നിനുമാവില്ല കുഞ്ഞേ. പക്ഷെ ജീവന്റെ അവസ്ഥകളെ കുറിച്ചും, എത്ര വിചിത്രമായ രീതികളിലാണവ പരസ്പരബന്ധിതമായിരിക്കുന്നത് എന്നതിനെക്കുറിച്ചും ആലോചിക്കുകയായിരുന്നു ഞാൻ.
കിനാശ്ശേരിയുടെ ആകാശത്തിലൂടെ പറക്കവേ ഞാനൊരു മരണം കണ്ടു, അതാണെന്നെ അങ്ങിനെയൊരു ചിന്തയിലാഴ്ത്തിയത്'.
മരണം, ദേവദത്തൻ എന്ന ജ്ഞാനിയുടേതായിരുന്നു. അദ്ദേഹം മരണമടഞ്ഞതാവട്ടെ അദ്ദേഹം എന്നും പരിഹാസത്തോടെ മാത്രം കണ്ടിരുന്ന, വാമാക്ഷിയമ്മയുടെ മടിത്തടത്തിലും.
'ഞാനിനിയുറങ്ങുന്നില്ല, കഥ മുഴുവൻ പറയുമോ'? തളിരില കൊഞ്ചി.
കിനാശ്ശേരിയുടെ മണ്ണിൽ അമ്മ വിളയാട്ടം ആദ്യം തുടങ്ങിയത് ചേറിലും ചെളിയിലും മുങ്ങിക്കിടന്ന ചാളകളിലാണ്. അമ്മ തിരുവിളയാട്ടത്തിന് ചാളകൾ തന്നെ തിരഞ്ഞെടുത്തത്, അവരോടുള്ള അതിയായ സ്നേഹം കൊണ്ടാണെന്ന് തുള്ളി വെളിപ്പെടുത്തിയത് കൃഷ്ണൻ വെളിച്ചപ്പാടായിരുന്നു. ചാളയിലെ ചെറുമൻമാർ പീളയടിഞ്ഞ കണ്ണുകളിൽ നിറഞ്ഞു വഴിയുന്ന ഭക്തിയോടെ വെളിച്ചപ്പെടലുകൾക്ക് കാതോർത്തു.
ആർത്തിരമ്പി വരുന്ന മരണത്തിന്റെ പെരുങ്കടൽ മനസ്സിൽ നിറഞ്ഞ വാമാക്ഷിക്ക് ഇരുപ്പുറച്ചില്ല. തന്റെ ആശ്രിതരായ വലിയ, ചെറിയ, കുട്ടി, കുഞ്ഞി കുറുമ്പൻമാരെയും അവരുടെ ഭാര്യമാരേയും, കുഞ്ഞുങ്ങളേയും ഓർത്ത് അവരുടെ മനസ്സ് ആർദ്രമായി. മലവെള്ളക്കാലത്തേപ്പോൽ, തനിക്കിത് ഒറ്റയ്ക്ക് നേരിടാനാവില്ലെന്നറിഞ്ഞ വാമാക്ഷി, നേരെ ആളിയൂരില്ലത്തെ ലക്ഷ്യമാക്കി നടന്നു. ദൂതൻ പോരെന്നു തോന്നിയതു കൊണ്ടാണ് സ്വയം ഇറങ്ങിത്തിരിച്ചത് - ദേവദത്തനെക്കണ്ട് വിവരം പറയാനും സഹായം തേടാനും.
യാത്ര, കഥകളി, അക്ഷര ശ്ലോകം, എന്നിവയിൽ കമ്പവും, ജ്യോതിഷത്തിലും ജ്യോതിശ്ശാസ്ത്രത്തിലും അവഗാഹവുമുള്ള, തർക്കശാസ്ത്രത്തിൽ അതുല്യനായ, നല്ലൊരു വാഗ്മി കൂടിയായിരുന്ന ദേവദത്തനോട് വാമാക്ഷിക്ക് ഒരിഷ്ടക്കൂടുതലുണ്ടായിരുന്നു. അത് ഒരു പക്ഷേ, വിദ്യയോട്, സ്വയം വിദ്യ നിഷേധിച്ചൊരാൾക്കുണ്ടായേക്കാമായിരുന്ന ആദരവായിരുന്നിരിക്കാം. പക്ഷെ, എന്തുകൊണ്ടോ വാമാക്ഷിയ്ക്ക് ദേവദത്തന്റെ മനസ്സിൽ കുടിപാർക്കാനായില്ല.
മനുഷ്യൻ, കുരങ്ങിൽ നിന്നാണ് ഉത്ഭവിച്ചതെന്ന ശാസ്ത്രവാദത്തിന് നിദാനമായിരുന്നത് ഒരു വേള അവന്റെ ചിത്തവൃത്തിയാണോ എന്നു ശങ്കിക്കേണ്ടിയിരിക്കുന്നു. രൂപമോ ഭാവമോ സ്ഥാനമോ നിയതമല്ലാത്ത മനസ്സ്, വികൃതിക്കുരങ്ങനെപ്പോലെ ചഞ്ചലമാണ്. അത് വിളിച്ചിടത്തിരിക്കില്ല, സ്നേഹത്തോടെ കൊടുക്കുന്നതെല്ലാം തട്ടിമറിച്ച്, അടിയിരിക്കുന്നിടത്തേക്ക് കവിൾത്തടം നീട്ടിച്ചെല്ലുകയും കൃത്യമായി വാങ്ങിച്ചു കെട്ടുകയും ചെയ്യും.
സ്ഥിതിഗതികളുടെ നിജസ്ഥിതി വ്യക്തമാക്കി, ദേവദത്തന്റെ സഹായവും ഇടപെടലും അഭ്യർത്ഥിച്ച വാമാക്ഷിയോട്, അവരോട് തനിക്കുള്ള പരിഹാസം ഒളിപ്പിക്കാതെ തന്നെ ദേവദത്തൻ പറഞ്ഞതിങ്ങനെ.
'ത്യാഗം, ഭൂതദയ എന്നിവ ഒരു തരം മാനസിക വൈകല്യമാണ് വാമാക്ഷി.'
'മറ്റൊന്നും ചെയ്യാനറിയാത്തവർക്കും, ബൗദ്ധികമായി വളരെ താഴ്ന്ന നിലയിലുള്ളവർക്കും വളരെ എളുപ്പം adopt ചെയ്യാനും, ശ്രദ്ധ പിടിച്ചുപറ്റാനും ഉതകുന്ന ഒന്ന്'.
"ഓ ഇംഗ്ലീഷറിയില്ലല്ലോ ല്ലേ നെണക്ക്. അതിന് ശരിയായൊരു പദം തോന്നണില്ല നോന് - adopt....... എന്താ പറയ്വാ ....."
'നെണക്ക് മനസ്സിലാവണ ഭാഷേല് പറയ്വാ ച്ചാൽ, ഒരു വിരേചനൗഷധം ന്ന് വേണങ്കിപ്പറയാം'.
"വിരേചനം, ബുദ്ധിമുട്ടില്ലാത്തോർക്ക് അത്തരം കൃത്രിമത്വങ്ങൾ വേണ്ടതില്യാന്നും കൂട്ടിക്കോള്വാ".
ദേവദത്തൻ ഉറക്കെച്ചിരിച്ചു.
വാമാക്ഷി എഴുന്നേറ്റു.
'വേണ്ട. ഇംഗ്ലീഷല്ല, കിനാശ്ശേരി (ഭാഷ) തന്നെ കഷ്ടിയാണ്. അങ്ങ് ആ വാക്കന്വേഷിച്ച് വിഷമിക്കണം ന്നില്ല'.
'എറങ്ങാണ്'.
നിഷേധികൾക്കുള്ള ഏറ്റവും വലിയ പ്രശ്നം, അവർക്ക് മറ്റു നിഷേധികളെ അംഗീകരിക്കാനും ഉൾക്കൊള്ളാനുമുള്ള ബുദ്ധിമുട്ടാണ്. ദേവദത്തന്റെ നിഷേധം എന്നുമെന്നപോൽ അന്നും വാമാക്ഷിയെ ഉലച്ചു. പുറമേ ശാന്തമായ കടലാഴങ്ങളിൽ ശക്തമായ ഒഴുക്കും ചുഴലികളുമാവും.
കാലിൽ പിണഞ്ഞവരേയും, കടക്കൺനോട്ടത്തിന് കാത്തുനിന്നവരേയും മാത്രമേ വാമാക്ഷി അതുവരെ കണ്ടിരുന്നുള്ളൂ. തന്നെ മറ്റൊരാൾ ആ നിലയിലേക്ക് താഴ്ത്തുന്നത്, വല്ലാത്ത വിങ്ങലായി ഉള്ളിൽ നിലകൊണ്ടു.
കാളികാവിന് പുറത്ത് ഒരു നിമിഷം നിന്ന്, ദേവീസങ്കല്പമായ കരിങ്കല്ലിലേക്കുറ്റു നോക്കി, സഹായിയായി വന്ന ചാത്തനെയും കൂട്ടി വാമാക്ഷി ചേരികളിലേക്കിറങ്ങി. മരിച്ചവരെ അടക്കി, മരണം കാത്തു കിടന്നവരെ പരിചരിച്ച്....
പലപ്പോഴും ഉറങ്ങാൻ വാമാക്ഷിക്ക് ചാരായത്തിന്റെ ലഹരി വേണ്ടിവന്നു. മരിക്കുന്നവർക്ക് കാവലിരിക്കാൻ കെട്ടുകണക്കിന് ബീഡിയുടെ പുക വേണ്ടിവന്നു.
വാമാക്ഷി ഭയപ്പെട്ടതിലും കൂടുതലായി മരണപ്പെരുങ്കടൽത്തിരയടിച്ചു. രാവും പകലുമില്ലാതെ, ചാരായത്തിന്റെയും ബീഡിയുടെയും ലഹരിയിൽ, വിശ്വസ്ഥരായ ഭൃത്യന്മാരുടെ അകമ്പടിയോടെ, മുണ്ടുമടക്കിക്കുത്തി, തലേക്കെട്ടു കെട്ടി, രാത്രികളിൽ പാടവരമ്പിലും ഇടവഴിയിലും ചൂട്ടു മിന്നിച്ച് വാമാക്ഷി ചുറ്റി നടന്നു, മരണത്തിന് തുണയായി.
ആയിടയ്ക്ക് സംശയമായി ഒരു വാർത്തയെത്തി. ദീനം ആളിയൂരില്ലത്തും കുടിപാർപ്പിനെത്തി എന്ന്. വാമാക്ഷി ഓടിയെത്തിയപ്പോൾ കണ്ടു, ദേവദത്തൻ ശരീരമാസകലം പൊന്തിയ കുരുക്കളിലും പൊട്ടിയൊഴുകിയ ചലത്തിലും വിസർജ്ജ്യത്തിലും മുങ്ങി, ഇല്ലത്തെ കാറ്റും വെളിച്ചവും കടക്കാത്ത അറയിലെ പനമ്പിൽ തളർന്നു കിടക്കുന്നു.
ചാരായത്തിന്റെയോ ബീഡിപ്പുകയുടെയോ സഹായമില്ലാതെ മൂന്നുനാൾ വാമാക്ഷി ദേവദത്തന്റെ മരണത്തിനു കാവലിരുന്നു. സ്വയം, അദ്ദേഹത്തെ വൃത്തിയാക്കുകയും താങ്ങിയിരുത്തി കരിക്കിൻ വെള്ളവും കഞ്ഞിയും കഴിപ്പിക്കുകയും ചെയ്തു. മൂന്നാം നാൾ വാമാക്ഷിയുടെ മടിയിലിൽ കിടന്ന ദേവദത്തൻ, അടയാൻ കൂട്ടാക്കാതിരുന്ന കണ്ണിൽ വാമാക്ഷിയെ നിറച്ച് അവസാനയാത്ര പുറപ്പെട്ടു.
യാത്രാ മൊഴി ചൊല്ലാതെ....
ജഡം ദഹിപ്പിച്ച അന്നു രാത്രി,
'തമ്പ്രാട്ടി ചാരായത്തിലാണ് കുളിച്ചതെ'ന്നാണ് സഹായിയായിച്ചെന്ന തേറൂറുമ്പൻ ലോകത്തോട് വിളംബരം ചെയ്തത്.
കഥ തീരുമ്പോൾ വെള്ളി പൊട്ടിയിരുന്നു. അമൃതവള്ളിയുടെ തളിരില കണ്ണീരിൽ കുളിച്ചെന്ന പോൽ മഞ്ഞണിഞ്ഞു നിന്നു.