1
''ഒരു തലമുറയെന്നാല്‍ അഞ്ചു വര്‍ഷം..........''
ദീര്‍ഘ മൗനത്തില്‍ നിന്ന് ഉണര്‍ന്നിട്ടെന്നപോലെ, ''അതേ അഞ്ചു വര്‍ഷം.......... അതിലേറെ ആരും ഇവിടെ ജീവിക്കാറില്ല.''
മറുപടിയില്ലാതെ കുറേ നിമിഷങ്ങള്‍
തറപ്പിച്ച നോട്ടത്തിനിടയിലൂടെ വീണ്ടും.
''അതേ, അതങ്ങനെയാണ്.''
പിന്നിട് ഇടവേള
യാദൃശ്ചികമായാണ് അവിടെ എത്തിച്ചേര്‍ന്നത്.
ജീവിതത്തില്‍ ആഘോഷങ്ങള്‍ വേണ്ടായെന്ന് കരുതിയവര്‍ക്കും സമൃദ്ധി ത്യജിച്ചവര്‍ക്കും ചിലപ്പോള്‍ അതിന് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്കും വിധിക്കപ്പെട്ടയിടം!
തങ്ങള്‍ ജീവിക്കുന്ന അവസ്ഥയില്‍ നിന്ന് മെച്ചമായ മാറ്റം വേണമെന്ന ആഗ്രഹം പോലും ത്യജിച്ചവര്‍.
ഒപ്പം ഉണ്ടായിരുന്നവരുടെ മുന്നറിയിപ്പ് ''താടിയെന്ന പേരിലാണ് അയാള്‍ അറിയപ്പെടുന്നത്; മഞ്ഞത്താടിയെന്നും. അങ്ങനെയൊന്നും കേറി വിളിച്ചുകളയരുത്. ആള്‍ കര്‍ക്കശക്കാരനാണ്.''
പേടിപ്പെടുത്തുന്നതുപോലെ.
അവിടെ സംഭാഷണം അവസാനിച്ചില്ല.
എന്നാല്‍ ഏറെ വ്യക്തമാക്കാന്‍ വേണ്ടി അവര്‍ തുടര്‍ന്നു.
''താടി, ഈ മഞ്ഞ ചില്ലറക്കാരനൊന്നുമല്ല. ഫിലോസഫി അദ്ധ്യാപകനായിരുന്നു ...... അവസാനം അതിന്റെ പ്രായോഗിക പരീക്ഷണത്തിലേക്ക് ഇറങ്ങിത്തിരിച്ചു.''
''തത്വശാസ്ത്രംകൊണ്ട് ഒന്നും നേടുകയില്ല. മഹാന്മാരെന്ന് കണക്കാക്കപ്പെടുന്നവര്‍
എന്തോ നേടിയിരിക്കാം, ഇല്ലായിരിക്കാം. പക്ഷേ, ഒന്നുണ്ട് അവര്‍ സാധാരണ ആര്‍ഭാട ജീവിതം ത്യജിച്ചു.''
''മരണത്തോടെ എല്ലാം മറക്കപ്പെടുന്നു.....''
''തുടര്‍ച്ചയില്ലാതെ..!''
''ചരിത്രത്തിന്റെ ഭാഗമായതുകൊണ്ട്.........ആര് ആരെയാണ് ഓര്‍ക്കുന്നത്...''
ആ 'സ്ഥാപനത്തിന്റെ, കലാശാലയുടെ, കുടുംബത്തിന്റെ അല്ലെങ്കില്‍ ആ ശിഥില സമൂഹത്തിന്റെ' അവസാന വാക്ക് 'മഞ്ഞത്താടി'യെന്ന അയാളായിരുന്നു.
അയാളുടെ വരണ്ട വാക്കുകള്‍:
''നിനക്ക് പേരില്ല, പേരുകള്‍ വന്നു വീഴുകയാണ്.''
ധ്യാനത്തില്‍ നിന്ന് ഉണര്‍ന്നുകൊണ്ട് വീണ്ടും
''നിരീക്ഷണ പാടവമുള്ളവരാണ് ജനം, അവരാണ് പേരുകള്‍ ചാര്‍ത്തേണ്ടത്. നടപ്പില്‍ നിന്ന്, നോട്ടത്തില്‍ നിന്ന്, പെരുമാറ്റത്തില്‍ നിന്ന്, ലക്ഷണങ്ങളില്‍ നിന്ന്, സംസാരത്തില്‍ നിന്ന്.''
ഓര്‍മ്മയിലൂടെ,
''മരിച്ചവരോ ഒന്നും അറിയുന്നില്ല, മേലാല്‍ അവര്‍ക്ക് ഒരു പ്രതിഫലവും ഇല്ല...''
2
തൊട്ടു താഴെയുള്ള ഇരുവരിപ്പാതയിലൂടെ ജ്വലിക്കുന്ന ഹെഡ് ലൈറ്റുമായി ഒരു കാറ്
അതിവേഗത്തില്‍, ഏതോ അപകടത്തില്‍ നിന്ന് രക്ഷനേടുന്നതുപോലെ.
''ഇതൊരു കൊട്ടാരമാണ്........ ഭീമമായ കൊട്ടാരം, അങ്ങനെ ചിലരെങ്കിലും കണക്കാക്കുന്നു.'' താടി ഓര്‍മ്മിപ്പിച്ചു. ''കഥയറിയാത്ത മനുഷ്യര്‍...''
ഇടയ്ക്കിടെ ഓടിയെത്തുന്ന വെളിച്ചം കൂറ്റന്‍ തൂണുകളില്‍ തട്ടി ഒരു ചലച്ചിത്രത്തിലെന്നപോലെ നിഴല്‍ മാറിക്കൊണ്ടിരിക്കുന്നു.
കൊട്ടാരത്തിന്റെ താഴത്തെ നില,
അവിടെ എപ്പോഴും വരള്‍ച്ച പിടിച്ച ഇരുട്ടാണ്. രാവും പകലും ഒരുപോലെ. അതിന്റെ മേലെയാണ് റെയില്‍പ്പാളം. ചരക്കു വണ്ടികള്‍ വന്നു നില്‍ക്കുന്നിടം. മൈലുകള്‍ നീളമുള്ള ചരക്കുവണ്ടിയുടെ ഏറ്റവും പിന്നിലെ കാറ് അവിടെയായിരിക്കും. താഴെ നിന്ന് പടികള്‍ കേറി റെയില്‍പ്പാളങ്ങളുടെ നിലയിലെത്താം. വേണമെങ്കില്‍ വിശാലമായ ലോകത്തിലേക്ക് തുറന്നിട്ടിരിക്കുന്ന വാതില്‍പ്പോലെ!
കൂടാതെ, കലാസൃഷ്ടികളുടെ പരിശീലനക്കളരിയും.
അതിനു മീതെ സാധാരണ റോഡ്. ഏറ്റവും മേലെ ഫ്രീവേ. ജംഗ്ഷന്‍. അതായത് ആ വലിയ കൊട്ടാരത്തിന്റെ സാങ്കല്പിക സത്യമായ മേല്‍ക്കൂര!
എവിടെയും കൊട്ടാരങ്ങളുടെ അലങ്കാരമായ 'ചാണ്ഡലിയര്‍' ലൈറ്റുകള്‍. പ്രകാശ പൂരിതം! പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ സമ്മാനിക്കുന്ന മണിമുത്തുവെളിച്ചം.
''നഗരത്തിന്റെ അധിപതികളായ കൊതുകു സമൂഹത്തിനും ശല്യപ്പെടുത്തുന്ന നീരാവിക്കും ശീതകാലത്തിന്റെ ധ്രുവക്കാറ്റിനുപോലും ഇവിടെ വിലക്ക്.'' അങ്ങനെ സങ്കല്പം.
3
കലാകാരന്മാര്‍ രാത്രിയിലെ നേരിയ വെളിച്ചത്തിലാണ് 'ഗ്രാഫിറ്റി' രൂപങ്ങള്‍ കോറിയിടുക. അതൊരു നേരംപോക്കോ? അല്ല, കഴിവുകളുടെ പ്രദര്‍ശനം, അത് പുതുമക്കാരുടെ ബാലപാഠവും.
കലാരൂപങ്ങള്‍ ആസ്വദിക്കുന്നവരും, കണ്ട് അത്ഭുതംകൂറി നില്ക്കുന്നവരും ഈ വലിയ രാജ്യത്ത് എവിടെയെങ്കിലും ഉണ്ടായിക്കുമെന്നും തീര്‍ച്ച.
എത്രയോ നേരത്തെ കാന്‍വാസായ ചരക്കുവണ്ടികളുടെ ഒരു കാറ് നോട്ടമിടണം. ഇന്ന്, ഈ രാത്രിയില്‍, ഇപ്പോള്‍ ആണ് ഇത് മുഴുമിപ്പിക്കേണ്ടത്. ഒരിക്കല്‍ ജോലി തുടങ്ങിയാല്‍ അതീവ ശ്രദ്ധയോടും വേഗത്തിലും കൃത്യമായും ചെയ്യണം, മറ്റുള്ളവര്‍ ഉറങ്ങുന്ന നിശബ്ദതയില്‍.
നാളെ ആ കാറ് അവിടെ കാണുകയില്ലായിരിക്കാം.
വേഗം ഉണങ്ങുന്ന ഹൈപ്രഷര്‍ പെയ്ന്റ് സംഘടിപ്പിക്കണം. ബ്രഷ്, ഉളി തുടങ്ങിയ ഉപകരണങ്ങളും വേണം. ഒന്നും ധൃതിയില്‍ തേടിപ്പോകാന്‍ നേരമില്ല.
ഒരിക്കല്‍ 'കാന്‍വാസ്' പൊടിതുടച്ച് മിനുക്കിയെടുത്താല്‍ മനസ്സില്‍ നിന്ന് ചിത്രം പകര്‍ത്തുകയായി. ശാസ്ത്രീയ സങ്കല്പങ്ങള്‍ക്കപ്പുറമായ ഭാവനയോടെ. രൂപം തെളിഞ്ഞു വരികയായി. ചിലപ്പോള്‍ മാറി നിന്ന് അതൊന്ന് കാണാന്‍, ആസ്വദിക്കാന്‍ നേരം കിട്ടിയാലായി.
കിഴക്ക് വെള്ളകീറുമ്പോഴേക്ക് കലാകാരന്‍ തനിക്ക് ചിത്രവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു. പിന്നെ അത് ലോകത്തിന്.
4
ഒരു ദിവസം മഞ്ഞത്താടി ചോദിച്ചു: ''നിനക്ക് പടം വരയ്ക്കാനറിയാമോ......?'' സംശയമില്ലാതെ മറുപടി: ''നോക്കാം....''
അക്ഷരംകൊണ്ടാണ് കല. കണക്കും സാഹിത്യവും എല്ലാം അക്ഷരംകൊണ്ടെന്ന പോലെ. ഇംഗ്ലീഷ് അക്ഷരമാലയിലെ എടുത്തു നില്ക്കുന്ന ചില അക്ഷരങ്ങള്‍ക്ക് പ്രത്യേകതയുണ്ട്. ു, യ, മിറ റ! തെരുവു കലാകാരന്മാര്‍ക്ക് ശരീരഭാവങ്ങളുടെ ഏറ്റിറക്കങ്ങള്‍ കോറിയിടാനുള്ള പ്രചോദനം!
''ബ്ലൂവിന്റെ ചിത്രം......?''
അക്ഷരങ്ങളുടെ എടുപ്പുകളിലൂടെ ''ബ്ലൂ'' രൂപപ്പെട്ടുവന്നു.
ചിത്രത്തിലേക്ക് നോക്കി നില്ക്കുന്നതിനിടയില്‍ ഓര്‍ത്തു ഈ ബ്ലൂ ആരാണ്?
നാടകീയമാണ്, ചുറ്റുപാടുകളോട് വഴക്കടിച്ച്, ഭാഷയിലെ ഇപ്പോള്‍ കണ്ടെടുത്ത ശാപവാക്കുകളുമായി.
അപ്രതീക്ഷിതമായ രൂപമാറ്റങ്ങള്‍.
വംശീയമായ തിരിച്ചറിവ് വ്യക്തമല്ലാത്ത രൂപം.
ആ തീവ്രതയില്ലാത്തതുകൊണ്ടായിരിക്കാം, കൃത്യമായ യൂറോപ്യന്‍ ഭാവങ്ങളില്ലാത്തതുകൊണ്ടായിരിക്കാം ആരോ കല്പിച്ചുകൊടുത്ത പേര്.
'ബ്ലൂ'
അതിനേക്കാള്‍ മനോഹരമായി തന്റെ സ്വന്തം പാരമ്പര്യത്തില്‍ നിന്ന് തപ്പിയെടുത്ത് അവളെ വിളിച്ചു ''നീലി...''
അര്‍ത്ഥമറിയാതെ അവള്‍ പ്രതികരിക്കുന്നതായി ഭാവിച്ചു, തിരിഞ്ഞു നിന്ന് ഒരു ചെറുപുഞ്ചിരി!
കവിളില്‍ ഇതളുകള്‍ വിടര്‍ന്നോ?
പിന്നീട് കൂടെയുണ്ടായിരുന്നവരില്‍ ആരോ ഉപദേശിച്ചു:
''അവള്‍ ചില്ലറക്കാരിയൊന്നുമല്ല...നിന്നെ മൊത്തം തട്ടിയെടുക്കാന്‍ അവള്‍ക്കറിയാം.'' തുടര്‍ന്നു:
''അവള്‍ ഇടയ്ക്കിടെ ഗര്‍ഭിണിയാണ്.'' ആകാംക്ഷ ശമിപ്പിക്കാന്‍ ''നേരായിട്ടും അല്ല, വെറും വേഷം കെട്ടല്‍..!''
ഇതൊരു നാടകശാലയാണ്. ഓരോരുത്തരും വേഷം മാറി വരുന്നു. ലോകത്തിന്റെ വിശാലമായ വേദിയില്‍ അഭിനയിക്കുന്നു.
നാല്ക്കവലകളില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന പ്ലാക്കാര്‍ഡില്‍ ഇങ്ങനെയാവും എഴുതിയിരിക്കുക. ''ഗെറ്റിംഗ് എവിക്റ്റട്, പ്ലീസ് ഹെല്‍പ് ടു പേ റെന്റ്.''
അവളിലെ ഗര്‍ഭകാല മുഖഭാവങ്ങള്‍ അതിന്റെ തനിമയോടെ രൂപപ്പെടുത്തിയിരിക്കുന്നു. ഒപ്പം ദാരിദ്ര്യത്തിന്റെ അടയാളങ്ങളും. അപ്പാര്‍ട്ടുമെന്റില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന പേടി മുഖത്ത് തളംകെട്ടി.
എവിടെയോ ഒരു ശില്പി, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, ഒളിഞ്ഞിരിക്കുന്നു. എത്രപേരെയാണ് ലോക വേദിയിലെ ആട്ടത്തിന് അയാള്‍ ഒരുക്കിയിറക്കുന്നത്.
'വിശക്കുന്നു
വര്‍ക്ക് ഫോര്‍ ഫുഡ്
ടു സപ്പോര്‍ട്ട് ഫാമിലി
വികലാംഗനായ യുദ്ധവീരന്‍'
മുദ്രാവാക്യങ്ങള്‍ അവസരോചിതമായി. വഴിയോരങ്ങളുടെ പ്രകൃതിദത്തതക്ക് അനുരൂപമായി, എന്നാല്‍ ഒരു പോസ്റ്റ് മോഡേണിസത്തിന്റെ കൃത്യമായ അലക്ഷ്യതയോടെ.
ബിഗ് ബിസ്സിനസ്, അതിന്റെ തന്ത്രങ്ങള്‍ മെനയുന്നു!
5
ഒരിക്കല്‍ മഞ്ഞത്താടി പറഞ്ഞു:
''നമ്മള്‍ നഗരത്തിന്റെ സ്വന്തമാണ്. റിലീഫ് വാല്‍വ്.....''
വലിയ നേട്ടങ്ങള്‍ കൊയ്തു കൊണ്ടുവരുന്ന മാന്യന്മാര്‍ അമിത ആഹ്ലാദത്തോടെ താളം പിടിച്ച് ഗാനങ്ങള്‍ക്കൊപ്പം നൃത്തമാടി പച്ചവെളിച്ചം കാത്തുനില്ക്കുന്ന അക്ഷമ അവസരങ്ങളില്‍ കീശയില്‍ കയ്യിട്ട് അപ്പോള്‍ തപ്പിത്തടഞ്ഞു കിട്ടുന്നത് എന്താണോ അത് പിച്ചച്ചട്ടിയിലേക്ക് വലിച്ചെറിയുന്നു.
അതാണ് റിലീഫ് വാല്‍വ് !
ഉയരത്തില്‍ നിന്ന് തങ്ങളെ അനുഗഹിച്ചുകൊണ്ടിരിക്കുന്ന മഹാശക്തിക്ക് നന്ദി പറഞ്ഞുകൊണ്ട്. അതു തടര്‍ന്നും കിട്ടിക്കൊണ്ടിരിക്കാനുള്ള കൈമടക്ക്.
ആര്‍ക്ക് കൊടുത്തെന്നോ ആര് വാങ്ങിയെന്നോ കണക്കില്ലാതെ. നന്മ ചെയ്യുന്നത് രഹസ്യമായിരിക്കണമെന്നാണല്ലോ സങ്കല്പം.
ഏതു പട്ടിക്കും 'ഒരു നല്ലദിനം' എന്നു പറയുന്നതുപോലെ തങ്ങളില്‍ ഓരോരുത്തര്‍ക്കും ഒരിക്കലെങ്കിലും അതു വന്നുചേരും. തിമിര്‍ത്ത മാനസിക ഉത്സവത്തിനുള്ള വകയായി!
നീലിയെന്ന ബ്ലൂവിന് ഇങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ ഏറെ. അവള്‍ അതൊരിക്കലും ആഘോഷിക്കാറില്ല. ഉള്‍വലിവ് എന്ന മൗന ശരീര ഭാഷയില്‍ നിന്നാണ് മറ്റുള്ളവര്‍ അത് ഊഹിച്ചെടുക്കുന്നത്.
ആ ''കൊട്ടാരത്തില്‍'' എല്ലാം സൗജന്യമാണ്. മേല്‍ക്കൂര സര്‍ക്കാര്‍ എന്ന സര്‍വ്വവ്യാപി സൃഷ്ടിച്ചത്.
വെളിച്ചം...
അതുണ്ടാകട്ടെയെന്ന് ആ സര്‍വ്വശക്തന്‍ കല്പിച്ചതുപോലെ.
ഉള്ളതുകൊണ്ട് ഓണം, എന്നും ആഘോഷം.
മഴയുണ്ടാകുന്നത് പൊടുന്നനെ. ഒടി വന്ന്, ഓടാപ്പോകുന്നത്, മറ്റു ചിലപ്പോള്‍ ദിനങ്ങളോളം നീണ്ടു നില്ക്കുന്നത്. കടലുകള്‍ കടന്ന് മഹാനഗരത്തെ ഉന്നം വെക്കുന്ന ചുഴലിക്കാറ്റിന്റെ ശേഷപത്രം.
കുത്തൊഴുക്കും, പ്രളയവും കാണുമ്പോള്‍ കാലങ്ങളുടെ ഓര്‍മ്മ. അന്നത്തെ ഓളങ്ങളും ചുഴികളും.
ആറും തോടും കവിഞ്ഞൊഴുകുകയായി, ഇടവപ്പാതി!
പഴയ ദേശത്തിന്റെ ഓര്‍മ്മ പുതുക്കല്‍.
പക്ഷേ, തികച്ചും ഒറ്റപ്പെടല്‍, ചിലപ്പോള്‍ പ്രകടിപ്പിക്കാനാവാത്ത കൊടുംപട്ടിണി. ഒന്നും ശേഖരിച്ചു വെക്കാന്‍ പാടില്ലാത്ത അവസ്ഥ. മഞ്ഞത്താടിയുടെ കല്പന, ഇന്നത്തേത്ഇന്നേക്കുമാത്രമെന്ന യുഗസങ്കല്പം.
പ്രകൃതിയില്‍ ജീവിക്കുന്നവര്‍ക്ക് ഒന്നും കരുതേണ്ട. ആകാശത്തിലെ പറവകളെപ്പോലെ, കാട്ടിലെ മൃഗങ്ങളേപ്പോലെ.
ആ മടങ്ങിപ്പോക്കു തന്നെ സ്വര്‍ഗ്ഗം!
സ്വരൂപിച്ചുകൂട്ടുന്നത് പ്രത്യയ ശാസ്ത്ര സങ്കല്പം.
ജന്മിത്വവും, മുതലാളിത്തവും സോഷ്യലിസവും,
നമുക്കു നമ്മോടുള്ള പേടിയും വിശ്വസമില്ലായ്മയും.
തുടര്‍ച്ചയായ ലോക പഠിപ്പിക്കല്‍ സമ്പത്ത് ശേഖരിച്ചുവെക്കുന്നതിന്റെ അര്‍ത്ഥമില്ലായ്മാണ്, അപകടവും. പക്ഷേ, അതേ ലോകം തന്നെ അവരുടെ നിലനില്പിന് സ്വരുക്കൂട്ടുന്നതിനെ മറ്റൊരു വിധത്തില്‍ പ്രോത്സാഹിപ്പിക്കുന്നു, അനുയായികളെ അതിനു താലപര്യപ്പെടുത്തുന്നു. ആ അനുഗ്രഹത്തിനാണ് പ്രാര്‍ത്ഥനകളും വഴിപാടുകളും. അനുയായികള്‍ക്കു വന്നു ഭവിക്കുന്ന അനുഗ്രഹങ്ങളുടെ വീതത്തിനും.
തന്റെ പ്രഭാഷണത്തില്‍ മഞ്ഞത്താടി ഒരിക്കല്‍ പറഞ്ഞു:
'വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച് അങ്ങനെ തന്നെ മരിക്കുന്നതിനു എന്ത് അര്‍ത്ഥമാണ്. നിങ്ങള്‍ ഒന്നും പ്രവര്‍ത്തിച്ചില്ല.
ആരോ നേടിയ സമ്പത്തിനുമേല്‍ നിങ്ങള്‍ അടയിരുന്നു.
വെള്ളിക്കരണ്ടിയുമായി ജനിച്ചാല്‍ എല്ലാം ത്യജിച്ച് ഇല്ലായ്മയില്‍ മരിക്കണം'
6
റെയില്‍ കാറുകളിലെ കലാപരമായ സാദ്ധ്യതക്ക്, കലാരൂപങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് മഞ്ഞത്താടിയാണ്.
ചിത്രാരന്മാര്‍ക്കൊപ്പം പാട്ടുകാരുടെയും ആട്ടക്കാരുടെയും ലോകം.
പകല്‍ മുഴുവന്‍ നാല്ക്കവലകളെന്ന 'നാടക' വേദിയില്‍ യാന്ത്രികമായി അഭിനയിക്കുന്നവര്‍, അതിന് അണിഞ്ഞൊരുക്കം ചെയ്യുന്നവര്‍.
അക്കൂട്ടത്തില്‍ ഗ്രഫ്റ്റിയെന്ന തെരുവുചിത്ര കലാകാരന്മാരും.
''നിന്നേപ്പോലെ ഒരുവന്‍ ഇവിടെയുണ്ടായിരുന്നു. അവന്‍ ഇന്നും പടം വരച്ച് ജീവിക്കുന്നു. പ്രതിഫലം ഉണ്ടായിരിക്കാം, പക്ഷേ, അസ്തിത്വം നഷ്ടപ്പെട്ടു.''
അത് എന്തെന്ന് പറയാതെ കുറേനേരം മഞ്ഞത്താടി മൗനമായിരുന്നു.
തുടര്‍ന്നു:
''അയാളുടെ ചിത്രങ്ങള്‍ക്ക് അനക്കമില്ല, ഒരിടത്തിരിക്കുന്നു, ജനം അങ്ങോട്ട് ചെന്നു കാണണം. ഈ റെയില്‍ വണ്ടികളിലെ ചിത്രങ്ങള്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കും., ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.''
ശരിയാണ്,
ലോകം മുഴുവന്‍ അതു കാണുന്നു. അറിയാത്ത, പേരില്ലാത്ത ആ ചിത്രകാരന് ജനം നന്മകള്‍ നേരുന്നു.
താടി പലപ്പോഴും പറയാറുണ്ട്
ഉറപ്പുള്ള ഈ കൊട്ടാരത്തിന് പരിധികളില്ല, ഇവിടെ ജീവിക്കുന്നവര്‍ക്ക് സ്വന്തമായി ഒന്നുമില്ല, ചിത്രപ്പണികള്‍ കേവലം നേരംപോക്കുമല്ല, അത് നിറങ്ങളിലൂടെയുള്ള പ്രതിഷേധമാണ്.
ചായക്കൂട്ടും സാമഗ്രികളും എവിടെ നിന്നെങ്കിലും കിട്ടും. ചിത്രങ്ങളുടെ ചെറിയ ഉളികൊണ്ട് വശങ്ങള്‍ ചെത്തി വെടിപ്പാക്കുന്നു.
ഹിപ്പ് ഹോപ്പ് ഗ്രാഫിറ്റ്
ജനപ്രിയ ഗ്രാഫ്റ്റി
ബ്ലൂ എന്ന നീലിയെ വരക്കുന്നതില്‍ കൗതുകം കണ്ടെത്തി. നിലിയുടെ മേക്കപ്പ് രൂപം അക്ഷരങ്ങളിലൂടെ.
ക്രൂരമായ ഹാസ്യം.
വീര്‍ത്ത വയറും, മുഴച്ച മാറിടവും.
ഏതാണ്ടൊരു പാതി ആസ്വാദനവും, കിട്ടിയ അംഗീകാരത്തിന്റെ തിരിച്ചറിവുമായി അവളുടെ പ്രതികരണം.
''യൂ ആര്‍ ബാഡ്, ഡേര്‍ട്ടി മൈന്‍ഡ്..' ഇത്രയും പറഞ്ഞിട്ട് മുഖം വീര്‍പ്പിച്ചുള്ള നടത്ത. അതും ഒരഭിനയമോ?.
7
റെയില്‍ കാറുകളിലെ കലാരൂപങ്ങളില്‍ കാലം എന്ന സങ്കല്പം ഇല്ല, അതുപോലെ നിലനില്പിന്റെ പ്രത്യേകതയും. ഊതിവീര്‍പ്പിച്ച ബലൂണ്‍ ആകാശത്തിലേക്ക് പറത്തുന്നതുപോലെ. അത് എവിടെയും ചെന്നെത്താം. അല്ലെങ്കില്‍ ശൂന്യതയില്‍ അപ്രത്യക്ഷമാകാം. ജീവനും മരണത്തിനും അതിര്‍വരമ്പുകള്‍ ഇല്ലാത്തതുപോലെ. വരകള്‍ക്കും തനത് നിലനില്പില്ല. നിറക്കൂട്ടും വരകളും അതിന്റെ അതിരുകളും നിര്‍വ്വചിക്കപ്പെടുന്നത് അതതു നേരത്തെ വെളിച്ചത്തെയും മേഘങ്ങളെയും നിഴലിനേയും ആശ്രയിച്ച്.
പ്രകൃതിയിലൂടെ ആ നിമിഷങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍.
ആരാണ് ഇവിടെ യഥാര്‍ത്ഥ ചിത്രകാരന്‍? നിറമോ വെളിച്ചമോ, വേഗതയോ ഇവരില്‍ ആരാണ്?
അന്നൊരിക്കല്‍ -
ഒരു വണ്ടി നിറയെ ഭക്ഷണപ്പൊതികളുമായി പൂണ്യം കാംക്ഷിക്കുന്നവര്‍ വന്നു.
ആതു സാധാരണമാണ്.
ഈ ജീവിതത്തിനപ്പുറം ഒരു സ്വര്‍ഗ്ഗമുണ്ടെന്ന വിശ്വാസം. പുണ്യങ്ങളുടെ, നന്മയുടെ കണക്കു നോക്കി അവിടെ പ്രവേശിക്കപ്പെടുന്നു.
മദ്ധ്യവര്‍ത്തികളിലൂടെയല്ലാതെ അര്‍ഹമായി അത് അനുഭവിക്കുന്നവരുടെ പക്കലേക്ക് ദാനധര്‍മ്മങ്ങള്‍ നേരിട്ട് എത്തിക്കുന്നതും ആ പ്രക്രിയ നേരിട്ട് കണ്‍കുളിര്‍ക്കെ കണ്ട് സംതൃപ്തമാകുന്നതും, നാളേക്ക് കരുതി വെക്കാതെ ഇന്നത്തെ ആവശ്യം നിറവേറ്റപ്പെട്ടതിന്റെ നന്ദി നിറഞ്ഞ പുഞ്ചിരി കാണാനും.
ജീവിതവിജയം നേടിയതിന്റെ ചിഹ്നങ്ങളുമായി അവര്‍ വന്നു. 'ഞാനും കെട്ട്യോനും ഒരു തട്ടാനും' എന്നപോലെ ഞാനും കെട്ട്യോനും ഫോട്ടോഗ്രാഫറുമായി.
പത്രത്തില്‍ പടം.
കഞ്ഞിവീഴ്ത്തല്‍ എന്ന പുണ്യകര്‍മ്മത്തിന്റെ ചിത്രം.
കസവും ചെമപ്പും കലര്‍ന്ന ആകര്‍ഷണീയത. കൈത്തണ്ടയില്‍ സ്വര്‍ണ്ണവളകള്‍, വശ്യമായ പുഞ്ചിരി. അയാള്‍ക്കാണെങ്കില്‍ ശരീരത്തിന്റെ വടിവുകള്‍ക്കനുസരിച്ച് കൃത്യമായി വെട്ടിയുണ്ടാക്കിയ ഡിസൈനര്‍ കോട്ട്, ചെമന്ന ടൈയും.
നേടിയ സമ്പത്തിന്റെ ആഘോഷം.!
8
''ചേട്ടാ, ഒന്ന് അടുത്തു നിക്ക്, ഒരു പടം.....'
ഒന്നല്ല, ഒരു നൂറു പടം പിടിച്ചു കാണും അതിനിടെ.
ഒന്നും സംഭവിക്കാറില്ല, പടം പിടിക്കട്ടെ.
ഭൂതകാലത്തിലേക്ക് മടങ്ങിപ്പോകുന്നതിനിടയില്‍ ഒന്നുമറിയാത്തതുപോലെ.
സ്വന്തം പഴയ ലോകത്തിലേക്ക് ഒരു മടങ്ങിപ്പോക്ക്.
അതുപോലൊരു കൂട്ടുകാരിയുണ്ടായിരുന്നു. പക്ഷേ, ഏതോ വലിയ
ലോകമനസ്സുമായി താന്‍ ഇറങ്ങിപ്പുറപ്പെട്ടു.
ഇന്നും അതെല്ലാം ശരിയെന്നു തന്നെ കരുതുന്നു.
കണ്ണുകളടച്ച് അതു മറക്കാന്‍ ശ്രമിച്ചു.
ഭക്ഷണപ്പൊതി വാങ്ങാന്‍ നീണ്ടനിര.
അടച്ച കണ്ണുകളുടെ പിന്നിലൂടെ മറ്റൊരു ചിത്രം.
എച്ചിലിലകള്‍ക്ക് ശണ്ഠ കൂടുന്നവരുടെ ചിത്രം.
കല്യാണസദ്യയോ അടിയന്തരമോ നടക്കുന്നിടത്ത് അവര്‍ എച്ചിലിലയും കാത്തിരിക്കുന്നു, നായ്ക്കൂട്ടങ്ങളോട് മത്സരിച്ച് കടിച്ചുകീറിക്കൊണ്ട്.
അത് നോക്കി നിന്നിട്ടുണ്ട്.
അവര്‍ എവിടെ നിന്നു വരുന്നു?
അര്‍ദ്ധനഗ്നരായ ആണുങ്ങളും ഏതോ തുണി വാരിച്ചുറ്റിയ പെണ്ണുങ്ങളും.
ചിലപ്പോഴെങ്കിലും അവരെ വെറുത്തിരുന്നു.
ഇതിനിടെ വളര്‍ന്ന സ്വന്തം മുടിയിലൂടെ താടിയിലൂടെ കയ്യോടിച്ച് തന്റെ
ഇപ്പോഴത്തെ രൂപത്തിന്, താന്‍ ഇവിടെത്തന്നെയെന്നതിന്, ഉറപ്പു വരുത്തി.
അക്കൂട്ടരായിരുന്നോ തന്റെ സാംസ്‌ക്കാരിക പൂര്‍വ്വികര്‍?
കണ്ടു നില്ക്കുന്നതിനിടയില്‍, പൊതിച്ചോറ് കൈമാറുന്നതിനിടയില്‍ ഫോട്ടോഗ്രാഫര്‍ നാടകീയമായി പടം എടുക്കുന്നതിനിടയില്‍:
'ചേട്ടനെങ്ങനാ ഇവിടെ...?' ചെമന്ന ടൈ കെട്ടിയ യുവത്വം തുളുമ്പുന്ന മൊതലാളി മധുരമധുരമായി ചോദിച്ചു.
'വന്നു പെട്ടു...' ഒഴിഞ്ഞു മാറിക്കൊണ്ടുള്ള ഉത്തരം.
9
ദുര്‍ബല നിമിഷങ്ങള്‍, അതാണ് ജീവിതത്തിന് മാറ്റങ്ങള്‍ പ്രദാനം ചെയുന്നത്, അതായത്‌നന്മയായും തിന്മയായും. അതു വന്നു ഭവിക്കുകയാണ്. വിധിയെന്നോ ദൈവഹിതമെന്നോ പറഞ്ഞ് മനുഷ്യന്‍ സ്വയം ആശ്വാസം കണ്ടെത്തുന്നു.
''ഇനീം ഞാന്‍ നോക്കിക്കോളാം, കാറിലോട്ട് കേറ് ചേട്ടാ....'' മുതലാളിയുടെ മൃദുവായ
വാക്കുകള്‍.
തുറന്നുപിടിച്ച കാറിന്റെ പിന്‍സീറ്റിലേക്ക് കേറി.
വാതിലടഞ്ഞു.
പുറത്ത് എല്ലാവരും പരിസരം അറിയാതെ ആര്‍ത്തിയോടെ വലിച്ചുവാരി തിന്നുന്നു. അതിനിടയില്‍ കാറ് സവധാനം നീങ്ങുകയായിരുന്നു.
പുറത്തിറങ്ങിയാലോ?
പക്ഷേ, ഡോര്‍ലോക്ക്, ബേബിലോക്ക്, വീണു കഴിഞ്ഞു.
നിമിഷങ്ങള്‍ക്കകം കാറ് പ്രധാന വീഥിയിലേക്ക് തിരിഞ്ഞു, ഇപ്പോള്‍ 'കൊട്ടാരത്തിന്റെ' മേലേകൂടി.
അല്പം മുമ്പ് ചേട്ടായെന്ന് അരുമയോടെ വിളിച്ച മുതലാളി ഏതോ പഴയ ഗാനം ആസ്വദിച്ച് താളം പിടിച്ചു. ആഘോഷത്തിന്റെ ആനന്ദം
അതിനിടയില്‍ താഴ്ന്ന ശബ്ദത്തില്‍ ആര്‍ക്കോ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും.
''ഒരു വലിയ വാര്‍ത്തയായിരിക്കണം. ഞെട്ടിപ്പിക്കുന്ന, സ്‌കൂപ്പ്, പാലത്തിനടിയില്‍ നിന്നാണ്......... ഞങ്ങളുടെ രണ്ടുപേരുടെയും പിന്നെ പ്രതിയുടെയും പടം വേണം......പ്രതി ഇപ്പോള്‍ കാറിലുണ്ട്......ഹ്ളാഷ്....ഫ്‌ളാഷ്.....''
10
വിശ്വസിക്കാന്‍ കഴിയുന്നില്ല. സ്വപ്നലോകമോ?
കണ്ണാടിയില്‍ കാണുന്ന പ്രതിച്ഛായ. അലക്ഷ്യമായി വളര്‍ന്നിരുന്ന താടിരോമങ്ങള്‍ അപ്രത്യക്ഷമായി. ക്ലീന്‍!. മുടി സുന്ദരമായി വെട്ടി നിര്‍ത്തിരിക്കുന്നു.
അയാള്‍ വിണ്ടും ഓര്‍ത്തു.
കാലത്ത് ഒരഞ്ചാറു ഗുളിക. ഉച്ചക്ക് വേറെ, വൈകുന്നേരം അതിലേറെ, രാത്രിയില്‍ ഉറക്കഗുളികയും.
എന്തെല്ലാമാണ് രോഗങ്ങള്‍? ബ്ലഡ് പ്രഷര്‍, ഡയബെറ്റിക്ക്, ശ്വാസതടസ്സം, നെഞ്ചെരിച്ചില്‍ എന്നിങ്ങനെ.
സാക്ഷാല്‍ പകല്‍വെളിച്ചത്തിന്റെ തനി നിറത്തില്‍ അകത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്ന
പകല്‍ വെളിച്ചം. മൃദുവായ കിടക്ക.
ആകാശത്ത് പറന്നുനടന്ന കിളിയെ കൂട്ടിലടച്ചപോലെ. ഒന്നും ചെയ്യാനില്ലാതെ.
അപ്പോള്‍ ഏതാനും പേര്‍ വാതില്‍ തള്ളിത്തുറന്ന് അധികാരത്തോടെ മുറിയിലേക്ക് കേറിവന്നു. അമിത സ്‌നേഹം പ്രകടിപ്പിക്കാനായിരിക്കണം ഓരോരുത്തരായി കെട്ടിപ്പുണര്‍ന്നത്.
തലങ്ങും വിലങ്ങുമായി ക്യാമറ.
''നമുക്കൊന്ന് ആഘോഷിക്കേണ്ടേ, ചേട്ടാ....?''
''ചേട്ടന്‍ എങ്ങനെയാണ് അവിടെ എത്തിപ്പെട്ടത്?'' ചോദ്യങ്ങളുടെ പ്രവാഹം.
''അറിയില്ല.'' ഒറ്റ വാക്കില്‍ മറുപടി.
''അങ്ങനെയല്ലല്ലോ... എല്ലാറ്റിനും ഒരു കാരണമുണ്ട്, ചെറുതും വലുതുമായി.....''
''ജീവിത നൈരാശ്യം....?''
''പ്രേമ നൈരാശ്യം...''
''കഷടം.....''
മാറി മാറി ഓരോരുത്തരുടെ പ്രതികരണങ്ങള്‍. അതിനൊന്നും മറുപടി പറഞ്ഞില്ല.
''പ്രേമ നൈരാശ്യത്തില്‍ നിന്ന് ഒരു നാടകീയ കഥ മെനയാം..''
''ഒരു നോവലിനു വകയുണ്ട്.''
അതൊന്നും മനസ്സിലായില്ല. വ്യത്യസ്ത പശ്ചാത്തലത്തില്‍ നിന്നുകൊണ്ടായിരുന്നു സംഭാഷണങ്ങള്‍.
''നല്ല അവസരമല്ലേ....സന്തോഷമായ മടങ്ങിവരവല്ലേ, ഒരു സ്മാള്‍......''
നിമിഷങ്ങള്‍ക്കുള്ളില്‍ ബാഗില്‍ നിന്ന് സ്‌കോച്ചും സോഡയും, ചിപ്പ്‌സും പുറത്തെടുത്തു.
അഞ്ചു ഗ്ലാസുകളില്‍ കൃതമായി മദ്യം പകര്‍ന്നു.
''ചേട്ടാ, ചീയേഴ്‌സ്, ഒന്നും വിരോധം പറയരുത്, എന്നും വേണ്ട, ഒരിക്കല്‍മാത്രം.''
''മിക്‌സചറും എരിവുള്ള അച്ചാറും ചേര്‍ന്നപ്പോള്‍ ഒരു പാര്‍ട്ടിയുടെ ആരവം!
കുഴഞ്ഞ നാവുകൊണ്ട്
''ചേട്ടന്‍ മോശമല്ല, ഒന്നു നേരെയാവട്ടെ. അടുത്ത ഓണത്തിന് ചേട്ടനായിരിക്കും താരം.''
''ചേട്ടനും, മൊതലാളിച്ചേട്ടനും ചേച്ചീം ഒപ്പം കൂടിനിന്ന പടമല്ലേ പത്രത്തില്‍ വരാന്‍ പോകുന്നത്.
''അല്ലേ, ഈ ചേട്ടനും ഒരു ചേച്ചി വേണ്ടേ....?''
''അതും നമുക്ക് ആലോചിക്കാം...''
''ചേട്ടന്‍ ഇപ്പോള്‍ ലോകപ്രസിദ്ധനാകുകയാ...''
കൃത്യ നേരത്ത് മരുന്ന് കഴിക്കുന്നത് മറന്നു, തളര്‍ന്നു വീണ് ഉറങ്ങി.
11
പൊടുന്നനെയുണ്ടായത്, വൈകാരികതയുടെ അടിസ്ഥാനമായ മൃദുല വാക്കുകളഉടെ അര്‍ത്ഥംപോലും നിഷേധിക്കണമെന്ന ധാരണ പുലര്‍ത്തിയിരുന്ന ആ 'കൊട്ടാരത്തില്‍ നിന്നാണണ്...
നിമിഷ നേരത്തിനുള്ളില്‍,
പുറത്തെ നേര്‍ത്ത അന്തരീക്ഷത്തില്‍ അയാള്‍ അലിഞ്ഞു ചേര്‍ന്നത്.
ഒന്നും ഒന്നിന്റെയും തുടര്‍ച്ചയല്ലെന്നും അങ്ങനെ ചിന്തിക്കരുതെന്നും സര്‍വ്വവും അര്‍ത്ഥശൂന്യമെന്നും കരുതിയ മഞ്ഞത്താടിയെന്ന നായകന്‍ ഏറെ മൗനതയിലേക്കു വീണു.
ഒരു മന്ത്രംപോലെ തന്റെ സ്വന്തം മനസ്സില്‍ നിന്നുപോലും വ്യതിചലിച്ച് ''അവന്‍ മടങ്ങിയെത്തും...''
ഒരു താള് മറിച്ചതുപോലെ,
മറ്റൊരു മടങ്ങിവരവിന്റെ സാമൂഹിക ആഘോഷമായിരുന്നു അപ്പുറത്ത്. വലിയ വാര്‍ത്ത, ചിത്രങ്ങള്‍, അഭിപ്രായങ്ങള്‍. സമൂഹത്തിലെ നന്മയുടെ വിജയം, കരുതലിന്റെ വിജയം!
അധോലോകത്തിലേക്ക് വഴുതി വീഴുന്നവരെ സംരക്ഷിക്കുന്നവര്‍ക്കും അവരെ പിന്തുണയ്ക്കുന്ന സമൂഹത്തിനും നന്മകള്‍ നേര്‍ന്നുകൊണ്ട് ആശംസാ സന്ദേശങ്ങള്‍.
''ഒരിക്കല്‍ നഷ്ടപ്പെട്ടത് തിരിച്ചെത്തി.''
12
ഇനീം ജീവിതം ഇങ്ങനെയാണെന്ന തോന്നലേടെ എയര്‍ കണ്ടീഷന്‍ ചെയ്ത മുറിയിലെ ചെറു കുളിരില്‍ ഉണര്‍ന്നെഴുന്നേല്ക്കുന്നതിനു മുമ്പുള്ള ആഡംബരപൂര്‍വ്വമായ ചെറു മയക്കം.
നേരത്തെ എഴുന്നേറ്റിട്ടും ഒന്നും ചെയ്യാനില്ല.
വെറും സ്വപ്നം കാണല്‍ മാത്രം.
അങ്ങനെ കഴിഞ്ഞ കാലങ്ങള്‍ മറന്നുകൊണ്ടിരിക്കുന്നതിനിടയില്‍ വാതിലില്‍ മെല്ലെ
ആരോ: മുട്ടിക്കൊണ്ടിരിക്കുന്നതുപോലെ.
അവഗണിച്ചു.
നിമിഷങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ശബ്ദം ഏറിവന്നു.
മുമ്പ് ഇല്ലാതിരുന്ന ഏതോ ഭയം മനസ്സിലേക്ക്.
ആരായിരിക്കാം?
ആകാംക്ഷയും പ്രതീക്ഷയും നിറഞ്ഞ മനസ്സോടെ വാതില്‍ തുറന്നു.
ഒരു അപരിചിതന്‍. അയാള്‍ പ്രഭാതവന്ദനം പറഞ്ഞില്ല. ഒരു പുഞ്ചിരി സമ്മാനിച്ചുമില്ല.
നല്ല ഉയരം ഉറച്ച ശരീരം. ക്രൂരമായ പേടിപ്പെടുത്തുന്ന മൗനം. ക്ലീന്‍ തലയും തൂങ്ങിക്കിടക്കുന്ന മേല്‍മീശയും.
വാതില്‍ തുറന്നപാടെ അയാള്‍
''നീയിവിടെ......?''
മറുപടി പറഞ്ഞില്ല.
''എന്റെയൊപ്പം പോന്നോളൂ...''
അകത്തേക്ക് തിരിഞ്ഞു നോക്കുന്നതിനിടയില്‍, അയാള്‍ സ്വരം കടുപ്പിച്ചു: ''ഒന്നും എടുക്കേണ്ട, ഒന്നും ആലോചിക്കേണ്ട, ഇതൊന്നും നിന്റേതല്ലല്ലോ.....''
വീണ്ടും:
''ആ മരുന്നും ഉടുപ്പും നിനക്കു വേണ്ട, അതിവിടെ ഉപേക്ഷിച്ചേര്....''
നിരത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന നിറം അടര്‍ന്നു വീണുകൊണ്ടിരിക്കുന്ന കാറ് ചൂണ്ടിക്കാണിച്ചിട്ട്: ''കേറ്...''
കുറേ നേരം ഓടിക്കഴിഞ്ഞപ്പോള്‍ അയാള്‍: ''മഞ്ഞത്താടിക്ക് നിന്നെയൊന്ന് കാണണം.''
13
വിശാലമായ റെയില്‍വേ ഫ്‌ളാറ്റ് ഫോറം. നഗര പ്രാന്തങ്ങളില്‍ നിന്നുള്ള വണ്ടികള്‍ വന്നു നില്ക്കുന്നിടത്താണ് തെരക്ക്. വണ്ടിയിറങ്ങുന്ന ജനം ലക്ഷ്യമിടുന്നത് പ്രധാന വീഥിക്കപ്പുറമുള്ള കണ്ണാടി സൗധങ്ങള്‍. അവിടെയാണ് നഗരത്തിന്റെ ഭരണകേന്ദ്രം. നികുതി വ്യവഹാര കാര്യങ്ങള്‍ അവിടെയാണ്, കോടതി അവിടെയാണ്.
യാത്രക്കാര്‍ ഇറങ്ങുന്ന ഫ്‌ളാറ്റ്ഫാറത്തിന്റെ പിന്നില്‍ ചരക്കുവണ്ടികള്‍ കടന്നു പോകുന്ന പാളങ്ങള്‍ നിരവധി.
തുറമുഖവുമായി ബന്ധിപ്പിക്കുന്ന പ്രധാന റെയില്‍പ്പാതകള്‍.
സര്‍ക്കാര്‍ സാന്നിദ്ധ്യം അറിയിക്കുന്ന പതാക, സംസ്ഥാനത്തിന്റെ അഭിമാനമായി ഒറ്റ നക്ഷത്രപ്പതാകയും! കൂടാതെ സ്വകാര്യ വ്യാപാര വാണിജ്യങ്ങളുടേതായ അവരുടെ സാമ്പത്തികത വിജയത്തിന്റെ പ്രതീകമായ വിവിധ വര്‍ണ്ണക്കൊടികളും!
യാത്രാ ഫ്‌ളാറ്റ്‌ഫോറം അവസാനിക്കുന്നിടത്ത് ഒരു തൂണിനോടു ചേര്‍ന്ന് മഞ്ഞത്താടി കിടക്കുന്നു.
തൂണും അതിന്റെ നിഴലും ആരും ശ്രദ്ധിക്കപ്പെടാത്ത മങ്ങിയ വെളിച്ചവും ഏതാണ്ടൊരു സുരക്ഷിതത്വബോധം നല്കുമായിരിക്കാം. കെട്ടിനില്ക്കുന്ന മലമൂത്ര ദുര്‍ഗന്ധം സാധാരണ ജനത്തെ അവിടെ നിന്ന് അകറ്റി.
വെള്ളം കുടിക്കാനുള്ള ഒരു ടംബ്ലര്‍ അടുത്തുണ്ട്.
''നീ വന്നു...'' വീണ്ടും കണ്ണുകളടച്ചു. ''സന്തോഷമായി.....!''
മൗനത്തില്‍ നിന്ന് ഉണര്‍ന്നിട്ട്: ''ഇതാണ് ജീവിതം, നിമിഷങ്ങളിലേക്കു മാത്രം....''
മഞ്ഞത്താടിയുടെ മുടിനാരിഴകളിലൂടെ വിരലുകളോടിച്ചപ്പോള്‍
''വേണ്ട, അത്രയൊന്നും സ്‌നേഹം വേണ്ട...........''
തൊട്ടകലെ, കടന്നുപോകുന്ന ജനത്തെ, അല്ലെങ്കില്‍ ശൂന്യതയിലേക്ക് നോക്കിക്കൊണ്ട്പ്രസംഗങ്ങള്‍.
''കണ്ടില്ലേ, കുറേപ്പേര്‍ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നു, ചേര്‍ത്തു വെക്കുന്നു അത് ന്യായമാണോ. നിങ്ങള്‍ക്കും അതിന്റെ ഒരംശം അനുഭവിക്കാന്‍ അവകാശമില്ലേ?
പ്രസംഗത്തിന് മറുപടിയായിട്ടല്ല, എവിടെ നിന്നോ തപ്പിപ്പിടിച്ചെടുത്ത വാക്ക് :
''ഇല്ല...'' ചുണ്ടുകളിലെ വിറയലോടെ.
വീണ്ടും മറ്റൊരു പ്രസംഗം
''സോക്രട്ടീസ് എന്താണ് പറഞ്ഞത്..........?.''
താണ ശബ്ദത്തില്‍ താടിയുടെ പ്രതികരണം: ''ഒന്നും പറഞ്ഞില്ല...''
ഏറെ ആവേശത്തോടെ മറ്റൊരു പ്രഭാഷകന്‍:
''ഇന്ന് മരിച്ചാല്‍ നീ എവിടെയായിരിക്കും? നിനക്കു തീര്‍ച്ചയുണ്ടോ?''
വാക്കുകള്‍ എവിടെയോ ചെന്നിടിച്ച് പ്രതിദ്ധ്വനി!
നഗരത്തിന്റെ മേലേകൂടി അതിവേഗ മിന്നലും ഇടിമുഴക്കവും. കടലില്‍ നിന്ന് ഓടിയെത്തിയ മഴക്കാറ്റ്.
തൊള്ളിക്ക് ഒരു കുടം കണക്കേ!
ജനം തങ്ങളുടെ സുരക്ഷിതയില്‍ ക്ഷമയോടെ കാത്തു നിന്നു.
തെരുവു കവിഞ്ഞൊഴുകി..
എവിടെ നിന്നോ ധൃതിയില്‍ വന്ന ഒരു ചെമന്ന വണ്ടി. അതിന്റെ വിളക്കുകള്‍ തിളങ്ങിക്കൊണ്ടിരിക്കയും തുടര്‍ന്ന് മരണത്തിന്റെ ആരവം നിലയ്ക്കാതെയും.
ചിട്ടയില്‍ ഇറങ്ങിവന്ന സേവകര്‍ താടിയെ വലിച്ച് ഉന്തുവണ്ടിയിലേക്കും പിന്നെ രഥത്തിലേക്കുമിട്ടു. ഒരു നിമിഷവും പാഴാക്കാതെ ഒരു മൂളലോടെ......യാത്ര!
മഴ അവസാനിച്ചു.
ഒന്നും സംഭവിക്കാത്തതുപോലെ ജനം.
14
നിറങ്ങളും ബ്രഷും മറ്റ് സാമഗ്രികളുമായി അയാള്‍ പടികള്‍ കയറി. സമൃദ്ധമായ തെരുവു വെളിച്ചം, അതിനും മേലെ ഉദിച്ചുയര്‍ന്ന് നില്ക്കുന്ന പൂര്‍ണ്ണ ചന്ദ്രനും.
യാര്‍ഡില്‍ നിരന്നു കിടക്കുന്ന റെയില്‍ കാറുകളില്‍ ഒന്ന് തെരഞ്ഞെടുത്തു. ഒരു ചിത്രത്തിനുവേണ്ട വിശാലതലമുണ്ടായിരിക്കണം, കൂടാതെ നിന്ന് ജോലി ചെയ്യാനുള്ള സൗകര്യങ്ങളും.
റെയില്‍ ജോലിക്കാരുടെയും ചുമ്മാ നടപ്പുകാരുടെയും ശ്രദ്ധയില്‍പ്പെടരുത്. തന്റെ സൃഷ്ടികളിലേക്ക് ആരെങ്കിലും തുറിച്ചു നോക്കി നില്‍ക്കുന്നത് കൈവിരലുകളുടെയും മനസ്സിന്റെയും വേഗം കുറയ്ക്കും.
അപ്പോള്‍ പിന്നില്‍ നിന്ന് ബ്ലൂ അല്ല, നീലി വിളിച്ചു: 'നീയ്....?''
''മടങ്ങി വന്നു....''
''എന്റെ പടം വേണ്ട....''
അവള്‍ വേണ്ടായെന്ന് പറഞ്ഞാല്‍ ആ ചിത്രം മനസ്സില്‍ കരുതിക്കൊള്ളണമെന്നാണ് അര്‍ത്ഥം.
വീര്‍ത്ത വയറുമായി മറ്റൊരു പടം വേണ്ട. ുയറ ചിത്രം വേണ്ട.
നേരം വെളുക്കുമ്പോഴേക്കും പുതിയ വേഷവുമായി വേദിയിലെത്തണം, ഇടനിലക്കാര്‍ വനരുമ്പോഴേക്കും.
അവര്‍ക്കാണ് നാല്ക്കവലകളുടെ ചുമതല. അധോലോക തീരുമാനം!
''ഇന്ന് നിന്റെ പടമില്ല. ഇത് നമ്മുടെ മഞ്ഞത്താടിയുടെ രാത്രിയാണ്. തെളിഞ്ഞ രാത്രി, പൂനിലാവിന്റെ രാത്രി.''
റെയില്‍ കാറില്‍ ചിത്രം രൂപം കൊള്ളുകയായി.
മഴവില്ലിന്റെ നിറങ്ങളുമായി താടിരോമങ്ങള്‍ മുളച്ചുവന്നു. കടുത്ത രൂപത്തിലുള്ള എക്‌സ്പ്രഷണലിസ്റ്റ് ചിന്തകള്‍ക്ക് ചേര്‍ന്നവിധം. എടുത്തു നില്ക്കുന്ന പുരികവും തിളക്കമേറിയ കണ്ണുകളും.
കാല-സമയഭേജങ്ങള്‍ക്കനുസരിച്ച്, വിവിധ ജനക്കൂട്ടത്തിന്റെ ഭാവനക്ക് അനുസരിച്ച് മാറി മാറി ആസ്വദിക്കാവുന്ന അല്ലെങ്കില്‍ രൂപപ്പെട്ടുവരുന്ന ഭാവങ്ങള്‍.
ചിത്രം പൂര്‍ത്തിയായപ്പോള്‍ അല്പം ദൂരെ നിന്ന് തനത്താന്‍ നോക്കി, ഒരു വിലയിരുത്തല്‍!
ലോകം ഉണര്‍ന്നുകൊണ്ടേയിരിക്കുന്നു. നാടക വേദിയില്‍ ആടാനുള്ളവര്‍ കഥാപാത്രങ്ങളായി മാറുന്നു.
അപ്പോള്‍ റെയില്‍ കാറുകള്‍ക്ക് അനക്കംവെച്ചു. സാവധാനം മുന്നോട്ട്, മുന്നോട്ടു നീങ്ങുന്നു.
ഒരു നിമിഷം
കമ്പിയഴിയില്‍ തൂങ്ങി അതിനൊപ്പം പോയാലോ...?
വേണ്ട.
താനിവിടത്തന്നെ.
വിശാലമായ ലോകത്തിലേക്ക് മഞ്ഞത്താടിയുടെ ആ രൂപം ഓടിയെത്തട്ടെ.