Image

ന്യൂയോർക്കിൽ ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ജൂൺ 9,10,11 തീയതികളിൽ

Published on 05 April, 2023
ന്യൂയോർക്കിൽ  ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ജൂൺ 9,10,11 തീയതികളിൽ

മൂന്നാം ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ജൂൺ 9,10,11 തീയതികളിൽ ന്യൂയോർക്ക് നഗരത്തിൽ നടക്കും. കേരളത്തിന് പുറത്തു ജീവിക്കുന്ന  മലയാളികളുടെ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ക്കൊപ്പം ചേർന്ന് ലോക മലയാളി സമൂഹത്തെ സംബന്ധിച്ച വിഷയങ്ങൾ ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടുന്ന വേദിയാണ് ലോകകേരള സഭ. കേരളവികസനത്തിന് ക്രിയാത്മക നിര്‍ദ്ദേശങ്ങളും സംഭാവനകളും നല്‍കുന്നതിനും പ്രവാസികളുടെ വിഷയങ്ങള്‍ മുഖ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള ജനാധിപത്യത്തിന്റെ ഒരു വികസിത ബൗദ്ധികതലമാണ് ഈ വേദി.

2018ൽ രൂപീകരിച്ച ലോക കേരള സഭയുടെ സമ്മേളനങ്ങൾ 2018,2020,2022 വർഷങ്ങളിൽ കേരള നിയമസഭാ സമുച്ചയത്തിൽ നടന്നിരുന്നു. ഇത് കൂടാതെ ആദ്യ റീജിയണൽ സമ്മേളനം ദുബായിലും യൂറോപ്യൻ രാജ്യങ്ങളുടെ റീജിയണൽ സമ്മേളനം ലണ്ടനിലും നടന്നിരുന്നു.

യുഎസ്എ, കാനഡ, തെക്കനമേരിക്കൻ - കരീബിയൻ മേഖലകൾ എന്നിവ ഉൾപ്പെടുന്ന അമേരിക്കൻ രാജ്യങ്ങളുടെ മേഖലാ സമ്മേളനമാണ് ജൂൺ രണ്ടാം വാരം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭാ സ്പീക്കർ ഏ എൻ ഷംസിർ, നോർക്കാ റസിഡൻറ് വൈസ് ചെയർമാൻ ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി വീ പി ജോയി  എന്നിവർ  സമ്മേളനത്തിൽ പങ്കെടുക്കും.  ലോക കേരളസഭയിലെ അമേരിക്കൻ മേഖലാ രാജ്യങ്ങളിലെ അംഗങ്ങളേയും ക്ഷണിതാക്കളേയും കൂടാതെ മലയാളി സമൂഹത്തിൽ നിന്നുള്ള  പ്രത്യേക ക്ഷണിതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.  

നോർക ഡയറക്ടർ ഡോ അനിരുദ്ധൻ നേതൃത്വം നൽകുന്ന ഓർഗനൈസിങ്ങ് കമ്മിറ്റിയുടെ പ്രസിഡന്റായി ഡാലസിൽ നിന്നുള്ള കെജി മന്മഥൻ നായർ പ്രവർത്തിക്കും. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി തെരഞ്ഞെടുത്ത വിവിധ കമ്മിറ്റികളുടെ പ്രവർത്തനം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. മലയാള ഭാഷയും കേരള സംസ്കാരവും അമേരിക്കൻ മലയാളികളിലേക്ക് കൂടുതൽ അർഥവത്തായി എത്തിക്കാനുള്ള നടപടികളെക്കുറിച്ച് മേഖലാ സമ്മേളനം ചർച്ച ചെയ്യും. അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന്റെ ഏറ്റവും പുതിയ സാധ്യതകളെക്കുറിച്ചും ഉന്നത പഠനത്തിനായി അമേരിക്കയിലെത്തുന്ന വിദ്യാർഥികളുടെ സാധ്യതകളെയും അവർ നേരിടുന്ന വെല്ലുവിളികളേയും കുറിച്ചും ചർച്ചകളുണ്ടാകും. നവകേരളം എന്ന ആശയത്തിലേക്ക് അമേരിക്കൻ മലയാളിയുടെ സംഭാവനകളെക്കുറിച്ചും വിജ്ഞാന സമ്പദ് വ്യവസ്ഥയെക്കുറിച്ചും ചർച്ചകൾ നടക്കും. മേഖലാ സമ്മേളനത്തിനുള്ള തയാറെടുപ്പുകൾ നടന്നുവരുന്നതായി ഡോ എം അനിരുദ്ധനും കെജി മന്മഥൻ നായരും അറിയിച്ചു. 

അനുപമ വെങ്കിടേശ്വരൻ
റോയി മുളകുന്നം

 #LokaKeralaSabha_regionalmeet_USA

Join WhatsApp News
അമേരിക്കൻ മലയാളി 2023-04-05 01:59:06
പ്രവാസി മലയാളികൾക്ക് ഒരു പ്രയോജനവും ലഭിക്കാത്ത ഇത്തരം പ്രഹസനങ്ങളെ ബഹിഷ്കരണം.
Mr Pranchy 2023-04-05 02:27:16
Another American Pranchies show with useless politicians for cheap photos opportunity. Can anybody explain the outcome of last Loka Kerala Sabha meetings, other than the vacation time for the ruling Kerala politicians with family members?
No to ലോക കേരള സഭ 2023-04-06 13:43:53
ഈ കലാ പരിപാടി എന്തിനു? വെറുതെ മുഖ്യമന്തിക്കും കൂട്ടാളികൾക്കും ഇവിടെ വന്ന് അര്മാദിക്കാനല്ലേ? ഇതിനു ഇവിടെ നേതൃത്വം കൊടുക്കുന്നവർക്ക് ജനങ്ങളുമായി ഒരു ബന്ധവുമില്ല. ജാതിയും രാഷ്ട്രീയവും നോക്കിയാണ് സംഘാടക കമ്മിറ്റി ഉണ്ടാക്കിയിരിക്കുന്നത്. അമേരിക്കൻ മലയാളി ഇതുമായി സഹകരിക്കണമെങ്കിൽ ഇത് സുതാര്യമായി നടത്തണം. ചിക്കാഗോയിൽ നിന്ന് ചിലരുടെ കല്പന കേൾക്കാൻ ജനത്തിന് മനസില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക