“Thomas the doubtful?”
“No, Thomas the genuine”
അഡ്വ.മേനോന്‍ തന്റെ ഒരേയൊരു പ്രതിഭാഗം സാക്ഷിയോടു ചോദ്യങ്ങള്‍ തുടങ്ങി. ദിദിമോസ് എന്ന ശിഷ്യന്റെ ആത്മധൈര്യത്തോടെയുള്ള പ്രതികരണം കേട്ട അഡ്വ.മേനോന്‍ ഒരു മിനിറ്റ് സ്തംബ്ധനായി നിന്നു. തോമസിനെ 'ഡിഫന്‍സ് വിറ്റ്‌നസ്' ആയി കൊണ്ടുവന്ന തീരുമാനം ഒരു പരിധിവരെ അപകടം പിടിച്ചതാണ്. പ്രോസിക്യൂഷന്‍ വാദത്തെ ഖണ്ഡിക്കുന്ന തെളിവുകള്‍ നല്‍കുന്നവരെ മാത്രമേ പ്രതിഭാഗം സാധാരണ ക്രിമിനല്‍ കേസുകളില്‍ അവതരിപ്പിക്കാറുള്ളു. പ്രതിഭാഗം സാക്ഷികള്‍ പലപ്പോഴും പ്രതിയുടെ താല്പര്യത്തിനു തലവേദനയായി തീരുകയാണ് പതിവ്. തോമസിനെ ഇവിടെ സാക്ഷിയാക്കിയതു ഏതെങ്കിലും ഒരു വാദം തെറ്റാണെന്നു സ്ഥാപിക്കാനായിരുന്നില്ല. ആത്യന്തികമായി വാദത്തില്‍ ഉള്‍ക്കൊള്ളിക്കേണ്ട ചില കാര്യങ്ങള്‍ കോടതിക്കു മുന്‍പില്‍ കൊണ്ടുവരാനായാണ്.
'“You may procede”' ജഡ്ജി അസ്വസ്ഥനായി.
'ജൂദാസുമായി താങ്കളുടെ പരിചയം എങ്ങനെയാണ്?'
മേനോന്റെ ലളിതമായ ചോദ്യത്തിന് താത്വികമായ ഒരു അവലോകനത്തിനാണ് തോമസ് തയ്യാറായത്.
'മനുഷ്യവര്‍ഗ്ഗത്തിന്റെ ചരിത്രത്തില്‍ വിമതശബ്ദം എല്ലായ്‌പ്പോഴും അനിവാര്യമാണ്. സമൂഹത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും സമ്പത്തിന്റെ അസന്തുലിതമായ വീതം വെയ്പപും അധ്വാന വര്‍ഗ്ഗചൂഷണവുമെല്ലാം ഒരു സാധാരണ പൗരനെ സമൂഹത്തില്‍ വിമതനാക്കുന്നു'.
“Come to the point” ജഡ്ജി ഇടപെട്ടു.
'പറയാം!' തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ തോമസ് തുടര്‍ന്നു. ജീന്‍സും ജൂബ്ബായും തോളില്‍ ഒരു തുണിസഞ്ചിയുമായി നില്‍ക്കുന്ന തോമസ് മറ്റുള്ളവരില്‍ നിന്നും തികച്ചും വിഭിന്നമായ ഒരു കാഴ്ചയാണ്.
'അന്നത്തെ പ്രമുഖ വിമത നേതാവായിരുന്ന യേശുവിന്റെ ശിഷ്യരില്‍ ഒരാളായിരുന്നു ഞാന്‍. ഈ നില്‍ക്കുന്ന ജൂദാസിനോടൊപ്പം അദ്ദേഹത്തിന്റെ സംഘത്തിലുണ്ടായിരുന്നവരില്‍ ഒരാള്‍'.
'താങ്കള്‍ ഇപ്പോള്‍ എന്തുചെയ്യുന്നു?' മേനോന്‍ ചോദ്യം തുടര്‍ന്നു.
'കാലാകാലങ്ങളായി അധ്വാനവര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനായി പോരാടുന്ന വിപ്ലവ പ്രസ്ഥാനങ്ങളുടെ കൂടെ നിലകൊള്ളുന്നു. കാലത്തില്‍ വന്നുചേര്‍ന്ന മാറ്റങ്ങള്‍ക്കനുസൃതമായി സായുധ വിപ്ലവം എന്ന ആശയം ഉപേക്ഷിച്ച് ജനഹിതത്തിന്റെ കൂടെ എല്ലാവരേയും സമത്വത്തിലേക്കു നയിക്കുവാനായി നിലകൊള്ളുന്ന രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ഒരു എളിയ പ്രവര്‍ത്തകന്‍'.
'ഒറ്റവാക്കില്‍ പറയൂ!' തന്റെ ഈര്‍ഷ്യ മറച്ചുവെക്കാതെ ന്യായാധിപന്‍ ആജ്ഞാപിച്ചു.
കോടതിയോടു ക്ഷമാപണം നടത്തിയ അഡ്വ.മേനോന്‍ വിസ്താരം തുടര്‍ന്നു.
ജൂദാസിനനുകൂലമായി കോടതിയുടെ മുമ്പാകെ കൊണ്ടുവരാന്‍ ഉദ്ദേശിച്ച വസ്തുതകളെല്ലാം ദിദിമോസ് എന്ന പ്രതിഭാഗം സാക്ഷിയെ കൊണ്ടുപറയിക്കാന്‍ അഡ്വ. മേനോനു കഴിഞ്ഞു. അതില്‍ ഏറ്റവും പ്രധാനം ആരായിരിക്കണം യേശുവിനു പകരക്കാരനാകുക എന്നതിലെ തര്‍ക്കമാണ്.
'യേശുവിനുശേഷം തങ്ങളുടെ നേതാവാര്?' ഈ കാര്യത്തില്‍ ശിഷ്യര്‍ പലപ്രാവശ്യം കലഹിച്ചിരുന്നതായി വെളിപ്പെട്ടു.
'എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ എവിടെയാണെങ്കിലും നീതിമാനായ ആര്‍ക്കുവേണ്ടിയാണോ ആകാശവും ഭൂമിയും നിലവില്‍ വന്നത്, അവന്റെയടുത്തേക്കു പോകുക!'
താങ്കളുടെ അഭാവത്തില്‍ ആരായിരിക്കും തങ്ങളുടെ നേതാവ് എന്നു ചോദിച്ച ശിഷ്യരോട് യേശു അസന്നിഗ്ദ്ധമായി പറഞ്ഞ മറുപടിയാണ് ഇത്.
യേശു ഉദ്ദേശിച്ചതാകട്ടെ, നീതിമാനായ ജയിംസ് എന്നറിയപ്പെടുന്ന തന്റെ സ്വന്തം സഹോദരനേയും.
പക്ഷേ ഈ ആവശ്യം ശിഷ്യന്മാര്‍ തിരസ്‌കരിച്ചിരുന്നു. അവസാന അത്താഴത്തിനിടയില്‍പോലും തങ്ങളില്‍ ആരാണു വലിയവന്‍ എന്ന കാര്യത്തില്‍ ശിഷ്യന്മാര്‍ തമ്മില്‍ തര്‍ക്കിച്ചിരുന്നു. ആ ശിഷ്യര്‍ യേശുവിന്റെ അനന്തരഗാമിയാകുവാന്‍ തക്കം പാര്‍ത്തിരുന്നു.
അന്നുനിലനിന്നിരുന്ന രാഷ്ട്രീയവും സാമൂഹികവുമായ അവസ്ഥയെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം കോടതിയുടെ മുമ്പാകെ അവതരിപ്പിക്കുവാനും തോമസിന്റെ മൊഴികള്‍ക്ക് കഴിഞ്ഞു. റോമന്‍ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന ജറുസലേം ഭരിച്ചിരുന്നത് സീസറിന്റെ പ്രതിനിധിയും ഗവര്‍ണ്ണറുമായ പീലാത്തോസാണ്. പക്ഷേ, ജറുസലേം നിവാസികളുടെ മതപരമായ കാര്യങ്ങളില്‍ അദ്ദേഹം ഇടപെട്ടിരുന്നില്ല. ദേവാലയങ്ങളിലും മതപരമായ കാര്യങ്ങളിലും പരിധിയില്ലാത്ത സ്വാതന്ത്ര്യം നല്‍കിയിരുന്നു. ദേവാലയത്തിലെ വരുമാനവും ദേവാലയ സംരക്ഷണത്തിനുള്ള പ്രത്യേക പോലീസും മഹാപുരോഹിതനായ കയ്യഫാസിന്റെ അധീനതയിലാണ്.
ജൂതമതത്തിലെ അനാവശ്യ പ്രവണതകള്‍ക്കെതിരെ ന്യായയുക്തമായ വാദങ്ങളുയര്‍ത്തിയ യേശു ജനങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കുന്നു. ദിനംപ്രതി വര്‍ദ്ധിച്ചുവന്ന യേശുവിന്റെ ജനപ്രീതി കയ്യഫാസിനെ അലോസരപ്പെടുത്തുന്നു. ജനങ്ങള്‍ തനിക്കെതിരെ തിരിഞ്ഞാല്‍ തനിക്കു സ്ഥാനഭ്രംശം വന്നേക്കും എന്നു മുന്‍കൂട്ടി തിരിച്ചറിഞ്ഞ ജോസഫ് ബെന്‍ കയ്യഫാസ് യേശുവിനെ എന്നെന്നേക്കുമായി വകവരുത്തുവാന്‍ തീരുമാനിച്ചു. അതിനായി അയാള്‍ തന്റെ ഭാര്യാപിതാവും തനിക്കുമുമ്പേ മഹാപുരോഹിതസ്ഥാനം വഹിച്ചിരുന്ന അന്നാസിന്റെ സഹായം തേടുന്നു. അന്നു നിലനിന്നിരുന്ന നിയമസംഹിത അനുസരിച്ച് വധശിക്ഷ നല്‍കാനുള്ള അധികാരം റോമന്‍ ഗവര്‍ണ്ണര്‍ക്കുമാത്രമേ ഉള്ളൂ. അതുകൊണ്ടാണ് തന്റെ ഭവനത്തിലേക്കു ബന്ധിച്ചുകൊണ്ടുവന്ന യേശുവിനെ വിചാരണക്കായി പീലാത്തോസിന്റെ മുന്നിലേക്കു പറഞ്ഞുവിടുന്നത്. എന്നാല്‍ പീലാത്തോസാകട്ടെ യേശുവില്‍ യാതൊരുകുറ്റവും കാണുന്നില്ല. 'സന്‍ഹേദ്രിന്‍' എന്ന മതകോടതിയില്‍ വിചാരണ ചെയ്യുവാനായി യേശുവിനെ പീലാത്തോസ് കയ്യഫാസിന്റെയടുത്തേക്കു തിരിച്ചയയ്ക്കുന്നു. തനിക്ക് ഒരാളെ വധശിക്ഷ നല്‍കാനുള്ള അധികാരം ഇല്ല എന്നറിവുള്ള കൗശലക്കാരനായ കയ്യഫാസാകട്ടെ, വധശിക്ഷതന്നെ വിധിക്കണം എന്ന നിബന്ധനയോടെ യേശുവിനെ വീണ്ടും പീലാത്തോസിന്റെയടുത്തേക്കു കൊണ്ടുചെല്ലുന്നു. കയ്യഫാസിന്റെ നേതൃത്വത്തില്‍ പുരോഹിതരും യേശുവിനെ അനുഗമിക്കുകയും ചെയ്യുന്നു. വീണ്ടും പീലാത്തോസ് യേശുവില്‍ യാതൊരു കുറ്റവും കാണുന്നില്ല. ഈ അവസരത്തില്‍ മരണശിക്ഷ വിധിക്കാനുള്ള അധികാരം തങ്ങളില്‍ ഇല്ലല്ലോ എന്ന് പീലാത്തോസിന്റെ സന്നിധിയില്‍ കയ്യഫാസ് വിലപിക്കുന്നു. തുടര്‍ന്ന് തങ്ങളുടെ ഇംഗിതം നടപ്പാക്കുവാന്‍ ഭീഷണിയുടെ സ്വരം പുറത്തെടുക്കുന്നു.
'ഇവനെ വിട്ടയച്ചാല്‍ നീ സീസറുടെ സ്‌നേഹിതനല്ല' എന്ന അറ്റകൈ പ്രയോഗത്തിലാണ് ഗത്യന്തരമില്ലാതെ പീലാത്തോസ് യേശുവിനെ വധശിക്ഷയ്ക്കു വിധിയ്ക്കുന്നത്. കുപ്രസിദ്ധമായ കൈകഴുകല്‍ തന്റെ ഇംഗിതത്തോടെയല്ലാതെയുള്ള ഈ ശിക്ഷാവിധിക്കുശേഷവും!
അനാവശ്യ ചോദ്യങ്ങളുയര്‍ത്തി തോമസിനെ എതിര്‍വിസ്താരം നടത്തിയ പ്രോസിക്യൂട്ടറുടെ നടപടി ജൂദാസിനെ സഹായിക്കാനുതകുന്ന ചില വസ്തുതകള്‍ കൂടി കോടതിയുടെ മുന്‍പില്‍ കൊണ്ടുവരാനുള്ള സാഹചര്യം ഒരുക്കി.
'നീതിമാനായ ജയിംസ് യേശുവിന്റെ സ്വന്തം സഹോദരനോ?' എന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് പലര്‍ക്കും അറിവില്ലാതിരുന്ന യേശുവിന്റെ കൂടെപിറപ്പുകളെക്കുറിച്ച് തോമസ് വിശദീകരണം നല്‍കി.
യേശുവിന്റെ ജനനത്തിനുശേഷം ജോസഫ്, മേരി ദമ്പതികള്‍ക്ക് ആറ് മക്കള്‍കൂടി ജനിച്ചുവത്രേ! ജയിംസ്, ജോസഫ്, ജൂഡ്, സൈമണ്‍ എന്നീ സഹോദരങ്ങളും എസ്റ്റര്‍, തമാര്‍ എന്ന രണ്ടു സഹോദരിമാരും. മേരിയുടെ കന്യകാത്വം നിത്യമായി മഹത്‌വല്‍ക്കരിക്കുന്നതിന്റെ ഭാഗമായിട്ട് ചിലരെങ്കിലും ഇവരെ യേശുവിന്റെ മാതാപിതാക്കളുടെ സഹോദര പുത്രീ പുത്രന്മാരായി ചിത്രീകരിച്ചു.
യേശുവിന്റെ മരണശേഷം കയ്യഫാസിനും പീലാത്തോസിനും എന്തുസംഭവിച്ചു എന്ന് വിവരിച്ച തോമസ് യേശുവിനെ ക്രൂശിച്ചതില്‍ അവര്‍ ചെയ്ത അനീതിയും കോടതിയുടെ മുമ്പാകെ വ്യക്തമാക്കി. ഇല്ലാതാക്കണം എന്നുള്ള ഉറച്ച തീരുമാനം എടുത്തശേഷം 'സന്‍ഹേദ്രിന്‍' എന്ന ജൂതമതകോടതിയില്‍ നടത്തിയ വിചാരണ പ്രഹസനമായിരുന്നു എന്നു കണ്ടെത്തിയ അധികാരികള്‍ കയ്യഫാസിനെ മഹാപുരോഹിതസ്ഥാനത്തുനിന്നും പുറത്താക്കി. നിലവിലുള്ള എല്ലാ നിയമങ്ങളും ഹിബ്രു ബൈബിളിലെ ആദ്യ അഞ്ചുപുസ്തകങ്ങള്‍ ആയ 'ഠീൃമവ'യിലെ അനുഷ്ഠാനങ്ങളും തെറ്റിച്ച് നടത്തിയ യേശുവിന്റെ വിചരണയും വിധിപ്രഖ്യാപനവും കാരണം സീസര്‍ പീലാത്തോസിനെ അധികാരഭൃഷ്ടനാക്കി റോമിലേക്കു തിരിച്ചു വിളിപ്പിച്ചുവത്രേ!
ക്രോസ് വിസ്താരത്തിനുശേഷം പടിയിറങ്ങുമ്പോള്‍ അഡ്വ.മേനോന് തോമസിനെക്കുറിച്ചുള്ള അഭിപ്രായം മാറിയിരുന്നു. സംശയാലുവായ തോമസ് എന്നറിയപ്പെട്ട തോമസ് യഥാര്‍ത്ഥത്തില്‍ കലര്‍പ്പില്ലാത്തതും സത്യസന്ധനുമായ തോമസ് തന്നെയായിരുന്നു എന്ന വസ്തുത അദ്ദേഹം മനസ്സിലാക്കി. നീഗൂഢതയുടെ പരിവേഷം ചാര്‍ത്തിക്കൊടുത്തിരുന്നെങ്കിലും വളരെ ചുരുക്കം ആള്‍ക്കാര്‍ക്കു മാത്രമേ തോമസിനെ മനസ്സിലാക്കുവാന്‍ കഴിഞ്ഞിരുന്നുള്ളു. ആ നിഗൂഢതയുടെ അര്‍ത്ഥത്തിന്റെ വ്യാപ്തി അറിയാത്തവരാണ് അദ്ദേഹത്തിനു 'സംശയാലുവായ തോമസ്' എന്ന വിളിപ്പേരു സമ്മാനിച്ചത് !