ഇത്തവണ നോമ്പ് കടന്നു വരുമ്പോള്‍ അത് ഉമ്മയുടെ ഓര്‍മ്മകള്‍ വല്ലാതെ നിറയുന്ന നോമ്പാണ്. കാരണം നോമ്പിനെപ്പറ്റി കേട്ടറിഞ്ഞതു മുതല്‍ അതെക്കുറിച്ച് പറഞ്ഞു തരാന്‍ ഉമ്മ കൂടെയുണ്ടായിരുന്നു.നോമ്പിനെ കുറിച്ച് പഠിപ്പിച്ചു തരാന്‍ ഉമ്മയുണ്ടായിരുന്നു.ചെറുപ്പത്തില്‍ അര നോമ്പും ഒരു നോമ്പുമായി പിടിച്ച് പരിശീലിപ്പിച്ചതും ഉമ്മയായിരുന്നു.ഒടുവില്‍ നോമ്പിന്റെ എണ്ണം പത്തായി,ഇരുപതായി, പിന്നെ മുപ്പതാകുമ്പോള്‍ എന്റെയൊപ്പം സന്തോഷിക്കാന്‍ ഉമ്മയുമുണ്ടായിരുന്നു..
അന്നത്തെ പാണന്തൈ പള്ളിയില്‍ നിന്നും ലത്തീഫ് മുസലിയാരുടെ തറാവീഹും കഴിഞ്ഞ് വരുമ്പോള്‍ കാത്തിരിക്കാന്‍ ഉമ്മയുണ്ടായിരുന്നു,അവിസ്മരണീയമായ ഒരോര്‍മ്മയാണ് ഞങ്ങളുടെ മദ്രസാ അദ്ധ്യാപകനും പള്ളിയിലെ ഇമാമുമായിരുന്ന ലത്തീഫ് മുസലിയാരുടെത്.മണ്ണഞ്ചേരി അങ്ങാടിയില്‍ അദ്ദേഹം നടത്തിയിരുന്ന ഹാജി ഹൈദ്രോസ് ബുക്ക് സ്റ്റാളും മറക്കാന്‍ കഴിയില്ല.അവിടെ നിന്ന് മദ്രസാ പാഠപുസ്തകങ്ങള്‍ മാത്രമല്ല ലഭിച്ചിരുന്നത്.അന്ന് വിജ്ഞാനത്തിന്റെ മധു പകര്‍ന്നു നല്‍കിയ എത്രയെത്ര ഇസ്ലാമിക ചരിത്രഗ്രന്ഥങ്ങള്‍ അവിടെ നിന്നും സ്വന്തമാക്കി.
ബദര്‍ യുദ്ധ ചരിത്രവും ഉഹദ് യുദ്ധചരിത്രവും ശാം യുദ്ധ ചരിത്രവും എല്ലാം പാടിയും പറഞ്ഞും പഠിച്ചത് ഈ പുസ്തകങ്ങളിലൂടെയായിരുന്നു. ഇതെല്ലാം വാങ്ങിക്കാന്‍ കാശ് തന്നിരുന്നത് ഉമ്മയും ഉമ്മുമ്മയും ചേര്‍ന്നാണ്.ഉമ്മുമ്മയ്ക്ക് ചരിത്രങ്ങള്‍ പറഞ്ഞു തരാന്‍,പാടിത്തരാന്‍ പുസ്തകത്തിന്റെ ആവശ്യമൊന്നുമില്ല.എങ്കിലും നമ്മളെക്കൊണ്ടാ പുസ്തകം വായിപ്പിക്കും, അതിലെ പാട്ടുകള്‍ പാടിക്കും..പലപ്പോഴും ഉമ്മുമ്മയും പാടാന്‍ കൂടെക്കൂടും..അതില്‍ നിന്നായിരിക്കാം എനിക്ക് എഴുതാനുള്ള പ്രചോദനം ഉണ്ടായതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അന്നത്തെ ഇടയത്താഴത്തിന്റെ കാര്യവും മറക്കാന്‍ കഴിയില്ല.അന്ന് ഇന്നത്തെപ്പോലെ അലാറം വെച്ച് കൃത്യമായി എഴുന്നേല്‍ക്കാനുള്ള സംവിധാനങ്ങളുണ്ടായിരുന്നില്ല.ബാങ്കിന് ഒരു മണിക്കൂര്‍ മുമ്പ് പള്ളിയില്‍ നിന്നുള്ള ഖുര്‍ആന്‍ പാരായണം കേട്ടാണ് പലരും എഴുന്നേല്‍ക്കുന്നത്.അത് കേള്‍ക്കാതെ ഉറങ്ങി പോയി വെറും വയറ്റില്‍ നോമ്പ് പിടിച്ച അനുഭവങ്ങളുമുണ്ട്.
ആദ്യം ബാപ്പയാണ് എഴുന്നേല്‍ക്കുന്നത്.ഒരറ്റം മുതല്‍ ഓരോരുത്തരെ വിളിച്ചെഴുന്നേല്‍പ്പിക്കും.അവസാനത്തെ ആളെ വിളിച്ചെഴുന്നേല്‍പ്പിക്കുമ്പോഴേക്കും ആദ്യത്തെ ആള്‍ വീണ്ടും ഉറക്കത്തിലേക്ക് പോയിട്ടുണ്ടാവും.പിന്നെ ബാപ്പയുടെ വിളിയായിരിക്കില്ല,കയ്യിലുള്ള ചെറിയ ചൂരലാവും വിളിക്കുക.ബാപ്പമാരെയും കുട്ടികളെയും കുറ്റം പറയാന്‍ പറ്റില്ല,ഞങ്ങള്‍ തന്നെ ഒന്‍പത് മക്കളായിരുന്നു.അന്ന് ഓരോ കുടുംബങ്ങളിലും പന്ത്രണ്ടും പതിനഞ്ചുമൊക്കെ മക്കള്‍ അപൂര്‍വ്വമായിരുന്നില്ല.
ചോറ് കഴിച്ച് കഴിഞ്ഞുള്ള ആദ്യത്തെ ട്രിപ്പ് കഴിയുമ്പോള്‍ പിന്നെ അവില്‍,പഴം,ചായ എന്നിവയുടെ അടുത്ത ട്രിപ്പ്.അപ്പോള്‍ ആദ്യം എഴുന്നേറ്റ കഴിച്ച കുട്ടികള്‍ പലരും കൂര്‍ക്കം വലി തുടങ്ങിയിട്ടുണ്ടാവും.പിന്നെ അവരെ ഉണര്‍ത്താനുള്ള ശ്രമമാണ്.അന്ന് ഇടയത്താഴത്തിന് ഇവരൊയൊക്കെ വിളിച്ചെഴുന്നേല്‍പ്പിച്ച് കൃത്യമായി ഇടയത്താഴവും നല്‍കി കൃത്യമായി നോമ്പ് പിടിപ്പിച്ചിരുന്ന ബാപ്പമാരുടെയും ഉമ്മമാരുടെയും ബദ്ധപ്പാടിന്റെ കഥ ഇന്ന് മൊബൈലില്‍ അലാറവും വെച്ച് കൃത്യമായി എഴുന്നേറ്റ് ഇടയത്താഴവും കഴിച്ച് നോമ്പ് പിടിക്കുന്ന ന്യൂക്‌ളിയര്‍ തലമുറ ഉള്‍ക്കൊള്ളണമെന്നില്ല.
. പിന്നെ വീട്ടില്‍ നിന്ന് മാറിയപ്പോഴും നമ്മുടെ മക്കളെ അത്താഴത്തിന് വിളിക്കുമ്പോള്‍ പണ്ട് ഉമ്മയും ബാപ്പയും അനുഭവിച്ച ബദ്ധപ്പാടുകള്‍ ഓര്‍ക്കും.ഒന്നിടവിട്ട് അല്ലെങ്കില്‍ രണ്ടു ദിവസം ഇടവിട്ട് വിളിച്ച് ഉമ്മയുടെയും വീട്ടിലെയും വിശേഷങ്ങള്‍ ചോദിക്കും.അപ്പോഴും ഉമ്മ ചോദിക്കും ''വിളിച്ചിട്ട് കുറെ ദിവസമായാല്ലോടാ'' അതെ,അത് ഉമ്മയുടെ സ്‌നേഹമാണ്,ദൂരത്തെവിടെയായാലും മക്കള്‍ സുരക്ഷിതരായിരിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ സ്‌നേഹം.
വര്‍ഷങ്ങള്‍ മുമ്പ് സൗദി അറേബ്യയില്‍ പ്രവാസിയായി കഴിഞ്ഞപ്പോഴും ഈ സ്‌നേഹം അനുഭവിച്ചതാണ്.ഇന്നത്തെപ്പോലെ നിത്യേന വിശേഷങ്ങള്‍ പങ്കു വെക്കാന്‍ മൊബൈല്‍ ഫോണൊന്നും ഇല്ലാതിരുന്ന അക്കാലം.എട്ടും പത്തും ദിവസമെടുത്ത് നാട്ടില്‍ നിന്നും ഇങ്ങോട്ടും അങ്ങോട്ടും പോയിരുന്ന കത്തുകളില്‍ നിന്നും മാത്രം വിവരങ്ങള്‍ അറിഞ്ഞിരുന്ന കാലം..അന്ന് ബാപ്പയുടെയും ഉമ്മയുടെയും കത്തുകള്‍ എത്ര ആകാംക്ഷയോടെയാണ് കാത്തിരുന്നത്.നാട്ടിലെ ചെറുതും വലുതുമായ വിശേഷങ്ങള്‍ എഴുതിയിരുന്ന ആ കത്തുകളിലെ സ്‌നേഹവും മറക്കാന്‍ കഴിയില്ല.
കഴിഞ്ഞ നോമ്പിനാണ് ഉമ്മ ശയ്യാവലംബിയായിപ്പോയത്.സുന്നത്തു നോമ്പു വരുമ്പോഴും എല്ലാ മക്കളെയും വിളിച്ചോര്‍മ്മിപ്പിച്ചിരുന്ന,റമളാന്‍ പതിനേഴിന് വരുന്ന വല്ലീമ്മയുടെ ആണ്ടിന് [ഉമ്മയുടെ ഉമ്മയുടെ] യാസിനോതാന്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചിരുന്ന ഉമ്മ കഴിഞ്ഞ തവണ അതിനൊന്നും കഴിയാത്ത അവസ്ഥയിലായിപ്പോയത് മനസ്സില്‍ വല്ലാത്ത നൊമ്പരമായി.ആശുപത്രിക്കിടക്കയില്‍ ഉമ്മയെക്കാണാന്‍ പോയിട്ട് വരുമ്പോള്‍ വയ്യാതായപ്പോഴും ഉമ്മ സംസാരിക്കുകയും എന്റെയും കുടുംബത്തിന്റെയും വിശേഷം തിരക്കുകയും ചെയ്തിരുന്നു,എന്നാല്‍ പെരുന്നാളായപ്പോഴേക്കും ഇങ്ങോട്ട് പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയായി.പിന്നെ ഒരാഴ്ച്ച കഴിഞ്ഞപ്പോഴേക്കും ഉമ്മ ഞങ്ങളെ വിട്ടു പോകുകയും ചെയ്തു.
വീണ്ടും ഒരു നോമ്പ് കൂടി എത്തുമ്പോള്‍ ബാപ്പയും ഉമ്മയും ഉമ്മുമ്മയുമൊക്കെ ഉണ്ടായിരുന്ന ആ പഴയകാല നോമ്പിന്റെ ഓര്‍മ്മകള്‍ മനസ്സിലേക്ക് അറിയാതെ കടന്നു വരുന്നു,മധുരവും നൊമ്പരവും പകരുന്ന ഒരു ഗൃഹാതുര സ്മരണയായി..
........................................................................................................................................................................