വേദങ്ങളിലെ ഏറ്റവും പ്രധാന മന്ത്ര വചസുകളിൽ ഒന്നാണ് ഇത് - ഇദം ന മമ : ഇത് എന്റേത് അല്ല. അഗ്നിയിൽ ഹവിസ് അർപ്പിച്ചു കൊണ്ട്, പ്രപഞ്ചത്തിന്റെ പ്രാണനിലേക്ക് മനസ് ചേർത്തു കൊണ്ട് ഇതൊന്നും എന്റേത് അല്ലെന്ന് പറയുന്ന നിസ്വാർത്ഥതയുടെ മന്ത്രം.
പക്ഷെ, ഇത് എന്റേത് അല്ലെന്ന് ഉള്ള് തൊട്ട് പറയാനും, ആത്മാർത്ഥമായി വിട്ടു കൊടുക്കാനും എന്തൊരു ബുദ്ധിമുട്ട് ആണ്, മനുഷ്യർക്ക്. വിട്ടു കൊടുക്കുക, ത്യജിക്കുക, ഉപേക്ഷിക്കുക എന്നത് ഒരു കലയാണ്. Quitting is an art. സിദ്ധിക്കേണ്ടതും, സാധന കൊണ്ട് സ്പുടം ചെയ്ത് എടുക്കേണ്ടതുമായ ഒരു കല.
പക്ഷെ, ഒരിക്കൽ കൈപ്പിടിയിൽ ആയതിനെ വിട്ടു കൊടുക്കേണ്ടി വന്നാൽ അതീവ കഷ്ടതയും, നഷ്ടബോധവും അനുഭവിക്കുന്ന ഒരു ദുർബല ഹൃദയത്തിന്റെ ഉടമയാണ് മനുഷ്യർ. വെട്ടി പിടിക്കാനും, കൂട്ടി ചേർത്തു വയ്ക്കാനും ഉള്ള തത്രപ്പാടിൽ വിട്ടു കൊടുക്കലിന്റെ ആനന്ദത്തെ മറന്നവർ.
നമുക്ക് ഇഷ്ട്ടമുള്ളതിനെ, പ്രിയമുള്ളതിനെ, നമുക്ക് ലഭിച്ചതിനെ, നമ്മൾ ഉണ്ടാക്കിയെടുത്തതിനെ, നമ്മുടേത് എന്ന ബോധ്യത്തിൽ നാം പരിപാലിക്കുന്നതിനെ മറ്റൊരാൾക്ക് വിട്ടു കൊടുക്കാതിരിക്കാൻ നാം പല കാരണങ്ങൾ കണ്ടെത്തും. പല ന്യായീകരണങ്ങളും കണ്ടെത്തും.
നോക്കൂ, ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ വീരനും, വിദ്വാനും ആയിരുന്നു ഭീഷ്മർ. ഗംഗയുടെ പുത്രൻ, പരശുരാമന്റെ ശിഷ്യൻ. അതികഠിനമായ ഒരു പ്രതിജ്ഞ എടുക്കുകയും, അത് പാലിക്കുകയും ചെയ്ത കഠിന നിഷ്ടയുടെ ഉടമ. പക്ഷെ കൃത്യ സമയത്ത് വിട്ടു കൊടുക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. താൻ ഇല്ലെങ്കിൽ കുരുവംശം നശിച്ചു പോകുമെന്ന് അദ്ദേഹം ഭയന്നു. മനസ് കൊണ്ട് അദ്ദേഹം ഹസ്തിന പുരത്തിന്റെ സിംഹാസനത്തിൽ സ്വയം ബന്ധിച്ചിട്ടു. വംശ നന്മക്ക് എന്ന ഉറച്ച ഇടപെടലുകളും കാലാന്തരത്തിൽ തീവ്രമായ
വൈരത്തിലേക്ക് വഴി തെളിച്ചു. ഒടുക്കം സ്വയം ഏറ്റുവാങ്ങിയ
ശരശയ്യയിൽ കിടന്നു കൊണ്ട്, ഗർഭസ്ഥ ശിശുവിലേക്ക് പോലും ആ വൈരത്തിന്റെ ബ്രഹ്‌മാസ്ത്രം
ചീറിപ്പായുന്നത് അദ്ദേഹം കണ്ടു.
കാലത്തിന്റെ ഒരു സവിശേഷ നിമിഷത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഒരു വ്യവസ്ഥക്ക്, അതിൽ ഉണ്ടാകുന്ന ഏറ്റകുറച്ചിലുകൾ പരിഹരിച്ചു കൊണ്ട്, സ്വയം പുതുക്കി കൊണ്ട് നില നിൽക്കാൻ ഉള്ള ശേഷി ഉണ്ട്. അഥവാ, ഒരു വ്യവസ്ഥ അതിന് സാധിക്കാതെ ചിതറി വീഴുകയാണെങ്കിൽ , അത് നിർമിച്ചിട്ടുള്ള അടിസ്ഥാന ശിലകൾക്ക് ബലക്ഷയം ഉണ്ടെന്നാണ് അർത്ഥം. സ്വയം പുതുക്കാനുള്ള ബലം അതിന് നൽകാൻ , കാലത്തിനൊത്ത വിധം പരിഷ്കരിക്കാൻ ഉള്ള വഴക്കം അതിന്റെ ആദ്യ ജീനുകൾക്ക് നൽകാൻ അതിനെ ഉണ്ടാക്കിയവർക്ക് സാധിച്ചിട്ടില്ല എന്നാണ് അർത്ഥം.
നമ്മുടെ എല്ലാ കുടുംബങ്ങളിലും അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നാണ്, അമ്മായി അമ്മയും, മരുമകളും തമ്മിൽ ഉള്ള കലാപം. ഇതിന്റെ അടിസ്ഥാന കാരണം വിട്ടു കൊടുക്കില്ല എന്ന് കാണിക്കുന്ന വാശിയാണ്. സ്വന്തം മകനെയും, സ്വന്തം വീടും ഇന്നലെ കേറി വന്ന ഒരുവൾക്ക് കൊടുക്കില്ലെന്ന വാശി. ഈ പെണ്ണ് സ്വന്തം മകനെ തന്നിൽ നിന്ന് അകറ്റിയാലോ എന്ന അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഭയം കൂടുതൽ ഇറുക്കി പിടിക്കാൻ പ്രേരിപ്പിക്കുന്നു- താനും ഒരിക്കൽ ഇത് പോലെ കയറി വന്നവൾ ആണെന്ന കാര്യം കൂടി മറക്കുന്നു.സ്വന്തം ഇടം ഉപേക്ഷിച്ചു കയറി വന്നവൾ ആകട്ടെ, ഇവിടെ നില കിട്ടിയേ തീരൂ എന്ന വാശിയിൽ പൊരുതുന്നു. ഈ യുദ്ധത്തിൽ ഏറ്റവും മുറിവ് ഉണ്ടാകുന്നത് ഇടയ്ക്ക് നിൽക്കുന്ന പുരുഷന് ആണ്. ഇത്ര ഇറുക്കി പിടിച്ചു മുറിപ്പെടുത്താതെ, മകനെയും, മരുമകളെയും ഒന്നയച്ചു വിട്ടാൽ, ശ്വാസം വിടാനും, സ്വസ്ഥമായി ഇരിക്കാനും അനുവദിച്ചാൽ തീരാവുന്നതേ ഉള്ളൂ ഈ പ്രശ്നം.ഒരാൾക്ക് തട്ടിയെടുക്കാൻ പറ്റുന്നത് അല്ല, ലോകത്ത് വേറെ ഒരാളുടെ സ്ഥാനം. അപക്വമായ അത്തരം ഭയങ്ങൾ സൃഷ്ടിക്കുന്നത്, അശാന്തി നിറഞ്ഞ ഇടങ്ങൾ ആണ്.
എഴുന്നേറ്റ് നടക്കാൻ പോലും വയ്യാതെ ആയിട്ടും അധികാര കസേരകളിൽ കൂനിയിരിക്കുന്ന മനുഷ്യരുണ്ട്.തങ്ങൾക്ക് സ്വായത്തമായ അധികാരത്തിലേക്ക് സ്വന്തം വ്യക്തിത്വം ലയിപ്പിച്ചു ചേർത്തവർ. ആ അധികാരത്തിൽ നിന്ന് അകന്നാൽ സ്വന്തം സ്വത്വം തന്നെ ഇല്ലാതാകുമോ എന്ന് ഭീതിദരാകുന്നവർ. തനിക്ക് താഴെയും ചുറ്റിലും ഒരിളയും പൊടിക്കാൻ അനുവദിക്കാതെ തരിശ് ആയി കാക്കുന്നവർ. ഇത്തരം ഇടങ്ങളിൽ ആണ് അസംതൃപ്‌തരുടെ കലാപം ഉണ്ടാകുന്നത്. കുലീനതയോടെ വിട്ടു കൊടുത്തില്ലെങ്കിൽ, കുത്തി മറിച്ചിടുക എന്ന വന്യ നീതിയിലേക്ക് കാര്യങ്ങൾ മുന്നേറുന്നത്.
വിട്ടു കൊടുക്കലിന്റെയും, വഴി മാറി കൊടുക്കലിന്റെയും വിശാലതയിൽ ആണ് ഈ പ്രപഞ്ചത്തിന്റെ തന്നെ നാരായവേരുകൾ. ദിന രാത്രങ്ങളും, ഋതുക്കളും, വേലിയേറ്റ തിരകളും സദാ തങ്ങളുടെ പരിധികൾ കാത്തും, മുഖം കറുക്കാതെ വിട്ടു കൊടുത്തും പ്രകൃതിയുടെ താളം കാത്തു. ഇത്
ദത്തശ്രദ്ധരായി കണ്ടത് കൊണ്ടാകാം ഇദം ന മമ : എന്ന വേദ വചസും ഉണ്ടായത്. തങ്ങളുടെ കർമം പൂർത്തീകരിച്ചു കഴിഞ്ഞാൽ നിശബ്ദമായി വിട വാങ്ങുക.
എനിക്ക് ശേഷം പ്രളയം എന്ന മിഥ്യയായ ധാരണ കൊണ്ട് നടക്കുന്നതിൽ നമ്മൾ കേമൻമാരാണ് "എന്റെ പിന്നാലെ വരുന്നവൻ ശ്രേഷ്ഠനാണ്, അവന്റെ ചെരിപ്പിന്റെ വാർ അഴിക്കാൻ പോലും ഞാൻ യോഗ്യനല്ല " എന്ന് പറഞ്ഞ സ്നാപക യോഹന്നാനോട് ഐക്യപ്പെടാൻ നമുക്ക് പാടാണ്. എന്റെ പിന്നാലെ വരുന്നവൻ എന്റെ ചെരിപ്പിന്റെ വാർ അഴിക്കാൻ യോഗ്യനല്ല എന്ന് കരുതുന്നതിൽ ആണ് നമ്മുടെ ഹീറോയിസം. കാലത്തിനു അതിന്റെ പദപ്രശ്നങ്ങൾ പൂരിപ്പിക്കാൻ കൃത്യം വാക്കുകൾ ഉണ്ടെന്ന് തന്നെ നമ്മൾ മറക്കും.
സ്വാതന്ത്ര്യം ലഭിച്ചു ആറു മാസം തികയും മുന്നേ രാഷ്ട്ര പിതാവിനെ നഷ്ട്ടപ്പെട്ടപ്പോൾ ഇന്ത്യ ആടിയുലഞ്ഞു പോകും എന്ന് ലോകം കരുതിയത് ആണ്. പക്ഷെ ഉത്തരവാദിത്വം ഉള്ള ആ പിതാവ്, തനിക്ക് അനായാസം സ്വന്തമാക്കാൻ കഴിയുമായിരുന്ന അധികാരത്തെ ഇത് എന്റേത് അല്ല എന്ന് പറഞ്ഞു ത്യജിക്കുക മാത്രമല്ല, തനിക്ക് പിന്നാലെ വരാൻ യോഗ്യരായ ഒരു കൂട്ടം ആളുകളെ
സജ്ജരാക്കുകയും ചെയ്തിരുന്നു. കൊടും കാറ്റുകളിൽ ഉലയാതെ ഇന്ത്യയുടെ സ്വാതന്ത്ര്യ വെളിച്ചം കാത്തത് അവരാണ്....
ഇദം ന മമ... ഇത് എന്റേത് അല്ല എന്ന് പറഞ്ഞു സ്വയം സർവം ത്യജിക്കുന്ന മുഹൂർത്തത്തിൽ ആണ് നാം കർമങ്ങളുടെ മഹാ പൂർത്തിയിൽ എത്തുന്നത്. ഒന്നും എന്റേത് അല്ലെന്ന് അറിയുന്ന നിമിഷത്തിൽ തന്നെയാണ് സർവവും നമ്മുടേത് ആകുന്നത്.