Image

എഴുത്തിനെക്കുറിച്ച്, ധൂമികയെക്കുറിച്ച് ഷാജൻ റോസി ആൻ്റണി മനസ്സു തുറക്കുമ്പോൾ  (ദുർഗ മനോജ്)

Published on 12 April, 2023
എഴുത്തിനെക്കുറിച്ച്, ധൂമികയെക്കുറിച്ച് ഷാജൻ റോസി ആൻ്റണി മനസ്സു തുറക്കുമ്പോൾ  (ദുർഗ മനോജ്)
 
''പ്രളയത്തിലൊരു പ്രണയത്തുരുത്ത്. മറ്റൊരിക്കൽ പ്രണയത്തുരുത്തിൽ പ്രളയമുണ്ടാകാം. അനുകൂലമെന്നോ പ്രതികൂലമെന്നോ ഒന്നുമില്ല. സ്നേഹം അഖിലസാരമൂഴിയിൽ! വിട്ടുകൊടുത്തും ചേർത്തുപിടിച്ചും ജീവിക്കുക, അത്രയേ ഉള്ളൂ. അപ്പോ കുടുംബം നന്നാവും; നാടും!"
അവളും അവനും പിന്നെ ഞാനും എന്ന ഷാജൻ റോസി ആൻ്റണി എഴുതിയ കഥ അവസാനിക്കുന്നതിങ്ങനെയാണ്. 
വീട്ടിലെല്ലാവരും കോൺഗ്രസ്സായിരിക്കെ അയാൾ സ്വയം കമ്മ്യൂണിസ്റ്റായി പ്രഖ്യാപിച്ചു. കണ്ടതിനെയും കേട്ടതിനെയും ചോദ്യംചെയ്തു. "ഉടയോൻ്റെ കേളികൾ" എന്ന ഷാജൻ്റെ കഥയിൽ ആ റിബലിനെ കാണാം. പിന്നീട് ഷാജൻ സോഷ്യലിസത്തിലേക്കു കാലുമാറി. വീണ്ടും യാത്ര ചെയ്ത് ഇപ്പോൾ ജനാധിപത്യ സോഷ്യലിസത്തിൽ എത്തിനില്ക്കുന്നു. "അവളും അവനും പിന്നെ ഞാനും" എന്ന കഥ ഒരു കാഥികൻ കഥാപ്രസംഗം ചെയ്യുന്ന ശൈലിയിലാണ്. "ആഖ്യാതാവ് മുറത്തിൽക്കേറിക്കൊത്തുന്നു." എന്ന വിമർശനം കേട്ട കഥ. ശരിയാണ്. വ്യക്തിസ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, മതേതരത്വം ഇവയൊക്കെ വ്യക്തിയിലുണ്ടാവണം. വീട്ടിലുണ്ടാവണം. എന്നാലേ നാട്ടിലും ദേശത്തും ഉണ്ടാകൂ. 
ഇതാണ് ഷാജൻ എന്ന എഴുത്തുകാരൻ. ഷാജൻ  ജനിച്ചതും വളർന്നതുമൊക്കെ തൃശ്ശൂർ ജില്ലയിലെ തലോരിലാണ്. 1986 - ൽ പഠനത്തിനും തുടർന്നു ജോലിക്കുമായി മഹാരാഷ്ട്രയിലേക്കു കുടിയേറി. കുറേക്കാലമായി മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി ഹെൽത്ത് ഇൻഷുറൻസ് കമ്പനിയിൽ ജോലി നോക്കുന്നു. പൻവേലിൽ താമസം. വളരെച്ചെറിയ ഒരു ആമുഖമാണ് ഷാജൻ നൽകിയത്. അതായത്, കുറേയേറെയൊന്നുമില്ലപ്പനേ എന്നെക്കുറിച്ചു പറയാൻ എന്തൊരു മട്ട്. എന്നാൽ അത്ര സാധാരണക്കാരനല്ല ഷാജൻ എന്ന വ്യക്തിയും എഴുത്തുകാരനും എന്നു തിരിച്ചറിഞ്ഞു കൊണ്ടാണ് ബാക്കി വിശേഷം ചികഞ്ഞെടുത്തത്. ആദ്യം വ്യക്തി ജീവിതത്തിൽ ഷാജൻ്റെ തിരഞ്ഞെടുപ്പിനെക്കുറിച്ചു പറയാം, ഷാജൻ്റെ ഭാര്യ, സോണി മലയാളിയല്ല. ഛത്തീസ്ഗഡിലെ ഒരു ആദിവാസിഗോത്രക്കാരിയാണ്. 
അതുകൊണ്ടുതന്നെ വീട്ടിലെ സംസാരഭാഷയും മക്കളുടെ മാതൃഭാഷയും ഹിന്ദിയാണ്.  റോസെന്നും ഷാരോണെന്നും പേരുള്ള രണ്ടു പെൺമക്കൾക്കാകട്ടെ അച്ഛൻ ഇംഗ്ലീഷിൽ കഥയെഴുതുന്നില്ല എന്ന പരിഭവം നന്നായിട്ടുണ്ട്.
ഷാജൻ എന്ന എഴുത്തുകാരൻ്റെ സാഹിത്യാഭിരുചിയുടെ വികാസത്തിനു പ്രത്യക്ഷമായ രണ്ടു കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനമായത് ഹൈസ്കൂളിൽ മലയാളം പഠിപ്പിച്ച അയൽക്കാരൻകൂടിയായ
റാഫേൽമാഷിൻ്റെ സ്വാധീനമാണ്. അദ്ദേഹം തൻ്റെ വലിയ പുസ്തകശേഖരത്തിൽ നിന്നു ഷാജൻ്റെ വായനയെ പരിപോഷിപ്പിക്കാൻ ആവശ്യമായ പുസ്തകങ്ങൾ നല്കി അനുഗ്രഹിച്ചു. ഇന്ദുലേഖ, അവകാശികൾ, ഒരു ദേശത്തിൻ്റെ കഥ, ഏണിപ്പടികൾ, കയർ, യന്ത്രം, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, ഖസാക്കിൻ്റെ ഇതിഹാസം, മഞ്ഞ്, ബാല്യകാലസഖി, പാത്തുമ്മയുടെ ആട്,  ആൾക്കൂട്ടത്തിൽ തനിയെ അങ്ങനെ പല പുസ്തകങ്ങളും അക്കാലത്തു വായിച്ചു. 
രണ്ടാമത്തെ കാരണം, ബാല്യകാലസുഹൃത്തും അയൽക്കാരനുമായ ഗിരിവാര്യരുടെ അമ്മ ടീച്ചറും നല്ല വായനക്കാരിയുമായിരുന്നു. അവർ വീട്ടിൽ മാതൃഭൂമിയും കലാകൗമുദിയും വരുത്തിയിരുന്നു. അങ്ങനെ അക്കാലത്ത് ഷാജനും അവയുടെ സ്ഥിരംവായനക്കാരനായി. സക്കറിയ, മുകുന്ദൻ, സേതു, പത്മനാഭൻ, മേതിൽ, മലയാറ്റൂർ, ഒ.വി. വിജയൻ, ചെമ്മനം, കടമ്മനിട്ട, വിനയചന്ദ്രൻ, ചുള്ളിക്കാട്, അക്കിത്തം, ഒളപ്പമണ്ണ, സുഗതകുമാരി, മാധവിക്കുട്ടി, സച്ചിദാനന്ദൻ, എം. കൃഷ്ണൻനായർ, എസ്. ഗുപ്തൻനായർ എന്നിവരെക്കൂടാതെ മഹാശ്വേതാ ദേവിയെപ്പോലുള്ളവരുടേയും രചനകൾ വായിക്കാൻ സാധിച്ചത് അങ്ങനെയാണ്. എന്നാൽ വെറും വായന മാത്രമായിരുന്നില്ല ഷാജൻ്റെ മേഖല, കടുത്ത സിനിമാഭ്രാന്തനുമായിരുന്നു. എം.ടിയുടെയും ഭരതൻ്റെയും തിരക്കഥകൾ, വയലാറിൻ്റെയും പി. ഭാസ്കരൻ്റെയും ഒഎൻവിയുടെയും ഗാനങ്ങൾ, അരവിന്ദൻ്റെയും അടൂരിൻ്റെയും ജോൺഅബ്രഹാമിൻ്റെയും ഫാസിലിൻ്റെയും ഹരിഹരൻ്റെയും സംവിധാനം. ചുരുക്കിപ്പറഞ്ഞാൽ സിനിമാക്കാരനാകണം എന്നതായിരുന്നു ഷാജൻ്റെ അന്നത്തെ വലിയ മോഹം. അങ്ങനെ അതിൻ്റെ ആദ്യ പടിയായി കുത്തിക്കുറിപ്പുകൾ തുടങ്ങി. കോളേജിൽ തുടർച്ചയായി രണ്ടുമൂന്നുതവണ കഥയെഴുത്തുമത്സരത്തിൽ വിജയംനേടി. ആദ്യമായി കഥ അടിച്ചുവന്നതും കോളേജ്മാഗസിനിലാണ്. 2000 - ൽ "കറുമ്പി കത്രീനയുടെ കല്യാണം" കലാകൗമുദിയിൽ വന്നു. അതിനടുത്താഴ്ചയിലെ വാരഫലത്തിൽ കഥയെക്കുറിച്ച് എം. കൃഷ്ണൻനായർ അഭിനന്ദിച്ച് എഴുതി. എഴുത്തുവഴിയിലെ വലിയ സന്തോഷമായിരുന്നു അത്. 2001 - ൽ "കാലത്തിൻ്റെ വികൃതികൾ" എന്ന ആദ്യപുസ്തകം "ബ്രഹ്മാനന്ദ്" എന്ന തൂലികാനാമത്തോടെ ഇറങ്ങി. പെൻ ബുക്സായിരുന്നു പ്രസാധകർ. മലയാളത്തിൽ എഴുതിയ മഹാരാഷ്ട്രക്കഥകളാണ് അവയിൽ മിക്കതും. ഗ്രാമീണജീവിതം. പാവങ്ങളുടെ / സ്ത്രീകളുടെ / കർഷകരുടെ നിസ്സഹായവസ്ഥ ഒക്കെ അതിൽ പ്രതിപാദ്യമായി വന്നു. 
 
പത്താംക്ലാസ്സുവരെ മാത്രമാണ് ഷാജൻ ഔപചാരികമായി മലയാളം പഠിച്ചത്. പിന്നെ, വായനയിലൂടെ അറിയാൻ ശ്രമിച്ചു. ഇന്നും ആ ശ്രമം തുടരുന്നു. ആ നിലയിൽ സ്വയം ഇന്നുമൊരു വിദ്യാർത്ഥിയാണെന്നു പറയാനാണ് ഷാജനിഷ്ടം. പുസ്തകങ്ങളിലെ ഭാഷാപരമായ തെറ്റുകളും കുറവുകളും കാണുമ്പോൾ വിഷമം തോന്നാറുണ്ട്. ഭാഷയും ശൈലിയും നന്നാക്കാൻ എഴുത്തുകാരുടെ ഭാഗത്തു നിന്നുള്ള നിതാന്തശ്രമം ആവശ്യമുണ്ട്. അതുപോലെ വായനക്കാർക്കും മികച്ച എഴുത്തിലേക്കു എഴുത്തുകാരെ നിർബന്ധിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്ന് ഈ എഴുത്തുകാരൻ വിശ്വസിക്കുന്നു. വായനയിലൂടെ, കമൻ്റുകളിലൂടെ എഴുത്തിനെ നിലനിർത്തിക്കൊണ്ടുപോകേണ്ട ഉത്തരവാദിത്തം അവർക്കുണ്ട്. ഒപ്പം, മാധ്യമങ്ങളും അവയുടെ സാരഥികളും പുതിയ എഴുത്തുകളെയും എഴുത്തുകാരെയും പ്രോത്സാഹിപ്പിക്കണം. ഭാഷയുടെയും സാഹിത്യത്തിൻ്റെയും വളർച്ചയ്ക്ക് കൂട്ടായ ഇത്തരം ഒരു  സമീപനമാണ് ആവശ്യമെന്നും ഷാജൻ കരുതുന്നു.
 
ആദ്യകാലങ്ങളിലെ കുത്തിക്കുറിപ്പുകൾക്കുശേഷം നീണ്ടകാലത്തെ വനവാസം. വായനമാത്രമായി കുറേക്കാലം. ഇംഗ്ലീഷും മറാഠിയും, കുറച്ചു ഹിന്ദിയും. അന്ന് ലോകത്തിൽ മാഗ്സ്റ്ററും ബ്ലോഗും ഫേസ്ബുക്കും ഡിജിറ്റൽ മാഗസിനുകളും ഇല്ലായിരുന്നു. അതുകൊണ്ട് ശ്രദ്ധ മറ്റെവിടേക്കും  മാറിയില്ല, വായന മാത്രം. പിന്നീട് ലോകത്ത് ഇൻ്റർനെറ്റും സോഷ്യൽ മീഡിയയും സജീവമായി. ഒരു ശാപംപോലെ കൊറോണ വന്നു. അനേകായിരങ്ങളുടെ ജോലി പോയി. ബിസിനസുകൾ തകർന്നു. നഗരങ്ങളുടെ ഓട്ടം നിലച്ചു. ഷാജനും വീട്ടിലിരുന്നു ജോലി ചെയ്യാൻ തുടങ്ങി. കുറെ സമയം ബാക്കിയായി. അതിനിടെയാണ്, കൂട്ടുകാരനും എഴുത്തുകാരനുമായ ഗിരി നിർബന്ധിച്ച് ഒരു ഗ്രൂപ്പിൽ ചേർത്തത്. അങ്ങനെ മലയാളത്തിലെ പുതിയകഥകൾ വായിക്കാൻ തുടങ്ങി  മലയാളത്തിലെ എഴുത്തിൻ്റെ / ടൈപ്പിങിൻ്റെ രണ്ടാമൂഴം തുടങ്ങി. മെല്ലെ ഗ്രൂപ്പുകളിൽ നുറുങ്ങുകളും മിനിക്കഥകളും കുറിപ്പുകളും കമൻ്റുകളും പോസ്റ്റുചെയ്തു തുടങ്ങി.  
 
സ്വന്തം കഥകളെക്കുറിച്ച് എഴുത്തുകാരൻ്റെ നിലപാട് ഇങ്ങനെയാണ്,
"കഥകൾ പലതലത്തിലുള്ള വായനയും മറുവായനയും അർഹിക്കുന്നു എന്ന പക്ഷക്കാരനാണ് ഞാൻ. ഒരു വളർത്തുപട്ടിയുടെ യാത്രാമൊഴിയാണ് "വിറ്റ്ലർ ദ വിധേയൻ." പക്ഷേ, ദ വിധേയൻ എന്ന താക്കോൽ ഉപയോഗിച്ച് കഥയുടെ താഴു തുറന്നാൽ വിധേയയായ സ്ത്രീ, വിധേയരായ തൊഴിലാളി, ഉദ്യോഗസ്ഥർ, സാധാരണ പൗരന്മാരെയൊക്കെ വായനക്കാർക്കു കാണാനും കേൾക്കാനും പറ്റും എന്നു വിചാരിക്കുന്നു. എൻ്റെ രണ്ടാമത്തെ പുസ്തകത്തിൻ്റെ പേര് ധൂമിക എന്നാണ്. ആ പേരു കണ്ട്, ആ വാക്കിൻ്റെ അർത്ഥം(മൂടൽ)മഞ്ഞ്, ആവി എന്നൊക്കെയാണ്  എന്നറിയാവോ എന്നാരോ ചോദിച്ചു. Tekfog App - നെ ഞാൻ വിളിച്ച പേരാണ് ധൂമിക. മീഡിയയ്ക്കോ പൊലീസിനോ ഏതെങ്കിലും ഒരു ജേർണലിസ്റ്റിനോ വ്യവസ്ഥിതിയെ എതിർക്കാനുള്ള ചങ്കൂറ്റം കാണുന്നില്ല. ഓരോരുത്തരും സ്വന്തംകാര്യം സിന്ദാബാദ് എന്ന നിലപാട് എടുക്കുന്നു.
ഇൻഡ്യൻമധ്യവർഗ്ഗത്തിൻ്റെ പ്രതീക്ഷകളും വിഹ്വലതകളും നിസ്സഹായതകളും കാപട്യവും എൻ്റെ പല കഥകളിലുമുണ്ട്. അതുകൊണ്ടുതന്നെ എല്ലാമറിഞ്ഞിട്ടും മനസ്സിലായിട്ടും സ്വന്തംകാര്യം നോക്കി ഒതുങ്ങിക്കൂടുന്നവരല്ലേ നമുക്കുചുറ്റും?  സിനിമകളിലെ ശൂരവീരപരാക്രമികളോ ആദർശവാദികളോ ആയ നായക/നായികമാരെ നിത്യജീവിതത്തിൽ കണ്ടുമുട്ടാൻ കഴിയുന്നുണ്ടോ? നവദേശീയതയുടെ പേരിൽ അന്ധരായ മതവിദ്വേഷികളുടെ മാരകമായ വെട്ടിനു പാത്രമായ മകനും അവൻ്റെ പ്രബുദ്ധയായ അമ്മയും ഒടുവിൽ സ്വന്തം സുരക്ഷയ്ക്കും ഭാവിക്കും മുൻതൂക്കംനല്കി ന്യായവും സത്യവും കുഴിച്ചുമൂടുന്ന നിസ്സഹായവസ്ഥ ലേസർബീം കഥയിൽ കാണാം. അതുപോലെ, ഓന്തിനെപ്പോലെ നിറംമാറുന്ന ഒരു നായകനെ "കോഴിയും ചീങ്കണ്ണിയും ഓന്തും" എന്ന കഥയിലും കാണാം. 
"അമ്മയുടെ തോന്നന്നലുകളിലെ" അമ്മയുടെ ജല്പനങ്ങൾ സത്യമാണെന്നു മകളുടെ കർമങ്ങൾ തെളിയിക്കുമോ? സ്ത്രീവിരുദ്ധത നമ്മുടെ ഉള്ളിൽത്തന്നെ ദൃഢമൂലമാണ്. നമ്മുടെ സംസ്കാരത്തിലും ആചാരങ്ങളിലും ഭാഷയിലും എല്ലാം അതുണ്ട്. "ജീർണോദ്ധാരം" എന്ന കഥയും ഭാഷയും അതിൻ്റെ പ്രതിഫലനമാണ്. ഓരോ കഥയും അതിൻ്റെമാത്രമായ ഒരു ശൈലിയോടെ ജനിക്കുന്നു എന്നാണല്ലോ. അതുകൊണ്ടുതന്നെ ഈ സമാഹാരത്തിലെ പതിനാലുകഥയും വേറിട്ട ഭാഷയിലും ശൈലിയിലും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നുപറയാം." 
 
ചെറുകഥകൾ കൂടാതെ ഷാജൻ രണ്ടു ലഘുനോവലുകളുടെ പണിപ്പുരയിലാണ്. നമുക്കു കാത്തിരിക്കാം ധൂമികയ്ക്കു പിന്നാലെ ഷാജൻ എഴുതിയ നോവലുകൾക്കായി.
 
ലേസർബീം കഥ അവസാനിക്കുന്നതിങ്ങനെ,
"അതാണ്, മാഷിവിടെ ഇപ്പോൾ വന്നാൽ ശരിയാവില്ലാന്നു ഞാൻ പറഞ്ഞത്. മാഷുടെ ചില ഭ്രാന്തൻചിന്തകൾ സത്യമാടാ. ഏകവർണ്ണങ്ങളുടെ കാലമാണിത്. മഴവില്ലുകളും ബഹുവർണ്ണങ്ങളും കൊളാഷുകളും കുറച്ചുനാളേക്കു നമുക്കു മറക്കാം. അല്ലേടാ ജോ!"
ആരോ വാതിലിൽമുട്ടി. എഴുന്നേൽക്കും മുമ്പേ, ഫിലോമിന അവനെ ഒന്നുനോക്കി. അവൻ 'ഓക്കെ' എന്നു തലയൊന്നാട്ടി. 
ഫിലോമിനയുടെ നോട്ടവും അവൻ്റെ തലകുലുക്കലുംകൊണ്ട് അവരെന്തെങ്കിലും അവിടെ കുഴിച്ചുമൂടിയോ?" 
 
കൂടുതൽ കഥകൾ പിറക്കട്ടെ ഷാജൻ്റെ തൂലികയിൽ നിന്ന് എന്നു നമുക്കാശിക്കാം, ധൂമികയിലെ കഥകൾ കൂടുതൽ വായനക്കാരിലേക്ക് എത്തട്ടെ.
Join WhatsApp News
ജ്യോതിലക്ഷ്മി നമ്പ്യാർ 2023-04-13 07:53:58
ശ്രീ: ഷാജൻ ആൻ്റണിക്ക് എല്ലാ ഭാവുകങ്ങളും. പണിപ്പുരയിലുള്ള രണ്ടു നോവലുകൾക്കും എത്രയും പെട്ടെന്ന് ജന്മം നൽകാൻ കഴിയടെ എന്നാശംസിക്കുന്നു ' ശ്രീമതി ദുർഗ്ഗ മനോജ് മനോഹരമായി എഴുത്തുകാരനേയും, പുസ്തകത്തേയും പരിചയപ്പെടുത്തി അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക