അഞ്ചു ദിവസം കൊണ്ട് 10 ലക്ഷം ഉപഭോക്താക്കളിലേക്കെത്തുകയും മൂന്നു മാസം കൊണ്ട് 10 കോടി ജനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്ത ചാറ്റ് ജി പി റ്റി എന്ന സേര്‍ച്ച് സംവിധാനം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് നിര്‍മ്മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ചാറ്റ് ജി പി റ്റി, ഇന്റര്‍നെറ്റിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്താന്‍ കെല്പുള്ള ചാലക ശക്തിയായി തീര്‍ന്നത്?
എങ്ങനെയാണ് കേരളാ ചിക്കന്‍ കറി ഉണ്ടാക്കുക എന്ന് ഗൂഗിളില്‍ അന്വേഷിച്ചു. വിവിധ വെബ്‌സൈറ്റുകളുടെ അഡ്രസ്സുകളാണ് ഗൂഗിള്‍ ഉത്തരമായി നല്‍കിയത്. ഓരോ സൈറ്റിലും ചെന്നന്വേഷിച്ച് നമുക്ക് വേണ്ട പാചകക്കുറിപ്പ് കണ്ടുപിടിക്കാന്‍ ഏറ്റവും ചുരിങ്ങയത് 30 മിനിറ്റെങ്കിലും വേണ്ടിവരും.
എന്നാല്‍ ഇതേ വിവരം ചാറ്റ് ജി പി റ്റി യില്‍ തിരഞ്ഞപ്പോള്‍ ചിക്കന്‍ കറി ഉണ്ടാക്കുവാനുള്ള നിര്‍ദ്ദേശം ഒരുമിനിട്ടിനുള്ളില്‍ തയ്യാറാക്കി തന്നിരിക്കുന്നു. ഗവേഷണ പ്രബന്ധങ്ങള്‍, കഠിനമായ ഗണിത ശാസ്ത്ര പ്രശ്‌നങ്ങള്‍, കവിതകള്‍, കഥകള്‍, എല്ലാം ഈ നിര്‍മ്മിത ബുദ്ധിക്കു വഴങ്ങും. അതിവേഗത്തില്‍, ആവശ്യപ്പെടുന്ന അറിവുകള്‍ ഉപഭോക്താവിന് എത്തിച്ചു കൊടുക്കുന്നത് കൊണ്ടാണ് വളരെ ചുരുങ്ങിയ കാലയളവുകൊണ്ട് ചാറ്റ് ജി പി റ്റി ക്ക് പ്രചുര പ്രചാരം ലഭിച്ചത്. നിര്‍മ്മിത ബുദ്ധിയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ കമ്പൂട്ടറുകളുടെ ശൃംഖലകള്‍ക്ക് എങ്ങിനെയാണ് ഈ കഴിവുകള്‍ ലഭിച്ചിരിക്കുന്നത്?
ഒരു ചോദ്യം, അല്ലെങ്കില്‍ അന്വേഷണം, ഈ ശൃംഖലയിലേക്ക് വരുമ്പോള്‍ 'Generative A I' ഉപയോഗിച്ച് അതിന്റെ ഉത്തരങ്ങള്‍ കണ്ടെത്തുന്നു.
ഉത്തരം കണ്ടെത്തുക എന്നതാണ് ഒന്നാമത്തെ പടി. രണ്ടാമതായി കണ്ടെത്തിയ ഉത്തരങ്ങളില്‍ നിന്നും ഏറ്ററ്വും ശരിയായ ഉത്തരം ഏതാണെന്ന് ഒരു മനുഷ്യന്‍ പഠിക്കുകയും, അങ്ങനെ ഏറ്റവും ശരിയായ ഉത്തരം കണ്ടെത്താന്‍ ഉപയോഗിച്ച മാര്‍ഗം, കമ്പൂട്ടറിനെ പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നു, Pre-Training. പിന്നീട് പഠിച്ച വിദ്യ വളരെ വേഗത്തില്‍ ഉപയോഗിച്ച് ശരിയായ ഉത്തരം ഈ മെഷീനുകള്‍ തന്നെ കണ്ടെത്തുന്നു.
എന്നിട്ടോ?
ചോദ്യകര്‍ത്താവിന് മനസ്സിലാവുന്ന രീതിയില്‍, ഒരു മനുഷ്യന്‍ ഉത്തരം നല്കുന്നതുപോലെ , ഈ സൂപ്പര്‍ കമ്പൂട്ടര്‍ ശൃംഖല നമ്മള്‍ക്ക് വേണ്ടുന്ന വിവരങ്ങള്‍ എത്തിച്ചു തരുന്നു. 'Reinforcemnt Learning Human Feedback എന്ന സാങ്കേതിക വിദ്യയാണ് ഉത്തരം നല്‍കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്''.
''Generative Pre-trained Transformer' എന്നതാണ് GPT യുടെ പൂര്‍ണ നാമം. ട്രാന്‍സ്ഫോര്‍മര്‍ എന്നാല്‍, മനുഷ്യര്‍ സ്വഭാവീകമായി എഴുതുന്നതുപോലെ വാക്കുകള്‍ ചേര്‍ത്തുവച്ച് അര്‍ത്ഥവത്തായ വാക്യങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ NLP (natural learning process) ലൂടെ രൂപപ്പെടുത്തിയ നിര്‍മ്മിത ബുദ്ധി. നൂറായിരം കോടി വിവരങ്ങള്‍ അനേകം കമ്പൂട്ടറുകളൂം സെര്‍വറുകളും അടങ്ങിയ വിപുലമായ ശൃംഖലകളില്‍ ശേഖരിച്ച് വച്ച് അതിവേഗത്തില്‍ വിവരങ്ങള്‍ കൈമാറുന്ന ബൃഹത്തായ സംവിധാനത്തിലൂടെയാണ് ചാറ്റ് ജി പി റ്റി പ്രവര്‍ത്തിക്കുന്നത്.
നിര്‍മ്മിത ബുദ്ധിയിലൂടെ, അതി സങ്കീര്‍ണ്ണവും, വേഗതയേറിയതുമായ ചാറ്റ് ജി പി റ്റി എങ്ങനെയാണ് ഉടലെടുത്തത്.
സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ പ്രദേശത്തില്‍. മൈക്രോസോഫ്റ്റ്, ആമസോണ്‍, അല്‍ഫബെറ്റ്, ലിങ്കെടിന്‍,
പേ പാല്‍ മുതലായ കമ്പനികളിലെ പ്രമുഖര്‍ ചേര്‍ന്ന് OpenAI എന്ന കമ്പനി 2015 ലാണ് ആരംഭിച്ചത്. സാം ആള്‍ട്ടമന്‍ എന്ന വ്യക്തിയാണ് OpenAI യുടെ മേധാവി. വിവര സാങ്കേതിക വിദ്യയെ, നിര്‍മ്മിത ബുദ്ധിയുമായി യോജിപ്പിച്ച്, ഉപഭോക്താക്കള്‍ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത പുതിയ ഒരനുഭവം ഉളവാക്കിയെടുക്കാന്‍ ചാറ്റ് ജി പി റ്റി ക്ക് സാധിച്ചിരിക്കുന്നു. മനുഷ്യരെപ്പോലെ സംസാരിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിര്‍മ്മിത ബുദ്ധി ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്നു. മനുഷ്യര്‍ക്കുള്ള വൈകാരിക അനുഭവങ്ങള്‍ നിര്‍മ്മിത ബുദ്ധിയെ പഠിപ്പിക്കാനുള്ള തീവ്ര ശ്രമിത്തിലാണ് സാങ്കേതിക പരിജ്ഞാനികള്‍.
ഒരു വ്യക്തിക്ക് സങ്കടം വരുമ്പോള്‍, അടുത്തുവന്ന് സ്വാന്തനപ്പെടുത്തുന്ന ഒരു റോബോട്ട്, അതുപോലെ കാപ്പിയും ചായയും ഒക്കെ ഉണ്ടാക്കികൊണ്ടുവരുന്ന ഒരു റോബോട്ട് അങ്ങനെ---- അങ്ങനെ---- മനുഷ്യരുടെ വിചാര വികാരങ്ങള്‍ എല്ലാം മനസ്സിലാക്കി കഴിയുമ്പോള്‍, മാനവരാശിയെ മുഴുവനും തങ്ങളുടെ അടിമകള്‍ ആക്കുവാന്‍ നിര്‍മ്മിത ബുദ്ധിക്ക് കഴിയില്ലേ.
ഇങ്ങനെയെല്ലാം സംഭവിക്കുവാന്‍ വളരെ അധികം സാധ്യതയുണ്ട്!
.അങ്ങനെ വന്നാല്‍?
പണ്ട് പണ്ട്, ഭസ്മാസുരന് ലോകത്തിലെ ഏറ്റവും വലിയ ശക്തിമാനാകണമെന്ന് പെരുത്ത ആഗ്രഹം. ഏറ്റവും വേഗത്തില്‍ അതുലഭിക്കുവാനായി പരമശിവനെ തപസ്സുചെയ്തു. പരമശിവന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഭസ്മാസുരന്‍ അപേക്ഷിച്ചു, 'ഞാനാകണം ലോകത്തിലേക്കും വച്ച് ഏറ്റവും വലിയ ശക്തിമാന്‍, അതിനായി ഞാനാരുടെ തലയില്‍ കൈ വച്ചാലും അവര്‍ ഭസ്മമായി പോകണം എന്ന വരം അങ്ങെനിക്കു നല്കണം,'
ഭക്ത വത്സലനായ പാവം പരമശിവന്‍ അസുരന് ചോദിച്ച വരം നല്‍കി. വരം ലഭിച്ചുകഴിഞ്ഞപ്പോള്‍, ഭസ്മാസുരന് അതു പ്രവര്‍ത്തിക്കുമോ എന്ന് പരീക്ഷിക്കുവാന്‍ ധൃതിയായി. തന്റെ കരങ്ങള്‍, വരം നല്‍കിയ പരമശിവന്റെ തലയില്‍ തന്നെ വക്കുവാന്‍ ശ്രമിച്ചു. ഭസ്മമാകാതിരിക്കാന്‍ പരമശിവന്‍ പരക്കം പായാന്‍ തുടങ്ങി.
ഓട്ടത്തിനവസാനം പരമശിവന്‍ വിഷ്ണുവിനെ അഭയം പ്രാപിച്ച് എങ്ങനെയെങ്കിലും രക്ഷിക്കണമെന്നപേക്ഷിച്ചു. വിഷ്ണു, മോഹിനി വേഷം ധരിച്ച് അസുരനുമായി നൃത്തം ചെയ്യാന്‍ ആരംഭിച്ചു. നൃത്തത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഭസ്മാസുരന്‍ കൈ, സ്വന്തം തലയില്‍ വച്ച് ഭസ്മമായി തീര്‍ന്നു.
നിര്‍മ്മിത ബുദ്ധിയെ വിപുലീകരിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്മാരാവാന്‍ വേണ്ടിയാണ്, സാങ്കേതിക വിദ്ധ്യാ ഭീമന്മാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇവര്‍ പടച്ചുവിടുന്ന ഭസ്മാസുരന്റെ അക്രമത്തില്‍ നിന്നും രക്ഷപെടുത്താന്‍ വിഷ്ണു എപ്പോഴും ഉണ്ടായികൊള്ളേണമെന്നില്ല. ഇനി അഥവാ വിഷ്ണു വന്നിരുന്നാലും ഭസ്മാസുരന്‍ കാര്യങ്ങള്‍ മനസിലാക്കി സ്വന്തം കൈ ഒരിക്കലും തലയില്‍ വാക്കാതിരുന്നാലോ? ആരാണോ നിര്‍മ്മിച്ചെടുത്തത് അവരെ തന്നെ നശിപ്പിക്കാന്‍ കെല്പുള്ള നിര്‍മ്മിത ബുദ്ധിയെ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ മാനവരാശിയുടെ നിലനില്‍പ്പുതന്നെ ഒരു ചോദ്യ ചിഹ്നമാവാം.