പശുവിനെച്ചൊല്ലി, പശു ഇറച്ചിയെച്ചൊല്ലി ഇന്ത്യയിൽ പല സ്ഥലങ്ങളിലും, പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ വർഗ്ഗീയ ലഹളകൾ നടന്നതായി നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോഴും ആ വിഷയം വളരെയധികം ജനങ്ങളെ സ്പർശിക്കുന്ന വിഷയമായി തുടരുന്നു. എന്നാൽ ഇവിടെ പറയാനുള്ളത് ഈയ്യിടെ വന്ന (കൗതുകവാർത്ത എന്ന് ഞാൻ വിളിച്ചോട്ടെ? ) ഒരു വാർത്തയെകുറിച്ചാണ്..
ഉത്തർപ്രദേശിലെ ലക്‌നൗൽ ഒരു കുംഭാരനെ (കലം ഉണ്ടാക്കുന്നവൻ) കോടതി ശിക്ഷിച്ചു. അയാൾ ചെയ്ത കുറ്റം അയാളുടെ മൺപാതങ്ങൾ കരണ്ടു നശിപ്പിക്കുന്ന എലികളിൽ ഒന്നിന്റെ വാലിൽ കല്ലുകെട്ടി വെള്ളത്തിലെറിഞ്ഞു കൊന്നുവെന്നതാണ്. അത് കണ്ട ഒരു മൃഗസ്നേഹി അദ്ദേഹത്തിനെതിരെ പോലീസിൽ കേസ് കൊടുത്തു. മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരത തടയാനുള്ള നിയമം അനുസരിച്ച് പോലീസ് കേസ് ഫയൽ ചെയ്തു. ഇത്തരം കൃത്യങ്ങൾക്ക് പത്ത് രൂപ മുതൽ രണ്ടായിരം രൂപ വരെ പിഴയും മൂന്നു വര്ഷം ജയിൽവാസവും നമ്മുടെ പീനൽ കോഡിൽ വകുപ്പുണ്ട്. അതേസമയം റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള എലി ശല്യം തടയാൻ (അവയെ കൊന്നു കളയാൻ ) ഏകദേശം മുപ്പത്തിയയ്യാരിം രൂപ പ്രതിമാസം ചെലവഴിക്കുന്നു. തന്നെയുമല്ല റെയിൽവെ പ്ലാറ്റ്ഫോമിന്റെ അടിത്തറ കരണ്ടു നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന ജീവികളെ (Rodents) കൊല്ലാൻ നാലു ലക്ഷത്തിൽ പരം രൂപക്ക് ഒരു സ്വകാര്യ കമ്പനിയെ ഏല്പിച്ചിരിക്കുന്നു. റോഡെന്റ്‌സിൽ (Rodent ) എലി, മു യൽ, അണ്ണാൻ, തുടങ്ങിയ ജീവി വർഗ്ഗങ്ങൾ ഉണ്ട്.
ഈ വാർത്ത വായിച്ചപ്പോൾ ക്ഷുദ്രജീവിയെ കൊന്ന മനുഷ്യനെതിരെ നടപടി എടുക്കുവാനുണ്ടായ മനോവികാരം എന്തായിരുന്നിരിക്കും എന്ന് ചിന്തിച്ചുപോയി. കൃഷിയിടങ്ങളിൽ നാശനഷ്ടം വരുത്തുന്ന എലി, പെരുച്ചാഴി മുതലായ ക്ഷുദ്ര ജീവികളെ കർഷകർ എലിക്കണി വച്ചും, വിഷം വെച്ചും കൊല്ലാറുണ്ട്. അത് ഇത്ര വലിയ ഒരു അവസ്ഥക്ക് ഇടംനൽകും എന്നത് ഇപ്പോഴാണ് അറിഞ്ഞത്. ഒന്നാലോചിച്ചു നോക്കൂ....മനുഷ്യന്റെ അത്യാഗ്രഹംകൊണ്ടും, സംശയംകൊണ്ടും, പീഢനത്താലും എത്രയോ ജന്മങ്ങൾ ഇവിടെ ദാരുണമായി മനുഷ്യനാൽ ദിനംപ്രതി കൊലചെയ്യപ്പെടുന്നു. മതിയായ തെളിവുകളും, സാക്ഷികളും ഉണ്ടായിരിക്കെ, വർഷങ്ങളോളം വേണ്ടുന്ന നടപടികൾ സ്വീകരിക്കാതെ അവരുടെ ആത്മാവിന് ശാന്തി ലഭിക്കാതെയുണ്ട്. ഒരു എലിയുടെ ആത്മാവിനോട് കാണിച്ച സത്യസന്ധത അത്തരം ഒരു ആതാമാവിനോടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി.
മിക്കാവാറും ഹിന്ദു ദൈവങ്ങൾക്ക് അവരോടനുബന്ധിച്ച് (വാഹനമായോ, സേവകരായോ) ഒരു മൃഗമോ, പക്ഷിയോ ഉണ്ട് . പ്രകൃതിയുമായി മനുഷ്യന്റെ ഒഴിച്ചുകൂടാൻ കഴിയാത്ത ബന്ധത്തെയാണ് ഇവ പ്രതിനിധാനം ചെയ്യുന്നതെന്ന് പറയാറുണ്ട്. പലതും മനുഷ്യ നന്മയെയും കുറിക്കുന്നു. ശിവന് കാള,സുബ്രഹ്മണ്യന് മയിൽ, ഗണപതിക്ക് എലി, ഇന്ദ്രന് ആന (ഐരാവതം) അങ്ങനെ ഒരു നീണ്ട നിരതന്നെയുണ്ട്. അങ്ങിനെ വിലയിരുത്തിയാൽ 'എലി' ഗണപതിയുടെ വാഹനമാണെന്ന പരിഗണനയാണോ ഈ സംഭവത്തിൽ എന്ന് ചിന്തിക്കാം. സ്ഥൂലശരീരനായ ഗണപതിക്ക് എന്തുകൊണ്ട് ഒരു കൊച്ചു എലി വാഹനമാകുന്നു! അതിനുപുറകിലും രസകരമായ പല കെട്ടുകഥകളും ഉണ്ട് എന്നാൽ ഇതെല്ലാം പ്രതീകാല്മകമാണ് (സിംബോളിക്). ഗജമുഖൻ എന്നുപേരായ ഒരു അസുരനുമായി ഗണപതി യുദ്ധം ചെയ്തപ്പോൾ അവനെ കൊല്ലാതെ ഒരു എലിയാക്കി. എന്നിട്ട് അതിന്റെ മേൽ കയറിയിരുന്നു തന്റെ സ്ഥിരവാഹനമാക്കി. എലി അത്യാർത്ഥിയുടെയും അത്യാഗ്രഹത്തിന്റെയും പ്രതീകമാണ്. അത് കാണുന്നതൊക്കെ കരളുന്നു. ഇരുളിന്റെ മറവിൽ ഇര തേടി ഇറങ്ങുന്ന ഈ ജീവി മനുഷ്യവാസമുള്ളേടത്ത് വന്ന ഭക്ഷ്യപദാര്ഥങ്ങളും മറ്റും കരണ്ടു തിന്നുന്നു. മനുഷ്യനിലെ അത്യാർത്ഥിയുടെ പ്രതീകമായ എലിയെ ഗണപതി തടയുന്നു. അദ്ദേഹം ഗണങ്ങളുടെ അധിപനാണല്ലോ!. ക്ഷുദ്രജീവികളെപ്പോലെ മനുഷ്യനിലുള്ള ഉപദ്രവസ്വഭാവത്തെ ഗണപതി അടക്കിവാഴുന്നു എന്നതാണ് വിശ്വാസം.
രാജസ്ഥാനിലെ ബിക്കാനറിൽ കർണിമാതാ അമ്പലമുണ്ട്. ഇവിടെ എലികളെ പൂജിക്കുന്നു. അവിടെ ദർശനത്തിനു പോകുന്നവർ നഗ്നപാദരായി പോകണമെന്നുണ്ട്. എലികളുടെ വിസർജ്ജ്യവും, മൂത്രവും കൂടിക്കലർന്ന അഴുക്കുകൾ ചവുട്ടി പോകുന്ന ഭക്തർക്ക് മാതാ കർണിയുടെ അനുഗ്രഹമുണ്ടാകുമെന്നു വിശ്വാസം. എണ്ണമറ്റ എലികൾ അവിടെ ഇഷ്ടം പോലെ കിട്ടുന്ന ഭക്ഷണവും കഴിച്ച് ജീവിക്കുന്നു. ഇതും എലികളോടുള്ള സ്‌നേഹംകൊണ്ടുതന്നെ. അപ്പോൾ എലിയെ കൊന്ന മനുഷ്യനുനേരെ നടപടി എടുത്തയാൾ ഒരു തികഞ്ഞ ഗണപതി ഭക്തനായിരിക്കാം എന്ന് അനുമാനിക്കാം.
തീർച്ചയായും പ്രകൃതിയുടെ ഒരു ഭാഗമാണ് മൃഗങ്ങൾ. അവയെ സംരക്ഷിക്കേണ്ടതും, വംശനാശം സംഭവിക്കാതെ പ്രകൃതിയെ സംരക്ഷിക്കേണ്ടതും മനുഷ്യന്റെ കടമയാണ്. അതിനാൽ വന്യമൃഗങ്ങളെയും, ജീവികളെയും, പക്ഷികളെയും ഉപദ്രവിക്കുന്നതിനെതിരെയും, കൊല്ലുന്നതിനെതിരെയും നിയമനടപടികൾ ഉണ്ട്. ബോളിവുഡ് നടൻ സൽമാൻ ഖാന്റെ അനുഭവം നമുക്കെല്ലാവർക്കും അറിയാവുന്നതാണല്ലോ.
ജനുവരി 13, 2023 മുതൽ കേന്ദ്ര ഗവണ്മെന്റ് വന്യജീവി സംരക്ഷണ നിയമത്തിനു ഭേദഗതി വരുത്തിയിരിക്കുന്നു. അതുപ്രകാരം കാക്ക, വവ്വാൽ, എലി മുതലായ ജീവികളെ ഷെഡ്യൂൾ II-ൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ സംരക്ഷണമുള്ള ജീവികളെ കൊന്നാൽ മൂന്ന് വർഷ തടവും, ഇരുപത്തിയയ്യായിരം രൂപ പിഴയും അടക്കേണ്ടി വരും.
മനുഷ്യൻ നിസ്സാരമായി കാണുന്ന ഓരോ ജീവനും വിലമതിക്കുന്നവയാണ്. വളരെ നിസ്സാരമാണെന്ന് മനസ്സിലാക്കുന്ന പ്രവർത്തിയുടെ പിന്നിലും വളരെ തീവ്രമായ മനോവികാരങ്ങളും, നിയമത്തിന്റെ നൂലാമാലകളും പതിയിരിക്കുന്നുണ്ട് എന്ന ഒരു ഓർമ്മപ്പെടുത്തലാണ് ഇത്തരത്തിലുള്ള ചെറിയ സംഭവങ്ങൾ.