Image

ജനാധിപത്യ സംരക്ഷണത്തിൽ  ഇന്ന് മാദ്ധ്യമങ്ങൾക്കുള്ള  സ്ഥാനം (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

Published on 23 April, 2023
ജനാധിപത്യ സംരക്ഷണത്തിൽ  ഇന്ന് മാദ്ധ്യമങ്ങൾക്കുള്ള  സ്ഥാനം (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

(മലയാള ഭാഷ പ്രചാരണ സംഘത്തിന്റെ പതിനൊന്നാം മലയാളോത്സവത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലേഖനം)
 

സമൂഹത്തിൽ നടക്കുന്ന അനീതികൾക്കെതിരെ തൂലികയെ പടവാളാക്കി ശക്തമായി പ്രതികരിക്കുന്നതായിരിക്കണം മാദ്ധ്യമങ്ങൾ.  ജനാധിപത്യ ഭരണത്തിലെ   നല്ലതും ചീത്തയുമായ ചലനങ്ങളെ വളരെ സുതാര്യമായി വെളിപ്പെടുത്തുന്നതായിരിക്കണം മാദ്ധ്യമ പ്രവർത്തനം.  ധീരതയോടെ നിഷ്പക്ഷമായി ജനങ്ങൾക്കുവേണ്ടി ചെറുത്തുനിൽക്കാൻ കഴിവുള്ളവനാകണം മാദ്ധ്യമ പ്രവർത്തകൻ. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ മാദ്ധ്യമങ്ങൾ അതിന്റെ ശരിയായ ദൗത്യം നിറവേറ്റുന്നതിൽ ആരെയോ ഭയക്കുന്നില്ലേ? അല്ലെങ്കിൽ ആരുടെയൊക്കെയോ വക്താക്കളായി ഇന്ന് മാദ്ധ്യമങ്ങൾ മാറിയിട്ടുണ്ടോ?  ജനാധിപത്യ രാജ്യത്ത് ഇന്ന് സമൂഹ മാദ്ധ്യമങ്ങൾ എവിടെ എത്തിനിൽക്കുന്നു?

 ജനങ്ങളിൽനിന്ന്, ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്നത് എന്നതാണല്ലോ ജനാധിപത്യത്തിന്റെ നിർവ്വചനം. അപ്പോൾ തിരഞ്ഞെടുക്കപ്പെടുന്ന ഗവണ്മെന്റും, ജനങ്ങളും തമ്മിൽ എങ്ങിനെ ബന്ധപ്പെടുന്നു എന്നിടത്താണ് മാദ്ധ്യമങ്ങളുടെ സ്ഥാനം. ഗവണ്മെന്റും, ഗവണ്മെന്റിനെ തിരഞ്ഞെടുത്ത ജനങ്ങളെയും തമ്മിൽ ബന്ധപ്പെടുത്തുന്ന ഒരു പാലമാണ് മാദ്ധ്യമങ്ങൾ. എന്ന് പറയാം..  ജനാധിപത്യത്തിന്റെ നാലാം തൂണെന്നാണ് മാദ്ധ്യമങ്ങളെ വിശേഷിപ്പിക്കുന്നത് .നിയമ നിര്‍മ്മാണ സഭയും (ലെജിസ്ലേച്ചര്‍), നിര്‍വ്വഹണാധികാരികളും (എക്‌സിക്യുട്ടീവ്), നീതിന്യായ സംവിധാനവു (ജുഡീഷ്യറി) മാണ് മറ്റ് മൂന്ന് തൂണുകള്‍. തുല്യപ്രാധാന്യമുള്ള, ശക്തമായ നാല് തൂണുകളിലാണ് ജനാധിപത്യം സ്ഥിതിചെയ്യുന്നത്.  ജനാധിപത്യത്തിന്റെ ശക്തി  ഓരോ തൂണുകളുടെയും ശക്തിയും അവർ തമ്മിലുള്ള പരസ്പര പൂരണവുമാണ്. എന്നാൽ ജനാധിപത്യത്തിന്റെ നാലാം തൂണായ മാദ്ധ്യമങ്ങൾ ഇന്ന് ജനാധിപത്യസംരക്ഷണത്തിന്  മതിയായ കടമ നിർവഹിക്കുന്നുണ്ടോ എന്നത് വിലയിരുത്തേണ്ടിയിരിക്കുന്നു. സ്വതന്ത്രവും, നിർഭയവുമായ മാദ്ധ്യമപ്രവർത്തനത്തതിന് സമൂഹം എക്കാലത്തേക്കാളും പ്രാധാന്യം നൽകേണ്ടിയിരിക്കുന്ന ഈ കാലഘട്ടത്തിൽ മാദ്ധ്യമപ്രവർത്തനങ്ങൾ നിലവാരത്തകർച്ചയുടെ വക്കിലാണെന്നുവേണം പറയാൻ.   

ജനാധിപത്യത്തിന്റെ നിലനിൽപ്പിൽ വളരെ ശക്തമായ ഒരു ആയുധമാണ് മാദ്ധ്യമങ്ങൾ. പക്ഷെ ഇവ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ല എങ്കിൽ അത് ജനങ്ങൾക്കോ, ഗവേണ്മെന്റിനോ വളരെയധികം നാശം വിതക്കാൻ കഴിവുള്ളതുമാണ്. എപ്പോഴെല്ലാം ജനാതിപത്യ  ധ്വംസനം  നടക്കുന്നുവോ അപ്പോഴെല്ലാം മാദ്ധ്യമങ്ങൾ ഉണർന്ന് പ്രവർത്തിക്കുകയും, അവയെ ചെറുത്തുനിൽക്കുകയും ചെയ്യുന്നു. മാദ്ധ്യമങ്ങൾ ഒരു സാമൂഹ്യ പരിഷകർത്താവ് എന്നതിലുപരി സമൂഹത്തിൽ നടക്കുന്ന നെറികേടുകൾ ചൂണ്ടിക്കാണിച്ച് ജനങളുടെ ശ്രദ്ധ അതിലേക്ക് തിരിച്ചുവിടുന്ന ഒരു ഉപാധികൂടിയാണ്.  

 ആദ്യ കാലഘട്ടം മുതൽക്കേ ലോകത്തെ അറിയാനുള്ള അവകാശം മാദ്ധ്യമങ്ങൾക്കുണ്ട്. ആ അവകാശം സഹനങ്ങളിലൂടെയും, ത്യാഗങ്ങളിലൂടെയും ഇന്നലെകളിലെ മാദ്ധ്യമങ്ങൾ അവയുടെ ദൗത്യം നിർവഹിച്ചു.   വിൻസ്റ്റൺ ചർച്ചിൽ ജനാധിപത്യത്തിൽ ഒരു മാനുഷനുള്ള പ്രാധാന്യത്തെകുറിച്ച് ഇങ്ങനെ പറഞ്ഞിരുന്നതായി കാണുന്നു “ജനാധിപത്യത്തിന് മുകളിൽ അർപ്പിക്കുന്ന എല്ലാ കൃത്യതജ്ഞതയും  ഒരു ചെറിയമനുഷ്യനാണ്, ചെറിയ ബൂത്തിലേക്ക്, ഒരു ചെറിയ പെൻസിൽ കൊണ്ട്, ഒരു ചെറിയ കടലാസിൽ ഒരു ചെറിയ കുരിശ് ഉണ്ടാക്കുന്ന- അലങ്കാര ശാസ്ത്രത്തിനോ ,ബൃഹത്തായ ചർച്ചകൾക്കോ അതിന്റെ പ്രാധാന്യം കുറയ്ക്കാൻ കഴിയില്ല” (At the bottom of all tributes paid to democracy is the little man, walking into a little booth, with a little pencil, making a little cross on a little bit of paper—no amount of rhetoric or voluminous discussion can possibly diminish the overwhelming importance of that point."). ജനാധിപത്യത്തിൽ ഒരു മനുഷ്യന് ഇത്രയും പ്രാധാന്യം ഉള്ളപ്പോൾ അവർക്കുവേണ്ടി വർത്തിക്കുന്ന മാദ്ധ്യമങ്ങളുടെ പ്രാധാന്യത്തെകുറിച്ച് പ്രത്യേകമായി പറയേണ്ടതില്ലല്ലോ! 

ജനാധിപത്യ സമ്പ്രദായത്തിൽ  ജനങ്ങൾക്ക് സംസാര സ്വാതന്ത്ര്യം, സമാധാനമായി സമ്മേളിക്കാനുള്ള കഴിവ്, തിരഞ്ഞെടുപ്പുകൾ തീരുമാനിക്കാനും വോട്ടുകൾ ചെയ്യാനുമുള്ള സ്വാതന്ത്ര്യം, നിയമത്തിന്റെ മുന്നിൽ ലഭിക്കുന്ന തുല്യത  എന്നിവയടങ്ങുന്നു. ഇവയെല്ലാം ഭരണഘടനപ്രകാരം എല്ലാ പൗരന്മാർക്കും ലഭിക്കുന്നു.  കൂടാതെ ഭരണകാര്യങ്ങളിലുള്ള സുതാര്യത, ഉത്തരവാദിത്തം, മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യം എന്നിവ ജനാധിപത്യത്തിന്റെ ഭാഗമാകയാൽ ഭരണാധികാരികൾ തൃപ്തികരമായ ഭരണം കാഴ്ചവച്ചില്ലെങ്കിൽ സമാധാനമായി സംഘടിച്ച് അവകാശങ്ങൾ നേടിയെടുക്കാനും ജനാധിപത്യം  സംരക്ഷിക്കപ്പെടുന്നതിനും എന്നും മാദ്ധ്യമങ്ങൾ കൂട്ടായുണ്ടാകാറുണ്ട്. ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട  ഗവൺമെന്റിന്റെ  നയങ്ങളും തീരുമാനങ്ങളും ജനങ്ങൾ അറിയുന്നത് മാദ്ധ്യമങ്ങൾ വഴിയാണ്. തന്നെയുമല്ല അവർ അവരുടെ അധികാരം കയ്യാളുമ്പോൾ എടുക്കുന്ന പ്രതിജ്ഞ പാലിക്കുന്നുണ്ടോ എന്നും മാദ്ധ്യമങ്ങൾ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്നു. പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് അവർ നടത്തുന്ന മീഡിയ വിചാരണം ഇന്ന് ജനസശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മാദ്ധ്യമങ്ങൾ ഇല്ലാത്ത ജനാധിപത്യത്തെ ചക്രങ്ങൾ ഇല്ലാത്ത വാഹനമായി ആരോ വിശേഷിപ്പിച്ചിട്ടുണ്. ശരിയാണ് മാദ്ധ്യമങ്ങൾ എന്ന ചക്രം ഉരുണ്ടാലേ രാജ്യത്തെ നീതി വ്യവസ്ത്തകളും ഭരണവും യഥാക്രമം നടക്കുന്നുവെന്ന് പൊതുജനത്തിന് ബോധ്യമാകുകയുള്ളു.  അവ  പൊതുജനങ്ങളുടെ കണ്ണും കാതുമാകണം.

പത്രപ്രവർത്തനത്തിന്റെ ചരിത്രം  ആരംഭിക്കുന്നതുതന്നെ വാർത്തകളുടെ ശേഖരണത്തിലൂടെയും, പ്രസിദ്ധീകരണത്തിലൂടെയുമാണ്. പതിനേഴാം നൂറ്റാണ്ടിൽ ദി ഡയലി കോറന്റ്‌ എന്ന പേരിൽ ഇംഗ്ലണ്ടിലാണ്‌ ആദ്യമായി വാർത്താ പത്രം ആരംഭിച്ചത്. അതൊരു ദ്വൈവാരികയായിരുന്നു. 1690 ൽ അമേരിക്കയിലും പത്രപ്രസിദ്ധീകരണമാരംഭിച്ചു.   1800 ആയപ്പോഴേക്കും നൂറുക്കണക്കിന്‌ പത്രങ്ങൾ അമേരിക്കയിലുണ്ടായിരുന്നു. എന്നാൽ ബംഗാൾ ഗസറ്റ് എന്ന പ്രസിദ്ധീകരണത്തോടെ   1780-ൽ ഇന്ത്യയിൽ ആദ്യത്തെ പത്രപ്രവർത്തനം ആരംഭിച്ചു.

കാലക്രമത്തിൽ രാവിലെ കോഫിക്കൊപ്പം വർത്തമാനപത്രവും എന്ന ചിട്ടയിലേക്ക് സമൂഹംഎത്തി.  ഒരു ദിവസമെങ്കിലും വർത്തമാന പത്രത്തിൽ കണ്ണോടിക്കാതെ ദിവസം ആരംഭിക്കാൻ വയ്യ എന്ന ഒരു സമൂഹം നിലനിന്നിരുന്നു. അവർ പൂർണ്ണമായും അച്ചടി മാദ്ധ്യമത്തെയാണ് ആശ്രയിച്ചത്. എന്നാൽ പിന്നീട് അച്ചടി മാദ്ധ്യമത്തോടുള്ള ഇഷ്ടം മെല്ലെ ദൃശ്യ മാദ്ധ്യമങ്ങളിലേക്കു ചേക്കേറി. ടെലിവിഷൻ വാർത്തകൾ കാണുന്നതിലൂടെ സമൂഹത്തിൽ നടക്കുന്ന വാർത്തകൾ മനസ്സിലാക്കി. സമൂഹത്തിൽ നടക്കുന്ന ഏതൊരു ചലനവും ദൃശ്യവത്ക്കരണത്തോടെ കാണുക എന്നത് ഒരു ശീലമായി മാറി. ദൃശ്യമാദ്ധ്യമങ്ങളിലൂടെ വസ്തുതകൾ ജനങ്ങൾക്ക് മുമ്പാകെ അവതരിപ്പിക്കുകയും, വ്യത്യസ്ത വിശകലനം നൽകുകയുംചെയ്യുമ്പോൾ  അച്ചടി മാദ്ധ്യമങ്ങൾ വായിച്ചിരുന്ന വായനക്കാരനു തന്റേതായ നിഗമനത്തിൽ എത്തിച്ചേരാനുള്ള  അവസരം നഷ്ടമായി.   ടെലിവിഷനിലൂടെയും, വീഡിയോകളിലൂടെയും മാദ്ധ്യമപ്രവർത്തനങ്ങൾ ശക്തമാക്കി. മിക്കവാറും മാധ്യമങ്ങളും കോർപ്പറേറ്റ് മാദ്ധ്യമങ്ങളാണെന്നു പറയാം.  ഇവയുടെ പ്രവർത്തനം ജാനാധിപത്യ സംരക്ഷണമോ, മൂല്യാധിഷ്ഠിതമായ പ്രവർത്തനമോ അല്ലാതായി. അവരുടെ വളർച്ചക്ക് സാമ്പത്തികമായോ, അതല്ലെങ്കിൽ മറ്റേതോ തരത്തിലോ ഒത്താശ നൽകുന്ന വിഭാഗത്തോട് തീർത്തും കൂറ് കാണിക്കുന്ന   ഒരു വക്താവായി മാദ്ധ്യമങ്ങൾ വർത്തിക്കുന്നു എന്നത് ലജ്‌ജാവഹമാണ്.

ഭാരതത്തിന്റെ ഭരണഘടനാ മാദ്ധ്യമങ്ങൾക്ക് നൽകുന്ന അവകാശങ്ങൾ ആർട്ടിക്കിൾ 19(1)(a) പ്രകാരം വലുതും അനവധിയുമാണ്. വാർത്തകൾ പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും, പരസ്യങ്ങൾ ചെയ്യാനും, വിവരങ്ങൾ ശേഖരിക്കാനും അഭിപ്രായങ്ങളോട് യോജിക്കാതിരിക്കാനുമുള്ള അവകാശം നൽകുന്നു.  ജനാധിപത്യ സംരക്ഷണത്തിനായി ഭരണകൂടത്തെ നിഷ്പക്ഷമായി ചോദ്യം ചെയ്യാൻ മാദ്ധ്യമങ്ങൾക്ക് അവകാശമുണ്ടായിട്ടും പൂർണ്ണമായ ആ സ്വാതന്ത്രം വിനിയോഗിക്കാൻ മാദ്ധ്യമങ്ങൾ ആരെയോ ഭയക്കുന്നു. സത്യസന്ധമായി എല്ലാ വാർത്തകളും സമൂഹത്തിനു മുന്നിൽ നിരത്തുന്നതിന് മാദ്ധ്യമങ്ങൾ തയ്യാറാകാറില്ല. കാരണം അത്തരം മാദ്ധ്യമപ്രവർത്തകരുടെ ജീവന് രാഷ്ട്രീയക്കാരും, വ്യക്തിസ്വാധീനങ്ങളും വിലപറയുന്ന ഒരു സ്ഥിതിവിശേഷമാണ് ഇന്ന് നിലനിൽക്കുന്നത്. ഒരു വാർത്ത സത്യസന്ധമായി ജനങ്ങൾക്കുമുന്നിൽ നിരത്തുമ്പോൾ ആ വാർത്ത ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളെ ബാധിക്കുന്നുണ്ടോ, സമൂഹത്തിലെ പകൽ മാന്യന്മാരിൽ ആരുടെയെങ്കിലും മുഖത്ത് കരിവാരിത്തേക്കുന്നതാണോ എന്നെല്ലാം സശ്രദ്ധം വിലയിരുത്തിയതിനുശേഷമേ ഇന്ന്   ഒരു വാർത്ത പുറത്തുകൊണ്ടുവരുവാൻ സാധിക്കുകയുള്ളൂ. മാദ്ധ്യമങ്ങൾക്ക് രാഷ്ട്രീയപാർട്ടികളെ,വൻകിട മുതലാളിമാരെ, സമൂഹത്തിൽ മാന്യന്മാരെ, അവരുടെ ഗുണ്ടകളെ എന്നിവരെ ഭയന്നുകൊണ്ടു മാത്രമേ ഒരു വാർത്ത ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുകയുള്ളൂ. അതല്ലെങ്കിൽ അതവരുടെ നിലനിൽപ്പിനെ ബാധിക്കും. അതുകൊണ്ടുതന്നെ ജാനാധിപത്യ സംരക്ഷണത്തിനായി സുതാര്യമായ മാദ്ധ്യമപ്രവർത്തനം അസാധ്യമായിരുന്നു. പലപ്പോഴും ഭരണഘടന നൽകുന്ന അവകാശങ്ങൾ മുഴുവനായി മാദ്ധ്യമങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാറില്ല. അതാതു കാലത്തെ ഭരണാധികാരികളുടെ ഒരു കൈ അവരുടെ മേൽ ഉണ്ടായിരിക്കും. അതിനാൽ അഭിപ്രായ ഭിന്നത ഉണ്ടായാൽ അത് പൊതുജനവുമായി സംവാദിക്കാൻ അവർക്ക് കഴിയാറില്ല.  അദൃശ്യമായ ഒരു വിലങ്ങ് അവർക്കുമേൽഉണ്ടാകുന്നു. മുതലെടുപ്പുകൾക്കുവേണ്ടി നടത്തികൊണ്ടുപോകുന്ന, സമൂഹത്തിൽ നിർഭയം ഇറങ്ങിച്ചെല്ലാൻ കഴിയുന്ന ഒരു കച്ചവടമാണ് ഇന്നത്തെ മാദ്ധ്യമപ്രവർത്തനങ്ങൾ.  

കാലക്രമത്തിൽ ടെലിവിഷൻ ചാനലുകളുടെയും പ്രവർത്തനത്തിൽ മാറ്റം സംഭവിച്ചു. ഇന്ന് പുതുമഴയിൽ പൊട്ടിമുളക്കുന്ന കൂണുകൾ കണക്കെയാണ് ദിനംപ്രതി പുതിയ ചാനലുകൾ പൊട്ടിമുളക്കുന്നത്. ഇത്തരത്തിലുള്ള ഓരോ ചാനലുകളെയും വളർത്താൻ ഉതകുന്ന ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോ, ഉന്നത വ്യക്തികളോ ഇതിന്റെ അണിയറയിൽ പ്രവർത്തത്തിക്കുന്നു. അണിയറപ്രവർത്തകരുടെ  ചരടുവലിക്കനുസരിച്ച് അരങ്ങത്ത് ആടിത്തിമിർക്കുന്നവരാന് മാദ്ധ്യമങ്ങൾ. അണിയറപ്രവർത്തകരുടെ ഇഷ്ടത്തിനനുസരിച്ച്    വാർത്തകളെ അവതരിപ്പിക്കുന്ന ഒരു വേദിയായി ചാനലുകളും പ്രവർത്തിക്കുന്നു. ഇവിടെ ജനാധിപത്യത്തിനോ, മനുഷ്യത്വത്തിനോ ഒന്നിനുമല്ല പ്രാധാന്യം അണിയറ പ്രവർത്തകരുടെ ആധിപത്യത്തിനാണ്.    വാർത്തകൾക്കായി,നേരമ്പോക്കുകൾക്കായി, ചലച്ചിത്രങ്ങൾക്കായി അങ്ങിനെ ഓരോന്നിനും പ്രത്യേകം ചാനൽ എന്ന രീതിയിലേക്ക് ടെലിവിഷൻ പ്രക്ഷേപണങ്ങളുടെ സ്വഭാവം മാറി.  പൊതുജനങ്ങൾ അവർക്ക് ഇഷ്ടപ്പെടുന്ന അവരുടെ ആശയങ്ങളോട് യോചിക്കുന്ന ചാനലുകളെ മാത്രം പിന്തുടരാം എന്ന ഒരു സ്ഥിതിവിശേഷമാണ്.

 

തിരഞ്ഞെടുപ്പിന്റെ സമയത്തും മാദ്ധ്യമങ്ങളെ കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റുന്നതിന് രാഷ്ട്രീയകക്ഷികൾ ഉപയോഗിക്കുന്ന ഒരു ഉപാധിയാക്കി മാറ്റാറുണ്ട്. കാരണം ജനങ്ങൾ ഭരണകക്ഷിയും, എതിര്കക്ഷികളുമായി സംവദിക്കുന്നത് മാദ്ധ്യമങ്ങളുടെ മധ്യസ്ഥതയിലൂടെയാണ്. അതിനാൽ ജനങളുടെ ഭരണകാശികളെ തെരഞ്ഞെടുക്കുവാനുള്ള  അവകാശം  പലപ്പോഴും മാദ്ധ്യമങ്ങളുടെ സ്വഭാവത്തിൽ അധിഷ്ഠിതമാകു_ന്നു.    

ദൃശ്യ മാദ്ധ്യമങ്ങളോടുള്ള ആസക്തി കുറഞ്ഞുവന്നപ്പോൾ  ഇന്ന് അധികംപേരും അച്ചടിമഷി പുരളാത്ത ഇ-മാദ്ധ്യമങ്ങൾക്ക് അടിമകളാണ്. വർത്തമാനപത്ര വായനയിൽ നിന്നും, ടെലിവിഷൻ ചാനലുകളിൽനിന്നും വിട്ടുമാറി വിരൽത്തുമ്പിൽ ഡിവൈസുകളിൽ വാർത്ത വായിക്കുന്ന ഒരു തലമുറയാണ് ഇന്ന് നിലനിൽക്കുന്നത്. ഇതിലൂടെ ഭൂഗോളമാകെ വിരൽത്തുമ്പിൽ ഒതുങ്ങാൻ തുടങ്ങി. വാർത്തകൾ തത്സമയം എവിടെയിരുന്നുകൊണ്ട് വീക്ഷിക്കുവാനും മാത്രം ഇന്ന് സാങ്കേതിക വിദ്യ വികസിച്ചുകഴിഞ്ഞു. മാദ്ധ്യമങ്ങളുടെ ഈ വ്യതിചലനം ജനങ്ങളിൽ കാട്ടുതീപ്പോലെ വാർത്തകൾ എത്തിക്കാൻ കഴിയുന്നു എന്നത് മാദ്ധ്യമപ്രവർത്തനത്തിൽ വന്ന അനുകൂലമായ ഒരു മാറ്റമാണ്. ജനങ്ങളുടെ സമയവും സൗകര്യവുമനുസരിച്ച് വാർത്തകൾ തേടിപ്പോകാൻ കഴിയുന്നു. അതിനാൽ രാവിലെ വീട്ടുമുറ്റത്തെത്തുന്ന വർത്തമാനപാത്രത്തെയോ, ടെലിവിഷൻ ചാനലുകളെയോ കാത്തിരിക്കാതെ വിരൽത്തുമ്പിൽ, യാത്രയിലോ, ജോലിത്തിരക്കിനിടയിലോ വാർത്തകൾ അറിയാൻ കഴിയുന്നു. ഈയൊരു മാറ്റം മാദ്ധ്യമപ്രവർത്തനത്തിന്റെ സാമ്പത്തിക ചെലവിനേയും ചുരുക്കുന്നു എന്നതും വാർത്താമാദ്ധ്യമങ്ങൾക്ക് വളരാൻ സഹായകമായ മാറ്റമാണ്  

ഇ-മാദ്ധ്യമങ്ങൾക്കൊപ്പം ഇന്ന് സാമൂഹ്യ മാദ്ധ്യമങ്ങളും കയറിപ്പറ്റി എന്നത് അവിശ്വസനീയമായ ഒരു മാറ്റമാണ് മാദ്ധ്യമപ്രവർത്തനത്തിനു കൈവന്നിരിക്കുന്നത്. വാട്ടസ്ആപ്, ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക്, ട്വിറ്റെർ തുടങ്ങിതുടങ്ങിയ സമൂഹ മാധ്യമങ്ങൾ ലോകത്തിന്റെ ഓരോ കോണിലെയും ജനങ്ങളെ ബന്ധിപ്പിക്കുന്നതിനും, ഏകോപിപ്പിക്കുന്നതിനും, സമൂഹത്തിലേക്കിറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾ ഞൊടിയിടയിൽ ഉന്നത തലങ്ങളിൽ അറിയിക്കുന്നതിനുംവേണ്ടി വർത്തിക്കുന്നു. അതുകൊണ്ടുതന്നെ സമൂഹ മാദ്ധ്യമങ്ങളെ ഭരണാധികാരികൾക്ക് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അനീതി ഏതെങ്കിലും ഒരു സ്ഥലത്ത് നടന്നതായി സമൂഹം ശ്രദ്ധിച്ചാൽ അത് ഒരു വൻസമൂഹത്തിനിടയിൽ പരസ്യപ്പെടുത്താൻ സമൂഹമാദ്ധ്യമങ്ങൾ മതി. ഇതിൽ ഒരു വ്യക്തിയുടെയോ, ഒരു വിഭാഗക്കാരുടെയോ പരിശ്രമത്തിന്റെ ആവശ്യമില്ല. സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്ന ആർക്കും, ആരിലും വാർത്തകൾ സമയ താമസമില്ലാതെ എത്തിച്ചേരുന്നു. ആർക്കും, ആരിലും  അടിച്ചമർത്തിവയ്ക്കാൻ കഴിയാത്തതാണ് സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള വാർത്തകൾ. ഇവയിൽ ഗവണ്മെന്റ് പ്രസ്തുത നിയന്ത്രണങ്ങൾ കൈകൊണ്ടിട്ടുണ്ടെങ്കിലും ആരെയും ഭയക്കാതെ വാർത്തകൾ വിനിമയം ചെയ്യാൻ കഴിയുന്നതാണ് സമൂഹവാർത്താ മാദ്ധ്യമങ്ങൾ.   സമൂഹ വാർത്ത വിനിമയം വളരെ വേഗതകൂടിയ മാദ്ധ്യമമായതിനാലും, തത്സമയ ദൃശ്യങ്ങളും, സന്ദേശങ്ങൾക്കൊപ്പം കൈമാറാൻ കഴിയുന്നതുകൊണ്ടും ഇത് സമൂഹത്തിനു വളരെയധികം ഉപകാരപ്രദമാണ്. അനീതികളെ  അടക്കിപിടിക്കുന്നതിലും സമൂഹ മാദ്ധ്യമങ്ങൾ തടസ്സമാകുന്നു. അതുകൊണ്ടുതന്നെ പല വ്യവഹാരങ്ങൾക്കും തീർപ്പും, പരിഹാരവും എളുപ്പമാക്കുന്നതിൽ സമൂഹമാദ്ധ്യമങ്ങളുടെ പങ്ക് വളരെ പ്രാധാന്യമർഹിക്കുന്നു. തെളിവുകൾ നഷ്ടപ്പെടുത്തി തേച്ചുമാച്ചു കളയുന്ന കേസുകൾക്കും സമൂഹമാദ്ധ്യമങ്ങൾ ഇന്നൊരു ഭീഷണിയാണ്.  

അതേസമയം സാമൂഹ്യ മാദ്ധ്യമങ്ങൾക്ക് അച്ചടി മാദ്ധ്യമങ്ങൾ വഴിമാറിയതോടെ വാർത്തകളിലെ വിശ്വാസ്യത ഒരു ചോദ്യചിഹ്നമായി. ഈ മാദ്ധ്യമവിശ്വാസ്യതയുടെ മൂല്യച്ച്യുതി ജനാധിപത്യത്തെ പ്രതികൂലമായി ബാധിച്ചു. ഇവയിൽ മാദ്ധ്യമവാർത്തകളിൽ കൂടുതൽ സ്ഥാനം ദൃശ്യമാധ്യമങ്ങൾ കയ്യടക്കി.  അതുകൊണ്ടുതന്നെ ജനാധിപത്യത്തിന്റെ നാലാം തൂൺ എന്ന ദൗത്യം സത്യസന്ധമായി നിർവ്വഹിക്കാൻ മാദ്ധ്യമങ്ങൾക്ക്  അതിന്റേതായ അർത്ഥത്തിൽ കഴിയാറില്ല എന്ന് വേണമെങ്കിൽ പറയാം. ഏതു നുണയും സത്യസന്ധമായ വാർത്ത എന്ന മട്ടിലും, ഭാവത്തിലും ജനങ്ങൾക്കുമുമ്പാകെ സമൂഹമാദ്ധ്യമങ്ങൾ നിരത്തപ്പെടുമ്പോൾ സത്യമേത് മിഥ്യയെതെന്നറിയാതെ അന്ധമായി ജനങ്ങൾക്ക് വിശ്വസിക്കേണ്ടിവരുന്നു. അതുകൊണ്ടുതന്നെ ജനാധിപത്യ പ്രവർത്തനങ്ങളെ കരിവാരിതേക്കാൻ ഒരു  വിഭാഗം ശ്രമിക്കുന്നുവെങ്കിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇത് നിഷ്പ്രയാസം കഴിയുന്നു.  

ജനാധിപത്യത്തിന്റെ നാല് തൂണുകളായ നിയമനിർമ്മാണം,  നിർവഹണം, നീതിന്യായം, മാദ്ധ്യമം എന്നിവ  നിഷ്പക്ഷമായും, സത്യസന്ധമായും, നീതിപരമായും നിലനിന്നാൽ മാത്രമേ ജനാധിപത്യം ആടിയുലയാതെ നിലനിക്കുകയുള്ളൂ. അതിൽ വളരെയേറെ പ്രാധാന്യമുള്ള, മാദ്ധ്യമങ്ങൾ തലകുനിക്കാൻ തുടങ്ങിയാൽ ജനാധിപത്യവ്യവസ്ഥയുടെ തുലനാവസ്ഥയിൽ മാറ്റങ്ങൾ സംഭവിക്കുകയും, വീഴുകയും ചെയ്തേക്കാം. അതിനാൽ ജനാധിപത്യത്തിന്റെ നിലനിൽപ്പ് മാദ്ധ്യമങ്ങളിൽ അധിഷ്ഠിതമാണ്.  മാദ്ധ്യമങ്ങളുടെ കയ്യിലെ   സമയാസമയങ്ങളിൽ ധീരതയോടെയും, ചെറുത്തുനിൽപ്പോടെയും, നിഷ്പ്രയാസം ചലിക്കുന്ന തൂലികയെന്ന പടവാളിലൂടെ മാത്രമേ ജനാധിപത്യ അവകാശങ്ങൾ പിടിച്ചുവാങ്ങാൻ കഴിയുകയുള്ളൂ. അതിനാൽ തൂലിക കൈവശം വയ്ക്കുന്ന ഓരോരുത്തരും എഴുതുന്ന അക്ഷരങ്ങൾ സത്യസന്ധവും, ധീരതയും അലിഞ്ഞുചേർന്ന മഷിയിലൂടെയാകണം അവ എഴുതപ്പെടുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം.

#Th roleofthemediaprotecting_democracy

Join WhatsApp News
Abdul Punnayurkulam 2023-04-24 12:15:27
Excellent article. No need explanation. The article itself says everything. It's worth reading again and again...
American Mollakka 2023-04-24 18:26:49
അസ്സലാമു അലൈക്കും ശ്രീമതി നമ്പ്യാർ സാഹിബാ. ഇങ്ങള് പെരുത്ത് അറിബുള്ള എയ്ത്തുകാരി. ലേഖനം ഗംഭീരം. സമ്മാനം തന്നവർ ബിബരമുള്ളവർ, അമേരിക്കൻ മലയാളികൾക്ക് ബലിയ ബിബരം ഇല്ല.അവർ നാട്ടിലെ നേതാക്കന്മാർ പറയുന്നതേ കേൾക്കയുള്ളു. അതുകൊണ്ട് ഇബിടന്നു സമ്മാനം കിട്ടുമെന്ന് ആശിക്കണ്ട .ഇനിയും നല്ല വിഷയങ്ങളുമായി ബീണ്ടും ബരിക.
Varughese Abraham Denver 2023-04-24 20:23:16
Very good wrtite up Ms. Nambiyar and is timely...!!!
Jyothylakshmy Nambiar 2023-04-25 09:29:09
അഭിപ്രായം എഴുതി പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി
P.R. 2023-04-25 18:07:28
ഈടുറ്റ ലേഖനങ്ങൾ കൊണ്ട് ഇമലയാളിയെ സമ്പന്നമാക്കുന്ന ജ്യോതിക്ക് എല്ലാ വിധ' ഭാവുകങ്ങളും നേരുന്നു. ലേഖനം .സാരാഗംഭീരമായിരുന്നു. പിന്നെ മൊല്ലാക്കയോട് യോജിക്കുന്നില്ല.എന്റെ അറിവിൽ ജ്യോതിക്ക് ഇ മലയാളിയുടെ അംഗീകാരം കിട്ടിയിട്ടുണ്ട്. വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിലും അവതരിപ്പിക്കുന്നതിലും ജ്യോതി പ്രകടിപ്പിക്കുന്ന കഴിവിനെ അഭിനന്ദിക്കുന്നു. ജ്യോതിയിൽ നിന്നും നല്ല നല്ല ലേഖനങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക