വൈക്കം മുഹമ്മദ് ബഷീർ 1952 ൽ പ്രസിദ്ധപ്പെടുത്തിയ ‘പാവപ്പെട്ടവരുടെ വേശ്യ’ എന്ന കഥാ സമാഹാരത്തിലാണ് ‘നീലവെളിച്ചം’ എന്ന ചെറുകഥ ആദ്യമായി ഉൾപ്പെടുത്തിയത്. ബഷീറിന്റെ ജീവിതത്തിലുണ്ടായ അനിർവചനീയങ്ങളായ പ്രതിഭാസങ്ങൾക്ക് ശാസ്ത്രീയ നിർവ്വചനങ്ങൾ കൊടുക്കാൻ നോക്കിയെങ്കിലും ബഷീറിന് അതൊന്നും തൃപ്തികരമായ വിശദീകരണങ്ങളായിരുന്നില്ല.. ചിലപ്പോൾ വായനക്കാരായ നമ്മൾക്കു ഇതിന്റെ ശാസ്ത്രീയ വശം മനസ്സിലാക്കാൻ കഴിഞ്ഞേക്കുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നുണ്ട്.
സരസ്വതീദേവിയുമായുള്ള പ്രണയബന്ധം തകർന്ന് നിരാശ്ശയിലായിരുന്ന ബഷീർ രണ്ട് മാസത്തേക്കു താമസ്സിക്കാനായി തലശ്ശേരിയിൽ ഒരു ബംഗ്ലാവ് സങ്കടിപ്പിച്ചു. ബഷീർ തന്റെ കഥകളിലെ കാമുകിമാരെ ‘ദേവീ ‘ എന്ന് ഒരു ദേവീ ദാസനേപ്പോലെ അഭിസംബോധന ചെയ്യാറുണ്ട്. അതുകൊണ്ട് സരസ്വതിയെന്ന് പേരുള്ള കാമുകിയെ ദേവീ എന്ന് കൂടി കൂട്ടിച്ചേർത്തു ഭക്തിപൂർവ്വം വിളിക്കുന്നതാണോ അതോ സരസ്വതീദേവിയെ തന്റെ കഥാപാത്രങ്ങളായ എല്ലാ കാമുകിമാരും കണ്ട് അവരേയും ദേവീയെന്ന് പ്രേമപൂർവ്വം വിളിക്കുന്നതാണോ എന്നറിയില്ല എങ്കിലും ബഷീർ സരസ്വതീദേവിയുടെ ഓർമ്മകൾ കൊണ്ടുനടക്കുന്ന ഒരു നിത്യകാമുകനായിരുന്നു.
രണ്ട് മാസത്തേക്ക് താമസിക്കാൻ ഏർപ്പെടുത്തിയ ഭാർഗ്ഗവീനിലയത്തിൽ പ്രണയനൈരാശ്യത്താൽ ജീവനൊടുക്കി യക്ഷിയായി മാറിയ ഭാർഗ്ഗവിയും കൂട്ടിനുണ്ടാകും എന്നറിഞ്ഞിട്ടും അവളെപ്പറ്റിയുള്ള ഭയപ്പെടുത്തുന്ന കഥകൾ കേട്ടിട്ടും ഒരു കൂസലുമില്ലാതെ പിന്നെയും ആ വീട്ടിൽ ചെന്നുകയറി അവളോട് സമ്മതം ചോദിച്ചു അവിടെത്തന്നെ താമസിച്ചുതുടങ്ങാൻ ഒരു കാരണം ബഷീർ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു : ‘ഒരു കാമുകിക്ക് തന്നെ മനസ്സിലാകുമെന്ന്’.
മറ്റുള്ളവർ പേടിയോടെ കണ്ട ഭാർഗ്ഗവിയെ ബഷീർ സ്നേഹപൂർവ്വം ഭാർഗ്ഗവിക്കുട്ടി എന്ന് വിളിച്ചു. ബഷീർ അവളുടെ ചെയ്തികളെ നിരീക്ഷിച്ചു. അവളെക്കുറിച്ചു അവളുടെ കൂട്ടുകാരോടും നാട്ടുകാരോടും അന്വേഷിച്ചറിഞ്ഞു. പിന്നെ അനുഭവങ്ങളിൽനിന്നുംകൂടി അനുമാനിച്ച കാര്യങ്ങൾ നീലവെളിച്ചം എന്ന ചെറുകഥയായി. പിന്നെ 1964 ൽ തന്റെ കഥ ‘ ഭാർഗ്ഗവീനിലയം’ എന്ന സിനിമയായപ്പോൾ അതിന് ബഷീർതന്നെ തിരക്കഥയും എഴുതി. ആഷിക് അബു ആ സിനിമ 2023 ൽ ‘നീലവെളിച്ചം’ എന്ന പേരിൽ പുനരാവിഷ്കരിച്ചപ്പോൾ പ്രേക്ഷകർക്ക് ബഷീർ ആ കഥ എഴുതിയ കാലത്തിൽ ഒന്നുംകൂടെ ജീവിക്കാൻ സാധിക്കുന്നു.
ബഷീറായി ടൊവിനോ ജീവിച്ചു. അല്ല, ബഷീർ പിന്നെയും പുനർജ്ജനിച്ചു. ഭാർഗ്ഗവിയും.
ഭാർഗ്ഗവിയും ശശികുമാറും തമ്മിലുള്ള പ്രണയത്തിനും വില്ലനായ നാരായണന്റെ ചെയ്തികൾക്കും നിലാവെളിച്ചം സാക്ഷിയായി. ശശികുമാറിന്റെ കൂടെയുള്ള ജീവിതം നിലാവുപോലെ വെളുത്തതാണ് എന്ന് ഭാർഗ്ഗവി തന്റെ പ്രിയനോട് പറയുന്നതുമുതൽ അവൾ വെള്ള വസ്ത്രങ്ങൾമാത്രം ധരിച്ചു തുടങ്ങി. ശശികുമാർ എന്നും ധരിച്ചിരുന്നതും വെള്ള വസ്ത്രങ്ങളായിരുന്നു. യക്ഷിയായി മാറിയ ഭാർഗ്ഗവി വെള്ള നിറത്തിലുള്ള സാരി ഉപയോഗിക്കുന്നതിന് അങ്ങനെ ഒരു കാരണം കൂടിയുണ്ട് എന്ന് മനസ്സിലാക്കാം. റിമയും റോഷൻ മാത്യുവും ഷൈൻ ടോം ചാക്കോയും ഭാർഗ്ഗവിയും ശശികുമാറും നാരായണനുമായി പുനർജ്ജനിച്ചു.
പഴയകാലഘട്ടം ഒന്നുംകൂടെ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇത് പ്രിയപ്പെട്ട സിനിമയാകും എന്ന് തീർച്ചയാണ്.
ഒരു യക്ഷിയുടെ കൂടെ താമസിച്ച ബഷീർ , യക്ഷിയെപ്പോലും മൗനമായി സ്നേഹിച്ച ബഷീർ ഒരു അത്ഭുതമാണ്. ശശികുമാറിന്റെ കൂടെ പോകാൻ ഭാർഗ്ഗവിയെ ആശംസിക്കുമ്പോൾ ബഷീർ അവസാനമായി പറയുന്ന ചില വാക്കുകളുണ്ട് :’ നീയും ഞാനുമെന്നുള്ള യാഥാർഥ്യത്തിൽനിന്നും ഞാൻ അവശേഷിക്കാൻ പോവുകയാണ്. ഞാൻ മാത്രം.’
യാത്രപറയാൻ വിഷമമുള്ളവരാണ് എഴുത്തുകാർ എങ്കിലും പൂർണ്ണമനസ്സോടെ യാത്രയാക്കുന്നവരും ഈ കൂട്ടർ തന്നെയാണ്.
1952 ൽ ബഷീർ അനുഭവിച്ച ഒരു പ്രതിഭാസം ഈ കാലഘട്ടത്തിൽ ആഷിക് അബു പുനരാവിഷ്‌ക്കരിച്ചപ്പോൾ പഴയ തനിമക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് പറയാതെ വയ്യ.
# movie_review