മദനോത്സവത്തിന്റെ ഒരു സീനില്‍ മാത്രമാണ് കാണികള്‍ കൈയടിക്കുന്നതായി ഞാന്‍ കണ്ടത്. തനിക്കും രാഷ്ട്രീയമുണ്ടെന്ന് പ്രഖ്യാപിച്ച് സാധാരണക്കാരില്‍ സാധാരണക്കാരനായ കഥാപാത്രം കസേരയില്‍ കാലിന്‍ മേല്‍ കാല്‍ കയറ്റി വച്ച് ഇരിക്കുന്ന ഒരു രംഗത്തില്‍. ഈ ഒരു രംഗത്തില്‍ മാത്രമാണ് സാധാരണക്കാരനായ അയാള്‍ കാലിന്‍മേല്‍ കാല്‍ കയറ്റി വച്ച് വളരെ authoritative ആയി ഇരിക്കുന്നത്. തങ്ങള്‍ക്ക് പറയാനുള്ളത് ഒരു കഥാപാത്രം ഉറക്കെ പറഞ്ഞപ്പോള്‍ കാണികള്‍ കൈയടി കൊണ്ട് പിന്തുണ നല്‍കിയതായാണ് എനിക്ക് തോന്നിയത്.
സൈബര്‍ ഇടങ്ങളിലൊന്നും കാണാത്ത, തെരുവില്‍ പ്രകടനത്തിന് ഇറങ്ങാത്ത, കവലയില്‍ വന്ന് ഒരു രാഷ്ട്രീയ പ്രസംഗം പോലും കേള്‍ക്കാന്‍ മെനക്കെടാത്ത ഒരു നിശബ്ദ ഭൂരിപക്ഷം ഇവിടെയുണ്ട്. അവര്‍ക്ക് രാഷ്ട്രീയമില്ലെന്ന് തെറ്റിദ്ധരിക്കുന്ന രാഷ്ട്രീയ മേലാളന്‍മാരുടെ മുഖത്തേക്ക് ഉള്ള ആട്ടാണ് മദനോത്സവം. പ്രതികരിക്കാന്‍ ശേഷിയില്ലാത്തത് കൊണ്ട് മാത്രം അവരുടെ രാഷ്ട്രീയം ഇല്ലാതാവുന്നില്ല. കൊടകര കുഴല്‍പ്പണ കേസ് എന്തായി എന്നത് പോലെ നിശബ്ദമായ ചില ചോദ്യങ്ങള്‍ ഈ പടം സാധാരണക്കാര്‍ക്ക് വേണ്ടി ഉയര്‍ത്തുന്നുണ്ട്.
രണ്ട് പ്രധാന രാഷ്ട്രീയ കക്ഷികളെ ആക്ഷേപ ഹാസ്യത്തിലൂടെ കടന്നാക്രമിക്കുന്നു എന്നതു കൊണ്ടാണ് ഈ പടം ശ്രദ്ധേയമാകുന്നത്.അത് കൊണ്ട് തന്നെ ഈ പടത്തെ അവഗണിച്ച് ഒതുക്കാനുള്ള ശ്രമവും നടന്നോ എന്ന് സംശയിച്ചാല്‍ തെറ്റ് പറയാനുമാവില്ല. ന്നാ താന്‍ കേസ് കൊട് എന്ന പടത്തിന് അനാവശ്യ വിവാദത്തിലൂടെ പബ്ലിസിറ്റി കൊടുത്ത് ഇടങ്ങേറായതിന്റെ ക്ഷീണം മാറാത്തത് കൊണ്ടുമാവാം.
ഇ സന്തോഷ് കുമാറിന്റെ തങ്കച്ചന്‍ മഞ്ഞക്കാരന്‍ എന്ന കഥയാണ് പടത്തിന് ആധാരമെങ്കിലും കാലിക പ്രസക്തിയേറുന്ന രീതിയില്‍ കഥയെ അണിയിച്ചൊരുക്കിയതില്‍ രതീഷ് പൊതുവാള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. രാഷ്ട്രീയ ആക്ഷേപ ഹാസ്യമാണ് തന്റെ മേഖലയെന്ന് ന്നാ താന്‍ കേസ് കൊട് പടത്തിലൂടെ രതീഷ് തെളിയിച്ചതുമാണ്.
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് ഈ പടം റിലീസ് ചെയ്തിരുന്നതെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷി ഈ പടത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് കേസ് കൊടുക്കുമായിരുന്നു. അല്ലെങ്കില്‍ പടത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ വീട്ടില്‍ ഇ ഡി കയറിയിറങ്ങുമായിരുന്നു.