Image

സ്വപ്നങ്ങളുടെ കൂട്ടുകാരി (ചെറുകഥ: ജെസ്സി ജിജി)

Published on 28 April, 2023
സ്വപ്നങ്ങളുടെ കൂട്ടുകാരി (ചെറുകഥ: ജെസ്സി ജിജി)

മഴമേഘങ്ങൾ കൊണ്ട് കരിമ്പടം പുതച്ചു നിൽക്കുന്ന  ആകാശത്തു നിന്നും തുള്ളിക്കൊരുകുടം കണക്കെ പെയ്യുന്ന മഴതുള്ളികൾ, തകരം  കൊണ്ടുള്ള   മേൽക്കൂരയിൽ വീഴുന്ന ശബ്ദം, എന്തോ, അവളുടെയുള്ളിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു അസ്വസ്ഥത  ജനിപ്പിച്ചു. ഇതുപോലെ  മഴ തിമിർത്തുപെയ്ത ഒരു പകൽനേരമാണ്  അവൾക്കു  സ്വന്തം  എന്ന്  കരുതിയതെല്ലാം  കൈവിരലുകൾക്കിടയിലൂടെ ചോർന്നുപോയത്.
“സഫിയാ നീ എന്താ സ്വപ്നം കാണുകയാണോ അതും പുസ്തകം തുറന്നുവെച്ചുകൊണ്ട്? ”അവൾ സ്വപ്നം കാണട്ടെടി,എങ്കിലല്ലേ അവളുടെ പേനത്തുമ്പിൽനിന്നും ആ സ്വപ്‌നങ്ങൾ  അക്ഷരങ്ങളായി അടർന്നുവീണു നല്ല നല്ല കഥകൾ നമുക്ക് വായിക്കാൻ പറ്റൂ”. കൂട്ടുകാരികളുടെ കമന്റിന് ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് സഫിയ വീണ്ടും പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി .
‘സഫിയ’,അതായിരുന്നു അവളുടെ പേര്.അഫ്ഗാനിസ്ഥാനിലെ  കാബൂളിലെ ഒരു സാധാരണ കർഷകകുടുംബത്തിലെ ഇളയകുട്ടിയാണ് സഫിയ .പുസ്തകങ്ങളെ കൂട്ടുകാരിയാക്കിയ സഫിയ, പഠനത്തിലും മിടുക്കി ആയിരുന്നു. പത്താം ക്ലാസ് പരീക്ഷ അടുത്തുവരുന്നു. നല്ല മാർക്ക് വാങ്ങി കോളേജിൽ ചേരണം. പിന്നെ കുട്ടികൾക്ക് വിദ്യ പകർന്നുനൽകുന്ന ഒരു നല്ല അധ്യാപികയാവണം. കാബൂൾ യൂണിവേഴ്സിറ്റിയിൽ ചേർന്ന് പഠനം തുടരുന്നതിനെപ്പറ്റി സഫിയ ദിവസവും സ്വപ്നം കാണാറുണ്ട്.
 കോവിടിന്റെ ഭീകരതയിൽ നിന്നും പതുക്കെ പതുക്കെ ആൾക്കാർ വെളിയിലേക്കു വന്നുകൊണ്ടിരുന്ന നാളുകൾ,ഓഗസ്റ്റ്15, 2021.അന്ന് ഒരു ഞായറാഴ്‌ച ആയിരുന്നു. താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത ദിവസം.പിറ്റേന്ന് തിങ്കളാഴ്ച, സ്കൂളിൽ പോകണ്ടാ എന്ന് അമ്മ പറഞ്ഞെങ്കിലും സഫിയയും കൂട്ടുകാരികളും സ്കൂളിലേക്ക് തിരിച്ചു. മൗനം അവർക്കിടയിൽ കനത്തു നിന്നിരുന്നു. ചുമന്ന നിറമുള്ള മാസ്കിനുള്ളിൽ മുഖം ഒളിപ്പിച്ചെങ്കിലും അവളുടെ ഉള്ളിലെ ഭയം കൺകളിൽ തെളിഞ്ഞുകാണാമായിരുന്നു. അതെ അവസ്ഥയിലായിരുന്നു അവളുടെ കൂട്ടുകാരികളും.അന്ന് ആകാശം കാർമേഘാവൃതമായിരുന്നു. പെട്ടെന്ന് തുള്ളിക്കൊരുകുടം കണക്കെ പെയ്ത മഴ, സ്കൂളിന്റെ തകരഷീറ്റിൽ വലിയ ശബ്ദത്തോടെ പതിച്ചുകൊണ്ടിരുന്നു ഏതാനും മണിക്കൂറുകൾക്കുള്ളിൽ താലിബാൻ ഭീകരവാദികൾ സഫിയയുടെ സ്കൂളിലുമെത്തി. സഫിയയെയും കൂട്ടുകാരികളെയും അവർ വലിച്ചിഴച്ചു.അവരുടെ നിലവിളികൾ ക്ലാസ്റൂമിന്റെ നാല് ചുവരുകൾക്കുള്ളിൽ ഞെരിഞ്ഞമർന്നു. പെൺകുട്ടികൾ പഠിക്കാനോ ജോലി ചെയ്യാനോ പാടില്ലത്രേ. പുരുഷന്റെ കാമനകളെ ശമിപ്പിക്കാനും, കുഞ്ഞുങ്ങളെ പെറ്റുവളർത്താനും മാത്രമായി സൃഷ്ടിക്കപ്പെട്ട ഉപകരണങ്ങളാണത്രേ സ്ത്രീകൾ. 
താലിബാൻ ഭീകരവാദികൾ വീട്ടിലെത്തിച്ചപ്പോൾ, സഫിയ  രാവിലെ സ്കൂളിലേക്ക് ധരിച്ചുപോയ അടിവസ്ത്രത്തിന്റെ നിറം, അവളുടെ മാസ്കിന്റെ നിറം പോലെ ആയി എന്ന് കണ്ടപ്പോൾ, സഫിയയുടെ അമ്മയുടെ കൺകളിൽനിന്നും അടർന്നുവീണ കണ്ണുനീർ, അവളുടെ കവിൾത്തടങ്ങളെ പൊള്ളിച്ചു കൊണ്ട് താഴേക്ക് ഒഴുകി.
പിന്നീടുള്ള ദിനങ്ങൾ,കൂട്ടിലടക്കപ്പെട്ട കിളിയെപ്പോലെ സഫിയ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ തളക്കപ്പെട്ടു. അവളെപ്പോലെ അവളുടെ കൂട്ടുകാരികളും. സഫിയയുടെ പുസ്തകങ്ങൾ അവളുടെ കൊച്ചുവീടിന്റെ മൂലയിലേക്ക് എറിയപ്പെട്ടിരുന്നു. പല പുസ്തകങ്ങളും താളുകൾ വലിച്ചുകീറപ്പെട്ട നിലയിൽ ആയിരുന്നു. വലിച്ചുകീറപ്പെട്ട പുസ്തകത്താളുകൾ പോലെ തന്റെ ജീവിതവും വലിച്ചുകീറപ്പെട്ടിരിക്കുന്നു എന്ന ഓർമയിൽ സഫിയയുടെ കണ്ണുകൾ ഈറനണിഞ്ഞുകൊണ്ടേയിരുന്നു. സ്വപ്നങ്ങളിൽ, വലിയ കൊമ്പുള്ള ഭീകരജീവികൾ അവളെ പേടിപ്പിച്ചുകൊണ്ടിരുന്നു.  സ്വപ്നം കാണാൻ ഇഷ്ടപ്പെട്ടിരുന്ന സഫിയ സ്വപ്നങ്ങളെ ഭയന്ന് രാത്രിയിൽ കണ്ണുകൾ തുറന്നുവെച്ചു മുറിയുടെ മൂലയിൽ ചുരുണ്ടു കൂടിക്കിടന്നു. 
***************************

“സഫിയ ഇതെന്ത്? നീ കണ്ണ് തുറന്നിരുന്ന് സ്വപ്നം കാണുകയാണോ? അതാ നിന്റെ മകൾ. നോക്ക് അവളുടെ കണ്ണിലെ സന്തോഷം. സഫിയ, നീ ഒരു ഭാഗ്യവതിയായ അമ്മയാണ്, യുഎസിലെ എന്നല്ല, ലോകത്തിലെ തന്നെ പ്രമുഖ മുൾട്ടിനാഷണൽ കമ്പനിയുടെ ഭരണചക്രം തിരിക്കാനുള്ള ഭരിച്ച ചുമതലയാണ് നിന്റെ മകൾക്കുള്ളത്.”
 നീണ്ട മുപ്പതു  വർഷങ്ങൾ. അന്ന് ക്ലാസ്റൂമിൽ തച്ചുടക്കപ്പെട്ട തന്റെ നിഷ്കളങ്കതയും  സ്ത്രീത്വവും ഇന്നിതാ ഉയിർത്തെഴുന്നേറ്റു തന്റെ മുൻപിൽ, തന്റെ മകളുടെ രൂപത്തിൽ.താലിബാൻ  ഭീകരതയുടെ ബാക്കിപത്രമായി. പതിനഞ്ചാം വയസിൽ സഫിയയുടെ ഉദരത്തിൽ ഉരുവായ ഭ്രൂണം, ഇന്ന്......... 
കഴിഞ്ഞ മുപ്പതുവര്ഷങ്ങൾ. മാതൃത്വത്തിന്റെ കരുതൽ സഫിയയെ ഒരു അഭയാർത്ഥിയാക്കിയ കുറെ വർഷങ്ങൾ. യുഎസിൽ അഭയാർഥിക്യാമ്പിൽ അവൾ കണ്ട ഓരോ പെണ്ണിന്റെയും മുഖത്ത് സ്ഥായിയായി കണ്ട ഭാവം നിസ്സംഗതയുടേതായിരുന്നു. പത്തു വയസുള്ള പെൺകുട്ടി മുതൽ എഴുപതു വയസുള്ള സ്ത്രീ വരെ . ഓരോരുത്തരും താലിബാന്റെ ഭീകരത അതിന്റെ തീവ്രതയിൽ അനുഭവിച്ചവർ..മഴ പെയ്യുന്ന രാത്രികളിൽ അഭയാർഥിക്യാമ്പിലെ തണുത്ത തറയിൽ, ആരോ ദാനമായി നൽകിയ കമ്പിളിപ്പുതപ്പിനുള്ളിൽ   കുഞ്ഞു സറീനയെ കെട്ടിപ്പിടിച്ചു വിദൂരതയിലേക്ക് കണ്ണുനട്ട് സഫിയ സ്വപ്നം കാണാൻ മറന്നു പുലരിക്കായി കാത്തുകിടന്നു.
 സറീനയെ സ്വപ്നം കാണാൻ പഠിപ്പിക്കാനായി സഫിയ രാവുകളെ പകലുകളാക്കി കിട്ടുന്ന എന്ത് ജോലിയും ചെയ്തു. ജോലി ചെയ്തു തളർന്നു, അഭയാർഥിക്യാമ്പിൽ നിന്നും കിട്ടുന്ന റൊട്ടിക്കഷണങ്ങൾ കൊണ്ട് വിശപ്പടക്കി, തന്റെ കൊച്ചു സമ്പാദ്യം സറീനയുടെ വിദ്യാഭ്യാസത്തിനായി സഫിയ മാറ്റിവെച്ചു. മഴ തിമിർത്തുപെയ്യുന്ന രാത്രികളിൽ ഉറക്കം ഒഴിച്ച് സഫിയ സറീനക്ക് കാവലിരുന്നു. താലിബാൻ ഭീകരവാദികൾക്കു തന്റെ സ്ത്രീത്വത്തെ , ശക്തിയെ ഒന്നും ചെയ്യാൻ ആയിട്ടില്ല എന്ന് മനസിനെ പഠിപ്പിച്ച നാളുകൾ, അങ്ങിനെ ഒലിച്ചുപോകുന്നതല്ല സ്ത്രീത്വത്തിന്റെ അന്തസത്തയെന്നു തിരിച്ചറിഞ്ഞ നാളുകൾ.സഫിയയുടെ ഉള്ളിൽ കെട്ടിക്കിടന്ന തീവ്രവേദനയുടെ നൊമ്പരങ്ങൾ അക്ഷരങ്ങളായി കുഞ്ഞു കടലാസ്സു തുണ്ടുകളിൽ കോറിയിട്ടപ്പോൾ,ആ കടലാസ്സ് തുണ്ടുകളിലൂടെ അവളുടെ അക്ഷരങ്ങളോടുള്ള ദാഹം തിരിച്ചറിഞ്ഞ ഒരു മനുഷ്യാവകാശ പ്രവർത്തകയിലൂടെ, സഫിയ ജീവിതത്തിൽ തോറ്റുപോകാതിരിക്കാൻ തീരുമാനം എടുത്തു.

"സഫിയാ, ഒന്ന് വേഗം, രോഗിയുടെ ബി പി താഴുകയാണ്'. പെട്ടെന്ന് ഒരു Cannula ഇടുമോ? "സഫിയാ, ഇവിടെ,ഈ ചെസ്റ്റ് ട്യൂബ് ഒന്ന് ഫിക്സ് ചെയ്യുമോ?"
ഹോസ്പിറ്റലിൽ വരുന്ന ഓരോ രോഗിയുടെയും വേദനകളും സങ്കടങ്ങളും കാണുമ്പോൾ, സഫിയാ എന്ന നേഴ്സ്, താൻ നീന്തിയ സങ്കടകടൽ ഒന്നും അല്ല എന്ന് തിരിച്ചറിഞ്ഞു. ആരും അടുത്തില്ലാതെ മരണത്തിലേക്ക് നടന്ന അനേകർക്ക്‌ അവൾ ആരെല്ലാമോ ആയി. വേദനയുടെ നീരാളിപ്പിടുത്തത്തിൽ അമർന്നു അമ്മയെ വിളിച്ചു കരയുന്ന കുഞ്ഞുങ്ങൾക്ക് അവൾ അമ്മയായി. ശരീരത്തിലും മനസിലും മുറിവേറ്റു, ജീവിതത്തെ വെറുത്ത അനേകം സ്ത്രീകൾക്ക് സാന്ത്വനത്തിന്റെ തൂവൽസ്പർശം നൽകുന്ന ഒരു മാലാഖയായി.
സറീന സഫിയയുടെ തണലിൽ , അവളുടെ ജീവിതത്തോടുള്ള പടവെട്ട്‌ കണ്ടു വളർന്നു. സ്വന്തം ജീവിതത്തെ കരുപ്പിടിപ്പിക്കാൻ, ഏതു പ്രതിബന്ധത്തെയും ധീരതയോടെ നേരിടാൻ പ്രാപ്തയായ ഒരു മകളെ സഫിയാ വളർത്തിയെടുത്തു .പുസ്തകങ്ങളുടെ കൂട്ടുകാരി ആയി, സഫിയയുടെ ആഗ്രഹം പോലെ സറീന ധാരാളം സ്വപ്‌നങ്ങൾ കണ്ടു. സ്വപ്‌നങ്ങൾ കാണുക മാത്രമല്ല, അവകൾക്ക് ചിറകുകൾ മുളപ്പിച്ചു സ്വാതന്ത്ര്യത്തിന്റെ ആനന്ദവിഹായസിൽ അവൾ പാറിപ്പറന്നു.
“യുവർ അറ്റെൻഷൻ പ്ളീസ് ..
ലെറ്റ് അസ് വെൽക്കം ഔർ സി ഇ ഓ. മിസ് സറീന”.
നീണ്ട കരഘോഷങ്ങൾക്കിടയിലൂടെ സ്റ്റേജിലേക്ക് കയറുന്ന സറീനയെ കണ്ണെടുക്കാതെ നോക്കിയിരുന്നപ്പോൾ സഫിയയുടെ കൺകളിൽ തെളിഞ്ഞത് സംതൃപ്തിയുടെ പുഞ്ചിരി ആയിരുന്നു.
മഴത്തുള്ളികൾ വീണ്ടും വലിയ ശബ്ദത്തോടെ മേൽക്കൂരയിൽ പതിച്ചുകൊണ്ടിരുന്നു. ആ ശബ്ദത്തിന്റെ വീചികൾ  അപ്പോൾ ഒരു നനുത്ത സംഗീതമായി അന്തരീക്ഷത്തിൽ അലയടിച്ചുകൊണ്ടിരുന്നു..

Join WhatsApp News
Sudhir Panikkaveetil 2023-04-29 23:08:29
എഴുത്തുകാരികൾ ഭാവന ചെയ്യുന്നപോലെ ചവിട്ടി അരക്കപെടുന്ന ജീവിതങ്ങൾ രക്ഷപ്പെടുന്നില്ല, അങ്ങനെയുള്ളവർക്ക് ആശ നൽകുന്ന കഥകൾ പക്ഷെ അവരെ സന്തോഷിപ്പിക്കും. അപ്പോൾ കഥാകൃത്തിനു ആശ്വസിക്കാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക