Image

രാജേഷ് കിഴിശ്ശേരി തന്റെ എഴുത്തിനെക്കുറിച്ച് (ദുര്‍ഗ മനോജ് - എഴുത്തിന്റെ വഴിയില്‍)

ദുര്‍ഗ മനോജ് Published on 28 April, 2023
രാജേഷ് കിഴിശ്ശേരി തന്റെ എഴുത്തിനെക്കുറിച്ച് (ദുര്‍ഗ മനോജ് - എഴുത്തിന്റെ വഴിയില്‍)

'പറങ്ങോടന്‍ മുത്തപ്പനു മകന്‍ന്നു വെച്ചാ ജീവനായിരുന്നു. ഒരീസം കുഞ്ഞിക്കണ്ണനെ എടുത്തു കളിപ്പിക്കാന്‍ ചെന്ന പറങ്ങോടന്‍ താളു പോലെ തളര്‍ന്നു കിടക്കുന്ന മകനെക്കണ്ട് പൊട്ടിക്കരഞ്ഞു പോയി. അവന്റെ ആമാശയത്തില്‍ ഒന്നുമില്ലായിരുന്നു. വേഗം തന്നെ കാര്യസ്ഥന്റെ പറമ്പില്‍ നിന്നും രണ്ടു മൂന്നു കരിക്കുവെട്ടി കുഞ്ഞന് കൊടുത്തപ്പോള്‍ അവന്‍ പൂത്തിരി കത്തുന്നതു പോലെ ചിരിച്ചു. ശേഷം അവനെ കീറപ്പായയില്‍ കിടത്തി കയ്യില്‍ തീപ്പെട്ടിക്കോലുകള്‍ കരുതി ആ രാത്രി തന്നെ കാര്യസ്ഥന്റെ പുര ലക്ഷ്യമാക്കി പറങ്ങോടന്‍ ഉള്ള് കത്തി നടന്നു.'
അറിവരുള്‍, രാജേഷ് കിഴിശ്ശേരി.

രാജേഷ് കിഴിശ്ശേരി എന്ന എഴുത്തുകാരന്റെ ജനനം ദേശാടനത്തിലൂടെ രൂപം കൊണ്ടതാണെന്നു പറയാം. 2006 മുതലാണ് രാജേഷ് എഴുതിത്തുടങ്ങുന്നത്. ദേശാഭിമാനി, ചന്ദ്രിക വാരികകളില്‍ ഇരുപതിലേറെ കഥകള്‍ എഴുതി. അധ്യാപകന്‍ എന്ന നിലയില്‍ ഏഴ് വര്‍ഷം കേരളത്തിനു പുറത്ത് ജോലി ചെയ്തതിനാല്‍ ഇന്ത്യ മുഴുവന്‍ ചുറ്റിക്കണ്ടു. ഇന്ത്യയിലങ്ങോളമിങ്ങോളം നടത്തിയ ആ യാത്രകള്‍ പല ഭാഷകള്‍, സംസ്‌കാരം ഇവയൊക്കെ ആഴത്തില്‍ തിരിച്ചറിയാന്‍ സഹായിച്ചു. അത്തരം അറിവുകള്‍ എഴുത്തില്‍ ബോധപൂര്‍വം ചേര്‍ക്കാറുണ്ട് എന്ന് എഴുത്തുകാരന്‍ സമ്മതിക്കുന്നുണ്ട്. തമിഴ്, തെലുഗു, ഹിന്ദി ഭാഷകള്‍  സ്ഥലനാമങ്ങള്‍ ഇവ രാജേഷിന്റെ എഴുത്തുകളില്‍ കാണാം. പാരലല്‍ കോളജ് അധ്യാപകന്‍, ബൈലിംഗ്വല്‍ ട്രാന്‍സ് ലേറ്റര്‍, ചിത്രകാരന്‍ എന്നീ നിലകളില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നു.

മനുഷ്യന്‍ എന്ന അതിസങ്കീര്‍ണമായ അവസ്ഥ, അവന്‍ ഉണ്ടാക്കിയ പുരുഷാധിപത്യ ലോകം, യുദ്ധങ്ങള്‍, സ്ത്രീവിരുദ്ധത ഇവയെല്ലാം നോവലിസ്റ്റ് എന്ന നിലയില്‍ രാജേഷ് ശ്രദ്ധിക്കാറുണ്ട്. 
2016 ല്‍ ആദ്യ നോവല്‍ 'ഗതേ ഗതേ പരാഗതേ' പ്രസിദ്ധീകരിക്കപ്പെട്ടു. 2020 ല്‍ അറിവരുളും  2021 ല്‍ 'തെരു' എന്ന നോവലും പുറത്തിറങ്ങി. ഏറ്റവും താഴേ തട്ടിലുള്ള മനുഷ്യരുടെ പ്രശ്‌നങ്ങള്‍, ജീവിതം, അവരുടെ സമരങ്ങള്‍, അതിജീവനം, പ്രണയ നഷ്ടം ഇവയാണ് 'ഗതേ ഗതേ പരാഗതേ' യില്‍ പരാമര്‍ശിക്കപ്പെടുന്നത്.

വൈദേശിക അധിനിവേശങ്ങളാല്‍ ഇന്ത്യയിലെ സാധാരണ ജനതയ്ക്ക് സംഭവിച്ച സാംസ്‌കാരിക നഷ്ടം, കീഴാളജനതയുടെ സാമൂഹിക ചരിത്രം ഇവയാണ് 'അറിവരുള്‍' എന്ന നോവലില്‍ എഴുത്തുകാരന്‍ പറയാന്‍ ശ്രമിക്കുന്നത്. AD 20 / AD 6 നൂറ്റാണ്ടിലൂടെയുള്ള ഒരേ മനുഷ്യന്റെ ഡി എന്‍ എ സഞ്ചാരം; അല്ലെങ്കില്‍ ടൈം ട്രാവലിംഗ് ആണ് രചനയുടെ സങ്കേതമായി നോവലിസ്റ്റ് ഉപയോഗിച്ചിരിക്കുന്നത്.
പ്രത്യേകിച്ച് ഒരു സ്ഥലം, കാലം, കഥ ഇവയൊന്നുമില്ലാത്ത ഒരു ആഖ്യാനമാണ് തെരു. ഇന്ത്യന്‍ തെരുവാണ് ഇതിലെ സ്ഥലം (Space) കാലം എന്നത് രാത്രിയാണ് (Night). രാത്രിയില്‍ രൂപാന്തരം പ്രാപിക്കപ്പെടുന്ന തെരുവില്‍ രാജ് എന്ന യുവാവും, അയാളുടെ സുഹൃത് ജയശ്രീയും കണ്ടുമുട്ടുന്ന മനുഷ്യരാണ് 'തെരു'വില്‍ കഥ സൃഷ്ടിക്കുന്നത്. ഇടയ്ക്ക് റാസി എന്ന 'തെരുക്കവി'യുടെ 'തെരുക്കവിത'കളും നോവലില്‍ ചേര്‍ത്തിട്ടുണ്ട്. തെരു എന്ന നോവല്‍  യഥാര്‍ത്ഥത്തില്‍ ഒരു പുരുഷവിരുദ്ധ നോവലാണ്. അതില്‍ പരാമര്‍ശിക്കപ്പെടുന്ന നഗരത്തില്‍ പുരുഷലിംഗം പോലും അധികപ്പറ്റാണ്. സ്ത്രീകളും , ട്രാന്‍സ് സ്ത്രീകളുമാണ് ആ നഗരത്തെ കയ്യാളുന്നത്. നോവലുകളും കഥകളും കൂടാതെ നൂറിലേറെ എഫ് ബി ക്കുറിപ്പുകളും അതീവ ഗൗരവത്തോടെ രാജേഷ് കിഴിശ്ശേരി എഴുതിയിട്ടുണ്ട്. എഫ്.ബി ക്കുറിപ്പുകള്‍ 'ഈ ചുമര്‍ നമ്മളിടം എന്‍ പ്രിയരേ' എന്ന പേരില്‍ പിന്നീടു പ്രസിദ്ധീകരിക്കപ്പെട്ടു. 
ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഏറെ പ്രിയം, നോവലുകളോടാണ്. പുറത്തുവന്ന മൂന്നു നോവലുകളും രാജേഷിന് പ്രിയങ്കരമാണ്. ഗതേ ഗതേ പരാഗതേ, അറിവരുള്‍, തെരു  മൂന്നും പ്രിയപ്പെട്ടവ തന്നെ. കാരണം വ്യത്യസ്ത വിഷയങ്ങളാണ് ഇവ പരാമര്‍ശിക്കുന്നത് എന്നതും അവയുടെ രചനയില്‍ സ്വീകരിച്ച സങ്കീര്‍ണതകള്‍ നിറഞ്ഞ ക്രാഫ്റ്റുമാണ്. എല്ലാ എഴുത്തുകളും ഈ എഴുത്തുകാരനെ വല്ലാതെ അസ്വസ്ഥമാക്കിയവ തന്നെയാണ്. അതില്‍ തന്നെ കുറച്ച്കൂടി കൂടുതല്‍ എഴുതാമായിരുന്നു എന്ന് തോന്നിയ നോവലുകള്‍ അറിവരുളും ഗതേ ഗതേ പരാഗതേയുമാണ്. അവ പൂര്‍ണമായില്ല എന്ന തോന്നല്‍ എഴുത്തുകാരനുണ്ട്. 'തെരു' എന്ന നോവലില്‍ കൃത്യമായ കഥയുടെ എലമെന്റ് ഇല്ലാത്തതിനാല്‍ അതിലെ ചില സംഭവങ്ങള്‍ വീണ്ടും എടുത്ത് എഴുതാനുള്ള സാധ്യതയുമുണ്ട്. ചുരുക്കത്തില്‍ ഏറെ പ്രിയപ്പെട്ട ഒരു നോവലോ, മാസ്റ്റര്‍ പീസോ ഒന്നും താന്‍ എഴുതിയിട്ടില്ല എന്നുറപ്പിക്കുന്നു ഈ എഴുത്തുകാരന്‍. ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന നോവല്‍ 'കതിവനൂര്‍ വീരന്‍' തെയ്യത്തെ അപനിര്‍മിച്ചു കൊണ്ടുള്ള ഒരു ആഖ്യാനമാണ്.

ജീവിതത്തിന്റെ ഒഴുക്കില്‍ പങ്കായം പിടിക്കാന്‍ രാജേഷിനൊപ്പം ഭാര്യ ധന്യയും ഉണ്ട് കൂട്ടായി. രണ്ട് മക്കള്‍ - ശിവരഞ്ജന്‍ ദില്‍ഷന്‍, നവോമിക പാര്‍വതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക