Image

ഇനിയില്ല, ആ തുളസീഗന്ധം  (ദുര്‍ഗ മനോജ്)

Published on 30 April, 2023
ഇനിയില്ല, ആ തുളസീഗന്ധം  (ദുര്‍ഗ മനോജ്)

തിരുവണ്ണാമലയിൽ അന്തരിച്ച പ്രകൃതിസ്നേഹിയും "ആനന്ദവാനം" സ്ഥാപകനുമായ ഫെലിക്സ് ആനന്ദ് സക്കറിയയെക്കുറിച്ച്

സാധാരണയിൽ നിന്നും വ്യത്യസ്തമായി രമണാശ്രമത്തിലേക്കുള്ള ആ യാത്രയിൽ അധികമായി കൂടെക്കരുതിയത് ഒരു പേരും ഫോൺ നമ്പറും മാത്രമായിരുന്നു. പതിവു യാത്ര, വഴികൾ, കാഴ്ചകൾ... ആദ്യദിനം ആശ്രമത്തിനുള്ളിൽത്തന്നെ കഴിച്ചുകൂട്ടി. രാത്രി ഉറങ്ങാൻ മാത്രം മുറിയിലേക്ക്. എഴുത്തു നടന്നു. ആര്, എന്ത്, ഏതെന്ന ചോദ്യം ഉയരില്ല എന്ന് എനിക്കുറപ്പുള്ള ലോകത്തിലെ ഏക ഇടമാണവിടം. ആരും ചോദിക്കുന്നില്ല, നീ ആര് എന്ന്, കാരണം ഞാനാര് എന്ന ചോദ്യത്തിനുത്തരം തേടി എത്തുന്നവർക്കു മാത്രമാണ് രമണാശ്രമം അഭയമാകുന്നത്. എന്നാലോ ആ ചോദ്യത്തിനുത്തരം എത്ര പേർക്കു കിട്ടിയെന്ന് അറിവില്ലതാനും. അതിനാൽ തുടരുന്ന യാത്രകൾ, അതൊന്നിൽ നിന്നൊന്നിലേക്കു തുടരുന്ന ശൃംഗലയായി ഒരുപക്ഷേ ഈ ജന്മം മുഴുവൻ... 
ഒന്നും ആരും അടിച്ചേൽപ്പിക്കാത്തതിനാൽ, ഒരു പൂജയിലും നിർബന്ധിച്ച് ഇരുത്താത്തതിനാൽ, ആ മലയടിവാരത്തിൽ നീലാകാശവും കണ്ട് ഞാനാ പുല്ലുമേഞ്ഞ കെട്ടിടങ്ങളുടെ വരാന്തയിലോ, അങ്ങിങ്ങു കാണുന്ന ചെറു തിട്ടകളിലോ സമയം ചെലവിട്ടു. ഒന്നും മിണ്ടാനില്ല, മിണ്ടാനല്ലല്ലോ മിണ്ടലുകളുടെ ലോകത്തു നിന്നും പൊത്തുചാടി ഞാനിവിടേക്ക് എത്തുന്നതും. 
ഒരു പകൽ കടന്നു പോയിരിക്കുന്നു.
പുറത്തു നിന്നു വാങ്ങിയ ഒരുപടല പഴത്തിൽ നിന്നും രണ്ടെണ്ണവും ഒരു കഷണം ബ്രഡും വിശപ്പു ശമിപ്പിച്ചു. അപ്പോഴാണ് അക്കാര്യം ഓർത്തത്.
ആനന്ദവാനം, ആനന്ദം.... തിരുവണ്ണാമല.
ഒന്നു വിളിക്കാം. ആ നമ്പറിലേക്ക്, വിളിച്ചു. ആഗ്രഹം പറഞ്ഞു. കേട്ടറിവേയുള്ളൂ ആനന്ദവാനത്തേക്കുറിച്ച്, അതും വളരെക്കുറച്ചു മാത്രം.
 "വന്നോട്ടേ ഞാൻ അവിടേക്ക്?" എന്ന എൻ്റെ ചോദ്യത്തിന്
"വന്നോളൂ, ആശ്രമത്തിനു മുന്നിൽ നിന്നും ഓട്ടോ കിട്ടും. അവരോടു പറഞ്ഞാൽ കൊണ്ടാക്കിത്തരും. വൈകുന്നേരം ധ്യാനത്തിൽ പങ്കെടുത്തു മടങ്ങാം."
എന്ന മറുപടി കിട്ടി.
അങ്ങനെയാണ് ആ വൈകുന്നേരം ഞാൻ ആനന്ദവാനത്തിലേക്കു യാത്ര തിരിച്ചത്.
പട്ടണം കടന്ന്, കാലി വളർത്തുന്നവരുടേയും പട്ടണത്തിൽ ചെറു ജോലികൾ ചെയ്യുന്നവരുടേയും ഇടുങ്ങിയ പാർപ്പിടങ്ങൾ കടന്ന് കാടരികിലൂടെ യാത്ര. തീർത്തും അപരിചിതമായ വഴി. പക്ഷേ, ധൈര്യമുണ്ട്, ഭയക്കണ്ട വന്നോളു എന്ന വാക്കുകൾ... തീർത്തും വിജനമായ ആ വഴിയിയിൽ നിന്നും ഒരു വയലിലേക്കു ഓട്ടോ തിരിഞ്ഞു. കുറച്ചു കൂടി മുന്നോട്ടു പോയി അതു നിന്നു. ഇനി നടക്കണം. അല്പദൂരം, ദാ ആ കാഴ്ചയിൽ ആ ഗേറ്റു കാണാം. ഓട്ടോ മടങ്ങി. ഞാൻ നിന്നു.
തീർത്തും അപരിചിതമായ വഴിയിൽ, അങ്ങനെ നിൽക്കുമ്പോൾ ഇളകി വീണ ചെറിയ ബോർഡുള്ള മര അഴി അടിച്ച ഗേറ്റ് സ്വാഗതമോതി. സ്വതേയുള്ള അന്തർമുഖത്വം പുറത്തുചാടി. ഒരു അങ്കലാപ്പ് ഉള്ളിൽ കുടുങ്ങി. അതിനെ അതിജീവിച്ച് മെല്ലെ നടന്ന്, ഗേറ്റു തുറന്ന് ഞാൻ ആനന്ദവാനത്തിലേക്കു പ്രവേശിച്ചു. മുന്നിൽ ചെറിയ മൺകുടിലുകൾ, വാതിലുകളില്ല അവയ്ക്ക് എന്നതു ശ്രദ്ധിച്ചു. അതാ, അദ്ദേഹം മുന്നിൽ. കൃശഗാത്രൻ, നീണ്ട താടി കാറ്റിലുലയുന്നു. പുഞ്ചിരിച്ചു കൊണ്ട്
വരൂ എന്നു പറഞ്ഞ് മുറ്റത്തെ പേരമരത്തിനു ചുവട്ടിലുള്ള ഒരു കസേരയിൽ എന്നെ ഇരുത്തി. അദ്ദേഹത്തിൻ്റെ ഭാര്യയും മക്കളും, അവരുടെ സുഹൃത്തുക്കളും വീടിനുള്ളിൽ നിന്നും പുറത്തു വന്നു. ബെൽജിയംകാരിയായ ഭാര്യ ഗായത്രി ഗോമസ് ശില്പകലയിൽ പ്രാഗൽഭ്യം തെളിയിച്ച കലാകരി കലാകാരിയാണ്. രണ്ടാൺമക്കൾ, ആദിത്യനും അരുണും.
ആനന്ദവാനം ഒരു വലിയ വീട് എന്ന് അർത്ഥമാക്കേണ്ടതില്ല. വിശാലമായ തൊടിയിലെ ചിതറിക്കിടക്കുന്ന ചെറുമൺവീടുകൾ അതിഥികൾക്ക്. വീട് എന്നാൽ ഒരു വലിയ മുറി എന്നേ അർത്ഥമാക്കേണ്ടു. അരമതിൽ പടുത്ത് നെറ്റ് അടിച്ച വീട്! ഒരു ഭാഗം അടുക്കള, ഒരു ഭാഗം കിടക്കാൻ, ഇനി കുറച്ചു ഭാഗത്ത് സംഗീതോപകരണങ്ങൾ, പുസ്തകങ്ങൾ!  നിറയെ ശില്പങ്ങൾ അവിടവിടെയായിട്ടുണ്ട്. ഔഷധച്ചെടികൾ പലതുണ്ട് ആ ഇത്തിരി ഭൂമിയിൽ. പരമാവധി ഭക്ഷണം ആ ചെറിയ കൃഷിയിടത്തു നിന്നും ലഭിക്കുന്നു. ഫലവൃക്ഷങ്ങൾ ധാരാളം.കാഴ്ച്ചു നിൽക്കുന്ന പേരമരങ്ങൾ. ചുറ്റും വയൽ. ഇതൊക്കെച്ചേരുമ്പോൾ ആനന്ദവാനമായി.
 
ഒരു ഗ്ലാസ് ചായ എത്തി. ചായ എന്നാൽ തുളസിയിൽ തിളച്ച വെള്ളം ! ഒരു കവിൾ കുടിച്ചു. എന്തൊരു സുഖം! പിന്നെ കുറച്ചു വിശേഷം പറച്ചിൽ, അവിടമാകെ നടന്നു കണ്ടു. ചുറ്റുമുള്ള വയലിൽ മുളച്ചുതുടങ്ങിയ ഞാർ പറിച്ചുനട്ടിട്ടില്ല. വെളുത്ത കൊക്കുകളും കറുത്ത കാക്കകളും ഇളം പച്ച വിരിച്ച വയലിലേക്കു പറന്നിറങ്ങുമ്പോൾ വയൽ ഒരു ചതുരംഗക്കളം പോലെ. അവ ക്രമരഹിതമായി പറന്നുയരുന്നു. ഇടയ്ക്കു മാത്രം പ്രത്യക്ഷപ്പെടുന്ന പെൺമയിലുകൾ... അല്പസമയം കൊണ്ട് എന്തുകൊണ്ട് അവിടം ആനന്ദവാനമായി എന്നു തിരിച്ചറിഞ്ഞു. അപ്പോഴേക്കും അവർ വന്നു, അവർ എന്നാൽ രണ്ടു വിദേശ വനിതകൾ, ഒരാൾ ജർമനിയിൽ നിന്നും, നർത്തകിയാണ്. അടുത്തത് എൻ്റെ മോളുടെ മാത്രം പ്രായമുള്ള കൊച്ചു സുന്ദരി, അർജൻ്റീനയിൽ നിന്ന്.
ഞങ്ങൾ തുളസിച്ചെടിക്കാടിനിടയിൽ പുല്ലിൽ പായ വിരിച്ചിരുന്നു. സൂര്യൻ അസ്തമിക്കാനുള്ള തിടുക്കത്തിൽ. അകലെ, എന്നാൽ അടുത്തെന്ന മട്ടിൽ ആകാശത്തേക്കു തല ഉയർത്തി അരുണാചലം. മെല്ലെ കണ്ണടഞ്ഞു.
ചെറുതായി വീശുന്ന തണുത്ത കാറ്റിനു തുളസീഗന്ധം!
ഉള്ളിൽ അരുണാചലം മാത്രം. 
അന്നൊരു പൗർണമി രാവായിരുന്നു. പൂർണചന്ദ്രൻ ഉദിക്കുമ്പോൾ ജനലക്ഷങ്ങൾ ഗിരി വലം വയ്ക്കുകയാവും.
കുറേ നേരം അങ്ങനെ ഒന്നുമൊന്നും മിണ്ടാതെ.... ഞങ്ങൾ സംസാരിച്ചതു വളരെക്കുറവ്. കണ്ണുകളിൽ നോക്കിയാൽ വാക്കുകൾ വേണ്ട എന്ന അവസ്ഥ. വാക്കുകൾ അനാവശ്യമായിരിക്കുന്നു. മൗനരസം നുകർന്നു നാലു പേർ.... ഞങ്ങൾക്കു മുന്നിൽ സൂര്യൻ അസ്തമിച്ചു. പൂർണചന്ദ്രൻ ഉദിച്ചു.
ഇനി മടങ്ങണം.
ഞാൻ ചോദിച്ചു, അങ്ങ് ശരിക്കും ആരാണ്?
മറുപടി ആദ്യമൊരു ചിരി, പിന്നെ മെല്ലെ മന്ത്രിക്കും പോലെ പറഞ്ഞു, "ഈ അരുണാചലത്തെ ഉപാസിക്കുന്ന ഒരാൾ... അതിനപ്പുറം എന്ത്?"
ഞാനും അർജൻറീനക്കാരി പെൺകുട്ടിയും മടങ്ങുകയാണ്. കാടരികു വരെ അദ്ദേഹം കൂടെ വന്നു. യാത്ര പറയുമ്പോൾ മെല്ലെ പറഞ്ഞു, "ദുർഗാ നീ ധൈര്യമായിപ്പോയി വാ... ഇടയ്ക്കു വിളിക്കൂ, നീ ദുർഗയാകൂ...."
തിരിച്ചു മുറിയിൽ എത്തിയതു പഴയ ദുർഗയല്ല.
വീണ്ടും കണ്ടു, അടുത്ത തവണ മോളും ഒപ്പമുണ്ടായിരുന്നു. അവളെ അദ്ദേഹത്തെ പരിചയപ്പെടുത്താനായി മാത്രം കൂടെക്കൂട്ടിയതാണ്. അന്ന് ആനന്ദവാനത്തിന് ഏറെ മാറ്റം സംഭവിച്ചിരുന്നു. പുതിയൊരു കെട്ടിടം അവിടെ ഉയർന്നിരുന്നു. പഴയ മൺ വീടുകളെ പ്രളയം പുൽകിയപ്പോൾ മറ്റ് വഴിയില്ലായിരുന്നു. ഒരേ ഒരു മുറി മാത്രം. ഇക്കുറി മറ്റാരും അവിടെ ഉണ്ടായിരുന്നില്ല. ഞങ്ങൾ അകത്തു പ്രവേശിച്ചു. നിലത്തു വിരിച്ച പുല്ലായയിൽ ചമ്രം പടിഞ്ഞിരുന്നു. വലിയ ഗ്ലാസ് ജനാലയ്ക്കപ്പുറം അരുണാചലം, വയലിൽ കതിർ വന്ന നെൽച്ചെടികൾക്കിടയിൽ ഒരാൺ മയിൽ മാത്രം കൊത്തിപ്പെറുക്കി....
ഇക്കുറിയും ഞാൻ ഏറെ സംസാരിച്ചില്ല. മോളോടു വിശേഷങ്ങൾ തിരക്കി. കത്തിച്ചു വെച്ച ഒരു ധൂപത്തിനു മുന്നിൽ ഞങ്ങൾ അരുണാചലത്തെ കണ്ടിരുന്നു.
പിരിയാൻ നേരം, അടുത്ത വരവിൽ വീണ്ടും കാണാം എന്ന വാക്ക്.
അതൊരു വെറും വാക്കായി. ഇനി ആനന്ദമില്ല ആനന്ദവാനത്തിൽ. ഫെലിക്സ് ആനന്ദ് സക്കറിയ എന്ന വിസ്മയം ഇനിയില്ല.
ആരായിരുന്നു ഫെലിക്സ് ആനന്ദ് സക്കറിയ എന്നു ചോദിച്ചാൽ
എനിക്ക് അറിയുന്നത്, എൻ്റെ മുഖത്തേക്കു സാകൂതം നോക്കി പുഞ്ചിരിച്ച, തുളസീ ഗന്ധമാണെന്നു പറയേണ്ടി വരും. ഒന്നുകൂടി വിശദീകരിച്ചാൽ ഫോർട്ട് കൊച്ചിയെ പച്ചപ്പണിയിക്കാൻ മുന്നിട്ടിറങ്ങിയ, കലകളെ സ്നേഹിച്ച, മണ്ണും മരവും മനുഷ്യനും ചേർന്ന ആനന്ദവാനം എന്ന വ്യത്യസ്ത ജീവിതം ജീവിച്ചു മാതൃക കാട്ടിയ മനുഷ്യൻ. എറണാകുളം മഹാരാജാസിലെ പൂർവ വിദ്യാർത്ഥി, 1984 ൽ ഫോർട്ടുകൊച്ചിയിൽ ഒരു മാസം നീളുന്ന പോർച്ചുഗീസ് കാർണിവലിന് തുടക്കം കുറിക്കാൻ സ്വന്തം സഹോദരനൊപ്പം മുന്നിട്ടിറങ്ങിയ വ്യക്തി, വിശേഷണങ്ങൾ ഏറെയുണ്ട് അദ്ദേഹത്തിന്. പരിചയപ്പെടുന്ന ഓരോരുത്തർക്കും പറയാനുണ്ടാകും അദ്ദേഹത്തെക്കുറിച്ചുള്ള ഒരുപാടു നല്ല ഓർമകൾ.

ഒന്നുറപ്പാണ് ആനന്ദം എവിടേയും പോകില്ല, അരുണാചലം ഉപേക്ഷിച്ച്,  സമുദിരത്തിലെ ആനന്ദവാനം ഉപേക്ഷിച്ച് അങ്ങ് എവിടേയ്ക്കാണു പോയ് മറയുക?
ഞാൻ വരും ആനന്ദവാനത്തിലേക്ക് ഇനിയും.. വാക്ക്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക